ഹൃദയതാളമായ്: ഭാഗം 108

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഈ മനുഷ്യന്റെ മനസ്സ് എന്ന് പറഞ്ഞാൽ വല്ലാത്തൊരു കടംകഥയാണ്. എപ്പൊ എങ്ങനെ ചിന്തിക്കും എന്ന് പറയാൻ കഴിയില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ഓരോ സാഹചര്യങ്ങളിലും അവ കണ്ടെത്തും. നമ്മൾ ഒരു കാര്യം മറ്റൊരാളോട് പങ്കുവെക്കുമ്പോൾ നമ്മളാരും പ്രതീക്ഷിക്കാത്ത രീതിയിൽ അതിനെ വളച്ചൊടിച്ച് എടുക്കാൻ മനുഷ്യ മനസ്സിനെക്കാൾ കഴിവുള്ള മറ്റൊന്നില്ല. അനുവിന്റെ കാര്യത്തിലും അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും. നാം പറയുന്ന രീതിയിൽ അല്ല അവൾ കാര്യങ്ങൾ ഗ്രഹിക്കുന്നത്. സ്വാർത്ഥതയുടെ കണ്ണുകൾ കൊണ്ട് നോക്കുന്നതിലെ പ്രശ്നങ്ങൾ ആയിരിക്കാം. അവളെ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കും എന്റെ മാതാവേ????? ഒരു നെടുവീർപ്പോടെ ചിന്തിച്ച് എമി അകത്തേക്ക് നടന്നു നീങ്ങി. പടികൾ ചവിട്ടി കയറി വരാന്തയിലേക്ക് എത്തവെ ചാച്ചന്റെ കയ്യും പിടിച്ച് റിയ അങ്ങോട്ട്‌ എത്തിയിരുന്നു. പെട്ടെന്ന് ഇരുവരെയും കണ്ടതും എമിക്ക് എന്തുപറയണം എന്നറിയാതെ ഒരുനിമിഷം നിന്നുപോയി. അവളെ കണ്ടതും അവർ ഇരുവരും അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു. ചാച്ചാ ഞാൻ......... വേണ്ട മോളെ.....

അവൾ പറയാൻ ശ്രമിച്ചതിനെ തടഞ്ഞയാൾ അവളുടെ കരം കവർന്നു. മോളുടെ ഭാഗത്ത്‌ നിന്ന് യാതൊരു തെറ്റും ഉണ്ടായിട്ടില്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ട് ഞങ്ങൾക്ക് മുന്നിൽ ന്യായീകരണം നടത്തേണ്ട ആവശ്യമില്ല. ഞങ്ങൾക്ക് മനസ്സിലാവും കുട്ടിയുടെ മനസ്സ്. ഒരാളുടെ പിഴവ് ചൂണ്ടിക്കാട്ടി തിരുത്തുന്നത് ഒരിക്കലും ഒരു തെറ്റല്ല. മോൾ അനുവിനെ നേർവഴിക്ക് നടത്താനാ ശ്രമിച്ചത്. മനസ്സിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ. അതുകൊണ്ട് ആർക്ക് മുന്നിലും ഇതുപോലെ തല കുനിച്ചു നിൽക്കരുത് കേട്ടോ??????? എമിയുടെ തലയിൽ തഴുകി അയാൾ പറഞ്ഞു നിർത്തവെ അവൾ ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു. ഇവളുടെ വിചാരം നമുക്ക് വിഷമം ആയെന്നാ. മുഖത്ത് നോക്കി കുത്തുവാക്ക് പറയുമ്പോഴുണ്ടാവുന്ന വേദനയൊന്നും ഈ മാപ്പ് പറച്ചിൽ നാടകം കൊണ്ട് ഉണ്ടായിട്ടില്ല. ചിലർ അങ്ങനെയാ മോളെ എത്ര പറഞ്ഞാലും നന്നാവില്ല സ്വന്തം അനുഭവത്തിൽ വരുന്നത് വരെ അവർക്ക് നമ്മൾ പറയുന്നതെല്ലാം പാഴ് വാക്കുകൾ ആയിരിക്കും. സ്വയം വിചാരിക്കാതെ ആർക്കും ആരെയും തിരുത്താൻ കഴിയില്ലെടാ. നീ ഒരു ശ്രമമെങ്കിലും നടത്തിയില്ലേ????

