ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 4

നോവൽ

******

ഗെയിം ഓവർ – ഭാഗം 4

എഴുത്തുകാരൻ: ANURAG GOPINATH

അക്ബര് അവിടെയാകെ ഒന്നുകൂടി പരിശോധന നടത്തി.
അവിടെ തൂക്കിയിട്ടിരുന്ന കലണ്ടറിന്റെ മു൯പേജുകള് മെല്ലെ മറിച്ചു..
ഏതാണ്ട് അ൯പത്തിയൊന്ന് ദിവസങ്ങള്ക്ക് മു൯പ് ഒരു ദിവസത്തിന്റെ ചതുരത്തില് പേനകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നു.
“DAY 1
“MIND ON ME”
അക്ബറിന്റെ കണ്ണുകള് ആ വാചകത്തിലുടക്കി.
mind on me….
MOM.!!!!!!!! അതെ….
അതുതന്നെ!!!
എന്താണീ MIND ON ME?
അക്ബറിന്റെ തലപുകയാ൯ തുടങ്ങി.
“ഇവിടെയാരെങ്കിലും കീബോ൪ഡ് പ്ലേ ചെയ്യുന്നുണ്ടൊ?”
മേശപ്പുറത്തിരുന്ന ബുക്കിന്റെ താളുകള് മെല്ലെ മറിച്ചുനോക്കി അക്ബര് ചോദിച്ചു.
ആ ബുക്കിലെ പേജുകളിലൊന്നില് അയാളൊരു മ്യൂസിക് നൊട്ടേഷ൯ കണ്ടിരുന്നു.
“ഏയ് ഇല്ല സ൪.. സംഗീതം അവനിഷ്ടമായിരുന്നു.
പക്ഷേ പഠനത്തിനിടയില് വേണ്ടാ എന്നു ഞാന് പറഞ്ഞു. .. സമയമുണ്ടല്ലോ എന്ന് കരുതി.”
അയാളുടെ മിഴികള് നിറഞ്ഞുതുളുമ്പി.
“സമയം..
അതാ൪ക്കുവേണ്ടിയും കാത്തുനില്ക്കില്ല മിസ്ററര് ജീവ൯. സമയത്തെ വരുതിയിലാക്കുവാ൯ വേണ്ടിയുളള പാച്ചിലിലല്ലേ നമ്മള് മരണം വരെ?…Lost time is never found again.”
ഇത് ഞാന് പറഞ്ഞതല്ല. ബഞ്ചമി൯ ഫ്രാങ്ക്ളി൯ പറഞ്ഞ വാചകമാണ്.”
ഈ ബുക്ക് ഞാനൊന്നെടുക്കുകയാണ്. വിരോധമില്ലല്ലൊ?..
അക്ബര് ജീവനോട് ചോദിച്ചു.

“ഇല്ല സ൪”
ജീവന് പറഞ്ഞു.
എങ്കില് ശരി.
ഞാന് ഇറങ്ങട്ടെ? സേതു വരുന്നുണ്ടോ? ”
“ഉവ്വ് ഓഫീസ് വരെ പോകണം. പോയിട്ട് ഉച്ചയോടെ വരും.”
അക്ബര് യാത്രപറഞ്ഞിറങ്ങി.
കൂടെ സേതുവും.
അവ൪ നടന്ന് ലിഫ്റ്റിലെത്തി.
ലിഫ്റ്റ് തുറന്നു.അകത്ത് രണ്ടുപേ൪ കൂടി ഉണ്ടായിരുന്നു.
ഒരു അച്ഛനും മൂന്ന് വയസ്സോളം തോന്നിക്കുന്ന ഒരു മകളും..
അക്ബറിനെ പോലീസ് വേഷത്തില് കണ്ടതിനാലാവണം ആ കുട്ടി തന്റെ പിതാവിന്റെ പിന്നില് മറയുവാ൯ ശ്രമിച്ചു.
അക്ബര് അത് കണ്ടു.

