ഹൃദയതാളമായ്: ഭാഗം 105

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ജോക്കുട്ടാ........... ഏറെ വാത്സല്യത്തോടെ അച്ചു വിളിക്കവേ അവൻ തന്റെ കുഞ്ഞി കൈകൾ അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റി കവിളിൽ ചുംബിച്ചിരുന്നു. അച്ചൂ........... രാവിലെ തന്നെ ഇങ്ങോട്ട് ഓടി പോന്നോടാ ചെക്കാ????? അവന്റെ വയറിൽ വിരൽ കൊണ്ട് ഇക്കിളി ആക്കി അച്ചു ചോദിച്ചതും അവൻ കുറുമ്പോടെ ചിരിച്ചു. ആരാ കൊണ്ടുവന്നത് അപ്പാപ്പൻ ആണോ????? മ്മ്മ്.... തായെ ഒന്ത് നാൻ അച്ചൂനെ കാണാൻ ഓതി വന്നതാ..... കള്ള ചിരിയോടെ അവൻ പറയുന്നത് കേട്ട് അച്ചു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി. പോടാ നുണച്ചാ എനിക്കറിയാം നീ എമിയെ കാണാനാ ഓടിപ്പാഞ്ഞു വന്നതെന്ന്. അയ്യ. നാൻ അച്ചൂനേം എമീനേം കാണാനാ വന്നത് ചത്യം..... നിഷ്കളങ്കതയോടെ അവൻ പറഞ്ഞു നിർത്തി. ചുണ്ട് കൂർപ്പിച്ച് വെച്ചവൻ പറയുന്നത് കണ്ട് അച്ചു അവന്റെ കുഞ്ഞി കവിളിൽ ഒരുമ്മ കൊടുത്തു. എമി ന്തേ അച്ചൂ?????? സ്നേഹപ്രകടനങ്ങൾ കഴിഞ്ഞതും മുറി ആകമാനം കണ്ണുകൾ ഓടിച്ചവൻ അച്ചുവിനെ നോക്കി. എമി കുളിക്കുവാടാ. അച്ചു അത് പറഞ്ഞു നിർത്തിയതും ജോക്കുട്ടനിൽ കുറുമ്പ് നിറഞ്ഞു. എന്നാ എമീനെ പേതിപ്പിച്ചാം. കണ്ണുകൾ വിടർത്തി രഹസ്യം പോലെ അവൻ പറയുന്നത് കേട്ട് അച്ചു ചിരിച്ചു. എങ്ങനെ പേടിക്കും??????

അവന്റെ അതേ രീതിയിൽ അടക്കം പറയുന്നത് പോലെ അച്ചു തിരികെ ചോദിച്ചു. മ്മ്മ്മ്........ ചൂണ്ട് വിരൽ താടിയിൽ കുത്തി അവൻ കാര്യമായി എന്തോ ആലോചിച്ചു. ആഹ് കിത്തി...... എമി കുച്ച് എങ്ങുമ്പോ ഒച്ച ഇത്ത് പേതിപ്പിച്ചാം. നിറഞ്ഞ ആവേശത്തോടെ പറഞ്ഞവൻ കുലുങ്ങി ചിരിച്ചു. ഓക്കേ. അച്ചു തമ്പ്സ്‌ അപ്പ്‌ കാണിച്ചു. അവനൊപ്പം ജോക്കുട്ടനും അത് തന്നെ കാട്ടി. ജോക്കുട്ടന്റെ മുഖത്തെ ആവേശവും സന്തോഷവും കണ്ടതും അച്ചുവിലും എന്തെന്നില്ലാത്ത കുറുമ്പ് നിറഞ്ഞു. അവൻ കുഞ്ഞിനെ താഴെ നിർത്താതെ എമി ഇറങ്ങുമ്പോൾ തന്നെ പേടിപ്പിക്കാൻ പാകത്തിന് വാഷ്‌റൂമിന്റെ വാതിലിന് സമീപം പോയി നിന്നു. കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ...... 🎶 പാട്ടും പാടി എമി വാഷ്റൂമിന്റെ വാതിൽ തുറന്നു. ട്ടോ..........💥 വാതിൽ തുറന്ന ഉടൻ അലർച്ച കേട്ടു. എന്റമ്മോ...... എമി ഞെട്ടി നിന്നിടത്ത് നിന്ന് തുള്ളി പോയി. ഞെട്ടലിന്റെ ആഫ്റ്റർ എഫക്ട് ആയി കയ്യിൽ ഇരുന്ന ടവൽ തെറിച്ചു പോയി. ഒരു നിമിഷത്തേക്ക് അവൾ നെഞ്ചിൽ കൈ വെച്ച് നിന്നുപോയി.

