ഹൃദയതാളമായ്: ഭാഗം 101

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആൽവിച്ചന്റെ പിറുപിറുക്കൽ കേട്ട് ചിരിയോടെ നിൽക്കുമ്പോഴാണ് കാതിൽ ആരുടെയോ പിടി വീഴുന്നത്. ആഹ്......... വേദനയാൽ അവളിൽ നിന്ന് ഒരു നിലവിളി ഉയർന്നു. മഴയത്ത് പോയി പനി വരുത്തി വെക്കും അല്ലേടീ കുരുത്തംകെട്ടതേ?????? പറയുന്നതിനൊപ്പം പോൾ അവളുടെ ചെവിയിൽ ഒന്നുകൂടി അമർത്തി പിടിച്ചു. അയ്യോ.... ഡാഡീ ഞാനിനി അത് ആവർത്തിക്കൂല.... കാതീന്ന് വിട് വേദനിക്കുന്നു.... നിന്നിടത്ത് കിടന്ന് തുള്ളി അവൾ പറഞ്ഞു. അവളുടെ തുള്ളലും നിലവിളിയും കേട്ടതും അയാൾ പിടി വിട്ടു. ഔ..... എന്റെ ചെവി പറിച്ചെടുത്തോ ദുഷ്ടാ????? അവൾ മുഖം വീർപ്പിച്ച് അയാളെ നോക്കി കണ്ണുരുട്ടി. മാക്കാച്ചിയെ പോലെ മഴയത്ത് പോയി പനി വരുത്തിയ നിന്നെ ഇനി ഞാൻ പൊന്നാട കൊണ്ട് സ്വീകരിക്കാം. അയാൾ അവളെ നോക്കി പുച്ഛിച്ചു. അവളെയല്ല ആദ്യം ദേ ഇവനിട്ട് ഒരെണ്ണം കൊടുക്കണം. ഇവൾ എന്തെങ്കിലും വട്ട് പറഞ്ഞാൽ ഉടനെ അത് ചെയ്തു കൊടുത്തേക്കണം. ഒന്നുമില്ലേലും ഒരു പോലീസുകാരൻ അല്ലേടാ നീ???? ഇതെല്ലാം കേട്ട് അങ്ങോട്ട്‌ വന്ന സാറാ അച്ചുവിന് നേരെ ശബ്ദമുയർത്തി. അതെന്താ പോലീസുകാർക്ക് മഴ നനയാൻ പാടില്ല എന്ന് വല്ല നിയമവും ഉണ്ടോ???? അച്ചു വിട്ടുകൊടുത്തില്ല. തോന്ന്യാസം കാണിച്ചതും പോരാഞ്ഞിട്ട് നിന്ന് തർക്കുത്തരം പറയുന്നോടാ?????

ദേഷ്യത്തിൽ അവന്റെ കയ്യിൽ ഒരു തട്ട് കൊടുത്തവർ ചീറി. അച്ചു കയ്യും തടവി ഇതിനെല്ലാം കാരണക്കാരിയെ ഒന്ന് നോക്കി. എമി ഒന്നും അറിയാത്തത് പോലെ സീലിംഗിന്റെ ഭംഗി ആസ്വദിച്ചു നിന്നു. നിന്നെ എന്റെ കയ്യിൽ കിട്ടുവെടീ....... അവളെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ടവൻ തലയാട്ടി. എവിടെ പനി മാറിയോന്ന് നോക്കട്ടെ???? സാറാ എമിയുടെ അടുത്തേക്ക് നീങ്ങി അവളുടെ നെറ്റിയിൽ കൈവെച്ചു നോക്കി കൊണ്ട് ചോദിച്ചു. വോ എന്തൊരു സ്നേഹം???? 2 മാസം മുൻപ് എനിക്കും ഇതുപോലെ പനി വന്നിരുന്നു അന്നൊരു കട്ടൻചായ പോലും ഇവിടാരും എനിക്ക് ഇട്ട് തന്നിട്ടില്ല. ആൽവിച്ചൻ തന്റെ അമർഷം പുറത്ത് കാട്ടി. അന്ന് എങ്ങനെ ആയിരുന്നു എന്റെ സൽ പുത്രന് പനി പിടിച്ചത്?????? അവന് നേരെ തിരിഞ്ഞ് കൈകെട്ടി നിന്നുള്ള സാറായുടെ ചോദ്യത്തിന് മുന്നിൽ ആൽവി പതറി. അതെന്ത് ചോദ്യാ സാറേ???? അതൊക്കെ ആർക്കെങ്കിലും മറക്കാൻ പറ്റുവോ????? എമീ.... മോളിത് കേൾക്കണം. ഒരു രണ്ട് മാസം മുൻപ്, അന്ന് ഒരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. കമ്പനിയിലെ പുതിയ പ്രൊജക്ടിന്റെ ഭാഗമായി രാത്രി ഒരു വീഡിയോ കോൺഫറൻസ് ഉണ്ടായിരുന്നു.

