ഹരിപ്രിയം: ഭാഗം 4

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഗൗരിനന്ദ.. ശ്രീയേട്ടൻ്റെ അമ്മാവൻ്റെ മോൾ ഗൗരി നന്ദയും ഭർത്താവും ആണ് തൻ്റെ മുന്നിൽ നിൽക്കുന്നതറിഞ്ഞതും പ്രിയയുടെ ദേഹം തളരുന്നതുപോലെ തോന്നി. അവർ കാണാതെ തൻ്റെ മുഖം ഒളിപ്പിക്കാൻ പ്രിയ ചുറ്റിലും നോക്കി. മടക്കിയ തുണികളുമായി പ്രിയ പുറം തിരിഞ്ഞു ഷെൽഫിൽ തുണികൾ അടുക്കി വെയ്ക്കുന്നതു പോലെ നിന്നു. ഹാവു അവൾ കണ്ടില്ലന്നു തോന്നുന്നു കാണാതെയിരുന്നാൽ മതിയായിരുന്നു. ഗൗരി നന്ദയും ശ്രീഹരിയും ശ്രീയേട്ടൻ്റെ അമ്മയും ഗൗരിയുടെ വീട്ടുകാരും ചെറുപ്പം മുതൽ പറഞ്ഞുറപ്പിച്ച ബന്ധം .വിവാഹം കഴിക്കുന്നെങ്കിൽ അതു ശ്രീയേട്ടനെ മാത്രം ആയിരിക്കും എന്ന് ശപഥം ചെയ്തിരുന്നവൾ. ഇതൊന്നും അറിയാതെ ശ്രീയേട്ടൻ്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഞാൻ ശ്രീയേട്ടൻ എന്നെ വിവാഹം കഴിച്ചതു മുതൽ ഞാനും ശ്രീയേട്ടനും ഇവളുടെ ശത്രു ആയി അതിന്നും തുടരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ഗൗരിയുടെ വിവാഹം നടന്നു.

ആദ്യത്തെ കുട്ടി ആൺകുട്ടി ആണന്നറിഞ്ഞ അന്ന് അമ്മ വീട്ടിൽ വലിയ ബഹളമായിരുന്നു. രണ്ടാമത് ഗർഭിണി ആണന്നറിഞ്ഞിരുന്നു രണ്ടാമത്തേതും ആൺകുട്ടി ആയിരിക്കും ആ കുട്ടിക്ക് വേണ്ടി ആയരിക്കും ഉടുപ്പ് വാങ്ങാൻ വന്നത്. പ്രിയ ഷെൽഫിൽ തുണി അടുക്കി വെച്ചു കഴിഞ്ഞിട്ടും ആ നിൽപ്പു തുടർന്നു. അല്ല മേഡം അറിയുമോ? ഗൗരി നന്ദയുടെ സ്വരം കേട്ടതും പ്രിയ നടുങ്ങി ഹലോ... പ്രിയ മേഡം... ആ നീലകളറുള്ള ഉടുപ്പ് ഒന്ന് എടുത്ത് തരുമോ ഗൗരി വിരൽ' ചൂണ്ടി കൊണ്ട് പ്രിയയോട് പറഞ്ഞു. പ്രിയ തിരിഞ്ഞ് ഗൗരിയുടെ നേരെ ദയനീയമായി നോക്കി. ഗൗരി ചൂണ്ടിക്കാട്ടിയ ഉടുപ്പ് എടുത്ത് അവർക്കു മുന്നിൽ കാണിച്ചു കൊടുത്തുകൊണ്ട് പ്രിയ മുഖം കുനിച്ചു നിന്നു. ദേവിക ഗ്രൂപ്പ് ഓഫ് കമ്പനി ഉടമയായ ശ്രീഹരിയുടെ ഭാര്യ ശിവപ്രിയ അല്ലേ താൻ? താനെന്താ ഇവിടെ? ഞാനിപ്പോ ഇവിടെയാണ് ജോലി ചെയ്യുന്നത് പ്രിയ വിക്കി വിക്കി പറഞ്ഞു. ഓ അതു ശരി ഞാനോർത്തു ശ്രീഹരിയും ശിവപ്രിയയും കൂടി ഇതു വിലക്ക് വാങ്ങിയതാണന്ന്‌.

