ഗെയിം ഓവർ – ഭാഗം 9

നോവൽ
******
എഴുത്തുകാരൻ: ANURAG GOPINATH
മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു.
അവ൪ ഒരു ട്രാഫിക് സിഗ്നലിലായിരുന്നു.
അക്ബര്‍ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. സൈഡ് ഗ്ലാസ്സിലൂടെ മഴപെയ്തിറങ്ങിക്കൊണ്ടേയിരുന്നു.
പുറത്തെകാഴ്ചകള്‍ അവ്യക്തമായിരുന്നെങ്കിലും പെട്ടന്ന് അക്ബറിന്റെ കണ്ണുകള്‍ എന്തിലോ ഉടക്കി.
ഒരു നേവി ഗ്രീ൯ എ൯ഫീല്‍ഡ് ബൈക്കായിരുന്നു അത്.!!!
അവരുടെ ബൊലേറോയുടെ സമാന്തരമായി നിന്നിരുന്ന ആ ബൈക്കിലിരുന്ന ഹെല്‍മെറ്റ്ധാരി അക്ബറിനെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടേയിരുന്നു!.
അക്ബര്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി ..
ഇനി തന്റെ മനസ്സിന്റെ തോന്നലാണോ അത്?
അയാള്‍ വണ്ടിയുടെ സൈഡ് ഗ്ലാസ്സ് മെല്ലെ താഴ്ത്തി.
“എന്താ സാറെ? എന്തുപറ്റി? തങ്കച്ചന് ചോദിച്ചു.
അക്ബര്‍ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. തങ്കച്ചാ എന്റെ ഇടതുവശത്തേക്കൊന്ന് അറിയാത്തഭാവത്തിലൊന്ന് തിരിഞ്ഞേ.. അവിടെ ഒരു ബൈക്കുണ്ട്..താ൯ കാണുന്നുണ്ടൊ?”
തങ്കച്ചന് മെല്ലെ ഇടത്തേക്ക് കഴുത്തുവെട്ടിച്ചു.
“ഏയ് അവിടെയെങ്ങും ആരുമില്ല സാറെ.”
ഇല്ലെ?…ആ നേവി ഗ്രീ൯ ബൈക്ക്?.. നമ്മള് തേടുന്ന അതേ ബൈക്ക്…??”
അയാളുടെ കണ്ണുകള്‍ അവിടെയെല്ലാം പരതി..
അപ്പോഴേക്കും പച്ചനിറത്തിലുള്ള ട്രാഫിക് ലൈറ്റ് തെളിഞ്ഞു. തങ്കച്ചന് വണ്ടിമുന്നോട്ടെടുത്തു.
അക്ബര്‍ ഗ്ലാസ് പൊക്കിയിട്ട് തല സീറ്റിലേക്ക് ചായ്ച്ച് എന്തോ ആലോചനയിലാണ്ടു.
“സാറിന്റെ തോന്നലാവും.. നമ്മള് കുറച്ചു മണിക്കൂറുകളായി തേടുന്നത് അതേ വണ്ടിയല്ലെ?.അപ്പോള്‍ അത് മനസ്സില്‍ നിന്ന് പോവില്ല. കാണുന്നതൊക്കെ അതാവുംന്ന് തോന്നും.. ഇതതു തന്നെ!
സാറ് ബേജാറാവാണ്ടിരിക്ക് എത്ര വല്യ കില്ലാടിയാണെങ്കിലും നമ്മുടെ കൈയ്യില്‍ വന്ന് ചാടും.. അന്നവനറിയും ഈ തങ്കച്ചനാരാണെന്ന്!”
അയാള്‍ അരിശത്തോടെ വലതു കൈ സ്റ്റിയറിംഗില്‍ നിന്നും ഉയ൪ത്തി ഇടതു കൈത്തണ്ട തലോടിക്കൊണ്ട് പറഞ്ഞു.
അക്ബര്‍ ശബ്ദമില്ലാതെ ഒന്ന് പുഞ്ചിരിച്ചു.
തങ്കച്ചന് തുട൪ന്നു..
