ഹേമന്തം 💛: ഭാഗം 13

hemandham

എഴുത്തുകാരി: ആൻവി

തണുത്ത കാറ്റിൽ പാറി പറക്കുന്നാ അവളുടെ മുടിയിഴകളെ ആര്യൻ കൗതുകത്തോടെ നോക്കി... ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അവൾ... "ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട്...?" ആര്യൻ ചോദിച്ചു.... "അത് പിന്നെ,... ആര്യന് ഇഷ്ടാവോന്ന് അറിയില്ല...." അവളൊരു ചമ്മലോടെ തലതാഴ്ത്തി കടക്കണ്ണിട്ട് അവനെ നോക്കി.... "ഇഷ്ടാവില്ല എന്ന് നിനക്ക് ഉറപ്പാണെൽ പറയണ്ടടോ...." ആര്യൻ ചിരിയോടെ പറഞ്ഞു കൊണ്ട് എഴുനേറ്റതും.... അവന്റെ ബലിഷ്ടമായ കൈ തണ്ടയിൽ അവന്റെ കൈകൾ മുറുകി.. അവൾ ചുണ്ട് ചുളുക്കി.... അവൻ പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു... "എനിക്കും അങ്ങനെ ഒക്കെ പഠിപ്പിച്ചു തരാവോ.....??" പറയുമ്പോൾ അവളുടെ കൺപീലികൾ പിടച്ചു.... "Excuse me...." അവൾ പറഞ്ഞത് മനസിലാകാതെ ആര്യൻ നെറ്റി ചുളിച്ചു.. "കളരി പഠിപ്പിക്കാവോന്ന്..." അവളുടെ ചുണ്ടുകൾ കൂർത്തു..... ആര്യന് ചിരി വരുന്നുണ്ടായിരുന്നു..എങ്കിലും ആ ചിരി ചുണ്ടിന്റെ ഒരു കോണിൽ ഒളിപ്പിച്ചവൻ ഗൗരവത്തോടെ അവളെ നോക്കി... "നീയെന്ത കളിയാക്കുവാണോ...??" അവന്റെ കൂർത്ത ശബ്ദം കേട്ടതും ആനി ഞെട്ടി മുഖം ഉയർത്തി.... പിന്നെ ഇല്ലെന്ന് തല വെട്ടിച്ചു.... "പിന്നെ.....??" "സത്യായിട്ടും...പഠിക്കാനുള്ള ആഗ്രഹം കൊണ്ടാ...." അവൾ മെല്ലെ പറഞ്ഞു കൊണ്ട് മുഖം താഴ്ത്തി.... "ആനി... നീ ഇവിടെ നിൽക്കുവാണ്.... വാ അവിടെ പൂജ നടന്നോണ്ട് ഇരിക്കുവാ....." പുറകിൽ നിന്ന് അദ്രിയുടെ വിളി കേട്ടതും... അവർ രണ്ട് പേരും തിരിഞ്ഞു നോക്കി.... ആര്യന്റെ തൊട്ടടുത്ത് ആനിയെ കണ്ടപ്പോൾ അദ്രിയുടെ മുഖം ചുവന്നു....കയ്യിലുള്ള കളിപ്പാട്ടം മറ്റൊരാൾ തട്ടിയെടുക്കൻ ശ്രമിക്കുന്നു എന്നൊരു ഭാവമായിരുന്നു അദ്രിക്ക്... കൊച്ചു കുട്ടികളുടെ പോലെ...

