ഹൃദയതാളമായ്: ഭാഗം 1

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എടി ഒരുമ്പെട്ടവളേ എവിടെ പോയി കിടക്കുവായിരുന്നെടി ഇന്നലെ നീ?????? നാല് നേരം വെട്ടിവിഴുങ്ങാൻ തരുന്നില്ലേടി എന്നിട്ടും നാട് നിരങ്ങാൻ നടക്കുന്നു......... നിന്നോട് പല തവണ പറഞ്ഞിട്ടില്ലെടീ സന്ധ്യ കഴിഞ്ഞാൽ പുറത്തോട്ടിറങ്ങരുതെന്ന് എന്നിട്ടവൾ രാത്രി ഊര് ചുറ്റാൻ പോയിരിക്കുന്നു. വല്ലതും സംഭവിച്ചാൽ ആരുത്തരവാദിത്തം പറയും????? പറയെടീ............. എമി ഉറഞ്ഞു തുള്ളുവാണ്. എല്ലാം ഞാൻ ക്ഷമിക്കും പക്ഷെ എന്റെ മീൻ വറുത്തത് കട്ട് തിന്നത് മാത്രം ഞാൻ സഹിക്കില്ല. എവിടെടി എന്റെ മീൻവറുത്തത്??????? മുന്നിലേക്ക് വിരൽ ചൂണ്ടി പറഞ്ഞതും തറയിലിരുന്ന മിക്കു നിഷ്കു മട്ടിൽ കരഞ്ഞു. മ്യാവൂ........... ഓഹ് അവളുടെ ഒരു മ്യാവൂ..... നിക്കണ നിപ്പ് കണ്ടാൽ തോന്നും ഈ പഞ്ചായത്തിൽ ഇതുപോലെ നിഷ്കളങ്ക വേറെയില്ലെന്ന്. ഒറ്റ കുത്ത് വെച്ച് തന്നാലുണ്ടല്ലോ????? സത്യം പറയെടി നീയാ മീൻവറുത്ത് അപ്പുറത്തെ തങ്കൂനല്ലെ കൊണ്ട് കൊടുത്തത്?????? അത് കേട്ടതും മിക്കു ഒന്ന് ചീറി. ഓഹ് ക്യാമുകനെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടല്ലേ?????

ദേ പെണ്ണേ ഒരു കാര്യം പറഞ്ഞേക്കാം ഇല വന്ന് മുള്ളേൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കാ അത് ഓർത്താൽ നിനക്ക് കൊള്ളാം. ഇനി നിന്നെയെങ്ങാനും അവന്റെ കൂടെ കണ്ടാൽ അമ്മച്ചിയാണെ രണ്ടിനെയും ഓടിച്ചിട്ട് അടിക്കും ഞാൻ...... അവൾ മിക്കുവിനെ നോക്കി കണ്ണുരുട്ടി. പിന്നെ എന്റെ മീൻവറുത്തത് കട്ടോണ്ടു പോയതിന് നിനക്ക് ശിക്ഷയുണ്ട് ഒരാഴ്ച്ചത്തേക്കുള്ള നിന്റെ പാല് ഞാൻ കുടിക്കും ബൂസ്റ്റിട്ട് കുടിക്കും നോക്കി നിന്ന് കൊതിവിട്ടോ...... മ്യാവൂ....... മിക്കു ദയനീയമായി കരഞ്ഞു നോക്കി. പക്ഷെ എവിടെ കുലുങ്ങാൻ മിക്കുവിനെ നോക്കി പുച്ഛം വാരി വിതറി എമി താഴേക്ക് പോയി. താഴേക്ക് പടികൾ ഇറങ്ങവേ കണ്ടു ഹാളിലെ സോഫയിൽ ഇരുന്നു സീരിയൽ കാണുന്ന സ്റ്റെല്ലയെ കണ്ടതും അവളൊന്ന് നിന്നു. ആഹാ എന്ത് നല്ല കാഴ്ച..... ഹൈസ്കൂൾ ടീച്ചർ സ്റ്റെല്ല ജോൺ കളത്തിങ്കൽ അതാ ഇരുന്നു കണ്ട കൂറ സീരിയൽ കാണുന്നു. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ. അവൾ താടിക്ക് കൈകൊടുത്ത് നിന്ന് പറഞ്ഞു. സ്കൂൾ ടീച്ചർമാർക്ക് സീരിയൽ കാണാൻ പാടില്ല എന്ന് ഇന്ത്യൻ പീനൽ കോഡിൽ പറിഞ്ഞിട്ടൊന്നുമില്ലല്ലോ. കട്ടപുച്ഛത്തിൽ സ്റ്റെല്ല തിരികെ ചോദിച്ചു.

