ഹൃദയതാളമായ്: ഭാഗം 100

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

റോണിക്കും ജോണിനും ഒപ്പം ഇരുന്ന് സംസാരിക്കുന്ന നേരം സ്റ്റെയറിനരികിൽ നിന്ന് താളം ചവിട്ടുന്ന എമിയെ കാൺകെ അവന് ചിരി വരുന്നുണ്ടായിരുന്നു. രാവിലത്തെ സംഭവത്തിന്‌ ശേഷം ഇതാണ് കളി. ചായ തരാൻ മുറിയിൽ അമ്മ വന്നപ്പൊ കൂടെ പോയതാണ് അത് കഴിഞ്ഞ് പിന്നെ മുന്നിൽ വന്നിട്ടില്ല. അല്ലാത്തപ്പൊ താൻ എവിടെയെങ്കിലും ഇരിക്കുന്നത് കാണുമ്പോൾ അടുത്ത് വന്നിരുന്ന് വെറുപ്പിക്കുന്ന പെണ്ണാണ് ഇന്ന് ചമ്മി മാറി നിൽക്കുന്നത്. ഒരു ചിരിയോടെ ഓർത്തവൻ അവളെ കാണാത്തത് പോലെ ഇരുന്നു. നീയെന്താടി അവിടെ നിന്ന് പരുങ്ങുന്നത്?????? റോണിയുടെ ശബ്ദം ഉയർന്നതും എന്തോ ആലോചനകളിൽ മുഴുകി നഖം കടിച്ചു നിന്ന അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി. ഏ????? എന്താ?????? ചെറിയൊരു പതർച്ചയോടെ അവൾ റോണിയെ നോക്കി. നിന്റെ ഏത് കിളിയാടി പോയത്??? ഒരുമാതിരി കഞ്ചാവ് അടിച്ചു കിറുങ്ങിയ കോഴിയെ പോലെ കറങ്ങി നടക്കുന്നത് ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുവാ. എമിയെ അടിമുടി നോക്കി അവൻ പറയുന്നത് കേട്ട് അച്ചു ചിരിയടക്കി ഇരുന്നു. കഞ്ചാവ് അടിച്ച കോഴി നിന്റെ അമ്മായിയപ്പൻ. ദേ ദേ.... ആരെ പറഞ്ഞാലും ഞാൻ സഹിക്കും പക്ഷെ എന്റെ സ്വീറ്റ് ഫാദർ ഇൻ ലോയെ പറഞ്ഞാൽ ഉണ്ടല്ലോ????

വട്ടത്തി ആണെങ്കിലും പാവം എന്റെ പെണ്ണിനെയും പെട്ടി നിറച്ച് സ്വർണ്ണം ഡൗറിയായി തന്ന് എന്നെ കോടീസ്വരൻ ആക്കാൻ പോവുന്ന എന്റെ സ്വന്തം ഫാദർ ഇൻ ലോയെ പറ്റി പറഞ്ഞാൽ ചങ്കാണ് കിഡ്ണിയാണ് ലിവർ ഫ്രൈയാണ് എന്നൊന്നും ഞാൻ നോക്കൂല എടുത്ത് പഞ്ചായത്ത്‌ കിണറ്റിൽ ഇടും. റോണി രാവിലെ തന്നെ അങ്കത്തിനുള്ള പുറപ്പാടിൽ ആണ്. അയ്യാ. പെട്ടി നിറയെ സ്വർണ്ണം ഡൗറിയായി തരാൻ പറ്റിയ ചളുക്ക്. നിനക്കൊക്കെ പെണ്ണ് തരുന്ന അങ്ങേരെ ആദ്യം തല്ലണം. എമി അവനെ പരിഹസിച്ചു. മൂന്നരയടി പൊക്കവും 10 കിലോമീറ്റർ നാക്കും ഉള്ള നിനക്ക് ഒരു ഐപിഎസുകാരനെ കിട്ടിയെങ്കിൽ എനിക്കും പെണ്ണ് കിട്ടും. കേട്ടോടീ കുരുട്ടേ??????? പുച്ഛിച്ചു തള്ളി അവൻ പറഞ്ഞു തീർന്നതും എമിക്ക് ദേഷ്യം ഇരച്ചു കയറി. വേറെന്ത് പറഞ്ഞു കളിയാക്കിയാലും അവൾ ക്ഷമിച്ചേനെ പക്ഷെ തന്റെ പോക്കമില്ലായ്മ തന്നെ അവൻ മുതലെടുക്കുന്നത് കേട്ടതും അവൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. സ്റ്റെയറിന് അരികിൽ ഇരുന്ന ഫ്ലവർ വേസ് എടുത്ത് ഒറ്റ ഏറായിരുന്നു.