അയാള്ക്ക് അതൊരു കൌതുകമായി.
തന്റെ ഇരു കവിളുകളും വീ൪പ്പിച്ച് “ഒന്നുമില്ല ” എന്ന് കണ്ണടച്ചു കാട്ടി.
ആ കൊച്ചു പെണ്കുട്ടി ചിരിക്കാന് ശ്രമിച്ചു..
സേതു എന്തോ ആലോചനയിലായിരുന്നു.
അപ്പോഴേക്കും ലിഫ്ററ് താഴെ എത്തിയിരുന്നു.
ആ കുട്ടിയും പിതാവും മു൯പേ നടന്നുപോയി.
അച്ഛന്റെ കൈ പിടിച്ച് നടന്നു പോവുന്ന പോക്കില് ആ കുട്ടി അക്ബറിനെ നോക്കി കൈ വീശി കാണിച്ചു. അക്ബറും..
“ഈ ജീവനും ഫാമിലിയും എത്രനാളായി ഇവിടെ? ഫ്ലാറ്റില് ?”
സേതു പറഞ്ഞു. :-
“അയാളുടെ കുടുംബം ആലപ്പുഴയിലാണ്. ഹരിപ്പാട് എന്ന് പറയും.
ഇവിടെ ബിസിനസ്സും..മകന്റെ പഠിപ്പുമൊക്കെയായി ..
ഇപ്പോള് ആറ് വ൪ഷം.. ”
അപ്പോള് ബന്ധുക്കള്?
ആരുമായും അത്ര രസത്തിലല്ല ജീവന് .
അച്ഛന് അമ്മ ഒക്കെ നേരത്തെ പോയി.
അയാള് ഒറ്റ മകനാണ്.
അഞ്ജലിയുടെ അച്ഛന് ജീവിച്ചിരിപ്പുണ്ട്. അമ്മ അഞ്ജലിയെ പ്രസവിച്ച ശേഷം അധികനാളുണ്ടായിരുന്നില്ല.
അഞ്ജലിക്കൊരു ജ്യേഷ്ഠന് ഉണ്ട്. അയാളോടും അഞ്ജലിയുടെ പിതാവിനോടും ജീവ൯ അത്ര രസത്തിലല്ല.

സ്വത്ത് ഭാഗം വച്ചപ്പോഴുണ്ടായ എന്തോ അതൃപ്തിയാണ് കാരണം.
അതുകൊണ്ടാവും അവരൊക്കെ ചടങ്ങുകള് കഴിഞ്ഞയുടനെ തന്നെ പോയി.”
“സേതു ഞാന് ഇപ്പോള് വീട്ടിലേക്കാണ് നീ വൈകുന്നേരം വരണം..ഈ സംഭവങ്ങളുടെ നിജസ്ഥിതിയെ സംബന്ധിച്ച് എനിക്ക് കുറച്ചു വിശദമായി തന്നെ സംസാരിക്കുവാനുണ്ടെടോ…”
അക്ബ൪ പറഞ്ഞു.
“വരും..ഉറപ്പായും വരും.”
സേതു പറഞ്ഞു.
അവ൪ കൈ കൊടുത്തു പിരിഞ്ഞു.
അക്ബര് ജീപ്പിനടുത്തേക്ക് നടന്നു.
കോണ്ക്രീറ്റ് ചെയ്ത തറയില് രണ്ട് ബോഡി ഔട്ട്ലൈനുകളും മാ൪ക്ക് ചെയ്തിടത്ത് പെട്ടന്ന് അയാളൊന്നു നിന്നു.

രണ്ട് ഔട്ട് ലൈനും തമ്മില് ഏതാനും സെന്റിമീറ്ററുകളുടെ വ്യത്യാസം മാത്രം.!
ഒരേ സ്ഥലത്ത് നിന്നാണ് രണ്ടു പേരും ചാടിയിട്ടുള്ളത്.
അക്ബ൪ നടന്നു വണ്ടിയുടെ അരികിലെത്തി.
സേതു അയാളെ കടന്ന് പോയിരുന്നു..
അക്ബ൪ ഡോ൪ തുറന്ന് അകത്ത് കയറി.
“തങ്കച്ചാ പോകാം?”
ഡ്രൈവിംഗ് സീറ്റിലിരുന്ന തങ്കച്ചന് വണ്ടിയെടുത്തു..
സെക്യൂരിറ്റിയുടെ അടുത്തെത്തിയപ്പോള്
അക്ബര് തങ്കച്ചനോട് വണ്ടി ഒന്ന് വേഗം കുറക്കുവാന് ചെയ്യുവാന് ആവശ്യപ്പെട്ടു.
“ഇങ്ങ് വാ ”
അക്ബര് സെക്യൂരിററിയെ അടുത്തു വിളിച്ചു ചോദിച്ചു :
“എന്താണ് തന്റെ പേര്? ”
“രമേശ൯..”
അയാള് മറുപടി പറഞ്ഞു.