ഇന്ത്യൻ പീനൽ കോഡിൽ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ കണ്ട അവിഹിത സീരിയലുകൾ കണ്ട് നാളെ ക്ലാസ്സ്‌ എടുക്കുമ്പോൾ കെമിസ്ട്രിയുടെ തന്തയെ മാറ്റി അരിസ്റ്റോട്ടിൽ ആണെന്നൊന്നും പറഞ്ഞേക്കരുത്. ഈ കൂതറ സീരിയൽ എങ്ങാനും ആ ക്രിസ്റ്റഫർ നോളൻ കണ്ടാൽ അന്നങ്ങേര് സിനിമ ഫീൽഡ് വിടും. അച്ഛന് മകളെ അറിയില്ല മകൾക്ക് അമ്മയെ അറിയില്ല അമ്മയ്ക്ക് അമ്മായിയമ്മയെ അറിയില്ല ഇതിലും വലിയ ദുരന്തങ്ങൾ സ്വപ്നങ്ങളിൽ മാത്രം. ഈകണ്ട പരട്ട സീരിയൽ കണ്ടല്ലേ മിക്കൂ വളർന്നത് പിന്നെ വഴിതെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അവളെങ്ങാനും ഒരു ജാരസന്തതിയെ ഇവിടെ പ്രസവിച്ചാൽ അതിന്റെ ഉത്തരവാദി അമ്മയാ. അത്രയും പറഞ്ഞു ചവിട്ടി കുലുക്കി പോവുന്ന അവളെയും നോക്കി സ്റ്റെല്ല ബ്ലിങ്കസ്യാ എന്ന കണക്ക് ഇരുന്നു പോയി. എന്തോ പോയ ആരെയോ പോലിരിക്കുന്ന സ്റ്റെല്ലയെയും അകത്തേക്ക് ചവിട്ടി കുലുക്കി പോവുന്ന എമിയെയും കണ്ടായിരുന്നു ജോൺ അങ്ങോട്ട്‌ വന്നത്. ഇന്നെന്നതാ അമ്മയും മോളും കൂടി വഴക്ക്?????? സ്റ്റെല്ലയ്ക്കരികിൽ ഇരുന്നയാൾ ചോദിച്ചു. എനിക്കെങ്ങും അറിയില്ല ഇച്ചായാ ഇപ്പൊ ഇങ്ങോട്ട് വന്ന് ഏതാണ്ട് ഒക്കെ പറഞ്ഞിട്ട് ചാടി തുള്ളി അകത്തോട്ട് പോയി. ആ പോയതിന്റെ തലയിൽ നെല്ലിക്കാത്തളം വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജോണിനോട് പറഞ്ഞവർ അടുക്കളയിലേക്ക് പോയി. ഇതിന്റെ അല്ലെ മോൾ പിന്നെങ്ങനെ നന്നാവും?????

