ഹൃദയസഖി: ഭാഗം 13

hridaya sagi shamseena

രചന: SHAMSEENA

"ഡീ.. ദേ അവൻ വരുന്നുണ്ട്... " രേഖ പറഞ്ഞപ്പോൾ കൂട്ടുകാരികളോട് കത്തിയടിച്ചു കൊണ്ടിരുന്ന ചിത്ര തിരിഞ്ഞു നോക്കി... "ന്റെ പൊന്നേ... അടാറ് ലുക്ക്‌ ആണല്ലോ ഇന്ന് കാണാൻ.. " ചിത്രയുടെ കണ്ണുകൾ മിഴിഞ്ഞു... "ഇതൊക്കെ എന്ത്...ഇവനൊരു ചേട്ടനുണ്ട് ശിവ... അങ്ങേരുടെ ഏഴയലത്ത് എത്തൂല ഇവനൊന്നും... അങ്ങേര് ഇതിലും ഹോട് &ഹാൻഡ്‌സം ആണ്.." ശിവയുടെ മുഖം ആലോചിച്ചപ്പോൾ രേഖക്കുള്ളിൽ കുളിരു കോരി.. "എന്നാലേ അങ്ങേരെ നീയെടുത്തോ എനിക്ക് ഇവനെ മതി... " മാളുവിന്റെ കൂടെ നടന്നുവരുന്ന സച്ചുവിന്റെ മേൽ ചിത്രയുടെ കണ്ണുകൾ തറഞ്ഞു നിന്നു ... "അല്ലെടി.. അവനെന്തിനാ എപ്പോഴും ഈ പെണ്ണിന്റെ വാലിൻമേൽ തൂങ്ങി നടക്കുന്നത്.. " അവരെ ഒരുമിച്ചു കണ്ടതിന്റെ നീരസം അവൾ പ്രകടിപ്പിച്ചു.. "അവരങ്ങനെയാടി...കാണുന്നവർ പ്രേമമാണെന്നൊക്കെ തെറ്റിദ്ധരിക്കും.. പക്ഷെ അങ്ങനൊന്നും ഇല്ല..." "അതെങ്ങനെ നിനക്കറിയാം.. " "എന്റെ വീടിനടുത്താടി പൊട്ടിക്കാളി ഇവർ താമസിക്കുന്നത്... "

"ഓ അങ്ങനെ... എന്തായാലും നീ പറഞ്ഞു തന്നത് നന്നായി.. ഇല്ലേൽ ഞാനും തെറ്റിദ്ധരിച്ചേനെ... " "മ്മ്.. അതെനിക്ക് മനസ്സിലായി..നിനക്കവനെ വീഴ്ത്താൻ ഞാൻ നല്ലൊരു ഐഡിയ പറഞ്ഞു തരാം.." രേഖ അവളോട് സ്വകാര്യമായി പറഞ്ഞു.. "എന്ത് ഐഡിയ.. " "മാളുവേച്ചിയെ ചാക്കിലാക്കിയാൽ നിനക്കവനെ എളുപ്പത്തിൽ വീഴ്ത്താം.. " "നടക്കോ... " ചിത്ര അവളെ മൊത്തത്തിലൊന്ന് നോക്കി.. "പിന്നെ നടക്കാതെ.." "ശ്രമിച്ചു നോക്കാമല്ലേ..." "ബെല്ലടിച്ചു... ബാക്കി വായിനോക്കൽ ബ്രേക്കിന്.. " രേഖ ചിത്രയേയും വലിച്ചു ക്ലാസ്സിലേക്കോടി... **** ബ്രേക്കിന് ക്യാന്റീനിൽ ഇരുന്ന് ജ്യൂസ്‌ കുടിക്കുവാണ് മാളു അതോടൊപ്പം ഫോണിൽ നോക്കുന്നുമുണ്ട്.... ഇത് കണ്ട ചിത്ര പറ്റിയ അവസരം ഇതാണെന്നുറപ്പിച്ചു രേഖയേയും വലിച്ചു അവളുടെ അടുത്തേക്ക് ചെന്നു..തൊട്ടടുത്ത സീറ്റിൽ പോയിരുന്നു.. "മാളു ചേച്ചിയല്ലേ... " "അതെ.. " അവൾ ഫോണിൽ നിന്നും തലയുയർത്തി.. "ഞാൻ ചിത്ര.. ഫസ്റ്റ് ഇയർ സയൻസ്.. " മാളു അവളെ നോക്കി ചിരിച്ചു.. "ചേച്ചിയുടെ കൂടെയുള്ള മറ്റേ ആൾ എവിടെ.. " ചിത്ര നാലുപാടും കണ്ണുകൾ പായിച്ചു.. "ആര്.. സച്ചുവോ..?" അവളുടെ നെറ്റി ചുളിഞ്ഞു.. മാളുവിന്റെ മുഖഭാവം മാറിയതും രേഖ അവളുടെ കാലിനിട്ടൊന്ന് ചവിട്ടി..