“എക്സ് ആണൊ??തന്നെ ഞാന് വന്നപ്പോള് കണ്ടില്ലല്ലോ? എപ്പോഴാണ് ജോലി സമയം? ”
“അതെ സ൪. എക്സ് ആണ്. ഞാന് രാവിലെ ഏഴ് മുതല് വൈകിട്ട് ഏഴുവരെ ആണ് എന്റെ ഡ്യൂട്ടി.. രാത്രിയില് സലാം എന്നൊരാളാണ്. ”
“ഈ ഫ്ലാറ്റിലേതിലെങ്കിലും ഒരു മ്യൂസിക് ടീച്ചര് താമസമുണ്ടൊ?”
അക്ബര് ചോദിച്ചു.
“ഉവ്വ് സ൪”
“ആര്?”
“ജെറിസാറാണ്. ഇപ്പോള് മകളെയും കൊണ്ട് പോയല്ലോ നിങ്ങളുടെ തൊട്ടുമു൯പേ..”
“ഉം.. ഒകെ.. ഒകെ..
തങ്കച്ചാ വാ പോകാം. ”
തങ്കച്ചന് ജീപ്പെടുത്തു…
©©©©©©©©©©©©©©©©©©©©©©©©
സമയം പത്തുമണി.

കമ്മീഷണര് മോഹ൯ കുമാറിന്റെ മുന്നില് അക്ബര് ഇരുന്നു.
“പറയ് അക്ബര് താനെന്താണ് വിചാരിക്കുന്നത്. ഈ സംഭവത്തെപ്പററി? ”
മോഹ൯ ഫ്ളാസ്കില് നിന്നും ചായ എടുത്തു മേശപ്പുറത്തു കമഴ്ത്തി വച്ചിരുന്ന കപ്പെടുത്ത് അതിലെക്ക് പക൪ന്നുകൊണ്ട് ചോദിച്ചു.
“തനിക്കൊഴിക്കട്ടെ ഒരു കപ്പ്? . ”
അക്ബര് ചിരിച്ചു കൊണ്ട് പറഞ്ഞു “വേണ്ട സ൪.”
“ഓ…താ൯ മധുരത്തിന്റെ ആളാണല്ലോ.. ഇത് വിത്തൌട്ടാണെടോ..”
മോഹ൯ ആ കപ്പ് എടുത്ത് ചുണ്ടോടടുപ്പിച്ചു. ആവി തെല്ലിട അയാളുടെ കറുത്ത ഫ്രെയിമുള്ള കണ്ണടയെ മഞ്ഞുപോലെ മൂടി….

“പറ..എന്താണ് തന്റെ ഫൈന്റിംഗ്സ്?”
പറയാം സ൪… മരിച്ച രണ്ടുപേരും എക്സ്ട്രാ ഓ൪ഡിനറി ആയ കുട്ടികളാണ്.
അവ൪ മിടുമിടുക്കന്മാരാണ്.പഠനത്തിലും മറ്റ് പാഠ്യേതര പ്രവ൪ത്തനങ്ങളിലും.
അവരെ കൊണ്ട് ആരോ ചെയ്യിപ്പിച്ചത് പോലെയാണ് എന്റെ പ്രാഥമികനിഗമനം കൊണ്ട് തോന്നുന്നത്. ഇതൊരു ആത്മഹത്യയേയല്ല.
അവരുടെ മനസ്സിനെ പരിപൂര്ണമായി നിയന്ത്രിക്കുന്ന ഒരു മാസ്ററര് മൈന്റ് ഉണ്ട്. അത് ആരാണെന്ന്. കണ്ടെത്തണം..”
അക്ബര് അവിടെ മേശപ്പുറത്തു വച്ചിരുന്ന ഒരു പേപ്പര് വെയ്റ്റ് എടുത്ത് മെല്ലെ കറക്കിക്കൊണ്ട് പറഞ്ഞു.
“എന്തെങ്കിലും ക്ലൂ ..?”
മോഹ൯ കപ്പ് മേശപ്പുറത്തു വച്ച് ആകാംക്ഷാഭരിതനായി ചോദിച്ചു ..
“എന്ന് ചോദിച്ചാല് ..വ്യക്തമായി പറയാന് അങ്ങനെ ഒന്നുമില്ല സ൪.” അക്ബര് പറഞ്ഞു.
“എനിക്ക് അല്പം സമയം തരണം. ”
അയാള് കൂട്ടിച്ചേ൪ത്തു.
“ഒകെ ഒകെ.. അവിടെ നമ്മള്ക്ക് നാലോ അഞ്ചോ പോലീസുകാരെ കാവലിടാം.എന്താ? ..”
മോഹ൯ പറഞ്ഞു.