“ഞാന്‍ പറഞ്ഞത് സത്യമാണ് സാറെ..
എനിക്കിന്നലെ ആ സ്നേഹയെ കണ്ടപ്പോള്‍ എന്റെ മകളെയാണ് ഓ൪മവന്നത്.അതിപ്പോള്‍ ആരായാലും കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ തൂക്കും.. അവനെയുണ്ടല്ലോ ഞാന്‍ നല്ല ഇഞ്ച ചതക്കുംപോലെ…”
പറഞ്ഞു മുഴുവനാക്കും മു൯പ് മിന്നല്‍ പോലെ ഒരു നേവിഗ്രീ൯ ബൈക്ക് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു!
“സാറെ! ദാ നോക്ക്!.. അവ൯!!!” തങ്കച്ചന് അലറി…
“വിടരുത് ..” അക്ബര്‍ മുന്നോട്ട് ആഞ്ഞിരുന്ന് ചൂണ്ടിക്കൊണ്ടു പറഞ്ഞു. തങ്കച്ചന്റെ കാല് ആക്സിലേറ്ററിലമ൪ന്നു… വണ്ടിയുടെ വിന്റ് ഷീല്‍ഡിലെ മഴത്തുള്ളികള്‍ അതിവേഗത്തില്‍ വശങ്ങളിലേക്ക് ഓടിയൊളിക്കാ൯ തുടങ്ങി ..
ഏതാണ്ട് അടുത്തെത്താറായപ്പോള്‍ ആ ബൈക്ക് യാത്രിക൯ മെല്ലെ തിരിഞ്ഞ് വലതുകൈയിലെ നടുവിരല്‍ മാത്രം ഉയ൪ത്തിക്കാട്ടി… എന്നിട്ട് പെട്ടന്നു പോക്കറ്റില്‍
നിന്ന് എന്തോ ഒന്നെടുത്ത് പെട്ടന്ന് അവരുടെ വണ്ടിയുടെ വി൯ഡ്ഷീല്ഡിനെ ലക്ഷ്യമാക്കി എറിഞ്ഞു.!
അക്ബര്‍ “തങ്കച്ചാ …സൂക്ഷിക്കണേ…” എന്ന് പറഞ്ഞു മുഴുമിപ്പിക്കും മു൯പേ അത് വണ്ടിയുടെ ഗ്ലാസ്സില്‍ പതിച്ചുകഴിഞ്ഞിരുന്നു.!.
വലിയൊരു ശബ്ദത്തോടെ വി൯ഡ്ഷീല്ഡ് തക൪ന്നു ! ചിലന്തി വലനെയ്തതുപോലെ..
അവരുടെ മുന്നിലുള്ള കാഴ്ചമറഞ്ഞു..
എതിരേവന്ന ഒരു ലോറിയില്‍ തട്ടാതെ തങ്കച്ച൯ വെട്ടിച്ചുമാറ്റി..വണ്ടി ഓടിക്കൊണ്ടിരുന്ന ട്രാക്കില്‍ നിന്നും തെന്നിമാറി സൈഡിലേക്ക് ഇരമ്പിക്കയറി റോഡ് ഡിവൈഡറിലിടിച്ചു നിന്നു .
ആളുകള്‍ ഓടിക്കൂടി…
അക്ബറും തങ്കച്ചനും പുറത്തിറങ്ങി. കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല ഇരുവ൪ക്കും. ഗ്ലാസ്സ് പൊട്ടിപ്പോയിരുന്നെങ്കിലും അത് ഫ്രെയിമില്‍ നിന്നും അട൪ന്നു മാറിപ്പോയിരുന്നില്ല. പക്ഷേ അയാള്‍ എറിഞ്ഞ ആ വസ്തു ഗ്ലാസ്സില്‍ ചെറിയ ഒരു വിള്ളലുണ്ടാക്കി അകത്തു പതിച്ചിരുന്നു.
മഴ തിമി൪ത്തുപെയ്തുകൊണ്ടിരുന്നു..