ഗൗരി പരിഹസിക്കരുത്. ഇല്ല പരിഹസിക്കുന്നില്ല. നീ എന്നു ശ്രീയേട്ടൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നോ അന്നു നശിച്ചതാ ശ്രീയേട്ടൻ്റെ ജീവിതം. ദാ ഇപ്പോ നാടുവിട്ടും പോയി. എല്ലാം നിനക്ക് വേണ്ടി .നശിപ്പിച്ചില്ലേ നീ ശ്രീയേട്ടൻ്റെ ജീവിതം. എൻ്റെ കണ്ണുനീരിൻ്റെ ഫലമാടി നീ അനുഭവിക്കും ഇനിയും അനുഭവിക്കും ഇനി നിങ്ങൾ ഒരുമിച്ചുള്ള ഒരു ജീവിതം ഉണ്ടാകില്ല. അമ്മായി ശ്രീയേട്ടനെ അന്വേഷിച്ചു കണ്ടെത്തും നിനക്ക് വേണ്ടിയല്ല വീട്ടിലേക്ക് കുട്ടി കൊണ്ടുവന്ന് മറ്റൊരു വിവാഹം കഴിപ്പിക്കും. ഗൗരി പ്ലീസ് ഇവിടെ ഒച്ചവെയ്ക്കരുത് കസ്റ്റമേഴ്സ ശ്രദ്ധിക്കുന്നു. ശ്രദ്ധിക്കട്ടെ എല്ലാവരും അറിയട്ടെ നിൻ്റെ പൂർവ്വ ചരിത്രങ്ങൾ. എൻ്റെ ശ്രീയേട്ടനെ തട്ടിയെടുത്ത പൂതനയാണ് നീ നീ എന്തൊക്കെയാ ഈ പറയുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുന്നു അതു മാത്രമല്ല സിദ്ധാർത്ഥും ശ്രദ്ധിക്കുന്നുണ്ട്. എൻ്റെ സിദ്ധുവിന് എല്ലാം അറിയാം. നീ ഇവിടെ ഉണ്ടന്നറിഞ്ഞുതന്നെയാണ് ഞങ്ങളിന്ന് ഇവിടെ വന്നത്. നിങ്ങൾക്കെന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഈ കടക്ക് പുറത്ത് വെച്ചു പറയുക.

ഇതൊരു ഷോപ്പാണ് പ്രിയ ഇവിടുത്തെ സ്റ്റാഫും ഇവിടെ ഇതുപോലെയുള്ള സംസാരം പാടില്ല തൊട്ടടുത്ത് നിന്ന ആൻസി ചേച്ചി പ്രിയയുടെ രക്ഷക്കെത്തി. ആൻസി അങ്ങനെ പറഞ്ഞതും ഗൗരി പ്രിയയെ തുറിച്ചു നോക്കിയിട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി അവരു ഉടുപ്പ് എടുത്തില്ലാലോ ആൻസി ചേച്ചി. അതിന് അവർ ഉടുപ്പ് എടുക്കാൻ വന്നതാണോ പ്രിയയെ ഒന്നു നാണക്കെടുത്താൻ വന്നതല്ലേ. ശരിയാ പ്രിയയെ നാണക്കെടുത്താനായിട്ടു തന്നെ വന്നതാ ആ സ്ത്രി. ഉം മതി മതി ഇനി ഇതിനെ കുറിച്ചൊരു സംസാരം വേണ്ട ആൻസി എല്ലാവരോടുമായി പറഞ്ഞു പ്രിയ വീണ്ടും തിരക്കിലേക്ക് തിരിഞ്ഞു ദിവസങ്ങൾ കടന്നു പോയി. ഇരട്ട കുട്ടികളുടെ പിറന്നാൾ ദിവസം വന്നടുത്തു പ്രിയ ആ ദിവസം ലീവെടുത്ത് കുട്ടികൾക്കൊപ്പം ഇരുന്നു. ശ്രീഹരി ജോലി അന്വേഷിച്ചു പോയിട്ടു ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ശ്രീയേട്ടൻ എന്നേയും മക്കളേയും ഉപേക്ഷിച്ചിരിക്കുന്നു. പ്രിയ മനസ്സിൽ ഉറപ്പിച്ചു. ശ്രീയേട്ടൻ്റെ അമ്മ ശ്രീയേട്ടനെ അന്വേഷിക്കുന്നുണ്ട് എന്ന് ഗൗരി പറഞ്ഞിരുന്നു കണ്ടെത്തിയെങ്കിൽ നാട്ടിലേക്ക് കൊണ്ടു വന്നേനെ പക്ഷേ നാട്ടിൽ എത്തിയിട്ടില്ല