വേഗത ഏറിയ ഹൃദയമിടിപ്പുകൾ അവൾക്ക് കേൾക്കാൻ പാകത്തിന് ആയി കഴിഞ്ഞിരുന്നു. ശ്വാസം വലിച്ചു വിട്ടവൾ അച്ചുവിന് നേരെ കണ്ണ് തുറിപ്പിച്ച് നോക്കിയതും അവന്റെ കയ്യിൽ ഇരുന്ന ജോക്കുട്ടൻ അവളുടെ ദേഹത്തേക്ക് ചാടി കയറിയതും ഒരുമിച്ചായിരുന്നു. എമീ............ ഒത്തിരി സ്നേഹത്തോടെയുള്ള അവന്റെ സ്വരം അവളുടെ കാതിനെ പൊതിഞ്ഞു. ആ വിളി കേട്ടതും അന്നേരം വരെ അവളുടെ മുഖത്ത് നിഴലിച്ചിരുന്ന ഭയം വിട്ടൊഴിഞ്ഞു. കണ്ണുകളിൽ അവനോടുള്ള വാത്സല്യം നിറയുന്നതിനൊപ്പം ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു. ജോക്കുട്ടാ.......... സ്നേഹത്തോടെയുള്ള വിളിക്കൊപ്പം അവന്റെ നെറ്റിയിലും കവിളിലും അവൾ ചുണ്ട് ചേർത്തിരുന്നു. യ്യേ എമി പേച്ചു പോയേ........ അവൻ വാ പൊത്തി ചിരിച്ചു കൊണ്ട് അവളെ കളിയാക്കി. ആഹാ.... അപ്പൊ നീയായിരുന്നല്ലെടാ എന്നെ പേടിപ്പിച്ചത്???? നിന്നെ ഞാൻ.... പറയുന്നതിനൊപ്പം അവൾ ജോക്കുട്ടന്റെ വയറിൽ ഇക്കിളി ആക്കി. അവളുടെ വിരലുകൾ തന്റെ വയറിൽ ചലിക്കുന്നതിനനുസരിച്ച് ഇക്കിളിയാൽ അവൻ കുടുകുടെ പൊട്ടിച്ചിരിച്ചു.

അവന്റെ ചിരി കണ്ട് അവളും ആവേശത്തോടെ ചിരിച്ചു കൊണ്ടിരുന്നു. രണ്ടിന്റെയും കളികൾ ഒരു പുഞ്ചിരിയോടെ അച്ചു നോക്കി നിന്നു. ഒരുപാട് ചിരിച്ചതും അവന് ശ്വാസം എടുക്കാൻ പ്രയാസം ആവുന്നതിനു മുന്നേ എമി ഇക്കിളി ഇടുന്നത് നിർത്തി. അയ്യോ......... ഒന്ന് അണച്ചു കൊണ്ടവൻ നെടുവീർപ്പിട്ട് അവളുടെ തോളിലേക്ക് തന്നെ ചാഞ്ഞു കിടന്നു. അവന്റെ മൂക്കിൻ മൂക്ക് ഉരുമി കൊണ്ടവൾ അവനെ നോക്കി ചിരിച്ചു. കുഞ്ഞിനെ ആരാ കൊണ്ടുവന്ന് ആക്കിയത്????? ജോക്കുട്ടന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചവൾ ചോദിച്ചതും അവൻ തോളിൽ നിന്ന് തല ഉയർത്തി അവളെ നോക്കി. നാനേ അപ്പാപ്പന്തെ കൂതെയാ വന്നത്. ആണോ??????? ആഹ്...... അപ്പാപ്പൻ എനിച്ച് തെയിൻ കാച്ചു തന്നല്ലോ???? ആവേശത്തോടെ അവൻ ഓരോന്ന് പറയാൻ തുടങ്ങിയതും എമി ചിരിച്ചു. മെല്ലെ അവനെയും കൊണ്ട് ബെഡിലേക്ക് ഇരിക്കവേ ജോക്കുട്ടൻ വിശേഷങ്ങളുടെ കെട്ട് അഴിച്ചു തുടങ്ങിയിരുന്നു. അവന്റെ സംസാരം ശ്രദ്ധയോടെ കേട്ട് അവനോട് ഓരോന്ന് ചോദിച്ച് എമിയും ഇരുന്നു.