അത് തന്നെ വലിയ കാര്യം. അവളുടെ മുഖത്തെ തെളിച്ചക്കുറവ് കണ്ടവളെ ചേർത്ത് നിർത്തി സാന്ത്വനിപ്പിച്ചു. അത് കേൾക്കെ എന്തോ വലിയൊരു ഭാരം ഉള്ളിൽ നിന്ന് ഉറഞ്ഞു ഒലിച്ചു പോവുന്നത് അവളറിഞ്ഞു. നിറഞ്ഞ ചിരിയോടെ അവൾ റിയയെ പുണർന്നു. ഒരു പുഞ്ചിരിയോടെ റിയ അവളുടെ പുറത്ത് തട്ടി. ഡീ പെണ്ണേ ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചാൽ ഇവിടെ ഒരാൾക്ക് ശ്വാസം കിട്ടില്ലാട്ടോ..... കളിയായി അവൾ പറയവെ എമി അകന്നു മാറിയിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം നോക്കി നിൽക്കെ ആ വൃദ്ധന്റെ മനസ്സ് നിറഞ്ഞിരുന്നു. ചേർത്ത് പിടിക്കാനും ഒപ്പം നിൽക്കാനും ആരെങ്കിലും ഒരാൾ ഇതുപോലെ എന്നും ഒരാശ്വാസം തന്നെയാണ്. ഇന്നലെ വരെ തന്റെ മകളെ കുറിച്ച് വല്ലാത്ത ഒരു ആകുലതയായിരുന്നു. ആരോടും മറുത്തു സംസാരിക്കാൻ അറിയാത്ത തന്റെ മകൾ എന്തെങ്കിലും കാരണത്താൽ ഒറ്റപ്പെട്ടു പോവുമോ എന്നൊരു ഭയം. എങ്കിൽ ഇന്നത് ഒരു തരി പോലും ഇല്ല. കൂടപ്പിറക്കാത്ത ഒരു കൂടപ്പിറപ്പ് ഇന്നവൾക്കുണ്ട്. ഉള്ളിൽ അടങ്ങാത്ത വാത്സല്യത്തോടെ അയാൾ അവരിരുവരെയും കൺനിറയെ നോക്കി നിന്നു. ചാച്ചൻ പോകാൻ ഇറങ്ങിയതാണോ????

കയ്യിൽ പിടിച്ചു നിന്ന് എമിയുടെ ചോദ്യം കേട്ടയാൾ ചിന്തകൾക്ക് വിരാമം ഇടുന്നത്. ആഹ് ഞാൻ പോവാൻ ഇറങ്ങിയതാ മോളെ തോട്ടത്തില് പണിക്കാരെ നിർത്തിയിട്ടുണ്ട് ചെന്നില്ലെങ്കിൽ പകുതിയും അവന്മാർ വീട്ടിൽ കൊണ്ടുപോവും. ഇത്തവണത്തെ വിളവ് മോശമായിരുന്നു അതിൽ നിന്ന് അതുങ്ങൾ കയ്യിട്ടു വാരിയാൽ പിന്നെ ഒന്നും കിട്ടുകേല അതുകൊണ്ട് പോയേ പറ്റൂ. എങ്കിൽ പിന്നെ കഴിച്ചിട്ടു പോവാം ചാച്ചാ ഒരുപാട് ദൂരം യാത്ര ഉള്ളതല്ലേ????? എമി അയാളെ തടയാൻ ശ്രമിച്ചു. വേണ്ട മോളെ ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്. ചാച്ചൻ ഇറങ്ങട്ടെ മക്കളെ?????? വാത്സല്യത്തോടെ അവർ ഇരുവരെയും ചേർത്ത് നിർത്തി അയാൾ ചോദിച്ചു. ഇനി എന്നുവരും ചാച്ചാ????? ഒരുപോലെ ആ ചോദ്യം ഇരുവരും ഉന്നയിക്കവെ അയാളൊന്ന് ചിരിച്ചു. ഇതുപോലെ ഒരിക്കൽ വരാം. എന്തായാലും ഒരാൾ ഇവിടെ ഉടനെ വരില്ലേ?????? ചിരിയോടെ അയാൾ പറയവെ എമി നെറ്റി ചുളിച്ചു. ഇവിടെ ഇനി ആര് വരാനാ????? വലിയ ആലോചനയിൽ അവൾ ചോദിക്കുന്നത് കേട്ട് റിയക്ക് ചിരി വന്നു. എന്റെ മണ്ടൂസേ വാവയുടെ കാര്യമാ ചാച്ചൻ പറഞ്ഞത്. റിയ കൈ ഉയർത്തി എമിയുടെ തലയിൽ ഒന്ന് കൊട്ടി. ഓഹ്... അങ്ങനെ.....