ആത്മഗതിച്ചു കൊണ്ടയാൾ ടീവിയിലേക്ക് നോക്കി. ഈശോയെ അവിഹിതം.......... വന്ന് വന്ന് വീട്ടിൽ പോലും സ്വസ്ഥത കിട്ടില്ലെന്നായി. പിറുപിറുത്തുകൊണ്ട് അയാൾ കയ്യിലെ ബാഗും എടുത്ത് അകത്തേക്ക് പോയി. മുകളിലേക്ക് കയറി അയാൾ എമിയുടെ മുറി ലക്ഷ്യം വെച്ച് നടന്നു. മുറിയുടെ വാതിൽക്കൽ ചെന്ന് നിൽക്കവെ കണ്ടു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നോട്ട് തുറന്ന് എന്തൊക്കൊയോ എഴുതുന്ന എമിയെ. അയാൾ ഒന്നും മിണ്ടാതെ പതിയെ അവളുടെ പിന്നിൽ ചെന്ന് നിന്ന് പോക്കെറ്റിൽ നിന്നൊരു പാക്കറ്റ് എടുത്ത് അവൾക്ക് മുന്നിലേക്ക് നീട്ടി. മുന്നിൽ നാരങ്ങാ മിട്ടായി കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. പപ്പേ............. ഒരു കൊഞ്ചലോടെ അവൾ അയാൾക്ക് നേരെ തിരിഞ്ഞു. അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ച് കയ്യിലേക്ക് മിട്ടായി വെച്ച് കൊടുത്തു. എന്തിനായിരുന്നു പപ്പേട കുഞ്ഞൻ ഇന്ന് അമ്മയോട് വഴക്കിട്ട് ചാടി തുള്ളി പോന്നത്????? മുഖത്തേക്ക് വീണ് കിടന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചയാൾ ചോദിച്ചു. ഒന്നുല്ല വെറുതെ ഓരോന്ന് പറഞ്ഞ് അമ്മയെ വട്ട് പിടിപ്പിക്കാൻ നല്ല രസാ. കള്ളച്ചിരിയോടെ അവൾ പറയുന്നത് കേട്ടയാൾ ചിരിച്ചു പോയി. നീ വെറുതെ അവളെ ബിപി കൂട്ടാൻ നിക്കണ്ട പിന്നെ അനുഭവിക്കുന്നത് മുഴുവൻ ഈ പാവം പപ്പയായിരിക്കും. അയാൾ പറയുന്നത് കേട്ടവൾ ചിരിച്ചു. വിശക്കുന്നില്ലേ എന്റെ കുഞ്ഞന്?????

അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടയാൾ ചോദിച്ചു. പിന്നെ വിശക്കാതെ പപ്പ വരുന്നതും നോക്കി ഇരിക്കുവായിരുന്നു. എനിക്കറിയായിരുന്നു എന്റെ മോൾ പപ്പയെ വെയിറ്റ് ചെയ്യുവെന്ന് അതാ പപ്പ പാർട്ടിക്ക് പോയിട്ടും ഒന്നും കഴിക്കാൻ നിൽക്കാതെ ഇങ്ങോട്ട് ഓടി പോന്നത്. പപ്പ പോയൊന്ന് ഫ്രഷായിട്ട് വരാം എന്നിട്ട് നമുക്ക് അത്താഴം കഴിക്കാം. ഡബിൾ ഓക്കേ. തമ്പ്സപ്പ് കാണിച്ചവൾ പറഞ്ഞതും അയാൾ അവളുടെ കവിളിൽ തട്ടി പുറത്തേക്കിറങ്ങി. വാതിൽക്കൽ എത്തിയതും അയാളൊന്ന് തിരിഞ്ഞു നോക്കി. വായിൽ മിട്ടായി നുണഞ്ഞുകൊണ്ട് മൂളിപ്പാട്ടും പാടി എഴുതുന്ന എമിയെ ഒരു നിമിഷം നോക്കിനിന്നു പോയി. മനസ്സിൽ ഒരു തണുപ്പ് പടരുന്നത് അയാൾ അറിഞ്ഞു. കുറച്ചു നേരം അവളെ നോക്കി നിന്നയാൾ അവിടെ നിന്ന് നടന്നകന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇപ്പൊ മൂളിപ്പാട്ടും പാടി നോട്ട് എഴുതുന്ന ആളാണ് നമ്മുടെ ഗഥാ നായിക എമി അലാനിയ ജോൺ. ബാങ്ക് മാനേജർ കളത്തിങ്കൽ ജോൺ സാമുവലിന്റെയും ഹൈ സ്കൂൾ ടീച്ചർ സ്റ്റെല്ല ജോൺ സാമുവലിന്റെയും ആരോമൽ പുത്രി. Bsc കെമിസ്ട്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി. ചില പ്രത്യേക കാരണങ്ങളാൽ സ്വന്തം നാടായ പാലായിൽ നിന്ന് ചേക്കേറിയ ഒരു കൊച്ചു കുടുംബം. വീട്ടിൽ ഇവരെ കൂടാതെ ഒരാൾ കൂടിയുണ്ട് സ്റ്റെല്ല ലാളിച്ച് ഓമനിച്ചു വളർത്തുന്ന പേർഷ്യൻ ക്യാറ്റ് മിക്കു. ദത് തന്നെ എമിയുടെ മീൻവറുത്ത് കട്ടു തിന്ന കേസിലെ ഒന്നാം പ്രതി. ഇനി എല്ലാം വഴിയേ പറയാം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നോട്ട് ഒരുവിധം കംപ്ലീറ്റ് ആയതും എമി താഴേക്ക് വെച്ച് പിടിച്ചു. ഡൈനിങ്ങ് ടേബിളിൽ ഇരുന്ന അവളുടെ മുന്നിലേക്ക് സ്റ്റെല്ല ചപ്പാത്തിയും കറിയും വിളമ്പി. ഓഹ് ഡാർക്ക്‌.... ഇന്നും ഈ ഉണക്ക ചപ്പാത്തിയെ ഉള്ളൂ....... ഈർഷ്യയോടെ അവൾ സ്റ്റെല്ലയെ നോക്കി. അയ്യോ തമ്പുരാട്ടി ഇവിടെ അടിയൻ ഒറ്റക്കേ ഉള്ളൂ പണിയെടുക്കാൻ. നീയാ അടുക്കളയുടെ പടിക്കലെങ്കിലും വന്നെത്തി നോക്കുവോ എന്നിട്ടിപ്പൊ ഇരുന്നു കുറ്റം പറയുന്നോ????? ഓഹ് ഇതിലും നല്ല ഫുഡ് ജയിലിൽ കിട്ടും. എന്നാൽ ജയിലിൽ പോയി കിടന്നോ ഇവിടെ ഇതൊക്കെയേ കിട്ടൂ വേണേൽ കഴിച്ചിട്ട് ഏറ്റ് പോടീ..... പുച്ഛത്തിൽ ചുണ്ട് കോട്ടി അവർ പോവുന്നത് കണ്ടവൾ ദേഷ്യത്തിൽ ചപ്പാത്തി വായിൽ കുത്തികയറ്റി. എമീ നാളെ ഞായറാഴ്ചയാണ് രാവിലെ എഴുന്നേറ്റ് പള്ളിയിൽ പോയേക്കണം. ഞാനോ????? സ്റ്റെല്ല പറയുന്നത് കേട്ടവൾ ഞെട്ടി ചോദിച്ചു. പിന്നെ ഞാനാണോ എമി??? എനിക്ക് വയ്യ. ദേ പെണ്ണേ മര്യാദക്ക് പോയേക്കണം അല്ലെങ്കിൽ ചൂരൽ കൊണ്ട് വെക്കും ഞാൻ. സ്റ്റെല്ല കലിപ്പിലായതും അവൾ ജോണിനെ നോക്കി. പപ്പ......... ചിണുങ്ങി കൊണ്ടുള്ള അവളുടെ വിളി കേട്ടയാൾ ഒന്ന് ചിരിച്ചു. ഞായറാഴ്ച ആയത് കൊണ്ടല്ലേ കുഞ്ഞാ അമ്മ പറഞ്ഞത്. എന്റെ മോൾ നല്ലകുട്ടിയായിട്ട് കുർബാനക്ക് പോയിട്ട് വാ. രണ്ടാമത്തേതിന് പോയാൽ മതി അതുവരെ കിടന്നുറങ്ങിക്കൊ. ശരി പപ്പ പറഞ്ഞത് കൊണ്ട് പോവാം.