ഗമയോടെ ഓരോ കാര്യങ്ങൾ വീമ്പു പറയുമ്പോൾ കണ്ണുകൾ വിടർത്തി അവൾ അതിശയഭാവത്തിൽ തലയാട്ടുന്നത് കാണുമ്പോൾ ചെക്കന് വിശേഷങ്ങൾ പറയാനുള്ള ആവേശം കൂടുകയായിരുന്നു. ജോക്കുട്ടനൊപ്പം കൊച്ചുകുട്ടികളെ പോലെ ഓരോന്ന് കാണിച്ചു കൂട്ടുന്ന അവളെ അച്ചു ഒരുനിമിഷം നോക്കി നിന്നു. ഇതിന്റെ കളിപ്രായം കഴിഞ്ഞില്ലായിരുന്നോ എന്റെ മാതാവേ???? മനസ്സിൽ ചിന്തിച്ചു കൊണ്ടവൻ വീണ്ടും അവളിലേക്ക് കണ്ണുകൾ പായിക്കവേ അവൾ അടുത്ത കഥ കേൾക്കാനുള്ള ത്രില്ലിലായിരുന്നു. ജോക്കുട്ടന്റെ കൂടെയിരുന്നുള്ള അവളുടെ കാണിച്ചു കൂട്ടൽ കണ്ടാൽ അവന്റെ കളികൂട്ടുകാരി ആണെന്ന് തോന്നും. യോഗമില്ല അച്ചൂ വെറുതെ നോക്കി നിന്ന് വെള്ളമിറക്കാനാ നിനക്ക് വിധി. സ്വയം മനസ്സിൽ പറഞ്ഞു കൊണ്ടവൻ ടേബിളിൽ ഇരുന്ന വാച്ച് എടുത്ത് അണിഞ്ഞു. അലസമായി ഒന്ന് മിററിൽ നോക്കി കൈകൊണ്ട് തന്നെ മുടി ഒതുക്കി വെച്ചവൻ തൊപ്പി എടുത്ത് തിരിഞ്ഞു. അപ്പോഴും അവിടെ വിശേഷം പറച്ചിൽ തീർന്നിരുന്നില്ല. അത് കണ്ടവൻ ബെഡിനരികിലേക്ക് നീങ്ങി കയ്യിലെ തൊപ്പി എടുത്ത് ജോക്കുട്ടന്റെ തലയിൽ വെച്ചു കൊടുത്തു. ബാക്കി താഴെ പോയി പറയാം ഇങ്ങോട്ട് വാടാ. പറയുന്നതിനൊപ്പം അച്ചു അവനെ വാരിയെടുത്തു.

