ഹൃദയസഖി: ഭാഗം 14

hridaya sagi shamseena

രചന: SHAMSEENA

"എന്റെ ആങ്ങളക്കൊരു മോളുണ്ട് അശ്വതി.. അവൾക്ക് വേണ്ടി ശിവൻ മോനെ ആലോചിച്ചാലോ എന്ന് ഇന്നാള് വന്നപ്പോൾ ഏട്ടൻ ചോദിച്ചു... അവർക്കാണേൽഅഭിയുടേയും ലച്ചുവിന്റെയും വിവാഹത്തിന് കണ്ടിട്ട് ശിവയെ നന്നായി ബോധിച്ചമട്ടാണ്.." ഉത്സാഹത്തോടെ അഭിയുടെ അമ്മ പറഞ്ഞു.. അത് കേട്ടപ്പോൾ ശിവയുടേയും മാളുവിന്റേയും ഉള്ളിൽ സ്ഫോടനം നടന്നെങ്കിലും മറ്റുള്ളവരുടെ മുഖത്ത് ഹൈ വോൾട്ടേജിൽ LED ബൾബ് കത്തി ചുറ്റും പ്രകാശം പരത്തി.. കാര്യം മനസ്സിലായിട്ടും മുപ്പത്തി രണ്ടു പല്ലും കാട്ടി ഇളിച്ചു കൊണ്ടിരിക്കുന്ന സച്ചുവിന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു മാളു.. "എന്തുവാടി കുട്ടിപിശാശ്ശെ.." പല്ലു കടിച്ചു കൊണ്ടവൻ മുരണ്ടു.. ഉണ്ടകണ്ണുകൾ അവനു നേരെ ഉരുട്ടി പേടിപ്പിച്ചു... "അതിപ്പോ എടി പിടിന്ന് തീരുമാനിക്കാൻ ഒക്കത്തില്ലല്ലോ.. കുട്ടികളുടെ താല്പര്യം കൂടി നോക്കണ്ടേ... " എല്ലാവരേയും നോക്കി കൊണ്ട് വല്യമ്മാവൻ പറഞ്ഞു... "അമ്മാവൻ പറഞ്ഞതിലും കാര്യമുണ്ട് അമ്മേ.. ശിവന്റേയും ആശ്വതിയുടേയും ഇഷ്ടം നോക്കണ്ടേ... "

"എന്നാൽ നമുക്ക് മുറപോലെ പെണ്ണുകാണൽ ചടങ്ങ് നടത്താം... " അഭിയുടെ അമ്മക്ക് ധൃതിയായി.. "നീയിങ്ങനെ ധൃതി കൂട്ടാതെ.. എന്താ വേണ്ടതെന്ന് വെച്ചാൽ നമുക്കെല്ലാവർക്കും കൂടി പിന്നീട് ആലോചിച്ചു തീരുമാനിക്കാം.. എന്താ മാധവാ അങ്ങനെ പോരെ...." "അതുമതി.. സമയം ഇനിയും ഉണ്ടല്ലോ.. വെറുതെയെന്തിനാ വെപ്രാളം.. " വല്യമ്മാവൻ പറഞ്ഞുകൊണ്ട് ശിവയെ നോക്കി കണ്ണടച്ചു കാണിച്ചു.. ശിവക്ക് പിന്നെയവിടെ ഇരിക്കാൻ തോന്നിയില്ല.. അവനെഴുന്നേറ്റ് പുറത്തേക്കിറങ്ങി.. പോകുന്നതിനിടയിൽ മാളുവിനെയൊന്ന് നോക്കി തെളിച്ചമില്ലാത്തൊരു ചിരി സമ്മാനിച്ചു... "ശിവയ്ക്ക് എന്തെങ്കിലും ഇഷ്ടക്കേടായോ ഇങ്ങനൊരു കാര്യം ഈ സന്ദർഭത്തിൽ പറഞ്ഞപ്പോൾ.. " അഭിയുടെ അമ്മ മടിച്ചു കൊണ്ട് ചോദിച്ചു.. "ഏയ്‌.. അങ്ങനൊന്നും ഇല്ല.. അവനിപ്പോഴേ വിവാഹം കഴിക്കാനുള്ള പ്ലാനൊന്നും ഇല്ല.. ലൈഫ് ഒന്നുകൂടെ സെറ്റിൽഡ് ആവട്ടെ എന്നിട്ട് മതി ഒരു ഫാമിലി ലൈഫ് എന്നൊക്കെയാണ് അവന്റെ കാഴ്ചപ്പാട്.. അതാണ് പെട്ടന്ന് വിവാഹക്കാര്യം കേട്ടപ്പോൾ എഴുന്നേറ്റ് പോയത്.." രുക്മിണിയമ്മ പറഞ്ഞു..