പ്രതീക്ഷിക്കാത്ത ആക്രണം ആയതിനാൽ അവന് തടുക്കാനോ ഒഴിഞ്ഞു മാറാനോ കഴിഞ്ഞില്ല. കൃത്യം മൂക്കിന് തന്നെ വന്നു കൊണ്ടു. ഹെന്റെ അമ്മശ്ചിയേ......... മൂക്ക് പൊത്തി പിടിച്ചവൻ കാറി. ഇന്നലെ തൊട്ട് ഞാൻ നിനക്ക് ഓങ്ങി വെച്ചതാ. വയ്യാതെ ഇരിക്കുന്ന എന്റെ മുന്നിൽ ഇരുന്ന് നീ ചിക്കൻ തിന്നും അല്ലേടാ തെണ്ടീ.......... അവന് നേരെ ചീറി അടുത്തുകൊണ്ട് അവന്റെ കൂമ്പിന് നോക്കി ഇടിച്ചു. അമ്മേ............. നിലത്ത് നിന്ന് തുള്ളി അവൻ വേദന കൊണ്ട് എവിടെ കൈവെക്കണം എന്നറിയാതെ കുനിഞ്ഞു പോയി. ഇതല്ല ഇതിനപ്പുറം കണ്ടിട്ടുള്ളത് കൊണ്ട് അച്ചുവിനും ജോണിനും അത്ഭുതം ഒന്നും തോന്നിയില്ല. രണ്ടുപേരും ട്വന്റി- ട്വന്റി മാച്ച് കാണുന്ന ലാഘവത്തോടെ അത് നോക്കി ഇരുന്നു. റോണി വയറും പൊത്തി പിടിച്ച് സെറ്റിയിലേക്ക് ഇരുന്നു പോയി. എന്നാൽ എമി അപ്പോഴും ദേഷ്യം അടങ്ങാതെ അടിമുടി നിന്ന് വിറയ്ക്കുവാണ്. ഇനിയൊരു പഞ്ച് കൂടി റോണി താങ്ങില്ല എന്ന് മനസ്സിലായതും ജോൺ അവളെ പിടിച്ചു മാറ്റി. മതി കുഞ്ഞാ ഇനി ഇടിച്ചാൽ അവൻ ബാക്കി ഉണ്ടാവില്ല. അവനുള്ളത് നമ്മുക്ക് പിന്നെ കൊടുക്കാം. അവളെ പറഞ്ഞു സമാധാനിപ്പിച്ച് അയാളുടെ അരികിൽ പിടിച്ചിരുത്തി. എന്ത് ദുഷ്ടനാ മനുഷ്യാ നിങ്ങൾ????