"ആഹ്.. എന്താടി കുരിപ്പേ.." ചിത്ര അവളെ നോക്കി പല്ലു കടിച്ചു.. "ആക്രാന്തം കാണിക്കല്ലേ നാറി.." രേഖ ചിത്രക്ക് കേൾക്കാൻ പാകത്തിന് പതുക്കെ പറഞ്ഞുകൊണ്ട് മാളുവിന്റെ നേരെ തിരിഞ്ഞു.. "ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ.. " രേഖ ചോദിച്ചപ്പോൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.. പക്ഷേ ഇങ്ങനൊരാളെ കണ്ടതായി ഓർമയിൽ ഇല്ലായിരുന്നു.. "ഞാൻ നിങ്ങടെ വീടിനടുത്തുള്ള രാമേട്ടനില്ലേ അവരുടെ മോളാണ് രേഖ... " മാളുവിന് ഓർമ കിട്ടുന്നില്ലെന്ന് കണ്ടതും രേഖ പറഞ്ഞു.. "രാമേട്ടന്റെ മോളാണോ.. എനിക്ക് പെട്ടന്ന് കണ്ടപ്പോ ഓർമ കിട്ടിയില്ല.. കുഞ്ഞിലേ എപ്പോഴോ കണ്ടതല്ലേ.." "നിങ്ങളിപ്പോൾ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം... " രണ്ട് കയ്യും നെഞ്ചിലേക്ക് പിണച്ചുകെട്ടി കസേരയിലേക്ക് ചാഞ്ഞു.. "അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല... എന്നാൽ കാര്യമുണ്ട്താനും.. " രേഖ പറഞ്ഞു കൊണ്ട് ചിത്രയെ നോക്കി... കണ്ണും പിടിയും കാട്ടി ബാക്കി കൂടി പറയാൻ ചിത്ര ആംഗ്യം കാട്ടിക്കൊണ്ടിരുന്നു.. മാളു അവരെ തന്നെ ശ്രദ്ധിക്കുകയായിരുന്നു....