അപ്പോഴേക്കും തങ്കച്ചന് കണ്ട്രോള് റൂമിലേക്ക് വിളിച്ചു വിവരം പറഞ്ഞിരുന്നു. ഓടിക്കൂടിയവ൪
എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.. ഒന്നും സംഭവിച്ചിരിന്നില്ല എങ്കിലും അക്ബറും തങ്കച്ചനും ആ സംഭവം നല്കിയ ഞെട്ടലിലായിരുന്നു.. നേരിയ വ്യത്യാസത്തിലാണ് വലിയ ഒരു അപകടം സംഭവിക്കാതെപോയത്.! തങ്കച്ചന് ഓ൪ത്തു.
അക്ബര്‍ വണ്ടിയുടെ അകത്ത് ഒരു ചെറിയ പരിശോധന നടത്തി.
ഇരുവരുടെയും സീറ്റിന്റെ ഇടയിലായി ഗിയ൪ ഷിഫ്റ്റ് ലിവറിന്റെ തൊട്ടടുത്ത് ഗ്ലാസ് തക൪ത്ത് അകത്ത് വീണ ആ വസ്തു കിടപ്പുണ്ടായിരുന്നു. അക്ബര്‍ ഒരു തൂവാലകൊണ്ട് പൊതിഞ്ഞ് പോക്കറ്റിലേക്ക് വച്ചു. അതൊരു ബൈക്ക് സ്പാ൪ക്ക് പ്ലഗ്ഗ് ആയിരുന്നു!..
അല്പസമയം കഴിഞ്ഞപ്പോളേക്കും മറ്റൊരു പോലീസ് വാഹനമെത്തി. വ൪ക്ക്ഷോപ്പിലേക്ക് വാഹനം മാറ്റുവാ൯ പറഞ്ഞ് താക്കോല്‍ ആ പോലീസുകാരനെയും മെക്കാനിക്കിനെയും ഏല്പിച്ച് അക്ബറും തങ്കച്ചനും യാത്ര തുട൪ന്നു..
“എന്നാലും അതാരായിരിക്കും സാറെ?”
തങ്കച്ചന് ചോദിച്ചു.
“ആരായാലും അവന് പിടിവീഴും തങ്കച്ചാ അവന്റെ ഓവ൪ കോണ്ഫിഡ൯സ് അവന് തന്നെ വാരിക്കുഴിയൊരുക്കും.”
അക്ബര്‍ തൂവാലയിലുണ്ടായിരുന്ന സ്പാ൪ക്ക് പ്ലഗ്ഗ് പുറത്തെടുത്ത് നോക്കികൊണ്ട് പറഞ്ഞു.
“ആഹ്..ഇതെന്താണ് ..സാറെ ഇത് പ്ലഗ്ഗല്ലെ? ബൈക്കിന്റെ?”
തങ്കച്ചന് ചോദിച്ചു.
ഉം.. അതെ തങ്കച്ചാ.. ഇത് സ്പാ൪ക് പ്ലഗ്ഗാണ് റോയല്‍ എ൯ഫീല്‍ഡ് ബൈക്കുകള്ക്കുപയോഗിക്കുന്നത്. .”
“അതെങ്ങനെ?…. “. തങ്കച്ചന് ചോദിച്ചു.
അതോ.. സാധാരണയായി മറ്റു ബൈക്കുകളിലുപയോഗിക്കുന്ന സ്പാ൪ക്ക് പ്ലഗ്ഗുകളെ അപേക്ഷിച്ച് വലിപ്പം അല്പം കൂടുതലാണ് ഈ ബുളളറ്റിന്റെ പ്ലഗ്ഗുകള്‍ക്ക്.”
അക്ബ൪ പറഞ്ഞു.
“ഇതുകൊണ്ട് എങ്ങനെ ഗ്ലാസ്സ് പൊട്ടിക്കും?”
തങ്കച്ചന് അക്ബറിനോട് ചോദിച്ചു.
“പിന്നില്ലാതെ? ഇതിന്റെ പവ൪ അറിയുമൊ തങ്കച്ചന്? ”
അക്ബര്‍ ആ പ്ലഗ്ഗ് എടുത്തുയ൪ത്തിക്കൊണ്ട് ചോദിച്ചു.
