ഹൃദയസഖി: ഭാഗം 19

hridaya sagi shamseena

രചന: SHAMSEENA

രാവിലെ പതിനൊന്നു മണിയോടെ അവരെല്ലാം അശ്വതിയുടെ വീട്ടിലെത്തി.. അശ്വതി ഒരൊറ്റ മകൾ ആയത്കൊണ്ട് തന്നെ അവർ വളരെ ആഡംബരമായിട്ട് തന്നെയായിരുന്നു പെണ്ണുകാണൽ ചടങ്ങ് ഒരുക്കിയിരുന്നത്.. ശിവയേയും കുടുംബത്തേയും അവിടുള്ളവർ അകത്തേക്ക് ക്ഷണിച്ചിരുത്തി.. ഓരോരുത്തർ ആയി വന്നു പരിചയപ്പെടുന്നുണ്ട്.. അവരെല്ലാം മാളുവിനെ കണ്ട് ശിവയുടെ ആരാണെന്ന് ചോദിക്കുമ്പോൾ സഹോദരി ആണെന്ന് പറയുന്നുണ്ട് ദേവമ്മയും റുക്കുവമ്മയും,,അത് കേൾക്കുമ്പോൾ കൂർത്ത മുള്ള് നെഞ്ചിൽ കുത്തിക്കയറുന്ന വേദന അനുഭവപ്പെട്ടു മാളുവിന്.. ശിവയാണെങ്കിൽ അവളെ ശ്രദ്ധിക്കുന്നു പോലുമില്ല.. എന്നാലും ശിവക്ക് പെട്ടന്നിങ്ങനൊരു മാറ്റം അതവൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല..സച്ചു മാളുവിന്റെ അരികിൽ നിന്നും മാറാതെ കൂടെ തന്നെ നിന്നു.. "എന്നാൽ ഇനി പെൺകുട്ടിയെ വിളിക്കാം.." അവരുടെ കൂട്ടത്തിലെ മുതിർന്നൊരു കാർണവർ പറഞ്ഞതും അശ്വതി ചായ കപ്പുകൾ നിരത്തിയ ട്രേയുമായി അവിടേക്ക് വന്നു..ആരുടെയോ നേരെ ട്രെ നീട്ടിയപ്പോൾ ആദ്യം ചെറുക്കന് കൊടുക്കാൻ പറഞ്ഞു..

അശ്വതി നാണത്തോടെ ട്രെ ശിവയുടെ നേരെ നീട്ടി.. ശിവ ആശ്വതിയെ തന്നെ നോക്കി ചായ എടുത്തു... ബാക്കിയുള്ള ചായ അശ്വതി തന്നെ എല്ലാവർക്കും കൊടുത്തു..മാളുവിന്റെ അടുത്തെത്തിയപ്പോൾ അശ്വതി അവളെ നോക്കി ചിരിച്ചു.. എന്നാൽ മാളു അവളെ ദേഷ്യത്തോടെ നോക്കി അതിൽ നിന്നുമൊരു കപ്പ് ചായ എടുത്തു.. "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണം എങ്കിൽ ആവാം.. " അശ്വതിയുടെ അച്ഛൻ പറഞ്ഞു.. "അവർക്കെന്ത് സംസാരിക്കാൻ.. മുന്നേ അറിയാവുന്നതല്ലേ.. " ദാസൻ ഇരുവരേയും കളിയാക്കി .. ശിവ ചായ കപ്പ് ടീപ്പോയിൽ വെച്ച് സോഫയിൽ നിന്നും എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.. അവനെഴുന്നേറ്റ് കണ്ടപ്പോൾ അശ്വതിയും എല്ലാവരേയും ഒന്ന് നോക്കി അവന്റെ പിന്നാലെ ഇറങ്ങി.. ഇത് കണ്ട മാളു അവിടെ നിന്നും എഴുന്നേറ്റു പോകാൻ തുടങ്ങി.. "നീയിതെവിടെക്കാ കൊച്ചേ.. " പോകാൻ തുടങ്ങുന്ന മാളുവിനെ കണ്ട് ദേവമ്മ ചോദിച്ചു.. "ഞാൻ..വാഷ്റൂമിലേക്ക്.. " വായിൽ വന്ന കള്ളം പറഞ്ഞു.. "മ്മ്.. പോയിട്ട് പെട്ടന്ന് വാ.. "

