ഹൃദയതാളമായ്: ഭാഗം 102

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അല്ല ജോക്കുട്ടൻ എന്ത്യേ ഏട്ടത്തി???? ഉറങ്ങുവാണോ????? ഇത്രയും നേരമായിട്ടും ആളെ കാണാതെ വന്നതും എമി ചോദിച്ചു. അവനെ ഇന്ന് രാവിലെ ചാച്ചൻ വന്ന് കൂട്ടികൊണ്ടുപോയി. അപ്പാപ്പനും അമ്മമ്മയ്ക്കും ഒപ്പം രണ്ട് ദിവസം നിന്നിട്ട് വരാം എന്നു പറഞ്ഞ് പോയതാ. കഷ്ടം ഉണ്ട് ഏട്ടത്തി. എന്തിനാ അവനെ വിട്ടത്????? ഞാൻ വന്നെന്ന് അറിഞ്ഞാൽ ആദ്യം ഓടി എത്തുന്ന ആളാ. അവളുടെ സ്വരത്തിൽ കുഞ്ഞിനെ കാണാത്തതിന്റെ നിരാശ കലർന്നിരുന്നു. ചാച്ചനും അമ്മച്ചിക്കും ഒക്കെ ആഗ്രഹം കാണില്ലേടാ അവനെ ഒന്ന് കാണണം എന്നൊക്കെ. പിന്നെ നിയ മോൾക്കും ക്രിസ്മസ് എക്സാം ഒക്കെ കഴിഞ്ഞു നിക്കുവാ അവൾക്കും ജോക്കുട്ടൻ എന്ന് വെച്ചാൽ ജീവനാ അതാ ഞാൻ സമ്മതിച്ചത്. എന്നാലും ഏട്ടത്തി. അവനില്ല എന്ന് പറയുന്നത് കേട്ടിട്ട് എന്തോ പോലെ തോന്നുവാ. എമിയുടെ മുഖത്ത് സങ്കടം നിറഞ്ഞു. ഇന്നൊരു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ നാളെ അവൻ ഇങ്ങോട്ട് എത്തും പിന്നെന്താ കൊച്ചേ????? റിയ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു. മ്മ്മ്....

എങ്കിൽ നാളെ ജോക്കുട്ടന്റെ ഒപ്പം നിയ മോളെയും കൊണ്ടുവരാൻ പറ. അവൾക്ക് എന്തായാലും ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ???? ഫോണിലൂടെ അല്ലാതെ നേരിട്ട് ഞാനാ കുറുമ്പിയോട് സംസാരിച്ചിട്ടില്ല. അത് കേൾക്കെ റിയയുടെ മുഖം വാടി. അവൾ ഇവിടെ വന്നു നിക്കില്ലെടാ. അതെന്താ????? എമി നെറ്റി ചുളിച്ചു. പണ്ട് നിയ മോൾ ഇവിടെ വന്നു നിൽക്കാറൊക്കെയുണ്ടായിരുന്നു. ഇവിടെ എല്ലാവർക്കും അവളെ വല്യ ഇഷ്ടമായിരുന്നു. എന്തോ ഓർമ്മയിൽ റിയ പറയാൻ ആരംഭിച്ചു. പക്ഷെ അനുവിന് അവളെ ഇഷ്ടമല്ലായിരുന്നു. അവൾ ഇവിടെ നിൽക്കുന്നതിനെ ചൊല്ലി കുത്തു വാക്കുകളും മറ്റും പറയാൻ തുടങ്ങി. എന്നെ പോലെ എല്ലാം കേട്ട് മിണ്ടാതെ ഇറുക്കുന്നവൾ അല്ല നിയ. അവളെ ഒന്ന് പറഞ്ഞാൽ അവൾ തിരിച്ച് നാല് പറയും. അങ്ങനെ വേണം പെൺപിള്ളേർ ആയാൽ. അല്ലാതെ ഏട്ടത്തിയെ പോലെ പഞ്ച പാവം ആവരുത്. ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നത് കേട്ട് റിയ ചിരിച്ചു പോയി. ഇത്രയും സ്ട്രോങ്ങ്‌ ആയിട്ട് പിന്നെന്താ അവൾ വന്നു നിൽക്കാത്തത്???? അനു ആണോ അതിന് കാരണം????