ഓഫീസ് റൂമിൽ നിന്ന് അത് കഴിഞ്ഞ് മുറിയിലേക്ക് പോവുന്ന നേരം താഴെ ഏതോ പെണ്ണ് പാട്ട് പാടുന്ന ശബ്ദം കേട്ടു. ഒരു കോലേൽ തുണി ചുറ്റി വെച്ചാൽ അത് വരെ വായിനോക്കി നിൽക്കുന്ന ഈ കാട്ടുകോഴി ആ ശബ്ദം കേട്ടാൽ വിടുവോ???? പാതിരാത്രി അതാരാണെന്ന് അറിയാൻ വാതിലും തുറന്ന് അടുക്കളപ്പുറത്ത് നിന്ന് അപ്പുറത്തേക്ക് എത്തി നോക്കി. അവിടെ ചെന്നപ്പോൾ വാഴയുടെ കയ്യൊ മറ്റോ കാറ്റത്ത് ആടുന്നത് കണ്ട് ചക്ക വെട്ടിയിട്ടത് പോലെ ബോധംകെട്ട് വീണു. ചിരി അടക്കി പിടിച്ച് അയാൾ പറഞ്ഞു നിർത്തിയത് കേട്ട് എമി ആൽവിച്ചനെ ഒന്ന് നോക്കി. വളിച്ച ഒരു ചിരിയോടെ നിൽക്കുന്ന അവനെ കണ്ടവൾക്ക് ചിരി വന്നുപോയി. എന്നിട്ട്??????? തികട്ടി വന്ന ചിരി അടക്കിപ്പിടിച്ച് അവൾ ബാക്കി അറിയാനുള്ള ആകാംക്ഷയിൽ പോളിന് നേരെ തിരിഞ്ഞു. എന്നിട്ടെന്താ???? നേരം കുറെ ആയിട്ടും ഇവനെ കാണാഞ്ഞ് റിയ മോൾ എന്റെ അടുത്ത് വന്ന് തിരക്കി. ഇവൻ പോയിട്ട് കുറേ നേരമായി എന്നറിഞ്ഞതും റിയക്കും സാറാക്കും ടെൻഷൻ തുടങ്ങി. എല്ലാവരും കൂടി ഈ വീടിനകം മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഇവന്റെ നിഴൽ പോലും കണ്ടില്ല.

പണ്ടേ പേടിത്തൊണ്ടൻ ആയത് കൊണ്ട് പുറത്തേക്കൊന്നും ഒറ്റയ്ക്ക് പോവില്ല എന്ന് ഉറപ്പായതു കൊണ്ടും വെളിയിലേക്കുള്ള അന്വേഷണം വരാന്തയിൽ മാത്രം ഒതുങ്ങി. അകത്തൊന്നും കാണാതെ ആയതും റിയയും സാറാമ്മയും കൂടി കരച്ചിലിന്റെ വക്കിൽ എത്തി. അവരുടെ ഇരുപ്പ് കണ്ടപ്പോൾ അച്ചുവാണ് പുറത്തൊക്കെ ഒന്ന് നോക്കാമെന്നു പറഞ്ഞത്. അങ്ങനെ വാതിൽക്കലും സൈഡിലും എല്ലാം പരിശോധിച്ച് അടുക്കളപ്പുറത്ത് ചെല്ലുമ്പോഴുണ്ട് അവിടെ പാണ്ടിലോറി കയറി ഇറങ്ങിയ തവളയെ പോലെ ഇവൻ കിടക്കുന്നു. അത് കണ്ടതും റിയ മോൾ കരച്ചിൽ തുടങ്ങി. ഒരുവിധം കൊച്ചിനെ സമാധാനിപ്പിച്ച് ഈ ബ്രോയ്‌ലർ കോഴിയെയും പൊക്കിയെടുത്ത് അകത്ത് എത്തിച്ചു. അകത്ത് കൊണ്ടുവന്നിട്ടും ബോധം തെളിയാതെ കിടന്ന ഇവന്റെ മുഖത്ത് വെള്ളം തളിച്ചപ്പോഴാണ് അതിലും വലിയ കോമഡി. കണ്ണ് തുറന്നതും റിയയെയും സാറായെയും കണ്ട് പ്രേതം യക്ഷി എന്നൊക്കെ പറഞ്ഞ് വീണ്ടും ഒരു ബോധംകെടൽ. എങ്ങനെയൊക്കെയോ ഇവനെ കൊണ്ടുപോയി മുറിയിൽ കിടത്തി ഉണരുന്നത് വരെ ഞങ്ങൾ എല്ലാവരും കാവൽ ഇരുന്നു. ഉറക്കത്തിൽ ബോധമില്ലാതെ കിടന്ന് പിച്ചും പേയും പറയുമ്പോഴാ എന്താ നടന്നത് എന്ന കാര്യം ഞങ്ങൾ അറിയുന്നത് തന്നെ.

