ഹൃദയാഘാതം; ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

Dead

കൊൽക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ (24) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൗറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് നവംബർ ഒന്നിനാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിലായിരുന്ന നടിക്ക് നേരത്തെ ഹൃദയാഘാതമുണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു. ഇത്തവണ ഒന്നിലധികം തവണ ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ പറയുന്നു.

മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള താരം ബംഗാളി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച ശേഷം 2015 ലാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഐന്ദ്രിലയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സുഹൃത്ത് സബ്യസാചി ശനിയാഴ്ച ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ പോസ്റ്റ് ഉടൻ തന്നെ ഡിലീറ്റ് ചെയ്തു.

Share this story