ഹൃദയസഖി...♥: ഭാഗം 16

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

പുലർച്ചയോട് അടുക്കുമ്പോൾ ആണ് ഹർഷൻ മുറിയിലേക്ക് കയറിവന്നത്... മുറിയിൽ ആകെ നോക്കിയിട്ടും നിവ്യയെ കണ്ടില്ല ബാത്‌റൂമിൽ നിന്നും പൈപ്പ് തുറന്നിട്ട ശബ്ദം കേട്ടതും അങ്ങോട്ടേക്ക് ഒന്ന് നോക്കി കൊണ്ട് ബെഡിൽ ചെന്ന് കിടന്നു കൊണ്ട് ഫോണിൽ നോക്കി കിടന്നു... ഏറെ നേരം ആയിട്ടും നിവ്യയെ കാണാഞ്ഞിട്ട് ബാത്‌റൂമിന്റെ കതകിൽ തട്ടി വിളിച്ചു... തിരിച്ച് ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് കതക് ഒന്ന് ആഞ്ഞ് ഉന്തിയതും കണ്ടു... നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്ന നിവ്യയെ... തറയിൽ ആകെ രക്തനിറത്തിൽ ഒഴുകുന്ന വെള്ളം കണ്ടതും അവൻ അവൾക്ക് അരികിലേക്ക് ചെന്നു... കവിളിൽ ഒന്ന് തട്ടി വിളിച്ചു... അനക്കമില്ല...!! മൂക്കിന് തുമ്പിൽ വിരൽ വെച്ച് നോക്കി... ഇല്ല ശ്വാസവും ഇല്ല...!! വീണ്ടും വീണ്ടും തട്ടി വിളിച്ച് കൊണ്ടിരുന്നു... അനക്കമില്ലാതെ കിടക്കുന്ന നിവ്യയെ കാൻകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി അവന്... വേഗം താഴേക്ക് ചെന്ന് അമ്മയെ വിളിച്ച് വന്നു... മുറിയിൽ എല്ലാവരും കൂടി...

ചലനമറ്റ് കിടക്കുന്ന നിവ്യയെ നോക്കി എല്ലാവരും കണ്ണീർ വാർക്കുമ്പോഴും ഒരു തുള്ളി വെള്ളം പോലും അവൾക്ക് വേണ്ടി ഹർഷൻ പൊഴിച്ചില്ല... "അല്ലേലും ആരായിരുന്നു തനിക്കവൾ... തന്റെ ആവിശ്യം തീർക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം...ഒന്നല്ലെങ്കിൽ ഒന്ന്..."പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി... വാഡ്രോബിൽ വെച്ച നിവ്യയുടെ ഡയറി അവിടെ ഭദ്രമായിരുന്നു...!! ____________♥️ തളർന്നുറങ്ങുന്ന തന്റെ പെണ്ണിനെ ഒന്ന് നോക്കി സിന്ദൂരം മയങ്ങുന്ന നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു.. ശേഷം താഴെ കിടന്ന മുണ്ടുടുത്ത് ഒന്ന് കുളിച്ചിറങ്ങി ചായ വെച്ച് രണ്ട് കപ്പിൽ എടുത്ത് ഒന്ന് അവൻ കുടിച്ച് മറ്റേത് മുറിയിലെ ടേബിളിൽ വെച്ച് അരുമയായി നിലയുടെ തലയിൽ ഒന്ന് തലോടി മുൻവാതിൽ അടച്ച് അവൻ കവലയിലേക്ക് പുറപ്പെട്ടു... നേരം ഒത്തിരി വൈകിയാണ് നില ഉറക്ക് ഉണർന്നത്... കണ്ണുകൾ തുറന്ന് അരികിലേക്ക് ഒന്ന് നോക്കി അടുത്ത് അനന്തനെ കണ്ടില്ല... മധുരമൂറുന്ന ഇന്നലെയിലെ രാത്രിയുടെ ഓർമ മനസ്സിലേക്ക് തികട്ടി വന്നതും കവിളുകൾ അസ്തമയ സൂര്യന്റെ ചെഞ്ചോപ്പിനെക്കാൾ ചുവന്നു ....

