ഹൃദയതാളമായ്: ഭാഗം 104

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇതെന്നാ വേഷംകെട്ട് ആടാ ഈ കാണിച്ചു വെച്ചിരിക്കുന്നത്?????? വെളുക്കെ ഇളിച്ചു കാണിച്ചു നിൽക്കുന്ന ആൽവിച്ചന് നേരെ പോൾ ചൂടായി. ചില്ലറ ടെൻഷൻ ഒന്നുമല്ലേ അടിച്ചത്. മൈദാ മാവ് കൊണ്ട് ഫേഷ്യൽ ചെയ്താൽ മുഖം വെളുക്കും എന്ന് വനിതയിൽ ഉണ്ടായിരുന്നു. ഡാഡിക്ക് വേണോ അമ്മച്ചിയോട് പറഞ്ഞാൽ മതി ചെയ്തു തരും. അങ്ങേയറ്റം നിഷ്കളങ്കതയിൽ അവൻ പറഞ്ഞു നിർത്തി. പ്ഫാ......... നീട്ടി ഒരു ആട്ട് ആയിരുന്നു അതിനുള്ള മറുപടി. ആട്ടിന്റെ പവർ കൊണ്ടാണോ എന്തോ അതുവരെ സോഷ്യൽ ഡിസ്റ്റൻസിങ്ങിൽ നിന്ന ആൽവിച്ചൻ സാറായുടെ പുറകിൽ എത്തി. ഫേഷ്യൽ വേണ്ടെങ്കിൽ പറഞ്ഞാൽ പോരെ ഇങ്ങനെ കിടന്ന് അലറണോ???? ബൈ ദുബായ് അമ്മച്ചി മാവിന് ഉപ്പിട്ടില്ലായിരുന്നു കേട്ടോ.... നാക്ക് കൊണ്ട് ചുണ്ടിൽ പറ്റിയ മൈദാ മാവ് നുണഞ്ഞു കൊണ്ടവൻ സാറായോട് പറഞ്ഞു. എന്റെ മൂട്ടിൽ നിന്ന് അങ്ങോട്ട്‌ മാറി നിക്കെടാ എരണംകെട്ടവനെ...... സാറാ ശബ്ദം ഉയർത്തിയതും ആൽവി ഒറ്റ ചാട്ടത്തിന് റിയക്ക് അരികിൽ എത്തി. നിങ്ങൾ ഇങ്ങനെ നിൽക്കാതെ മര്യാദക്ക് കാര്യം എന്നതാന്ന് പറയുന്നുണ്ടോ????

അമ്മച്ചി എന്തിനാ കാറിയത് ഈ അലവലാതി എങ്ങനെയാ ഈ കോലത്തിൽ ആയത്????? അത്ര നേരം മിണ്ടാതെ നിന്ന അച്ചുവിന്റെ ശബ്ദം ഉയർന്നു. അലവലാതി നിന്റെ അപ്പൻ...... ഡാ......... ആൾവിച്ചൻ പറഞ്ഞു തീർന്നതും പോൾ അലറി. ഓഹ്...... സോറി, സോറി.... എന്റെയും ഇവന്റെയും പ്രൊഡ്യൂസർ ഒന്നാണെന്നുള്ള കാര്യം ഞാൻ ഇടയ്ക്ക് മറക്കുന്നു. ആൽവിച്ചൻ ക്ഷമാപണം നടത്തി നീങ്ങി നിന്നു. പോളും സാറായും അവനെ ഒന്ന് ഇരുത്തി നോക്കി. മറ്റുള്ളവരുടെ മുഖത്ത് ഇതെന്ത് ജീവി എന്നുള്ള എക്സ്പ്രഷൻ ആയിരുന്നു. ശരിക്കും അമ്മച്ചി എന്നാത്തിനാ അലറി വിളിച്ചത് ????? അനുവിന്റെ ആ ചോദ്യം കേൾക്കുമ്പോഴാണ് ആൽവിച്ചനിൽ നിന്ന് എല്ലാവരുടെയും ശ്രദ്ധ സാറായിലേക്ക് മാറുന്നത്. അനു. ഉന്നയിച്ച അതേ ചോദ്യഭാവത്തിൽ എല്ലാവരും അവരുടെ മുഖത്തേക്ക് നോക്കി. ഞാൻ അലറി വിളിച്ചത് എന്നാത്തിനാന്നോ????? ദേ വടി പോലെ നിൽക്കുവല്ലേ ഈ വാഴ ഇവൻ ഒറ്റൊരുത്തനാ എന്നെ പേടിപ്പിച്ചത്. സാറാ പല്ല് കടിച്ചവനെ നോക്കി. അവരുടെ നോട്ടം കണ്ടതും ആൽവി സീലിംഗിലേക്ക് നോക്കി നിന്നു.