“അതെ സ൪ ”
“ഇനി ഇതൊരു സൈക്കൊ കൊലപാതകിയുടെ സാന്നിധ്യമായിക്കൂടെ? ഒരു തരം സീരീസ്..?”
മോഹ൯ അക്ബറിനോട് ചോദിച്ചു..
“സ൪…. ചെയ്യുന്ന കുറ്റകൃത്യത്തിന്റെ രീതി അടിസ്ഥാനമാക്കിയല്ലേ നാല് പ്രധാന തരം സീരിയല് കില്ല൪ മാരെ നമ്മള് വിലയിരുത്താറുള്ളത്?”
അക്ബര് പറഞ്ഞത് കേട്ട മോഹ൯ പറഞ്ഞു .
“അതെ, അതുതന്നെ.
ഇരയുടെ മരണം കണ്ട് ആസ്വദിക്കുന്നവ൪ മിഷന് ഓറിയന്റഡായുള്ളവ൪ ,
ദീ൪ഘവീക്ഷണമുള്ള കൊലയാളികള് പിന്നെ അധികാരാന്വേഷക൪.”
കൊലപാതകിയുടെ മാനസികാവസ്ഥ ആ കൊലചെയ്യപ്പെട്ട ശരീരത്തില് നിന്നും നമ്മള്ക്ക് കിട്ടാറാണ് പതിവ്.”

പക്ഷേ ഇതില് ……
മോഹ൯ പറഞ്ഞു നി൪ത്തി.
“ഇതിപ്പൊ കൊലപാതകിയുടെ മോട്ടീവ് എന്താണെന്നറിയുവാനായി അടുത്ത ഒരു ആത്മഹത്യനടക്കും വരെ കാത്തിരിക്കുവാനാവുകയില്ലല്ലോ സ൪”
മോഹ൯ അവസാന തുള്ളി ചായയും കുടിച്ചുകഴിഞ്ഞിരുന്നു.
അയാള് ആ കപ്പ് മേശപ്പുറത്തു വച്ച് വെറുതെ കറക്കിക്കൊണ്ടിരുന്നു .
“എനിക്ക് നിന്നെ വിശ്വാസമാണ് അക്ബ൪..
നീയിത് തെളിയിക്കും.. നിന്നെക്കൊണ്ടേ..,”
വാചകം പൂ൪ത്തിയാക്കും മു൯പ്
അക്ബര് തൊപ്പി എടുത്ത് തലയില് വച്ചുകൊണ്ട് എഴുന്നേററു.
“അയ്യോ വേണ്ടാ ബാക്കി വേണ്ടാ മോട്ടിവേഷ൯ എനിക്കിഷ്ടമായി കേട്ടൊ…. ഞാന് പോയി വരാം..”
“എനിക്ക് നിന്നോടല്ലേടാ പറയാ൯ പറ്റൂ…”
മോഹ൯ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഓ…ഇമോഷണല് ബ്ലാക്മെയിലിംഗ്..ശരു നടക്കട്ടെ ..ഞാന് ഒരാളെ ഒന്ന് കാണാ൯ പോവാ.. ഒരു കച്ചിത്തുരുമ്പ് കിട്ടിയിട്ടുണ്ട്.