"വാ... ആനി...." ആര്യനെ പരിഭവത്തോടെ നോക്കി നിന്ന ആനിയെ അവൻ ഒരിക്കൽ കൂടെ വിളിച്ചു.. അദ്രി വന്നത് എന്ത് കൊണ്ടോ ആര്യന് ഇഷ്ടമാവുന്നില്ലായിരുന്നു.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു... അമ്മയാണെന്ന് കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു... "ഞാൻ വന്നേക്കാം... നീ പൊക്കോ..." ആര്യൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് കൊണ്ട് പറഞ്ഞു... ആനി തലയാട്ടി അദ്രിയുടെ കൂടെ പോയി.. "അമ്മാ....." ആ വിളി കാതിലെത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു നിർവൃതി തോന്നി ലക്ഷ്മിക്ക്... "ഹരീ... എങ്ങനെയുണ്ട് പുതിയ നാട്ടിലെ ജീവിതം...." അവർ ചിരിയോടെ ചോദിച്ചു... "Good.... അമ്മ ഓക്കേ അല്ലെ...." "ആ.... നീ ഇല്ലാത്തതിന്റെ ഒരു കുറവേ ഒള്ളൂ...." അത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... ഓരോന്ന് പറഞ്ഞു.. ഇന്ന് നടന്നത് അറിഞ്ഞപ്പോൾ അമ്മയുടെ മൗനം അവൻ ശ്രദ്ധിച്ചിരുന്നു... "ഹരീ.... നിനക്ക് നൊന്താൽ തിരിച്ചടിക്കുക തന്നെ വേണം.. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം...പക്ഷേ നീ കാരണം ആ വീട്ടിലുള്ളവരും നാട്ടുകാരും ഒന്നിലും ബലിയാടാകരുത്..... എനിക്ക് അറിയാം എന്റെ മകന് സാഹചര്യത്തിന് അനുസരിച്ച് പെരുമാറാൻ അറിയാം..." അമ്മ പറയുന്നത് അവൻ ശ്രദ്ധയോടെ കേട്ടു.... "നീ അവിടെ എന്തെങ്കിലും പ്രശ്നം തുടങ്ങി വെച്ചിട്ടുണ്ടെങ്കിൽ അത് തീർത്തിട്ട് വരണം... എന്റെ ഹരി ഒരു പ്രശ്നത്തിനും തുടക്കം കുറിച്ചിട്ട് ആകരുത് തിരികെ വരണ്ടേത് എന്ന് എനിക്ക് നിർബന്ധമുണ്ട്..." "അറിയാം അമ്മേ....." അവൻ സമാധാന പൂർവ്വം പറഞ്ഞു..... "മ്മ്.... ഇപ്പൊ എവിടെയാ.... കഴിച്ചോ നീ വല്ലതും...?" അവർ സ്നേഹത്തോടെ ചോദിച്ചു... "മ്മ്... ചപ്പാത്തി... രാത്രിയും അത് തന്നെ.... അമ്മക്ക് അറിയാലോ എനിക്ക് ഉച്ചക്കും രാത്രിയും ചോറ് വേണം എന്ന്..." അവൻ പറഞ്ഞു കേട്ട്... അവർക്ക് വല്ലാത്ത വാത്സല്യം തോന്നി....

"എത്ര ലോകം വെട്ടിപിടിച്ചിട്ടും കാര്യമില്ല ഹരി... സാഹചര്യങ്ങൾക്കൊത്ത് ജീവിക്കണം.... എങ്കിൽ മാത്രമേ മാറി വരുന്ന സാഹചര്യങ്ങളേയും പ്രതിസന്ധികളെയും തളരാതെ നേരിടാൻ കഴിയൂ.... എന്റെ മോന് നല്ലത് മാത്രമേ വരൂ....പിന്നെ ഓഫീസിലെ കാര്യങ്ങൾ ഓർത്ത് ടെൻഷൻ വേണ്ട...ഞാൻ മാനേജ് ചെയ്തോളാം...