ഇങ്ങേര് എന്നാ അമ്മച്ചീ കാണിച്ചത്??????? ആൽവിയെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് റിയ സാറായ്ക്ക് നേരെ തിരിഞ്ഞു ചോദിച്ചു. എന്റെ പൊന്ന് മോളെ ഈ കുരുത്തംകെട്ടവൻ പണിയെടുത്തോണ്ട് നിന്ന എന്റെ അടുത്ത് വന്ന് പഴംപൊരി ഉണ്ടാക്കി തരുവോന്ന് ചോദിച്ചു. സമയം ഇല്ലാത്തത് കൊണ്ട് ഞാൻ പറ്റില്ലെന്ന് പറഞ്ഞു. വിശക്കുന്നെന്ന് പറഞ്ഞ് സാരി തുമ്പിൽ പിടിച്ച് കൊഞ്ചിയപ്പോൾ ശല്യം സഹിക്ക വയ്യാതെ ഞാൻ ഉണ്ടാക്കി കൊടുക്കാന്ന് സമ്മതിച്ചു. പഴം അരിഞ്ഞു വെച്ച് മാവ് കുഴച്ച് തിരിഞ്ഞപ്പൊ അരിഞ്ഞു വെച്ച പഴവുമില്ല ആളുമില്ല. ഇതെവിടെ പോയി എന്ന് വിചാരിച്ചു തിരയുമ്പോഴാണ് കബോർഡിനുള്ളിൽ നിന്നൊരു അനക്കവും പുറത്തേക്ക് ഒരു തലയും കാണുന്നത്. ഞാൻ കരുതി കള്ളൻ ആണെന്ന്. പെട്ടെന്നുള്ള വെപ്രാളത്തിൽ കയ്യിലിരുന്ന മാവ് മുഴുവൻ തലയിൽ ഒഴിച്ചിട്ട് ഞാൻ കാറിപ്പോയി. മാവ് തലയിൽ വീണപ്പോഴുണ്ടായ നിലവിളി കേൾക്കുമ്പോഴല്ലേ അത് ഇവനാണെന്ന് എനിക്ക് മനസ്സിലാവുന്നത്. ആൽവിയെ തറപ്പിച്ച് നോക്കിയവർ പറഞ്ഞതും എല്ലാവരും പല്ല് കടിച്ചു കൊണ്ടവനെ നോക്കി.

ആൽവി ക്ലോസപ്പിന്റെ പരസ്യത്തിൽ അഭിനയിക്കുന്നത് പോലെ ഒരു നിൽപ്പായിരുന്നു. താൻ എന്നാത്തിനാടോ ഇപ്പൊ കബോർഡിനകത്തോട്ട് ചെന്ന് കയറിയത്?????? അച്ചു കലിപ്പിൽ അവന് നേരെ ചീറി. അത് പിന്നെ വിശപ്പോഫോബിയ എന്ന മ്യാരക രോഗത്തിന് അടിമയാണ് ഈ ഞാനെന്ന് നിനക്ക് അറിഞ്ഞൂടെ???? പഴം തിന്നിട്ടും വിശപ്പ് മാറിയില്ല കബോർഡിനകത്ത് വല്ലതും ഉണ്ടോന്ന് നോക്കിയതാ അമ്മച്ചി ഇങ്ങനെ പേടിക്കും എന്ന് ഞാൻ കരുതിയോ?????? കൈമലർത്തി കൊണ്ടവൻ പറയുന്നത് കേട്ടതും അച്ചു ദേഷ്യം കൊണ്ട് കത്തി കയറിയിരുന്നു. ദേഷ്യത്തിൽ പാഞ്ഞു ചെന്ന് ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളം മുഴുവൻ ആൽവിയുടെ തല വഴി കമത്തി കൂമ്പിനിട്ട് ഒരു പഞ്ചും കൊടുത്തു. എന്റെ ഗീവർഗീസ് പുണ്യാളാ........ അടിവയറ്റിൽ കൈ വെച്ച് ആൽവിച്ചൻ നിലത്തേക്ക് ഇരുന്നു പോയി. ഇനി മേലിൽ മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുത്.... മുഷ്ടി ചുരുട്ടി പറഞ്ഞവൻ അകത്തേക്ക് കയറി പോയി. വേറൊന്നും കൊണ്ടല്ല നല്ല വിഷമം ഉണ്ടേ... അയ്യോ.... എന്റെ പാർട്ട്സ് എല്ലാം ആ പന്നി ഇടിച്ചു കലക്കിയേ....