"നിങ്ങളിൽ ആർക്കാണ് സച്ചുവിനെ ഇഷ്ടം.. " കനത്ത മുഖത്തോടെ ചോദിച്ചുകൊണ്ട് മാളു മുന്നിലേക്ക് ആഞ്ഞു.. രണ്ടുപേരെയും മാറി മാറി നോക്കി.. ഉമിനീർ വിഴുങ്ങി കൊണ്ടവർ പരസ്പരം വിരൽ ചൂണ്ടി.. രേഖ താൻ അല്ലെന്ന മട്ടിൽ ദയനീയതയോടെ തലയാട്ടി.. മാളു വീണ്ടും കണ്ണുരുട്ടിയപ്പോൾ ചിത്രയുടെ വിരലുകൾ അവളുടെ നേരേക്ക് തന്നെ തിരിച്ചു പിടിച്ചു.. പെട്ടന്ന് മാളു പരിസരം മറന്നു പൊട്ടിച്ചിരിച്ചു... രേഖയും ചിത്രയും അവളുടെ ഭാവമാറ്റം കണ്ട് അമ്പരന്നു... ചുറ്റും ഇരിക്കുന്ന കുട്ടികൾ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും ചിരി നിർത്തി ഡീസന്റ് ആയി ഇരുന്നു.. "പേടിച്ചുപോയോ... " അന്തം വിട്ടിരിക്കുന്നു അവരെ നോക്കി ചോദിച്ചു.. ഇല്ലെന്നവർ യന്ത്രികമായി തലയാട്ടി.. ഈ പെണ്ണുമ്പിള്ളക്ക് വട്ടാണോ എന്നൊരു ധ്വനി ഇരുവരുടേയും നോട്ടത്തിൽ ഇല്ലാതില്ല... "മാളുവേച്ചിയല്ലേ എന്ന് ചോദിച്ചു വന്നപ്പോഴേ എനിക്ക് മനസ്സിലായിരുന്നു എന്തോ കാര്യസാധ്യത്തിനാണെന്ന്..." "മനസ്സിലായല്ലേ.. " "പിന്നേ.... " വല്യ കാര്യം കണ്ടുപിടിച്ചപോലെ മാളുപറഞ്ഞപ്പോൾ രേഖയും ചിത്രയും അവളെ നോക്കി ചമ്മിയ പോലെ ചിരിച്ചു... "ആരുടെ ബുദ്ധിയായിരുന്നു എന്നെ ഒടിച്ചു ചാക്കിലാക്കാം എന്നുള്ളത്.. " "ഇവൾടെ... " രണ്ട് പേരും ഒരുപോലെ പറഞ്ഞു...

മാളു അവരെയൊന്ന് ഇരുത്തി നോക്കി.. "എന്റെ പൊന്നു ചേച്ചി... ഈ മൂഷേട്ടയാ പറഞ്ഞത് ചേച്ചിയെ വലയിലാക്കിയാൽ സച്ചുവേട്ടനെ വീഴ്ത്താമെന്ന്... അല്ലാതെ ഞാൻ അങ്ങനൊന്നും ചിന്തിച്ചു കൂടി ഇല്ല... പാവം ഞാൻ.. " ചിത്ര കരയുന്നത് പോലെ ആക്ഷനിട്ടു... "എടി സമദ്രോഹി... നീയല്ലേ പറഞ്ഞത് അങ്ങേരെ വീഴ്ത്താൻ ഐഡിയ പറഞ്ഞുതരാൻ.. എന്നിട്ടവളിപ്പോ പറയുന്നത് കേട്ടില്ലേ..." രേഖ പല്ലിറുമ്മി... "ഒന്ന് നിർത്തോ രണ്ടാളും.." മാളു കൈ കൂപ്പി.. ഇരുവരും പോര് കോഴികളെ പോലെ നോക്കി മാളുവിന്‌ നേരെ തിരിഞ്ഞിരുന്നു. "എത്ര നാളായി ഇത് തുടങ്ങിയിട്ട്..." "അതിപ്പോ.. രണ്ട് മാസം .. " "രണ്ട് മാസമോ... " "മ്മ്.. കോളേജിൽ അടി നടന്നില്ലേ അന്ന് കയറി കൂടിയതാ.... മറക്കാൻ പറ്റുന്നില്ല ചേച്ചി..അസ്ഥിക്ക് പിടിച്ചുപോയി.... എവിടെ നോക്കിയാലും അങ്ങേരിങ്ങനെ നൂറ് വാൾട്ട് ബൾബിന്റെ പവറോടെ മുന്നിൽ തെളിഞ്ഞു നിൽക്കും.." കണ്ണുകൾ വിടർത്തി ചിത്ര പറഞ്ഞുകൊണ്ടിരുന്നു.. "ഇതിലിപ്പോൾ എന്റെ റോൾ എന്താ.. "

