ഹൃദയതാളമായ്: ഭാഗം 103

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചുവിന്റെ നോട്ടം കണ്ടതും പെണ്ണൊന്ന് പതറി. ആരുടെ മുന്നിൽ ചെന്ന് പെടരുത് എന്ന് ആഗ്രഹിച്ചോ അയാളുടെ മുന്നിൽ തന്നെ വന്നു പെട്ടു. മുറിയിലേക്ക് കയറുകയല്ലാതെ വേറെ വഴിയില്ല. എന്തും വരട്ടെ എന്ന് മനസ്സിൽ കരുതി അവൾ മുഖത്തൊരു ഇളി ഫിറ്റ്‌ ചെയ്തു. തന്നെ ഉറ്റുനോക്കുന്ന അവനെ മുപ്പത്തിരണ്ട് പല്ലും വെളുക്കെ കാണിച്ച് അവൾ അകത്തേക്ക് കയറി. ഇച്ചായൻ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കണ്ടതേയില്ല..... നല്ല ക്ഷീണം കാണും അല്ലെ???? കിടന്നോട്ടോ. ഞാൻ പോയി ഒന്ന് ഡ്രസ്സ്‌ മാറട്ടെ. വായിൽ തോന്നിയത് എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറഞ്ഞവൾ അവനെ നോക്കാതെ കബോർഡിന് അടുത്തേക്ക് നടന്നു. അത് ശരിയാ ഇന്നലെ മനുഷ്യൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല. ഇതുവരെ കാണാത്ത പലതും അല്ലെ കണ്ടത് അപ്പൊ പിന്നെ എങ്ങനെയാ ഉറങ്ങാൻ പറ്റുന്നത്????? ബെഡിൽ നിന്ന് എഴുന്നേറ്റ് കൈ രണ്ടും പൊക്കി മൂരി നിവർന്നു കൊണ്ട് അവൻ പറയുന്നത് കേട്ടതും എമി അറിയാതെ പോലും ഉമിനീരിറക്കി പോയി. തിരിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തെ ഭാവങ്ങൾ അത്രയും മിററിലൂടെ നോക്കിയവൻ ഒരു കള്ള ചിരിയോടെ അവളിലേക്ക് ചാരി നിന്നു.

തൊട്ടു പിറകിൽ അവന്റെ സാന്നിധ്യവും സ്പർശവും അറിഞ്ഞതും അവളിൽ എന്തെന്നില്ലാത്ത വെപ്രാളം നിറഞ്ഞു. വലതു കൈ വിരലുകൾ എന്തിനെന്നില്ലാതെ കബോർഡിൽ മുറുകി. ഹൃദയം അതിവേഗത്തിൽ മിടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ധൃതിയിൽ ഇടം കയ്യാൽ അവൾ മാറാനുള്ള ഡ്രസ്സ്‌ തിരഞ്ഞു. എന്നാൽ കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിൽ അച്ചു അവളെ അവനിലേക്ക് തിരിച്ചു നിർത്തി കബോർഡിന്റെ ഡോറിലേക്ക് അമർത്തിയിരുന്നു. പ്രതീക്ഷിക്കാതെയുള്ള അവന്റെ നീക്കത്തിന് മുന്നിൽ അവൾ പകച്ചുപോയിരുന്നു. അവൾ പോലും അറിയാതെ കൈകൾ അവന്റെ ബനിയനിൽ തെരുത്തു പിടിച്ചു. കണ്ണുകൾ ഇറുകെ പൂട്ടി തനിക്ക് മുന്നിൽ നിൽക്കുന്ന അവളിലേക്ക് കൂടുതൽ അടുത്ത് നിന്നവൻ അവൾക്ക് ഇരുവശങ്ങളിലും കൈകുത്തി നിർത്തി അവളെ തന്നെ നോക്കി. ഭയത്താൽ കണ്ണുകൾ പൂട്ടി നിൽക്കുന്ന അവളുടെ കുഞ്ഞു മുഖത്തേക്ക് ഒത്തിരി പ്രണയത്തോടെ അവൻ നോക്കി നിന്നു. ഏറെ നേരമായിട്ടും അവനിൽ നിന്ന് നീക്കം ഒന്നും കാണാതെ ആയതും അവൾ ഒറ്റ കണ്ണ് തുറന്ന് അവന് നേരെ കള്ള നോട്ടം തൊടുത്തു വിട്ടു.