ആൽവിച്ചൻ വയറും തടവി നിലത്തിരുന്ന് ഉച്ചത്തിൽ നിലവിളിച്ചു. നിങ്ങൾ എന്ത് ഡാഡിയാണ് ഡാഡി???? സ്വന്തം മകന്റെ കൂമ്പ് ഇടിച്ചു കലക്കിയത് നോക്കി നിൽക്കുന്നോ????? എല്ലാം നോക്കി പ്രതിമ പോലെ നിൽക്കുന്ന പോളിനെ നോക്കി അവൻ പല്ല് ഞെരിച്ചു. ഞാനായിട്ട് തരാൻ ഇരുന്നതാ അവനായിട്ട് തന്നത് എന്ന് കരുതിയാൽ മതി. അത്രയും പറഞ്ഞയാൾ അവനെ നോക്കി പുച്ഛച്ച് സെറ്റിയിൽ പോയിരുന്നു. ഡാഡി ആയിപ്പോയി അല്ലെങ്കിൽ കാണിച്ചു തന്നേനെ....... കൈവിരലുകൾ ചുരുട്ടി അവൻ പോളിനെ കലിപ്പിച്ച് നോക്കി. എടി മോളെ... ആ കയ്യൊന്ന് തന്നേ ഞാനൊന്ന് എഴുന്നേറ്റോട്ടേടീ.... എമിക്ക് നേരെ കൈ നീട്ടി ദയനീയമായി പറയുന്നത് കേട്ടതും ചിരി അടക്കി പിടിച്ചവൾ അവനെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. എഴുന്നേറ്റ് നിന്നയുടൻ വയറിൽ കൈ വെച്ച് നിന്നവൻ തുള്ളി. എന്റെ പിള്ളേർക്ക് അപ്പൻ ഇല്ലാതെ ആക്കല്ലേ എന്റെ വ്യാകുല മാതാവേ..... ആൽവി നടുവിന് കൈ താങ്ങി നിവർന്നു നിന്നു. അതിന് നീയും കൂടി വിചാരിക്കണ്ടേ????? ഓൺ ദി സ്പോട്ടിൽ പോളിന്റെ മറുപടി എത്തി. പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ആ അടുക്കള മര്യാദക്ക് വൃത്തിയാക്കി ഇട്ടില്ലെങ്കിൽ പച്ച വെള്ളം ഞാൻ നിനക്ക് തരത്തില്ല ഓർത്തോ....

ആൽവിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞ് നിർത്തി സാറാ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു. എനിക്ക് എന്നാത്തിന്റെ കേടായിരുന്നു ദൈവമേ....... ആരോടെന്നില്ലാതെ നിന്നവൻ പറഞ്ഞു. പോയി കുളിയെടാ ശവമേ അല്ലെങ്കിൽ നിന്റെ തള്ള എടുത്ത് എണ്ണയിൽ മുക്കി പൊരിച്ചെടുക്കും. ടീവി തുറന്ന് വെച്ചിരുന്ന് പോൾ പറയുന്നത് കേട്ടാണ് ആൽവിച്ചൻ ദേഹത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന മാവിലേക്ക് നോക്കുന്നത്. ശരിയാ ഈ കോലം മാറ്റുന്നതാ ബുദ്ധി അല്ലെങ്കിൽ ഡാഡി പറഞ്ഞത് പോലെ അമ്മച്ചി എന്നെ പിടിച്ച് ഫ്രൈ ആക്കി എന്നിരിക്കും. എമി മോളെ ഇതെല്ലാം കളയാൻ ഒന്ന് വന്നെന്നെ സഹായിക്കെടീ..... അടുത്ത് നിന്ന എമിയോട് അവൻ അപേക്ഷിച്ചു. അയ്യടാ... തനിയെ അങ്ങ് പോയി കഴുകിയേച്ചാൽ മതി ഞാനൊന്നും വരില്ല. അവൾ ചുണ്ട് കോട്ടി. കൊള്ളാം... മോളെ നല്ലതാ..... നിന്നെ എന്റെ സ്വന്തം പെങ്ങളെക്കാൾ ഏറെ സ്നേഹിച്ച എന്നോട് ഇങ്ങനെ തന്നെ കാണിക്കണം. നിന്റെ കുരുത്തക്കേടിന് മുഴുവൻ കൂട്ട് നിൽക്കുന്ന എന്നോട് ഇങ്ങനെ തന്നെ ചെയ്യണം. അല്ലെങ്കിലും ഞാൻ നിന്റെ ആരാല്ലേ????

