ഹൃദയസഖി: ഭാഗം 21

hridaya sagi shamseena

രചന: SHAMSEENA

ഡ്രസിങ് റൂമിലേക്ക് എത്തിയവർ കാണുന്നത് കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവുമണിഞ്ഞു നിൽക്കുന്ന അശ്വതിയെ ആണ്.. കൂടെ ഒരു യുവാവും ഉണ്ട്.. "അശ്വതി..എന്തായിതൊക്കെ " അവളുടെ അച്ഛൻ അക്രോഷിച്ചു.. "ഞങ്ങളുടെ വിവാഹം കഴിഞ്ഞു അത്ര തന്നെ.." അശ്വതി കൂസലേതുമില്ലാതെ പറഞ്ഞു.. "കഴിഞ്ഞെന്നോ..നീ ഞങ്ങളെയൊക്കെ ചതിക്കുകയായിരുന്നു അല്ലേ.." അമ്മയും അതിനോടൊപ്പം കൂടി.. "ഞാൻ ചതിച്ചെന്നോ,, നിങ്ങളൊക്കെ കൂടിയല്ലേ എന്നെ ചതിച്ചത്.. ഞാൻ ഇഷ്ടപ്പെട്ട ഈ നിൽക്കുന്ന രാഹുലിനെ വിവാഹം കഴിപ്പിച്ചു തരാമെന്നു പറഞ്ഞല്ലേ നിങ്ങളെന്നെ ഇവിടേക്ക് കൂട്ടി കൊണ്ടുവന്നത്.. എന്നിട്ടിപ്പോൾ ഞാൻ ചതിച്ചെന്ന് പോലും.." "എന്താ ഇവിടെ.. ങേ.. " ആളുകളെ വകഞ്ഞു മാറ്റി ദാസനും ശേഖറും വല്യമ്മാവനും മുന്നിലേക്ക് വന്നു..കൂടെ മറ്റുള്ളവരും.. അശ്വതിയെ കണ്ടതും അവരും പകച്ചു നിന്നു.. എന്നാൽ മാളുവിന് സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയായിരുന്നു..

മാളു ശിവയുടെ മുഖത്തേക്ക് പാളിനോക്കി.. വലിയ ഭാവവ്യത്യാസം ഒന്നുമില്ലാതെ നിൽക്കുന്നുണ്ട്.. "എന്താ രാഘവാ ഇത്.. ഈ കാഴ്ച്ച കാണാൻ ആണോ ഞങ്ങളെ ഇങ്ങനെ വേഷം കെട്ടിച്ചത്.." ദാസൻ രോഷാകുലനായി.. "അങ്കിൾ അച്ഛനെ ഒന്നും പറയേണ്ട..തെറ്റ് മുഴുവൻ എന്റെ ഭാഗത്താണ്,, വിവാഹത്തിന് മുൻപേ ഞാനിത് പറയേണ്ടതായിരുന്നു.. ആ സമയം എനിക്കതിനു കഴിഞ്ഞില്ല.. രാഹുലിന് നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയായിരുന്നു.. ഇപ്പോഴാണ് എല്ലാം ഓക്കേയായത്.. അങ്കിൾ ഞങ്ങളോട് ക്ഷമിക്കണം.." "മോളെ.. ഞങ്ങൾ.." ദാസൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി.. "അച്ഛാ.. ഇനിയൊരു ക്രോസ്സ് വിസ്താരം വേണ്ടാ..അശ്വതി വിവാഹത്തിന് മുന്നേ എന്നോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ടായിരുന്നു.. ഇവരുടെ പ്രണയം ഇന്നും ഇന്നലേയും തുടങ്ങിയതല്ല കോളേജിൽ പഠിക്കുന്ന കാലത്തുള്ളതാണ്.. രാഹുൽ ഞങളുടെ സീനിയർ ആയിരുന്നു.. ഞാൻ ആണ് രാഹുലിനെ നാട്ടിലെത്തിച്ചതും.." "എടാ.. നീ.. " ശിവൻ അത്രയും പറഞ്ഞപ്പോഴേക്കും രാഘവൻ അവന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.. "വിട് അങ്കിളേ..രാഹുലിനെ നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാക്കിയത് നിങ്ങൾ ആണെന്ന് ഞങ്ങൾക്കറിയാം..