പെണ്ണിനേയും തപ്പിപ്പോയി അവസാനം പേടി പനിയുമായി ബെഡിലുമായി. പോൾ പറഞ്ഞ് അവസാനിപ്പിച്ചതും അവിടെ എമിയുടെ പൊട്ടിച്ചിരി മുഴങ്ങി. ഹഹഹഹഹ...... അയ്യോ എന്റെ കർത്താവേ ഈ കാട്ടുകോഴിക്ക് ഇങ്ങനെ ഒരു ചരിത്രവും ഉണ്ടായിരുന്നോ????? എനിക്ക് വയ്യെന്റെ മാതാവേ.... ഹഹഹ... ചിരി അടക്കാൻ കഴിയാതെ അവൾ വയറ്റിൽ കൈ വെച്ച് നിന്ന് ചിരിക്കാൻ തുടങ്ങി. കകകക.... കൂടുതൽ കിടന്ന് കിണിക്കണ്ട. ആർക്കായാലുംഒരു അബദ്ധം ഒക്കെ പറ്റും. ആൽവിച്ചൻ ചുണ്ട് കോട്ടി. അബദ്ധം മാത്രം പറ്റുന്ന ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടായിരിക്കും അല്ലെ ഡാഡി????? അത് പിന്നെ സംശയം ഉണ്ടോ???? എമിയുടെ വാക്കുകളെ അയാൾ ശരി വെച്ചു. പറയാൻ ആണെങ്കിൽ എനിക്കും ഇതുപോലെ പറയാൻ ഒരുപാട് ഉണ്ട്. ഈ വയസ്സാം കാലത്ത് സ്വന്തം ഡാഡിയെ കുടുംബ കോടതിയിൽ കേറ്റണ്ടല്ലോ എന്നോർത്ത് ഞാൻ ക്ഷമിക്കുന്നതാ. പോളിനെ ഒന്ന് തറപ്പിച്ച് നോക്കി ആൽവിച്ചൻ പറഞ്ഞു നിർത്തി. വളരെ അത്യാവശ്യം ആയിട്ട് എനിക്ക് ആരെയോ വിളിക്കണം. ഞാൻ ചെല്ലട്ടെ......

