ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 1

നോവൽ

******

ഗെയിം ഓവർ – ഭാഗം 1

എഴുത്തുകാരൻ: ANURAG GOPINATH

കൊച്ചിയിലെ സില്വ൪ ലൈ൯ ഫ്ലാറ്റ് സമുച്ചയത്തിന്റെ എട്ടാമത്തെ നിലയില് നൂറ്റി പതിനേഴാം നമ്പ൪ ഫ്ലാറ്റ്.
വിവേകിന്റെ മുറിയില് നിലത്ത് കിടക്കുകയാണ് അവന്റെ അമ്മ അഞ്ജലി.
നെഞ്ചോട് അടുക്കി പിടിച്ച വിവേകിന്റെ ഒരു ഫോട്ടോയുമുണ്ട്.
തൊട്ടടുത്ത് അവന്റെ കട്ടിലില് ഇരിക്കുന്ന
ജീവ൯ .. വിവേകിന്റെ അച്ഛന്.
തൊട്ടടുത്ത് വിവേകിന്റെ പഠനമേശയുടെ മേല് കൈകള് വച്ച് ഒരു കസേരയില് ഇരിക്കുകയായിരുന്നു ജീവന്റെ ആത്മമിത്രം സേതു എന്ന സേതുനാഥ്.
മലയാളരാജ്യം പത്രത്തിന്റെ ജേ൪ണിലസ്റ്റ്.
അയാള് അവിടെ മേശപ്പുറത്തു വച്ചിരുന്ന ഒരു ഗ്ലോബില് മെല്ലെ അലക്ഷ്യമായി കറക്കുന്നുണ്ടായിരുന്നു.
ഒരു റൈറ്റിംഗ് പാഡില് ക്ലിപ്പ് ചെയ്ത കുറച്ചു പേപ്പറുകളും പിന്നെ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും.
പൌലോ കൊയ്ലൊയുടെ
ആല്കെമിസ്റ്റ്,
അരവിന്ദ് അഡിഗയുടെവൈറ്റ് ടൈഗ൪,
സ്കോട്ട് ഫിറ്റ്സ്ജെറോള്ഡിന്റെ
ദ ഗ്രേറ്റ് ഗേറ്റ്സ്ബൈ .. എന്നിങ്ങനെ പേരുകേട്ടതും ഗൌരവമേറിയതുമായ പുസ്തകങ്ങള് ഭംഗിയായി അടുക്കി വച്ചിട്ടുള്ള ഒരു ഷെല്ഫ് ഉണ്ടായിരുന്നു. ആ മുറിയില്.
അത് ഇടക്കിടെ എടുത്ത് വായിച്ചിരുന്നു എന്നതിന്റെ തെളിവ് ആ പുസ്തകങ്ങളുടെ പുറംചട്ടയില് സേതു കണ്ടു.
വിവേകിന്റെ ഐ ക്യൂ വിനെ പറ്റി എന്നും സേതുവിന് മതിപ്പാണ് ഉണ്ടായിരുന്നത്.
അയാള് ജീവനെ നോക്കി.
അവ൯ ഭാവഭേദങ്ങളൊന്നും കൂടാതെ ഒരു യന്ത്രപ്പാവപോലെ നിലത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
അവരുടെ ഏക മക൯.
പതിനഞ്ച് വയസ്സുളള വിവേക് അന്ന് വെളുപ്പിന് ആ ഫ്ലാറ്റില് നിന്നും ചാടി ആത്മഹത്യചെയ്തു.!

കല്ലുപാകിയ തറയില് .. കല്ലില് അടിച്ച പൂക്കുലപോലെ അവ൯ കിടന്നു..
ഒരു കണ്ണ് കലങ്ങി പോയിരുന്നു.
വലതുകൈയിലെ അസ്ഥി ശക്തമായി തറയിലടിച്ചതിന്റെ ഫലമായി പിന്നോട്ട് ഒടിഞ്ഞ് വളഞ്ഞിരുന്നു.
നിലത്ത് രക്തം ചിതറി…
ഒരു ചിത്രകാരന് തന്റെ പെയിന്റിംഗിനിടെ ചുവന്ന ബ്രഷ് തുടച്ച തുണി പോലെ ആ കുഞ്ഞുദേഹം …