പക്ഷെ അതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം.. ഇവരുടെ വിവാഹമല്ലേ..അത് എന്തായാലും കഴിഞ്ഞു.. ഇനി അങ്കിൾ ആയിട്ട് എതിര് നിൽക്കേണ്ട,, ഇവരെ അനുഗ്രഹിച്ച് വീട്ടിൽ കയറ്റൂ.. പ്ലീസ് അങ്കിൾ.. സ്നേഹിക്കുന്നവർ അല്ലേ ഒന്നിക്കേണ്ടത്...." ശിവൻ അശ്വതിയുടെ അച്ഛൻ രാഘവനോട് അപേക്ഷിച്ചു.. "ശിവാ നീയിതെന്തൊക്കെയാ പറയുന്നേ.." ശേഖർ അവനോട് കയർത്തു.. "എല്ലാം ഞാൻ വിശദമായി പറഞ്ഞു തരാം മാമേ.. ഇപ്പോൾ നിങ്ങളെല്ലാവരും കൂടി ഇവരെ അനുഗ്രഹിക്കണം.." ശിവ അത്രയും പറഞ്ഞതും പിന്നീട് ആരും എതിർക്കാൻ നിന്നില്ല..രാഘവൻ അശ്വതിയേയും രാഹുലിനേയും അംഗീകരിച്ചു.. ഇരുവരേയും കൂട്ടി വീട്ടിലേക്ക് മടങ്ങി..കൂടെ അവരുടെ ബന്ധുജനങ്ങളും.. വീണ്ടും അവിടെ മുറുമുറുപ്പുകൾ ഉയർന്നു.. ചർച്ചാ വിഷയം ശിവയുടെ വിവാഹം.. ഇനി ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പെണ്ണിനെ കണ്ടു പിടിക്കുക എന്ന് വെച്ചാൽ അതൊരു വലിയ കടമ്പ തന്നെയായിരുന്നു..ദേവമ്മയും റുക്കുവമ്മയും കുടുംബത്തിലെ സകല പെൺകുട്ടികളുടേയും ലിസ്റ്റ് എടുത്ത് അരിച്ചു പെറുക്കി..

യാതൊരു ഫലവും ഉണ്ടായില്ല..അഭിയും ലെച്ചുവും അവരുടെ ഫ്രണ്ട്സ് ലിസ്റ്റിലും തപ്പുന്നുണ്ട്.. മാളു സച്ചുവിന്റെ അടുത്തിരുന്നു കാര്യങ്ങൾ ചിക്കി ചികയുന്ന തിരക്കിൽ ആണ്.. എന്നാലവൻ ഒന്നും വിട്ടു പറഞ്ഞില്ല.. ഒടുവിൽ വല്യമ്മാവൻ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ആ തീരുമാനം പറഞ്ഞു.. "ദാസാ,, ശേഖരാ,, ഇനി ശിവക്കൊരു പെണ്ണിനെ തിരക്കി നാട് മുഴുവൻ അലയേണ്ട... " "പിന്നെ എന്താ ചെയ്യാ ഏട്ടാ..പറഞ്ഞ മുഹൂർത്തത്തിൽ വിവാഹം നടക്കണ്ടേ.." ദാസൻ തന്റെ ആകുലത പങ്കുവെച്ചു.. "അതിനൊരു വഴിയുണ്ട്.. കയ്യിലൊരു മാണിക്യം ഇരിക്കുമ്പോൾ ആരെങ്കിലും ചെമ്പ് തേടി പോവുമോ.." വല്യമ്മാവൻ എല്ലാവരേയും നോക്കി ചോദിച്ചു.. "അളിയൻ പറഞ്ഞു വരുന്നത്.. " "അത് തന്നെ..ശിവ നമ്മുടെ മാളുവിനെ വിവാഹം ചെയ്യട്ടെ..ഇനി ഇതിൽ വേറൊരു അഭിപ്രായം ഇല്ല.." "ഏട്ടാ,, കുട്ടികളുടെ ഇഷ്ടം.. " ശേഖർ വിമ്മിഷ്ടപ്പെട്ടു.. "ഇഷ്ടവും പൊരുത്തവും നോക്കി ഒന്ന് നടത്താൻ തീരുമാനിച്ചു അത് അവനായിട്ട് തന്നെ മുടങ്ങിക്കിയില്ലേ.. ഇനി അവന്റെ ഇഷ്ടം നോക്കേണ്ട..