അവൻ പോവാൻ ഒരുങ്ങി നിൽക്കുന്നത് കണ്ട് എമിയും ബെഡിൽ നിന്ന് എഴുന്നേറ്റു. പോവുന്നതിന് മുൻപ് തരാനുള്ളത് ഇങ്ങോട്ട് താടീ...... ഒരു കയ്യാൽ അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചവൻ പറഞ്ഞു. തല അൽപ്പം ചരിച്ച് അവൻ പറയുന്നത് കേട്ട് അവൾ മെല്ലെ ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ചുംബിച്ചു. അവളുടെ പ്രവർത്തി കണ്ട് ജോക്കുട്ടനും അവന്റെ മറു കവിളിൽ അവന്റെ കുഞ്ഞു ചുണ്ട് കൊണ്ട് ഉമ്മ വെച്ചിരുന്നു. നിറഞ്ഞ ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് മുകരുന്നതിനൊപ്പം ജോക്കുട്ടന്റെ നെറ്റിയിൽ വാത്സല്യത്തോടെ അവൻ ചുണ്ട് ചേർത്തു. ജോക്കുട്ടനെയും കൊണ്ടവൻ മുറിവിട്ട് പുറത്തിറങ്ങവെ അവന്റെ കയ്യിൽ തൂങ്ങി എമിയും നടന്നു. ഇരുവരും നടന്ന് സ്റ്റെയറിനരികിൽ എത്തവെ സെറ്റിയിൽ പോളിനോട് സംസാരിച്ച് ഇരിക്കുന്ന റിയയുടെ ചാച്ചനെ കണ്ടതും അവളൊന്ന് നിന്നു. പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെ അവൾ അച്ചുവിന്റെ കൈവിട്ട് അകന്നുമാറി. ഇച്ചായൻ പൊക്കോ ഞാനിപ്പോ വരാവേ.... അച്ചു സംശയത്തോടെ നെറ്റി ചുളിച്ചു. നീ എങ്ങോട്ട് പോകുവാ?????

അത്... ആഹ് എന്നെ പേടിപ്പിച്ചപ്പൊ ആ ടവൽ താഴത്ത് വീണില്ലേ അതെടുത്ത് വിരിച്ചിട്ടിട്ട് വരാം. ആദ്യം ഒന്ന് തപ്പിയെങ്കിലും അവൾ പറഞ്ഞൊപ്പിച്ചു. അതിന് ഇപ്പൊ തന്നെ പോവേണ്ട കാര്യമുണ്ടോ????? പിന്നെ ചെന്ന് എടുത്തിട്ടാൽ മതി. ഇപ്പൊ വാ താഴെ ചാച്ചൻ വന്നിരിക്കുന്നത് കണ്ടില്ലേ????? അച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു. പിന്നേക്ക് മാറ്റി വെച്ചാൽ ഞാൻ മറന്നു പോവും. ഇച്ചായൻ താഴേക്ക് പൊക്കോ ഞാൻ വേഗം തന്നെ അങ്ങോട്ട്‌ വന്നേക്കാം. അത്രയും പറഞ്ഞവൾ അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ മുറിയെ ലക്ഷ്യമാക്കി നടന്നിരുന്നു. അവളുടെ ധൃതിയിലുള്ള പോക്കും സംസാരത്തിൽ ഒളിഞ്ഞിരുന്ന പതർച്ചയും മനസ്സിലാക്കിയതും അവൻ കണ്ണുകൾ കുറുക്കി അവൾ പോയ വഴിയേ ഒന്ന് നോക്കി. പിന്നെ എന്തോ മനസ്സിൽ കണക്കുകൂട്ടി അവൻ താഴെക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു താഴേക്ക് പോയി എന്ന് ഉറപ്പായതും എമി അനുവിന്റെ മുറിയിലേക്ക് നടന്നു. ഓഹ് തമ്പുരാട്ടി അന്തപ്പുരത്തിൽ അടച്ചിരുപ്പാണ്. ശരിയാക്കി തരാടീ.....