പിന്നെ ഹോസ്പിററലില് പോകണം.ഫോറ൯സിക് സ൪ജനെ ഒന്നു കാണണം.. രണ്ടാമത്തെ കുട്ടിയുടെ പോസ്ററ്മോ൪ട്ടം റിപ്പോ൪ട്ട് വാങ്ങണം.”
പോയി വരാം..”
“ആ ..നിന്നെ കിരണ് തിരക്കിയിരുന്നു.
നീ എന്തോ ബുക്ക് കൊടുക്കാമെന്നോ…മറ്റോ പറഞ്ഞോ? ”
അക്ബര് തലയില് കൈ വച്ചു.
“ഓ…ഞാന് അത് മറന്നുപോയി..
നാളെ അത് വഴി ഇറങ്ങാം. മറന്നു എന്ന് അവനോട് പറയണ്ട. അത് മതി പിന്നെ..”
“ഹ..ഹ ഞാന് പറയുന്നില്ല. ഷെ൪ലക് ഹോംസിന് മറവി ആണെന്ന് ആരാധക൪ അറിഞ്ഞാല് കുറച്ചിലാണ്..”
മോഹ൯ ചിരിച്ചു..
“ഞാന് പോകുന്നു..”
അക്ബര് ചിരിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി.
മോഹന് തന്റെ കമ്പ്യൂട്ട൪ സ്ക്രീനില് പരാതി മെയിലുകള് പരിശോധിക്കുവാ൯ തുടങ്ങി.
©©©©©©©©©©©©©©©©©©©©©©©©
പോലീസ് ജീപ്പ് ഒരു ചെറിയ വീടിന്റെ ഗേറ്റിനുമു൯പില് വന്നു നിന്നു.
വെളുത്ത മതിലുള്ളൊരു വീട്.
മതിലിന്റെ കുറച്ചു ഭാഗം ഇടിഞ്ഞു പോയിരുന്നു. അവിടെ ഒരു വേലികെട്ടി മറച്ചിട്ടുണ്ട് അകത്തുനിന്നും.
ഒരു വലിയ ബോഗ൯ വില്ല വള൪ന്ന് പിങ്ക് നിറമുള്ള പൂക്കുലകളോടെ ആ മതിലിന്റെ മുകളിലായി പന്തലിച്ചുകിടന്നിരുന്നു .

വില്യം ബെനഡിക്ട് താഴെ മ്യൂസിക് ഡയറക്ടര് എന്നും എഴുതിയ ഒരു പായല് പിടിച്ച ഒരു നെയിം ബോ൪ഡില് അക്ബര് നോക്കി.
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
ഗേറ്റ് ചാരിയിട്ടേയുള്ളു.
“ഞാന് വരാം.. ” തങ്കച്ചനോട് പറഞ്ഞ് അക്ബര് വിവേകിന്റെ നോട്ട് ബുക്കുമായി അകത്തേക്ക് കയറി….
വാതില്ക്കല് തൂക്കിയിട്ടിരിക്കുന്ന വലിയ ഒരു ഓട്ടുമണി.
അതിന്റെ നാക്കില് ചുറ്റിയിരിക്കുന്ന ചരടില് പിടിച്ച് അക്ബര് അടിച്ചു.
അനക്കമൊന്നുമില്ല. അക്ബര് ഒന്നുകൂടി മണി അടിച്ചു കൈകള് കെട്ടി കാത്തുനിന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോള് ആരോ അകത്തുനിന്നും നടന്നടുക്കുന്ന ശബ്ദം കേട്ടു.
വാതിലിന്റെ ഇരുവശങ്ങളിലും ജനലുകളുണ്ടായിരുന്നു ഇടതുവശത്തെ ജനലിന്റെ ഒരു പാളി മെല്ലെ ഒന്നു തുറന്നടഞ്ഞു.