. ഇതൊക്കെ വ്യക്തമായിട്ട് പറയണ്ടേ അല്ലാതെ എങ്ങനെ മനസ്സിലാവാനാ???? തലയും തടവി അവൾ അവരെ രണ്ടുപേരെയും കൂർപ്പിച്ചു നോക്കി. അയ്യോ ഇനി പറയുമ്പോൾ നല്ല വ്യക്തമായിട്ട് പറഞ്ഞോളമേ...... തൊഴു കയ്യോടെ അയാൾ പറയുന്നത് കേട്ട് പരിഭവം മറന്നവൾ ചിരിച്ചു പോയി. ഇനിയും നിന്ന് വൈകിക്കുന്നില്ല പോട്ടെ മക്കളേ..... രണ്ടുപേരുടെയും നെറുകിൽ ഒന്ന് തലോടി അയാൾ പുറത്തേക്കിറങ്ങി. പോർച്ചിൽ വെച്ചിരുന്ന തന്റെ പഴഞ്ചൻ സ്കൂട്ടിയിൽ കയറി ഇരുന്ന് വാതിൽക്കലേക്ക് ഒരിക്കൽ കൂടി മിഴികൾ പായിക്കവെ അവർ അയാൾക്ക് നേരെ കൈവീശി കാണിച്ചു. ഇളം പുഞ്ചിരിയോടെ തലയാട്ടി വണ്ടിയെടുത്ത് മുന്നോട്ട് ചലിക്കവേ അന്നാദ്യമായി നിറഞ്ഞ മനസ്സോടെ ആ വീടിന്റെ ഗേറ്റ് കടന്നു പോവാൻ കഴിഞ്ഞതിന്റെ ആനന്ദം ആയിരുന്നു ആ മനസ്സ് നിറയെ. അകന്നു പോവുന്ന ചാച്ചനെ നോക്കി നിൽക്കുമ്പോൾ റിയയുടെ മനസ്സും പതിവിലേറെ ശാന്തമായിരുന്നു. അത് മനസ്സിലാക്കിയത് പോലെ എമി അവളുടെ വിരലുകളെ തന്റെ കൈവിരലുകളാൽ കോർത്തു പിടിച്ചിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വഴിയിലേക്ക് കണ്ണും നട്ട് വരാന്തയിൽ നിൽക്കുമ്പോൾ അകത്ത് എന്തോ വീണുടയുന്ന ശബ്ദം കാതിൽ വന്ന് പതിക്കുന്നത്. ആ ശബ്ദം കേട്ടതും ഇരുവരും ഞെട്ടി പരസ്പരം നോക്കി. പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെ അകത്തേക്ക് പായവേ മുന്നിലെ കാഴ്ച കണ്ട് ഒരുനിമിഷം തറഞ്ഞു നിന്നുപോയി. നിലത്ത് പൊട്ടിച്ചിതറി പല കഷ്ണങ്ങളായി കിടക്കുന്ന ചില്ലുപാത്രവും ചിതറി കിടക്കുന്ന ജെല്ലീ ബീട്സും. മുന്നിലെ ഗ്ലാസ്‌ ടേബിൾ അലങ്കരിക്കാനായി താൻ ചെയ്തു വെച്ച കലാവിരുതാണ് തവിടു പൊടിയായി താഴെ കിടക്കുന്നത്. പക്ഷെ അതല്ല എമിയെ ഞെട്ടിച്ചത് അതിന് കാരണക്കാരനായ വ്യക്തിയെ കണ്ടാണ് അവൾ ഞെട്ടിയത്. മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന വ്യക്തിയെ കണ്ടവൾ നിന്നിടത്ത് നിന്ന് ഒരടി നീങ്ങാൻ ആവാതെ പകച്ചുപോയി. ആൽവിച്ചായൻ!!!!!!! അവിശ്വസനീയതയോടെ അവളാ പേര് ഉരുവിട്ടു. വലിഞ്ഞു മുറുകിയ അവന്റെ മുഖവും മുഷ്ടി ചുരുട്ടി കലിയടക്കി നിൽക്കുന്ന അവന്റെ രൂപവും അവളിൽ ഒരു ഭയം നിറച്ചു. ആദ്യമായാണ് അവനെ അങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്. എപ്പോഴും കളിച്ചു ചിരിച്ച് മണ്ടത്തരവും പറഞ്ഞ് നടക്കുന്ന ആൾ തന്നെയാണോ ഇതെന്നവൾ സംശയിച്ചു പോയി.

