ഹൃദയസഖി: ഭാഗം 20

hridaya sagi shamseena

രചന: SHAMSEENA

വാതിലിൽ തുടരെ തുടരെയുള്ള തട്ട് കേട്ട് ശിവ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. വീണ്ടും അക്ഷമയോടെയുള്ള തട്ടൽ കേട്ടതും ഈർഷ്യയോടെ ചെന്ന് വാതിൽ തുറന്നു.. പുറത്ത് നിൽക്കുന്ന ആളെ കണ്ട് ശിവയുടെ നെറ്റി ചുളിഞ്ഞു... "ഇവിടെ ഉണ്ടായിരുന്നോ മഹാൻ.. ഒരു പാവം പെണ്ണിനെ ചതിച്ചിട്ട് നിങ്ങൾ ഇതിനുള്ളിൽ കയറി സുഖനിദ്രയിൽ ആണല്ലേ.. കൊള്ളാം.." സച്ചു വാതിൽ തുറന്ന് പിടിച്ചു നിന്നിരുന്ന ശിവയെ തട്ടി മാറ്റി അകത്തേക്ക് കയറി.. "സച്ചു.. " ശിവ ദേഷ്യത്തിൽ വിളിച്ചു.. "അലറണ്ട.. എന്റെ നേരെ ശബ്‍ദം ഉയർത്താനുള്ള യോഗ്യതയൊന്നും നിങ്ങൾക്കില്ല..എന്റെ മാളുവിനെ പറഞ്ഞു പറ്റിച്ച നിങ്ങളോട് ഞാനെന്നല്ല ദൈവം പോലും പൊറുക്കില്ല.." ചുവന്നു കലങ്ങിയ കണ്ണുകളോടെ സച്ചു ശിവയെ നോക്കി...അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വമിച്ചു.. "നീ മദ്യപിച്ചിട്ടുണ്ടോ.. " "ഞാൻ മദ്യപിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താ..എനിക്ക് ഇതുപോലൊരു ഏട്ടൻ ഇല്ല എന്ന് പറയാനാ ഞാൻ ഇവിടേക്ക് വന്നത്.." "സച്ചു,, കാര്യമറിയാതെ സംസാരിക്കരുത്.. "

"അറിഞ്ഞിടത്തോളം മതിയെടോ. നിങ്ങളുടെ മുഖം മൂടി ഞാൻ വലിച്ചു കീറും ഒരുദിവസം.. അതിനുള്ള അവസരം എനിക്ക് വരിക തന്നെ ചെയ്യും.. " നാവ് കുഴഞ്ഞുകൊണ്ടവൻ പുലമ്പി കൊണ്ടിരുന്നു... "നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാവില്ലേ.. വാ ഇവിടെ.." വർധിച്ച ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ശിവ അവനേയും വലിച്ചു ബാത്റൂമിലേക്ക് നടന്നു... ഷവർ തുറന്നിട്ട്‌ അതിനടിയിലേക്ക് അവനെ നിർത്തി... ശരീരത്തിലേക്ക് വെള്ളം വീണതും സച്ചുവിന് കുളിരു കോരി... വീണ്ടും എന്തൊക്കെയോ പുലമ്പുന്നവനെ ശിവ ബലമായി അവിടെ തന്നെ നിർത്തി.. സച്ചുവിന്റെ കെട്ട് വിട്ട് ഓക്കേ ആയെന്ന് കണ്ടതും ശിവ ടർക്കിയെടുത്തു അവന്റെ തല തുടച്ചു കൊടുത്തു.. പിന്നീടവന്റെ ഡ്രെസ്സെല്ലാം മാറ്റി ശിവയുടെ തന്നെ ഒരു കൈലിയും ബനിയനും ഇട്ട് കൊടുത്തു ബെഡിൽ കൊണ്ടുവന്നു കിടത്തി... "എങ്ങനെ തോന്നിയെടോ തനിക്ക് എന്റെ മാളുവിനെ ചതിക്കാൻ..അവളൊരു പാവമല്ലായിരുന്നോ. നിങ്ങളെ ഒത്തിരി ഒത്തിരി സ്നേഹിച്ചതല്ലേ...എന്നിട്ടും." ഇനിയും തന്നെ കൊണ്ട് സച്ചുവിന്റെ മനോവേദന കണ്ടു നിൽക്കാൻ കഴിയില്ലെന്നു മനസ്സിലായ ശിവ അവന്റെ അടുത്തായി കിടന്നു... "സച്ചു.. നീ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം.."

