ഹൃദയതാളമായ്: ഭാഗം 109

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

സാറാന്റീ....... ആന്റീടെ റോണിക്കുട്ടൻ ഇങ്ങെത്തി......... വലിയ വായിൽ വിളിച്ചു കൂവിക്കൊണ്ട് റോണി അകത്തേക്ക് കയറി. ചാടി തുള്ളിയുള്ള അവന്റെ വരവ് കണ്ടതും ഫുഡ് തട്ടിക്കൊണ്ടിരുന്ന ആൽവിച്ചൻ ഒന്ന് ഞെട്ടി. പിന്നെ എന്തോ ഓർത്തെന്നത് പോലെ പ്ലേറ്റിലേക്ക് രണ്ട് അപ്പം കൂടി എടുത്തു വെച്ച് സേഫ് ആക്കി. അല്ലെങ്കിൽ ചെക്കൻ അതെടുത്ത് തട്ടും എന്നറിയാം ഒരു മുൻകരുതൽ. തനിക്ക് ജോലിക്ക് ഒന്നും പോവണ്ടേടോ???? വന്ന പാടെ ആൽവിക്ക് നേരെ ചോദ്യം ഉന്നയിച്ചു കൊണ്ടവൻ എമിക്ക് അരികിൽ കിടന്ന ചെയർ വലിച്ചിട്ടിരുന്ന് പ്ലേറ്റ് എടുത്ത് വെച്ച് സ്വയം അപ്പവും സ്റ്റൂവും വിളമ്പി. എന്നെ ആക്കാൻ വേണ്ടിയിട്ടാണോ പൊന്നുമോൻ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്????? പ്ലേറ്റിൽ നിന്ന് തലയുയർത്തി ആൽവി ചോദിക്കുന്നത് കേട്ടവൻ ഒന്ന് ഇളിച്ചുകൊണ്ട് കഴിക്കാൻ തുടങ്ങി. ആ കയ്യെങ്കിലും ഒന്ന് കഴുകെടാ..... അതൊക്കെ കഴിച്ചിട്ട് കഴുകാം എന്റെ കോൺസെൻട്രേഷൻ കളയാതെ ഗോ മാൻ......... ആൽവിയെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ പോളിംഗ് തുടങ്ങി. റിയയും പോളും ഇതെന്ത് ജീവി എന്ന കണക്ക് അവനെയൊന്ന് നോക്കി. എമിക്ക് ഇതൊക്കെ എന്ത് എന്ന ഭാവം ആയിരുന്നു. അമ്മച്ചി കഴിച്ചായിരുന്നോ??????

പോളിന്റെ അടുത്ത് നിൽക്കുന്ന സാറായെ നോക്കി ആൽവി ചോദിച്ചതും അവർ ഇല്ലെന്ന് അർത്ഥത്തിൽ തലയാട്ടി. ഇവിടെ ഭക്ഷ്യ ക്ഷാമം രൂക്ഷമാവും മുന്നേ വേഗം എടുത്തു കഴിച്ചോ അല്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരും. അപ്പത്തിന്റെ എണ്ണം കുറഞ്ഞു വരുന്നത് നോക്കി ആൽവിച്ചൻ റോണിയെ നോക്കി പറഞ്ഞു നിർത്തി. ചെക്കൻ ഉണ്ടോ ഇത് വല്ലതും അറിയുന്നു മുടിഞ്ഞ തീറ്റിയാണ്. അവന്റെ തട്ടൽ കണ്ട് എമി ഒരു പ്ലേറ്റ് എടുത്ത് സാറായ്ക്കുള്ളത് വിളമ്പി അവർക്ക് നേരെ നീട്ടി. റോണിയുടെ കാര്യത്തിൽ കൊച്ചിന് നല്ല വിശ്വാസം ആണേ. ആൽവിച്ചന്റെ സംസാരവും എമിയുടെ പ്രവർത്തിയും കൂടി ആയതും സാറായ്ക്ക് ഏതാണ്ട് ഒക്കെ കത്തി. അതുകൊണ്ട് വെച്ച് താമസിപ്പിക്കാതെ തന്നെ അവരും പോളിനരികിൽ സ്ഥാനം ഉറപ്പിച്ച് കഴിക്കാൻ ആരംഭിച്ചു. രാവിലത്തെ സംഭവങ്ങൾ കൊണ്ട് അനു പിന്നെ അന്നത്തെ ഫുഡ് ബഹിഷ്കരിക്കും എന്നറിയാവുന്നത് അവളെ വിളിക്കാനും പോയില്ല. നീ എന്താ രാവിലെ തന്നെ ഇങ്ങോട്ട് പോന്നത് ഇന്ന് ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ???? കഴിക്കുന്നതിനിടയിൽ എമി അടുത്തിരുന്ന റോണിയോട് തിരക്കി. അതെന്താ എനിക്ക് നിന്നെ വിളിക്കാൻ മാത്രേ ഈ വീട്ടിലേക്ക് വരാൻ പാടുള്ളൂ എന്ന് വല്ല നിയമവും ഉണ്ടോ????? അവന്റെ കണ്ണുകൾ കുറുകി.

