💙ഗൗരിപാർവതി 💙: ഭാഗം 51

gauriparvathi

രചന: അപ്പു അച്ചു

 ദേവിക്ക് ദേഹം തളരുന്നപോലെ തോന്നി .അത് കേട്ട് വസുവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി .അവൻ പരമാവധി ദേഷ്യം പിടിച്ചു വെച്ചു . ദിവസങ്ങൾ പിന്നെയും കടന്നുപോയി ......കൂടെ തുലാവർഷം പെയ്യാനും .പൊഴിയുന്ന ഓരോ മഴത്തുള്ളിയിലും ദേവിയുടെ കണ്ണുനീരിന്റെ എണ്ണമുണ്ടായിരുന്നു . ഇന്ദ്രന് എന്ത് ചെയ്യണമെന്ന് അറിയാത്ത ഭാവമായിരുന്നു .അവന്റെ അച്ഛനെയും കൃഷ്ണയും ഓർത്ത് അവന് സമാധാനം കിട്ടിയില്ല . അവൻ നല്ല ഇരമ്പലോടെ പെയ്യുന്ന മഴയിലേക്ക് നോക്കി ഉമ്മറത്ത് ഇരുന്നു . " ഏട്ടാ " കൃഷ്ണ അവന്റെ തോള്ളിൽ തൊട്ടു . "ഹേ " അവൻ പെട്ടന്ന് ഞെട്ടി അവളെ നോക്കി . അവൾ അരത്തിണ്ണയിൽ ഇരുന്നു . "എനിക്ക് അറിയാം ന്താ ഈ മനസ്സിൽ കിടന്ന് പുകയുന്നതെന്ന് " അവൾ ചെറു ചിരിയോടെ ആംഗ്യഭാഷയിൽ പറഞ്ഞു . "ന്താ മോളേ "അവൻ സംശയത്തോടെ അവളെ നോക്കി . "ഏട്ടൻ പൊയ്ക്കോളൂ .....എനിക്ക് സമ്മതമാണ് അച്ഛൻ അറിയണ്ടാ സഹിക്കില്ല ....

എവിടെയെങ്കിലും പോയി നല്ലപോലെ നിങ്ങൾ ജീവിച്ചാൽ മതി എ...നിക്ക് " അവനോട് പുഞ്ചിരിയോടെ കൈകൊണ്ട് പറയുമ്പോഴും അവളുടെ വാക്കുകൾ ഇടറിയിരുന്നു .കണ്ണുകൾ ചെറുതായി നനഞ്ഞു . അവൻ അത്ഭുതത്തോടെ അവളെ നോക്കി . തന്റെ മനസ്സ് അറിഞ്ഞു പറഞ്ഞ തന്റെ അനിയത്തി അവള് കൂടെ ഇല്ലാതെ താൻ എങ്ങനെ മനസമാധാനത്തോടെ കഴിയും . " മോളേ "അവന്റെ കണ്ണുകൾ നിറഞ്ഞു .അവളെ മാറോട് ചേർത്ത് അവളുടെ കുഞ്ഞ് നെറ്റിയിൽ മുത്തമിട്ടു .അവന്റെ വാത്സല്യം മുഴുവൻ ആ ചുംബനത്തിൽ കലർന്നിരുന്നു . അവരുടെ കണ്ണുകൾ പെയ്തു തോർന്നപ്പോൾ തുലാവർഷവും ഒരുമാതിരി തോർന്നിരുന്നു .ചെറുതായി ചിണുങ്ങി ചിണുങ്ങി പെയ്യാൻ തുടങ്ങി അവൾ . ഇന്ദ്രന്റെ വസ്ത്രങ്ങൾ എല്ലാം കൃഷണ മടക്കി ബാഗിൽ വെച്ചു .ഇടക്ക് കണ്ണുകൾ തുടക്കുന്നുമുണ്ട് . അവൻ വിഷമത്തോടെ അത് നോക്കി കണ്ടു . _____________

