ഹൃദയതാളമായ്: ഭാഗം 107

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ജീവിതത്തിൽ ഒരിക്കലും നടക്കാൻ ഇടയില്ല എന്ന് നമ്മൾ കരുതുന്ന ഒരു കാര്യം സംഭവിക്കുമ്പോൾ എന്തായിരിക്കും ഓരോരുത്തരുടെയും മനോഭാവം?????? സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ആശയക്കുഴപ്പം, അവിശ്വസനീയത അതായിരുന്നു എല്ലാവരുടെയും കണ്ണുകളിൽ തെളിഞ്ഞു നിന്നത്. പരസ്പരം പകപ്പോടെ നോക്കി താൻ കണ്ട കാഴ്ച സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്തുന്ന അവരെയെല്ലാം എമി ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു. പൂർണ്ണമനസ്സോടെ അല്ല അനു ഇറങ്ങി വരുന്നത് എന്നവൾക്ക് ഉറപ്പായിരുന്നു എന്നിരുന്നാലും അഭിനയം ആണെങ്കിൽ കൂടി ഒരു ഏറ്റു പറച്ചിലിലൂടെ പാവം ആ മനുഷ്യന് ചെറിയൊരു ആശ്വാസം ലഭിച്ചാലോ?????? ഒരിക്കൽ അപമാനിക്കപ്പെട്ട് ഇറങ്ങി പോയ ആ വൃദ്ധന് വീണ്ടും ഇങ്ങോട്ട് വരുന്ന ഓരോ സാഹചര്യങ്ങളിലും ആ ദിനത്തിന്റെ ഓർമ്മകൾ വീർപ്പുമുട്ടിച്ചിട്ടുണ്ടാവില്ലേ????? ഇനിയൊരിക്കൽ പോലും ആ നോവ് ആ ഹൃദയത്തിൽ കടന്നു വരാതെ ഇരിക്കണമെങ്കിൽ ഇങ്ങനെ ഒരു നിമിഷം സംഭവിച്ചേ തീരൂ. നാളേറെയായി ആ നെഞ്ചിൽ എരിയുന്ന കനലിന്റെ നീറ്റലിന് അൽപ്പമെങ്കിലും ശമനം ഉണ്ടായാലോ????? ആത്മാർത്ഥയില്ലാത്ത മാപ്പ് പറച്ചിൽ കൊണ്ട് പ്രയോജനമൊന്നും ഇല്ലെന്നാലും ഒരാളുടെ ഹൃദയവേദന കുറയ്ക്കുന്നുണ്ടെങ്കിൽ അതിൽപ്പരം വേറെന്ത് വേണം?????

തിരിച്ചറിവ് വരുന്ന കാലം വരെ കാത്തിരിക്കുന്നതിനേക്കാൾ ഇങ്ങനെ ചില കടന്ന കൈകൾ പ്രയോഗിക്കുന്നത് തന്നെയാണ് നല്ലത്. നാളെ എന്തെന്നറിയാതെയുള്ള ജീവിത യാത്രയിൽ അൽപ്പം നിർബന്ധബുദ്ധിയോടെ പ്രവർത്തിക്കുന്നത് തന്നെയാണ് ഉത്തമം. നേരായ വഴിയിലൂടെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ല എന്നുറപ്പായിടത്ത് ഇതൊക്കെയേ പോംവഴി ആയുള്ളൂ. ഒരു നെടുവീർപ്പോടെ ചിന്തിച്ചവൾ അനുവിനെ നോക്കി. ഈ സമയം മുഴുവൻ അച്ചുവിന്റെ കണ്ണുകൾ എമിയുടെ ഭാവങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു. അവളുടെ കണ്ണിലെ തിളക്കവും പുഞ്ചിരിയും കാൺകെ അനുവിന്റെ വരവിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ തിരിച്ചറിയാൻ അവനധികം ചിന്തിക്കേണ്ടി വന്നില്ല. പക്ഷെ എന്തിനവൾ എമിയെ അനുസരിച്ചു എന്നതിന്റെ കാരണം അവന് മനസ്സിലായില്ല. എന്തായാലും നേരായ മനസ്സോടെ അല്ല അനുവിന്റെ വരവ് എന്നവന് പൂർണ്ണബോധ്യം ഉണ്ടായിരുന്നു. എന്തൊക്കെയോ കണക്കുകൂട്ടലുകളോടെ അവൻ എമിയിൽ തന്നെ നോട്ടം ഉറപ്പിച്ചു. താഴേക്ക് ഇറങ്ങി വന്ന അനുവിനെ കണ്ട് എന്ത് പറയണം എന്നയാൾക്ക് അറിയില്ലായിരുന്നു. അനുവിനെ കാണുംതോറും പഴയ ചില ഓർമ്മകൾ തികട്ടി വരുന്നത് പോലെ.

വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ. ഉള്ളിൽ വിദ്വേഷമോ ദേഷ്യമോ ഒന്നുമില്ല എന്നാൽ നോവാണ്. കാരമുള്ള് പോലെ തറഞ്ഞ് വേദനിപ്പിക്കുന്ന നോവ്. അനുവും വല്ലാത്തൊരു അവസ്ഥയിലായിരുന്നു. താൻ വെറുക്കുന്ന കാണാൻ ആഗ്രഹിക്കാത്ത ആളുടെ മുന്നിൽ തല കുനിക്കേണ്ടി വരുന്ന സ്ഥിതി. സ്വയം പുച്ഛം തോന്നിത്തുടങ്ങി അതിനൊപ്പം എമിയോട് അടങ്ങാത്ത പകയും. തന്നിലെ ദേഷ്യം കൈപ്പത്തി ചുരുട്ടി പിടിച്ച് അടക്കി അവൾ അയാൾക്ക് നേരെ ചുവടു വെച്ചു. തനിക്ക് മുന്നിലായി വന്നു നിൽക്കുന്ന അനുവിനെ കണ്ടതും ആ മനുഷ്യൻ ഒന്നു തലയുയർത്തി നോക്കി. ഉള്ളിലെ വീർപ്പുമുട്ടലുകൾ പുറത്ത് കാട്ടാതെ അയാൾ അവളെ നോക്കി ഒന്ന് മന്ദഹസിച്ചു. അയാളുടെ ആ പ്രവർത്തി അവളിൽ അത്ഭുതം നിറച്ചു. അയാളുടെ ചുണ്ടിലെ ഹൃദ്യമായ പുഞ്ചിരി ഒരുവേള അവളുടെ ചിന്തകളെ പോലും പിടിച്ചു കെട്ടി. ഇത്രയേറെ ദ്രോഹങ്ങൾ താൻ കാട്ടിയിട്ടും ഒരു ദേഷ്യമൊന്നില്ലാതെ തന്നെ നോക്കി ഇയാൾക്ക് എങ്ങനെ സാധിക്കുന്നു??????? അറിയാതെ പോലും അവൾ സ്വയം ചിന്തിച്ചു പോയി. ചുറ്റിനും ഒന്ന് കണ്ണുകൾ ഓടിക്കവേ എല്ലാവരുടെയും നോട്ടം തന്നിൽ ആണെന്ന് കണ്ടതും അവൾക്ക് എന്തെന്നില്ലാത്ത വീർപ്പുമുട്ടൽ തോന്നി. എല്ലാവരുടെയും മുന്നിൽ തോൽക്കുന്നതിന്റെ അമർഷം ഉള്ളിൽ ആളി കത്തി.