കഴുത്തിലെ താലിയിൽ കൈകൾ മുറുകി... എണീറ്റ് കുളിച്ചിറങ്ങി ഒരു മഞ്ഞ ചുരിദാർ ഉടുത്തിട്ടു... സിന്ദൂര രേഖയിൽ സിന്ദൂരം നീട്ടി ചുവപ്പിച്ചു... ഏറെ നേരം കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് തന്നെ ഉറ്റുനോക്കി...പതിവിലും കൂടുതൽ തന്റെ പ്രാണന്റെ കരാലാളനയിൽ ഏർപ്പെട്ട് സുന്ദരി ആയത് പോലെ... നാണത്തോടെ അവൾ മിഴികൾ താഴ്ത്തി... അപ്പോഴാണ് കതക് തുറന്ന് അനന്തൻ വെപ്രാളത്തോടെ അകത്തേക്ക് വന്നത്... ചിരിയോടെ അവന്റെ അരികിലേക്ക് ചെന്ന് നില അവനെ കെട്ടിപ്പുണർന്നു... എന്ത് പറയും ഏത് പറയും എന്നറിയാതെ അനന്തൻ അങ്ങനെ തന്നെ നിന്നു... ഏറെ നേരം ആയിട്ടും തന്നെ തിരിച്ച് അനന്തന്റെ കൈകൾ പുണരാത്തത് കൊണ്ട് സംശയത്തോടെ അവനെ നോക്കിയതും മറ്റെങ്ങോ മിഴികൾ പായിച്ച് നിൽക്കുന്ന അവനെ കണ്ടതും അവൾ സംശയത്തോടെ അവനെ നോക്കി.. "എന്ത് പറ്റി അനന്തേട്ടാ.. എന്താ മുഖത്താകെ ഒരു വല്ലായ്മ...?!" കൈകൾ അവന്റെ മുഖം കോരി എടുത്ത് അവൾ ചോദിച്ചതും കുറച്ച് നേരം അവൻ അവളെ തന്നെ നോക്കി നിന്നു.. "നിലക്കുട്ടി ഞാനൊരു കാര്യം പറഞ്ഞോട്ടെടാ...?"

അവൻ ചോദിക്കേണ്ട താമസം അവളുടെ ചുണ്ടുകൾ കൂർത്ത് വന്നു... "അതിന് സമ്മതം ചോദിക്കണോ.. ഒന്ന് പറയ്യ് ന്റെ ഏട്ടാ..." "അത്... അത് നിവ്യ..." "ചേച്ചിക്ക് എന്താ..." "അത്... നീ വാ നമുക്ക് ഒരിടം വരെ പോവാം..."അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി അവൻ കതകടച്ചു... _________❤️ നേരെ ജിപ്സി ചെന്ന് ബ്രേക്ക്‌ ഇട്ടത് ഹർഷന്റെ വീടിനു മുന്നിൽ ആണ്... വീട് മുറ്റത്ത് കൂടി നിൽക്കുന്ന ആളുകളും അകത്ത് നിന്നുള്ള കൂട്ടകരച്ചിലും കേട്ട് നില സംശയത്തോടെ അനന്തനെ നോക്കി... പിന്നെ വർധിച്ച ഹൃദയമിടിപ്പോടെ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു... അനന്തന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു... ഏകദേശം അഞ്ച് വർഷത്തോളം ആയിക്കാണും ഈ പടി ചവിട്ടിയിട്ട്... വലിയൊരു തുക പണം ആരോ മോഷ്ടിച്ചതിന് അവസാനം പഴി ചാരിയത് തന്റെ മേൽ ആയിരുന്നു... ഒരു നായയെ അടിച്ചാട്ടും പോലെയാണ് തന്നെ ഈ പടി ഇറക്കി വിട്ടത്... അന്ന് മുതൽ ഈ ഭാഗത്തേക്ക് അറിയാതെ പോലും ഒന്ന് എത്തി നോക്കാൻ ശ്രമിച്ചിട്ടില്ല... അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം അകത്തേക്ക് കയറുമ്പോൾ ഉള്ളം ഒന്ന് വിരപൂണ്ട് പോയി...