"എന്തായാലും വീട്ടിൽ ചെന്ന് നിങ്ങൾ എല്ലാവരും കൂടിയൊന്ന് ആലോചിച്ചു വിവരം പറയൂ.. ഇപ്പൊ എല്ലാവരും ചായ കുടിക്ക്.. " അഭിയുടെ അച്ഛൻ സന്ദർഭത്തിന് അയവ് വരുത്തി.. പിന്നീടെല്ലാവരും സാധാരണ രീതിയിൽ തന്നെ പെരുമാറി..പക്ഷേ മാളുവിന്റേയും ശിവയുടേയും ഉള്ള് പുകഞ്ഞു കൊണ്ടിരുന്നു... നേരം ഇരുട്ടി തുടങ്ങിയപ്പോൾ യാത്ര പറഞ്ഞു ലച്ചുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി... തിരികെ പോവുമ്പോൾ മാളു സച്ചുവിന്റെ കൂടെ ബൈക്കിൽ കയറി.. അവളുടെ മുഖമപ്പോഴും കാർമേഘം പോലെ മൂടികെട്ടി കിടക്കുവായിരുന്നു... യാത്രക്കിടയിലും അവളൊന്നും മിണ്ടിയില്ല സച്ചുവിനോട്.. ചിത്രയെ പറ്റി പറയണമെന്നെല്ലാം വിചാരിച്ചതായിരുന്നു മാളു.ഇപ്പോൾ അതിനെ പറ്റിയൊന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് സച്ചുവിന്റെ തോളിലേക്ക് തലവെച്ചു കിടന്നു.. "മാളുസേ.. സങ്കടമായോടാ.. " സച്ചു വാത്സല്യത്തോടെ ചോദിച്ചു.. എത്ര വലുതായെന്ന് പറഞ്ഞാലും ഇപ്പോഴും അവളുടെ കണ്ണൊന്നു കലങ്ങിയാൽ പിടയുന്നത് അവന്റെ നെഞ്ചാണ്..

ഒരുപക്ഷെ ശിവയേക്കാൾ ഒരു പടി മുന്നിൽ അവളെ മനസ്സിലാക്കിയതും സ്നേഹിക്കുന്നതും അവൻ തന്നെ ആണ്.. അവളൊന്നും മിണ്ടാതെ അവനെ ഒന്നുകൂടെ ഇറുകെ പിടിച്ചു.. "നീ പേടിക്കേണ്ട മാളൂസേ.. ഒളിച്ചോടി പോയിട്ടാണേലും നിങ്ങടെ കല്യാണം ഞാൻ നടത്തി തന്നിരിക്കും... " "ഒന്ന് പോടാ..നേരെ ചൊവ്വേ വീടിനു പുറത്തേക്കിറങ്ങാൻ പേടിയുള്ള നീയാണോ ഞങ്ങളെയും കൊണ്ട് ഒളിച്ചോടുന്നെ.." ഇനിയും താനിങ്ങനെ ഇരുന്നാൽ സച്ചുവിന് വിഷമമാവും എന്നറിയാവുന്നത് കൊണ്ട് മാളു കലിപ്പ് മോഡ് ഓൺ ആക്കി.. "കണ്ടോടി.. എന്റെ ധൈര്യം തെളിയിക്കാൻ ഞാൻ ഏതേലും ഒരു പെണ്ണിനെ വളച്ചു കുപ്പിയിലാക്കി അവളേയും കൊണ്ട് ഒളിച്ചോടും.." "നീയല്ല അവളായിരിക്കും നിന്നെയും കൊണ്ട് പോവുന്നത്..ജാഗ്രതൈ.." മാളു അവനൊരു മുന്നറിയിപ്പ് നൽകി.. പെട്ടന്നവൻ ബൈക്ക് ഒതുക്കി അവളുടെ നേരെ തിരിഞ്ഞു.. "അതാരാണാവോ അങ്ങനൊരു അവതാരം.. " അവന്റെ നെറ്റി ചുളിഞ്ഞു.. "ഉണ്ട് മോനെ ഉണ്ട്.. അമിട്ടിന് കയ്യും കാലും വെച്ചൊരു ഐറ്റം..