ഇന്ന് അമാവാസിയാണ് ......സൂര്യഗ്രഹണം സമയവും . " മോളേ പേടിക്കണ്ട .....ഏട്ടനെക്കൊണ്ട് വേറെ വഴിയില്ല പതിയെ പതിയെ എല്ലാം കലങ്ങി തെളിയും "വസു ദേവിക്ക് ധൈര്യം നൽകി . അവൾ അവന്റെ നെഞ്ചിൽ കിടന്ന് മൂളി . വസു ആരും കാണാതെ ചെമ്പകമരത്തിന്റെ താഴെ ദേവിയുടെയും ഇന്ദ്രന്റെയും ബാഗ് വെച്ചു . വൈശാഖൻ എല്ലാം പൊരുത്തപ്പെട്ടിരിന്നു . സൂര്യൻ കിഴക്കേ .ചക്രവാളവും കടന്നു പടിഞ്ഞാറേക്ക് യാത്ര തിരിച്ചു .കൂടെ ഇലകളെ തഴുകുന്ന ഇളം മന്ദമാരുതനും കൂട്ട് കൂടി . സന്ധ്യ സമയം ആയിട്ടുകൂടി നേരം നേരത്തെ ഇരുട്ടി. ഇന്ന് ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജയാണ് . ഇന്ദ്രൻ നടയിൽ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു .അതിൽ കൂടുത്താലും നിറഞ്ഞു നിന്നത് തന്റെ അനിയത്തിയുടെ ഭാവിയായിരുന്നു . ശ്രീകോവിലിൽ പൂജ ചെയ്യുന്ന അവന്റെ അച്ഛനെ അവൻ കണ്ണുനിറച്ചു കണ്ടു . ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ ......!അച്ഛന്റെ നല്ല പ്രായത്തിൽ മരിച്ചതാണ് അമ്മ എന്നിട്ടും വേറെ വേളി ചെയ്യാതെ അമ്പലത്തിൽ പൂജ ചെയ്ത് ഞങ്ങളെ വളർത്തി . എന്നിട്ടും അച്ഛനോട് ചെയ്യുന്നത് ചതിയാണ് .അവൻ മനസ്സിൽ ചിന്തിച്ചു കൂട്ടി .

അവൻ മനസ്സ് കൊണ്ട് അച്ഛനോട് മാപ്പ് പറഞ്ഞു .അവന്റെ കണ്ണുകൾ നിറഞ്ഞു .അച്ഛൻ എന്നാൽ അവന് ജീവനായിരുന്നു . പക്ഷെ ദേവിയുടെ മുഖം ഓർക്കേ അവൻ ധർമ്മ സങ്കടത്തിൽ ആയി . അച്ഛനേയും ദേവിയെയും താരതമ്യം ചെയ്താൽ രണ്ടും രണ്ട് സ്നേഹമാണ് .ഏതാണ് വലുത് എന്ന് പറയാൻ കഴിയില്ല . അവന്റെ ഉള്ളിൽ എന്തോ അസ്വസ്ഥത അനുഭവപെട്ടു . അവൻ കണ്ണുകൾ തുടച്ചു തിരികെ ഇല്ലത്തേക്ക് നടന്നു . ഇല്ലത്ത് കൃഷ്ണവേണി പൊട്ടികരയുക ആയിരുന്നു .അവൻ അവൾക്ക് വെറും ഏട്ടൻ മാത്രമല്ല അച്ഛനാണ് .അവന്റെ കൈയിൽ തൂങ്ങി കണ്ടകാഴ്ചകൾ ആയിരുന്നു തനിക്ക് മനോഹരമായി മാറിയിട്ടുള്ളത് .അവനാണ് അവളുടെ ശബ്‌ദം . അവൻ വരുന്നത് കണ്ട് അവൾ കണ്ണുകൾ അമർത്തി തുടച്ചു മുഖത്തു പുഞ്ചിരിയുടെ മുഖമൂടി അണിഞ്ഞു . അവനും അവളെ നോക്കി പുഞ്ചിരിച്ചു . പടിയിൽ ഇരുന്ന കിണ്ടിയിൽ നിന്ന് വെള്ളമെടുത്തു കാലുകഴുകി അവൻ അകത്തേക്ക് കേറി . അവളുടെ തലയിൽ അവൻ തഴുകി . അവൻ തിണ്ണയിൽ ഇരുന്ന് കൈവിരിയിച്ച് അവളെ വിളിച്ചു .അവൾ ഓടി അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു പൊട്ടിക്കരഞ്ഞു . അവനും കൂടെ കരഞ്ഞു . "