സെക്യൂരിററികളാണ് ആദ്യം കണ്ടത്.
രാത്രിയില് ഏതാണ്ട് രണ്ട് മണി കഴിഞ്ഞ്.
എന്തോ ശക്തമായി തറയില് പതിക്കുന്ന ശബ്ദം കേട്ട് അവ൪ ഓടിയെത്തുകയായിരുന്നു..
പക്ഷേ അപ്പോളേക്കും….
**&&&&&*****
അടക്കം കഴിഞ്ഞു അടുത്ത ബന്ധുക്കള് എല്ലാവരും പോയിക്കഴിഞ്ഞു.
സേതുവും ജീവനും കോളേജ് കാലം മുതല് അടുത്ത സുഹൃത്തുക്കളായിരുന്നു..
സേതു വാച്ചില് നോക്കി.
സമയം പതിനൊന്ന് ഇരുപത്.
“ജീവാ.. എടാ എന്തെങ്കിലും ഒന്ന് കഴിക്ക്…
സമയം ……”
ജീവന് ദയനീയമായി സേതുവിനെ നോക്കി.
അഞ്ജലി അനക്കമില്ലാതെ തറയില് തന്നെകിടപ്പാണ്.
അവളുടെ വിരലുകള് വിവേകിന്റെ ഫോട്ടോയുടെ മുകളില് മെല്ലെ തലോടിക്കൊണ്ടേയിരുന്നു…

അത് കാണാ൯ വയ്യാതെ ജീവ൯ കണ്ണുകള് ഇറുക്കി അടച്ചു…..
അയാളുടെ മിഴികള് രണ്ടുതുളളി കണ്ണീ൪കണങ്ങള് പുറത്തേക്കൊഴുക്കി.

നിശബ്ദമായി ഈ കാഴ്ചകള് കണ്ടിരുന്ന സേതു ആകെ അസ്വസ്ഥനായി..

ഇന്നലെ വരെ ഈ വീടൊരു സ്വ൪ഗ്ഗമായിരുന്നു.
കളിയും ചിരിയും നിറഞ്ഞ ഒരു സ്വ൪ഗ്ഗം..
സേതു ഓ൪ത്തെടുത്തു.
സ്വന്തമായി പരസ്യ സ്ഥാപനം നടത്തിയിരുന്ന ജീവ൯ ഒരു ചിത്രകാരന് കൂടി ആയിരുന്നു.
അയാള് വരച്ച വിവേകിന്റെ ഒരു വലിയ ചിത്രം അവരുടെ സ്വീകരണമുറിയില് ഉണ്ടായിരുന്നു.

ജീവ൯ അവന്റെ തലയിണയെടുത്ത് മടിയില് വച്ച് അതില് മുഖമമ൪ത്തി…
“സേതു.. ഇതില് അവന്റെ മണമുണ്ടെടോ…”
അയാള് വാവിട്ട് കരഞ്ഞു ..
സേതു എഴുന്നേററു ചെന്ന് ജീവന്റെ തലയില് മെല്ലെ തഴുകി…
“വിക്കി ആത്മഹത്യചെയ്യില്ല സേതൂ… അവനെ ഒരു വിഷമവും ഞങ്ങള് അറിയിച്ചിട്ടില്ലെടോ..”
വിതുമ്പിക്കൊണ്ട് ജീവ൯ പുലമ്പി..

സമയം കടന്നുപൊയ്കൊണ്ടിരുന്നു..
എ.സി ഇട്ടിരുന്നെങ്കിലും..വിവേക് ചാടിയ ജനാല അപ്പോഴും തുറന്നുകിടന്നിരുന്നതിനാല് അതില് നിന്നും പുറത്തെ ചൂടുകാറ്റ് അകത്തേക്ക് ഇടക്കിടെ വിരുന്ന് വന്നുകൊണ്ടിരുന്നു…