സംശയത്തോടെ കണ്ണ് കുറുക്കി അവൾ ചോദിക്കവെ മങ്ങിയ ഒരു പുഞ്ചിരി റിയയുടെ ചുണ്ടിൽ തെളിഞ്ഞു. പറ ഏട്ടത്തി അവൾ കാരണം ആണോ നിയ ഇങ്ങോട്ട് വരാത്തത്????? അതുവരെ ഇല്ലാത്ത ഗൗരവം അവളുടെ മുഖത്ത് നിറഞ്ഞു. അത് കേട്ട് റിയ ഒന്ന് നിശ്വസിച്ചു. ഇവിടെ അമ്മച്ചിക്ക് ആയിരുന്നു അവളോട് ഒത്തിരി സ്നേഹം. എപ്പോഴും അമ്മച്ചിയുടെ കൂടെ അടുക്കളയിലും മറ്റും ചുറ്റിപ്പറ്റി നിൽക്കും. ശരിക്കും പറഞ്ഞാൽ അമ്മച്ചിയുടെ പെറ്റ് ആയിരുന്നു അവൾ. എപ്പോഴും കളി പറഞ്ഞും അമ്മച്ചിയെ ദേഷ്യം പിടിപ്പിച്ചും കുറുമ്പ് കാട്ടിയും കൂടെ നടക്കും. അനുവിന് അതൊന്നും തീരെ ഇഷ്ടമായിരുന്നില്ല. എന്നോടുള്ള ഇഷ്ടക്കേടും അവളോടുള്ള വൈരാഗ്യവും എല്ലാം തീർത്തത് ചാച്ചൻ അവളെ കൂട്ടിക്കൊണ്ട് പോവാൻ വന്നപ്പോഴായിരുന്നു. വലിയ വീട്ടിലെ ആൺപിള്ളേരെ വശീകരിച്ച് എടുക്കാൻ എനിക്കും നിയക്കും വലിയ മിടുക്കാണെന്ന് അവൾ ചാച്ചന്റെ മുഖത്ത് നോക്കി പറഞ്ഞു. ഈ വീട്ടിൽ തന്നെ മരുമകളായി വന്നു കയറാൻ വേണ്ടിയാണ് നിയയെ ഇവിടെ കൊണ്ടുവന്ന് നിർത്തിയതെന്നും പറഞ്ഞപ്പോൾ എന്റെ കുഞ്ഞ് തകർന്നു പോയി. ഒരു അപ്പനും സ്വന്തം മകളെ പറ്റി കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് എന്റെ ചാച്ചൻ കേട്ടിരുന്നത്.

ആർക്ക് മുന്നിലും അഭിമാനം പണയം വെക്കരുതെന്ന് ഞങ്ങളെ പഠിപ്പിച്ച ഞങ്ങളുടെ ചാച്ചൻ ചങ്ക്‌ തകർന്നാ അന്ന് ഇവിടെ നിന്ന് ഇറങ്ങി പോയത്. അന്ന് അവൾ എന്ത് കുഞ്ഞായിരുന്നെന്ന് അറിയോ???? എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പ്രായമുള്ള അവളെയാണ് ഇതൊക്കെ പറഞ്ഞത്. അനിയത്തി ആയിട്ടല്ല മകളായിട്ടാ അവളെ ഞാൻ വളർത്തിയത്. അന്നെന്റെ കുഞ്ഞ് കണ്ണുനീർ ഒഴുക്കി ഇവിടെ നിന്ന് ഇറങ്ങി പോവുന്നത് എനിക്ക് നോക്കി നിൽക്കേണ്ടി വന്നു. പറഞ്ഞു തീർന്നപ്പോഴേക്കും റിയയുടെ തൊണ്ടയിടറി. കണ്ണുകൾ മത്സരിച്ച് നിറഞ്ഞൊഴുകി. എമിക്ക് ഒരേ സമയം ദേഷ്യവും എന്തെന്നില്ലാത്ത വേദനയും തോന്നി. ഏട്ടത്തി കരയാതെ...... റിയയുടെ മുഖത്തെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി അത് പറയവെ അറിയാതെ പോലും അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. എമിയുടെ മുഖഭാവം കണ്ടതും അവൾ പുഞ്ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി. അത് പരാജയപ്പെട്ടു പോയെങ്കിലും കണ്ണുനീരിന് തടയിടാൻ അവൾക്ക് കഴിഞ്ഞു. ഉള്ളിലെ നോവ് കേട്ടടങ്ങാൻ അവൾ കണ്ണുകൾ ഇറുകെ അടച്ച് അൽപനേരം ഇരുന്നു. ഒരു സാന്ത്വനം എന്നപോൽ എമിയുടെ കരങ്ങൾ റിയയുടെ കൈകളിൽ മുറുകി. ഇവിടെ ആരും ഒന്നും പറഞ്ഞില്ലേ ഏട്ടത്തീ?????