വേണച്ചാൽ മാളുവിനോട് ചോദിക്കാം.." റുക്കുവമ്മ പറഞ്ഞപ്പോൾ ആരും അതിനെ എതിർത്തു പറഞ്ഞില്ല..ശിവ തലതാഴ്ത്തിയിരുന്നു.. മുഖത്ത് വിരിഞ്ഞ സന്തോഷം മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനായി.. അത്രയും നേരം നിശബ്‍ദമായിരുന്ന ആൾക്കൂട്ടം വീണ്ടും മുറുമുറുപ്പുകൾ തുടങ്ങി.. "മാളു.. ഇങ്ങ് വന്നേ.. " സച്ചുവിന്റെ അടുത്ത് നിൽക്കുന്ന മാളുവിനെ ദാസൻ അരികിലേക്ക് വിളിച്ചു.. മാളു കാര്യം മനസ്സിലാവാതെ അവരുടെ അടുക്കലേക്ക് ചെന്നു.. "ശിവയെ വിവാഹം ചെയ്യാൻ നിനക്ക് സമ്മതമാണോ.. " മുഖവുരയൊന്നും കൂടാതെ വല്യമ്മാവൻ ചോദിച്ചു.. "അത്.. പിന്നെ.. " മാളു നിന്ന് വിയർത്തു.. "സമ്മതമാണോ അല്ലയോ.. " ശേഖർ വീണ്ടും ഉച്ചത്തിൽ ചോദിച്ചതും മാളു ഞെട്ടി.. ഇനിയും താൻ മറുപടി പറയാതിരുന്നാൽ ശിവേട്ടനെ തനിക്ക്‌ എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്നവൾ ഭയന്നു.. "സമ്മതമാണ്.. " മാളുവിന്റെ മറുപടി വന്നതും എല്ലാവരും നെഞ്ചിൽ കൈവെച്ചു ആശ്വസിച്ചു.. "എന്നാലിനി വൈകിക്കേണ്ട വധൂ വരന്മാർ മണ്ഡപത്തിലേക്കിരുന്നോളൂ.. " പൂജാരി പറഞ്ഞു..