മോളേ മതിയടി കരഞ്ഞത് .നിന്റെ കണ്ണീര് കണ്ടാൽ ഏട്ടന് പോകാൻ കഴിയുവോ ......മതി വേണി കരഞ്ഞത് ." അവൻ അവളുടെ തലയിൽ തഴുകികൊണ്ടിരുന്നു . അവളുടെ കരച്ചിൽ കുറഞ്ഞു വന്നു .അവൾ അമർത്തികണ്ണുകൾ തുടച്ചു . ദൂരെന്ന് വരുന്ന വാസുദേവൻ കണ്ടത് ഇന്ദ്രനെ ചുറ്റിപിടിച്ചു ഇരിക്കുന്ന കൃഷ്ണയെ ആണ് .അവന് ഒരേസമയം സന്തോഷവും സങ്കടവും തോന്നി .ഒരു അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം അവൻ മനസ്സിലാക്കുകയായിരുന്നു .ദേവിയുമായി തനിക്ക് ഇത്രയും അടുപ്പമില്ലെന്ന് വരെ അവന് തോന്നി . "ഇന്ദ്രാ ".വസു ഇന്ദ്രന്റെ തോളിൽ പിടിച്ചു . "ഹാ " അവൻ കണ്ണുകൾ തുറന്നു . വസുവിനെ കണ്ട് അവൾ മിഴികൾ ഉയർത്തി ഒന്ന് നോക്കി . അവൻ പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു സമാധാനിപ്പിച്ചു . ഒരു നോട്ടത്തിലോ പുഞ്ചിരിയിലോ നമ്മുടെ പ്രിയപ്പെട്ടവർ നമ്മുക്ക് നൽകുന്ന ഓരോ സാന്ത്വനവും വളരെ വലുതാണ് . അവൾ അവനു തിരികെ പുഞ്ചിരി സമ്മാനിച്ചു . അവൾ അടുക്കളയിലേക്ക് പോയി . അവൾ ഇന്ദ്രന് വേണ്ടി ഉണ്ടാക്കിയ അവന്റെ ഇഷ്ട്ടപെട്ട കുമ്പിളടയും കട്ടൻകാപ്പിയും ഇരുവർക്കും നൽകി . രണ്ടുപേരും അസ്വദിച്ചു കഴിക്കുന്നത് കണ്ട് അവളുടെ മനസ്സ് നിറഞ്ഞു .

"ഇന്ദ്രാ പോകാം " വസു എഴുനേറ്റു കൂടെ ഇന്ദ്രനും കൃഷ്ണയും . അവൾ ഇന്ദ്രനെ നോക്കി പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മിച്ചു . അത് മതിയായിരുന്നു ഇന്ദ്രന്റെ മനസിലെ തീ അണയാൻ . " അല്ല വസു വൈശാഖൻ എവിടെ " ഇന്ദ്രൻ സംശയത്തോടെ പിരികം ചുളിച്ചു . " അവനെ അച്ഛൻ എന്തോ ഏൽപ്പിച്ചു അതിന് പോയിരിക്കുവാണ് ..വരുവായിരിക്കും " വസു മുടി കൈകൊണ്ട് ഒതുക്കി പറഞ്ഞു . "പോട്ടെ മോളേ " അവൻ അവളുടെ കവിളിൽ തഴുകി . " പോയിട്ട് വരാമെന്ന് പറ ഏട്ടാ " അവൾ കപട ദേഷ്യത്തിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു . " പോയിട്ടു വരാവേ എന്റെ വേണി കുട്ടി " അവൻ അവളുടെ കവിളിൽ ചെറുതായി പിച്ചി . " നോക്കണേടാ എന്റെ മോളേ " വസുവിന്റെ കൈയിൽ പിടിച്ച് ഇന്ദ്രൻ പറഞ്ഞു .ഇതിനോടകം വസു കൃഷ്ണയോടുള്ള ഇഷ്ടത്തെ കുറിച്ച് ഇന്ദ്രനെ അറിയിച്ചിരുന്നു .അവന് പൂർണ്ണ സമ്മതമാണ് .തന്റെ അനിയത്തി സുരക്ഷിതമായ കൈലാണ് എന്ന് അവന് ഉറപ്പായിരുന്നു .

വസു അതിന് പുഞ്ചിരിച്ചു . ഇന്ദ്രൻ തുളസി തറയിൽ തൊട്ട് തൊഴുതു .മുറ്റത്തെ തുളസി ചെടികളുടെ വാസന അവന് ഉണർവ് നൽകി . ഇന്ദ്രൻ മുമ്പേ നടന്നു .വസു കൃഷ്ണയെ നോക്കി യാത്ര പറഞ്ഞു . കൃഷ്ണതുളസിയുടെ സുഗന്ധമാണ് അവൾക്ക് .തുളസി കതിരിന്റെ നൈർമല്യമുള്ളവൾ കൃഷ്ണവേണിക്ക് .വസു പുഞ്ചിരിയോടെ ഓർത്തു . _____________ നേരം ആറര ആയിട്ടേ ഉള്ളെങ്കിലും ഇരുട്ട് നേരത്തെ വീണു .കാവിൽ അനർത്ഥം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായി വവ്വാലുകൾ നാലുപാടും ബഹളമുണ്ടാക്കി ചിതറി പറന്നു .മൂങ്ങകളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു .പക്ഷികൾ നാലുപാടും മുറവിളി കൂട്ടി . മാനം കറുത്ത് കരിവണ്ടിനെ പോലെ മഴയുടെ സൂചനയായി മൂളി കൊണ്ടിരുന്നു .ഇടിക്ക് മുന്നേ മിന്നലുകൾ ഭൂമിയിൽ പതിഞ്ഞു . ദേവി കാവിലേക്ക് നോക്കി മൗനമായി തേങ്ങി .അവളുടെ ഏട്ടന്മാരോട് അവൾ പോകുന്നതിന് മുമ്പേ പറഞ്ഞു . അവർ പൂർണസമ്മതം മൂളി .കാരണം സദുവുമായി വിവാഹം നടന്നാൽ തങ്ങളുടെ കുഞ്ഞിപ്പെങ്ങളിന്റെ മുഖത്തെ പുഞ്ചിരി മായുമെന്ന് അവർക്കറിയാമായിരുന്നു . വഴിയിൽ വെച്ച് വൈശാഖൻ വന്നു ഇന്ദ്രനെ കെട്ടിപിടിച്ചു പുറത്ത് തട്ടി .