ഒരാളോട് താൻ ചെയ്തു പോയ തെറ്റ് ഏറ്റു പറയുന്നത് ഒരിക്കലും പരാജയമല്ല മറിച്ച് അതൊരു നന്മയാണെന്ന ചിന്തയൊന്നും അവൾക്ക് തോന്നിയില്ല. താനെന്ന ഭാവത്താൽ അത്രമാത്രം അന്ധമായി തീർന്നിരുന്നു അവൾ. ഉള്ളിലെ പകയും ദേഷ്യവും എല്ലാം ഒരുവിധം അടക്കി അവൾ ചാച്ചനെ ഒന്ന് നോക്കി. അവളുടെ നോട്ടം കണ്ടതും എമി പതിയെ അയാൾക്കരികിൽ നിന്ന് എഴുന്നേറ്റ് മാറി നിന്നു. ചുറ്റിനും വല്ലാത്തൊരു നിശബ്ദത. കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്നറിയാതെ നിന്ന നിൽപ്പിൽ അവൾ ഉഴറി. മുന്നിൽ നിന്ന് താളം ചവിട്ടുന്ന അനുവിനെ കണ്ട് ആൽവിച്ചൻ നെറ്റി ചുളിച്ചു. നിന്റെ കാലിൽ എന്നാടി ആണി രോഗം ബാധിച്ചോ??????? ആൽവിച്ചന്റെ ആ ചോദ്യമാണ് നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത്. അത് കേട്ടതും എല്ലാവരും അനുവിൽ നിന്നുള്ള ശ്രദ്ധ വിട്ട് ആൽവിയെ ഒന്ന് നോക്കി. സംശയം തികച്ചും ന്യായം ആയതിനാൽ ആർക്കും ഒബ്ജെക്ഷൻ ഉണ്ടായിരുന്നില്ല. ഇങ്ങനെ ഓരോ കാണിച്ചു കൂട്ടലുകൾ കണ്ടാൽ ആരായാലും ഇങ്ങനെ ഒക്കെ ചിന്തിച്ചു പോകും. സ്വാഭാവികം..... ഈ സമയം അനു പല്ല് ഞെരിച്ച് അവനെ നോക്കി കിതച്ചു. അല്ലെങ്കിലേ ദേഷ്യം കൊണ്ട് കത്തി നിൽക്കുവാണ് അപ്പോഴാണ് ഇമ്മാതിരി ഡയലോഗും.

അവളുടെ നോട്ടം അത്ര പന്തിയല്ല എന്ന് കണ്ടതും ആൽവിച്ചൻ മുഖം നൈസായി തന്റെ മടിയിൽ ഇരിക്കുന്ന ജോക്കുട്ടന്റെ മറവിലേക്ക് ഒളിപ്പിച്ചു. മുഷ്ടി ചുരുട്ടി ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടവൾ കലിയടക്കി അവനിൽ നിന്ന് നോട്ടം മാറ്റി. മുഖത്തെ ദേഷ്യം സമർത്ഥമായി ഒളിപ്പിച്ചു കൊണ്ടവൾ സെറ്റിയിൽ ഇരുന്ന ചാച്ചന് മുന്നിൽ മുട്ടു കുത്തി നിന്നു. അവളുടെ പ്രവർത്തിയിൽ ഞെട്ടി പകച്ച് അയാളും റിയയും വിശ്വാസം വരാതെ അവളെ തന്നെ നോക്കിപ്പോയി. മറ്റുള്ളവരുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. ഏവരിലും ഒരു അമ്പരപ്പ് നിറഞ്ഞിരുന്നു. ഞെട്ടലോടെ ഇരിക്കുന്ന അയാളുടെ കയ്യിൽ കൈച്ചേർത്ത് വെച്ചവൾ അയാളുടെ ശ്രദ്ധ ആകർഷിച്ചു. അങ്കിൾ........... പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചു. ആ വിളി കൂടി ആയതും എല്ലാവരുടെയും ഞെട്ടലിന്റെ തീവ്രതയേറി. ഞാൻ അങ്കിളിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ട്. ഒരിക്കലും ഒരു അച്ഛനും തന്റെ മകളെ കുറിച്ച് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ പറഞ്ഞ് നോവിച്ചിട്ടുണ്ട്. പറഞ്ഞതും പ്രവർത്തിച്ചതും എല്ലാം തെറ്റായിരുന്നു എന്നെനിക്കറിയാം കേവലം മാപ്പ് എന്ന രണ്ടക്ഷരം കൊണ്ട് പൊറുക്കാൻ കഴിയാത്ത തെറ്റാണെന്നും അറിയാം എങ്കിലും ചോദിക്കുവാ എന്നോട് ക്ഷമിച്ചൂടെ??????