"ചേച്ചി എങ്ങനേലും ഏട്ടനോട് പറയണം എന്റെ ഇഷ്ടത്തെപറ്റി..ചേച്ചി പറഞ്ഞാൽ സച്ചുവേട്ടൻ കേൾക്കും.. പ്ലീസ് ചേച്ചി...."..??? ചിത്ര അവളുടെ രണ്ട് കൈകളും കൂട്ടി പിടിച്ചു... "ബെസ്റ്റ്...പ്രേമവും മണ്ണാങ്കട്ടയും ആണെന്ന് പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി അവൻ കാലേ വാരി നിലത്തടിക്കും.. നിനക്കറിയില്ല കൊച്ചേ അവനെ.." "ചേച്ചിക്കറിയാലോ ഏട്ടനെ.. പ്ലീസ്.. " "ഇതൊരു നടക്ക് പോവില്ല.. വിട്ടേ.. വിട്ടേ.. തന്നത്താൻ ചെന്ന് പറഞ്ഞാൽ മതി.. തടി കേടാവുന്ന ഒരു പരിപാടിക്കും ഞാനില്ല... " മാളു അവളുടെ കൈകൾ മാറ്റി ഫോൺ കയ്യിലെടുത്തു പോവാനൊരുങ്ങി.. "പ്ലീസ് ചേച്ചി..എനിക്ക് അങ്ങേരെ അത്രക്കും ഇഷ്ടമായത് കൊണ്ടാ ചേച്ചിയുടെ അടുത്തേക്ക് വന്നത്,,,എന്നിട്ടിപ്പോൾ...." ചിത്ര അവളെ കയ്യിൽ പിടിച്ചു നിർത്തി അവസാനത്തെ അടവ് പുറത്തെടുത്തു... അവളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ മാളുവിനും സങ്കടമായി... "ഉറപ്പ് പറയുന്നില്ല..ഞാൻ നോക്കട്ടെ... ജീവനുണ്ടേൽ നാളെ കാണാം.." അവളവരെ നോക്കി പറഞ്ഞു ക്യാന്റീനിൽ നിന്നും പുറത്തേക്കിറങ്ങി... "നല്ല ചേച്ചി അല്ലേടി.. " മാളു പോയ വഴിയേ നോക്കി ചിത്ര പറഞ്ഞു.. "നല്ലതാണോ ചീത്തയാണോ എന്ന് നാളെ അറിയാം.. എന്തായാലും ഞാൻ നാളെ ലീവാ..." "അതെന്താ "

"വെറുതെ എന്തിനാ വഴിയേ പോകുന്ന അടി ഏണി വെച്ച് ചാടി പിടിക്കുന്നെ..എന്റെ തടി ഞാൻ തന്നെ നോക്കണ്ടേ..." "അയ്യോ.. പണിയാവോ.. " ചിത്ര ഞെട്ടി കൊണ്ട് ചോദിച്ചു.. "മിക്കവാറും.. " "നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ കൂടെ പേടിപ്പിക്കാതെ ഇങ്ങോട്ട് വന്നേ.. നമുക്കാ ലൗ കോർണറിൽ പോയിരുന്നു ഇണക്കുരുവികൾ പഞ്ചാരയടിക്കുന്നത് കാണാം.. അതാവുമ്പോ എനിക്കൊരു പ്രാക്ടീസും ആവും.." ചിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു.. "ശവം.. നടക്കങ്ങോട്ട്... " കെർവിച്ചു കൊണ്ട് രേഖ അവളേയും കൂട്ടി അങ്ങോട്ട് നടന്നു... ****** വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് എത്തിയപ്പോൾ ഇത്തിരി വൈകിയിരുന്നു.. ഉമ്മറത്തു ഒരുങ്ങി നിൽക്കുന്ന അമ്മയേയും അച്ഛനേയും നോക്കി കൊണ്ട് മാളു ബൈക്കിൽ നിന്നും ഇറങ്ങി... "നിങ്ങളെന്താ വൈകിയേ... " സാരിയുടെ മുന്താണി ശെരിയാക്കി ദേവമ്മ ചോദിച്ചു.. "ലൈബ്രറിയിൽ നിന്നും കുറച്ച് ബുക്സ് റഫർ ചെയ്യാനുണ്ടായിരുന്നു.." മാളു ചെരുപ്പ് അഴിച്ചിട്ടു അകത്തേക്ക് കയറി.. "ആർക്ക്... " അച്ഛനവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.. "സച്ചുവിന്.. " അവളവരെ നോക്കി ഇളിച്ചു.. "അപ്പോൾ നിനക്കില്ലേ... " "എനിക്കതിന്റെ ആവശ്യമില്ല പിതാജി ... കാരണം ഞാൻ ജന്മനാ ബുദ്ധിയുള്ള കുട്ടിയാണ്... "