“ഒരു ഗ്ലാസ് വിൻഡോയിൽ മിതമായ വേഗതകൊണ്ട് എറിയുമ്പോൾ, സ്പാർക് പ്ലഗ്ഗിൽ ഉപയോഗിക്കുന്ന അസാധാരണ കടുപ്പമുള്ള അലൂമിനിയം ഓക്സൈഡ് സെറാമിക്സ്, പൊട്ടിയിട്ട് ആന്തരിക ഊർജ്ജം പുറത്തുവിടും .. അത് ഗ്ലാസ്സിനെ കീറിമുറിച്ചുകളയും.. അതാണ് അവ൯ നമ്മളോട് ചെയ്ത ടെക്നിക്!”
” അവനാള് പുലിയാണല്ലോ സാറെ?”?
തങ്കച്ചന് അതിശയത്തോടെ അക്ബറിനോട് പറഞ്ഞു.
“ഉം…. അതാണല്ലോ പിള്ളാരെ വശീകരിച്ച് ആത്മഹത്യചെയ്യിപ്പിക്കുന്നത്..”
“ഇതിപ്പോള്‍ നമ്മള് ഫ്ലാറ്റിലേക്ക് പോവുന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയുണ്ടല്ലോ..? അല്ലേ സാറെ??”
“ഉം.. അയാളെല്ലാം അറിയുന്നുണ്ട് തങ്കച്ചാ.. ചിലപ്പോള്‍ നമ്മുടെ ഈ സംസാരം പോലും ..”
പെട്ടന്ന് തങ്കച്ചന് വായ് പൂട്ടി.
അക്ബര്‍ ചിരിച്ചു .. താ൯ വണ്ടിവിട്.
പോക്കററില്‍ നിന്നു ഫോണെടുത്ത് ഒരു നമ്പ൪ ഡയല് ചെയ്തു.
അല്പസമയം റിംഗ് ചെയ്തശേഷം മറുതലയ്ക്കല്‍ നിന്നും “ഹലോ” എന്ന ശബ്ദം കേട്ടു.
അക്ബര്‍ പറഞ്ഞു ..
“ഹലോ ഹബീബ്.. അക്ബറാണ്.. ഒരു സഹായം വേണം..ഞാന്‍ ഇപ്പോള്‍ ഒരു വണ്ടിനമ്പ൪ അയക്കാം.എനിക്കതിന്റെ ഡീറ്റെയില്‍സ് വേണം… ഒകെ.. വാട്ട്സ് ആപ്പ് ചെയ്യാം.. ”
“സാറ് നമ്പ൪ നോട്ട് ചെയ്തു ല്ലെ? ഞാന്‍ നോക്കി വന്നപ്പോളേക്കും പണി കിട്ടി..പിന്നെ എന്റെ കിളിപോയി കുറച്ചു നേരത്തേക്ക്.. ”
തങ്കച്ചന് പറഞ്ഞു.
സില്‍വര്‍ ലൈനിലേക്ക് തങ്കച്ച൯ വണ്ടിയോടിച്ചു കയറ്റി .
“നി൪ത്ത്”
അക്ബര്‍ സെക്യൂരിറ്റിക്യാബിനെ നോക്കി പറഞ്ഞു.
വണ്ടി നിന്നു.
അവ൪ ഉള്ളിലേക്ക് കയറിയപ്പോള്‍ തന്നെ സെക്യൂരിററി പുറത്തേക്കിറങ്ങിയിരുന്നു.
“എടോ …ഇവിടെ വാ”
അക്ബര്‍ അയാളെ വിളിച്ചു.
മടിച്ചു മടിച്ച് അയാള്‍ അക്ബറിന്റെ അടുത്തെത്തി .
“സുഖമാണോ രമേശാ ..?”
“എന്ത് സുഖം സാറെ കണ്ടില്ലേ ഇവിടത്തെ അവസ്ഥ?
ഓരോ ദിവസം ഓരോ കുട്ടികള്‍ … ”
അയാളൊന്ന് നെടുവീര്‍പ്പിട്ടു.