അടഞ്ഞു കിടക്കുന്ന വാതിലിന് മുന്നിൽ നിന്ന് ഗൂഢമായി ചിരിച്ചു കൊണ്ടവൾ വാതിലിൽ തട്ടി. ആദ്യം ഒന്ന് രണ്ട് തവണ തട്ടി നോക്കി. എന്നിട്ടും വാതിൽ തുറക്കാതെ ആയതും അവൾ ശക്തമായി തട്ടി. തുടരെയുള്ള വാതിലിൽ മുട്ട് സഹിക്കാൻ കഴിയാതെ ആയതും അനു വന്ന് വാതിൽ തുറന്നു. അവളെ ശല്യപ്പെടുത്തിയതിന്റെ ഏർഷ്യ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും എമിയെ കണ്ടതും അത് ദേഷ്യത്തിന് വഴി തെളിച്ചു. നീയോ??????? നിറഞ്ഞ ദേഷ്യത്തോടെ ആയിരുന്നു ആ ചോദ്യം. അതേ ഞാൻ തന്നെ. അവൾക്ക് മുന്നിൽ ഒരു പുഞ്ചിരിയോടെ കൈകെട്ടി നിന്നുകൊണ്ട് എമി പറഞ്ഞു. എന്തിനാടീ രാവിലെ വന്ന് എന്നെ ശല്യപ്പെടുത്തുന്നത്?????? എമിക്ക് നേരെ ചീറി അടുത്തവൾ ചോദിച്ചു. അയ്യോ നാത്തൂനേ ഞാൻ ശല്യം ചെയ്യാൻ വന്നതൊന്നുമല്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വന്നതാ അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാമേ... ഇല്ലാത്ത താഴ്മ അഭിനയിച്ചു കൊണ്ടവൾ കളിയാക്കി പറഞ്ഞു. എനിക്ക് നിന്റെ ഒന്നും കേൾക്കാനില്ല. നിന്ന് ചിലക്കാതെ പോടീ......

നിറഞ്ഞ പുച്ഛത്തോടെ അവൾ പറഞ്ഞു. എങ്കിൽ ഞാൻ ഇച്ചായനെയും കൂട്ടി വരാം അതായിരിക്കും എനിക്കും നിനക്കും സൗകര്യം അല്ല്യോ?????? ഒരു പ്രത്യേക ട്യൂണിൽ അനുവിനെ നോക്കി പിരികം ഉയർത്തി. എന്താടീ നിനക്ക് വേണ്ടത് ഹേ????? കലിയോടെ മുഷ്ടി ചുരുട്ടി അവൾ അലറി. അങ്ങനെ വഴിക്ക് വാ മോളെ..... മര്യാദക്ക് സംസാരിച്ചപ്പോൾ നിനക്ക് കേൾക്കാൻ മടി ഇപ്പൊ എന്തായി????? നീയല്ല നിന്റെ അപ്പാപ്പനെ കൊണ്ട് വരെ ഈ ഞാൻ അനുസരിപ്പിക്കും അപ്പോഴാ..... എമി പരിഹാസ ചിരിയോടെ അവളെ നോക്കി. അനു ദേഷ്യം കൊണ്ട് നിന്ന് അടിമുടി വിറയ്ക്കുവാണ്. അയ്യോ എന്റെ നാത്തൂൻ വെറുതെ പ്രഷർ കൂട്ടാതെ. വെറും രണ്ടേ രണ്ട് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത് അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം. എമി അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞതും അനു അവളുടെ കൈ വെറുപ്പോടെ തട്ടി മാറ്റി. അമ്പോ... നല്ല ചൂടിൽ ആണല്ലോ?????? സാരമില്ല അത് തണുപ്പിക്കാനുള്ള കാര്യമാ ഞാൻ പറയാൻ പോവുന്നത്.