അതും പറഞ്ഞ് പോൾ നൈസായി അങ്ങ് മുങ്ങി. പണ്ട് ഇതുപോലെ ഒരു വെളിപ്പെടുത്തലിൽ ആണ് മൂക്കിന്റെ പാലം മുതൽ കിടപ്പാടം വരെ കയ്യിൽ നിന്ന് പോയത്. അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നതാണ് ബുദ്ധി. അയാളുടെ അകത്തേക്കുള്ള പരക്കം പാച്ചിൽ കണ്ട് അവിടെ നിന്ന സാറാ അടക്കം ചിരിച്ചു പോയി. നല്ല ബെസ്റ്റ് ഡാഡി. അച്ചുവിന്റെ കമന്റ്‌ കൂടി ആയതും അതൊരു പൊട്ടിച്ചിരിക്ക് വഴിയൊരുക്കി. എമീ മോളെ.......... ബഹളം കേട്ട് വയറും താങ്ങി അങ്ങോട്ട് എത്തിയ റിയ നിറഞ്ഞ സന്തോഷത്തോടെ വിളിച്ചു. ഏട്ടത്തീ......... ഏറെ സ്നേഹത്തോടെ അതിൽപ്പരം ആഹ്ലാദത്തോടെ ആയിരുന്നു ആ വിളി. ഓടിച്ചെന്ന് റിയയെ കെട്ടിപ്പിടിച്ച് കവിളിലും ഉന്തിയ വയറിലും ചുണ്ട് ചേർക്കുന്ന അവളെ എല്ലാവരും പുഞ്ചിരിയോടെ നോക്കി നിന്നു. നിനക്ക് പനി പിടിച്ചു കിടക്കുവായിരുന്നു എന്ന് അച്ചു പറഞ്ഞല്ലോ മാറിയോടാ??? അവളെ പിടിച്ചു നിർത്തി നെറ്റിയിലും കഴുത്തിലും എല്ലാം കൈവെച്ചു നോക്കിക്കൊണ്ടായിരുന്നു ചോദ്യം. അതൊക്കെ എപ്പോഴേ മാറി. റിയയുടെ കവിളിൽ നുള്ളി അവൾ കൊഞ്ചി പറഞ്ഞു. മഴയത്ത് പോയി പനിയും വരുത്തി വെച്ചിട്ട് കൊഞ്ചുന്നത് കണ്ടില്ലേ??? റിയ ശാസനയോടെ അവളുടെ കയ്യിൽ ഒന്ന് തല്ലി. ഏട്ടത്തീ......

ഒന്ന് ചിണുങ്ങി കൊണ്ടവൾ അടിച്ച ഭാഗത്ത് തടവി. ചുണ്ട് പിളർത്തി കൊച്ചു പിള്ളേരെ കൂട്ട് കുഞ്ഞൊരു പരിഭവത്തോടെ നിൽക്കുന്ന അവളെ കാൺകെ റിയക്ക് വാത്സല്യം തോന്നി. പിണങ്ങി നിൽക്കുന്ന അവളെ ഒരു കയ്യാൽ ചേർത്ത് പിടിക്കുമ്പോൾ ആ ചേർത്ത് നിർത്തലിൽ അവളുടെ പരിഭവം അലിഞ്ഞില്ലാതാവുകയായിരുന്നു. റിയയെ സോഫയിൽ പിടിച്ചിരുത്തി വാ തോരാതെ വിശേഷങ്ങൾ പങ്കുവെക്കുന്ന എമിയെയും അവളെ ശ്രദ്ധാപൂർവ്വം കേട്ടിരിക്കുന്ന റിയയേയും നിറഞ്ഞ മനസ്സോടെ എല്ലാവരും നോക്കി നിന്നു. പല കുടുംബങ്ങളിലും അന്യം നിന്നു പോവുന്ന കാഴ്ചകളിൽ ഒന്നാണ് മുന്നിൽ കാണുന്നത്. ഒരു കുടുംബത്തിൽ കയറി വരുന്ന രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജനിച്ചു വളർന്നവർ. പിന്നീട് അവർ തമ്മിലുള്ള സ്നേഹത്താലും വിശ്വാസത്താലും പുതിയൊരു ബന്ധം പടുത്തുയർത്തുന്നു. എന്നാൽ പലപ്പോഴും അവർ തമ്മിലുള്ള സ്വരചേർച്ചയും സ്വാർത്ഥതയും ആണ് സ്വസ്ഥമായി പോവുന്ന കുടുംബത്തിൽ വിളളലുകൾ വീഴ്ത്തുന്നത്. സ്നേഹവും ഒത്തൊരുമയുടെയും പ്രതീകമായ കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബം എന്ന സ്വാർത്ഥതയിൽ ചെന്നെത്തുന്നത്.