കല്യാണം പോലും കഴിക്കാത്ത ഒരു പിഞ്ചു യുവാവിന്റെ കൂമ്പിനിട്ട് താങ്ങിയ മകളെ പ്രോത്സാഹിപ്പിക്കുന്നോ???? വയറും തടവി വേദനക്കിടയിലും അവൻ പറഞ്ഞു ഒപ്പിച്ചു. പിഞ്ചു യുവാവിന്റെ വായിൽ നിന്ന് വരുന്നത് കൂടി നല്ലതാവണം. അയാൾ പറഞ്ഞതും എമി അവനെ നോക്കി നല്ലോണം പുച്ഛിച്ചു. ഇനി ഇരുന്നാൽ അപ്പനും മോളും കൂടി തന്നെ വറുത്തു കോരും എന്ന് മനസ്സിലായതും അവൻ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് വലിഞ്ഞു. വികലാംഗ പെൻഷന് അപേക്ഷിക്കാൻ പോവുന്നത് മാതിരിയുള്ള അവന്റെ നടപ്പ് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. ഒരു പൊട്ടിച്ചിരിയോടെ തിരിയവെ തന്നെ കൊത്തി വലിക്കുന്ന അച്ചുവിന്റെ കണ്ണുകൾ കണ്ടതും പൊടുന്നനെ അവളുടെ ചിരി നിലച്ചു. അവന്റെ നോട്ടത്തിനൊപ്പം ചുണ്ടിൽ സ്ഥാനം പിടിച്ച കുസൃതി ചിരി കണ്ടതും അവളുടെ ഹൃദയമിടിപ്പിന്റെ വേഗത ഏറി. എന്തോ വല്ലാത്തൊരു വെപ്രാളവും പരവേശവും പോലെ. അടിവയറ്റിൽ നിന്നൊരു കാളൽ പോലെ. അവൾ ഇട്ടിരുന്ന ടോപ്പിൽ വിരലുകൾ തെരുത്തു പിടിച്ചു.

പിന്നീട് അച്ചുവിനും ജോണിനും ഇടയിൽ സംഭാഷണങ്ങൾ കടന്നു വന്നെങ്കിലും എമിക്ക് അതിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. സംസാരത്തിനിടയിലും തന്നിൽ ഉറച്ചു നിൽക്കുന്ന അവന്റെ മിഴികൾ അവളെ തളർത്തിയിരുന്നു. കൊള്ളാം അടുക്കളയിൽ കിടന്ന് കറങ്ങുന്നത് കണ്ട് കുറച്ച് നേരം റസ്റ്റ്‌ എടുക്കാൻ ഓടിച്ചു വിട്ടപ്പൊ ഇവിടെ വന്നിരിക്കുന്നോ????? കയ്യിൽ ഒരു ഗ്ലാസ്‌ വെള്ളവുമായി അങ്ങോട്ടെത്തിയ സ്റ്റെല്ലയുടെ ചോദ്യം കേട്ടാണ് പലവിധ ചിന്തകളിൽ ഉഴറി ഇരുന്ന അവൾ അതിൽ നിന്ന് പുറത്ത് വരുന്നത്. എന്റെ പനിയൊക്കെ മാറി അമ്മേ ഇനിയെന്തിനാ ഞാൻ റസ്റ്റ്‌ എടുക്കുന്നത്????? പനി മാറി എന്ന് തന്നത്താൻ അങ്ങോട്ട്‌ തീരുമാനിച്ചാൽ മതിയോ????? പുറമെ ചൂട് കാണില്ലായിരിക്കാം. ഉൾപ്പനി ഉണ്ടാവില്ല എന്ന് ആര് കണ്ടു???? അതെങ്ങനാ അസുഖം വന്നാലും അടങ്ങി ഇരിക്കാൻ അറിയില്ലല്ലോ.???? പതംപറഞ്ഞവർ പറഞ്ഞതും അവൾ ചിരിച്ചു പോയി. വയ്യാതെ ഇരിക്കുമ്പോഴായാലും ബെഡിൽ ചടഞ്ഞു കൂടി ഇരിക്കുന്നത് ഭയങ്കര ബോറാണ് എന്റെ ടീച്ചറേ അതല്ലേ ഞാൻ ഇരിക്കാത്തത്.