വൈശാഖന്റെ കൈ ഇന്ദ്രന്റെ തോളിൽ കൂടി നൂർന്ന് കൈയിൽ പിടിച്ചു . "പോയിട്ട് വാ ഇന്ദ്രാ ".അവൻ പുഞ്ചിരിയോടെ പറഞ്ഞു ഇടക്ക് അവന്റെ കണ്ണുകൾ നനഞ്ഞു . ഇന്ദ്രൻ പുഞ്ചിരിച്ചു .ദൂരെന്ന് നടന്നു വരുന്ന സദുവിനെ കണ്ട് വൈശാഖനും വസുവും യാത്രപറഞ്ഞു കോവിലകത്തേക്ക് പോയി . അവസരം നോക്കി ദേവിയെ പറഞ്ഞു വിടാമെന്ന് പറഞ്ഞു . ഇന്ദ്രൻ കാവിലേക്ക് നടന്നു . ദേവി എല്ലാരേയും കെട്ടിപിടിച്ചു കരഞ്ഞു .ഒരുവിധം അവർ അവളെ സമാധാനിപ്പിച്ചു . ദേവിയെ ആരും കാണാതെ വസുവും ഏട്ടന്മാരും കാവിലേക്ക് അവളെ പറഞ്ഞു വിട്ടു . രാത്രിയിൽ വാസുവിന് ഉറക്കം വന്നില്ല .കൂടുതൽ തന്റെ ദേവിയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു ..ജനിച്ചു വീണപ്പോ മുതൽ ഇന്ന് രാത്രി വരെ തന്റെ കൂടെ ഉണ്ടായിരുന്നവൾ ഇനി എന്ന് കാണും എന്ന് പോലും ഉറപ്പില്ല . പതിയെ അവനെ നിദ്രാദേവി കടാക്ഷിച്ചു . കൂടെ ഭൂമിയിൽ മേഘത്തുള്ളികൾ ഓരോന്നായി പൊഴിഞ്ഞു അതും ശക്തമായി ..........

മിന്നൽ പിളർപ്പുകൾ ജനൽ പാളിക്കിടയിലൂടെ മുറികളിലേക്ക് കടന്നു .ആരേയും ഭയപ്പെടുത്തുന്ന മേഘങ്ങളുടെ കൂട്ടിയിടി ശബ്ദം ഭൂമി മുഴുവൻ വ്യാപിച്ചു . പ്രകൃതി മുഴുവൻ ബഹളം . തുലാവർഷം ആഞ്ഞു പെയ്തു . _ _ ___________ " തമ്പുരാനെ ......തമ്പുരാനെ ....." വൈശാഖന്റെ അച്ഛൻ ഓടിപിടഞ്ഞു വന്നു ഉറക്കെ വിളിച്ചു .അയാളുടെ മുഖത്തു ഞെട്ടൽ വ്യക്തമായിരുന്നു .. "എന്താ ....രാമ " ദേവസേനൻ സംശയത്തോടെ പിരികം ചുളിച്ചു . " ദേ.....വി കുഞ്ഞ് ......" അയാൾ കാവിലേക്ക് വിരൽ ചൂണ്ടി . എഴുനേറ്റ് വന്ന വസു ഇത് കേട്ട് കാവിലേക്ക് ഓടി .ഓടുന്നതിന്റെ ഇടയിൽ പുൽത്തകിടിൽ വെച്ച് അവന്റെ കാലിൽ എന്തോ കൊണ്ടു . " മോതിരം ....ഇന്ദ്രനീലക്കൽ മോതിരം ....ഇന്ദ്രന്റെ മോതിരം " അവന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു .കണ്ണുകൾ നിറഞ്ഞു . ഈ മോതിരത്തിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു .ആപത്ത് വന്നാൽ അവനെ രക്ഷിക്കാൻ നാഗദൈവങ്ങൾക്ക് വരാൻ കഴിയില്ല .വരണമെങ്കിൽ ഇത് അവന്റെ കൈയിൽ വേണം കൂടെ നാഗമന്ത്രം ചൊല്ലണം . അവൻ അത് പോക്കറ്റിൽ ഇട്ട് കാവിലേക്ക് ഓടി . അവിടെ കണ്ട കാഴ്ച അവനെ പിടിച്ചു കെട്ടിയപോലെ നിർത്തി .