പറഞ്ഞുകൊണ്ട് ദേവമ്മ വീണ്ടും പകുതിയിൽ നിർത്തിവെച്ച വാചകമടിയിലേക്ക് തിരിഞ്ഞു.. മാളു വാഷ്റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു അതിലേക്ക് ചാരിനിന്ന് പൊട്ടിക്കരഞ്ഞു.. കരച്ചിൽ ചീളുകൾ ഉച്ചത്തിൽ ആയതും ശബ്‍ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ ടാപ് ഓൺ ചെയ്തിട്ടു.. മനസ്സിലെ ഭാരം കുറയുവോളം ആർത്തലച്ചു കരഞ്ഞു.. ഡോറിൽ തട്ടുന്ന ശബ്‍ദം കേട്ടതും മുഖം കഴുകി വേഗത്തിൽ പുറത്തിറങ്ങി.. "നീയതിന്റെ അകത്തു എന്തുവാ ചെയ്തിരുന്നേ.. കുറേ നേരമായല്ലോ കയറിയിട്ട്.. " മാളുവിനെ പുറത്തേക്ക് കാണാഞ്ഞിട്ട് അന്യോഷിച്ചു വന്നതായിരുന്നു ദേവമ്മ.. "ഞാൻ.. അത്.. " "നിന്റെ ഒച്ചയെന്താ അടഞ്ഞിരിക്കുന്നെ.. മുഖവും വല്ലാതെ ഉണ്ടല്ലോ.. എന്ത് പറ്റി.. " അവർ മാളുവിന്റെ മുഖത്ത് തലോടി..പെട്ടന്നവൾ ദേവമ്മയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.. "എന്താ.. മാളു.. നീയെന്തിനാ കരയുന്നെ..മാളു.." "വെയ്യ അമ്മാ..തലവേദനയെടുക്കുന്നു..നമുക്ക് പോവാം.. "ആ പോവാം.. അതിനാണോ കരയുന്നെ.." "മ്മ്.. " അമ്മക്ക് വിഷമം ആവേണ്ടന്ന് കരുതി മാളു കരച്ചിൽ നിർത്തി പതിയെ മൂളി.. "എന്താ ഏട്ടത്തി ഇവിടെ നിൽക്കുന്നേ. എല്ലാവരും അവിടെ അന്യോഷിക്കുന്നുണ്ട്.. " "ഒന്നുമില്ല രുക്കു..മോൾക്ക് വയ്യ ന്ന്.. നമുക്ക് പെട്ടന്നിറങ്ങിയാലോ."

"അതിനെന്താ.. ജാതകം കൂടി പരസ്പരം കൈമാറിയാൽ നമുക്കിറങ്ങാം.. മോൾ അതുവരെ ഇവിടെ കിടന്നോ.. പോവാറാവുമ്പോൾ രുക്കുവമ്മ വന്നു വിളിക്കാം കേട്ടോ.." മാളുവിനെ അവിടെ ഉണ്ടായിരുന്ന കട്ടിലിലേക്ക് കിടത്തി ഇരുവരും ഹാളിലേക്ക് പോയി.. അവരും കൂടി ഹാളിലേക്കെത്തിയതും കല്യാണ ചർച്ചകൾ കൊഴുത്തു.. ഇടക്ക് ആരൊക്കെയോ മാളു എവിടെ എന്ന് ചോദിക്കുന്നുണ്ട്.. അവൾക്ക് തല വേദനയാണെന്ന് ദേവമ്മ മറുപടിയും കൊടുക്കുന്നുണ്ട്... ജാതകങ്ങൾ കൈമാറി പൊരുത്തം നോക്കി അപ്പോൾ തന്നെ വിവാഹത്തിനുള്ള തീയ്യതിയും സമയം കുറിക്കുന്നത് മാളു മുറിയിലേക്ക് കേട്ടിരുന്നു.. എന്തുകൊണ്ടോ ഒരുതുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വന്നില്ല.. മനസത്രെയും മരവിച്ചു പോയിരുന്നു.. എല്ലാവരും യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയതും സച്ചു മാളുവിനെ വന്നു വിളിച്ചു. ബെഡിൽ തളർന്നു കിടക്കുന്ന മാളുവിനെ തട്ടിവിളിച്ചു എഴുന്നേൽപ്പിച്ചു... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കുന്ന മാളുവിനെ ചേർത്ത് പിടിച്ചു കൊണ്ടവൻ മുറിവിട്ടിറങ്ങി.. മാളു ആരേയും തലയുയർത്തി നോക്കാതെ സച്ചുവിന്റെ നെഞ്ചിലേക്ക് പതുങ്ങി... മാളുവിനേയും ചേർത്ത് പിടിച്ചു വരുന്ന സച്ചുവിനെ ദൂരെ മാറിനിന്നു അശ്വതിയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ശിവ കണ്ടെങ്കിലും കാണാത്തത് പോലെ നിന്നു..