“തന്റെ ജെറിസാറ് ഏതു ഫ്ലാറ്റിലാണ്…ആ മറ്റെ മ്യൂസിക് ടീച്ച൪..?”
“അത് പതിനാലാമത്തെ നിലയിലാണ് സ൪. വാതില്ക്കല് തന്നെ പേരുവച്ച ബോ൪ഡുകാണും..”
“ആളുണ്ടാവുമൊ? ഇപ്പോള്‍? ”
രമേശ൯ വാച്ച് നോക്കി.
കാണും കാണും മൂന്നുമണികഴിഞ്ഞേ ഇനി പുറത്തുപോകു.. മോളെ നഴ്സറിയില്‍ നിന്നു വിളിക്കാനായി.”
“ഒകെ..അപ്പോള്‍ ..”
അക്ബര്‍ അയാളോട് പറഞ്ഞിട്ട് തങ്കച്ചനെ നോക്കി പോകാം എന്ന് ആംഗ്യം കാണിച്ചു.
പതിന്നാലാം നിലയില്‍ ലിഫ്റ്റില്‍ നിന്നിറങ്ങി അക്ബറും തങ്കച്ചനും നടന്നു..
ആദ്യം കണ്ട ഫ്ലാറ്റിനുമുന്നിലായി ഒരു ഗോള്ഡ൯ ബോ൪ഡ്.
“ഡോ.ജെറി ഐസക് ..”
അക്ബര്‍ ആ പേര് വായിച്ചു.
അകത്ത് പിയാനോവിന്റെ സ്വരം ഉയരുന്നുണ്ടായിരുന്നു
അക്ബ൪ കോളിംഗ് ബെല്‍ അമ൪ത്തി.
അകത്തുനിന്നും കേട്ട പിയാനൊസ്വരം നിലച്ചു.
വാതിലിന്റെ കൊളുത്ത് നിരങ്ങി നീങ്ങുന്ന ശബ്ദം.
ആ ഫ്ലാറ്റ് തുറക്കപ്പെട്ടു.
സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കുള്ള ഏകദേശം മുപ്പത്തിയഞ്ച് കഴിഞ്ഞെന്നു തോന്നിക്കുന്ന ഒരാള്‍ . ക്ലീ൯ ഷേവ് ചെയ്ത മുഖം.. കറുത്ത ഫ്രെയിമുള്ള കണ്ണട.. അലസമായി മുഖത്തേക്ക് വീണുകിടക്കുന്ന നീണ്ട മുടിയിഴകള്‍.
“യസ്…” അയാള്‍ അക്ബറിന്റെ മുഖത്തേക്കു നോക്കി.
അക്ബ൪ ചിരിച്ചു.
“ഞാ൯ അക്ബ൪. സി.ഐ ആണ്. ഫ്രം ദ സ്പെഷ്യല്‍ ഇ൯വസ്റ്റിഗേഷ൯ ടീം.. ഇവിടെ നടന്ന …”
“വരൂ.. “അയാള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.
അക്ബര്‍ ഷൂസ് അഴിച്ചുവച്ച് അകത്തേക്ക് പ്രവേശിച്ചു. കൂടെ തങ്കച്ചനും.
സ്വീകരണമുറിയുടെ ഭിത്തികളില്‍ മുഴുവന്‍ അയാളുടെ മകളുടെ ചിത്രങ്ങളായിരുന്നു.
“ക്യൂട്ട് ഗേള്‍ ” അക്ബ൪ മന്ത്രിച്ചു.
“മിസ്ററര് ജറി…. എന്താണ് മകളുടെ പെര്?”
“അവന്തിക” അയാള്‍ മറുപടി പറഞ്ഞു.
“അവന്തിക” അക്ബ൪ ആ പേര് ആവ൪ത്തിച്ചു പറഞ്ഞിട്ട് ആ ചിത്രങ്ങള്‍ ഒന്നുകൂടി നോക്കി.
“സ൪ ഇരിക്കൂ.. എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്.. ”
പെട്ടന്ന് അയാള്‍ വിഷയം മാറ്റാനെന്നപോലെ അക്ബറിനോട് ചോദിച്ചു.
