ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 7

നോവൽ

******

ഗെയിം ഓവർ – ഭാഗം 7

എഴുത്തുകാരൻ: ANURAG GOPINATH

“ശ്രീയേട്ടാ അവള് വിളിച്ചിട്ട് വിളി കേള്ക്കുന്നില്ല.!”
അക്ബര് അത് കേട്ടപാതി ഒറ്റ കുതിപ്പിന് ആ മുറിയിലേക്ക് പാഞ്ഞു.
രണ്ട് വട്ടം ബാത്റൂമിന്റെ കതകില് കൈകൊണ്ട് തട്ടി …
അനക്കമില്ല.
അകത്ത് പൈപ്പില് നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേള്ക്കാം.
അക്ബര് ഒറ്റയിടിക്ക് ആ കതക് തുറന്നു.
ഹൃദയഭേദകമായ ഒരു കാഴ്ചയാണ് അക്ബറിനെ വരവേറ്റത്.
ആ കാഴ്ചകണ്ട് അയാള് തരിച്ചുനിന്നു.

അകത്ത് വീണുകിടക്കുന്ന സ്നേഹ.. ഇടതുകൈത്തണ്ടയിലെ വെയി൯ കട്ട് ചെയ്തിട്ടുണ്ട് . ആ മുറിവായില് നിന്നും ധാരയായി ഒഴുകിപരന്ന രക്തത്തില് കുളിച്ചുകിടക്കുകയാണ് സ്നേഹ.
ആ കാഴ്ച കണ്ട് “മോളേ ” എന്നൊരു നിലവിളിയോടെ ആ അമ്മ ബോധരഹിതയായി നിലംപതിച്ചു.
അക്ബര് സ്നേഹയെ കോരിയെടുത്തു..
ജീവന്റെ തുടിപ്പുകള് വിട്ടുമാറിയിട്ടില്ല എന്നയാള്ക്കുതോന്നി.
“രാജീവേ വണ്ടിയെടുക്ക് ജീവനുണ്ട്”
അത് കേട്ടതും രാജീവ് പാഞ്ഞു …
കൂടെ അക്ബറും അവളെ താങ്ങിയെടുത്ത് ലിഫ്റ്റിലേക്ക് ഓടി..

അപ്പോഴും ആ സ്പീക്കറില് നിന്നും മരണത്തിന്റെ തണുപ്പുള്ള ഗാനം പുറത്തേക്ക് പടരുന്നുണ്ടായിരുന്നു…

ജീവനും കൈകളില്പിടിച്ചുള്ള പാച്ചിലായിരുന്നു അത്. ഒരു ചെറിയ തുടിപ്പുമാത്രം അവശേഷിക്കുന്നുണ്ടായിരുന്നു. അത്രയേറെ രക്തം വാ൪ന്നുപോയിരുന്നു ആ കുഞ്ഞുദേഹത്തുനിന്നും..
“വേഗം…”
അക്ബര് രാജീവിനൊട് ആക്രോശിച്ചു.

ഏതാനും മിനിട്ടുകള്ക്കകം അവ൪ തൊട്ടടുത്തുള്ള സിറ്റി ഹോസ്പിററലിലേക്ക് സ്നേഹയേയും കൊണ്ട് എത്തി.
പോവുന്ന വഴിയില് വച്ചു വിളിച്ചുപറഞ്ഞതിനാല് ഒരു മുഴുവന് ടീമും അവിടെ തയ്യാറായി നില്പുണ്ടായിരുന്നു.
അവ൪ സ്നേഹയെ അകത്തേക്കു കൊണ്ടുപോയി. വെയിലേറ്റു വാടിയതാമരത്തണ്ടുപോലെയായിരുന്നു ആ കൊച്ചു പെണ്കുട്ടിയുടെ ശരീരം.
ആ സ്ട്രക്ച്ചറുരുണ്ട് അകത്തേക്ക് പോവുന്നകാഴ്ച അക്ബര് നോക്കി നിന്നു.
നിമിഷങ്ങള്ക്ക് യുഗങ്ങളുടെ ദൈ൪ഘ്യം അക്ബറിന് അനുഭവപ്പെട്ടു.
അയാള് അവിടെ വരാന്തയില് തലകുമ്പിട്ടിരുന്നു.
അപ്പോഴേക്കും ശ്രീനാഥും മറ്റുചിലരും കൂടി അവിടേക്കെത്തിച്ചേ൪ന്നു.
അക്ബര് എഴുന്നേററു…
“സ൪..എവിടെ എന്റെ മോളെവിടെ?”
ശ്രീനാഥ് തിടുക്കത്തില് അന്വേഷിച്ചു..
“അകത്തുണ്ട്…,”
അക്ബര് മറുപടി പറഞ്ഞു.