ഇനിയൊരിക്കൽ കൂടി അങ്കിളിന്റെ മനസ്സ് വേദനിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല. അങ്കിൾ എന്നോട് ക്ഷമിക്കില്ലേ????? കൈകൾ കൂട്ടിപ്പിടിച്ച് അവൾ പറയുന്നത് കേട്ടതും എമി കണ്ണും തള്ളി നിന്നുപോയി. മാപ്പ് പറയണം എന്ന് പറഞ്ഞപ്പോൾ ചാടിക്കടിക്കാൻ വന്നവളാ ഇജ്ജാതി പ്രകടനങ്ങൾ കാഴ്ച വെക്കുന്നത്. ഓന്തിന് ഇവൾ ഒരു ഭീഷണിയാണ്. എമി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. തൊലിക്കട്ടിയും നിറം മാറാനും ഉള്ള കഴിവ് ഇതെങ്ങനെ ഒരുമിച്ച് കിട്ടി എന്ന കൺഫ്യൂഷനിൽ ആണ് എമി. ആദ്യത്തെ പകപ്പ് മാറിയതും ചാച്ചന്റെ മിഴികളിൽ എന്തെന്നില്ലാത്ത ഒരു ആശ്വാസം നിഴലിച്ചു. അലിവോടെ അയാൾ അനുവിനെ നോക്കി. എന്താ മോളെ ഇത്????? ഞാൻ എന്റെ മക്കളെ പോലെ തന്നെയാ മോളെയും കണ്ടത്. മക്കൾ എന്തെങ്കിലും തെറ്റ് ചെയ്താൽ മാതാപിതാക്കൾക്ക് ക്ഷമിക്കാതിരിക്കാൻ കഴിയോ????? അന്നും ഇന്നും മോളോട് എനിക്ക് ദേഷ്യമില്ല. പിന്നെ വേദനിച്ചിരുന്നു. അതാർക്കായാലും തോന്നില്ലേ???? അല്ലാതെ അനുവിനോട് എനിക്ക് യാതൊരു പരിഭവവും ഇല്ല. വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി അയാൾ പറഞ്ഞു നിർത്തി. കണ്മുന്നിൽ കാണുന്നത് വിശ്വസിക്കണോ അവിശ്വസിക്കണോ എന്നറിയാതെ തരിച്ച് ഇരിക്കുകയാണ് ഓരോരുത്തരും.

പെട്ടെന്നുള്ള അനുവിന്റെ മാറ്റത്തിനുള്ള കാരണം തിരയുകയായിരുന്നു അവർ ഓരോരുത്തരും. എന്നാൽ അച്ചുവിന്റെ ചുണ്ടിൽ ഒരുതരം പരിഹാസം ആയിരുന്നു നിറഞ്ഞത്. എന്തിനോ വേണ്ടി കെട്ടിയാടുന്ന നാടകത്തിൽ തകർത്ത് അഭിനയിക്കുന്ന സ്വന്തം ചോരയോട് തന്നെയുള്ള പുച്ഛം. താങ്ക്യൂ അങ്കിൾ.... ഇത്രയൊക്കെ ചെയ്ത എന്നോട് ഒരു വിരോധവും കാണിക്കാത്ത അങ്കിളിന്റെ വലിയ മനസ്സിനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു നിർത്തവെ അതിൽ നിറഞ്ഞിരുന്ന പുച്ഛം അച്ചുവിനും എമിക്കും അല്ലാതെ മറ്റാർക്കും തിരിച്ചറിയാനായില്ല. ഉയ്യോ ഇജ്ജാതി ആക്ടിങ്. ഡാഡിയോട് ഇവളെ വല്ല സിനിമയിലും അഭിനയിക്കാൻ വിടാൻ പറയണം അല്ലെങ്കിൽ മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം ആയിത്തീരും. ശോഭന ചേച്ചിയൊക്കെ ഇതിന് മുന്നിൽ എന്ത്???? ചുണ്ടിൽ തെളിഞ്ഞ പുച്ഛത്തോടെ അവൾ അനുവിനെ നോക്കി. പെട്ടെന്നായിരുന്നു അനുവിന്റെ പ്രവർത്തി മുട്ടിൽ ഇരുന്ന അവൾ എഴുന്നേറ്റ് നിന്ന് എമിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അതൊരിക്കലും അവൾ പ്രതീക്ഷിക്കാത്ത പ്രകടനം ആയതിനാൽ ഒരു നിമിഷം അവൾ പകച്ചുപോയി. താങ്ക്യൂ എമീ.....