സച്ചു ശിവയെ കടുപ്പിച്ചു നോക്കി മാളുവിനേയും കൊണ്ട് കാറിൽ കയറി ഡോർ വലിച്ചടച്ചു... **** "ഈ പിള്ളേർക്കിതെന്തു പറ്റി.. ആകപ്പാടെ മൂടികെട്ടി ഇരിക്കുന്നെ.. " ഏറ്റവും പിറകിൽ ഇരിക്കുന്ന സച്ചുവിനേയും മാളുവിനേയും നോക്കി ശങ്കർ ചോദിച്ചു..ഇത് കേട്ടതും വണ്ടി ഓടിച്ചു കൊണ്ടിരുന്ന ശിവ തിരിഞ്ഞു മാളുവിനെ നോക്കി.. എന്നാൽ മാളു ആ നോട്ടത്തെ അവഗണിച്ചു പുറത്തേക്ക് നോക്കിയിരുന്നു.. "അത് തന്നെയാ എനിക്കും മനസ്സിലാവാത്തെ ഏട്ടാ ,,കാര്യമായി എന്തോ പറ്റിയിട്ടുണ്ട് രണ്ടിനും.. " റുക്കുവമ്മയും അത് ശെരിവെച്ചു... "ഞങ്ങൾക്കൊന്നും പറ്റിയിട്ടില്ല.. ഇനി നിങ്ങളൊക്കെ പറഞ്ഞു ഒന്നും ഉണ്ടാക്കാതെ ഇരുന്നാൽ മതി.." അത്രയും നേരം ദേഷ്യം കടിച്ചുപിടിച്ചിരുന്ന സച്ചു പൊട്ടിത്തെറിച്ചു.. പെട്ടന്ന് മാളു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. അവളുടെ ദയനീയമായ മുഖം കണ്ടപ്പോൾ സച്ചു ഒന്നടങ്ങി... "ഈ ചെറുക്കനിതെന്താ..എന്ത് പറഞ്ഞാലും ചാടികടിക്കാൻ വരുന്നേ.. " "നീയൊന്ന് മിണ്ടാതെ ഇരുന്നേ രുക്കു.. വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാതെ.." ഇനിയും ഇടപെട്ടില്ലേൽ സച്ചു എന്തെങ്കിലും വിളിച്ചു പറയുമോ എന്ന ഭയത്താൽ വല്യമ്മാവൻ പറഞ്ഞു.. "ഞാൻ ഒന്നും പറയുന്നില്ല പോരെ...വല്ല്യേട്ടനാ ഇവരെ ഇങ്ങനെ വഷളാക്കുന്നെ.."