ഓട്ട കണ്ണിട്ടുള്ള അവളുടെ നോട്ടം കണ്ടതും അവനിലും വല്ലാത്തൊരു കുസൃതി നിറഞ്ഞു. മെല്ലെ തല കുനിച്ച് അവളുടെ കവിളിൽ ആഴത്തിൽ ചുണ്ട് അമർത്തി. കവിളിൽ ഏറ്റ നനുത്ത ചുംബനത്താൽ അവൾ തരിച്ചു പോയി. കണ്ണുകൾ തുറന്ന് അവനെ നോക്കവെ അവൻ തന്റെ വശ്യമായ നോട്ടത്താൽ അവളുടെ മിഴികളെ തളച്ചിട്ടു. സ്വയം മറന്ന് അവനിൽ മാത്രം മുഴുകവെ അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്ന ഭാവം അവളെ ഉലച്ചു. ഇതുവരെ കാണാത്ത ഒരുതരം ഭാവം ആയിരുന്നു അവന്റെ കണ്ണുകളിൽ. എന്റെതാണ് എന്റെ മാത്രമാണ്..... അവന്റെ ഹൃദയം മൗനമായി അവളുടെ ഹൃദയത്തോട് വിളിച്ചോതി കൊണ്ടിരുന്നു. അത്രമേൽ ആഴത്തിൽ കൊത്തി വലിക്കുന്ന അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ വെപ്രാളത്തോടെ അവനിൽ നിന്ന് ദൃഷ്ടി മാറ്റി. അവളുടെ ആ പ്രവർത്തി അവനിൽ കുറുമ്പ് വിടർത്തി. ചുവന്നു തുടുത്തു പോയ അവളുടെ കവിളിൽ വീണ്ടും അവന്റെ അധരങ്ങൾ പതിഞ്ഞു അത്രമേൽ പ്രണയത്തോടെ... എന്താണ് പതിവില്ലാത്ത നാണം ഒക്കെ?????

പറയുന്നതിനൊപ്പം മുഖമാകെ അവൻ വിരലുകൾ ചലിപ്പിച്ചു. ഇനി ഒളിച്ചു വെച്ചത് വല്ലതും ഞാൻ കണ്ടോന്ന് ഓർത്താണോ???? വല്ലാത്തൊരു കുറുമ്പായിരുന്നു അവന്റെ ആ ചോദ്യത്തിന്. അതറിഞ്ഞെന്നപോൽ അവളുടെ വിരലുകൾ അവന്റെ ചുണ്ടിനെ മൂടി. അത് പറയല്ലേ പ്ലീസ്....... ഒരു പിടച്ചിലോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി അവളത് പറയവെ അവൻ ഒരുകയ്യാൽ അവളെ ചുറ്റിപ്പിടിച്ച് മറുകയ്യാൽ വായേ മൂടിയിരുന്ന അവളുടെ കൈ പിടിച്ചു മാറ്റി. ശരി പറയുന്നില്ല. എനിക്ക് ദേ ഇത് കണ്ടാൽ മതി. ഇച്ചായന്റെ കൊച്ചിങ്ങനെ നാണിച്ചു ചുവന്നു ഇങ്ങനെ നിൽക്കുന്ന കാഴ്ച. സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല നീ ഇങ്ങനെ ബ്ലഷ് അടിച്ചു നിൽക്കുന്നത് കാണാൻ കഴിയുമെന്ന്. അപ്പൊ എന്റെ പെമ്പറന്നോത്തിക്ക് നാണം ഒക്കെയുണ്ട്. ചുണ്ട് കടിച്ചു പിടിച്ച് ചിരി അമർത്തി അവൻ പറയവെ ഒരു കൂർത്ത നോട്ടം അവൾ മറുപടിയായി നൽകി. നീയിങ്ങനെ ആ ഉണ്ടക്കണ്ണ് ഉരുട്ടാതെടീ ഞാൻ കാര്യായിട്ട് പറഞ്ഞതാ. മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു കൊണ്ടവൻ കണ്ണിറുക്കി. വോ സമ്മതിച്ചു എനിക്ക് ഈ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്യണം. മല പോലെ ഇങ്ങനെ നിൽക്കാതെ അങ്ങോട്ട് മാറിയിരുന്നെങ്കിൽ അടിയന് ഡ്രസ്സിംഗ് റൂമിലേക്ക് പോവാമായിരുന്നു. തൊഴുതു കൊണ്ടവൾ പറയവെ അവൻ അതേ ചിരിയോടെ മാറാതെ അവിടെ നിന്നു.