നീ എന്നെ തിരുത്തിയില്ലായിരുന്നെങ്കിൽ ഞാനെന്റെ തെറ്റുകൾ ഒരിക്കലും തിരിച്ചറിയില്ലായിരുന്നു. താങ്ക്യൂ സോ മച്ച് എമീ..... ഏവർക്കും കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞവൾ എമിയിൽ നിന്ന് ഒന്ന് അകന്നു മാറി. ഈ എമിയാണ് എന്നെ തിരുത്തിയത്. ചെയ്തു കൂട്ടിയതെല്ലാം തെറ്റായിരുന്നു എന്നെനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്. ആരോടൊക്കെ മാപ്പ് പറയണം എന്നറിയില്ല. ഡാഡിയേയും അമ്മച്ചിയേയും എല്ലാം ഞാൻ എന്റെ പ്രവർത്തിയിലൂടെ വേദനിപ്പിച്ചിട്ടുണ്ട്. റിയേട്ടത്തിയെ കുത്തുവാക്കുകളാൽ വേദനിപ്പിച്ചിട്ടുണ്ട്. എങ്കിലും കേവലം ഒരു മാപ്പപേക്ഷിക്കലിനാലോ ഏറ്റു പറച്ചിലിനാലോ ക്ഷമിക്കാൻ കഴിയാത്ത തെറ്റുകൾ ഞാൻ ചെയ്തു കൂട്ടിയത് അഗസ്റ്റിച്ചായനോടാണ്. അച്ചുവിന് നേരെ തിരിഞ്ഞു നിന്ന് നിന്നായിരുന്നു അവളത് പറഞ്ഞത്. പൊറുക്കാൻ കഴിയാത്ത അത്രയും പാപങ്ങൾ ചെയ്തു കൂട്ടിയത് എന്റെ ഇച്ചായനോടാണ്. ഒരുപാട് നോവിച്ചിട്ടുണ്ട് അകറ്റിയിട്ടുണ്ട്. വാക്കുകളാൽ ഒട്ടേറെ തവണ കൊന്നിട്ടുണ്ട്. ഇതിനൊക്കെ എങ്ങനെ മാപ്പ് അപേക്ഷിക്കണം എന്നെനിക്കറിയില്ല. പറഞ്ഞു തീർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്നോട് പൊറുക്കുവോ ഇച്ചായാ?????? അച്ചുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് അവൾ നെറ്റിയിലേക്ക് ചേർത്ത് വെച്ചു. ഇതെല്ലാം കണ്ട് എമി അടപടലം ഞെട്ടി നിൽക്കുകയാണ്.

ഇതിപ്പൊ അഭിനയം ആണോ യാഥാർഥ്യം ആണോ എന്ന് മനസ്സിലാവുന്നില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി. അവൾ ആകെ കൺഫ്യൂഷനിൽ നിന്നുപോയി. മറ്റുള്ളവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓരോരുത്തരും ആഗ്രഹിച്ച നിമിഷം. കണ്മുന്നിൽ അരങ്ങേറി കൊണ്ടിരിക്കുന്നു. എല്ലാവരുടെയും കണ്ണുകൾ നനഞ്ഞു. ഇതെല്ലാം സത്യമായിരിക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിന്റെ ഉള്ളിൽ. എങ്കിലും പെട്ടെന്നുള്ള ഈ മാറ്റത്തെ ഉൾക്കൊള്ളാനും കഴിയുന്നില്ല. സംശയവും ആകാംഷയും എല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. എങ്കിലും അച്ചുവിന്റെ പ്രതികരണം എന്താണ് എന്നറിയാനുള്ള ആശ്ചര്യം ആയിരുന്നു കണ്ണുകളിൽ നിറഞ്ഞത്. ചുറ്റും കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ അവരിൽ തന്നെ തറഞ്ഞു നിന്നു. അച്ചു നിർവികരതയോടെ അവളെ തന്നെ നോക്കി നിന്നു. അൽപ്പനേരം മാറ്റമില്ലാതെ കടന്നുപോയി. കഴിഞ്ഞോ നിന്റെ പ്രകടനം??????? നിറഞ്ഞ പരിഹാസത്തോടെ അച്ചുവിന്റെ ശബ്ദം ഉയരവേ അനു തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. ഇച്ചായാ ഞാൻ........... വേണ്ട........... അവൾ പറയാൻ വന്നതിനെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അച്ചു വാക്കിനാൽ തടഞ്ഞു. നിന്റെ ഈ വേഷംകെട്ടൽ കണ്ട് വിശ്വസിക്കുന്നവർ ഉണ്ടാവാം പക്ഷെ അച്ചുവിനെ ആ കൂട്ടത്തിൽ നീ കാണരുത്.