വല്യ താല്പര്യമില്ലെങ്കിലും അവൾ ജോണിന് വേണ്ടി സമ്മതിച്ചു. Thats my girl. പുഞ്ചിരിയോടെ അയാൾ അവളുടെ തലയിൽ തഴുകി. ഓഹ് അല്ലേലും നീ ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ. ഒരു പപ്പയും മോളും വന്നിരിക്കുന്നു. സ്റ്റെല്ല കുശുമ്പോടെ മുഖം കോട്ടി. അസൂയക്കും കഷണ്ടിക്കും മരുന്നില്ല ടീച്ചറെ. കുറുമ്പൊടെ അവൾ പറയവെ ജോൺ പൊട്ടിച്ചിരിച്ചു. ചിരിയും കളിയും ആ തീന്മേശയിൽ വിരുന്തെത്തി. അത്താഴം കഴിഞ്ഞതും മൂന്നു പേരും കൂടി സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. എന്നും രാത്രി അതൊരു സ്ഥിരം കലാപരിപാടി ആണ്. തമ്മിൽ വഴക്ക് കൂടിയും തമാശ പറഞ്ഞും അവരങ്ങനെ ഇരുന്നു. ഏറെനേരം കഴിഞ്ഞതും എമിയുടെ കണ്ണുകളെ ഉറക്കം മാടിവിളിക്കാൻ തുടങ്ങി. സ്റ്റെല്ലയും ജോണും ലോകകാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതും ജോണിന്റെ തോളിൽ തലചായ്ച്ചവൾ നിദ്രയിലേക്ക് വീണു. ചുമലിൽ ഭാരം അനുഭവപ്പെട്ടതും അയാളൊന്ന് നോക്കവെ നിഷ്കളങ്കമായി തന്നെ ചാരിയിരുന്നുറങ്ങുന്ന എമിയെ കണ്ടയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. വാത്സല്യത്തോടെ അവളെയൊന്ന് തഴുകി അവളുടെ ഉറക്കം കെടുത്താതെ തന്നെ അവളെ കൈകളിൽ വാരിയെടുത്ത് അവളുടെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തി അവളുടെ നെറുകിൽ ചുണ്ട് ചേർത്തു. അവളൊരു കുറുകലോടെ ചുരുണ്ടു കൂടി. തലയ്ക്ക് കീഴിൽ കൈകൾ കൂട്ടി വെച്ച് പൂച്ചകുഞ്ഞിനെ പോലെ കിടക്കുന്ന അവളെ പുതപ്പിച്ചയാൾ മുറി വിട്ട് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സാറമ്മോ....... എടിയേ.............. പോളിന്റെ വിളി കേട്ട് അടുപ്പത്ത് കറിയിളക്കി കൊണ്ടിരുന്ന സാറാ തിരിഞ്ഞു നോക്കി. എന്നതാ ഇച്ചായാ???? അടുക്കളവാതിൽപടിയിൽ ചാരി നിൽക്കുന്ന അയാളോടായി ചോദിച്ചു. അല്ല ഇതെന്നതാടി ഇവിടെ വല്ല സമൂഹ സദ്യയും നടക്കുന്നുണ്ടോ???? അവിടെ ഉണ്ടാക്കുന്ന വിഭവങ്ങൾ കണ്ടയാൾ അന്തം വിട്ട് ചോദിച്ചു. അങ്ങനെ ചോദിക്ക് ഡാഡി അച്ചു വരുന്നെന്ന് പറഞ്ഞ് രാവിലെ തുടങ്ങിയതാ ഈ യുദ്ധം തേങ്ങ ചിരവി കൊണ്ടിരുന്ന ആൽവി തലപൊക്കി കൊണ്ട് പറഞ്ഞു. അല്ല നീയെന്താടാ ഇവിടെ????? എന്റെ പൊന്ന് ഡാഡി അമ്മച്ചിയെ സഹായിക്കാൻ രാവിലെ എന്നെ അടുക്കളയിൽ കയറ്റിയതാ പണിയെടുത്തു പണിയെടുത്തു നടു ഒടിഞ്ഞു അല്ല അപ്പൊ റിയ മോളെന്തിയെ ????? മോൾക്ക് രാവിലെ തുടങ്ങിയ ഛർദിലാ ഇച്ചായാ പാവം ഒരു പരുവമായി. ഇവിടെ നിന്നാൽ ഇതിന്റെ ഒക്കെ മണം അടിച്ചിട്ട് ഇനിയും മേലാതെ വരും. കറിയിളക്കുന്നത് നിർത്തി അയാൾക്ക് നേരെ തിരിഞ്ഞുകൊണ്ടവർ പറഞ്ഞു. അതിനമ്മച്ചി എന്നാത്തിനാ എന്നെ ഇങ്ങനെ പട്ടിയെ പോലെ പണി എടുപ്പിക്കുന്നത്????? അവളിങ്ങനെ ആവാൻ നീയല്ലേ കാരണക്കാരൻ. അത് പിന്നെ ജോ കുട്ടന് ഒരു കൂട്ടായിക്കോട്ടെ എന്ന് കരുതിയിട്ടല്ലേ ആഹ് അപ്പൊ ഇതൊക്കെ സഹിക്കേണ്ടി വരും. അമ്മച്ചി ഒരു ബിസ്സിനെസ്സ് മാനേയാണ് ഈ അടുക്കള പണിക്ക് നിർത്തിയേക്കുന്നത് എന്നോർക്കണം. വാചകമടിക്കാതെ പണിയെടുക്കഡാ. ഡാഡി..........