ഞാനെന്തിനാ മാറുന്നത്???? നീ ഇവിടെ നിന്ന് മാറിക്കോ കൊച്ചേ. കാണേണ്ടത് ഒക്കെ ഞാൻ കണ്ടു ബോധിച്ചതല്ലേ???? മീശതുമ്പ് കടിച്ചു പിടിച്ച് ചിരിയോടെ അവൻ പറഞ്ഞതും അവൾ ഷോക്കടിച്ചത് പോലെ നിന്നുപോയി. ബോധം വന്നതും അവനെ തള്ളി മാറ്റി തിടുക്കത്തിൽ ഡ്രസ്സും എടുത്ത് ഡ്രസ്സിംഗ് റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ ഓട്ടം കണ്ടവൻ ചിരിയോടെ ബെഡിലേക്കിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അയ്യേ..... ഞാനിനി എങ്ങനെ മുറിയിലേക്ക് പോവും???? ഏത് നേരത്താണാവോ എനിക്കാ മഴ നനയാൻ തോന്നിയത്????? അവൾ സ്വയം നെറ്റിയിൽ അടിച്ചു. എന്നാലും എല്ലാം കണ്ടു കാണുവോ???? നഖം കടിച്ചവൾ ആലോചിച്ചു. കണ്ടെങ്കിൽ തന്നെ ഇപ്പൊ എന്താ എന്റെ കെട്ട്യോനല്ലേ അല്ലാതെ വേറാരും അല്ലല്ലോ?????? പക്ഷെ പ്രശ്നം അതല്ല ആ സംസാരം ആണ്. അർത്ഥം വെച്ച് കള്ള ചിരിയുമായി ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ അതുവരെ ഇല്ലാത്ത എന്തോ ഒരു ചമ്മൽ തോന്നിപ്പോവും. എന്തോ ഓർത്തെന്നത് പോലെ അവൾ ചടപ്പോടെ കണ്ണുകൾ ഇറുകെ പൂട്ടി. മനസ്സും ചിന്തകളും കെട്ട് പൊട്ടിയ പട്ടം കണക്കെ പറക്കുന്നത് പോലെ തോന്നി. ഡ്രസ്സ്‌ മാറിയിട്ടും അലസമായി അവൾ അവിടെ തന്നെ നിന്നു.

ഇനിയും നിന്നാൽ ശരിയാവില്ല എന്ന് തോന്നിയതും മാറിയിട്ട വസ്ത്രങ്ങൾ എടുത്ത് പുറത്തേക്കിറങ്ങി. റൂമിൽ അവൻ ഇല്ലെന്ന് കണ്ടതും അവൾക്ക് പാതി ആശ്വാസമായി. പോയോ??????? മുറിക്കകം മുഴുവൻ കണ്ണുകളാൽ പരിശോധന നടത്തിയവൾ ആലോചിച്ചു. പെട്ടെന്ന് ഇത് എങ്ങോട്ടായിരിക്കും പോയത്????? ഉള്ളിലെ സംശയം ഒരു ചോദ്യമായി വെളിയിൽ വന്നു. ചിലപ്പൊ താഴെ കാണുമായിരിക്കും. പുറത്തേക്ക് ആണെങ്കിൽ എന്നോടൊന്ന് പറയാതെ പോവില്ലല്ലോ??? തന്റെ സംശയങ്ങൾക്കുള്ള ഉത്തരം സ്വയം കണ്ടെത്തിയവൾ ഒന്ന് നിശ്വസിച്ചു. കയ്യിൽ ഇരുന്ന ഡ്രസ്സ്‌ കഴുകാനുള്ള വസ്ത്രങ്ങൾ ഇടുന്ന ബാസ്‌ക്കറ്റിലേക്ക് ഇട്ടവൾ താഴേക്ക് പോവാൻ ആഞ്ഞു. എന്നാൽ ആ സമയം ടേബിളിൽ ഇരുന്ന ഫോൺ റിങ് ചെയ്യുന്ന കേട്ടതും അവൾ അങ്ങോട്ട്‌ നടന്നടുത്തു. വിളിക്കുന്നത് നിവി ആണെന്ന് കണ്ടതും അവൾ ഒന്ന് നെടുവീർപ്പിട്ടു. ഒരു തെറിക്കുള്ള കോളാണല്ലോ മാതാവേ..... സ്വയമേ പറഞ്ഞവൾ ഫോൺ എടുത്ത് ബാൽക്കണിയിലേക്കിറങ്ങി. നിവി കുട്ടാ...... ഫോൺ എടുത്ത ഉടനെ പാലും പഞ്ചാരയും ബോൺവിറ്റയും കലർത്തി അവൾ വിളിച്ചു. പ്ഫാ എരപ്പേ..... ചെവിയടിച്ചു പോവുന്ന തരത്തിലുള്ള ആട്ട് കേട്ടതും എമി ഫോൺ ചെവിയിൽ നിന്ന് അൽപ്പം അകത്തി പിടിച്ചു. നീയാരാടീ കൂറേ...