ശിവ തന്റെ ഉള്ളിലുള്ളതെല്ലാം അവനോട് തുറന്നു പറഞ്ഞു.. പാതിബോധത്തിലും ശിവ പറയുന്നതെല്ലാം അവൻ വ്യക്തമായി തന്നെ കേട്ടിരുന്നു.. കേട്ട് കഴിഞ്ഞതും സച്ചു ശിവയെ കെട്ടിപിടിച്ചു അമർത്തി ഉമ്മ വെച്ചു.. "വിടെടാ പട്ടി എന്നെ.. " കവിൾ അമർത്തി തുടച്ചു ശിവ മുഖം ചുളിച്ചു.. "നിങ്ങളെ ഞാൻ വല്ലാണ്ട് തെറ്റിദ്ധരിച്ചു ശിവേട്ടാ.. തെറ്റിദ്ധരിച്ചു.. " "മ്മ്..ഞാൻ ഈ പറഞ്ഞത് വല്ലതും നീ മാളുവിനോട് പോയി പറഞ്ഞാൽ നിന്റെയും ചിത്രയുടേയും കാര്യം എനിക്കൊന്ന് ആലോചിക്കേണ്ടി വരും.. " "ങേ..അതെപ്പോഴാ ഏട്ടൻ അറിഞ്ഞേ.." "നീയേ എന്ത് ചെയ്താലും ഞാൻ അറിയും.. " ശിവാ പറഞ്ഞപ്പോൾ സച്ചു അവനെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു കിടന്നു.. പക്ഷേ ശിവയ്ക്ക് ഉറക്കം വന്നേ ഇല്ല.. കണ്ണുകൾ അടക്കുമ്പോൾ മാളുവിന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്.. ***** പിന്നീടങ്ങോട്ട് കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നു.. വീട് മോടിപിടിപ്പിക്കലും ആളുകളെ ക്ഷണിക്കലും എല്ലാം കൂടി മൊത്തത്തിൽ തിരക്കായിരുന്നു എല്ലാവർക്കും..

വിവാഹത്തിനായി അവിടെയുള്ള വലിയൊരു ഓഡിറ്റോറിയം തന്നെ ബുക്ക്‌ ചെയ്തു.. അവിടെ വെച്ച് തന്നെയാണ് താലികെട്ടും.. ഇരു വീടുകളും തമ്മിൽ കുറച്ചധികം ദൂരമുള്ളത് കൊണ്ട് റിസപ്ഷൻ വേണ്ടാ എന്ന് വെച്ചു. കല്യാണം ആർഭാടമായി നടത്താമെന്ന് തീരുമാനമായി... വിവാഹവസ്ത്രമെടുക്കാൻ പോവാൻ നിൽക്കുമ്പോൾ മാളു ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എന്നാലും സച്ചു പിടിച്ച പിടിയാലെ അവളെ കൂടെ കൂട്ടി.. അമ്മമാരും ലച്ചുവും ഒരേ ഡിസൈനിൽ ഉള്ള വേറെ വേറെ കളറുകൾ സാരിയാണ് എടുത്തത്... മാളുവിന് ദാവണി മതിയെന്ന് ദേവമ്മ മുന്നേ പറഞ്ഞിരുന്നു.. എന്നാൽ ശിവ അതിന് സമ്മതിക്കാതെ ഡാർക്ക്‌ മെറൂൺ നിറത്തിലുള്ള ബാനറസി മോഡൽ സോഫ്റ്റ്‌ സിൽക്ക് സാരിയാണ് മാളുവിന് വേണ്ടി സെലക്ട്‌ ചെയ്തത്..എല്ലാവർക്കും അത് നല്ലത് പോലെ ഇഷ്ട്ടപ്പെടുകയും ചെയ്തു.. മാളു പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല... താലിയും മോതിരവും അമ്മാവന്മാർ എടുത്തോളാമെന്ന് പറഞ്ഞതുകൊണ്ട് ബാക്കിയുള്ളവർ അതിനെതിർ അഭിപ്രായമൊന്നും പറഞ്ഞില്ല.. ***