റിയ പഴയത് പോലെ ആയതും അവളൊന്ന് ചോദിച്ചു. അമ്മച്ചി വലിയ ബഹളം ഒക്കെ ഉണ്ടാക്കി അനുവിനെ അതിന്റെ പേരിൽ തല്ലിയിരുന്നു. ഡാഡി ഒരുപാട് ദേഷ്യപ്പെട്ടു. പക്ഷെ അടിക്കാനുള്ള ത്രാണി ഒന്നും ആ പാവത്തിന് ഇല്ലായിരുന്നു. എന്നെക്കണ്ട് ഒരുപാട് ക്ഷമ ചോദിച്ചു. ആദ്യമായി ഡാഡി എന്റെ മുന്നിൽ ഞാൻ കരഞ്ഞു കാണുന്നത് അന്നാണ്. ഡാഡി വെറും പാവമാണ്. ഒരു സാധു. ആ മനുഷ്യന്റെ കണ്ണ് നിറയുന്നത് കണ്ട് ഉള്ളിലെ എരിയുന്ന നോവ് മറച്ചുപിടിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാനും പെരുമാറി. അച്ചുവും ആൽവിച്ചായനും അന്നിവിടെ ഇല്ലായിരുന്നത് കൊണ്ട് ഈ പ്രശ്നം ഒന്നും അറിഞ്ഞില്ല. ഞങ്ങൾ ആരും ഒട്ട് പറയാനും പോയില്ല. ഇന്ന് വരെ അവർ രണ്ടുപേരോടും ഇതൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. അച്ചുവിന്റെ ദേഷ്യം അറിയാവുന്നത് ആണല്ലോ??? ആ കാര്യത്തിൽ ആൽവിച്ചായനും ഒട്ടും മോശമല്ല. എല്ലാവർക്കും മുന്നിൽ ചിരിച്ചു കളിച്ചു പൊട്ടത്തരം പറഞ്ഞു നടക്കുന്ന ആൽവിച്ചായൻ അല്ല ദേഷ്യം വന്നാൽ. ഇച്ചായന്റെ ദേഷ്യം ഡാഡിക്ക് പോലും പേടിയാണ് എന്ന് അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഒന്നുകൊണ്ട്‌ മാത്രമാണ് ഇത്രയും നാൾ അവരറിയാതെ കൊണ്ടുനടന്നത്. റിയ ഒന്നു നെടുവീർപ്പിട്ടു. പിന്നെ ഒരിക്കലും നിയ മോൾ ഇങ്ങോട്ട് വന്നിട്ടില്ലേ?????