അവളൊന്നൊരുങ്ങി ഇറങ്ങിയാൽ നിന്നെയവൾ വരച്ച വരയിൽ നിർത്തും.." സച്ചു കണ്ണുകൾ കൂർപ്പിച്ചു... "നീയിങ്ങനെ നോക്കുവൊന്നും വേണ്ട... ഉള്ളത് തന്നെയാ... ഇന്നെന്റെ മുന്നിൽ അപേക്ഷയുമായി വന്നിരുന്നു കക്ഷി.. " "എന്താടാ ഇവിടെ നിൽക്കുന്നെ .. " മാളു പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ സച്ചുവിന്റെ ബൈക്ക് ഒതുക്കിയത് കണ്ട ശിവ ചോദിച്ചു. "ഒന്നുമില്ലേട്ടാ... നിങ്ങൾ വിട്ടോ.. ഞങ്ങൾ വന്നോളാം.." "അധികം നിന്ന് ചുറ്റി തിരിയാതെ വേഗം വന്നേക്കണം കേട്ടല്ലോ.. " ദാസൻ കാറിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു.. ഇരുവരും ശെരിയെന്ന മട്ടിൽ ഒരുപോലെ തലയാട്ടി. ശിവ ഇരുവരേയും കടുപ്പിച്ചൊന്ന് നോക്കി കാർ മുന്നോട്ടെടുത്തു.. "ആരാടി ആ മൊതല്.." അവർ നീങ്ങിയതും അവൻ വീണ്ടും ചോദിച്ചു.. "അയ്യടാ.. എന്തൊരു ശുഷ്‌കാന്തി.. ആരാണെന്നറിഞ്ഞിട്ട് നാളെ പോയി ആ പെണ്ണിനെ കടിച്ചു കീറാനല്ലേ..ഈ കാര്യത്തിൽ നീയും ശിവേട്ടനും കണക്കാ.." "അത് ശെരിയാ..പക്ഷേ ഇപ്പൊ അങ്ങനെ അല്ല.. നീ അങ്ങേരെ കണ്ണും കലാശവും കാട്ടി മയക്കിയെടുത്തില്ലേ.. ഇനിയിപ്പോ അങ്ങേരുടെ വിധി..വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.." "പോടാ തെണ്ടി..അങ്ങേരെന്നെ ഉമ്മിക്കുന്നത് കണ്ടാൽ നീയിതൊക്കെ തിരുത്തി പറയും.." "ഉമ്മിക്കുകയോ..?"

മാളു പറഞ്ഞത് മനസ്സിലാവാതെ അവനൊന്നു കൂടെ ചോദിച്ചു.. "ഏ.. ഏയ്‌.. അതൊന്നുമില്ല... വണ്ടിയെടുത്തേ നമുക്കേ സ്ഥലം കാലിയാക്കാം.. " അവൾ വേഗം തടി തപ്പി.. "എന്തോ ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ... " അവനവളെ അടിമുടി ഉഴിഞ്ഞു നോക്കി.. "ഒന്നുമില്ലെന്റെ പൊന്നേ.. നീയേ വണ്ടിയെടുത്തേ... " അവന്റെ തോളിൽ പതിയെ തട്ടിക്കൊണ്ടു പറഞ്ഞു.. മാളു പറഞ്ഞത് വിശ്വാസമാവത്ത പോലെ അവളെയൊന്ന് ചുഴിഞ്ഞു നോക്കി അവൻ ബൈക്ക് എടുത്തു. "അല്ല മാളൂസേ നീ ആ പെണ്ണ് ഏതാണെന്നു പറഞ്ഞില്ല.. " "അതൊക്കെ വഴിയേ അറിയാം.. ചോദിക്കുന്നത് കേട്ടാൽ തോന്നും നീ നാളെത്തന്നെ അവളെയും കൊണ്ട് ഒളിച്ചോടാൻ പോകുവാണെന്നു.." "ചുമ്മാ..ഒരു ക്യൂരിയോസിറ്റി..." "എങ്കിലേ ആ സിറ്റി ഇപ്പൊ ഇവിടെ കെട്ടിപ്പൊക്കേണ്ട.. " രണ്ടുപേരും അടിപിടി കൂടി വീട്ടിൽ എത്തിയത് തന്നെ അറിഞ്ഞില്ല.. അപ്പോഴേക്കും മാളുവിന്റെ മനസ്സും ശാന്തമായിരുന്നു.. സച്ചുവിനേയും മാളുവിനേയും കണ്ടതും ശങ്കർ തിണ്ണയിൽ നിന്നും എഴുന്നേറ്റു ദാസനോട് പറഞ്ഞു അവളേയും കൂട്ടി വീട്ടിലേക്ക് നടന്നു. ***** തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ശിവക്ക് ഉറക്കം വന്നില്ല.. അഭിയുടെ അമ്മ പറഞ്ഞ കാര്യങ്ങളിങ്ങനെ മനസ്സിലേക്ക് തികട്ടി വരുന്നു.. മാളുവിനെ കാണണമെന്നവന് അതിയായ മോഹം തോന്നി..