മുറ്റത്ത് തന്നെ നിൽക്കുന്ന ഹർഷനെ അവനൊന്ന് നോക്കി... കരഞ്ഞിട്ട് ആണെന്ന് തോന്നുന്നു കണ്ണെല്ലാം ചുവന്നിട്ടുണ്ട്... അകത്തേക്ക് കയറിയതും കണ്ടു ഒരു മൂലയിൽ നിന്ന് കണ്ണീർ അടക്കാൻ പാട് പെടുന്ന നിലയെ... അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ചതും ഞെട്ടറ്റ താമര കണക്കെ തന്റെ നെഞ്ചിലേക്ക് വീണു പോയിരുന്നു അവൾ... _______❣ നിലക്കുട്ടി....!! വാത്സല്യത്തോടെ തന്നെ വിളിക്കുന്ന നിവ്യയുടെ മുഖം മുന്നിൽ തെളിഞ്ഞതും നില കണ്ണുകൾ വെട്ടി തുറന്നു... താഴെ നിന്നും ആരുടെ ഒക്കെയോ നിലവിളികൾ കേൾക്കാം... കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നിന്നതും പുറത്ത് നിന്ന് ആരോ കതക് അടച്ചിട്ടുണ്ട്... കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിറങ്ങി... ചിരിയും കുസൃതിയും കലർന്ന നിവ്യയും ഒത്തുള്ള ഒത്തിരി നല്ല നിമിഷങ്ങൾ കടന്ന് പോയി... മിഴികൾ ഉയർത്തി നോക്കിയതും ചുവരിൽ തൂക്കി ഇട്ട നിവ്യയുടെയും ഹർഷന്റെയും ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടു... മെല്ലെ എഴുന്നേറ്റ് അതിൽ ഒന്ന് തലോടി... "എന്തിനാ ചേച്ചിയേ... നീ...?!" കാരണം തേടാതെ അവൾ കരഞ്ഞ് പോയി...

തൊണ്ട പൊട്ടും ഉച്ചത്തിൽ അവൾ അലറി അലറി കരഞ്ഞു... _________❣ "247 വെണ്ണിലാ... ഇന്നല്ലേ നിന്റെ കാലാവധി കഴിയുന്നത്... കൂട്ടാൻ ആള് വന്നിട്ടുണ്ട്... ഓഫീസിൽ ചെന്ന് സൈൻ ഇട്ട് പൊയ്ക്കോ..." പൂട്ടിയിട്ട ജയിൽ തുറന്ന് ഒരു ലേഡി കോൺസ്റ്റബിൾ പറഞ്ഞതും അവൾ അനുസരണയോടെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി... ഓഫീസിൽ ചെന്ന് സൈൻ ഇട്ട് മെയിൻ ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങിയതും കണ്ടു ജിപ്സിയിൽ ചാരി നിൽക്കുന്ന അനന്തേട്ടനെ...!! അഞ്ച് വർഷങ്ങൾ...!! ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ് തൂവി... ദൃതിപ്പെട്ട് അവന് അരികിലേക്ക് അവൾ ചെന്നതും അവളെ ഒന്ന് നോക്കി കൊണ്ട് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു... തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടിയിൽ കയറിയ അനന്തനെ അവൾ നിർവികാരത്തോടെ നോക്കി... സന്തോഷം അലതല്ലിയ ഉള്ളം മൂടികെട്ടിയ കാർമേഘം കണക്കെ ഇരുണ്ട് മൂടി... കണ്ണുകൾ തുടച്ച് ചിരിക്കാൻ ഒന്ന് ശ്രമിച്ച് കൊണ്ട് അവൾ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു... ജിപ്സി മുന്നോട്ട് എടുത്തു......... (തുടരും...).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story