അപ്പൊ കം ടു ദി പോയിന്റ്. രണ്ട് കാര്യങ്ങൾ. അല്ല രണ്ട് കൽപ്പനകൾ ആണ് എനിക്ക് നിന്നോട് പറയാനുള്ളത്. ഒന്ന് നീ താഴെ വന്ന് ഏട്ടത്തിയുടെ ചാച്ചനോട് ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് പറയണം. രണ്ട് നീ ഒരുപാട് കുത്തിനോവിച്ച് അപമാനിച്ച് ഇവിടുന്ന് ഇറക്കി വിട്ട ഏട്ടത്തിയുടെ അനിയത്തി ഇല്ലേ നിയ, അവളെ നീയായിട്ട് തന്നെ അവധി ആഘോഷിക്കാൻ ഈ വീട്ടിൽ തിരികെ എത്തിക്കണം. ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു നിർത്തി അനുവിന്റെ കണ്ണുകളിലേക്ക് നോക്കി. പറഞ്ഞു കഴിഞ്ഞോ?????? പരിഹാസത്തോടെ അവൾ മറുചോദ്യം എറിഞ്ഞു. കഴിഞ്ഞെങ്കിൽ വിട്ടോ. ഞാൻ വന്ന് ആ കിളവനോട് മാപ്പ് പറയുമെന്നും ആ ബ്ലഡി ദരിദ്രവാസി പെണ്ണിനെ വീട്ടിൽ കൊണ്ടുവരും എന്നും നീ പ്രതീക്ഷിക്കണ്ട. ഒരിക്കലും..... ഒരിക്കലും ഈ അനുവിനെ അതിന് കിട്ടില്ല. മാപ്പ് പറഞ്ഞ് വീട്ടിൽ കയറ്റി ഇരുത്താൻ പറ്റിയ സാധനങ്ങൾ........ അറപ്പോടെ അവൾ മുഖം കോട്ടി. നീ വരും.... നീ ചാച്ചനോട് മാപ്പ് പറയും. നിയയെ ഈ വീട്ടിൽ കൊണ്ടുവരുകയും ചെയ്യും. അല്ലെങ്കിൽ നിന്നെ കൊണ്ട് ഞാനത് ചെയ്യിക്കും. ഭാവവ്യത്യാസം ഏതുമില്ലാതെ ചുണ്ടിൻ കോണിൽ ഒളിപ്പിച്ച പുച്ഛചിരിയോടെ അവൾ പറയുന്നത് കേട്ട് അനുവിൽ ദേഷ്യം ഇരച്ചു കയറി.

എന്താടീ ഭീഷണി ആണോ????? ആണെങ്കിൽ??????? നിന്റെ ഭീഷണി കേട്ട് വിറയ്ക്കുന്ന ഒരുപാട് എണ്ണത്തിനെ കണ്ടിട്ടുണ്ടാവും പക്ഷെ ഈ അനുവിന് നീ വെറും പുല്ലാണ്. നിറഞ്ഞ പരിഹാസത്തോടെ അവൾ പറഞ്ഞു. ഉളുപ്പുണ്ടോടീ????? കുറച്ച് മുന്നേ എനിക്ക് ഒന്നും കേൾക്കാനില്ല എന്ന് പറഞ്ഞ് പോവാൻ നിന്ന നീ എന്റെ ഒരൊറ്റ ഡയലോഗിൽ നിന്നതല്ലേ എന്നിട്ട് പറയുന്നത് കേട്ടില്ലേ?????? വീണ്ടും വീണ്ടും ഇങ്ങനെ തോൽവികൾ ഏറ്റു വാങ്ങാൻ നിനക്കിത് എങ്ങനെ സാധിക്കുന്നെടീ????? ഡീ.......... ദേഷ്യത്തിൽ കത്തികൊണ്ടവൾ അലറി. കൂൾ നാത്തൂനേ കൂൾ...... രണ്ട് നിസ്സാര കാര്യങ്ങൾ അല്ലെ ഈ പാവം ഏട്ടത്തി നിന്നോട് ആവശ്യപ്പെട്ടുള്ളൂ. അതിന് ഇങ്ങനെ കാറി പൊളിച്ച് ആ തൊണ്ട പൊട്ടിക്കണോ???? അവസാനം വോക്കൽ കോഡ് അടിച്ചുപോയി ജബ ജബ പറഞ്ഞു നടക്കേണ്ടി വന്നാൽ ഞാനെങ്ങനെ അത് സഹിക്കും. വിഷമഭാവത്തിൽ എമി പറഞ്ഞു നിർത്തി. നീ ഇവിടെ കിടന്ന് എന്ത് ചിലച്ചാലും ഞാൻ വരില്ല എന്ന് പറഞ്ഞു കഴിഞ്ഞു. ഇനിയും നിന്ന് എന്റെ കയ്യിൽ നിന്ന് വാങ്ങിക്കാതെ പോടീ......