അയാള് അക്ബറിന്റെ കൈകളില് കയറി പിടിച്ചു.
“സാ൪…എന്റെ മോള്.. ദൈവമെ രാവിലെ ആ മനുഷ്യന് പറഞ്ഞിട്ടുകൂടി.. എനിക്ക് എന്റെ മകളെ സൂക്ഷിക്കുവാനായില്ലല്ലോ..”
വിലപിച്ചുകൊണ്ട് തിരിഞ്ഞ് അയാള് തല ഭിത്തിയിലിട്ട് ഇടിക്കുവാ൯ തുടങ്ങി.
അക്ബ൪ അയാളെ പിടിച്ചു മാറ്റി.

അക്ബറിനെ കെട്ടിപ്പിടിച്ചു നിന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ അയാള് വിതുമ്പിക്കൊണ്ടിരുന്നു.
സമയം മെല്ലെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.
വാതില് തുറക്കുന്ന ശബ്ദം കേട്ട് അക്ബ൪ ശിരസ്സുയര്ത്തി നോക്കി.
അകത്തുനിന്നും ഡോക്ടര് പുറത്തേക്കിറങ്ങി..
വലതു കൈയ്യിലെ ഗ്ലൌസ് ഊരി ആ കൈപ്പത്തി അക്ബറിന്റെ തോളിലമ൪ത്തിക്കൊണ്ട് ഡോക്ടര് പറഞ്ഞു.
“അക്ബര് … ഞങ്ങള് കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ…….”
Iam sorry she is no more…”
ശിരസ്സു താഴ്ത്തി ഡോക്ടര് നടന്നകന്നു.

അതുകേട്ട് “മോളേ… “എന്നൊരു നിലവിളിയോടെ ശ്രീനാഥ് നിലത്തേക്ക് കുഴഞ്ഞുവീണു.
അക്ബ൪ ഒന്നും മിണ്ടാതെ അവിടെനിന്നു മെല്ലെ നടന്ന് വാതില്ക്കല് എത്തി.
അയാളുടെ മിഴികള് നിറഞ്ഞിരുന്നു.
സങ്കടമോ ദേഷ്യമോ നിരാശയോ ഒക്കെ ആ മുഖത്ത് നിഴലിച്ചു.
“ഇത്രയധികം ആളുകള് ..
ഇത്രയും ജാഗ്രതയോടെ കാവലിരുന്നിട്ടും ഒരു ജീവന് കൂടി നഷ്ടമായിരിക്കുന്നു.”
അക്ബറിന്റെ ചിന്തകള്ക്ക് തീ പിടിച്ചു.
ആ ഡ്രോണ് .. അപ്പോള് അത് സ്നേഹയുടെ അവസാനനിമിഷങ്ങള് ചിത്രീകരിക്കുവാന്വേണ്ടി വന്നതാണ്.. !”
അയാള് പോക്കററില് നിന്നു ഫോണെടുത്തു.
സേതുവിനെ വിളിച്ചു.
“ഹലോ …സേതു… സ്നേഹയും.പോയി…”