രുക്കുവമ്മ ദേഷ്യത്തോടെ പറഞ്ഞു മുഖം തിരിച്ചു..തന്റെ പിടിവിട്ടു പോകും എന്ന് തോന്നിയ സച്ചു കണ്ണുകൾ ഇറുകെ അടച്ചു സീറ്റിലേക്ക് ചാരി.. ***** കുറച്ചധികം ദൂരം ഉണ്ടായിരുന്നു അശ്വതിയുടെ വീട്ടിലേക്ക്.. അതുകൊണ്ട് തിരിച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു..വീട്ടിലെത്തിയതും മാളു നേരെ മുറിയിൽ കയറി ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ കയറി കിടന്നു.. സച്ചു ബൈക്കും എടുത്ത് പുറത്തേക്ക് പോയി.. പിന്നീട് രാത്രി അത്താഴ സമയത്താണ് മാളു പുറത്തേക്ക് വന്നത്... ഉമ്മറത്തു നിന്നും ശിവയുടേയും അച്ഛന്മാരുടേയുമെല്ലാം സംസാരം കേൾക്കുന്നുണ്ട്.. അതുകൊണ്ട് അവിടേക്ക് പോവാതെ അടുക്കളയിലേക്ക് പോയി.. അവിടെ എത്തിയപ്പോൾ അമ്മമാരും ലച്ചുവും അത്താഴം വിളമ്പാനുള്ള തയ്യാറെടുപ്പിൽ ആണ്.. അത് കണ്ടതും മാളു സ്റ്റാൻഡിൽ നിന്നും ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് ചോറും കറിയും തോരനും എടുത്ത് അടുക്കള തിണ്ണയിലേക്കിരുന്നു... "അവരുടെ കൂടെ ചെന്നിരുന്നു കഴിക്ക് മാളു.. " "വേണ്ട ചേച്ചി ഞാൻ ഇവിടെ ഇരുന്നോളാം.. " ലച്ചു പറഞ്ഞപ്പോൾ അവൾക്കുള്ള മറുപടിയും കൊടുത്ത് ചോറ് കഴിക്കാൻ തുടങ്ങി..ഇടക്ക് ശിവ വന്നു അടുക്കള വാതിലിനവിടെ നിന്ന് എത്തി നോക്കുന്നത് കണ്ടിരുന്നു..

അത് ശ്രദ്ധിക്കാതെ അവിടെ ഇരുന്ന് തന്നെ കഴിച്ചു.. കഴിച്ച പാത്രവും കഴുകി വെച്ച് മുറിയിലേക്ക് തന്നെ പോവുമ്പോൾ മാളു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ശിവയെ പാളിനോക്കി.. എത്ര നോക്കരുതെന്ന് കരുതിയാലും അറിയാതെ കണ്ണുകൾ അവനിരിക്കുന്നിടത്തേക്ക് ചലിക്കും..ശിവയും തന്നെ ശ്രദ്ധിക്കുന്നെന്ന് കണ്ടതും വേഗം മുറിയിലേക്ക് കയറി.. നാളെ കോളേജിലേക്ക് കൊണ്ടുപോവാനുള്ള നോട്സ് എഴുതാനിരുന്നു... സച്ചു എവിടെ പോയതാ.. ഇതുവരെ വന്നില്ലേ അവൻ.. സച്ചുവിനെ അവിടെയൊന്നും കാണാഞ്ഞപ്പോൾ മാളു ആലോചിച്ചു.. ഉടനെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്കിറങ്ങി.. "രുക്കുവമ്മേ.. സച്ചു ഇതുവരെ വന്നില്ലേ.." "അവനേതോ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമുണ്ടെന്ന്..വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു.." "മ്മ്.. " മറുപടിയായി ഒന്ന് മൂളി ബുക്‌സും എടുത്ത് മാളു ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ശിവ വീട്ടിലേക്ക് പോവുന്നത് കണ്ടു.. അതിന് പിറകെ തന്നെ ദാസച്ഛനും റുക്കുവമ്മയും പോയി.. "മഞ്ഞു കൊള്ളാതെ അകത്തേക്ക് കയറിക്കേ മാളു.. " വല്യമ്മാവന്റെ വാത്സല്യത്തോടെയുള്ള ശാസന കേട്ടതും അയാൾക്ക് ഗുഡ്‌നെറ്റും പറഞ്ഞു മാളു അകത്തേക്ക് കയറിപ്പോയി.. വാതിലിൽ തുടരെ തുടരെയുള്ള തട്ട് കേട്ട് ശിവ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. വീണ്ടും അക്ഷമയോടെയുള്ള തട്ടൽ കേട്ടതും ഈർഷ്യയോടെ ചെന്ന് വാതിൽ തുറന്നു.. പുറത്ത് നിൽക്കുന്ന ആളെ കണ്ട് ശിവയുടെ നെറ്റി ചുളിഞ്ഞു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story