അമ്മയുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കൂടി കൂടി വന്നു തുടങ്ങി. അനിയത്തിപ്രിൻസിയുടെ കുഞ്ഞിൻ്റെ ഇരുപത്തിയെട്ടുകെട്ടിന് എല്ലാവരും പോയി പക്ഷേ എന്നോടും മക്കളോടും വരണ്ട എന്നു തറപ്പിച്ചു പറഞ്ഞു അമ്മ കാതിൽ കിടന്ന അരപവൻ്റെ കമ്മൽ വിറ്റ് കുഞ്ഞിനുള്ള വളയും വാങ്ങിയാണ് വീട്ടിലെത്തിയത്. പിറ്റേന്ന് ഇരുപത്തിയെട്ട് കെട്ടിന് പോകാൻ കുട്ടികളും സന്തോഷത്തോടെ കാത്തിരുന്നു. പക്ഷേ ? അമ്മ പറഞ്ഞതു കേട്ട് സങ്കടം വന്നെങ്കിലും മനസ്സിനെ പാകപ്പെടുത്തി മക്കളേയും ചേർത്തു പിടിച്ച് അവരുടെ കളി ചിരിയിൽ പങ്കു ചേർന്നു.പോകാൻ നേരം അമ്മയുടെ കൈയിലേക്ക് ആ കുഞ്ഞു ജുവൽ ബോക്സ് വെച്ചു കൊടുത്തിട്ട് പറഞ്ഞു. ഞാൻ വാങ്ങി തന്നതാണന്ന് അവളോട് പറയണ്ട. എന്നോടുള്ള ദേഷ്യത്തിന് അവളിത് സ്വികരിച്ചില്ലങ്കിലോ ഒന്നും പറയാതെ അമ്മ ആ പൊതി വാങ്ങി ബാഗിൽ വെച്ചു. സ്വന്തം വീട്ടുകാർക്കും പ്രിയയും മക്കളും ഒരു ശല്യമായി അല്ല ബാധ്യതയായി മാറുന്നത് പ്രിയ അറിയുന്നുണ്ടായിരുന്നു. ഇളയ അനിയത്തിക്ക് വിവാഹലോചനകൾ വന്നു തുടങ്ങി. സ്ത്രീധനത്തിൻ്റെ പേരിൽ അതെല്ലാം മാറി പൊയ്കൊണ്ടിരുന്നു.

എന്നാൽ അതിനെല്ലാം പഴി കേൾക്കേണ്ടി വന്നത് പ്രിയയും മക്കളും അയിരുന്നു. നീയും മക്കളും ഇവിടെ ഇങ്ങനെ നിന്നാൽ അവളെ കെട്ടിക്കില്ല കെട്ടാൻ ആരും വരില്ല അവർക്കു കൂടി അവകാശപ്പെട്ട സ്വത്ത് നിനക്ക് തന്നതാ എന്നിട്ടിപ്പോ നീയും മക്കളും വീട്ടിൽ വന്നു നിന്ന് അവളുടെ കല്യാണം മുടക്കിയാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല. അമ്മേ..... എന്നെ നീ അങ്ങനെ വിളിക്കരുത്. ഞാനെന്താമ്മേ ചെയ്യേണ്ടത്. നീ ഇവിടുന്ന് മാറി താമസിക്കണം എവിടേക്ക് ആ കുട്ടികളുടെ തന്തയുടെ വീട്ടിലേക്ക് ശ്രീയേട്ടൻ്റെ അമ്മ ഞങ്ങളെ അവിടെ കേറ്റുമോ എനിക്കിതൊന്നും അറിയണ്ട നീയും മക്കളും ഇങ്ങനെ ഇവിടെ നിൽക്കുന്നിടത്തോളം കാലം നിൻ്റെ അനിയത്തീടെ വിവാഹം നടക്കും എന്നു നീ ഓർക്കണ്ട. പ്രിയ കണ്ണുനീർ വാർത്തുകൊണ്ട് അവിടെ നിന്നും പിൻവലിഞ്ഞു. മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് പ്രിയ ആ രാത്രി കണ്ണുനീർ പൊഴിച്ചു. അമ്മ എന്തിനാ കരയുന്നത് മൂത്ത മോൾ പ്രിയയുടെ അടുത്ത് വന്നു കിടന്ന് പ്രിയയുടെ കണ്ണുനീർ തുടച്ചു കൊണ്ടു ചോദിച്ചു. ഒന്നുമില്ല മോളെ വേണ്ട അമ്മ ഒന്നും പറയണ്ട അമ്മമ്മ പറഞ്ഞതു ഞാൻ കേട്ടു.