സേതു അല്പസമയത്തേക്ക് ഒന്നും മിണ്ടിയില്ല എന്നിട്ട് പറഞ്ഞു .
“അക്ബര് ഞാനവ൪ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്.. എന്നിട്ടും… എനിക്കു തോന്നിയതാണ് ഇത് ഇങ്ങനെ സംഭവിക്കുമെന്ന്… മനസ്സിലിരുന്നാരൊ പറഞ്ഞു. അവ൪ സുഹൃത്തുക്കളായതുകൊണ്ട് മാത്രമല്ല അക്ബര്…. അതിനുമപ്പുറം ഈ കുട്ടികളെ ബന്ധിപ്പിക്കുന്ന എന്തോ ഒന്നുണ്ട്…
അതു കണ്ടെത്താന് കഴിഞ്ഞാല് നമ്മള്ക്ക് ഈ ചെയി൯ മുറിക്കാന് സാധിക്കും അക്ബര്.”
“സ൪.. താങ്കളാണോ അക്ബര് .. ? ഡോക്ടര് വിളിക്കുന്നുണ്ട് ക്യാബി൯ വരെ ഒന്ന് വരുമൊ?”
ഒരു നഴ്സ് വന്ന് അക്ബറിനെ അറിയിച്ചു.
“സേതു ഞാന് അങ്ങോട്ട് വിളിക്കാം”
“ഒകെ അക്ബര് ”
സേതു ഫോണ് വച്ചു.

അക്ബര് നടന്ന് ഡോക്ടറുടെ ക്യാബിനിലേക്ക് ചെന്നു. പാതി ചാരിയ വാതിലില് മെല്ലെ തട്ടി.
“വരൂ.. ”
ഡോക്ടര് പറഞ്ഞു.
“ഇരിക്കൂ. ”
അക്ബര് ഇരുന്നു.

“നോക്കൂ മിസ്റ്റര് അക്ബ൪. നിങ്ങള് കൊണ്ടുവന്നപ്പോഴേ ആ കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു.
ആ പെണ്കുട്ടിയുടെ ഇടതുകൈത്തണ്ടയിലെ ആ മുറിവ് ഏതാണ്ട് എട്ട് സെന്റിമീററര് വലിപ്പം ഉള്ളതാണ്. കൈയ്യിലെ ധമനികളെ മുറിക്കുവാ൯ കൈത്തണ്ടയിൽ നാലു മുതല് എട്ട് മില്ലി മീറ്റ൪ മുറിച്ചാലും മതി. അതൊക്കെ വ്യക്തമായി തന്നെ അറിഞ്ഞിട്ടാണ് ആ കുട്ടി ഇതു ചെയ്തുവച്ചിരിക്കുന്നത്.

നമ്മുടെ ശരീരത്തിന്റെ ഇടതു ഭാഗം നമ്മുടെ വലതു തലച്ചോ൪ നിയന്ത്രിക്കുമ്പോള് നമ്മുടെ വലതു ഭാഗം നിയന്ത്രിക്കുന്നത് നമ്മുടെ ഇടത് തലച്ചോറാണ്. അഞ്ച് വ്യത്യസ്ത ലോബുകളാണ് നമ്മുടെ കയ്യിലുള്ള അഞ്ച് വ്യത്യസ്ത വിരലുകൾ നിയന്ത്രിക്കുക…
അതേ പോയിന്റില് തന്നെയാണ് ആ കുട്ടി മുറിവുണ്ടാക്കിയത്.
അതുകൊണ്ട് ഇനി രക്ഷപെട്ടാല് തന്നെ പഴയജീവിതത്തിലേക്കൊരു മടങ്ങിവരവ് ആ കുട്ടിക്ക് അസാധ്യമായിരുന്നു. പാതിമരിച്ച തലച്ചോറുമായി…..”
അക്ബ൪ അല്പം അസ്വസ്ഥതയോടെയാണ് ഇത് കേട്ടിരുന്നത്.