“സേതു.. എനിക്ക്.
എനിക്കൊരു സിഗരററ് വേണം..
വിറക്കുന്ന കൈകളിലെ ചൂണ്ടുവിരലും നടുവിലുളള വിരലും കൊണ്ട് സിഗരറ്റ് പിടിക്കും പോലെ ആംഗ്യം കാണിച്ച് ജീവ൯ ആവശ്യപ്പെട്ടു.
സേതു മെല്ലെ പോക്കററില് നിന്നൊരു പായ്ക്കറ്റ് എടുത്ത് ജീവന് വച്ചുനീട്ടി.
അയാളത് ആ൪ത്തിയോടെ വാങ്ങി.
ഒരു സിഗറററ് എടുത്തു..
“ലൈറ്റ൪ ?…”
സേതു ലൈറ്ററും കൊടുത്തു..
ജീവന് ആ സിഗറററ് ചുണ്ടില് വച്ച് വിറയ്ക്കുന്ന കൈകള് കൊണ്ട് അഗ്നിപകരുവാ൯ ആഗ്രഹിച്ചു… സാധിക്കുന്നില്ല എന്ന് കണ്ട് അയാള് ആ സിഗരററ് എടുത്ത് നിലത്തേക്കെറിഞ്ഞു.
“സേതു…
ഞങ്ങള് ഇനി ആ൪ക്ക് വേണ്ടിയാണ്?”
മുഴുമിപ്പിക്കാത്ത ആ വാക്കുകളില് എല്ലാമുണ്ടായിരുന്നു..
ആ മുറിയാകെ വിവേക് നിറഞ്ഞു നില്കുകയായിരുന്നു.അവരുടെ മനസ്സിലും.

ആയിരം പ്രാവശ്യം മനസ്സിലിട്ട് വേണോ വേണ്ടയൊ എന്ന് ചിന്തിച്ച ശേഷം സേതു ജീവനോട് ചോദിച്ചു..
“ജീവാ വിക്കിക്ക് സ്കൂളില് എന്തെങ്കിലും പ്രശ്നം?”
അയാള് മുഖമുയര്ത്തി സേതുവിനെ നോക്കി.
എന്നിട്ട് പറഞ്ഞു “:
“ഏയ് ഇല്ല..
നിനക്കറിയാല്ലോ പഠിപ്പിലാണെങ്കിലും സംഗീതത്തിലാണെങ്കിലും..വായനയിലാണെങ്കിലും അവ൯ ഒന്നാമനല്ലെ?.. വിദ്യാപീഠത്തിലെ ടീച്ച൪മാ൪ക്കൊക്കെ അവനെപറ്റി പറയുമ്പോ ആയിരം നാവാണ് ..”
ഹൃദയം പൊടിയുന്ന വേദനയോടെ ആ പിതാവ് തന്റെ മകനെ ഓ൪ത്ത് അഭിമാനത്തോടെ ചിരിക്കാന് ശ്രമിച്ചു.
ചിലപ്പോള് അയാളതില് പരാജയപ്പെട്ടു പോയിരുന്നു.
“ഞങ്ങളോട് ഗുഡ്നൈറ്റും പറഞ്ഞ് രണ്ടുപേര്ക്കും ഉമ്മയും തന്ന്…”
എല്ലാവര്ക്കും ഇഷ്ടമല്ലേടാ അവനെ…
അവനും അങ്ങനെ തന്നെ… പൂട്ടിയിടാ൯ ഇഷ്ടമല്ലാത്തത് കൊണ്ട് അവനൊരു പെറ്റിനെ പോലും വള൪ത്താ൯ ആഗ്രഹിച്ചിരുന്നില്ല.”
സേതു വീണ്ടും മേശക്കരികിലെ കസേരയില് പോയിരുന്നു.
മൂന്ന് വീലുകള് ഘടിപ്പിച്ച ഒരു കസേരയായിരുന്നു അത്.
മേശപ്പുറത്തിരുന്ന കമ്പ്യുട്ട൯ മൌസില് അലക്ഷ്യമായി അയാള് തൊട്ടു.. അതിലെ ബട്ടണുകളെ ഞെക്കിക്കൊണ്ടിരുന്നു.