എന്നും അമ്മമ്മ ഞങ്ങളോടും പറയാറുണ്ട് നമുക്ക് ഇവിടെ എവിടേക്കെങ്കിലും പോകാം അമ്മമ്മ എപ്പോഴും പറയും ഞങ്ങളു കാരണമാണ് അമ്മമ്മ ക്ക് പ്രിൻസി ചിറ്റയുടെ കുഞ്ഞിനെ കാണാൻ പോകാൻ പറ്റാത്തതെന്ന് പ്രീതി ചിറ്റയുടെ വിവാഹം നടക്കാത്തത് അമ്മ കാരണം ആണന്ന്. എന്നും വഴക്ക് പറയും എവിടേക്ക് പോകും മക്കളേ അമ്മ നിങ്ങളേയും കൂട്ടികൊണ്ട് വേറെ വീട് വാങ്ങണം അതിന് അമ്മേടെ കൈയിൽ പൈസ വേണ്ടേ ഒരു വീട് വാടകക്കെടുത്ത് മാറാനാണെങ്കിലും കാശ് വേണം. അങ്ങനെ മാറിയാൽ തന്നെ എൻ്റെ മക്കളെ സുരക്ഷിതമായി ആരെ ഏൽപ്പിച്ചിട്ടു ജോലിക്കു പോകും. പിന്നെ നമ്മൾ എന്തു ചെയ്യുമമ്മേ? അമ്മക്കറിയില്ല മോളെ '.....പ്രിയ മോളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. ആ രാത്രി ഉറങ്ങാതെ പ്രിയ നേരം വെളുപ്പിച്ചു. അന്ന് ഷോപ്പിൽ ചെന്നപ്പോൾ പ്രിയയുടെ കരഞ്ഞു വീർത്ത മുഖം കണ്ട് ആൻസി അടുത്ത് വന്നു ചോദിച്ചു - എന്താ പ്രിയ എന്തു പറ്റി ഇന്നലെ രാത്രി മുഴുവൻ കരച്ചിൽ ആയിരുന്നല്ലേ പ്രിയ തൻ്റെ സങ്കടങ്ങളെല്ലാം ആൻസിയോട് പറയാറുണ്ടായിരുന്നു. ഒരു ചേച്ചിയോടുള്ള അടുപ്പവും സ്നേഹവും ആയിരുന്നു പ്രിയക്ക് ആൻസിയോടുള്ളത്.

ആൻസി ക്കും അങ്ങനെ തന്നെയായിരുന്നു പ്രിയയോടും സ്വന്തം കൂടെപിറപ്പിനെ പോലെയാണ് ആൻസിക്ക് പ്രിയ പ്രിയ ഒരുപൊട്ടി കരച്ചിലോടെ തൻ്റെ സങ്കടത്തിൻ്റെ കാരണം ആൻസിയോട് പറഞ്ഞു. നീ വിഷമിക്കാതെയിരിക്ക്. എന്തെങ്കിലും പരിഹാരം നമുക്ക് ഉണ്ടാക്കാം അന്നു ഇത്തിരി നേരത്തെ ജോലി കഴിഞ്ഞിറങ്ങി ആൻസിയും പ്രിയയും ആൻസി പ്രിയയേയും കൂട്ടികൊണ്ട് തൻ്റെ സ്വന്തം വീട്ടിലേക്കാണ് പോയത് ആദ്യമായിട്ടാണ് പ്രിയ ആൻസിയുടെ വീട്ടിൽ പോകുന്നത് - ഇതാണ് എൻ്റെ വീട് കയറി വാ ആൻസി പ്രിയയെ തൻ്റെ വീടിനകത്തേക്ക് ക്ഷണിച്ചു. പ്രിയ മുറ്റത്തു നിന്നു കൊണ്ട് ആകെ ഒന്നു വീക്ഷിച്ചു. പ്രിയ ആ വീടിൻ്റെ പടികൾ കടന്ന് വീടിനകത്തേക്ക് പ്രവേശിച്ചു. രണ്ടു മുറിയും ഒരു ഹാളും ചായപ്പlലായി അടുക്കളയും ഓടിട്ട വീട് ചെറിയ വീടാണങ്കിലും നല്ല വ്യത്തിയും .വെടിപ്പുമുണ്ട് ആൻസി പ്രിയയെ കൂട്ടികൊണ്ട് മുറിക്കകത്തേക്കു കയറി ആ മുറിയിൽ ചുമരിനോട് ചേർത്തിട്ടിരിക്കുന്ന ചെറിയ ഒരു കട്ടിൽ ആ കട്ടിലിൽ കിടക്കുന്ന ആളെ ചൂണ്ടിക്കാട്ടി കൊണ്ട് ആൻസി പറഞ്ഞു.