ദേഹം തളരുന്നപോലെ തോന്നി അവന് . അവന്റെ തല മരക്കുന്നപോലെ തോന്നി .രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇന്ദ്രനും ദേവിയും . മഴ ആയതിനാൽ അവരുടെ രക്തം അവിടെ പരന്നിരുന്നു . "മോളേ ...... ഇന്ദ്രാ" വസു അലറി വിളിച്ചകൊണ്ട് അവരുടെ അടുക്കലേക്ക് ഓടി . സംഭവം അറിഞ്ഞു നാട്ടുകാർ വട്ടം കൂടി .കോവിലകത്തെ കൊച്ചുതമ്പുരാട്ടിയുടെ മരണം എല്ലാരേയും പിടിച്ച് ഉലച്ചു കൂടെ എല്ലാരുടെയും പ്രിയപ്പെട്ട ഇന്ദ്രന്റെ മരണവും . വൈശാഖൻ ഓടി പിടിച്ചു വന്നു .അവനും പൊട്ടി കരഞ്ഞു . "അയ്യോ .......എന്റെ മോളേ "ദേവിയുടെ മുഖം മടിയിൽ വെച്ച് വസു അലറി വിളിച്ചു കരഞ്ഞു . കാര്യം അറിഞ്ഞ് ഇന്ദ്രന്റെ അച്ഛൻ നാരായണൻ അവിടെ വന്നു .അയാൾ വിറയലോടെ അവന്റെ അടുത്ത് ഇരുന്ന് . അയാൾ തകർന്നു പോയി .....കൂടെ രാവിലെ തൊട്ട് കൃഷ്ണയെ കാണുന്നില്ല എന്ന വാർത്തയും .അയാൾക്ക് വട്ട് പിടിക്കുന്നപോലെ തോന്നി . ഒരിടത്ത് തന്റെ മകൻ മരിച്ചു കിടക്കുന്നു .മറ്റൊരിടത്ത് മകളെ കാണുന്നില്ല

. ഈശ്വരപുരം മുഴുവൻ തമ്പുരാട്ടിയുടെയും നമ്പൂതിരി ചെക്കന്റേയും ദുർമരണം പടർന്നു പന്തലിച്ചു . ദേവകിയും പത്മിനിയും പൊട്ടി കരഞ്ഞു ...ദിവസങ്ങളുടെ വത്യാസത്തിൽ രണ്ട് ഉറ്റതോഴികളെയാണ് അവർക്ക് നഷ്ടമായത് . ഇന്ദ്രനും ദേവിയെയും ഒരുമിച്ച് അവരുടെ പ്രിയപ്പെട്ട ചെമ്പകചോട്ടിൽ യാത്രയായി .സ്വർണ്ണപൂക്കൾ വിരിയിക്കുന്ന ആ വൃക്ഷത്തിന്റെ അടിത്തട്ടിലേക്ക് എന്നേക്കുമായി യാത്രയായി .....ഇനി പൂക്കുന്ന ഓരോ പൂവിനും അവരുടെ പ്രണയത്തിന്റെ അവശേപ്പിപ്പ് കാണും ..... അവരുടെ പ്രണയത്തിന്റെ തീവ്രത കാണും ....അത്രയും മനോഹരമായിരിക്കും ഓരോ സ്വർണ്ണപുഷ്പ്പവും .ഓരോ ഇതളിനും അവരുടെ പ്രണയത്തിന്റെ മാസ്മരിക സുഗന്ധം കാണും . മരണത്തിലും അവർ ഒന്നിച്ചു . ഒരുമിച്ച് ജീവിക്കാൻ കിട്ടാതെ പോയ ഭാഗ്യം അവർ മരണത്തിലൂടെ നേടിയെടുത്തു .💔 ചെമ്പകച്ചോട്ടിൽ അടക്കുന്നതിന് എതിര് നിന്ന ദേവാസനനെ വസു തീക്ഷ്ണമായ നോട്ടത്തിലൂടെ നേരിട്ടു . "