ഈ ഓസ്കാർ അഭിനയം കാഴ്ചവെക്കുന്നത് നിന്നെ മറ്റാരേക്കാൾ നന്നായി അറിയാവുന്ന എന്റെ മുന്നിൽ ആണെന്ന് നീ ഓർക്കണമായിരുന്നു. ഇന്നലെ വരെ എന്നെ വെറുപ്പോടെ നോക്കിയ നിനക്ക് ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോൾ മാനസാന്തരം വന്നല്ലേ???? അതെങ്ങനാ യേശു കർത്താവ് നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ അതോ മാലാഖമാരെ അയച്ചതാണോ????? നിറഞ്ഞ പുച്ഛത്തോടെ അവൻ പറഞ്ഞു നിർത്തവെ അവളൊന്ന് വിളറി. ഇനിയും ഒരുപാട് പറയാൻ തോന്നിയെങ്കിലും കേവലം വാക്കുകൾ കൊണ്ട് അവളോട് പറയുന്നതും പോത്തിനോട് വേദം ഓതുന്നതും ഒരുപോലെ ആണെന്ന് അറിയാവുന്നതിനാൽ അവനതിന് തുനിഞ്ഞില്ല. ഇന്ന് കാണിച്ചത് കാണിച്ചു. ഇനി ഇമ്മാതിരി വേലത്തരങ്ങളും ആയിട്ട് എന്റെ കണ്മുന്നിൽ വന്നാൽ...... അവൾക്ക് നേരെ വിരൽ ചൂണ്ടി അവനൊന്ന് നിർത്തി. നേരത്തെ കിട്ടിയത് ഒന്നും മറന്നിട്ടില്ലല്ലോ?????? അവന്റെ ആ ചോദ്യത്തിന് അവൾ അറിയാതെ പോലും തലയാട്ടി പോയി. ഭയം നിറഞ്ഞു നിന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന അവളെ ഒന്ന് കടുപ്പിച്ച് നോക്കിയവൻ ടേബിളിൽ ഇരുന്ന ഹെൽമെറ്റ്‌ എടുത്ത് പുറത്തേക്ക് നടന്നു. എമീ............ നടന്നു പകുതി എത്തവേയുള്ള അവന്റെ ഉച്ചത്തിലുള്ള വിളി കേട്ടതും അനുവിനെ തന്നെ നോക്കി നിന്ന എമി ഒന്ന് ഞെട്ടി.

പിന്നെ പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. ഓടി പിടഞ്ഞ് വെളിയിൽ ഇറങ്ങവെ പോർച്ചിൽ ഇരിക്കുന്ന ബുള്ളറ്റിന് അരികിൽ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവളൊന്ന് നിന്നു. പതിവില്ലാതെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഗൗരവം കണ്ടപ്പോഴേ ആൾ നല്ല കലിപ്പിൽ ആണെന്ന് അവൾക്ക് മനസ്സിലായി. ഡ്രാക്കു നല്ല ചൂടിൽ ആണല്ലോ????മാതാവേ എന്നെ കാത്തോളണേ...... നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചവൾ മെല്ലെ അവന്റെ അരികിലേക്ക് ചുവടു വെച്ചു. താൻ അരികിൽ എത്തിയിട്ടും മുഖം തരാതെ പിന്തിരിഞ്ഞു നിൽക്കുന്ന അവനെ കണ്ടതും അവളൊരു ദീർഘനിശ്വാസം എടുത്തു. ഇച്ചായാ............ ധൈര്യം സമ്പാദിച്ച് അവളൊന്ന് വിളിക്കവേ കത്തുന്ന ഒരു നോട്ടം ആയിരുന്നു മറുപടിയായി കിട്ടിയത്. അവന്റെ നോട്ടം കണ്ട് ഒന്ന് പതറിയെങ്കിലും പിന്മാറാൻ അവൾ ഒരുക്കമല്ലായിരുന്നു. അവന്റെ അരികിലേക്ക് ചേർന്ന് നിന്ന് അവന്റെ ചുമലിൽ കൈവെക്കാൻ ആഞ്ഞതും ഞൊടിയിട കൊണ്ട് അവളെ പൊക്കിയെടുത്ത് അവൻ അവളെ ബുള്ളറ്റിന് മുകളിൽ ഇരുത്തിയിരുന്നു. പെട്ടെന്നുള്ള അറ്റാക്ക് ആയത് കൊണ്ട് അവളൊന്ന് പിന്നിലേക്ക് ആഞ്ഞു പോയി. എന്നാൽ അതിന് മുന്നേ അച്ചു അവളെ തന്നിലേക്ക് അടുപ്പിച്ചിരുന്നു.