ഇനി അതും പറഞ്ഞ് മുഖം വീർപ്പിക്കാതെ എന്റെ സ്റ്റെല്ല കൊച്ചേ.... കുറുമ്പൊടെ അവരുടെ കവിളിൽ നുള്ളി വലിച്ചവൾ ചിരിച്ചു. മ്മ്മ്മ്.... മതി മതി സോപ്പിട്ടത്. പണ്ടേ നീ കുരുത്തക്കേട് കാണിച്ചിട്ട് ആളെ മയക്കാൻ മിടുക്കി ആണല്ലോ????? അവർ പറയുന്നത് കേട്ടവൾ കണ്ണിറുക്കി ചിരിച്ചു. ദേ ഈ വെള്ളം കുടിച്ചേ.... ഉള്ളൊക്കെ തണുക്കട്ടെ. അവളുടെ കയ്യിലേക്ക് ഗ്ലാസ്സ് വെച്ചുകൊടുത്തവർ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. അനുസരണയോടെ അവർ നൽകിയ വെള്ളം വാങ്ങി കുടിച്ചവൾ കാലിയായ ഗ്ലാസ്‌ മുന്നിലെ ടേബിളിൽ വെച്ച് സ്റ്റെല്ലയുടെ മടിയിലേക്ക് കിടന്നു. അവളുടെ പ്രവർത്തി അവരിൽ പുഞ്ചിരി വിടർത്തി. കരുതലോടെ അവളുടെ മുടിയിഴകൾക്കിടയിലൂടെ വിരലുകൾ ഓടിച്ച് ഇരുന്നു. പ്രിയപ്പെട്ടവരുടെ ഓരോ തലോടലും സ്പർശങ്ങളും നമുക്കുള്ളിൽ തീർക്കുന്ന സന്തോഷത്തിനും നിർവൃതികൾക്കും അതിരുകൾ ഉണ്ടാവില്ല. കാലമെറെ കഴിഞ്ഞാലും വയസ്സ്‌ എത്ര ആയാലും അമ്മയുടെ മടിത്തട്ടിലെ ചൂടിന് വേണ്ടി കൊതിക്കുന്നവർ ആയിരിക്കും ഓരോ മക്കളും.

കരുതലിന്റെ... സ്നേഹത്തിന്റെ.... വാത്സല്യത്തിന്റെ... ആ ചൂടിൽ എത്ര വലിയ ദുഃഖങ്ങൾ ആയാലും ആകുലതകൾ ആയാലും നിമിഷ നേരം കൊണ്ട് മാഞ്ഞു പോവും. എന്തോ ഓരോ അമ്മമാരുടെ വിരലുകളിൽ അതിനുള്ള ഒരു മന്ത്രികത തന്നെ ഉണ്ടാവും. ഒരു പുഞ്ചിരിയോടെ ചിന്തിച്ചവൾ സ്റ്റെല്ലയെ നോക്കി കിടന്നു. നിങ്ങൾക്ക് ഇന്ന് തന്നെ പോണോ അച്ചൂ???? ഇന്നലെ വൈകിട്ട് ആണ് എത്തിയത് തന്നെ കണ്ട് കൊതി തീർന്നില്ല. എമിയുടെ കവിളിൽ തഴുകി തഴുകി ആയിരുന്നു അവരുടെ ചോദ്യം. പോകാതിരിക്കാൻ പറ്റില്ല അമ്മേ. നാളെ എനിക്ക് ഡ്യൂട്ടിക്ക് പോവണം. ഇന്നൊരു ദിവസം ലീവ് എടുത്താണ് പോന്നത് തന്നെ. പിന്നെ ഇവൾക്ക് പനിയാണെന്ന് അറിഞ്ഞത് മുതൽ വീട്ടിൽ ആരും എനിക്ക് സ്വസ്ഥത തന്നിട്ടില്ല. രാവിലെ മുതൽ ഓരോരുത്തരായി മാറി മാറി വിളിക്കുവാണ്. ഞങ്ങൾ എന്തായാലും ക്രിസ്മസിന് ഇങ്ങോട്ട് വരുന്നുണ്ടല്ലോ അന്ന് എന്തായാലും 2 ദിവസം ഇവിടെ തങ്ങിയിട്ടേ പോവൂ. അച്ചു ഉറപ്പ് കൊടുക്കുന്നത് പോലെ പറഞ്ഞു. എങ്കിൽ എമിയെ ഒരു ദിവസം ഇവിടെ നിർത്തിക്കൂടെ?????