ഇന്ത്യൻ പ്രസിഡന്റോ???? ഒരു ഫോൺ വിളിച്ചാൽ നിനക്ക് എടുക്കാൻ വയ്യല്ലേ????? അലവലാതി..... നിവി കലിപ്പിൽ വിളിച്ചു കൂവി. സോറി മുത്തേ... എനിക്ക് പനി പിടിച്ച് ഇരിക്കുവായിരുന്നെടീ അതാ നീ വിളിച്ചിട്ടും എടുക്കാതിരുന്നത്. എന്റെ പൊന്നല്ലേ ചക്കരയല്ലേ ചുന്ദരി വാവയല്ലേ ഒന്ന് ക്ഷമിക്ക് മുത്തേ..... എമി അവളെ സോപ്പിട്ടു. ശരി..... ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു ഇനി മേലാൽ ആവർത്തിച്ചു പോവരുത്. നിവി ഗൗരവം ഒട്ടും കുറയ്ക്കാതെ പറഞ്ഞു. ഇല്ലേ.......... അല്ല നീ എന്തിനാ വിളിച്ചത്????? ചോദിക്കുന്നതിനൊപ്പം എമി ബാൽക്കണി റൈലിങ്ങിലേക്ക് ചാരി നിന്നു. നീ പനി പിടിച്ചു കിടപ്പാണെന്ന് റോണി പറഞ്ഞു. അത് അറിഞ്ഞിട്ടാണ് ധൃതി പിടിച്ച് ഇക്കണ്ട വിളി മുഴുവൻ വിളിച്ചത്. അപ്പോഴുണ്ട് ഒരുത്തി കാൾ എടുക്കുന്നില്ല. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. പിന്നെ അച്ചുവേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് സമാധാനമായത്. ഒറ്റ ശ്വാസത്തിൽ കിതച്ചവൾ പറഞ്ഞു നിർത്തിയതും എമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അപ്പൊ എന്നോട് സ്നേഹമുണ്ട്.

അയ്യോ സ്നേഹം കൊണ്ടൊന്നും അല്ല. ഒരേയൊരു ചങ്ക്‌ അല്ലെ എന്തെങ്കിലും പറ്റിയാൽ റീത്തും വാങ്ങി വന്ന് നെഞ്ചത്ത് അടിച്ചു കരഞ്ഞില്ലെങ്കിൽ നാട്ടുകാർ എന്ത് വിചാരിക്കും???? അത് മാത്രമല്ല കുഴിയാഴ്ച്ച അടിയന്തിരം അങ്ങനെ എന്തൊക്കെ ചടങ്ങുകൾ???? ഇതെല്ലാം മുന്നിൽ നിന്ന് നടത്താൻ ഞാനും വേണ്ടേ????? നിവിയുടെ മറുപടി കേട്ടതും എമിക്ക് എവിടെന്നില്ലാതെ തരിച്ചു കയറി. വെച്ചിട്ട് പോടീ നാറി......... എമി അലറിയതും നിവി കാൾ കട്ട്‌ ആക്കിയിട്ട് പോയി. അല്ലെങ്കിൽ പൂരപാട്ട് കേൾക്കേണ്ടി വരുമെന്ന് അറിയാം. തെണ്ടി...... അവൾ ഫോണിലേക്ക് നോക്കി പിറുപിറുത്തു. അപ്പോഴും ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എന്തോ ഓർമ്മയിൽ ചിരിച്ചു കൊണ്ടവൾ പുറത്തേക്ക് നോക്കി നിന്നു. സന്ധ്യ ആവുന്നതേ ഉള്ളൂ. സൂര്യൻ വിട പറയാൻ മടിച്ചു നിൽക്കുന്നു. എന്നാൽ ഭൂമി ആവട്ടെ ചന്ദ്രന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പൂക്കൾ വാടി തുടങ്ങി. സന്ധ്യ, പുലരിയെ ഗർഭം പേറി രാത്രിക്ക് ജന്മം നൽകുന്നവൾ. വെളിച്ചത്തിനോട് വിട വാങ്ങി ശാന്തമായ നിശയ്ക്ക് വഴി ഒരുക്കുന്നവൾ.