വെറും ഭർത്താവിന്റെ ചേട്ടൻ അത്രല്ലേ ഉള്ളൂ.... ആൽവിച്ചൻ വിഷമം അഭിനയിച്ച് കണ്ണുനീർ ഒപ്പുന്നത് പോലെ കാണിച്ചു. കഴിഞ്ഞോ ആക്ടിങ്????? അവന് മുന്നിൽ കൈകെട്ടി നിന്നുകൊണ്ടവൾ പിരികം പൊക്കി. ഇല്ല കഴിഞ്ഞില്ല.... എനിക്കിനീം പറയാനുണ്ട്. നിനക്ക് ഓർമ്മയുണ്ടോ എന്നെനിക്ക് ഓർമ്മയില്ല. കഴിഞ്ഞ ആഴ്ച കൃത്യം വ്യാഴാഴ്ച വൈകിട്ട് 5: 13ന് കോളേജ് വിട്ടു വന്ന നിനക്ക് ഞാൻ മിൽകീബാർ വാങ്ങി തന്നില്ലേ?????? ഇതൊക്കെ നിനക്ക്‌ എങ്ങനെ മറക്കാൻ കഴിഞ്ഞു?????? ഒരു രൂപേടെ മിട്ടായിക്ക് ആണോടോ മരമാക്രി ഇത്ര ബിൽഡ് അപ്പ്‌????? എമി പുച്ഛത്തിൽ ചുണ്ട് കൂർപ്പിച്ചു. ഓഹോ... അപ്പൊ പണത്തിന്റെ തട്ടിൽ ഇട്ടാണല്ലേ നീ എന്റെ സ്നേഹത്തെ അളന്നത്???? മോശായിപ്പോയി എമീ മോശായിപ്പോയി..... നെറ്റിയിൽ പടർന്നു കിടന്ന മാവ് വടിച്ചു നീക്കിയവൻ പറയുന്നത് കേട്ട് എമി തലയിൽ കൈവെച്ചു പോയി. ഇനി വാ തുറന്നാൽ വായിൽ മണ്ണ് തിരുകും ഞാൻ..... കട്ട കലിപ്പിൽ എമി പറഞ്ഞതും അവൻ നിശ്ചിത ദൂരം മാറിനിന്നു. പേടിയല്ല ചെറിയൊരു മുൻകരുതൽ.