നിന്റെ ഇത്രയും കാലത്തെ കഷ്ടപാടല്ലേ ഈ അമ്മ അത് നോക്കാതെ ഇരിക്കുമോ...' "എനിക്ക് അറിയില്ലേ എന്റെ അമ്മയെ... എനിക്ക് ഒരു ടെൻഷനുമില്ല... എന്റെ ഹാർഡ് വർക്ക് ഒന്നും വില കുറച്ച് കാണാതെ എന്നേക്കാൾ നന്നായി അമ്മ എല്ലാം നോക്കും....." "മ്മ്.. എന്നാ ശെരി... പൂജയിലൊക്കെ പങ്കെടുക്ക്.... " അതും പറഞ്ഞു ഫോൺ കട്ടാക്കി ലക്ഷ്മി ഒന്നു നെടുവീർപ്പിട്ടു.... അമ്മേ എന്നാ ആ വിളികേട്ടപ്പോൾ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന ഞെറിപോടിലേക്ക് മഞ്ഞുകണങ്ങൾ വീണു തണുപ്പ് പകർന്നത് പോലെ... അവൻ തിരിച്ചു വരട്ടെ.... എന്നിട്ട് പറയണം... തണുത്തുറഞ്ഞു കിടക്കുന്ന ആ മഞ്ഞുമലകളുടെ താഴ്‌വാരത്ത് ഹിമകണങ്ങൾ പാൽതുള്ളി പോലെ പെയ്തിറങ്ങുന്ന ഒരു പുലരിയിൽ എന്റെ രക്തം പടർന്ന ദിവസം.... ഒരു കുഞ്ഞു കരച്ചിലോടെ എന്റെ രാജകുമാരൻ പിറന്ന ദിവസം.....ഒപ്പം അവന്റെ അച്ഛന്റ ജീവൻ അകന്ന് പോയ ദിവസം... അവനെ ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല....തന്നെ പിന്തുടരുന്നവരുടെ കണ്ണ് വെട്ടിച്ച് പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്നപ്പോൾ വയർ ഇടിഞ്ഞു വീഴും എന്ന് തോന്നിയ നിമിഷങ്ങൾ... ആ ഓർമയിൽ ലക്ഷ്മി ഒന്ന് പിടഞ്ഞു.... ഒരാളുടെ സഹായമില്ലാതെ ഒരു ചോര കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വന്നപ്പോൾ പകച്ചു നിന്ന അവസ്ഥ... കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതെ വന്നപ്പോൾ ശബ്ദമില്ലാതെ അലറി കരഞ്ഞു..... അടി വയറ്റിൽ അസഹ്യമായ വേദന...നെഞ്ച് പൊട്ടി മോനെ എന്ന് വിളിച്ചു... ആ കുഞ്ഞനങ്ങിയില്ല... സാരി തുമ്പ് കൊണ്ട് തണുപ്പിൽ നിന്ന് അവനെ പൊതിഞ്ഞു പിടിച്ചു....

ആ കുഞ്ഞു ശരീരം തണുത്തിരുന്നു.... അടുത്ത് അടുത്തടുത്തു വരുന്ന കാലടികൾ കാതോർത്തു കൊണ്ട് ജീവനറ്റെന്ന് കരുതിയ കുഞ്ഞു ശരീരം നെഞ്ചോട് അമർത്തി വെച്ച് ഇടറുന്ന കാലടികളോടെ ഓടി.... നടന്നു നീങ്ങുന്ന വഴിയോരം കാലിനിടയിലൂടെ ഒഴുകി ഇറങ്ങിയാ രക്തം തന്നെ പിന്തുടർന്നിരുന്നു.... അനുഭവിച്ചത് മുഴുവൻ പ്രിയപ്പെട്ടവനെ പ്രണയിച്ചതിന്.... അവന്റെ കുഞ്ഞിന് ജന്മം നൽകിയതിന്.... ഓടി ഓടി തളർന്നു...മരിച്ചു പോകുമെന്ന് ഉറപ്പായി അത്രയും തളർന്നു.. ഒരടി മുന്നോട്ട് വെക്കാൻ കഴിയാതെ നിലം പതിക്കുമ്പോൾ നെഞ്ചോട് അമർന്ന കുഞ്ഞിന്റെ ആദ്യ കരച്ചിൽ പകർന്നു തന്നത് ഒരു ഊർജമായിരുന്നു.... ജീവൻ തിരിച്ചു കിട്ടിയ പോലെ... അവനെ മാറോട് ചേർത്ത് മാതൃത്വം പകർന്നു നൽകിയപ്പോൾ... ജന്മം പൂർണമായെന്ന് തോന്നി.... പിന്നീട് മുന്നോട്ട് കുതിക്കാൻ കരുത്തായിരുന്നു തന്റെ മകൻ... ഇപ്പോഴും താൻ ജീവിക്കുന്നത് അവന് വേണ്ടിയാണ്.... ഓർമ്മകൾ അതിവേഗത്തിൽ ആ ഹൃദയം പിടച്ചു.... കൈകൾ ഫോണിൽ മുറുകി.....  