ചായക്കൂട്ടങ്ങൾ വാരി തൂവി പുലരിയേക്കാൾ സുന്ദരി ആവാൻ മത്സരിക്കുന്നവൾ. ഒരു മരീചിക പോലെ മാഞ്ഞു പോയി നിഴലുകൾക്ക് വഴി തെളിക്കുന്നവൾ. പകലിന്റെ ദുഃഖങ്ങളേയും പിരിമുറുക്കങ്ങളെയും മറന്ന് ഓടിയാണയാൻ കഴിയുന്ന ആശ്വാസത്തിന്റെ വിശ്രമതീരം. ഓരോ സന്ധ്യയും ഓരോ കാത്തിരിപ്പാണ്, ഒരു പുത്തൻ പുലരിക്കായുള്ള കാത്തിരിപ്പ്..... പുത്തൻ പ്രതീക്ഷകളുടെ കാത്തിരിപ്പ്...... ഒരു നിശ്വാസത്തോടെ അവൾ കുങ്കുമവർണ്ണമായ ആകാശത്തേക്ക് മിഴികൾ പായിച്ചു. വാരി പൂശിയ ഏഴു വർണ്ണങ്ങളെയും തുടച്ചു നീക്കുമ്പോഴും പോവാൻ മനസ്സില്ലാത്തത് പോലെ ചുവപ്പ് മാത്രം ബാക്കിയായി. ഒരുപക്ഷെ തന്റെ കാമുകനെ വരവേൽക്കുന്ന നാണത്തിൽ ആയിരിക്കുമോ മാനം ഇങ്ങനെ ചുവന്നു തുടുത്തത്????? നീല വെളിച്ചമായ് ഉദിക്കുന്ന നിലാവിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരിക്കാം വാനം ചെമ്പട്ട് ഉടുത്തത്. പുഞ്ചിരിയോടെ അവൾ ആലോചിച്ചു. പ്രകൃതിയിലേക്ക് ഇങ്ങനെ നോക്കി നിൽക്കുന്നത് തന്നെ ഒരു അനുഭൂതിയാണ്. ഉള്ളിൽ എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ പ്രകൃതി തന്നെ അതിനെ മായിച്ചു കളയും.

എന്തോ ആ സായാഹ്നത്തിന് പതിവിലേറെ സൗന്ദര്യം ഉണ്ടെന്നവൾക്ക് തോന്നി. ഉള്ളിൽ എന്തിനെന്നില്ലാതെ നിറയുന്ന ആനന്ദത്തിരയിൽ നനഞ്ഞവൾ കൂടണയാൻ വെമ്പുന്ന പറവകളെ നോക്കി അങ്ങനെ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇപ്പൊ കാണിക്കാടാ അച്ചു മുറിയിൽ എത്തിയതേ ഉള്ളൂ. മുറിയിൽ നിന്നുള്ള അച്ചുവിന്റെ ശബ്ദം കേട്ടതും സായാഹ്നത്തിന്റെ ഭംഗിയിൽ മുഴുകി നിന്ന എമി തിരിഞ്ഞു നോക്കി. അപ്പോഴേക്കും അച്ചു ബാൽക്കണിയിലേക്ക് ഇറങ്ങിയിരുന്നു. കയ്യിൽ ഫോൺ ഉണ്ട്. ആരോടോ സംസാരിച്ചാണ് വരുന്നത്. എമിയെ ഒന്ന് നോക്കിയവൻ അവളുടെ അടുത്ത് എത്തി. സംശയഭാവത്തിൽ നെറ്റി ചുളിച്ച് നിൽക്കുന്ന അവളെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് തനിക്ക് അരികിലേക്ക് നിർത്തി അവൻ ഫോണിലേക്ക് നോക്കി. ദേ നിൽക്കുന്നു നിന്റെ എമി...... ഫോണിൽ മിഴി നട്ടവൻ പറയുന്നത് കേട്ടാണ് എമി അവന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് സ്‌ക്രീനിലേക്ക് നോക്കുന്നത്. അവിടെ തെളിഞ്ഞു നിൽക്കുന്ന ജോക്കുട്ടന്റെ മുഖം കണ്ടതും അവളുടെ മുഖം വിടർന്നു. വീഡിയോ കാൾ ആണ്. ജോക്കുട്ടാ.........