ചുറ്റിനും ഒന്ന് കണ്ണോടിക്കവെ റിയയുടെയും സാറായുടെയും എന്തിനേറെ പോളിന്റെ മുഖത്ത് പോലും നേർത്തൊരു ഭയം നിറയുന്നത് കണ്ടവൾ തരിച്ചു നിന്നു. എന്നാൽ ആൽവിയുടെ കണ്ണുകൾ അനുവിന്റെ മേൽ ആയിരുന്നു. അവൾ കാണിച്ച പ്രകടനങ്ങൾ ഓരോന്നായി കൺമുന്നിൽ തെളിയവേ എന്തെന്നില്ലാത്ത ദേഷ്യം ഉള്ളിൽ ഇരച്ചു കയറി. അവന്റെ ഭാവമാറ്റങ്ങൾ കണ്ട് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു അനു അപ്പോൾ. പേടിക്കൊണ്ട് അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം വരെ ഉയർന്നു കേട്ടു. ചെന്നിയിലൂടെ അരിച്ചിറങ്ങിയ വിയർപ്പ് കണങ്ങൾ കഴുത്തിലേക്ക് ഊർന്നിറങ്ങി. കാതുക്കൾ കൊട്ടിയടക്കപ്പെട്ടത് പോലെ. ഉമിനീരിറക്കി അത്യധികം ഭയത്തോടെ അവൾ ആൽവിയുടെ തീക്ഷ്‌ണമായ നോട്ടത്തെ നേരിടാൻ കഴിയാതെ തല കുനിച്ചു നിന്നു. തൊട്ടടുത്ത നിമിഷം തന്നെ തനിക്ക് നേരെ വായുവിൽ ഉയർന്നു പൊന്തുന്ന അവന്റെ കൈ കണ്ടതും അവൾ ഭയത്തോടെ മിഴികൾ പൂട്ടി അടച്ചു. അടിപൊട്ടേണ്ട നേരം കഴിഞ്ഞിട്ടും കവിളിൽ അവന്റെ കൈ പതിയാത്തത്തിൽ സംശയിച്ചു കണ്ണുകൾ തുറക്കവെ കാണുന്നത് ഉയർത്തിയ കൈ കൊണ്ട് ടേബിളിൽ ആഞ്ഞടിക്കുന്ന ആൽവിയെയാണ്.