അവൾക്ക് ഇരുവശത്തും കൈകുത്തി നിർത്തിയവൻ അവളിൽ തന്നെ നോട്ടം ഉറപ്പിച്ചു. അവന്റെ നോട്ടത്തിന്റെ തീക്ഷണത തന്നെ പൊള്ളിക്കുന്നത് പോലെ അവൾക്ക് തോന്നി. ആത്മാർത്ഥതയില്ലാത്ത മാപ്പ് പറച്ചിൽ എനിക്ക് ആവശ്യമില്ല എന്ന് ഒരുതവണ ഞാൻ പറഞ്ഞല്ലേ പിന്നെയും എന്തിനായിരുന്നു???????? അത്രയേ അവൻ ചോദിച്ചുള്ളൂ. എങ്കിലും മുഖത്ത് വല്ലാതെ ദേഷ്യം നിറഞ്ഞിരുന്നു. സത്യായിട്ടും ഇച്ചായനോട് മാപ്പ് പറയാൻ ഞാൻ അവളോട്‌ പറഞ്ഞിട്ടില്ല. ചാച്ചന്റെ മനസ്സ് വേദനിപ്പിച്ചത് കൊണ്ട് ചാച്ചനെ കണ്ട് മാപ്പ് പറയണം എന്നേ ഞാൻ അവളോട് പറഞ്ഞിട്ടുള്ളൂ. എന്നും ഇവിടെ വരുമ്പോൾ ആ മനുഷ്യൻ ഒരുപാട് വേദനിക്കുന്നുണ്ട് അതുപോലെ ഏട്ടത്തിയും ആത്മാർത്ഥത ഇല്ലെങ്കിൽ കൂടി ഇനിയൊരിക്കൽ ഈ പടി ചവിട്ടി വരുമ്പോൾ ചാച്ചന്റെ മനസ്സിൽ ഒരു നോവായി കിടക്കരുത് എന്നോർത്താണ് ഞാനത് പറഞ്ഞത്. പക്ഷെ അവൾ ഇങ്ങനെ ഒരു നാടകം കളിച്ച് ഡബിൾ ക്രോസ്സ് ചെയ്യും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. കണ്ണുകളിൽ ദയനീയത നിറച്ച് അവൾ പറയവെ അതുവരെ വലിഞ്ഞു മുറുകി നിന്ന അവന്റെ മുഖത്തിന്‌ ഒരു അയവ് വന്നു. എങ്കിലും ഉള്ളം വല്ലാതെ കലുഷിതമായിരുന്നു. അത് എന്തിനാണെന്ന് അവന് പോലും മനസ്സിലായില്ല.