"അതെയതെ.. മന്തബുദ്ധി ആണെന്ന് മാത്രം.." ദേവമ്മ ഇടയിൽ കയറി കൗണ്ടർ അടിച്ചതും അവരെ നോക്കി ഗമയിൽ നിന്നിരുന്ന മാളു കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി.. "അച്ഛാ.. " "നിന്റെ അമ്മക്ക് കുശുമ്പാടി.. എന്റെ ബുദ്ധിയാ നിനക്ക് കിട്ടിയിരിക്കുന്നെ.. അതുകൊണ്ടെന്റെ മോൾക്ക് കൂടുതൽ പഠിത്തതിന്റെയൊന്നും ആവശ്യമില്ല.. ഇപ്പോൾ മാളൂസ് പോയി വേഗം റെഡിയായി വാ.. നമുക്കൊരിടം വരെ പോവാം." "എവിടെ..? " "ലച്ചുവിന്റെ വീട് വരെ.." "അവിടെയെന്താ.. " "ഞങ്ങൾ രണ്ടാളും മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോവാ... " "എന്താ.... " ശങ്കർ പറഞ്ഞത് മാളുവിന് കത്തിയില്ല.. "എടി പൊട്ടിക്കാളി നമ്മുടെ വീട്ടിലേക്ക് പുതിയൊരു അഥിതി വരാൻ പോകുവാണെന്ന്.. ലച്ചുവിന് വിശേഷമുണ്ടെന്ന്.." മാളുവിന്റെ മിഴികൾ വിടർന്നു.. അച്ഛനെ കെട്ടിപിടിച്ചു കൊണ്ടവൾ തുള്ളിചാടി..എന്നിട്ട് പെട്ടന്ന് റെഡിയായി വരാം എന്ന് പറഞ്ഞു മുറിയിലേക്ക് പോയി... വേഗം തന്നെ കയ്യിൽ കിട്ടിയൊരു ജീൻസും ലോങ്ങ്‌ ടോപ്പും എടുത്ത് ഫ്രഷാവാൻ കയറി... ഫ്രഷായി ഇറങ്ങി മുടി വെറുതെയൊന്ന് കോതി ഒരു ഹെയർ ബാന്റ് എടുത്ത് വെച്ചു.മുഖത്ത് കുറച്ച് പൗഡറും ഇട്ട് താഴേക്ക് ഓടി.. താഴെയെത്തിയപ്പോൾ എല്ലാവരുംപോവാൻ വേണ്ടി റെഡിയായി നിൽപ്പുണ്ട്..