“ഞങ്ങള്‍ വെറുതെ.. ആ പിള്ളേരുടെ പേരന്റ്സിനെ ഒന്നുകാണാ൯ വന്നതാണ്. കൂട്ടത്തില്‍ ഒരു സംശയം .. അതൊന്നു ക്ലിയറാക്കാമെന്നുവച്ചു.”
“എന്താണ് സ൪?”?
അതോ.. പറയാം. ജെറിയുടെ ഭാര്യ എവിടെയാണ്?
“ഞാനൊരു ഡിവോഴ്സീ ആണ് സ൪.”
അയാള്‍ മറുപടി പറഞ്ഞു.
“ഒകെ… ഒകെ… താങ്കളെവിടെയാണ് പഠിച്ചതൊക്കെ?”
അക്ബര്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അത് ചോദിച്ചത്.
“University of Mumbai “ജെറി പറഞ്ഞു.
ഈ ആത്മഹത്യ ചെയ്ത മൂന്നുപേരുമായി
നിങ്ങള്‍ എങ്ങനെയായിരുന്നു?”
അക്ബര്‍ ചോദിച്ചു.
എന്നു ചോദിച്ചാല്‍ .. അങ്ങനെ പ്രത്യേകിച്ച് സംസാരമൊന്നും ഉണ്ടായിട്ടില്ല. ആ പിന്നെ രണ്ടാഴ്ച മു൯പ് ആ വിവേകും ഏബലും എന്നോട് ഒരു മ്യൂസിക് നോട്ടിന്റെ കാര്യം ചോദിച്ചു..
“ഏതാണത്? ”
ഇരുന്നിടത്തുനിന്നും അല്പം മുന്നിലേക്ക് ആഞ്ഞുകൊണ്ട് അക്ബര്‍ ചോദിച്ചു.
അതൊരു മ്യൂസിക് ആല്‍ബത്തിലെ പാട്ടാണ്.
ടു ടോണിന്റെ MIND ON ME എന്ന ആല്‍ബത്തിലെ പാട്ടായിരുന്നു. ഒരു ലാറ്റി൯ പാട്ട് വാ൪ണ൪ ചാപ്പലിന്റെ ഗാനം.
എന്നോട് അതിന്റെ നോട്ടുമായി വന്ന് അതിനെപ്പറ്റി ചോദിച്ചു അത്രമാത്രം.
അതത്ര പോപ്പുലറായതൊന്നുമല്ല.”
ജെറി പറഞ്ഞു.
“അവ൪ക്ക് അത് എവിടന്നുകിട്ടി എന്ന് ചോദിച്ചോ താങ്കള്‍? ”
അക്ബ൪ ചോദിച്ചു.
ഇല്ല. അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല.
“നോക്കൂ സ൪ ഞാന്‍ ഇവിടെ എന്റെ മകളുമായി വളരെ ഒതുങ്ങി ജീവിക്കുന്ന ഒരാളാണ്.
ആവശ്യത്തിലധികം പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട് ജീവിതത്തില്‍. ഇനിയെങ്കിലും ഒന്ന് സമാധാനമായി ജീവിക്കുവാനാണ് ഇവിടെ വന്നത്. ഇതിപ്പോള്‍ …..”
അയാള്ആസ്വസ്ഥനാകുന്നതുപോലെ അക്ബറിന് തോന്നി.
“ഇതൊരു സാധാരണ കേസല്ലല്ലോ മിസ്റ്റ൪ ജെറി. അതുകൊണ്ടാണ്..സഹകരിക്കണം.. ”
അക്ബ൪ സൌമ്യനായി പറഞ്ഞു.
“സഹകരിച്ചേ പറ്റൂ..”
രണ്ടാമത് ഒന്നു കൂടി സ്വരം കടുപ്പിച്ചാണ് അക്ബര്‍ അതുപറഞ്ഞത്.
ജെറി അക്ബറിന്റെ കണ്ണുകളിലേക്ക് നോക്കി.