ചെറുഓളങ്ങൾ താളം പിടിക്കുന്ന വെള്ളത്തിന്റെ പ്രതലത്തിൽ നിലവിൽ മുങ്ങി നിൽക്കുന്ന ചന്ദ്രബിംബത്തിനൊപ്പം ആനിയുടെ മുഖം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... പുഴയുടെ തീരത്തെ ആദ്യത്തെ പടികെട്ടിൽ നിന്നവൻ ഇരു കയ്യും മാറിൽ കെട്ടി നിന്ന് ആ വെള്ളത്തിലേക്ക് നോക്കി നിന്നു.... ഭക്തരുടെ ഒഴുക്കായിരുന്നു അവിടെ.... അവരുടെ കൈകളിലൊക്കെയുള്ള തലത്തിൽ നിന്ന് കർപ്പൂരത്തിന്റെ ചന്ദനത്തിന്റെ ഗന്ധം വായുവിൽ പടർന്നു,.... ആര്യൻ പടികളോരോന്നും ഇറങ്ങി ആനിക്കടുത്ത് കുനിഞ്ഞിരുന്നു.... മുഖം ചെരിച്ച് അവളെയൊന്നു നോക്കി...

കയ്യിലുള്ള താളം വെള്ളത്തിലേക്ക് ഒഴുക്കാൻ ശ്രദ്ധയോടെ ഭഗവാനെ സ്മരിക്കുകയാണ് അവൾ.... കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടപ്പോൾ വെള്ളത്തിൽ പ്രതിഫലിച്ചു കാണുന്ന ആര്യന്റെ മുഖം.... ആ കണ്ണുകൾ തന്നിലാണ്.... തലചെരിച്ചു നോക്കി അവനെ.... അവൻ ഒന്ന് ചിരിച്ചു.... അവളും.... പിന്നെ താലം വെള്ളത്തിലേക്ക് വെച്ചു... താലത്തിലെ ചുവന്ന പൊടിയെടുത്തവൾ അവന്റെ നെറ്റിയിലേക്ക് നീട്ടി വരച്ചു..... അവന്റെ മൂക്കിൻ തുമ്പിലേക്ക് വീണ പൊടി മെല്ലെ അവൾ ഊതി കളഞ്ഞപ്പോൾ.. അറിയാതെ അവൻ കണ്ണടച്ച് പോയി.... അവളുടെ കൈകൾ വെള്ളത്തിൽ ഓളങ്ങളുണ്ടാക്കി താലത്തെ ഒഴുക്കി വിടുമ്പോൾ.. അവൾക്ക് ഒപ്പം ആര്യനും കൂടി..... "നന്നായി പ്രാർത്ഥിച്ചോ.... മനസ്സിൽ ഉള്ളതൊക്കെ നടക്കട്ടെ...." കൈൾ കൂപ്പി കണ്ണുകൾ അടക്കും മുന്നേ അവൾ പറഞ്ഞു.... "പ്രാർത്ഥിച്ചാൽ മാത്രം പോരാ... പ്രവർത്തിക്കുക കൂടെ വേണം...." അവളെ നോക്കി കണ്ണുകൾ ചിമ്മി അവൻ പറഞ്ഞപ്പോൾ അവൾ മെല്ലെയൊന്ന് ചിരിച്ചു.... "ആനി... എനിക്ക് ഒരു കാര്യം പറയാന്നുണ്ട്....." വീട്ടിലേക്ക് തിരിച്ചു നടക്കവേ... അവളുടെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് അദ്രി പറഞ്ഞു... സരസ്വതിയമ്മയുടെ കൂടെ നടക്കവേ ആര്യൻ കണ്ണുകൾ കൂർപ്പിച്ചൊന്ന് തിരിഞ്ഞു നോക്കി... പിന്നെ അമ്മയുടെ കയ്യിൽ പിടിച്ചു വഴി വിളക്കിന്റെ വെളിച്ചത്തിൽ മുന്നോട്ട് നടന്നു.... "എന്താ അദ്രി...." ആനി അദ്രിക്ക് നേരെ തിരിഞ്ഞു... അവന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു... "ആനി ആര്യനെ എനിക്ക് തീരെ ഇഷ്ടവുന്നില്ല... അവൻ അപകടകാരിയാണ്... നീ അവനോട് കൂടുതൽ അടുക്കണ്ട...." അദ്രി അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.. ആനി മുഖം ചുളിച്ചു... "അതേടി... അവന്റെ കയ്യിൽ ഞാൻ തോക്ക് കണ്ടു... കൂടാതെ അവന്റെ പിന്നാലെ നരേന്ദ്രന്റെ ആളുകളുണ്ട്... അവൻ കാരണം നമ്മളൊക്കെ അപകടത്തിലാവും...."