ഇപ്പൊ എന്താ വേണ്ടത് ഞാൻ കൂടെ വരണം അത്രയല്ലേ ഉള്ളൂ???? ഞാൻ വരാം. ഇനി അതിന്റെ പേരിൽ തൊലിഞ്ഞ ഡയലോഗ് ഇറക്കണ്ട. കണ്ണ് കൂർപ്പിച്ചവൾ പറഞ്ഞു. ഇത് നേരത്തെ അങ്ങ് സമ്മതിച്ചിരുന്നെങ്കിൽ ഞാനീ വായിട്ട് അലക്കണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ????? അപ്പൊ ചലോ.... നമുക്ക് മുറ്റത്തേക്ക് പോവാം. അവിടെ ആവുമ്പൊ നല്ല വിസ്തരിച്ച് കുളിക്കാം. അതും പറഞ്ഞവൻ മുന്നോട്ട് നടന്നു. അവന് പുറകെ കയ്യും മലർത്തി എമിയും. അല്ലെങ്കിൽ കുടിച്ച വെള്ളത്തിന്‌ വരെ കണക്ക് കേൾക്കേണ്ടി വരും. കൂടെയുള്ളത് വെറും എച്ചിയല്ല പര എച്ചിയാണ്. എല്ലാം വിധി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫോണിൽ ആരുടെയോ കാൾ വന്നതും അത് അറ്റൻഡ് ചെയ്തു കൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങിയ അച്ചു താഴെ നടക്കുന്ന കാഴ്ച കണ്ട് വായും തുറന്ന് നിന്നുപോയി. പുറത്ത് ഗാർഡൻ ബെഞ്ചിലായ് ആൽവിച്ചൻ ഇരിപ്പുണ്ട്. പുറകിൽ എമിയും നിൽപ്പുണ്ട്. കയ്യിൽ ഹോസ് ഒക്കെ പിടിച്ച് ഇട്ടിരിക്കുന്ന പാവാട അൽപ്പം ഉയർത്തി ഇടുപ്പിൽ കുത്തി വെച്ച് ആണ് നിൽപ്പ്. കയ്യിലെ ഹോസ് ഉപയോഗിച്ച് ആൽവിച്ചന്റെ തല വഴി വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട്. അതിനൊപ്പം തല മുടിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മാവ് കൈ കൊണ്ട് ഉരച്ചു കളയുന്നുമുണ്ട്. എന്തോ ആ കാഴ്ച കാൺകെ അവന് ചിരി വന്നുപോയി.

ചുണ്ടിൽ ഉതിർന്ന പുഞ്ചിരിയോടെ അവൻ അവരെ നോക്കി നിന്നു. ആൽവിച്ചന്റെ തല കഴുകി കൊടുക്കുന്നതിനിടയിൽ എമി ചുണ്ട് കൂർപ്പിച്ച് എന്തൊക്കെയോ പറയുന്നുണ്ട്. വീർതിരിക്കുന്ന അവളുടെ കവിളുകൾ കാണുമ്പോൾ തന്നെ അറിയാം കക്ഷി ഗംഭീര ചീത്ത വിളിയാണെന്ന്. അവൾക്ക് മുന്നിൽ പഞ്ചപുച്ഛം അടക്കി ഇരിക്കുന്ന ആൽവിയെ കണ്ടതും അവന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. പാവം........ മനസ്സിൽ ഉരുവിട്ടു. ഹലോ.... ഹലോ സർ കേൾക്കുന്നുണ്ടോ????? അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്ന് ശബ്ദം ഉയർന്നു. ഫോൺ എടുത്ത് ചെവിയിൽ വെച്ച് പുറത്തെ കാഴ്ച ആസ്വദിക്കുന്ന അച്ചു ഇത് വല്ലതും അറിയുന്നുണ്ടോ????? I'll call you back........ അവരിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൻ ഫോണിലൂടെ മറുപടി കൊടുത്തു കൊണ്ട് കാൾ കട്ട്‌ ചെയ്തു. ആാാഹ്..... എടീ പതുക്കെ എനിക്ക് വേദനിക്കുന്നു........ അവന്റെ തല മുടിയിൽ ഗംഭീര പണിയിൽ ഏർപ്പെട്ടിരിക്കുന്ന എമിയോട് അവൻ കാറിക്കൊണ്ട് പറഞ്ഞു. എനിക്ക് ഇങ്ങനെയൊക്കെയേ പറ്റൂ. മര്യാദക്ക് ഇരുന്നില്ലെങ്കിൽ ഞാൻ ഇട്ടേച്ച് പോവും പറഞ്ഞില്ലെന്നു വേണ്ട. അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്ന അവന്റെ തല നേരെ പിടിച്ചു കൊണ്ടവൾ ഭീഷണി മുഴക്കി.