മേധാശക്തിയുള്ള ആ നോട്ടത്തിന് മു൯പില് ജെറി തന്റെ കണ്ണുകള്‍ തിരികെവിളിച്ചു .
“അപ്പോള്‍ ശരി. ഞങ്ങള്‍ ഇറങ്ങുകയാണ്.”
അക്ബര്‍ എണീററു.
“തങ്കച്ചാ വാ പോകാം. ..”
തങ്കച്ച൯ കയ്യില്‍ ഉണ്ടായിരുന്ന താക്കോല്‍ തന്റെ ചൂണ്ടുവിരലിലിട്ട് കറക്കിക്കൊണ്ട് അക്ബറിന്റെ പിന്നാലെ നടന്നു.
അയാള്‍ ജെറിയെ നോക്കുന്നുണ്ടായിരുന്നു.
ജെറി ഒരു ചിരി മുഖത്തുവരുത്തിക്കൊണ്ട് അവരുടെ പിന്നാലെ ചെന്ന് വാതില്‍ അടച്ചു.
അക്ബര്‍ പുറത്ത് നിന്ന് കുനിഞ്ഞ് ഷൂസിട്ടുകൊണ്ട് തങ്കച്ചനെ പാളി നോക്കി ഒരു കണ്ണിറുക്കി കാണിച്ചു.
തങ്കച്ചന് രണ്ടുവട്ടം മൂളി..
“ഒരു വരവൂടെ…അല്ലേ?” എന്ന് ചോദിച്ചു.
അക്ബര്‍ അതെ എന്ന് കണ്ണടച്ചു.
അക്ബറിന്റെ ഫോണില്‍ ബെല്ലടിച്ചുകൊണ്ടേയിരുന്നു. അയാള്‍ ഫോണെടുത്തു.
ലിഫ്റ്റിലായിരുന്നതിനാലാവണം ആ കോള്‍ വ്യക്തമായും കേള്ക്കാ൯ സാധിക്കാതെപോയി.
താഴെ ഇറങ്ങി വണ്ടിയില്‍ കയറിയ അക്ബര്‍ ഡോ൪ അടച്ച് അകത്തിരുന്നുകൊണ്ട് ആ കോള്‍ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചു.
“ഹബീബ് … എന്തായി? ആഹാ കിട്ടിയൊ?”
ആ അഡ്രസ് ഒന്ന് വാട്ട്സ് ആപ്പ് ചെയ്തേക്കൂ.. കേട്ടൊ? ഒകെ താങ്ക് യു ഹബീബ്.”
അക്ബര്‍ ഫോണ്‍ കട്ട് ചെയ്തു.
“തങ്കച്ചാ വണ്ടി മട്ടാഞ്ചേരിക്ക് വിട് .. അവിടെ നമ്മള്ക്കൊരാളിനെ കാണണം.. ”
തങ്കച്ചനോടത് പറഞ്ഞ് അക്ബ൪ ആ വലിയ കെട്ടിടത്തിന്റെ പതിനാലാം നിലയിലേക്കൊന്നു കണ്ണു പായിച്ചു.
” പ്രതീക്ഷിച്ചതുപോലെ തന്നെ!”
ജെറി അവിടെ അവരെ വീക്ഷിച്ചുകൊണ്ട് നില്പുണ്ടായിരുന്നു..
വണ്ടി നീങ്ങി തുടങ്ങി.
അക്ബര്‍ റിയ൪ വ്യൂ മിറ൪ ഒന്ന് അഡ്ജസ്റ്റ് ചെയ്തു..
അയാളവിടെ തന്നെ ഉണ്ടായിരുന്നു.
അവ൪ മട്ടാഞ്ചേരിക്ക് തിരിച്ചു.
“മട്ടാഞ്ചേരിയിലാരെ കാണാനാണ്..”
തങ്കച്ചന് ചോദിച്ചു.
“ഒരു എബ്രഹാം ഡേവിഡിനെ ..”
അക്ബര്‍ മീശ തടവിക്കൊണ്ട് പറഞ്ഞു.
“ജൂതന്മാരുടെ സെമിത്തേരിക്കടുത്താണ് വീട്..”
…തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…