ഇതാണ് എൻ്റെ അപ്പച്ചൻ 15 വർഷമായി ഈ കിടപ്പിലായിട്ട്. വാർക്ക പണി ആയിരുന്നു പണിസ്ഥലത്തുവെച്ച് കാലു തെറ്റി മുകളിൽ നിന്ന് ഒന്നു വീണതാ നട്ടെല്ലിന് ക്ഷതം പറ്റി. അരക്ക് കീഴപ്പോട്ടു തളർന്നു പോയി. ഞാൻ ഡിഗ്രിക്ക് അവസാന വർഷം പഠിക്കുന്നു. എനിക്കിളയത് രണ്ടു അനിയത്തിമാർ അച്ഛന് അപകടം പറ്റിയപ്പോൾ അമ്മ പകച്ചു നിന്നു പോയി. അമ്മയെ സഹായിക്കാൻ വേണ്ടി പഠിപ്പു നിർത്തി അനിയത്തിമാരുടെ പഠനം. അച്ഛൻ്റെ ചികിത്സ അതിനായി ഞാൻ ജോലിക്കിറങ്ങി. പതിനഞ്ചു വർഷത്തിനിടയിൽ പല ജോലി ചെയ്തു കടം മേടിച്ചും ലോണെടുത്തു രണ്ട് അനിയത്തിമാരുടെ വിവാഹം നടത്തി. പിന്നെ അവരുടെ ഓരോ ആവശ്യങ്ങൾ അവരുടെ പ്രസവം മക്കളുടെ മാമ്മോദിസ അങ്ങനെ നൂറു കൂട്ടം ആവശ്യങ്ങൾ അതും പറഞ്ഞു കൊണ്ട് ആൻസി പ്രിയയേയും കൊണ്ട് അടുത്ത മുറിയിലേക്കു പോയി എല്ലാം കഴിഞ്ഞ് ഞാനിപ്പോ ഫ്രീയാണ് നിനക്കും മക്കൾക്കും എൻ്റെയൊപ്പം ഈ മുറിയിൽ എന്നോടൊപ്പം കഴിയാം ആരും ഇറക്കിവിടില്ല മക്കൾ സുരക്ഷിതരായിരിക്കും. നീ വരും വരെ അമ്മ മക്കളെ നോക്കിക്കോളും ആൻസി ചേച്ചി എന്താ ഈ പറയുന്നത്.

ഞാനും മക്കളും ഇവിടേക്ക് വരാനോ ?അതൊന്നും ശരിയാവില്ല സൗകര്യം കുറവ് ഉണ്ട് അതറിയാം കുറച്ചു നാളും കൂടി കഴിഞ്ഞാൽ നിൻ്റെ മക്കൾ വലുതായി കഴിയുമ്പോൾ നിനക്ക് ഒരു വാടകവീടെടുത്ത് മാറാം അതുവരെ നിനക്ക് ഇവിടെ കഴിയാം ഞാനൊന്ന് ആലോചിക്കട്ടെ ചേച്ചി പ്രിയ അമ്മയെ കുറ്റപ്പെടുത്താൻ പറ്റില്ല കാരണം അവർ പറയുന്നതിലും കാര്യമുണ്ട് ഒരമ്മക്ക് എല്ലാ മക്കളും തുല്യരാണ് എല്ലാം വിറ്റു തുലച്ച് നിന്നെ കെട്ടിച്ചു എന്നിട്ടോ ?ആ നീയും മക്കളും അവർക്കൊരു ബാധ്യതയായി. ഇനിയും ഒരു മകളെ കൂടി കെട്ടിക്കാനുണ്ട് അതിനൊരു മാർഗ്ഗവും അവരുടെ കൈയിൽ ഇല്ല. അതിനും കാരണം നീയാണന്നാണ് അവരു വിശ്വസിക്കുന്നത്. അനിയത്തിയുടെ വിവാഹം കഴിയുന്നതുവരെ നീയും മക്കളും അവിടുന്ന് മാറി നിൽക്കുന്നതാ നല്ലത്. ഉം അങ്ങനെയാണ് എൻ്റെയും തീരുമാനം അമ്മയെവിടെ ചേച്ചി. അമ്മ പശു തൊഴുത്തിലായിരിക്കും നീ വാ ആൻസി പ്രിയയേയും കൂട്ടി മുറ്റത്തേക്കിറങ്ങി. ത്തപ്പോഴാണ് അമ്മ തൊഴുത്തിൽ നിന്ന് ഒരു പാത്രത്തിൽ പാലുമായി പുറത്തേക്കു വന്നത്. അമ്മേ ഇതാണ് ഞാൻ പറയാറുള്ള പ്രിയ.