പരമാവധി മാളു ശിവയുടെ മുന്നിൽ പെടാതെ നടന്നു..അത്രയും ദിവസം ശിവയെ കുറ്റം പറഞ്ഞുകൊണ്ട് നടന്നിരുന്ന സച്ചു പെട്ടന്ന് ശിവയോടൊപ്പം കൂടി കല്യാണത്തിന്റെ ആവശ്യങ്ങൾക്കായി ഓടി നടക്കുന്നത് കണ്ട് മാളുവിന് ദേഷ്യം തോന്നി. പലപ്പോഴും സച്ചുവിനോട് മിണ്ടാതെ നടന്നു അവളത് പ്രകടിപ്പിക്കുകയും ചെയ്തു.. കല്യാണത്തിന്റെ തലേ ദിവസം ആളും ബഹളവുമായി കല്യാണവീട് ശബ്‍ദമുഖരിതമായി... മാളു എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി മുറിയിൽ കയറി കതകടച്ചിരുന്നു.. വരുന്നവരെല്ലാം മാളുവിനെ അന്യോഷിക്കാൻ തുടങ്ങിയപ്പോൾ ദേവമ്മ വഴക്ക് പറഞ്ഞവളെ റൂമിൽ നിന്നും പുറത്ത് ചാടിച്ചു.. ദാസച്ഛൻ എടുത്ത് കൊടുത്ത ദാവണിയും ചുറ്റി മാളു താഴേക്ക് വന്നു..എല്ലാവരും ഓരോന്നായി അവളോട് ചോദിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു മൂളലിലോ അല്ലെങ്കിൽ ചിരിയിലോ മറുപടിയൊതുക്കി അടുക്കളയുടെ മൂലയിൽ പോയി പതുങ്ങി നിന്നു.. രാത്രിയിൽ സച്ചുവിന്റെയും ശിവയുടേയും കൂട്ടുകാരെല്ലാം കൂടി പാട്ടും ഡാൻസുമായി അടിച്ചുപൊളിച്ചു..

ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്ന മാളുവിനെ പലതവണ എല്ലാവരും മാറി മാറി ചോദിച്ചു എന്താ മുഖം വാടിയിരിക്കുന്നതെന്ന്.. അപ്പോഴേല്ലാമവൾ തലവേദനയാണെന്ന് പറഞ്ഞു.. ഇടയ്ക്കിടെ അവളിങ്ങനെ തലവേദനയാണെന്ന് പറയുന്നതുകൊണ്ട് കല്യാണതിരക്ക് കഴിഞ്ഞു അവളെ നല്ലൊരു ഡോക്ടറേ കൊണ്ടുപോയികാണിക്കണമെന്ന് റുക്കുവമ്മ ശങ്കറിനോട് പറഞ്ഞു.. അവർക്കാർക്കും അറിയില്ലല്ലോ അവളുടെ ഹൃദയവേദനയെ ആണ് മറ്റുള്ളവരുടെ മുന്നിൽ തലവേദനയായി അവതരിപ്പിക്കുന്നതെന്ന്.. **** ഇന്നാണ് അശ്വതിയുടേയും ശിവയുടേയും വിവാഹം.. രാവിലെ തന്നെ ശിവ അമ്പലത്തിൽ പോയി തൊഴുതു വന്നു.. ഗോൾഡൻ നിറത്തിലുള്ള കുർത്തയും കസവുമുണ്ടും ആയിരുന്നു വേഷം.. നെറ്റിയിൽ തെളിഞ്ഞു കാണുന്ന ചന്ദനക്കുറി അവന് കൂടുതൽ അഴകേകി.. ശിവ എടുത്തു കൊടുത്ത സാരി ഉടുക്കാതെ നിൽക്കുന്ന മാളുവിനെ കണ്ട് ലച്ചു തന്നെ അവൾക്ക്‌ സാരി ഉടുപ്പിച്ചു കൊടുത്തു.. മുടിയും പിന്നിയിട്ടു കൊടുത്തു മുഖത്ത് ആവശ്യത്തിന് മേക്കപ്പും ചെയ്ത് കൊടുത്തു...