അവൾ നിറഞ്ഞ സന്തോഷത്തോടെ വാത്സല്യത്തോടെ സ്നേഹത്തോടെ വിളിച്ചു. എമീ........... അവന്റെ ആ വിളിയിൽ എമിയോടുള്ള അവന്റെ സ്നേഹം അത്രയും നിറഞ്ഞിരുന്നു. എന്തെടുക്കുവാ എമീടെ കുഞ്ഞ്????? കൊഞ്ചി കൊണ്ടവൾ അവനെ നോക്കി ചോദിച്ചു. നാനെ.... അപ്പാപ്പന്തെ കൂതെ കച്ചുവായിരുന്നു. അപ്പാപ്പൻ നിച്ച് വാച്ച് ഒന്താക്കി തന്നല്ലോ........ കയ്യിൽ കെട്ടിയിരിക്കുന്ന ഓല കൊണ്ട് ഉണ്ടാക്കിയ വാച്ച് കാണിച്ചവൻ വീമ്പ് പറഞ്ഞു. ആഹാ.... കൊള്ളാല്ലോ വാച്ച്.... ഇനീം ഒന്ത്. പന്തും പീപ്പീ ഒക്കെ ഒന്ത്. നാൻ അവതെ വതുമ്പോ എമിച്ച് ഒന്താക്കി തതാവേ...... വല്യ ഗമയിൽ അവൻ പറഞ്ഞു നിർത്തി. അതിന് ജോക്കുട്ടൻ എപ്പോഴാ വരുന്നത്???? എമി വന്നപ്പൊ പോയി കളഞ്ഞില്ലേ???? എമിക്ക് എന്തോരം വിഷമം ആയെന്ന് അറിയോ????? ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നത് കേട്ടതും ജോക്കുട്ടന്റെ മുഖവും മങ്ങി. ആനോ???? എമിച്ച് ചങ്കടം ആയോ????? ചുണ്ട് പിളർത്തികൊണ്ടവൻ ചോദിച്ചു. പിന്നല്ലാതെ. ജോക്കുട്ടൻ ഇല്ലെങ്കിൽ എമിക്ക് സങ്കടം ആവൂലെ????? അവളും അതേ വിഷമം ഭാവിച്ചു കൊണ്ടു പറഞ്ഞു. എന്നാലേ... ജോക്കുത്തൻ നാലെ വതാം.... പോതേ?????? ചൂണ്ടുവിരൽ താടിയിൽ കുത്തിക്കൊണ്ട് വലിയ എന്തോ ആലോചനയിൽ ആശാൻ ചോദിച്ചു. മതി മതി....