ആൻസി എപ്പോഴും പറയും മോൾടെ കാര്യം സങ്കടപ്പെടരുത് എല്ലാം ശരിയാകും ഉം മക്കളരിക്ക് അമ്മ ചായ എടുക്കാം ആൻസി പ്രിയയെ കൂട്ടി മുറ്റത്തു ടെ നടന്നു. പ്രിയക്ക് അറിയോ ആ അമ്മയുടെ ഉള്ളിലും ഒരു കടലിരമ്പുന്നുണ്ട്. ഈ മകളെയോർത്ത്. മുപ്പത്തിയഞ്ച് വയസു കഴിഞ്ഞ അവിവാഹിതയായ ഈ മകളെയോർത്ത്. എനിക്കും കേൾക്കാം ആ മനസ്സിലെ തിരയിളക്കം. പക്ഷേ കേട്ടില്ലന്ന് നടിച്ചേ പറ്റു ഇനിയും ഒരു ഏഴേട്ടു കൊല്ലം കൂടി ഞാൻ ഓടിയാലേ ഈ കപ്പൽ കരക്കടിപ്പിക്കാൻ പറ്റു ബാങ്ക് ലോൺ പലിശ കടം എല്ലാം ഇനിയും ഉണ്ട്. അമ്മക്ക് മാത്രമേയുള്ളൂട്ടോ സങ്കടം കാരണം എൻ്റെ വിവാഹം അതു പത്തു വർഷം മുൻപേ നടന്നതാ മനസ്സുകൊണ്ടു മാത്രമാണന്നു മാത്രം എനിക്കും ഉണ്ടായിരുന്നു ആരും അറിയാതെ ഒളിപ്പിച്ചുവെച്ചൊരു പ്രണയം അനിയത്തിമാർക്കു വേണ്ടി കുടുംബത്തിനു വേണ്ടി ഞാനതു വേണ്ടന്നു വെച്ചു. പത്തു വർഷം മുൻപ് ഞങ്ങൾ പിരിഞ്ഞു.അന്ന് ഞാൻ അദ്ദേഹത്തെ മനസ്സാ വരിച്ചു അതുപോലെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. എൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അല്പം വേദനയോടെ ആണങ്കിലും ഞാനെൻ്റെ മനസ്സിൽ കുഴിച്ചുമൂടി