ഒരുമിച്ച് ജീവിക്കാനും സമ്മതിച്ചില്ല .......മരണത്തിൽ എങ്കിലും അവർ ഒന്നിച്ചോട്ടെ " വസു ദേവസേനന്ന് എതിരെ പൊട്ടി തെറിച്ചു . ദേവിയുടെ ഏട്ടന്മാരും പൊട്ടി കരഞ്ഞു . ദേവസേനൻ ഒന്നും പിന്നെ മിണ്ടാൻ പോയില്ല ആയാലും തകർന്നു പോയി . പൊന്നുപോലെ നോക്കിയ മകൾ കത്തികൊണ്ട് കുത്തി കിടക്കുന്നത് കണ്ടാൽ ഏത് അച്ഛനാണ് സഹിക്കുക . നാരായണൻ കുഴഞ്ഞു വീണു .അയാളെ എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി . ദേവേന്ദ്രനും ദേവയാനിയും മണ്ണോടലിഞ്ഞു ചേർന്നു .....അവരുടെ ശരീരങ്ങൾ ഒരുമിച്ച് ഒരു ശരീരമായി മണ്ണിനോട് അഴുകി ചേർന്നു . വൈശാഖൻ ഒന്നുകൂടി തളർന്നു പോയി .വൈശാലിയുടെ മരണം കൂടെ ദേവി .എല്ലാം കൊണ്ടും അവൻ ഒറ്റപെട്ടു . എല്ലാം കെട്ടടി .......അപ്പോഴും അവർ ഒരാളെ അവഗണിച്ചു .എല്ലായിടത്തും അവഗണിക്കപെടുന്നവളെ ....തുളസി കതിരിന്റെ നൈർമല്യം ഉള്ളവളെ ..... വസു അവന്റെ മുറിയിൽ ഒതുങ്ങി കൂടി .ഇടക്ക് അലറി കരഞ്ഞു . പിറ്റേ ദിവസം കണ്ണുതുറന്ന നാരായണൻ കൃഷ്ണയെ അന്വഷിക്കുമ്പോഴാണ് എല്ലാരും അവളെ കുറിച്ച് ഓർക്കുന്നത് .

കൃഷ്ണയെ കൂടി കാണാൻ ഇല്ലെന്ന് അറിഞ്ഞ വസു എന്ത് ചെയ്യണം എന്ന് അറിയാതെ നിസഹായനായി നിന്നു .അവന് ഭ്രാന്ത്‌ പിടിക്കുപോലെ മുടികൾ വലിച്ചു പറിച്ചു . അലറി വിളിച്ചു ....ഒരു ഭ്രാന്തനെ പോലെ ... ജീവനും ജീവിതവും അവന് നഷ്ടമായി ഒരു രാത്രികൊണ്ട് ..... എല്ലാം കൊണ്ടും ദേവസേനൻ തളർന്നു. അയാൾ മനസിലാക്കി പണമോ പ്രതാപമോ അല്ല ....സ്നേഹിക്കുന്ന മനസിന്റെ ഉടമക്കാണ് മകളെ നൽകേണ്ടതെന്ന് .അവളുടെ സന്തോഷമാണ് കാണേണ്ടത് എന്ന് അറിഞ്ഞു .ഇനി ഒരച്ഛനും തെറ്റ് പറ്റരുതെന്ന് അയാൾ മനസ്സ് കൊണ്ടു ആഗ്രഹിച്ചു .ഇന്ദ്രനൊപ്പം അവളെ ജീവിക്കാൻ വിടുകയായിരുന്നെങ്കിൽ ഇന്നും കോവിലകത്തെ കുറുമ്പി പെണ്ണിനെ കാണാൻ കഴിയുമായിരുന്നു . ആരാണ് തന്റെ മകളെ കൊന്നത് എന്ന് അറിയും മുമ്പേ അയാൾ ഭൂമിയോട് വിടപറഞ്ഞു .അയാൾ തളർന്നു വീണു മരിച്ചു . ____________ നാരായണന്റെ ഭാവമെന്തെന്ന് ആർക്കും പറയാൻ കഴിഞ്ഞില്ല ....ഓരേത്തോണിയില്ലേ രണ്ട് പിതാക്കൾ ..