അത് ചോദിക്കുമ്പോൾ എമിയുടെ കണ്ണുകളിൽ വേദന നിഴലിച്ചു. ഇല്ല അതിൽ പിന്നെ നിയ മോളെ ഇങ്ങോട്ട് വിട്ടിട്ടില്ല ഞാനൊട്ട് നിർബന്ധിക്കാനും പോയില്ല. എന്തിനേറെ പറയുന്നു നിങ്ങളുടെ കല്യാണത്തിന് വന്നിട്ടുപോലും ഇവിടെ നിന്നില്ല. ആത്മാഭിമാനം മുറുകെ പിടിക്കുന്ന അപ്പന്റെ മകളാണ് അവൾ. അവളൊരിക്കലും ഇങ്ങോട്ട് വരില്ല. അത്രമേൽ ദൃഢമായി റിയ പറഞ്ഞു നിർത്തവെ എമി അവളുടെ മുഖത്തേക്ക് നോക്കി. സ്വന്തം അനിയത്തിയെ ഓർത്ത് ആ മുഖത്ത് വാത്സല്യവും വേദനയും അതിലപ്പുറം അഭിമാനവും നിറയുന്നത് അവൾ നോക്കിയിരുന്നു. നിയ മോളെ ഒരു ദിവസം ഞാൻ ഇവിടെ കൊണ്ടുവന്നിരിക്കും ഏട്ടത്തീ. ഒരിക്കൽ ഏറ്റ അപമാനങ്ങൾക്ക് അതേല്പിച്ച വ്യക്തിയെ കൊണ്ട് തന്നെ മാപ്പ് പറയിപ്പിച്ച് ഈ വീട്ടിലേക്ക് ക്ഷണിപ്പിക്കും. ഇത് എന്റെ ഏട്ടത്തിക്ക് ഞാൻ തരുന്ന വാക്കാ. ഒരുറപ്പ് എന്നപോൽ അവൾ ഉള്ളാലെ ഉരുവിട്ടു. മനസ്സിൽ ഒട്ടേറെ ചിന്തകൾ ഒരേ സമയം നിറഞ്ഞു. ഓരോന്ന് കണക്കുകൂട്ടി എമി ഇരുന്നു. കൊള്ളാം കഥയൊക്കെ കേട്ട് ഇവിടെ സ്വപ്നം കണ്ടിരിക്കുവാണോ പെണ്ണേ????

തലയ്ക്ക് തട്ടി റിയ അത് പറയുമ്പോഴാണ് അവൾ ആലോചനകിളിൽ നിന്ന് പുറത്ത് വരുന്നത്. പോയേ... പോയി ഫ്രഷായി കുറച്ച് നേരം റസ്റ്റ്‌ എടുക്ക് യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ ചെല്ല്....... തോളിൽ ഒന്ന് തട്ടി റിയ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. ആഹ് ഞാൻ പോകുവാ. എന്റെ ച്വീറ്റ് ഏട്ടത്തി പോയി ഈവെനിംഗ് വോക്ക് ഒക്കെ നടത്തിക്കേ അല്ലെങ്കിൽ എന്റെ വാവ മടിയൻ ആയിപ്പോവും. റിയയുടെ വയറിൽ മുഖം അമർത്തി അവൾ പറയുന്നത് കേട്ട് റിയ ചിരിച്ചു പോയി. എമിയുടെ കയ്യിൽ പിടിച്ച് മെല്ലെ എഴുന്നേറ്റു. റിയ പുറത്തേക്ക് നടക്കുന്നത് കണ്ട് ഉറപ്പ് വരുത്തിയതും അവൾ മെല്ലെ സ്റ്റെയർ കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Damn it........ എന്റെ പ്ലാൻ എല്ലാം തകർന്നു..... ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും ആ ദാരിദ്രവാസി വീണ്ടും എന്തിനാ അവളെ എടുത്ത് തലയിൽ വെക്കുന്നത്????? തന്റെ പദ്ധതികൾ എല്ലാം തകർന്നതിന്റെ ദേഷ്യത്തിൽ അനു അമർഷത്തോടെ മുഷ്ടി ചുരുട്ടി. ഇത് എവിടം വരെ പോവണം എന്നൊന്ന് എനിക്കറിയണം.