പ്രതീക്ഷയോടെയുള്ള സ്റ്റെല്ലയുടെ ചോദ്യം കേട്ടതും അവർ രണ്ടുപേരും ഞെട്ടി പരസ്പരം നോക്കി. ആഹ്.... ബെസ്റ്റ്. എന്റെ പൊന്നു സ്റ്റെല്ലേ ഒരു രാത്രി അച്ചൂനെ പിരിഞ്ഞ് കിടന്നിട്ട് ഉറങ്ങാൻ പറ്റാതെ വയ്യായ്ക മറന്ന് എഴുന്നേറ്റ് ഓടിയ പെണ്ണ് ഇവിടെ ഒരു ദിവസം നിൽക്കാനോ???? നല്ല കഥയായി. ജോൺ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു. ഓഹ്... അത് ഞാൻ മറന്നുപോയി ഇച്ചായാ. കെട്ട് കഴിഞ്ഞപ്പോൾ പെണ്ണിന് കെട്ട്യോനെ പിരിഞ്ഞിരിയാൻ വയ്യാതെ ആയിപ്പോയില്ലേ....... ഒരു കള്ള ചിരി മുഖത്ത് അണിഞ്ഞ് അവർ പറഞ്ഞതും എമി ചൂളി പോയി. ചമ്മിയ മുഖം അവരിൽ നിന്ന് മറയ്ക്കാൻ എന്നോണം കണ്ണുകൾ പൂട്ടി അവൾ സ്റ്റെല്ലയെ ചുറ്റിപ്പിടിച്ച് അവരുടെ വയറിൽ മുഖം പൂഴ്ത്തി കിടന്നു. അവളുടെ കിടപ്പും അച്ചുവിന്റെ മുഖത്തെ പുഞ്ചിരിയും നോക്കി നിറഞ്ഞ മനസ്സോടെ അവർ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇപ്പൊ എങ്ങനുണ്ട് അളിയാ വേദന കുറവുണ്ടോ????? ആക്കി ചിരിയോടെയുള്ള അച്ചുവിന്റെ ചോദ്യം കേട്ടതും സെറ്റിയിൽ കിടന്ന റോണി എഴുന്നേറ്റിരുന്നു.

അളിയന്റെ കെട്ട്യോൾക്ക് നല്ല ഉന്നം ആയത് കൊണ്ട് മൂക്കിന്റെ പാലം തകർന്നില്ല. പിന്നെ എന്റെ ഭാഗ്യം കൊണ്ട് അംഗങ്ങൾക്ക് യാതൊരു ഭംഗവും വന്നില്ല അല്ലെങ്കിൽ എന്റെ പുണ്യാളാ.... എന്തോ ഓർമ്മയിൽ തല കുടഞ്ഞു കൊണ്ട് അവൻ പറയുന്നത് കേട്ട് അച്ചു ചിരി അടക്കി. അളിയന് ഇപ്പൊ ഞാനൊരു ഉപദേശം തരാം. അവളെ കളിയാക്കുമ്പോഴും വഴക്ക് കൂടുമ്പോഴും ഒരു 4 മീറ്റർ ഡിസ്റ്റൻസ് ഇട്ട് നിൽക്കണം. എന്തും പ്രതീക്ഷിച്ചു വേണം അവളോട് തല്ല് കൂടാൻ അല്ലെങ്കിൽ സ്വർഗ്ഗം കാണും അളിയാ സ്വർഗ്ഗം. എനിക്ക് തന്നെ ഇത് എത്രാമത്തെ അനുഭവം ആണെന്ന് അറിയോ???? ആദ്യം അഡ്ജസ്റ്റ് ചെയ്യാൻ സ്വൽപ്പം ബുദ്ധിമുട്ട് ഒക്കെ കാണും പിന്നെ ശീലം ആയിക്കോളും. എല്ലാം അളിയന്റെ വിധിയാണ് എന്ന് കരുതി സമാധാനിക്കണം. റോണി ഇമോഷണൽ ആയി കണ്ണ് തുടയ്ക്കുന്നത് പോലെ കാണിച്ച് അവന്റെ ചുമലിൽ തട്ടി. വെറുതെ അവളെ ചൊറിഞ്ഞ് കിട്ടിയത് എല്ലാം വാങ്ങിക്കാൻ എന്റെ പേര് റോണി എന്നല്ല. അവളെ ദേഷ്യം പിടിപ്പിക്കാൻ അറിയാമെങ്കിൽ അവളെ ഒതുക്കാനും എനിക്കറിയാം. അതോർത്ത് എന്റെ അളിയൻ വെറുതെ ടെൻഷൻ അടിക്കണ്ട. ചെന്ന് വല്ല മർമ്മാണിയെയും കാണാൻ നോക്ക് നല്ല താങ്ങല്ലേ കിട്ടിയത്??????