അദേഹം ഇപ്പോ എവിടാ വേറെ വിവാഹം കഴിച്ചോ അറിയില്ല കഴിഞ്ഞിട്ടുണ്ടാകും എൻ്റെ സീനിയർ ആയി പഠിച്ചതാ കോളേജ് ക്യാമ്പസിൽ വെച്ചു തുടങ്ങിയ പരിചയം പിന്നെ പ്രണയമായി മാറി മറ്റൊരു നാട്ടിൽ നിന്ന് അമ്മ വീട്ടിൽ നിന്നു പഠിക്കാനായി വന്നതാ ഈ നാട്ടിലേക്ക്. പഠനം കഴിഞ്ഞും എന്നെ കാണാൻ വരുമായിരുന്നു എൻ്റെ കഷ്ടപ്പാടുകൾ കണ്ട് സഹായിക്കാൻ മുന്നോട്ടു വന്നതാ പക്ഷേ ഞാൻ സമ്മതിച്ചില്ല. അവസാനമായി എന്നെ കാണാൻ വന്നത് ഞങ്ങളുടെ വിവാഹത്തെ കുറിച്ച് സംസാരിക്കാനാണ്. നേരെ ഇളയ അനിയത്തിയുടെ വിവാഹം വാക്കു പറഞ്ഞിരിക്കുന്ന സമയം ആ സമയത്ത് എനിക്ക് എൻ്റെ വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ സമയം ഇല്ലായിരുന്നു. ഇനിയും ഒരനിയത്തികൂടി ഉണ്ട് കിടപ്പിലായ അച്ഛൻ കടം എല്ലാം ഞാനെടുത്തു തലയിൽ വെച്ചു കഴിഞ്ഞിരുന്നു. കാത്തിരിക്കാം എന്നു പറഞ്ഞു അനിയത്തിയുടെ വിവാഹം നടത്താൻ സഹായിക്കാം എന്നെല്ലാം പറഞ്ഞു പക്ഷേ ഞാൻ സമ്മതിച്ചില്ല അന്നു ഞങ്ങൾ പിരിഞ്ഞു. പിന്നെ ഈ നാട്ടിലേക്ക് വന്നിട്ടില്ല. പിന്നീട് ഇതുവരെ ഞാൻ കണ്ടിട്ടില്ല.

വിവാഹം കഴിഞ്ഞിട്ടുണ്ടാകും കുടുംബം ഭാര്യ മക്കൾ എല്ലാവരുമായിട്ട് എവിടെയോ സുഖമായിട്ട് ജീവിക്കുന്നുണ്ടാകും. നല്ല മനസ്സായിരുന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനസ്സ്. ഏതോ ഭാഗ്യം ചെയ്ത പെൺകുട്ടി വന്നിട്ടുണ്ടാകും ആ ജീവിതത്തിലേക്ക്. ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട് പ്രിയയിലും ഒരു പിടപ്പ് ഉണ്ടായി. കൂടപ്പിറപ്പുകൾക്കു വേണ്ടി കുടുംബത്തിനു വേണ്ടി പ്രാണനായവനെ വിട്ടു കളഞ്ഞ ആൻസി ചേച്ചി .ഞാനോ പ്രാണനായവനെ കിട്ടാൻ വേണ്ടി കൂടപ്പിറപ്പുകൾക്കു കൂടി അവകാശപ്പെട്ടത് തട്ടിയെടുത്തവൾ. പ്രിയയുടെ കണ്ണിൽ നിന്നും അടർന്നുവീണു രണ്ടു തുള്ളി കണ്ണുനീർ രണ്ടു പേരും കയറി വാ ചായ കുടിച്ചിട്ടാകാം ദാ വരുന്നമ്മേ രണ്ടു പേരും ചായ കുടിച്ച് കുറച്ചു നേരം കൂടി സംസാരിച്ചതിനു ശേഷമാണ് പ്രിയ അവിടെ നിന്നും മടങ്ങിയത്.

പ്രിയയെ യാത്രയാക്കാൻ ആൻസി ബസ് സ്റ്റോപ്പ് വരെ കൂട്ടുവന്നു. നീ ശരിക്കും ആലോചിക്ക് എന്നിട്ടൊരു തീരുമാനമെടുക്ക് കരച്ചിൽ നിർത്തി ശക്തയായ ഒരു സ്ത്രി ആകാൻ നോക്ക്.നാലു പെൺമക്കളുടെ അമ്മയാണ് നീ അവരേയും ശക്തരായി വളർത്ത് തളർന്നു പോകില്ല എന്നു തീരുമാനമെടുക്ക്. ശരി ചേച്ചി ഞാനിന്നു മുതൽ മറ്റൊരാളായിരിക്കും എനിക്കും ജീവിക്കണം എൻ്റെ മക്കളോടൊപ്പം ആരുടേയും ആട്ടും തുപ്പും ഏൽക്കാതെ തന്നെ ജീവിക്കണം ഒരുറച്ച തീരുമാനം എടുത്തു കൊണ്ടാണ് അന്ന് പ്രിയ വീടിൻ്റെ പടി കയറി ചെന്നത്. പിറ്റേന്ന് രാവിലെ പ്രിയ ഷോപ്പിലേക്ക് വിളിച്ച് ലീവ് പറഞ്ഞതിനു ശേഷം മക്കളേയും കൂട്ടികൊണ്ട് വീടിൻ്റെ പടികളിറങ്ങി.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story