എന്നെ നോക്കണ്ട നിനക്കൊക്കെ വേണ്ടി പണ്ട് ഞാനും കുറെ കഷ്ടപ്പെട്ടതാ പോളും അവനെ കയ്യൊഴിഞ്ഞു. അല്ലെടിയേ എന്റെ ഇളയ സന്താനം എന്തിയെ???? ആ അവളീ വീട്ടിൽ ഉണ്ടായിട്ടാ ആണായ എന്നെ അടുക്കളയിൽ കൊണ്ടിട്ട് പണി എടുപ്പിക്കുന്നത്. ആൽവി രോഷം കൊണ്ടു. അവൾ തലവേദന എന്നുപറഞ്ഞു മുറിയിൽ കിടന്നുറങ്ങുന്നുണ്ട്. അല്ലെങ്കിലും അവളീ അടുക്കളയിലേക്ക് ഒന്നെത്തി നോക്കുക പോലുമില്ലല്ലോ???? സാറാ അയാളോടായി പറഞ്ഞ് പാചകത്തിലേക്ക് തിരിഞ്ഞു. അപ്പാപ്പാ...................... പോളിന്റെ അടുത്തേക്കൊരു കൊച്ചു കുറുമ്പൻ ഓടി വന്നു. ആഹ് അപ്പാപ്പന്റെ ജോക്കുട്ടൻ എവിടെ ആയിരുന്നു????? അയാളവനെ എടുത്തു പൊക്കി. നാനെ മമ്മീടെ അത്താരുന്നു മമ്മക്ക് വാവൂ ആണ്. ആണോ അതെല്ലാം പെട്ടെന്ന് മാറൂട്ടോ. അയാളവന്റെ കവിളിൽ വാത്സല്യത്തോടെ തഴുകി. അപ്പാപ്പാ വാവ എപ്പയാ വരാ ????? വാവ കുറച്ചു നാള് കഴിയുമ്പോ ഇങ്ങ് വരും. ഇപ്പൊ അപ്പാപ്പനും ജോക്കുട്ടനും കൂടി കളിക്കാം. ആഹ്........ അവൻ സന്തോഷത്തോടെ തലയാട്ടി. അയാൾ കുഞ്ഞിനെയും കൊണ്ട് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇതാണ് കുരിശിങ്കൽ തറവാട്. ഇവിടുത്തെ ഗൃഹനാഥനാണ് കുറച്ചു മുന്നേ അടുക്കളയിൽ നിന്ന് വലിഞ്ഞു മുറ്റത്തേക്കിറങ്ങിയ പോൾ ജോസഫ്. പോളിന്റെ ഭാര്യയാണ് സാറാ. ഇവർക്ക് മൂന്നു മക്കൾ, ഒന്നാമൻ ആൽവിൻ പോൾ. കാര്യഗൗരവത്തോടെ പോളിന്റെ കൂടെ ചേർന്ന് ഫാമിലി ബിസ്സിനെസ്സ് നോക്കി നടത്തുന്നു. ഭാര്യ റിയ ഒരു മകൻ ജൊഹാൻ ആൽവിൻ പോൾ. ആൽവിന്റെ കാര്യഗൗരവം കാരണം റിയ ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ്. സ്വാഭാവികം. രണ്ടാമനാണ് അഗസ്റ്റി പോൾ എന്ന അച്ചു. സാറായുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തല്ലിപ്പൊളി. അച്ഛന്റെ ബിസ്സിനെസ്സ് നോക്കി നടത്താൻ താല്പര്യമില്ല എന്ന് പറഞ്ഞു സ്വന്തം ഇഷ്ടത്തിന് പ്രൊഫഷൻ ചൂസ് ചെയ്തു. ഇപ്പൊ ഇവിടെ നടക്കുന്നത് സ്ഥലത്തെ ACPയായി