ഒരുങ്ങി വരുന്ന മാളുവിനെ കണ്ട് ദേവമ്മ അത്ഭുതപ്പെട്ടു. അവൾക്ക് ആ സാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.. മുതിർന്നവർക്ക് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിക്കുന്ന ശിവയെ കണ്ടപ്പോൾ മാളുവിന്റെ മിഴികളിൽ കണ്ണുനീർ ഉരുണ്ട് കൂടി... നെഞ്ച് പൊട്ടി താനിവിടെ മരിച്ചു വീഴുമോ എന്ന്പോലുമവൾക്ക് അന്നേരം തോന്നി.. രണ്ട് മൂന്ന് വണ്ടി നിറയെ ആളുകളുമായി എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.. ശിവയെ സ്വീകരിക്കാൻ മുൻപന്തിയിൽ തന്നെ അഭിലാഷ് ഉണ്ടായിരുന്നു.. അശ്വതിയുടെ സഹോദരന്റെ സ്ഥാനത്തു നിന്ന്.. മാളു ലച്ചുവിന്റെ കൈ വിടാതെ അവളുടെ കൂടെ തന്നെ നിന്നു.. ക്യാമറാമാൻ ഫോട്ടോ എടുക്കാനായി വിളിച്ചപ്പോൾ താല്പര്യമില്ലാതെ മാളുവും അവരോടൊപ്പം ചെന്ന് നിന്നു.. എല്ലാവരേയും ഒരുമിച്ചു നിർത്തി ഫാമിലി ഫോട്ടോ എടുത്തു.. അതിന് ശേഷം ഓരോരുത്തരായി നിന്ന് ഫോട്ടോ എടുത്തു..

ശിവ മാളുവിനോടൊപ്പം ഫോട്ടോക്ക് പോസ്സ് ചെയ്തപ്പോൾ ക്യാമറാമാൻ മാളുവിനോട് ശിവയോട് ചേർന്ന് നിൽക്കാൻ പറഞ്ഞു.. അത് കേൾക്കാത്ത പോലെ മടിച്ചു നിന്ന മാളുവിനെ ശിവ അടുത്തേക്ക് വന്നു ചേർത്ത് പിടിച്ചു... എല്ലാവരുടേയും അനുഗ്രഹത്തോടെ ശിവ മണ്ഡപത്തിൽ കയറിയിരുന്നു.. മുഹൂർത്തമായതും പെണ്ണിനെ വിളിക്കാനായി പൂജാരി പറഞ്ഞു.. ആ സമയത്താണ് അശ്വതിയുടെ അമ്മ അവിടേക്ക് വെപ്രാളത്തിൽ ഓടി വന്നുകൊണ്ട് അശ്വതിയുടെ അച്ഛന്റെ ചെവിയിൽ എന്തോ അടക്കം പറഞ്ഞത്.. അയാൾ സ്റ്റേജിൽ നിന്നും ഇറങ്ങി ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമിലേക്ക് ഓടി.. പിറകെ തന്നെ അഭിയും കുടുംബവും.. കാര്യമെന്തെന്നറിയാതെ പകച്ചുനിന്ന മറ്റുള്ളവരുടെ കാതുകളിലേക്കും ആ വാർത്ത കാട്ടു തീ പോലെ പടർന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story