അദ്രി ഉള്ളിലെ ആദി പുറത്ത് കാണിച്ചു... ആനിക്ക് ചിരി പൊട്ടി.. "എടാ പൊട്ടാ...ഗൺ അവന്റെ കയ്യിൽ ഞാനും കണ്ടിട്ടുണ്ട്... എന്ന് വെച്ച് അവനെ തെറ്റിദരിക്കണ്ട... ഇന്ന് രാവിലെ എന്റെയമ്മക്ക് അങ്ങനെ ഒരവസ്ഥ വന്നപ്പോൾ അവനെ ഉണ്ടായിരുന്നുള്ളൂ...." "നിനക്ക്...എന്താ...." അദ്രി എന്തോ പറയും മുന്നേ ആനി നടന്ന് നീങ്ങിയിരുന്നു... അവൾ വീട്ടിൽ എത്തുമ്പോൾ ആര്യൻ ഫോണിൽ നോക്കി അരമതിലിൽ ഇരിപ്പുണ്ട്.... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി... ഡ്രെസ് മാറി ഫ്രഷ് ആയി വന്നപ്പോൾ അമ്മ അടുക്കളയിൽ യുദ്ധത്തിലാണ്.... ഇന്നും ചപ്പാത്തിയാണ്...അപ്പൊ നാളെ പൂരിയാവും.... അവൾ ചിരിച്ചു കൊണ്ട് ഓർത്തു.... അപ്പോഴാണ് ഉച്ചക്ക് ക്ഷേത്രത്തിൽ വെച്ച് ആര്യൻ ഫോണിൽ സംസാരിച്ചത് അവൾക്ക് ഓർമ വന്നത്.... ചിരിയോടെ അവൾ അമ്മക്ക് അരുകിലേക്ക് ചെന്നു. ആര്യൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ നല്ല മസാലകറിയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറി... മുന്നിലേക്ക് ആവി പാറുന്ന ചോറ് എത്തി..... ആനി ഒരു പ്ലേറ്റ് എടുത്തു വെച്ച് അവന് വിളമ്പി കൊടുത്തു... ആര്യൻ അത്ഭുതത്തോടെ അവളെ നോക്കി.... "ഇവിടെ മലയാളികൾ കൂടുതൽ ആയോണ്ട് പല തരം അരികൾ കിട്ടും.... " അവന്റെ നോട്ടത്തിനർത്ഥം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു... അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അത് വാരി കഴിച്ചു.... ആനി താടിക്കും കൈ കൊടുത്ത് അവനെ നോക്കി ഇരുന്നു.... "കൊള്ളാവോ...??"അവന്റെ വാക്കുകൾക്ക് കൊതിയോടെ അവൾ കാതോർത്തു... "Mm.... ടേസ്റ്റി..." അവൻ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് അവളുടെ മനസ്സ് നിറഞ്ഞു... "ഞങ്ങളുടെ നാട്ടിൽ പെട്ടുവല്ലേ..." അവൾ സങ്കടത്തോടെ ചോദിച്ചു.... അതിനവൻ ചിരിച്ചു... "പോകണം എന്ന് വിചാരിച്ചാൽ ആര്യന് പോകാൻ കഴിയും...പക്ഷേ എന്തോ ഒന്ന് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നു..." അവൻ അവളോടായി പറഞ്ഞു........................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story