അടയും ചക്കരയും പോലെ ഇരിക്കുന്നതിനെ തമ്മിൽ തല്ലിച്ച് പിരിയിക്കാൻ എനിക്കറിയാം. ചെയ്തിരിക്കും ഞാൻ...... അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു. നീ ഞൊട്ടും. പിന്നിൽ നിന്ന് ആ ശബ്ദം കേൾക്കവേ തിരിഞ്ഞു നോക്കുമ്പോൾ വാതിൽപ്പടിയിൽ ചാരി നിന്ന് തന്നെ നോക്കുന്ന എമിയെ കണ്ടതും അവളുടെ മുഖത്ത് വെറുപ്പ് നിറഞ്ഞു. എമിയുടെ മുഖത്തെ വിജയീ ഭാവം അവളിലെ കലിയെ ആളി കത്തിച്ചു. നീ എന്നതൊക്കെ വേലത്തരങ്ങൾ ഇറക്കിയാലും ഞാനും ഏട്ടത്തിയും തമ്മിൽ തല്ലി പിരിയും എന്ന് പ്രതീക്ഷിക്കണ്ട. അതിന് വെച്ച വെള്ളത്തിൽ മോൾ കഞ്ഞീം കൂട്ടാനും വെച്ച് കളിച്ചോ. എമി പരിഹാസ ചിരിയോടെ അവളെ നോക്കി. ഡീ..... കൂടുതൽ ഷോ ഇറക്കണ്ട. ഈ അനു എന്തെങ്കിലും മനസ്സിൽ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും. കാണണോ നിനക്ക്????? രോഷത്തോടെ എമിക്ക് നേരെ വിരൽ ചൂണ്ടി അവൾ കിതച്ചു. അയ്യോ എനിക്ക് കാണണ്ട. വേണേൽ നിനക്ക് വേണ്ടാത്ത നിന്റെ ചേട്ടനെ കാണിച്ചോ. ഇച്ചായന്‌ പെങ്ങളുടെ കഴിവുകൾ കാണണോ???? പുറകിലേക്ക് ഒന്ന് നോക്കി എമിയത് പറയവെ അനു രക്തം വാർന്നത് പോലെ വിളറി വെളുത്തു പോയി. അനുവിന്റെ ഉള്ളിൽ അകാരണമായ പേടി നിറഞ്ഞു.

ഭയത്താൽ അവളുടെ ഉമിനീര് ഇറങ്ങുന്നത് വരെ വ്യക്തമായി കണ്ടു. പരിഭ്രമത്താൽ അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ പിടഞ്ഞു. കൂൾ നാത്തൂനെ കൂൾ. ഞാൻ വെറുതെ പറഞ്ഞതാ എന്റെ കൂടെ ഇച്ഛയാനൊന്നും ഇല്ല. അവളുടെ പേടിച്ച് അരണ്ടുള്ള നിൽപ്പ് കണ്ട് എമി വാതിൽപ്പടിയിൽ നിന്ന് മാറി നിന്ന് പുറത്ത് ആരുമില്ല എന്ന് കാണിച്ചു കൊടുത്തു. അത് കാൺകെ അവളിൽ ആശ്വാസം നിറഞ്ഞു. ഉള്ളിലെ ഭയം നീങ്ങി. ആശ്വാസത്തോടെ അവൾ ഒന്ന് നിശ്വസിച്ചു. ദേ ഇത്രേ ഉള്ളൂ നീ... ഇച്ചായന്റെ പേര് കേട്ടാൽ നിന്റെ മുട്ടിടിക്കും എന്നിട്ടാണ് ഇമ്മാതിരി വീരവാദം മുഴക്കുന്നത്. കഷ്ടം തന്നെ നാത്തൂനെ നിന്റെ കാര്യം. എമി കളിയാക്കി ചിരിയോടെ പറഞ്ഞു. പേരിന് പോലും ധൈര്യം ഇല്ലാത്ത ഒരെണ്ണത്തിനെ ആണല്ലോ മാതാവേ നീയെനിക്ക് എതിരാളി ആയി തന്നത്??? എമി മുകളിലേക്ക് നോക്കി കൈ മലർത്തി. എന്റെ ഒരു റേഞ്ച് വെച്ച് നിന്നെ ഒക്കെ ഞാൻ എങ്ങനെയാടീ ഞാൻ ശത്രുവായി കാണുന്നത്???? ഒന്നുമില്ലേലും എന്റെ ശത്രു എന്നൊക്കെ പറയുമ്പോൾ അതിനും വേണ്ടേ ഒരു റേഞ്ച്????