അനു തിരിഞ്ഞു പോവാൻ ഭാവിച്ചു. അങ്ങനെ അങ്ങ് പോവാതെ മോളെ..... ഈ എമി എന്തെങ്കിലും മനസ്സിൽ കരുതിയിട്ടുണ്ടെങ്കിൽ അത് നടത്തിയിട്ടേ എമി അടങ്ങൂ മര്യാദക്ക് പൊന്നുമോൾ വന്ന് മാപ്പ് പറഞ്ഞോ. ഗൗരവം കലർന്ന സ്വരത്തിൽ അവൾ ഒന്ന് നിർത്തി. ഇല്ലെങ്കിൽ?????? ഗൗരവം ഒട്ടും കുറയ്ക്കാതെ അനു അവൾക്ക് നേരെ തിരിഞ്ഞു. ഇല്ലെങ്കിൽ അന്ന് ഇവിടെ നടന്ന സംഭവങ്ങൾ എനിക്ക് ഇച്ചായനെയും ആൽവിച്ചായനെയും അറിയില്ലേണ്ടി വരും. ഭീഷണി ആണോ?????? ഭീഷണി അല്ല ഒരു താക്കീത് മാത്രം. ഇച്ചായൻ അതറിഞ്ഞാലുള്ള റിയാക്ഷൻ നിനക്ക് ഊഹിക്കാവുന്നതേ ഉള്ളല്ലോ, അത് കൂടാതെ നീ കാണാൻ പോവുന്നത് ആൽവിച്ചായന്റെ മറ്റൊരു മുഖം കൂടി ആയിരിക്കും. നിനക്ക് വേണ്ടി വാദിക്കാൻ ആരും മുന്നോട്ട് വരില്ല എന്നത് കൂടി ഓർത്താൽ നന്ന്. എമി ഒന്ന് നിർത്തി. നിനക്ക് എന്നെ അനുസരിക്കാം അനുസരിക്കാതെ ഇരിക്കാം അതെല്ലാം നിന്റെ ഇഷ്ടം പക്ഷെ ചാച്ചൻ പോവുന്നതിന് മുൻപ് നീ അദ്ദേഹത്തെ കണ്ട് മാപ്പ് പറഞ്ഞില്ലെങ്കിൽ എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞിരിക്കും. അത്രമേൽ ഉറപ്പോടെ പറഞ്ഞവൾ അനുവിനെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു. എമി പോയ വഴിയേ നോക്കി പകയോടെ അവൾ കടപല്ല് ഞെരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അനുവിനോട് സംസാരിച്ച് അനേകായിരം ചിന്തകളോടെ താഴേക്ക് പടികൾ ഇറങ്ങവെ ഹാളിൽ ചിരിച്ച് വിശേഷങ്ങൾ പങ്കു വെക്കുന്ന കുടുംബാംഗങ്ങളെ കണ്ടതും അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു. സോഫയിൽ ചാച്ചനും അയാൾക്ക് ഇരുവശങ്ങളിലായി റിയയും പോളും ഇരിപ്പുണ്ട്. എതിർ വശത്ത് അച്ചുവും ആൽവിച്ചനും അവന്റെ മടിയിൽ ജോക്കുട്ടനും. അച്ചുവിന്റെ തൊപ്പി തലയിൽ വെച്ച് ഗമയോടെ ആണ് കക്ഷി ഇരിക്കുന്നത്. അവന്റെ ഭാവം കണ്ട് നിറഞ്ഞ ചിരിയോടെ അവൾ അങ്ങോട്ട്‌ നടന്നു. ആഹാ വന്നല്ലോ ഇവിടുത്തെ താരം. എമിയെ കണ്ടയുടൻ ചാച്ചൻ വിടർന്ന പുഞ്ചിരിയോടെ പറഞ്ഞു. അത് കേട്ടതും എല്ലാവരും അവൾക്ക് നേരെ തിരിഞ്ഞു നോക്കി. എല്ലാവരുടെയും ശ്രദ്ധ തന്നിൽ ആണെന്ന് കണ്ടതും അവൾ ഒരു ചിരിയോടെ പോളിനരികിൽ നിൽക്കുന്ന സാറായോട് ചേർന്ന് നിന്നു. ദിവസവും റിയയുടെ ഫോൺ വിളികളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് എമി. എമി അങ്ങനെയാണ് ഇങ്ങനെയാണ്. എമി അത് പറഞ്ഞു ഇത് ചെയ്തു. ജോക്കുട്ടനെക്കാൾ ഏറെ ഞങ്ങൾ കേൾക്കുന്നത് നിന്റെ വിശേഷങ്ങളാ.