പിന്നൊന്നും ആലോചിക്കാതെ മുറിയുടെ പുറത്തേക്കിറങ്ങി ചുറ്റും ആരും ഇല്ലെന്ന് ഉറപ്പു വരുത്തി.. പമ്മി പമ്മി താഴേക്കിറങ്ങുമ്പോഴാണ് സച്ചുവിന്റെ മുറിയിൽ നിന്നും ബഹളം കേൾക്കുന്നത്.. വെട്ട്,പിടിക്ക് എന്നൊക്കെ പറയുന്നുണ്ട് അതിൽ നിന്ന് തന്നെ മനസിലാക്കാം അവൻ എന്താണ് അതിനുള്ളിൽ ചെയ്യുന്നതെന്ന്.. "ഈ തെണ്ടിക്ക് ഉറക്കവും ഇല്ലേ എന്റീശ്വരാ. " ആത്മഗതിച്ചു കൊണ്ട് ശിവ കള്ളന്മാരെ പോലെ പതുങ്ങി നടന്നു... മാളുവിന്റെ വീടിന്റെ മുൻ വശത്തു എത്തിയപ്പോഴാണ് കുട്ടിക്ക് അക്കാര്യം ഓർമ വന്നത്.. "എങ്ങനെ അകത്തു കടക്കും..ഫോൺ ആണേൽ എടുത്തുമില്ല.. അല്ലേൽ മാളുവിനെ വിളിക്കാമായിരുന്നു.." അങ്ങനെ വീടിനു ചുറ്റും നടന്നു ഒരു ഏണി സംഘടിപ്പിച്ചു കൊണ്ടുവന്നു മാളുവിന്റെ റൂമിന്റെ ഭാഗത്തേക്ക്‌ ചാരി വെച്ചു മുകളിലേക്ക് കയറി.. അവിടെ നിന്നിട്ടവനൊന്ന് താഴേക്ക് നോക്കി.. ഇതെങ്ങാനും ആരെങ്കിലും കണ്ടാൽ എന്റെ കഥ കഴിഞ്ഞത് തന്നെ.. ഹ്മ്മ് അല്ലേലും പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ... പതിയെ ഓടിളക്കി മാറ്റി എങ്ങനെയൊക്കെയോ മാളുവിന്റെ മുറിയിലേക്ക് ചാടി.. "അമ്മേ... " ചക്ക വീഴുന്നത് പോലെയൊരു ശബ്‍ദം കേട്ട് മാളു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. ശിവ വേഗം വന്നവളുടെ വാ പൊത്തി..

"ഒച്ചവെക്കാതെടി കുരുട്ടെ.. ഇത് ഞാനാണ്.. " അവൾ അടങ്ങിയതും അവൻ കയ്യെടുത്തു മാറ്റി.. "ശിവേട്ടനെന്താ ഈ നേരത്തിവിടെ.. അല്ല ഇതിനുള്ളിലേക്ക് എങ്ങനെ എത്തി... " അവൻ ഇളിച്ചു കാട്ടി മുകളിലേക്ക് നോക്കി.. മാളു കൂർപ്പിച്ചു നോക്കി.. "മാളു.. മാളു.." വാതിലിൽ തട്ട് കേട്ടു അതോടൊപ്പം ശങ്കറിന്റെ ശബ്‍ദവും.. "അയ്യോ.. അച്ഛൻ.." മാളു ഞെട്ടികൊണ്ട് ശിവയെ നോക്കി.. എന്നാലവൻ യാതൊരു കൂസലും ഇല്ലാതെ കട്ടിലിൽ കയറി കിടന്നു.. "മാളു.. മോളെന്തിനാ നിലവിളിച്ചേ..വാതിൽ തുറന്നെ.." വിളിക്കുന്നതോടൊപ്പം അടുത്ത ചോദ്യവും എത്തി.. "ആ.. അച്ഛാ.. അതൊന്നുമില്ല ഞാനൊരു സ്വപ്നം കണ്ടതാണ്.. എനിക്ക് കുഴപ്പമൊന്നുമില്ല,,അച്ഛൻ പോയി കിടന്നോളൂ.." അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. "അതെങ്ങനാ പ്രാർത്ഥിച്ചു കിടക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ അസത്ത്.. " പുറത്ത് നിന്നും ദേവമ്മയുടെ പിറുപിറുക്കൽ കേട്ടു.. മാളു ബെഡിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു.. കതകിൽ ചെവി വെച്ചു.. പുറത്ത് നിന്നും സംസാരം കേൾക്കുന്നുണ്ടോ എന്നറിയാൻ..