അയ്യോ ഞാനിനി ഒന്നും പറയുന്നില്ലേ. എന്റെ പൊന്നു മോളല്ലേ ഒന്ന് വൃത്തിയാക്കി താടി. ആൽവിച്ചൻ വീണ്ടും കെഞ്ചി. മ്മ്മ്... അങ്ങനെ അനങ്ങാതെ മര്യാദക്ക് ഇരിക്ക്. ഗൗരവത്തിൽ പറഞ്ഞവൾ വീണ്ടും തല വഴി വെള്ളം ഒഴിച്ച് കഴുകാൻ തുടങ്ങി. എമി തല കഴുകും ആൽവിച്ചൻ ദേഹത്ത് പറ്റിയിരിക്കുന്നത് കൈ കൊണ്ട് ഉരച്ചു കഴുകും. അങ്ങനെ ടാങ്കിലെ വെള്ളം മുഴുവൻ തീർന്നതും രണ്ടുപേരും യുദ്ധം പര്യവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. നീണ്ട നേരത്തെ കുളിക്കലും കുളിപ്പിക്കലും കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ രണ്ടും നനഞ്ഞ കോഴികൾ കണക്ക് ആയിരുന്നു. ഇതെന്ത് കോലം ആടി കൊച്ചേ????? അടിമുടി നനഞ്ഞു നിൽക്കുന്ന അവളെ കണ്ട് ടീവിയിൽ നിന്ന് കണ്ണുകൾ ഉയർത്തി നോക്കി പോൾ ചോദിച്ചു. അതൊരു പോത്തിനെ കുളിപ്പിച്ചപ്പൊ പറ്റിയതാ. ആൽവിച്ചനെ അടിമുടി നോക്കി അവൾ പറയുന്നത് കേട്ട് അവൻ എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു. ഇങ്ങനെ നനഞ്ഞു നിൽക്കാതെ പോയി ഡ്രസ്സ്‌ മാറ് കൊച്ചേ അല്ലെങ്കിൽ ഇനി അത് മതി അടുത്ത പനി വരാൻ. ശാസനയോടെ സാറാ ശബ്ദം ഉയർത്തവെ നനഞ്ഞ പാവാടയും പൊക്കി പിടിച്ചവൾ മുകളിലേക്ക് ഓടി. എങ്കിൽ പിന്നെ ഞാനും അങ്ങോട്ട്‌..... ആൽവിച്ചൻ വിനയകുനയനായി സാറായെ ഒന്ന് നോക്കി. എങ്ങോട്ട്?????

ഇടുപ്പിൽ കൈകുത്തി നിന്നവർ പിരികം ഉയർത്തി. എന്റെ മുറിയിലേക്ക്. മുറിയിലോട്ടല്ല. നേരെ അടുക്കളയിലോട്ട് വിട്ടോ. അവിടെ മുഴുവൻ ക്ലീനാക്കിയിട്ട് മതി മുറിയിൽ പോവുന്നത്. സാറാ അന്ത്യശാസനയിട്ടു. അമ്മച്ചീ......... ചിണുങ്ങി കൊണ്ടവൻ വിളിച്ചു. നിന്ന് കൊഞ്ചാതെ പോയി അടുക്കള വൃത്തിയാക്കി ഇടെടാ...... സാറായുടെ അലർച്ച മുഴങ്ങിയതും ചവിട്ടി തുള്ളി അവൻ അടുക്കളയിലേക്ക് പോയി. കൊച്ചു പിള്ളേരെ പോലെ പിണങ്ങി പോവുന്ന അവനെ കണ്ട് സാറാ ചിരിച്ചു പോയി. ഇങ്ങനെ ഒരെണ്ണം...... തല കുടഞ്ഞ് ചിരിയോടെ പറഞ്ഞവർ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നനഞ്ഞൊട്ടിയ പാവാടയും പൊക്കിപ്പിടിച്ച് ഒരുവിധം സ്റ്റെയർ ഓടി കയറി മുകളിൽ എത്തിയതും എമി ചെറുതായ് ഒന്ന് അണച്ചു പോയിരുന്നു. നനഞ്ഞു കുതിർന്ന് നിൽക്കുന്നതിനാൽ അവൾക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. എത്രയും വേഗം നനഞ്ഞത് മുഴുവൻ മാറണം എന്ന ചിന്തയുമായി വേഗത്തിൽ ഓടി മുറിയിൽ കയറിയതും നനഞ്ഞു നിൽക്കുന്ന പാവാടയിൽ തട്ടി അവൾ താഴെ വീഴാൻ ആഞ്ഞു.