റോണിക്ക് നേരെ പരിഹാസചിരി എറിഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി. ഒത്തില്ല....... തനിയെ പറഞ്ഞു കൊണ്ട് ചമ്മിയ എക്സ്പ്രഷൻ ഇട്ടവൻ സെറ്റിയിലേക്ക് കിടന്നു. റോണിയെ ഒന്ന് നോക്കി മുറിയിലേക്ക് ചെല്ലുമ്പോഴുണ്ട് എന്തോ തിരഞ്ഞ് ടേബിൾ മുഴുവൻ വലിച്ചു വാരിയിടുന്നുണ്ട് എമി. ടേബിൾ ആന കയറിയ കരിമ്പിൻ കാട് എന്ന പോലെ അലങ്കോലം ആക്കി ഇട്ടവൾ ബെഡിലും നിലത്തും എല്ലാം കണ്ണുകൾ കൊണ്ട് തിരയാൻ തുടങ്ങി. ശെടാ ഇപ്പൊ ഇവിടെ ഞാൻ വെച്ചതാണല്ലോ ഇതെവിടെ പോയി????? വിരൽ കടിച്ചു കൊണ്ട് ചുറ്റിനും നോക്കിയവൾ ഊരക്ക് കയ്യും കൊടുത്ത് നിന്നു. നീയെന്നതാ ഈ തപ്പുന്നത്?????? അകത്തേക്ക് കയറിയവൻ ചോദിച്ചതും അവൾ തിരിഞ്ഞ് അവനെ നോക്കി. ചീപ്പ്. കുറച്ച് മുൻപ് ഞാൻ ഈ ടേബിളിൽ വെച്ചതാ ഇപ്പൊ നോക്കിയിട്ട് കാണുന്നില്ല. ചുണ്ട് ചുളുക്കി അവൾ പറയുന്നത് കേട്ടവൻ അവളെ ഒന്ന് നോക്കി. അവളുടെ അടുത്തേക്ക് നടന്നടുത്ത് മുടിയിൽ വെച്ചിരിക്കുന്ന ചീപ്പ് എടുത്ത് അവളെ കാണിച്ചു. അപ്പൊ പിന്നെ ഇതെന്നതാ????? അവളെ നോക്കിയവൻ ചോദിച്ചതും അവൾ അബദ്ധം പിണഞ്ഞത് പോലെ നാക്ക് കടിച്ചു.