ശിവയെ അവിടെയൊന്നും കാണാതെ വന്നപ്പോൾ പുറത്തേക്കിറങ്ങി നോക്കി... ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കാറിൽ ചാരി നിൽക്കുന്നുണ്ട്... ഇങ്ങേർക്ക് ഇത് തന്നെയാണോ പണി.. ശിവയെ നോക്കി പിറുപിറുത്തു സച്ചുവിനെ തിരഞ്ഞു.... സച്ചു കുറച്ച് മാറി ബൈക്കിലെ കണ്ണാടിയിൽ നോക്കി മുടി ശെരിയാക്കുന്നുണ്ട്... "ഇനി വൈകിക്കണ്ട.. നമുക്കിറങ്ങിയാലോ ശിവാ.. " വല്യമ്മാവൻ ശിവയോട് ഉറക്കെ വിളിച്ചു ചോദിച്ചു.. "ദാ വരുന്നു അമ്മാവാ.. " ശിവ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലേക്കിട്ടു കാറിലേക്ക് കയറി.... സച്ചുവും വല്യമ്മാവനും ബൈക്കിലും മറ്റുള്ളവർ കാറിലുമാണ് ലക്ഷ്മിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്... മാളു അമ്മമാരുടെ ഇടയിലായി പിൻസീറ്റിലാണ് ഇരുന്നിരുന്നത്... ശിവയുടെ പ്രണയം ഒളിപ്പിച്ച നോട്ടം ഇടയ്ക്കിടെ അവളെ തേടിയെത്തി.. നാണം കൊണ്ടവളുടെ മിഴികൾ താഴുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായൊരു കുസൃതി ചിരി വിരിയും... അങ്ങനെ നാട്ടു വിശേഷങ്ങളും അമ്മമാരുടെ പരദൂഷണവുമെല്ലാം കേട്ട് ലച്ചുവിന്റെ വീടെത്തി... അവരുടെ മുൻപേ സച്ചുവും വല്യമ്മാവനും അവിടെ എത്തിയിരുന്നു... ശിവയുടെ കാർ വരുന്നത് കണ്ടപ്പോൾ അവർ അവരുടെ അടുത്തേക്ക് വന്നു.. എല്ലാവരും കാറിൽ നിന്നിറങ്ങിയതും ലച്ചു അവരെ കണ്ട സന്തോഷത്തിൽ ഓടി അടുത്തേക്ക് വന്നു..

മാളൂസേ എന്ന് വിളിച്ചുകൊണ്ടു അവളെ ഇറുകെ കെട്ടിപിടിച്ചു.. പിന്നെ അവരെയെല്ലാം കൂട്ടി അകത്തേക്ക് നടന്നു.. സച്ചുവും ശിവയും കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം കാറിന്റെ ടിക്കിയിൽ നിന്നും എടുത്തു അകത്തേക്ക് വെച്ചു.. അഭിഷേക് വന്നു ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.. അവർ ഉമ്മറത്തെ തിണ്ണയിലേക്ക് ഇരുന്നു.. അവരുടെ കൂടെ അക്ഷയും വന്നിരുന്നു... അവന്റെ കണ്ണുകൾ അപ്പുറത്തു ലച്ചുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന മാളുവിലേക്ക് പാളി വീണുകൊണ്ടിരുന്നു.. ഇത് മനസ്സിലാക്കിയ ശിവ മാളുവിനെ മറക്കാനെന്നോണം ഒന്നുകൂടെ നിവർന്നിരുന്നു... അക്ഷയുടെ മുഖം ചുളിയുന്നത് ശിവ ഇടം കണ്ണാലെ കണ്ടു.. ഇത് കണ്ട സച്ചു ചിരിയടക്കി പിടിച്ചിരുന്നു അഭിഷേകിനോട് സംസാരം തുടർന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അഭിഷേകിന്റെ അമ്മ വന്നു എല്ലാവരേയും ചായ കുടിക്കാൻ ഡെയിനിങ് ഹാളിലേക്ക് കൊണ്ടുപോയി... കളിച്ചു ചിരിച്ചു വിശേഷങ്ങൾ പറഞ്ഞു ചായ കുടിക്കുന്നതിനിടയിൽ ആണ് അഭിഷേകിന്റെ അമ്മ ഉഗ്രനൊരു പടക്കം പൊട്ടിച്ചത്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story