അയാൾ അത് പറഞ്ഞതും അവൾ റിയയെ ഒന്ന് നോക്കി അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഇങ്ങ് വന്നേ... ഞാനൊന്ന് കാണട്ടെ എന്റെ റിയ മോളുടെ കുറുമ്പി പെണ്ണിനെ. അയാൾ കൈ കാട്ടി വിളിച്ചു. റിയയുടെ വാക്കുകളിൽ പലപ്പോഴും നിറഞ്ഞു നിന്നിരുന്ന സ്നേഹനിധിയായ സാധു ചാച്ചനെ അടുത്തറിയാനുള്ള സന്തോഷത്തിലും അയാളുടെ വാക്കുകളിൽ നിറഞ്ഞ വാത്സല്യവും മനസ്സിലാക്കി എമി അയാൾക്കരികിൽ ചെന്ന് മുട്ടുക്കുത്തി ഇരുന്നു. കല്യാണത്തിന് ഒന്ന് കണ്ടതാ പിന്നെ ഇപ്പോഴാ കണ്ണ് നിറയെ ഒന്ന് കാണുന്നത്. ഏറെ വാത്സല്യത്തോടെ പരുക്കൻ കൈകളാൽ അവളുടെ കവിളിൽ തലോടി. മറുപടിയായി മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി അവൾ നൽകി. രണ്ടുപേരും കൂടി ഒരു ദിവസം അങ്ങോട്ട്‌ വാ അവിടെ എല്ലാവരും മോളെ ഒന്ന് കാണാൻ കൊതിച്ചിരിക്കുവാ. അച്ചുവിനെയും എമിയേയും മാറി മാറി നോക്കി അയാൾ പറഞ്ഞു.

വരാം ചാച്ചാ അവധി കിട്ടുന്നത് പോലെ ഒരു ദിവസം എന്തായാലും അങ്ങോട്ട് വരുന്നുണ്ട്. അച്ചു അയാൾക്ക് ഉറപ്പ് നൽകി. അച്ചുവിൽ നിന്ന് നോട്ടം തെറ്റിച്ച അയാളുടെ കണ്ണുകൾ നീണ്ടത് സ്റ്റെയറിലേക്ക് ആയിരുന്നു. അയാളുടെ കണ്ണുകളിൽ നിർവചിച്ച് അറിയാൻ കഴിയാത്ത ഭാവങ്ങൾ നിറഞ്ഞു. ഒരിടത്ത് തന്നെ മിഴികൾ ഉറപ്പിച്ച് ഇരിക്കുന്ന അയാളെ പിന്തുടർന്ന് മറ്റുള്ളവരുടെ കണ്ണുകളും അങ്ങോട്ട് നീണ്ടു. സ്റ്റെയർ ഇറങ്ങി വരുന്ന അനുവിനെ കണ്ടതും എല്ലാവരുടെയും കണ്ണുകൾ അവിശ്വസനീയത നിറഞ്ഞു. റിയയുടെ വീട്ടിൽ നിന്ന് ആര് വന്നാലും മുറിയടച്ച് ഇരിക്കുന്ന അനു ആരുടെയും നിർബന്ധം ഇല്ലാതെ സ്വയമേ ഇറങ്ങി വന്ന ഞെട്ടലിൽ ആയിരുന്നു ഓരോരുത്തരും. അവിടെ ഇരുന്ന എല്ലാവരിലും നിറഞ്ഞത് അതിശയം ആയിരുന്നെങ്കിൽ എമിയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി ആയിരുന്നു. തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി വിജയിച്ചതിന്റെ നറു പുഞ്ചിരി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story