. നാടുമുഴുവൻ കൃഷ്ണയെ അന്വഷിച്ചിട്ടും അവളെ കണ്ടത്താൻ ആയില്ല ......നാട്ടുകാർ നിരാശയോടെ മടങ്ങി . സന്ധ്യക്ക് തുളസി തറയിൽ വിളക്ക് വെക്കുമ്പോഴാണ് നാരായണന് നെഞ്ചുവേദന അനുഭവപ്പെട്ടത് . അയാൾ പുറകോട്ട് മറിഞ്ഞു വീണു കൂടെ തല തുളസി തറയിൽ അടിച്ചു ചോര ആ തറയിലൂടെ ഒലിച്ചിറങ്ങി . ആയാളും മകനൊപ്പം യാത്ര തിരിച്ചു . ഒരു ദിവസം കൊണ്ടു ഇശ്വരപുരം മരണത്തിന്റെ നാടായി മാറി .അടുപ്പിച്ച് ദിവസങ്ങളിൽ ആറ് മരണങ്ങൾ ....അതിൽ നാലെണ്ണം ദുർമരണം ....അതും നാടിനു വേണ്ടപ്പെട്ടവർ ...... നാരായണനെ ഇല്ലത്തിന്റെ തെക്കുവശത്ത് ചിതയൊരുക്കി ദഹിപ്പിച്ചു . ദേവസേനനെയും കർമ്മങ്ങൾ എല്ലാം ചെയ്ത് ദഹിപ്പിച്ചു .വസു എല്ലാത്തിനും ഒരു പാവയെ പോലെ നിന്നു കൊടുത്തു . ____________ രണ്ട് വർഷങ്ങൾക്ക് ശേഷം . " മോനേ ....." തളർന്ന് കിടക്കുന്ന ഭാർഗവി അടുത്തിരിക്കുന്ന വസുവിനെ വിളിച്ചു . " ഞാൻ ഇനി എത്രനാള് കാണും എന്റെ മോന് ഒരു ജീവിതം വേണ്ടേ "

അവർ വിറയ്ക്കുന്ന കൈയോടെ അവന്റെ കവിളിൽ തഴുകി . അവൻ താല്പര്യമില്ലാതെ എങ്ങോ നോക്കിയിരുന്നു . "എന്റെ ആഗ്രഹമാണ് ...... മരിക്കുന്നതിന് മുമ്പ് ഒരാളുടെ എങ്കിലും വിവാഹം എനിക്ക് കാണണം ...എന്റെ മോൻ സാധിച്ചു തരില്ല്യേ " അവർ പ്രതീക്ഷയോടെ അവനെ നോക്കി .അവന്റെ കണ്ണുകൾ നിറഞ്ഞു . "കൃഷ്ണ " അവന്റെ മനസിലേക്ക് അവളുടെ കുഞ്ഞുവട്ടമുഖം മിഴിവോടെ തെളിഞ്ഞു .അവൻ കണ്ണുകൾ ഇറുക്കി അടച്ചു .കൺപീലിയുടെ ഇടയിലൂടെ ആരോടോ വാശി തീർക്കും പോലെ കണ്ണുനീർ ചാലിട്ടൊഴുകി . അവളെ മറക്കാൻ തനിക്ക് ആവില്ല ....... അവൻ ഒരുവിധം പൊരുത്തപെട്ടപ്പോൾ കൃഷ്ണയെ തിരക്കി നാടായ നാട് മുഴുവൻ അലഞ്ഞു നിരാശയായിരുന്നു ഫലം . " വേണ്ടാ എന്റെ കുട്ടി വിഷമിക്കണ്ട .....അമ്മക്ക് അറിയാം എന്റെ കുട്ടിടെ മനസ്സ് ...അമ്മ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു .വേണ്ടാ " അവരുടെ കണ്ണുകൾ നിറഞ്ഞു . "എനി....എനിക്ക് സമ്മതമാണ് "അവൻ അവരെ നോക്കി പറഞ്ഞു . "അമ്മ പറയുന്ന ആരേ വേണമെങ്കിലും ഞാൻ വിവാഹം ചെയ്യാം പക്ഷെ ...എന്റെ മനസ്സിൽ അവൾ എന്ന് പതിയുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ ആകില്ല "

അവൻ അവരുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു . " ദേവകി ...അവളെ നീ വേളി കഴിക്കണം " അവർ പറയുന്നത് കേട്ട് അവൻ ഞെട്ടി " ഇല്ല അവൾ എനിക്ക് എന്റെ ദേവിയെ പോലാ " അവൻ ഇഷ്ട്ടക്കേടോടെ പറഞ്ഞു . "അവൾ മുറപെണ്ണാ നിനക്ക് ... അമ്മേടെ ആഗ്രഹം സാധിച്ചു തരില്ലേ " അവർ അവന്റെ കൈകളിൽ മുറുക്കി പിടിച്ചു . അവൻ മനസിലായില്ല മനസോടെ സമ്മതം മൂളി . ദേവകിക്ക് അതിനോട് യോജിക്കാൻ കഴിഞ്ഞില്ല അവൾ പലവട്ടം ...ആയിരംവട്ടം അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞു .പക്ഷെ അവർ അവളുടെ ഇഷ്ട്ടം നോക്കാതെ എല്ലാം തീരുമാനിച്ചു . താമസിക്കാതെ വസുദേവന്റെയും ദേവകിയുടെയും വിവാഹം കഴിഞ്ഞു . വർഷങ്ങൾ എടുത്തു അവർ പൊരുത്തപ്പെടാൻ .പതിയെ പതിയെ വസുവിന്റെ മനസ്സിൽ ദേവകി സ്ഥാനം പിടിച്ചു . പക്ഷെ അവന്റെ ഹൃദയത്തിന്റെ ഏതോ അറയിൽ അവൾ ഉണ്ടായിരുന്നു കൃഷ്ണവേണി .അവൻ ആ അറയേ ഓർമ്മകൾകൊണ്ട് ബന്ധിച്ചു .അത് ദേവകിക്കും അറിയാം .കാരണം അവരുടെ പ്രണയത്തിന്റെ ആഴം അവൻ തന്നെയാണ് അവളോട് പറഞ്ഞത് . എന്നും പ്രാർത്ഥനയിൽ ദേവകി ഈശ്വരനോട് പറയുന്നത് അടുത്ത ജന്മം വസുവിനെ കൃഷ്ണക്ക് കൊടുക്കണേ എന്നായിരുന്നു .