മാളുവിന്റെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി.. ശിവയുടെ അവസ്ഥയും അത് തന്നെയായിരുന്നു ശിവ മണ്ഡപത്തിലേക്കിരുന്നതും ലച്ചുവും അമ്മമാരും കൂടി മാളുവിനെ ചെറുതായി ഒന്ന് അണിയിച്ചൊരുക്കി ശിവയുടെ അടുത്തായി ഇരുത്തി.. പൂജാരി നീട്ടിയ താലി കൈകളിലേക്ക് ഏറ്റു വാങ്ങുമ്പോൾ ശിവയുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു.. ഉള്ളിലെ സന്തോഷം മുഖത്തും പ്രതിഫലിച്ചു.. അങ്ങനെ എല്ലാവരുടേയും ആശിർവാദത്തോടെ ശിവ മാളുവിന്റെ കഴുത്തിൽ അവന്റെ പേരിൽ കൊത്തിയ താലി അണിയിച്ചു.. ഇരു കൈകളും കൂപ്പി കണ്ണുകൾ അടച്ചു കൊണ്ടവൾ അത് സ്വീകരിച്ചു.. തന്റെ മാറിൽ കിടക്കുന്ന താലിയേയും നിറഞ്ഞ ചിരിയാലെ ഇരിക്കുന്ന ശിവയേയും മാറി മാറി നോക്കി.. ആ നിമിഷം തന്നെ തന്റെ മോതിര വിരലാൽ ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു.. അതിന്റെ തണുപ്പ് ഇരുവരുടേയും മനസ്സിലും വ്യാപിച്ചു.. മൂന്ന് തവണ അഗ്നിയെ വലം വെച്ച ശേഷം ഇരുവരും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി.. സച്ചു ഓടിവന്നു മാളുവിനെ സന്തോഷത്താൽ ഇറുകെ പുണർന്നു.. റുക്കുവമ്മ ശകാരിച്ചപ്പോൾ അവനവളെ വിട്ടു നിന്നു.. മാളുവിന്റെ മുഖത്തെ പുഞ്ചിരി സച്ചുവിന്റെ ഉള്ള് നിറച്ചു.. ഈ സന്തോഷം എന്നും അവളുടെ കൂടെ ഉണ്ടാകണമേ എന്നവൻ ആത്മാർഥമായി ഭഗവാനോട് പ്രാർത്ഥിച്ചു..

ശിവയും മാളുവും ചേർന്ന് നിൽക്കുന്ന ഫോട്ടോ എടുത്ത് ഉടനെ തന്നെ ചിത്രക്കും അയച്ചു കൊടുത്തു.. അവളും സന്തോഷത്താൽ തുള്ളി ചാടുകയായിരുന്നു.. "എങ്ങനെയുണ്ട് ഇഷ്ടമായോ സർപ്രൈസ്.. " ലച്ചുവിനോട് സംസാരിച്ചു നിൽക്കുന്ന മാളുവിന്റെ അരികിൽ വന്നു കാതോരം ശിവ ചോദിച്ചു.. കൂർപ്പിച്ചൊരു നോട്ടമായിരുന്നു അവളുടെ മറുപടി.. "ഇങ്ങനെ നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി.." "തനിക്കുള്ള പണി വരാനൻ പോവുന്നേ ഉള്ളൂ..എന്നെ കുറേ ഇട്ട് വെള്ളം കുടിപ്പിച്ചതല്ലേ.." മാളു ശിവയെ പിറുപിറുത്തു.. "നീ എന്തെകിലും പറഞ്ഞായിരുന്നോ... " അവൾ പറഞ്ഞത് മുഴുവൻ മനസ്സിൽ ആയില്ലെങ്കിലും മുഖഭാവത്തിൽ നിന്നും എന്തോ പണി വരുന്നുണ്ടെന്ന് മനസ്സിലായ ശിവ ചോദിച്ചു.. "ഏയ്‌ ഞാനൊന്നും പറഞ്ഞില്ല.. എത്ര പെട്ടന്നാ നമ്മുടെ വിവാഹം കഴിഞ്ഞതെന്ന് ആലോചിക്കുവായിരുന്നു.." മാളു അവനെ ആക്കി കൊണ്ട് പറഞ്ഞു.. "നീയെന്താ മുന വെച്ചു സംസാരിക്കുന്നെ.. " "ശിവേട്ടന്റെ തോന്നലാവും.." "മ്മ്.. " ശിവ മാളുവിനെ അടിമുടി ഉഴിഞ്ഞു നോക്കി.. ഗൃഹ പ്രവേശനത്തിനുള്ള സമയമായതും എല്ലാവരും വീട്ടിലേക്ക് പുറപ്പെട്ടു.. റുക്കുവമ്മ കൊടുത്ത നിലവിളക്കും കയ്യിലേക്ക് വാങ്ങി മാളു വലതു കാൽ വെച്ചു വീട്ടിലേക്ക് കയറി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story