തലയിൽ ചീപ്പ് വെച്ചിട്ട് ആണോടീ നീ ഇതും തിരഞ്ഞു നടന്നത്????? അവളുടെ തലയിൽ ഒരു കിഴുക്കി അവൻ ചോദിക്കുന്നത് കേട്ടവൾ ഒന്ന് ഇളിച്ചു കാണിച്ച് ചീപ്പ് വാങ്ങി തിരിഞ്ഞ് നിന്ന് മിററിൽ നോക്കി മുടി ചീകി ഒതുക്കി ക്രാബ് ഇട്ടു. മുന്നിലേക്ക് വീണു കിടന്ന നുറുങ്ങു മുടിയിഴകൾ കാതിന് പിന്നിലേക്ക് ഒതുക്കി വെച്ച് അവൾ അവന് നേരെ തിരിഞ്ഞു. ഇറങ്ങാം????? ടേബിളിൽ ഇരുന്ന ഹെൽമെറ്റ്‌ കയ്യിൽ എടുത്തവൻ ചോദിച്ചതും അവളൊന്ന് തലയാട്ടി. ബുള്ളറ്റിന്റെ കീയും എടുത്തവൻ പുറത്തേക്ക് ഇറങ്ങിയതും പുറകെ അവളും ഇറങ്ങി. താഴെ തങ്ങളെ കാത്ത് നിൽക്കുന്നവരെ നോക്കി പുഞ്ചിരിച്ചു കൊണ്ടവർ ഇരുവരും അങ്ങോട്ട്‌ നടന്നു. ജോണിനെയും സ്റ്റെല്ലയെയും ഒരുമിച്ച് പുണർന്നവൾ ഇരുവരുടെയും കവിളിൽ ഉമ്മ വെച്ചു. ക്രിസ്മസ്സിന് വരാവേ.... പുഞ്ചിരിയോടെ പറയവെ തങ്ങളുടെ മകളെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ ചുംബിച്ചിരുന്നു അവരും. ഞാൻ പോണെടാ അലവലാതി. ഇനിയെങ്കിലും ഇവിടെ കടിച്ചു തൂങ്ങി കിടക്കാതെ സ്വന്തം വീട്ടിൽ പോടാ..... റോണിയുടെ കവിളിൽ കുത്തിയവൾ കുറുമ്പൊടെ പറഞ്ഞു.

ഇത് എന്റെ അങ്കിളിന്റെ വീടാടീ. ഞാൻ ഇവിടെ തന്നെ നിൽക്കും. നിന്നെ ഇവിടുന്ന് കെട്ടിച്ചു വിട്ടതല്ലേ നീ ഇറങ്ങി പോടീ...... റോണി പുച്ഛത്തോടെ ചിറി കോട്ടി. കെട്ടിച്ചു വിട്ടാലും ഇതേ എന്റെ വീടാ. ഞാൻ എനിക്ക് ഇഷ്ടം പോലെ വരും അതിന് നിന്റെ സമ്മതം എനിക്ക് ആവശ്യമില്ല കേട്ടോടാ മരമാക്രി..... പറയുന്നതിനൊപ്പം അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു. ആാാഹ്..... എറിഞ്ഞു ചളുക്കിയ മൂക്കിൽ പിടിച്ചു വലിക്കുന്നോടീ പൂതനെ..... റോണി വേദന കൊണ്ട് നിന്ന് തുള്ളി കൊണ്ട് കാറി. വേദന മാറിയതും മൂക്കും ചുവപ്പിച്ച് നിന്ന് കണ്ണുരുട്ടുന്ന അവനെ നോക്കി പുച്ഛിച്ച് അവൾ പുറത്തേക്കിറങ്ങി. അച്ചു ജോണിനെയും സ്റ്റെല്ലയെയും പുണർന്ന് യാത്ര പറഞ്ഞു. റോണിയുടെ തോളിൽ ഒന്ന് തട്ടി അവനെയും ഒന്ന് പുണർന്ന് ചിരിയോടെ അവനും പുറത്തേക്കിറങ്ങി. അച്ചു വന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അവന് പിന്നിൽ കയറിയിരുന്ന് വരാന്തയിൽ തങ്ങളെ നോക്കി നിൽക്കുന്ന അവരെ നോക്കി കൈവീശി കാണിച്ച് റോണിക്ക് നേരെ ഫ്ലയിങ് കിസ്സും പറത്തി വിട്ടവൾ ചിരിച്ചു.