“എനിക്കറിയാം അക്ബ൪. അത്ര നല്ല വാ൪ത്തകളല്ല ഞാനീ പറയുന്നതെന്ന്. നമ്മളൊക്കെ ദിവസവും എത്രയോ കേസുകള് കൈകാര്യം ചെയ്യുന്നുണ്ട്. മാരകമായിമുറിവേറ്റവ൪ പെട്ടന്നുള്ള ആവേശത്തില് ആത്മഹത്യചെയ്യാ൯ ശ്രമിച്ചു പിന്നീട് ജീവിക്കാനുള്ള കൊതിയോടെ വിലപിക്കുന്നവ൪.. ആക്സിഡന്റ് പറ്റിയവ൪..
അങ്ങനെ എത്രയോതരം ആളുകള് . മനസ്സുകല്ലാക്കിയാണ് പല കേസുകളിലും ഞങ്ങള് ഇടപെടുന്നത്.

പക്ഷേ ഇത്… ഇതെന്തൊരു വിധിയാണ്. മൂന്ന് രാത്രികള് ഒരേ ഫ്ലാറ്റില് നടന്ന മൂന്ന് ആത്മഹത്യകള്….”
“അതെ ഡോക്ടര്…. ഇതുപോലെയൊരു കുരുക്ക് ഇതാദ്യമാണ്.. തലച്ചോറുകൊണ്ട് ആളെ കൊല്ലുന്നൊരു കൊലപാതകി.
അവന്റെ ലക്ഷ്യം പതിനഞ്ചു വയസ്സുളള കുട്ടികള്. അതും ഐക്യൂ ലെവല് കൂടിയവ൪!”
അക്ബര് മുഷ്ടിചുരുട്ടി പിടിച്ചുകൊണ്ടുപറഞ്ഞു..
“എന്നാല് ശരി ഡോക്ടര് ഞാന് ഇറങ്ങുകയാണ്..” അല്പസമയത്തിനുശേഷം അക്ബര് ഡോക്ടറെ നോക്കി പറഞ്ഞു.
“അങ്ങനെയാവട്ടെ…”
ഡോക്ടര് മറുപടി പറഞ്ഞു.
©©©©©©©©©©©©©©©©©©©©©©©

രാജീവിനെയും രണ്ട് പോലീസുകാരെയും ആശുപത്രിയിലിട്ടശേഷം അക്ബ൪ സില്വ൪ലൈ൯ ഫ്ലാറ്റിലേക്ക് മടങ്ങി.
പോകുന്ന വഴിയില് അയാള് തങ്കച്ചനെ വിളിച്ചു.
“തങ്കച്ചാ മരിച്ച മൂന്ന് കുട്ടികളുടെയും കമ്പ്യൂട്ട൪ ടാബുണ്ടെങ്കിലത്, മൊബൈല് അങ്ങനെ ഇന്റ൪നെറ്റുമായി കണക്ടുചെയ്യുന്നതെന്തൊക്കെയാണോ അതെല്ലാം നാളെ ഓഫീസിലെത്തിക്കണം..”
അക്ബര് തങ്കച്ചനോട് പറഞ്ഞു.
ഫ്ലാറ്റിന്റെ പ്രവേശനകവാടത്തിലെത്തിയ അക്ബ൪ ഒന്നുനിന്നു.
“താനിങ്ങ് വാ”
അയാള് സെക്യൂരിറ്റിയെ വിളിച്ചു.
“എന്താണ് സ൪”
അയാള് ഭയഭക്തിബഹുമാനത്തോടെ അക്ബറിനെ സമീപിച്ചു.
“എടോ ആ പെണ്കുട്ടി മരിച്ചു.
ഞാന് ഇനി പറയുന്നത് താ൯ ശ്രദ്ധയോടെ കേട്ടിട്ടുവേണം മറുപടി പറയുവാ൯.കേട്ടല്ലൊ?”
അയാളോട് അക്ബര് പറഞ്ഞു..
“ശ…രി സ൪..എന്താണ്..സാറിന്
അറിയേണ്ടത്? ”
അയാള് മറുപടി നല്കി.

“താ൯ ഡ്യൂട്ടിക്കിടെ ഉറങ്ങാറുണ്ടല്ലെ?”
അയാളുടെ കണ്ണുകളില് നോക്കി അക്ബര് ചോദിച്ചു.
“ഇ..ല്ല സ൪. ”
“ഉം… ലേശം അടിക്കും അല്ലെ?”
ശബ്ദം താഴ്ത്തി അക്ബര് ചോദിച്ചു.
“അത് ..പിന്നെ ..മിലിട്ടറിക്കാരനല്ലേ സ൪.. അല്പസ്വല്പം …”
അയാള് തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“കഴിഞ്ഞ മൂന്ന് രാത്രികളില് ഈ വഴിയില് കൂടെ ഏതെങ്കിലും വാഹനങ്ങള് കടന്നുപോയതായി ഓ൪ക്കുന്നുണ്ടൊ? രാത്രിയില് ഒരുമണിക്കും മൂന്നുമണിക്കും ഇടയില് ?”
“അത്… ”
അയാള് ചിന്തയിലാണ്ടു..

അക്ബറിന്റെ ക്ഷമ നശിച്ചു..
“എടോ…താനാ സിസി ടിവി ഒന്നുകാണിക്ക്. ചിന്തിച്ച് തല പുകയ്ക്കണ്ട. ഞാന് നോക്കിക്കോളാം..”
അക്ബര് സിസി ക്യാമറ ചൂണ്ടി പറഞ്ഞു.
“വരൂ സ൪.. ”
അയാള് അക്ബറിനെ സിസി ടിവി ദൃശ്യങ്ങള് റെക്കോ൪ഡുചെയ്യുന്ന കമ്പ്യൂട്ടര് കാട്ടിക്കൊടുത്തു.
അക്ബ൪ പറഞ്ഞു “ഞാന് നോക്കിക്കൊളാം. താ൯ പോയി പുറത്ത് നില്ക്ക്. ചെല്ല്..”
“ശരി സ൪..”
അയാള് പോയി.. അക്ബര് അയാളുടെ ചലനങ്ങള് വീക്ഷിച്ചുകൊണ്ട് കമ്പ്യൂട്ടറിലെ കഴിഞ്ഞ രണ്ട് ദിവസത്തെ ഫയലുകള് ഓപ്പണാക്കി.
അക്ബറിന്റെ മുഖം ആശ്ചര്യം കൊണ്ട് വിട൪ന്നു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലും രാത്രിയില് ഒരേ സമയത്ത് ഒരു റോയല് എ൯ഫീല്ഡ് ബൈക്ക് അതുവഴി കടന്നുപോകുന്ന ദൃശ്യം..!
സമയം കൃത്യം ഒന്ന് നാല്പത്.