പിന്നീട് പരുക്ക൯ ശബ്ദത്തോടെ ആ വാതില് തുറക്കപ്പെട്ടു.
തലമുടിയാകെ വെള്ളികെട്ടിയ ഒരു സ്ത്രീ.. അറുപതിനടുത്ത് പ്രായമുണ്ടാവും.
യാതൊരു മയവുമില്ലാത്ത നോട്ടം നോക്കി…
“വരൂ.. അകത്തുണ്ട്”
അവ൪ അക്ബറിനെ അകത്തേക്ക് ക്ഷണിച്ചു..
അക്ബര് ഷൂസ് അഴിച്ച് പടിയില് വച്ച് അകത്തേക്ക് കടന്നു.
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ⷭ ͪ ⷶ ᷮ ͭ ͤ ͬ -4
“ഉറക്കമായിരിക്കും”
അക്ബര് പറഞ്ഞു.
“വേറെന്ത് പണി? ”
അവ൪ പറഞ്ഞു.
“കാലത്തെ നാല് എഗ്ഗും എട്ട് ടോസ്റ്റും ഒരു കപ്പ് മില്ക്കും..ക്ഷീണം കാണും. ദഹിക്കണ്ടേ?
എന്റെ ആന്റണിയുടെ പെ൯ഷനുള്ളതുകൊണ്ട് പട്ടിണി കിടന്നു ചാവില്ല.
കുറെ മ്യൂസിക് ഇ൯സ്ട്രമെന്റ്സും കെട്ടിപ്പിടിച്ച് ഒരു മുറിയില്. കുളിയില്ല മുടി വെട്ടില്ല.
നന്നാവാനാണ് അവനെക്കൊണ്ട് ഒരു പെണ്ണ് കെട്ടിച്ചത്.
അവസാനം അവളുടെ ചെലവും കൂടെ പറ്റാതായപ്പോ അവളവളുടെ പാട്ടിന് പോയി.
അവ൪ കരഞ്ഞു തുടങ്ങി. ഓ ജീസസ്! വയസ്സ് കാലത്ത് നീ എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷണങ്ങള് കൊണ്ട് വീ൪പ്പുമുട്ടിക്കുന്നത്!”.
അവ൪ നെടുവീര്പ്പോടെ ഭിത്തിയില് തൂക്കിയിട്ടിരുന്ന പട്ടാളവേഷത്തിലുള്ള ഭ൪ത്താവിന്റെ പഴയ ഫോട്ടോയിലേക്ക് നോക്കി.
മൂക്ക് ചീറ്റി കൈകൊണ്ട് തന്റെ കുപ്പായത്തിന്റെ പിന്നില് തേച്ച്കൊണ്ട് അവ൪ പറഞ്ഞു.
!മോനിരിക്ക്… അവനെ ഞാന് വിളിക്കാം.രണ്ട് നല്ല വാക്ക് പറഞ്ഞ് അവനെ ഒന്ന് ഉപദേശിക്ക്.
കുടിക്കാന് ….?”

അക്ബര് അവരുടെ കൈകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:
” നോമ്പാണ്. വേണ്ടാ.”
“ഒകെ ഡിയ൪ പ്ലീസ് വെയ്റ്റ്…”
അവര് അകത്തേക്ക് പോയി.
അക്ബര് അവിടെ കസേരയില് ഇരുന്ന പഴയ ഒരു മാസിക എടുത്തു മറിച്ച് നോക്കി അവിടെ ഇരുന്നു.
അകത്തു തട്ടും മുട്ടും കേള്ക്കുന്നുണ്ട്..
കുറച്ചു സമയം കഴിഞ്ഞ് വില്യം പുറം തടവിക്കൊണ്ട് കോട്ടുവായിട്ട്കൊണ്ട്
“ഈ മമ്മ… മനുഷ്യനെ വിശ്രമിക്കാന് സമ്മതിക്കില്ല ..”
എന്ന് പിറുപിറുത്തുകൊണ്ട് സ്വീകരണമുറിയിലേക്ക് വന്നു.
അക്ബ൪ ചിരിച്ചു.
“രാത്രി മുഴുവന് സിംഫണി ഉണ്ടാക്കുകയായിരുന്നോ?”
കണ്ണു ചിമ്മി വില്യം അക്ബറിന്റെ മുഖത്തേക്ക് നോക്കി.
“മനുഷ്യനെ ഉറക്കരുത്… എന്നെ അറസ്ററു ചെയ്ത് ലോക്കപ്പിലിടാ൯ വല്ല വകുപ്പുമുണ്ടൊ?..”
“എന്നെ അങ്ങ് ഞെക്കി കൊന്നൊ.. എന്നിട്ട് പൊന്നുമോ൯ പോയി ജയിലില് കിടന്ന് സൌകര്യമായി ഉറങ്ങിക്കോ”
പിന്നാലെ ഒരു പ്ലാസ്ററിക് ചൂലിനെ തലകുത്തനെ പിടിച്ച് മമ്മ എത്തി.
അക്ബര് പറഞ്ഞു.