ഇതൊരുമാതിരി മൂർഖനെ കൊല്ലാനുള്ള കൊട്ടേഷൻ നീർക്കോലിക്ക് കൊടുത്തത് മാതിരിയുണ്ട്. തോൽവികൾ മാത്രം കൈമുതലാക്കിയ നിന്നെ ഞാൻ എങ്ങനെയാ മോളെ ശത്രു പക്ഷത്ത് കാണുന്നത്?????? എമി വലിയ സങ്കടമൊക്കെ മുഖത്ത് വരുത്തി പറഞ്ഞു. ഡീ............ അനു കലിയോടെ ചീറി. അയ്യോ ഞാനങ്ങ് പേടിച്ചു പോയി. ഒഞ്ഞു പോയേടീ.... നിന്റെ ഈ കോര കണ്ട് പേടിക്കുന്നവൾ അല്ല ഈ എമി. നാളെ മുതൽ നാറിയ കളികളും ആയി എന്റെ നാത്തൂൻ കളത്തിൽ ഇറങ്ങ്. ഞാൻ ഇവിടെ ഒക്കെ തന്നെയുണ്ട് അത് ഓർമ്മിപ്പിക്കാനാണ് നേരിട്ട് വന്ന് ദർശനം നടത്തിയത്. അപ്പൊ പോട്ടെ നാത്തൂനേ????? ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞവൾ പുച്ഛചിരിയോടെ തിരിഞ്ഞു നടന്നു. എമിയുടെ ഓരോ വാക്കുകളും അവളിൽ അടങ്ങാത്ത പക നിറയ്ക്കുകയായിരുന്നു. ഉള്ളിലെ കലി അടക്കാനാവാതെ അവൾ ടേബിളിന് മുകളിൽ ഇരുന്ന ഫ്‌ളവർ വേസ് ശക്തിയായി താഴെ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ദേഷ്യത്താൽ കിതച്ചു കൊണ്ടവൾ സർവ്വ കലിയും വാതിലിൽ തീർത്തു. വലിയൊരു ശബ്ദത്തോടെ അവളുടെ മുറിയിലെ വാതിൽ കൊട്ടിയടഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അനുവിനോട് മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞ് റൂമിന് വെളിയിൽ നടന്നെത്തിയതും അവളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്നു. അച്ചുവിനെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്തയായിരുന്നു മനസ്സിൽ. വല്ലാത്തൊരു ചളിപ്പ് പോലെ. നാണമോ പരിഭ്രമമോ എന്തോ ഒന്ന് അവളെ ആകെ പൊതിഞ്ഞു. ഇന്നലത്തെ സംഭവത്തിന്‌ ശേഷം മര്യാദക്ക് ആ മുന്നിൽ പോയി ഒന്ന് നിന്നിട്ടില്ല. അവൾക്ക് എന്തോ ഒരു വല്ലായ്മ തോന്നി. അകത്ത് പോണോ???? ആളിപ്പൊ എന്തെടുക്കുവായിരിക്കും???? ഇന്നലെ നല്ലോണം ഉറങ്ങിയിട്ടില്ല എന്നല്ലേ പറഞ്ഞത് അപ്പൊ ഇനി കിടന്നു കാണുവോ????? അവളുടെ ഉള്ളിൽ പല സംശയങ്ങൾ ഉണർന്നു. എന്തായാലും പതിയെ ഒന്ന് തുറന്നു നോക്കാം. ആൾ ഉറങ്ങിയെങ്കിൽ ഇപ്പൊ കയറാം. അല്ല ഞാൻ എന്തിനാ ഈ നാണിക്കുന്നത് എന്തായാലും എന്റെ കെട്ട്യോൻ അല്ലെ????? എന്നാലും അങ്ങനെ അല്ലല്ലോ????

ശ്ശോ.... ഞാനിപ്പൊ എന്നാ ചെയ്യും എന്റെ കർത്താവേ???? ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു നിന്നവൾ നഖം കടിച്ചു. എന്നതായാലും മുറിയിൽ കയറാതെ ഒക്കത്തില്ലല്ലോ കയറുക തന്നെ...... മനസ്സിൽ ചിന്തിച്ചു കൊണ്ടവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. മെല്ലെ വാതിൽ തുറന്ന് തല മാത്രം അകത്തേക്ക് ഇട്ടു. മുറിയുടെ അകം മുഴുവൻ കണ്ണുകൾ ഓടിക്കാൻ തുനിയുമ്പോഴാണ് ബെഡിൽ പുറകിലേക്ക് മലർന്ന് കൈകൾ ബെഡിൽ കുത്തി തന്നെ നോക്കി ഇരിക്കുന്ന അച്ചുവിനെ അവൾ കാണുന്നത്. പുണ്യാളാ പെട്ട്......... മനസ്സിൽ ഉരുവിട്ടവൾ നിന്നുപോയി. ഇതേ സമയം അവളുടെ പ്രവർത്തികൾ കണ്ട് അച്ചുവിന്റെ മുഖത്ത് ഒരു കുസൃതി ചിരി ആയിരുന്നു. ..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story