ഞാനിതാ ഭൂമിയെ വന്ദിക്കാൻ പോവുന്നേ......... അവൾ പേടിയോടെ കണ്ണുകൾ ഇറുകെ പൂട്ടി. മൂടും അടിച്ച് വീഴേണ്ട സമയം കഴിഞ്ഞിട്ടും താൻ താഴെ എത്തിയില്ലല്ലോ എന്ന സംശയത്തിൽ അവൾ പതിയെ കണ്ണ് തുറന്ന് നോക്കിയതും കാണുന്നത് ഒരു കൈ കൊണ്ട് തന്നെ താങ്ങി നിർത്തിയിരുന്ന അച്ചുവിനെയാണ്. അത് കണ്ടതും അവൾ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു. എന്നാ കൊലവാടി ഇത്?????? അവളെ നേരെ നിർത്തി അടിമുടി നോക്കിയവൻ ചോദിക്കുന്നത് കേട്ടവളുടെ മുഖം കൂർത്തു. നിങ്ങളുടെ എച്ചി ചേട്ടൻ കാണിച്ച പണിയാണ് മിഷ്ടർ. വാങ്ങി തന്ന ഒരു ഉലുവേടെ മിട്ടായിക്കാണ് ഞാനിന്ന് കണക്ക് കേട്ടത്. ഇങ്ങനെ ഉണ്ടോ എച്ചികൾ???? ഈ മനുഷ്യന്റെ കയ്യിൽ നിന്ന് ഒരു തുള്ളി വെള്ളം എങ്ങനെ വാങ്ങി കുടിക്കും എന്റെ കർത്താവെ?????? നെഞ്ചത്ത് കൈ വെച്ചവൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. ആൽവിച്ചന്റെ സ്വഭാവം അവന് അറിയാതെ ഇരിക്കുവോ???? എമി ആൽവിച്ചനെ വാ നിറച്ച് എന്തൊക്കെയോ ചീത്ത വിളിച്ച് മാറാനുള്ള ഡ്രസ്സും എടുത്ത് വാഷ്റൂമിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നനഞ്ഞതൊക്കെ മാറി താഴേക്ക് ഇറങ്ങി വരുമ്പോഴുണ്ട് അടുക്കള വൃത്തിയാക്കി ക്ഷീണിച്ച് സെറ്റിൽ ഇരിക്കുന്ന ആൽവിച്ചന് സാറാ ചോറ് വാരി കൊടുക്കുന്നു. അത് കണ്ടതും എമി ഓടി ചെന്നിരുന്ന് അവർക്ക് മുന്നിൽ വാ തുറന്നു. കൊച്ചു പിള്ളേരെ കൂട്ട് മുന്നിൽ വാ തുറന്നിരിക്കുന്ന അവളെ കണ്ടവർ ചിരിയോടെ അവൾക്കും വാരി നൽകി. എമിക്ക് പുറകെ വന്ന അച്ചു കാണുന്നത് രണ്ടുപേരെയും ഊട്ടുന്ന അമ്മച്ചിയെ കണ്ടതും അവനും അവർക്കൊപ്പം കൂടി. പുറകെ വന്ന റിയയും പോളും കൂടി അതിനൊപ്പം ചേർന്നതോടെ ആകെ ബഹളമയം. തമ്മിൽ തല്ല് കൂടിയും കളിയാക്കിയും അവർ സാറായുടെ കയ്യിൽ ഇരുന്ന ഓരോ ഉരുളകൾക്കായും മത്സരിച്ചു. അവസാനം എല്ലാവരെയും ഊട്ടി സാറായുടെ കൈ കഴച്ചതും അവർ എല്ലാത്തിനെയും ഓടിച്ചു വിട്ടു. സന്തോഷം മാത്രം തിങ്ങി നിൽക്കുന്ന ആ ചുവരുകൾക്കുള്ളിൽ ഒരാളിൽ മാത്രം അസ്വസ്ഥതയായിരുന്നു. മുകളിൽ നിന്നാ കാഴ്ചകൾ കണ്ട അനുവിന്റെ ഉള്ളിൽ വെറുപ്പ് നിറഞ്ഞു. ഉള്ളിലെ സ്വാർത്ഥതയാൽ സ്വന്തം കുടുംബത്തിന്റെ സന്തോഷം പോലും ആരോചകമായി തോന്നി. ദേഷ്യത്തോടെ വെട്ടിതിരിഞ്ഞ് അവൾ മുറിയിലേക്ക് പോയി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story