ഉള്ളിലെ സ്വാർത്ഥത ഒന്ന് മാറ്റി വെച്ചാൽ മാത്രം മതി എല്ലാവരെയും ചേർത്ത് നിർത്തി സന്തോഷത്തോടെ ജീവിക്കാം. സാറാ ചുണ്ടിൽ വിരിഞ്ഞ മന്ദഹാസത്തോടെ അവരെ നോക്കി. പുറത്ത് നിന്ന് നോക്കിയാൽ ചേച്ചിയും അനിയത്തിയും ആണെന്നേ പറയൂ. അത്ര സ്നേഹത്തോടെ ആണ് സംസാരവും പ്രവർത്തികളും. എന്നും എന്റെ മക്കൾ ഇങ്ങനെ ആയിരിക്കണേ കർത്താവേ...... മനസ്സിൽ പ്രാർത്ഥനയോടെ അവർ നിന്നു. അത് മനസ്സിലാക്കിയത് എന്ന പോൽ അച്ചുവും ആൽവിയും അവരുടെ ഇരു കയ്യിലും വിരൽ കോർത്തു പിടിച്ചു. ഈ സ്നേഹത്തിന് ഒരിക്കലും ഒരു കുറവും വരില്ല എന്നൊരു ഉറപ്പെന്ന പോൽ. എന്നാൽ ഈ കാഴ്കൾ കണ്ട് മുകളിൽ നിന്ന അനുവിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. തന്റെ പദ്ധതികൾ ഒന്നും നടക്കാഞ്ഞതിന്റെ നിരാശയിൽ സ്റ്റെയറിൽ മുഷ്ടി ചുരുട്ടി ഇടിച്ച് ദേഷ്യം തീർത്തുകൊണ്ട് ചവിട്ടി കുലുക്കി മുറിയിലേക്ക് പാഞ്ഞു. അവളുടെ പോക്ക് ഇടം കണ്ണാൽ വീക്ഷിച്ച റിയയുടെ ചുണ്ടിൽ ഒരു പരിഹാസചിരി നിറഞ്ഞു. അനു പോയ വഴിയേ വെറുതെ ഒന്ന് കണ്ണുകൾ പായിച്ചവൾ വീണ്ടും എമിയിലേക്ക് തന്നെ എത്തി. ഒരു കൂടപ്പിറപ്പിനെ പോലെ തന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെക്കുന്ന അവളെ ഒത്തിരി സ്നേഹത്തോടെ നോക്കിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഹാളിൽ നിന്ന ഓരോരുത്തരായി പോവുമ്പോഴും പറഞ്ഞാൽ ഒടുങ്ങാത്ത വിശേഷങ്ങളുമായി റിയയും എമിയും അവിടെ ബാക്കിയായി. ദേ കൊച്ചേ വന്നപ്പൊ തുടങ്ങിയുള്ള ഇരുപ്പാ പോയി ഫ്രഷായി വന്നേ. ആ മുഖത്തെ ക്ഷീണം ഒക്കെ അങ്ങ് പോട്ടെ. റിയ അവളെ എഴുന്നേൽപ്പിച്ചു വിടാനായി പറഞ്ഞു. അതൊക്കെ ഞാൻ പൊക്കോളാം അതിന് മുൻപ് എനിക്ക് മറ്റൊരു കാര്യം അറിയണം. ഗൗരവത്തോടെ അവൾ പറയുന്നത് കേട്ട് റിയ നെറ്റി ചുളിച്ചു. എന്ത് കാര്യം?????? സംശയഭാവത്തിൽ റിയ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു നാത്തൂനോട് ഒത്തുള്ള ദിവസം????? കുസൃതി ചിരിയോടെ കണ്ണിറുക്കി കാട്ടി അവൾ ചോദിക്കുന്നത് കേട്ട് റിയ ചിരിച്ചു പോയി. ഓഹ്... അതോ???? എന്റെ മോളെ പറഞ്ഞറിയിക്കാൻ കഴിയില്ല അത്ര സ്നേഹത്തോടെ ആണ് എന്റെ നാത്തൂൻ എന്നെ നോക്കിയത്. എന്തൊരു സ്നേഹം ആയിരുന്നു????? ഞാൻ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് അപ്പൊ മുന്നിൽ എത്തിക്കും അത്ര സ്നേഹം. ഹോ എന്റെ അനൂട്ടിക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.