ഈ ജന്മം തനിക്കാണ് അവനെ വിധിച്ചത് .....അവനോടുള്ള ഇഷ്ട്ടം കൊണ്ടാണ് അവൾ അങ്ങനെ പ്രാർത്ഥിക്കുന്നത് ...അവൻ ഒരുപാട് ആഗ്രഹിച്ചതാണ് കൃഷ്ണമായുള്ള ജീവിതം .വിധിച്ചത് ദേവകിക്കും . " ഞങ്ങൾ ഇന്നും ജീവിക്കുന്നു അതിന്റെ ഇടയിൽ കൃഷ്ണ വന്നിട്ടില്ല .....തമാശക്ക് പോലും ഞങ്ങളുടെ ഇടയിൽ കൃഷ്ണവേണി എന്നാ പേര് വന്നിട്ടില്ല മനപൂർവ്വമാണ് . ദൈവം വിധിച്ചത് ജീവിച്ചു തീർക്കാ ....ദേവകി നല്ലൊരു ഭാര്യയാണ് ...അമ്മയാണ് ...പക്ഷെ കാമുകി അല്ല ....ഒരു ഭാര്യയുടെ സ്നേഹം അവൾ എനിക്ക് നല്കുന്നുണ്ട് .പക്ഷെ കൃഷ്ണയെ പോലെ പ്രണയിക്കാൻ ആർക്കും കഴിയില്ല ..........ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന മധുരമുള്ള ഓർമ്മയാണ് കൃഷ്ണവേണി തുളസിക്കതിരിന്റെ നൈർമല്യം ഉള്ളവൾ ." വസുദേവൻ പറഞ്ഞു നിർത്തി . കൃഷണയെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നതിനൊപ്പം ഒന്ന് തിളങ്ങി . എല്ലാരും മഹിയെ നോക്കി .അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . " മഹി " വരുൺ അവന്റെ തോളിൽ പിടിച്ചു .

" അല്ല ഇന്ദ്രൻ എന്റെ ഇന്ദ്രനാണ് ഇവൻ " വസു അവന്റെ കെട്ടിപിടിച്ചു . ഇന്ദ്രന്റെ കൈ അറിയാതെ വസുദേവനെ ചേർത്തുപിടിച്ചു . " അപ്പോ വൈശാഖൻ " അലൻ സംശയത്തോടെ ചോദിച്ചു . " വൈശാഖൻ ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു യാത്ര പോയതാ ഒരു അപകടത്തിൽ അവനും പോയി .ദത്തന് വരാൻ പോലും അകാതേ ആയി .ഞാൻ തികച്ചും ഒറ്റപെട്ടു " വസുദേവൻ കണ്ണുകൾ തുടച്ചു . മഹി പുറം കൈകൊണ്ട് കണ്ണുകൾ തുടച്ച് ഗൗരിയുടെ മുറി ലക്ഷ്യമാക്കി ഓടി . .അവരുടെ കഥ കേട്ടു എല്ലാരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു .എന്നാൽ ഒരാൾ തന്നെ കുറിച്ച് അറിഞ്ഞില്ലല്ലോ എന്ന് ഓർത്ത് സമാധാനിച്ചു കൂടെ ഇന്ദ്രന്റെയും ദേവിയുടെയും പ്രണയകഥ കേട്ട് ദേഷ്യത്തിൽ മുഷ്ട്ടി ചുരുട്ടി . എല്ലാരും അവൻ പോകുന്നതും നോക്കി നിന്നു .എല്ലാരുടെയും അധരങ്ങൾ മൊഴിഞ്ഞു . ദേവന്റെ ദേവി . അല്ല ദേവന്റെ മാത്രം ദേവി ❤️..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story