നാളെ അപ്പാപ്പനെയും കൂട്ടി ഇങ്ങോട്ട് വാട്ടോ. എമി മറുപടി കൊടുത്തു. വീണ്ടും അവർ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അച്ചു ഈ സമയം അത്രയും എമിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. സന്ധ്യയുടെ ബാക്കിപാത്രം എന്നത് പോലെ അന്തിചോപ്പിന്റെ നിറമാണ് അവളുടെ കുഞ്ഞു മുഖത്തിന്‌. അതിനൊപ്പം ജോക്കുട്ടനോട് കൊഞ്ചി സംസാരിക്കുമ്പോൾ മിഴികൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്. ചുണ്ടുകൾ കുറുമ്പൊടെ കൂർപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ കുഞ്ഞിനോട് ഓരോന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുമുണ്ട്. കൊച്ചു കുട്ടികളെ പോലെ ഓരോ കാട്ടായങ്ങൾ കാണുമ്പോൾ വാരിയെടുത്ത് ഉമ്മ വെക്കാൻ തോന്നും. അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം അലതല്ലി. ഏറെനേരം ജോക്കുട്ടനോട് സംസാരിച്ച് ചെക്കന് ഉമ്മയൊക്കെ കൊടുത്ത് ഫോൺ കട്ട്‌ ചെയ്യുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെയാണ്. അവന്റെ നോട്ടം കണ്ടതും അവൾ ഒറ്റ പിരികം പൊക്കി എന്തെന്നർത്ഥത്തിൽ അവനെ നോക്കി. അവളുടെ നോട്ടത്തിന് മറുപടി എന്ന പോൽ അവന്റെ വശ്യമായി ഒന്ന് പുഞ്ചിരിച്ചു. അവന്റെ ചിരിയിൽ വശപ്പിശക് തോന്നിയ എമിയൊന്ന് അവനിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചു.

എന്നാൽ അച്ചു കഴുത്തിലൂടെ ചുറ്റിയ കൈ കൊണ്ട് തന്നെ അവളെ തന്നിലേക്ക് അടുപ്പിച്ചു. പകച്ചു തന്നെ നോക്കി നിൽക്കുന്ന അവളുടെ ചുണ്ടുകളിൽ നേർമയിൽ ഒന്ന് മുത്തി. എന്തുകൊണ്ടോ അവളുടെ മിഴികൾ അന്നേരം കൂമ്പി പോയി. നനുത്ത ചുംബനത്താൽ കൂമ്പിയടഞ്ഞ അവളുടെ കണ്ണുകൾ അവനിൽ ആവേശം നിറച്ചു. അവളുടെ അധരങ്ങളെ മുഴുവനായി കവർന്നെടുക്കാൻ ആഞ്ഞതും താഴെ നിന്ന് ഒരു അലർച്ച കേൾക്കുന്നത് ഒരേ പോലെ ആയിരുന്നു. ഞെട്ടി പിടഞ്ഞവർ പരസ്പരം അകന്നു മാറുമ്പോൾ മുഖത്ത് വല്ലാത്തൊരു ഭയം ആയിരുന്നു. അമ്മച്ചി.... ഒരേ പോലെ അവർ ഉരുവിട്ടു. അമ്മച്ചീ................ പരിഭ്രാന്തിയോടെ അലറി വിളിച്ചവർ മുറിയിൽ നിന്ന് ഇറങ്ങി താഴേക്കോടി. അതിവേഗത്തിൽ ഓടി പടികൾ ഇറങ്ങി താഴെ എത്തിയതും ഇരുവരും ഉള്ളിൽ ഉയർന്ന ഭയത്താലും ഏറിയ ഹൃദയമിടിപ്പിനാലും കിതച്ചു പോയിരുന്നു. എന്നാൽ ഹാളിലെ കാഴ്ച കണ്ടതും അവരുടെ കാലടികൾ നിന്നു. കണ്ണുകൾ മിഴിഞ്ഞു. മുന്നിൽ അതാ മൈദ മാവിൽ കുളിച്ച് നിൽക്കുന്ന ആൽവിച്ചനും ഇടുപ്പിൽ കൈകുത്തി നിന്ന് ആൽവിച്ചനെ നോക്കി ദഹിപ്പിക്കുന്ന സാറായും. ഒന്നും മനസ്സിലാവാതെ അവർ പരസ്പരം ഒന്ന് നോക്കി. അപ്പോഴേക്കും വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെ എത്തിയിരുന്നു. എല്ലാവരും കാര്യം മനസ്സിലാവാതെ പകച്ച് ആൽവിച്ചനെയും സാറായെയും നോക്കി. സാറാ അടിമുടി കലിതുള്ളി നിൽക്കുകയായിരുന്നെങ്കിൽ ആൽവിച്ചന്റെ മുഖത്ത് ഒരു ഇളി ആയിരുന്നു. പൊട്ടൻ ആട്ടം കാണുന്നത് പോലെ അവരെ രണ്ടുപേരെയും നോക്കി മറ്റുള്ളവർ നിന്നുപോയി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story