ആ ശബ്ദം കേട്ടതും ഞെട്ടിത്തരിച്ചവൾ പുറകിലേക്ക് രണ്ടടി വെച്ചു പോയി. ആകെയുള്ള പെങ്ങളാന്ന് കരുതി ചെയ്യുന്ന തോന്ന്യാസം മുഴുവൻ കണ്ടില്ല എന്ന് നടിക്കുമ്പോൾ തലേൽ കേറി നിരങ്ങുന്നോടീ പുല്ലേ??????? ഉച്ചത്തിൽ ഒരു അലർച്ച ആയിരുന്നു അത്. നിന്നവരുടെ എല്ലാം ചെവിക്കല്ല് അടിച്ചു പോയൊന്നു വരെ സംശയം തോന്നി. അത്രയ്ക്ക് വലിയ അലറൽ ആയിരുന്നു അത്. ഡിങ്കനെയും കളിപ്പിച്ച് അങ്ങോട്ട് വന്ന ജോകുട്ടൻ വരെ വിറച്ചു പോയി. കയ്യുയർത്തി തല്ലാൻ അറിയാഞ്ഞിട്ടല്ല നീ ഇങ്ങനെ ആവാൻ ഞാൻ കൂടി ഒരു കാരണം ആയത് കൊണ്ടാ.... അതുകൊണ്ട് മാത്രവാ ഞാൻ നിന്നെ തല്ലാത്തത്...... കടപ്പല്ലിൽ ദേഷ്യം തീർത്തുകൊണ്ട് അവൻ പറയവെ അനു മുഖം ഉയർത്താതെ നിന്നുപോയി. ഇങ്ങോട്ട് നോക്കെടീ............ തല താഴ്ത്തി നിൽക്കുന്ന അവൾക്ക് നേരെ ചീറിയതും അവൾ പേടിയോടെ പിടഞ്ഞു കൊണ്ട് അവനെ നോക്കി. ഇനി മേലിൽ ഇമ്മാതിരി വേഷംകെട്ട് നീ ഇവിടെ ഇറക്കിയാൽ....... അവൾക്ക് നേരെ വിരൽ ചൂണ്ടി ഒരു താക്കീത് എന്ന പോൽ അവൻ പറഞ്ഞു നിർത്തവെ അറിയാതെ പോലും അവൾ ഇല്ലെന്നർത്ഥത്തിൽ തല ഇരുവശത്തേക്കും ചലിപ്പിച്ചു പോയി.

ഇതെല്ലാം കണ്ടു നിന്ന ജോക്കുട്ടൻ പേടിയോടെ ഓടിച്ചെന്ന് എമിയുടെ കയ്യിലേക്ക് കയറി. പേടികൊണ്ട് ആൽവിയെ നോക്കാതെ എമിയുടെ തോളിൽ മുഖം അമർത്തി കിടക്കുമ്പോൾ ആ കുഞ്ഞു ശരീരം വിറയ്ക്കുന്നത് അവൾ അറിഞ്ഞു. ഭയന്നു അരണ്ട് നിൽക്കുന്ന അനുവിനെ ഒരിക്കൽ കൂടി ഒന്ന് കലിപ്പിച്ചു നോക്കിക്കൊണ്ട് കാറ്റുപോലെ അവൻ അകത്തേക്ക് പാഞ്ഞു പോയി. അവൻ പോയി കഴിഞ്ഞിട്ടും ഞെട്ടലിൽ നിന്ന് ഉണരാതെ അവരെല്ലാം അതേ നിൽപ്പ് തുടർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആദ്യത്തെ ഞെട്ടൽ ഒന്ന് നീങ്ങിയതും എമി തോളിൽ കിടക്കുന്ന ജോക്കുട്ടന്റെ മുടിലൂടെ വിരലുകൾ ചലിപ്പിച്ചു. ചെക്കൻ നല്ലോണം പേടിച്ചിട്ടുണ്ടേ. മെല്ലെ അവന്റെ പുറത്ത് തഴുകി എമി അവനെ ആശ്വസിപ്പിച്ചു. അവളുടെ നോട്ടം അവളിൽ നിന്ന് അൽപ്പം മാറി നിൽക്കുന്ന സാറായിലും പോളിലും ചെന്ന് പതിച്ചു. രണ്ടുപേരുടെയും മുഖത്ത് സങ്കടം നിഴലിച്ചിരിക്കുന്നത് കണ്ട് അവൾ തോളിൽ കിടന്ന ജോക്കുട്ടനുമായി അങ്ങോട്ട്‌ നടന്നു. ഡാഡി........ അവളുടെ ശബ്ദം കേട്ടതും അനുവിൽ നിന്ന് നോട്ടം പിൻവലിച്ച് എമിയെ നോക്കി. എന്താ മോളെ?????? കുഞ്ഞിനെ ഒന്ന് കുറച്ചു നേരത്തേക്ക് പുറത്ത് കൊണ്ടുപോകുവോ????