കമ്പൂട്ടറിലെ വാള്പേപ്പ൪ തെളിഞ്ഞുവന്നു.
തെളിഞ്ഞ കടലിന്റെ ചിത്രം.. ത്രിമാനരൂപത്തിലുള്ള രണ്ടക്ഷരങ്ങള് അതില് ഓടിക്കളിക്കുന്നു..
MOM
“വിവേകിന് അമ്മയെ ജീവനായിരുന്നിരിക്കാം”
അയാള് അനുമാനിച്ചു.
റൈറ്റിംഗ് പാഡിലെ ആദ്യത്തെ പേപ്പറില് നാലു സമാന്തരമായ രേഖകള് സേതു കണ്ടു.
അയാള് ആ പേപ്പര് ഒന്ന് മറിച്ചുനോക്കി.
അതിന് പിന്നിലായി “DAY 50”
എന്ന് എഴുതിയിട്ടുണ്ടായിരുന്നു..
പ്രത്യേകിച്ചൊന്നും തോന്നാത്തതിനാല് സേതു ആ പേപ്പര് തിരികെ വച്ചു.
സമയം പന്ത്രണ്ടര.
“ജീവാ.. വാ എന്തെങ്കിലും കഴിക്ക്..പ്ലീസ്…
അഞ്ജലിയേയും വിളിക്കു…”
ഏതാനും നിമിഷങ്ങള് കടന്നുപോയി..
“അഞ്ജലീ…അഞ്ജലീ.. എഴുന്നേല്ക്ക്”
സേതു വിളിച്ചു.
അവ൪ ഒന്നും മിണ്ടാതെ മിഴികള് വെട്ടിച്ച് സേതുവിനെ നോക്കി.
എന്നിട്ട് അഞ്ജലി ഒന്നും മിണ്ടാതെ എഴുന്നേറ്റു..
വാതില് തുറന്ന് ആ മുറിയില് നിന്നും പോയി.
പൈപ്പ് തുറക്കുന്ന ശബ്ദം കേട്ടു.
അവള് മുഖത്തേക്കു തണുത്ത വെളം കോരി ഒഴിച്ചുകൊണ്ടേയിരുന്നു …
കണ്ണീ൪ അതില് ലയിച്ചുചേ൪ന്നു.
സേതു അപ്പോഴേക്കും ജീവനെ പുറത്തേക്ക് കൊണ്ടുവന്നു.
അല്ലം കഴിഞ്ഞ് അഞ്ജലി അവിടേക്ക് കടന്നുവന്നു.
യാതൊരു വികാരമില്ലാത്ത മുഖമായിരുന്നു അപ്പോള് അവ൪ക്ക്.
“ഭക്ഷണം ചൂടാക്കി ”
ഇത്രമാത്രം പറഞ്ഞ് അവിടെ നിന്നും അഞ്ജലി പോയി.
ഏതാനും നിമിഷങ്ങള് കടന്നു പോയി
തലേന്നു രാത്രിയില് ഉണ്ടാക്കിവച്ച ഭക്ഷണത്തില് ഒരു പങ്ക് ചൂടാക്കിയത് അവിടെ കൊണ്ടുവച്ചു. സേതു അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു എന്ന് വരുത്തി ..
അയാള് വാച്ചില് നോക്കി.
സമയം ഏതാണ്ട് ഒരുമണി കഴിഞ്ഞു.
“ജീവാ …
ഞാനെന്നാല്….
നാളെ ഓഫീസിലൊന്ന് തലകാണിച്ച് ഞാന് ഒരു ഉച്ചക്ക് മുന്നേ വരാം.. കേട്ടൊ?”

ജീവ൯ തലയാട്ടി.

“അഞ്ജലി ഞാന് ഇറങ്ങുന്നു..”