“അതേ…നിങ്ങളുടെ ടോം ആന്റ് ജറി ഫൈറ്റ് കാണാന് വന്നതല്ല ഞാന്. എനിക്ക് വില്ലിയെ കൊണ്ട് ഒരാവശ്യമുണ്ട്.
ഒന്ന് അമ൪ത്തി മൂളിക്കൊണ്ട് ആ സ്ത്രീ അവിടം വിട്ടുപോയി.
“എന്താണ് ആവശ്യം?”
വില്യം ചോദിച്ചു.
അക്ബര് പറഞ്ഞു. എന്റെ കയ്യില് ഒരു മ്യൂസിക് നോട്ടുണ്ട്. നീ അത് കീബോ൪ഡിലൊന്ന് വായിച്ച് തരണം. ഒരു അന്വേഷണത്തിന്റെ ഭാഗമാണ്.
ആ നോട്ടിലെന്തോ ഒരു ക്ലൂ ഒളിഞ്ഞിരിപ്പുണ്ട്.”
“ഇതാണോ.. നോട്ടെവിടെ?”
അക്ബര് വിവേകിന്റെ നോട്ട്ബുക്ക് വില്യത്തിന് കൈമാറി.
വില്യം അല്പനേരം അത് നോക്കി നിന്നു..
“വാ..”
അയാള് അക്ബറിനെയും കൂട്ടി അകത്തേക്കു പോയി.
ഒരു പഴയമുറിയായിരുന്നു അത് .
അസംഖ്യം സംഗീത ഉപകരണങ്ങള് പൊടിപിടിച്ചുകിടന്നിരുന്നു.
ഒരു വലിയ പിയാനോയുടെ അരികിലെത്തി വില്യം അതിന്റെ മുകളില് പുതപ്പിച്ചിരുന്ന തുണി വലിച്ചുമാറ്റി.
അതിന്റെ മുകളില് പറ്റിപ്പിടിച്ചിരുന്ന പൊടി അന്തരീക്ഷത്തില് പട൪ന്നു.
അക്ബ൪ ചുമച്ചുപോയി.

വില്യം അതിന്റെ മുകളില് ഊതാ൯ തുടങ്ങി.
പൊക്കറ്റില് നിന്നും തൂവാല എടുത്ത് അക്ബ൪ മൂക്കും വായും മറച്ചു.
നോട്ടെടുത്ത് പിയാനോവിന്റെ മുകളിലുണ്ടായിരുന്ന സ്റ്റാന്റില് ഉറപ്പിച്ചു.
വില്യം മെല്ലെ ബട്ടണുകളിലൂടെ തന്റെ വിരലോടിച്ചു….കണ്ണുകള് അടച്ചു..
“ഉം…” ഒന്നു മൂളി.
അയാള് ആ നോട്ട് മെല്ലെ പിയാനോയില് വായിച്ചു തുടങ്ങി. …
അക്ബര് മിഴികള് പൂട്ടി അത് ശ്രദ്ധിച്ചു ..
രണ്ടു മൂന്ന് വരികള് വായിച്ചപ്പോള് അക്ബര് പെട്ടന്ന് പറഞ്ഞു നി൪ത്ത്…
പെട്ടെന്നു വില്യത്തിന്റെ വിരലുകള് നിശ്ചലമായി.
സംഗീതം നിലച്ചു.
“ഇത് അതല്ലേ?”
അക്ബര് വില്യത്തിനോട് പറഞ്ഞു ..
” ഗ്ലൂമി സണ്ഡേ ” എന്ന ഗാനം?
അതെ.. വില്യം പറഞ്ഞു.
അതുതന്നെ.

ഗ്ലൂമി സണ്ഡേ
ബില്ലി ഹോളിഡേ യുടെ ഗാനം..
“Sunday is gloomy
My hours are slumberless
Dearest the shadows
I live with are numberless…”
വില്യം പാടി….
“Dreaming, I was only dreaming
I wake and I find you asleep
In the deep of my heart here
Darling I hope
That my dream never haunted you
My heart is tellin’ you
How much I wanted you
Gloomy Sunday..”
“ഈ പാട്ടിന്റെ ചരിത്രമറിയുമോ അക്ബ൪?”
വില്യം ചോദിച്ചു …
“അറിയാം ” അക്ബര് പറഞ്ഞു.
“Hungarian Suicide Song”
ഹംഗേറിയന് ആത്മഹത്യാഗാനം…
അയാള് മന്ത്രിച്ചു.
തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 4

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

Share this story