അത് പറഞ്ഞു കൊണ്ട് റിയ അവളെ ഇടം കണ്ണിട്ട് നോക്കി. അനൂട്ടിയോ????? എമി കണ്ണ് തള്ളികൊണ്ട് ചോദിച്ചു. മ്മ്മ്..... എന്നോട് അങ്ങനെ വിളിക്കാനാ പറഞ്ഞത്. റിയ പറഞ്ഞത് കേട്ടതും എമിയുടെ മുഖം വീർത്തു. കുശുമ്പ് കുത്തിയ അവളുടെ മുഖം കണ്ട് റിയക്ക് ചിരി വരുന്നുണ്ടായിരുന്നു. വോ... ഒരു നാത്തൂനും കനൂട്ടിയും വന്നിരിക്കുന്നു ഹും...... കുശുമ്പോടെ മുഖം കോട്ടി അവൾ പോവാൻ ആഞ്ഞു. അയ്യോ... അങ്ങനെ പിണങ്ങി പോവല്ലേ എന്റെ കുശുമ്പി പാറു..... റിയ ബലമായി അവളുടെ കയ്യിൽ പിടിച്ചിരുത്തി. എമി അവളുടെ അടുത്ത് ഇരുന്നെങ്കിലും മുഖം മറ്റെങ്ങോ തിരിച്ചിരുന്നു. അവൾ എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചു എന്നത് ശരിയാണ്. പക്ഷെ അതൊന്നും ആത്മാർത്ഥമായിട്ട് അല്ലായിരുന്നു. നമ്മളെ തമ്മിൽ തെറ്റിക്കാനായി അവൾ എടുത്ത അടവായിരുന്നു. ആ വാചകങ്ങൾ കേട്ടതും എമി റിയക്ക് നേരെ തിരിഞ്ഞു നോക്കി. സത്യമാ മോളെ... നിന്നെയും എന്നെയും തമ്മിൽ തെറ്റിച്ച് അച്ചുവിനെയും ആൾവിച്ചായനെയും തമ്മിൽ അടിപ്പിച്ച് ഈ കുടുംബം രണ്ട് വഴിക്ക് ആക്കണം അതാണ് ഇപ്പൊ അവളുടെ ലക്ഷ്യം.

അച്ചുവിനെയും നിന്നെയും തോൽപ്പിക്കാൻ അവൾ കണ്ടുപിടിച്ച പുതിയ മാർഗം. റിയ പറഞ്ഞു നിർത്തിയത് കേട്ടതും എമിക്ക് ഞെട്ടലും എന്തെന്നില്ലാത്ത ദേഷ്യവും തോന്നി. കൂടപ്പിറപ്പിനെ തോൽപ്പിക്കാൻ സ്വന്തം കുടുംബത്തെ തല്ലി പിരിക്കാൻ നോക്കുന്നു. ഇങ്ങനെ ഒക്കെ ചിന്തിക്കണമെങ്കിൽ അവളുടെ മനസ്സിൽ എത്ര വിഷം കാണും????? മനസ്സിൽ ഓർക്കവേ വെറുപ്പ് തോന്നിപ്പോയി. അവളുടെ വിചാരം രണ്ട് കുത്തിത്തിരിപ്പ് ഡയലോഗ് കേട്ടാൽ നമ്മൾ തമ്മിൽ തെറ്റും എന്നാണ്. അവൾ എന്തൊക്കെ തറ വേല കാണിച്ചാലും നമ്മൾ തമ്മിൽ പിരിയൂല എന്ന് ആ പൊട്ടത്തിക്ക് അറിയില്ലല്ലോ???? എമിയുടെ മാറി വരുന്ന മുഖഭാവം കണ്ട് റിയ അവളുടെ കവിളിൽ തലോടി പറഞ്ഞു. അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു. പിന്നല്ലാതെ.... ഈ ഊള പറയുന്നത് കേട്ട് നമ്മൾ തെറ്റി പിരിയുവല്ലേ????

പോവാൻ പറ അലവലാതിയോട് അവൾക്ക് മുഴുത്ത അസൂയ ആണ്. എമി പുച്ഛത്തോടെ ചുണ്ട് കോട്ടി. എന്റെ എമികുട്ടിക്ക് പിന്നെ അതൊന്നും ഇല്ലാത്തത് കോണ്ട് കുഴപ്പമില്ല അല്ലെ???? കളിയാക്കി ചിരിച്ചു റിയ പറയുന്നത് കേട്ടവൾ ചമ്മിയ ചിരി ചിരിച്ചു. അത് പിന്നെ. ഇത് എന്റെ ഏട്ടത്തി അല്ലെ???? അപ്പൊ ഏട്ടത്തി എന്നേക്കാൾ കൂടുതൽ അവളെ സ്നേഹിച്ചാൽ പിന്നെ എനിക്ക് കുശുമ്പ് വരൂലേ????? ചുണ്ട് ചുളിക്കിയുള്ള അവളുടെ പറച്ചിൽ കേട്ട് റിയ പൊട്ടിച്ചിരിച്ചു പോയി. അത് കാൺകെ എമിക്കും ചിരി വന്നുപോയി. റിയയുടെ ചിരിക്കൊപ്പം പങ്കു ചേരവേ ഉള്ളിലെ സ്നേഹബന്ധത്തിന്റെ ആഴം ഏറുകയായിരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story