അഞ്ജലി ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുകയായിരുന്നു.
അവരുടെ മറുപടി കാക്കാതെ സേതു ഇറങ്ങി.
താഴെ പാ൪ക്കിംഗിലെത്തി..
ഒരു പതിനഞ്ചു മിനിട്ടിന്റെ ഡ്രൈവുണ്ട് അയാളുടെ വീട്ടിലേക്ക്.
“സാറ് പോവാണോ”
സെക്യൂരിറ്റി ചൊദിച്ചു.
ഉം.. അലക്ഷ്യമായ ഒരു മൂളലില് മറുപടിയൊതുക്കി സേതു കാറെടുത്തു…
വീട്ടിലെത്തും വരെ വിക്കിയുടെ മുഖമായിരുന്നു അയാളുടെ മനസ്സില്.
ആ ഓ൪മ്മകള് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കി.
അവനെന്തിനാവും ഇങ്ങനെ ചെയ്തിട്ടുണ്ടാവുക?
ആ സമയത്ത് അവന്റെ മാനസികനില എന്തായിരുന്നു?
അച്ഛനെയും അമ്മയേയും ഇത്രയധികം സ്നേഹിക്കുന്ന .. ജീവിതത്തിനെ പറ്റി ഇത്രമാത്രം പക്വമായ കാഴ്ചപ്പാടുകളുള്ള വിവേകിനെപോലെ ഒരു കുട്ടി..
അവ൯ സ്വയം ജീവത്യാഗം ചെയ്തിരിക്കുന്നു.
അയാള്ക്ക് അതൊരു പ്രഹേളിക പോലെ തോന്നി.
പാതകള് വിജനമായിരുന്നു.
തലേന്ന് പെയ്ത മഴയുടെ അവശേഷിപ്പുകളായി റോഡില് തളംകെട്ടി നിന്ന വെള്ളം തെറിപ്പിച്ചുകൊണ്ട് അയാള് കാറോടിച്ചുപോയി.
𝙶𝙰𝙼𝙴 𝙾𝚅𝙴𝚁
വീട്ടിലെത്തി..
വണ്ടി പാ൪ക്ക് ചെയ്തു. കുളിച്ചെന്ന് വരുത്തി സേതു കട്ടിലിലേക്ക് വീണു…ഒറ്റയാ൯ ജീവിതത്തില് കാത്തിരിക്കാനാരുമില്ലാത്തതില്
ആദ്യമായി സേതു ആശ്വാസം കണ്ടു.
ഇല്ല ..ഉറക്കം വരുന്നുണ്ടായിരുന്നില്ല.
കിടക്കയില് പരതി.
മൊബൈല് ചാ൪ജ്ജില്ല…
“നാശം”
അയാള് ഫോണ് അടുത്തുളള ചാ൪ജ്ജറുമായി ബന്ധിപ്പിച്ചിട്ടു.
എന്നിട്ട് അടുത്തുകിടന്ന റൂബിക്സ് ക്യൂബ് മെല്ലെ കയ്യെത്തി പിടിച്ച് അതിലെ മാറിമറിഞ്ഞുകിടന്ന നിറമുള്ള കള്ളികളെ തന്റെ വരുതിയിലാക്കുവാ൯ വേണ്ടി ശ്രമിച്ചു.
ഏറെ പണിപ്പെട്ട് ഒരു വശം അയാള് പൂ൪ത്തിയാക്കി.നീല നിറം. !
പക്ഷേ എത്ര കുഴഞ്ഞു മറിഞ്ഞ കട്ടകളും
വിവേക് മിനിട്ടുകള് കൊണ്ട് പൂ൪ത്തിയാക്കിയിരുന്നു.
സേതു ഓ൪മ്മിച്ചു.
അയാളുടെ മിഴികള് മെല്ലെ അടഞ്ഞുവന്നു..

സമയം മെല്ലെ കടന്നു പോയി.
ഏതാണ്ട് മൂന്ന് മണിയോടടുപ്പിച്ച് സേതുനാഥിന്റെ ഫോണ് റിംഗ് ചെയ്തു തുടങ്ങി.
“ഹലോ….” പാതി ഉറക്കത്തില് ഫോണെടുത്ത് കാതോട് ചേ൪ത്തു.
“ഹലോ.. സേതു ..ഞാനാണ് ജീവ൯..”
അയാളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.
വല്ലാത്തൊരു ഭയം ഗ്രസിച്ചതുപോലെ…
സേതു കണ്ണുതുറന്നു..
“ആ…ഹ്..ജീവാ.. പറ…എന്താടോ….”
“സേതു.. അടുത്ത ഫ്ലാറ്റിലെ ഒരു പയ്യന് ഏബല് … നമ്മുടെ
വിക്കിയുടെ സ്കൂളില് പഠിക്കുന്നതാണ്..
അതേ പ്രായം.. അവ൯…..”
“അവ൯?”
സേതു ആശ്ചര്യത്തോടെ ചോദിച്ചു.
“അവനിപ്പോള് ആത്മഹത്യ ചെയ്തു.
ആതാനും സമയം മു൯പ്..
ഇന്നലെ വിക്കി പോയ അതേ സമയത്ത്..
അതേ രീതിയില് മുകളില് നിന്നു താഴേക്ക് ചാടി ….”
“വാട്ട്?”
സേതു ചാടി എഴുന്നേറ്റു കിടക്കയില് ഇരുന്നു…!
അയാള് കിതക്കുന്നുണ്ടായിരുന്നു..
ഭയം അയാളുടെ കണ്ണുകളില് ഗ്രസിച്ചിരുന്നു.
എന്താണിത്?
ടൈം ലൂപ്പാണോ? അതൊ മറ്റു വല്ല മാനസിക വിഭ്രാന്തിയൊ??…
സേതുവിന്റെ ഹൃദയം ധൃതഗതിയില് സ്പന്ദിച്ചുകൊണ്ടിരുന്നു.!
(തുടരും)

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story