അവളിൽ നിന്ന് കൈകൾ മാറ്റി അവൻ നിവർന്ന് മറ്റെങ്ങോട്ടോ നോക്കി നിന്നു. മനസ്സൊന്ന് ശരിയാവാൻ അൽപ്പനേരം അവന് ആവശ്യമായിരുന്നു. വീണ്ടും ഞാൻ തന്നെ വേദനിപ്പിച്ചല്ലേ???? കണ്ണുകളിൽ വെള്ളം നിറച്ചുകൊണ്ടവൾ അവനെ നോക്കി. എന്തോ ആ ചോദ്യത്തിന് മുന്നിൽ മുഖം തിരിക്കാൻ അവന് തോന്നിയില്ല. കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കി ഇരിക്കുന്ന എമിയുടെ മുഖം കാൺകെ എന്തോ അതുവരെ ഉള്ള അസ്വസ്ഥത വിട്ടൊഴിഞ്ഞത് പോലെ. അവനൊന്ന് നിശ്വസിച്ച് അവളിലേക്ക് തന്നെ ചേർന്ന് നിന്നു. നീ എന്നെ ഒരിക്കലും വേദനിക്കിച്ചിട്ടില്ല എമീ.... മാറ്റാരെന്നെ വേദനിപ്പിച്ചാലും അറിഞ്ഞുകൊണ്ട് നീ ഒരിക്കൽ പോലും എന്നെ നോവിച്ചിട്ടില്ല. അറിയാതെ പോലും വിഷമഘട്ടങ്ങളിൽ പലപ്പോഴും എനിക്ക് ആശ്വാസം ആയത് നീയാണ്. ആഹ് നീ കാരണം ഞാൻ വേദനിക്കുവോ????? നിറയാൻ വെമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു കൊണ്ടായിരുന്നു അവൻ പറഞ്ഞത്. പിന്നെന്തിനാ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാതെ ഇറങ്ങി പോന്നത്????? പരിഭവത്താൽ ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കി. അതാണോ കാര്യം????? എടീ ഇന്ന് രാവിലെ ഒരു ട്രീറ്റ് ഉണ്ട്. അതാ ഞാൻ കഴിക്കാതെ ഇറങ്ങിയത് അല്ലാതെ ഇങ്ങനെയുള്ള സില്ലി കാര്യത്തിന് പട്ടിണി ഇരിക്കാൻ എന്റെ തലയ്ക്ക് എന്താ വല്ല ഓളമുണ്ടോ????

അവൻ ചിരിയോടെ പറയുന്നത് കേട്ടവൾ വിശ്വാസം വരാതെ നെറ്റി ചുളിച്ചു. നുണ......... അല്ലെടീ സത്യം. ഇന്ന് ശരിക്കും ട്രീറ്റ് ഉണ്ട്. സംശയമുണ്ടെങ്കിൽ നീ അമ്മച്ചിയോട് ചോദിച്ചു നോക്ക്. പിന്നെന്താ എന്നോട് നേരത്തെ പറയാഞ്ഞത്??????? അത് ചോദിക്കവേ അവളുടെ മുഖം വീർത്തു. സ്റ്റെയർ വരെ എത്തിയിട്ട് തിരിഞ്ഞ് ഓടിയപ്പോൾ അത് ഓർക്കണമായിരുന്നു. ബാക്കി എല്ലാവരും അറിഞ്ഞു ഞാനത് പറയുമ്പോൾ നീ അവിടെ ഇല്ലാഞ്ഞത് എന്റെ കുഴപ്പം കൊണ്ടാണോ?????? അവന്റെ ചോദ്യത്തിന് ചുണ്ട് കോട്ടി അവൾ മുഖം വെട്ടിച്ചു. ദേ പിണങ്ങി. നേഴ്സറി പിള്ളേരെക്കാൾ കഷ്ടം ആണ് കൊച്ചേ നിന്റെ കാര്യം... ചിരിയോടെ പറഞ്ഞവൻ അവളുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ച് അവളെ പൊക്കി താഴെ നിർത്തി. ഇച്ചായൻ പോകുവാണേ പിണക്കം ഉണ്ടെങ്കിൽ പോയി വന്നിട്ട് തീർക്കാം പോട്ടെടീ പൊടികുപ്പീ????? ഹെൽമെറ്റ്‌ ധരിച്ച് വണ്ടിയിൽ കയറിയിരുന്ന് സ്റ്റാർട്ട്‌ ചെയ്തവൻ അവളുടെ കവിളിൽ തട്ടി പറഞ്ഞ് വണ്ടിയെടുത്ത് പോയി. ഒരു ശബ്ദത്തോടെ ഗേറ്റ് കടന്നു പോവുന്ന അവന്റെ ബുള്ളറ്റിലേക്ക് നോക്കി ഒരുനിമിഷം അവൾ അങ്ങനെ നിന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story