ചാർജ്‌ എടുക്കാൻ വരുന്ന അച്ചുവിനെ സ്വീകരിക്കാനുള്ള ഒരുക്കമാണ്. മുന്നേ ഇരുന്ന സ്ഥലത്ത് നിന്ന് ആളിന്റെ സ്വഭാവത്തിന് താത്കാലികമായി സസ്‌പെൻഡ് ചെയ്തു. കാര്യം എന്താണെന്ന് ചോദിച്ചാൽ മിനിസ്റ്ററുടെ മകനെ ലോക്കപ്പിലിട്ട് പഞ്ഞിക്കിട്ടു എന്നൊരു നിസാര സംഭവമാണ്. ഇപ്പൊ ഏകദേശം ആളുടെ സ്വഭാവം പിടികിട്ടി കാണുമല്ലോ??? സസ്പെൻഷൻ കിട്ടിയപ്പോൾ തന്നെ ഫ്രണ്ട്സിനേയും കൂട്ടി ട്രിപ്പിന് പോയി. അതിനിടയിലാണ് ഒരു മേജർ കേസിനായി ആളെ ഡിപ്പാർട്മെന്റിലേക്ക് തിരിച്ചു വിളിക്കുന്നത്. കാര്യം എന്തൊക്കെ ആയാലും ഇതുവരെ ഏറ്റെടുത്ത കേസുകളൊന്നും തെളിയിക്കാതെ പോയിട്ടില്ല അതുകൊണ്ട് തന്നെയാണ് ആളെ തിരിച്ചെടുക്കുന്നത്. ഇനി അടുത്തത് കുരിശിങ്കൽ തറവാട്ടിലെ ഏറ്റവും ഇളയ സന്തതി അനയ പോൾ എന്ന അനു. അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ എന്താണോ അതാണ് കക്ഷി. പണത്തിന്റെ ഹുങ്കും പിന്നെ ഒറ്റമോളായി പിറന്നതിന്റെ എടുപ്പും എല്ലാം ആവശ്യത്തിലേറെയുണ്ട്. ഇപ്പൊ കുടുംബത്തിന്റെ ഏകദേശ രൂപം കിട്ടിയില്ലേ ബാക്കി വഴിയേ അറിയാം. 🖤🖤🖤🖤🖤🖤

ഡൈനിങ്ങ് ടേബിളിൽ എണ്ണിയാൽ ഒടുങ്ങാത്ത വിഭവങ്ങൾ വന്നു നിറഞ്ഞു. ബീഫ്, ചിക്കൻ, മീൻ, കൊഞ്ച് അങ്ങനെ സകലമാന സാധനങ്ങളും ടേബിളിൽ സ്ഥാനം പിടിച്ചു. എല്ലാം ടേബിളിൽ കൊണ്ടു വെച്ചിട്ട് ആൽവി നടുവിന് കൈകൊടുത്തു നിന്നു. എന്നതാടാ ഇങ്ങനെ നിക്കണത്???? അവന്റെ നിൽപ്പ് കണ്ട് വന്ന പോൾ ചോദിച്ചു. ഒന്നുല്ല ഡാഡി രാവിലെ 5 മണി തൊട്ട് അടുക്കളയിൽ ഞാൻ കഷ്ട്ടപ്പെട്ടത്തിന്റെ ഫലമാണല്ലോ ഇതൊക്കെ എന്നൊന്ന് നോക്കി നിന്നു പോയതാ. അമ്മച്ചിയെ ആ ചോറിങ്ങു വിളമ്പ്‌ ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്. അത്രയും പറഞ്ഞു കൈ പോലും കഴുകാതെ ഒരു പ്ലേറ്റും എടുത്തവൻ ഇരുന്നു. ഒന്ന് പോടാ എന്റെ മോൻ വരാതെ ഒരു സാധനം ഞാനിവിടെ വിളമ്പില്ല. അമ്മച്ചീ............... എന്നാത്തിനാടാ കിടന്നു കാറുന്നത്???? വിശന്നിട്ടാ അമ്മച്ചീ അവൻ വന്നോളും എനിക്ക് വിളമ്പി താ. ദേ അവൻ വരാതെ ഇതിലെങ്ങാനും തൊട്ടാൽ ആ കൈ ഞാൻ വെട്ടും. ഇത് കൊള്ളാല്ലോ ഇതെല്ലാം ഉണ്ടാക്കിയത് ഞാൻ എന്നിട്ടിതൊക്കെ തിന്നാൻ ആ അലവലാതി വരണം പോലും എന്നെയെന്താ ഇവിടെ തവിടു കൊടുത്ത് വാങ്ങിയതാണോ???? പിന്നേ തവിടു കൊടുത്തു വാങ്ങാനാണെങ്കിൽ നിന്നെക്കാൾ നല്ലത് കിട്ടില്ലേ ഏറ്റു പോടാ...........

സാറാമ്മയുടെ ട്രോൾ കേട്ട് അവിടേക്ക് വന്ന റിയ വാപൊത്തി ചിരിച്ചു. വയറ്റിലുണ്ടായി പോയി അല്ലെങ്കിൽ ഈ ചിരിക്ക് ഞാൻ പകരം വീട്ടിയേനെ. നീയൊന്ന് പകരം വീട്ടിയതിന്റെയാ ആ മുറ്റത്തു കളിച്ചു നടക്കുന്നത്. അത് പോരാഞ്ഞിട്ട് ഒരെണ്ണം വയറ്റിലുമുണ്ട്.ഈ വീടൊരു പ്ലേ സ്കൂളാക്കാനാണ് നിന്റെ ഭാവമെങ്കിൽ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര്. അത് പിന്നെ അമ്മച്ചി പിള്ളേര് ഈ മുറ്റത്തു കൂടി ഓടി നടക്കുന്നത് കാണാൻ നല്ല രസല്ലേ?????? രസമല്ലെടാ സാമ്പാർ...... എല്ലാ കൊല്ലവും ഇതിനെ ലേബർ റൂമിൽ കേറ്റിക്കോളാമെന്ന് നിനക്ക് നേർച്ചയൊന്നുമില്ലല്ലോ???? ആദ്യത്തേതിന്റെ കളി പ്രായം പോലും കഴിഞ്ഞിട്ടില്ല അപ്പോഴാ അടുത്തത്. ഇങ്ങനാണ് പോക്കെങ്കിൽ നിനക്ക് അടുക്കളയിൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല പറഞ്ഞില്ലെന്നു വേണ്ട. സാറാ അത്രയും പറഞ്ഞു മുറ്റത്തേക്കിറങ്ങി. എന്ത് തോൽവിയാണിച്ചായാ നിങ്ങൾ???? റിയ കൂടി അവനെ താങ്ങി. നീ പോടീ ഇതുകൊണ്ടൊന്നും ഈ ആൽവി തളരില്ല. ചന്തുവിനെ തോൽപ്പിക്കാനാവില്ല മോളെ. എന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ ബാക്കിയുണ്ടെടി. അത് കേട്ടവൾ തലയിൽ കൈ വെച്ച് നിന്നു. അതെല്ലാം എന്റെ നെഞ്ചത്തോട്ടാണല്ലോ മാതാവേ................. സംസാരിച്ചു കൊണ്ട് നിക്കവേ പെട്ടെന്നാണ് കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഒരു ബുള്ളറ്റ് വീട്ടുമുറ്റത്ത് വന്ന് നിന്നത്. അച്ചു എത്തി............. തുടരും.......

Share this story