ആൾ നല്ലോണം പേടിച്ചിട്ടുണ്ട്. പ്രതീക്ഷയോടെ അവൾ ചോദിക്കുന്നത് കേട്ടതും അയാൾ ഒന്ന് നിശ്വസിച്ചു. ഇങ്ങ് താ മോളേ..... അവളുടെ തോളിൽ കിടന്ന ജോക്കുട്ടനെ എടുത്ത് അവനോട് എന്തൊക്കെയോ പറഞ്ഞ് പുറത്തേക്ക് നടന്നു. അത് കണ്ടവൾ ഒന്ന് നെടുവീർപ്പിട്ട് സാറായ്ക്ക് നേരെ തിരിഞ്ഞു. അമ്മച്ചി എന്നാ നോക്കി നിൽക്കുവാ ദേ ഏട്ടത്തി ഇത്ര നേരായിട്ടും ഒന്നും കഴിച്ചിട്ടില്ല. എനിക്കും വിശക്കുന്നുണ്ട് വേഗം ചെന്ന് കഴിക്കാൻ എടുത്തു വെച്ചേ...... സാറായെ നോക്കിയവൾ പറയവെ അവർ മുകളിലേക്ക് ഒന്ന് നോക്കി. മോളെ ആൽവി........ ബാക്കി പറയാൻ ആവാതെ അവർ പകുതിക്ക് നിർത്തി. അതോർത്ത് അമ്മച്ചി വിഷമിക്കണ്ട ആൽവിച്ചായനെ ഞാൻ ദേ ഇപ്പൊ കൂട്ടിക്കൊണ്ട് വരാം. അമ്മച്ചി ഇപ്പൊ അങ്ങോട്ട് ചെന്നേ പോ പോ........ സാറായെ തള്ളി അടുക്കളയിലേക്ക് വിട്ടുകൊണ്ട് അവൾ ദിനിങ്ങ് ടേബിളിലെ ഫ്രൂട്ട്സ് ബൗളിൽ ഇരുന്ന ഒരു ഓറഞ്ച് എടുത്ത് മുന്നോട്ട് നടന്നു. കയ്യിൽ ഇരുന്ന ഓറഞ്ച് അമ്മാനമാടി കൊണ്ടവൾ സ്റ്റെയറിന് അരികിൽ എത്തവെ അവിടെ നിൽക്കുന്ന അനുവിനെ കണ്ടതും അവളൊന്ന് നിന്നു. മെല്ലെ അവൾക്ക് മുന്നിൽ ചെന്ന് നിന്നതും എന്തൊക്കെയോ ചിന്തകളിൽ നിന്ന അനു തലയുയർത്തി എമിയെ നോക്കി.

എല്ലാവരെയും ഇങ്ങനെ കുത്തിനോവിച്ചിട്ട് നീ എന്ത് നേടി????? പരിഹാസം കലർന്ന അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാൻ ആവാതെ അനു തറഞ്ഞു നിന്നു. അവളുടെ ആ ഭാവം കണ്ട് ഒരു പുച്ഛത്തോടെ ചുണ്ട് കോട്ടി എമി മുകളിലേക്കുള്ള പടികൾ ഓരോന്നായി ചവിട്ടി കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ദേഷ്യം നിയന്ത്രിക്കാനാവാതെ തലയ്ക്ക് കയ്യും താങ്ങി ബെഡിൽ ഇരിക്കുമ്പോഴാണ് അടുത്ത് ആരുടെയോ സാമീപ്യം അറിയുന്നത്. സംശയത്തോടെ ഒന്ന് തല ചരിച്ച് നോക്കിയതും തനിക്കരികിൽ ഇരുന്ന് ഓറഞ്ച് തൊലിപൊളിച്ച് കഴിക്കുന്ന എമിയെ കണ്ടതും ആൽവി മുട്ടുകാലിൽ കുത്തി നിർത്തിയ കൈകൾ പിൻവലിച്ച് നേരെ ഇരുന്നു. ഓറഞ്ച് വേണോ ആൽവിച്ചായാ???? ചൂട് കുറക്കാൻ നല്ലതാ...... കയ്യിലിരുന്ന ഓറഞ്ചിന്റെ അല്ലി ഒരെണ്ണം ഉയർത്തി കാണിച്ചവൾ ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാതെ അവൻ മറ്റെങ്ങോ ദൃഷ്ടി ഉറപ്പിച്ച് ഇരുന്നു. അല്ലെങ്കിൽ വേണ്ട ദേഷ്യം മാറ്റാൻ എന്റെ കയ്യിൽ മറ്റൊരു ഐഡിയ ഉണ്ട്.

ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൾ പറയവെ അവൻ നെറ്റി ചുളിച്ചു. അവളുടെ വാക്കുകളിൽ തെളിഞ്ഞു നിന്ന കുസൃതി തിരിച്ചറിഞ്ഞത് പോലെ അവൾക്ക് നേരെ നോക്കാൻ ആഞ്ഞതും അവൾ അവന് മുന്നിലായി നിന്നതും ഒരുമിച്ചായിരുന്നു. അവളുടെ മുഖത്തെ കള്ളചിരി കണ്ടതും അവന് അപകടം മണുത്തു. മറുത്ത് അവൻ എന്തെങ്കിലും ചെയ്യാൻ ആയുന്നതിന് മുന്നേ അവൾ പ്രവർത്തിച്ചു കഴിഞ്ഞിരുന്നു. കയ്യിൽ ഇരുന്ന ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് അവന്റെ കണ്ണിലേക്ക് നീര് തെറിപ്പിച്ചു. ആാാഹ്........... കണ്ണ് പൊത്തിപ്പിടിച്ച് നീറ്റൽ എടുത്തവൻ ചാടി എഴുന്നേറ്റ് കാറി. എമി അവന്റെ തുള്ളൽ കണ്ട് പൊട്ടിച്ചിരിച്ചു. എടീ............ നിറഞ്ഞ കണ്ണ് അമർത്തി തുടച്ചു കൊണ്ട് ആൽവി അവൾക്ക് നേരെ പാഞ്ഞു. അവന്റെ വരവ് കണ്ടതും എമി തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. നിക്കെടീ കുരിപ്പേ അവിടെ.......... ദേഷ്യത്തിൽ അലച്ചു കൂവിക്കൊണ്ട് അവൻ അവൾക്ക് നേരെ പായവേ അതിനേക്കാൾ സ്പീഡിൽ അവൾ താഴേക്ക് ഓടി ഇറങ്ങിയിരുന്നു.

അവസാനം അവളുടെ ഓട്ടം ചെന്ന് അവസാനിച്ചത് സാറായുടെ പിന്നിൽ ആയിരുന്നു. ദിനിങ് ടേബിളിൽ ബ്രേക്ക്‌ഫാസ്റ്റ് നിരത്തുന്ന സാറായെ പിടിച്ചു മുന്നിൽ നിർത്തി അവൾ അവരുടെ മറവിൽ ഒളിച്ചു. എന്നാടാ?????? പതുങ്ങി നിൽക്കുന്ന എമിയേയും കലിയോടെ നിൽക്കുന്ന ആൽവിയെയും നോക്കി അവർ ചോദിക്കവേ ആൽവി കലിപ്പിൽ എമിയെ ഒന്ന് നോക്കി. അത് ഞാൻ അമ്മച്ചിയുടെ മകന്റെ ചൂട് ഒന്ന് കുറച്ചതാ കുസൃതി ചിരിയോടെ കണ്ണിറുക്കി അവൾ പറയുന്നത് കേട്ട് സാറാക്ക് ചിരി വരുന്നുണ്ടായിരുന്നു. അവർക്ക് പിന്നിൽ നിന്ന് തല മാത്രം പുറത്തേക്ക് ഇട്ട് തന്നെ നോക്കി നാക്ക് നീട്ടി കാണിക്കുന്ന എമിയെ കണ്ടതും അതുവരെയുള്ള ദേഷ്യം അവനും മറന്നു പോയിരുന്നു. അവളിലെ കുറുമ്പ് കാൺകെ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. ഏറെ നേരമായി അവിടെ നിറഞ്ഞു നിന്ന അസ്വസ്ഥത വിട്ടൊഴിയുന്നത് അവർ അറിഞ്ഞു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story