തിരികെ രണ്ട് പത്തിന് മടക്കവും.!
ആ ദൃശ്യങ്ങള് ഫ്രീസ് ചെയ്തെങ്കിലും ആ വാഹനത്തിന്റെ നമ്പ൪ അക്ബറിന് വായിക്കാന് കഴിഞ്ഞില്ല.
അക്ബര് വാച്ചില് നോക്കി. സമയം അഞ്ചുമണി.
അയാള് കമ്പ്യൂട്ടറില് പിന്നോട്ട് പോയി അന്നത്തെ റിക്കോ൪ഡ൪ നോക്കി.
ഉണ്ട്! അതേ ബൈക്ക് അതേ സമയം… വന്നിട്ടുമുണ്ട് പോയിട്ടുമുണ്ട്.!
കഴിഞ്ഞ മൂന്നു ദിവസവും രാത്രികാലങ്ങളില് മരണത്തിന്റെ ദൂതുംവഹിച്ച് ആ വാഹനം വന്നുപോയിരിക്കുന്നു.
പിന്നിലേക്ക് പോയ അക്ബറിന് പക്ഷേ അതിനുമു൯പ് അതുപോലെ ഒരു വാഹനം അതേ സമയത്ത് കണ്ടെത്താനായില്ല.!
അക്ബര് തന്റെ പോക്കറ്റില് പരതി.. കീച്ചെയിനിലുണ്ടായിരുന്ന പെ൯ഡ്രൈവിലേക്ക് ആ ദൃശ്യങ്ങള് പക൪ത്തിയെടുത്തു.
അയാള് പുറത്തിറങ്ങി.. രണ്ടുകൈകളും കെട്ടി അല്പസമയം ആ വലിയകെട്ടിടത്തെ നോക്കിനിന്നു.
ഭീമാകാരമായ ഒരു സത്വം പോലെ ആ ബഹുനിലക്കെട്ടിടം അയാളുടെ മുന്നില് വള൪ന്നുനിന്നു.
പടിഞ്ഞാറന് ചക്രവാളത്തില് പെരുമീ൯തുടിക്കുന്നുണ്ടായിരുന്നു..
ഇരുണ്ട ആകാശം കെട്ടിടത്തിന്റെ ശിരസ്സില് ചന്ദ്രക്കലകൊണ്ട് അക്ബറിന്റെ മുന്നിലൊരു ചോദ്യചിഹ്നം തീ൪ത്തു.

𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ⷭ ͪ ⷶ ᷮ ͭ ͤ ͬ -7
ഈ സമയം കുറച്ച് അകലെ നഗരത്തിലെ മറ്റൊരിടത്ത് ആള്പ്പാ൪പ്പില്ലാതെ ഒഴിഞ്ഞുകിടന്നൊരുകെട്ടിടത്തില് …
കാടുപിടിച്ചുകിടക്കുന്ന ആ കെട്ടിടത്തിന്റെ ചുറ്റിലുമായി മുള്ച്ചെടികളും ശവംനാറിപ്പൂക്കളുള്ള വള്ളികളും കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
അകത്തേക്കു കയറ്റി പാ൪ക്ക് ചെയ്ത ഒരു റോയല് എ൯ഫീല്ഡ് ബൈക്ക്.
ഒരു നേവിഗ്രീ൯ കവറുകൊണ്ട് ആ ബൈക്കിനെ മൂടിയിരുന്നു..
ആദ്യത്തെ മുറിയില് നിന്നും കൈവരികളില്ലാത്ത പടിക്കെട്ടുകള്കയറി രണ്ടാം നിലയിലേക്ക്.
നിരപ്പില്ലാത്ത തറയില് പൊടിപിടിച്ചുകിടക്കുന്നുണ്ട്.അവിടവിടെയായി മെറ്റില്തുമ്പുകള് തെളിഞ്ഞിരിക്കുന്നു.
രണ്ടാമത്തെ നിലയില് ഒരുവശത്തായി ഭിത്തിയില് ഒരു വലിയ ചിത്രം.. അത് ആ നഗരത്തിന്റെ മാപ്പാണ്. അതിലെ ചിലസ്ഥലങ്ങളില് ചുവന്ന മാ൪ക്ക൪ കൊണ്ട് വൃത്തം വരച്ച് അടയാളം ചെയ്തിട്ടുണ്ട്.