ഒന്നും കേൾക്കുന്നില്ലെന്ന് കണ്ടതും ഒച്ചയുണ്ടാക്കാതെ കതക് തുറന്നു തല മാത്രം പുറത്തേക്കിട്ട് നോക്കി ഒരു തവണ കൂടെ ഉറപ്പ് വരുത്തി.. ആരും ഇല്ലെന്ന് കണ്ടതും കതകടച്ചു ഇടുപ്പിൽ രണ്ട് കൈകളും കുത്തി ശിവയുടെ നേരെ തിരിഞ്ഞു ഉണ്ട കണ്ണുകൾ ഉരുട്ടി നോക്കി.. "അവിടെ നിന്ന് കണ്ണുരുട്ടാതെ ഇങ്ങ് വാ പെണ്ണേ.. " കൊഞ്ചിക്കൊണ്ടവൻ വിളിച്ചു.. "കൊഞ്ചല്ലേ.. ഇപ്പോഴിങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താണാവോ..?" ഒറ്റ പുരികം ഉയർത്തി കൊണ്ടവൾ ചോദിച്ചു.. "നീ എന്റെ മുറിയിലേക്ക് എന്തിനാണോ പാതിരാത്രി വന്നിരുന്നേ അതിനു തന്നെ.. പക്ഷേ കാര്യം നടന്നില്ല.. അതിനു മുന്നേ നീ ഉണർന്നില്ലേ.. " അവളെ ഇടം കണ്ണിട്ടു നോക്കി കൊണ്ടവൻ പറഞ്ഞു ബെഡിലേക്ക് നിവർന്നു കിടന്നു.. "ഞാനെപ്പോ വന്നു... " "അയ്യോ ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്.. " അവനെഴുന്നേറ്റിരുന്നു...

"ആ തെണ്ടി നിനക്ക് മുൻ വശത്തെ വാതിൽ തുറന്ന് തരുന്നതും നീ അകത്തു കടക്കുന്നതും അതും പോരാഞ്ഞു എന്റെ മുറിയിലേക്ക് വന്നു എന്റെ കട്ടിലിൽ കയറി കിടന്ന് എന്നെ ഉ.. " "അയ്യേ.. ബാക്കി പറയരുത്.. " മാളു വേഗം തിരിഞ്ഞു നിന്നു.. "പറയും.. എന്നെ ഉമ്മ വെക്കുന്നതും ഞാൻ അറിയുന്നില്ലെന്ന് കരുതിയോ..." "ആഹാ.. അപ്പോ എല്ലാം അറിഞ്ഞിട്ട് എന്റെ ഉമ്മയും വാങ്ങി കിടന്നുറങ്ങിയിട്ട് ഇപ്പോൾ എനിക്കായോ കുറ്റം.. " മാളു പറഞ്ഞുകൊണ്ട് വീണ്ടും അവനു നേരെ തിരിഞ്ഞു.. "അതിനാര് കുറ്റം പറഞ്ഞു..നഗ്നമായ ചില സത്യങ്ങളല്ലേ ഞാൻ പറഞ്ഞത്.." "അത് പിന്നെ ശിവേട്ടന് എന്നെ ഇഷ്ടമല്ല എന്ന് കരുതിയിട്ടല്ലേ ഞാൻ അങ്ങനൊക്കെ ചെയ്തത്.. ശിവേട്ടന്റെ സ്നേഹം നേടിയെടുക്കാൻ വേണ്ടി.. " "അങ്ങനെയാണോ.. എങ്കിൽ നിന്നെ ഞാൻ നന്നായൊന്ന് സ്നേഹിക്കാൻ പോവാണ്.." ഞൊടിയിട കൊണ്ടവൻ എഴുന്നേറ്റു മാളുവിന്റെ അടുത്തേക്ക് നടന്നു.. അവൻ വരുന്നതിനനുസരിച്ചവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. അവസാനം ഒരു ടേബിളിൽ തട്ടി നിന്നു.. അവളുടെ പരൽ മീൻ പോലെ പിടക്കുന്ന കണ്ണുകളിലേക്കവൻ തന്റെ മിഴികളെ കൊരുത്തു..💜...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story