അത് കാൺകെ അവരെ നോക്കി നിന്നിരുന്ന റോണിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. അകന്നു പോവുമ്പോഴും തിരിഞ്ഞു റ്റാറ്റാ കാണിക്കുന്ന അവൾക്ക് നേരെ അവൻ കൈവീശി കാണിച്ചു. വിട വാങ്ങാൻ വെമ്പൽ കൊള്ളുന്ന സൂര്യനൊപ്പം അതുവരെ നില നിന്നിരുന്ന കുസൃതികളും നിലച്ചിരിക്കുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഠോ 💥 കുരിശിങ്കൽ എത്തി അകത്തേക്ക് കയറവെ കാതിൽ വന്ന് ആ ശബ്ദം പതിക്കുന്നത്. അമ്മേ..... ഞെട്ടി കൊണ്ടവൾ അലറി വിളിച്ചു. നെഞ്ചിൽ കൈ വെച്ച് ഉയർന്നു വന്ന ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ കഴിയാതെ അവൾ ഒന്ന് കിതച്ചു പോയി. ദീർഘമായി ഒന്ന് നിശ്വസിച്ചവൾ മുന്നോട്ട് നോക്കവെ മുന്നിൽ 32 പല്ല് കാട്ടി ചിരിക്കുന്ന ആൽവിച്ചനെ കണ്ടതും അവൾ പല്ല് കടിച്ചു. ബുഹഹ........ പേടിച്ചു പോയല്ലേ???? വീരശൂരപരക്രമിയെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ. ദേ ഇത്രേ ഉള്ളൂ നത്തോലി നീ. കളിയാക്കി ചിരിച്ചു കൊണ്ടവൻ പറഞ്ഞതും എമിയുടെ കൈ അവന്റെ പുറത്ത് പതിഞ്ഞിരുന്നു. മനുഷ്യനെ പേടിപ്പിക്കുന്നോടോ അലവലാതി.....

ആൽവിക്ക് നേരെ കണ്ണുരുട്ടി അവൾ പറഞ്ഞതും മുതുകിൽ കൈ വെച്ചവൻ നിന്നു. ഇവിടെ എന്താ ഒരു പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടത്??????? ശബ്ദം കേട്ട് പോൾ മുറിയിൽ നിന്ന് ഇറങ്ങി അങ്ങോട്ട്‌ വരുന്നതിനിടയിൽ ചോദിച്ചു. പടക്കം പൊട്ടിയതല്ല ഡാഡി മൂത്ത പുത്രന്റെ മുതുകത്ത് ഒന്ന് പൊട്ടിയ ശബ്ദം ആണ് ആ കേട്ടത്. ആൽവിയെ ഒന്ന് നോക്കി അകത്തേക്ക് കയറിയ അച്ചു അയാൾക്കുള്ള മറുപടി കൊടുത്തു. വോ അതായിരുന്നോ???? ഞാൻ വിചാരിച്ച് മുറ്റത്ത് തേങ്ങ വീണതാണെന്ന്. ഒരു കുലക്കാത്ത മുതുവാഴ ഇവിടെ ഉള്ള കാര്യം ഞാൻ അങ്ങ് മറന്നുപോയി. അയാൾ പറയുന്നത് കേട്ടതും ആൽവി മുതുകും തടവി അയാളെ അടിമുടി ഒന്ന് നോക്കി. നിർത്തിയങ്ങ് അപമാനിക്കുവാല്ലേ???? എനിക്ക് ട്രോളാനല്ലേ അറിയൂ പുകഴ്ത്താൻ അറിയില്ലല്ലോ.... അയാളൊന്ന് അവനെ നോക്കി ഇളിച്ചു കാണിച്ചു. മാതാവേ വൈ മി???????? മുകളിലേക്ക് കൈമലർത്തി നിന്നവൻ ആത്മഗതിച്ചു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story