മേശപ്പുറത്തൊരു ലാപ്ടോപ്പ് പ്രവ൪ത്തിക്കുന്നു..
കറുത്തജാക്കറ്റിട്ടൊരാള് കുനിഞ്ഞിരുന്ന് അതിലെന്തോ ടൈപ്പ് ചെയ്യുന്നുണ്ട്.
മേശയുടെ വലതുഭാഗത്ത് ഒരു ഡ്രോണ് നിശ്ചലമായിട്ടിരിക്കുന്നു.!
അതില് നിന്നും ദൃശ്യങ്ങള് അയാള് കമ്പ്യൂട്ടറിലേക്ക് പക൪ത്തുകയാണ്.അതീവശ്രദ്ധയോടെ.
അല്പസമയത്തിനുശേഷം ഇരുകൈകളും ശിരസ്സിന്റെ പിന്നില് കോ൪ത്തുപിടച്ച് തല പിന്നിലേക്കിട്ട് ശ്വാസഗതി നിയന്ത്രിച്ച് അങ്ങനെ ഇരുന്നു ..
മേശപ്പുറത്തൊരു പേപ്പറില് വിവേക്,ഏബല്,സ്നേഹ എന്നെഴുതി വെട്ടിയിട്ടുണ്ട്…
ബൂട്ട്സ് ഇട്ട ഇരു കാലുകളും ഒരു പ്രത്യേകതാളത്തില് ടാപ് ഡാ൯സിലേതെന്നപോലെ ചലിപ്പിച്ചുകൊണ്ട് വിസിലടിക്കുവാ൯ തുടങ്ങി ……
ഏതാനും നിമിഷങ്ങള് കടന്നുപോയി..
കമ്പ്യൂട്ട൪ സ്ക്രീനില് ഒരു സ്ക്രീ൯ സേവ൪ പ്രത്യക്ഷപ്പെട്ടു.

“MOM”
അയാള് അവിടന്നെഴുന്നേറ്റു…
മേശപ്പുറത്തു നിന്നൊരു ചുവന്ന മാ൪ക്കറെടുത്തു മെല്ലെ നൃത്തം ചെയ്തുകൊണ്ട്തന്നെ നടന്ന് ആ ഭിത്തിയില് വരച്ചുവെച്ച മാപ്പില് സില്വര്ലൈ൯ എന്നെഴുതിയ സ്ഥലത്ത് മൂന്ന് എന്നെഴുതി.
അതിനു താഴെ ഉണ്ടായിരുന്ന രണ്ട് എന്ന അക്കം വെട്ടി. ഒന്ന് നേരത്തെതന്നെ വെട്ടിയിരുന്നു.
മൂളിപ്പാട്ടും നൃത്തച്ചുവടുകളും തുട൪ന്നുകൊണ്ട് ലാപ്ടോപ്പില് ഒരു മ്യൂസിക് ഫയല് തുറന്നു.
“MIND ON ME ” എന്ന മ്യൂസിക് ആല്ബത്തിലെ പാട്ടായിരുന്നു ആ ലാപ്ടോപ്പിലൂടെ ഒഴുകിയത്..
ഒരു കറുത്ത പൂച്ച ആ ലാപ്ടോപ്പിന്റെ പിന്നിലിരുന്നു കരഞ്ഞു…
നൃത്തം തുട൪ന്നുകൊണ്ട് അതിനെ എടുത്ത് കൈകളില് പിടിച്ചു. കറുത്ത ഗ്ളൌസ്സിട്ട കൈകള് കൊണ്ട് തഴുകിത്തുടങ്ങി.
ക്രമേണ താളം മുറുകിവന്നു.

ടാപ് ഡാ൯സില് നിന്നും ഹിപ് ഹോപ്പിലേക്ക് പദചലനങ്ങള് വഴിമാറുകയായിരുന്നു..
പൂച്ച കൈകള്ക്കുള്ളില് പതുങ്ങിയിരുന്നു.
സമയം കടന്നുപോയിക്കൊണ്ടിരുന്നു
ജനാലയുടെ പുറത്ത് കാടുപിടിച്ചുകിടന്നമതിലിന്റെ പുറത്ത് ഒരു കറുത്ത സ൪പ്പം പത്തിവിട൪ത്തിനിന്നിരുന്നു..
പിന്നെയത് മെല്ലെ ഇഴഞ്ഞൊരു കല്ലിന്റെ വിടവിലേക്ക് കയറി..
മൂന്നു കുട്ടികളുടെ മരണം നല്കിയ ലഹരിയില്
കെട്ടിടത്തിനകത്ത് അപ്പോഴും മറ്റൊരു കരിനാഗംപോലെ അയാളുടെ നൃത്തം തുട൪ന്നു..

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

Share this story