എടാ അങ്ങനെയല്ല.... വേണ്ട........ അവൾ ന്യായീകരണം നിരത്തുന്നതിന് മുന്നേ റോണിയുടെ സ്വരം ഉയർന്നു. ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി..... ഞാൻ ഇവിടെ വന്നത് നിനക്ക് ശല്യം ആയല്ലേ കൊള്ളാം എമീ നന്നായിരിക്കുന്നു. വീട്ടിൽ ദുരന്തമായി വന്നു പിറന്ന അറ്റംബോംബല്ലേ സൂക്ഷിച്ചു കൈകാര്യം ചെയ്യണ്ടേ എന്നു കരുതി താഴത്തും തലയിലും വെക്കാതെ നിന്നെ കൊണ്ടുനടന്ന എന്നോട് ഇത് വേണ്ടായിരുന്നു. ബസ്സിലെ തിക്കും തിരക്കും കൊണ്ട് കഷ്ടപ്പെട്ട് കോളേജിൽ വരണ്ടല്ലോ എന്നുകരുതി ദിവസവും നിന്നെ കൂട്ടാൻ വരുന്ന എന്നോട് ഇങ്ങനെ കാണിക്കരുതായിരുന്നു. ഒരു ദിവസം പോലും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്തോണ്ട് നേരം വെളുത്തതും ഓടി പാഞ്ഞെത്തിയ എന്നോട് ഇങ്ങനെ പറയരുതായിരുന്നു. ഇവിടെ വന്ന് ഇച്ചിരി ഭക്ഷണം കഴിച്ചതിനല്ലേ നീ എന്നോട് ഇങ്ങനെ കാണിച്ചത് മോശായിപ്പോയി. അത്രയും പറഞ്ഞ് ഇല്ലാത്ത കണ്ണുനീർ തുടക്കുന്നത് പോലെ കാണിച്ചവൻ പ്ലേറ്റിലേക്ക് രണ്ട് അപ്പം കൂടി എടുത്തു വെച്ച് കറിയും ഒഴിച്ചു. ഇതെല്ലാം കേട്ട് കിളിപോയി ഇരിക്കുകയാണ് എല്ലാവരും. അമ്മാതിരി പ്രകടവും ഡയലോഗും അല്ലെ ചെക്കൻ വെച്ച് കാച്ചിയത്. അവന്റെ ഡയലോഗടി കേട്ട് ആൽവിച്ചൻ മെല്ലെ എമിയുടെ അടുത്തേക്ക് ഒന്ന് നീങ്ങിയിരുന്നു.

ഒരു മാസത്തെ റേഷൻ മുഴുവൻ ഒറ്റയിരുപ്പിന് തിന്നു തീർക്കുന്നതാണോ നിങ്ങളുടെ നാട്ടിൽ ഇച്ചിരി ഭക്ഷണം കഴിക്കുന്നു എന്ന് പറയുന്നത്????? എമിയുടെ കാതിനരികിൽ ശബ്ദം താഴ്ത്തി അവൻ ചോദിക്കുന്നത് കേട്ട് എമിയും അതിനെപ്പറ്റി തിങ്കാതെ ഇരുന്നില്ല. അവൾ കൈമലർത്തി കാണിച്ചുകൊണ്ട് റോണിയെ ഒന്ന് നോക്കി. വിഷമം കൊണ്ടാണ് എന്ന് തോന്നുന്നു തിന്നിട്ട് ഇറങ്ങുന്നില്ല. അവൻ മൂക്കുവലിച്ചു. ഇച്ചിരി ഗ്യാപ്പ് കൊടുക്ക് അപ്പൊ ഇറങ്ങിക്കോളും അല്ലെങ്കിൽ അകത്ത് ചപ്പാത്തി പരത്തുന്ന കോലിരുപ്പുണ്ട് എടുത്തോണ്ട് വന്ന് തൊണ്ടേണ് കുത്തിയിറക്കാം. ആൽവി പറഞ്ഞു തീർന്നതും റോണി അവനെ കടുപ്പിച്ച് ഒന്ന് നോക്കി. എന്നാലും നീ ഇങ്ങനെ മാറിപ്പോവും എന്ന് ഞാൻ കരുതിയില്ല എമീ.... റോണി നിർത്താൻ ഉദ്ദേശമില്ല. നിർത്തെടാ തെണ്ടീ......... ഇനി മിണ്ടിയാൽ തല വഴി കറി എടുത്ത് കമത്തും ഞാൻ....... ചാടിയെണീറ്റു കൊണ്ടവൾ അലറിയതും റോണി വാ പൂട്ടി. വലിഞ്ഞു കേറി വന്ന് തട്ടുന്നതും പോരാഞ്ഞിട്ട് അവന്റെ ഒലക്കേമ്മേല ഡയലോഗ്. തലമണ്ട അടിച്ചു പൊട്ടിക്കും ഞാൻ....... കയ്യിൽ ഇരുന്ന കഴിച്ചു കാലിയാക്കിയ പ്ലേറ്റ് അവന് നേരെ ഓങ്ങി കൊണ്ടവൾ പറഞ്ഞതും റോണി അവളുടെ കയ്യിൽ കയറി പിടിച്ചു. പൊന്നല്ലേ മുത്തല്ലേ ഞാൻ തമാശ പറഞ്ഞതാടീ ഒന്നും ചെയ്യല്ലേ.......

ദയനീയമായി കണ്ണ് കൊണ്ട് കഥകളി നടത്തി അവൻ പറയുന്നത് കണ്ട് എല്ലാവരും ചിരിയടക്കി ഇരുന്നു. എമി അവനെ ഒന്ന് കലിപ്പിച്ചു നോക്കി അവന്റെ പിടിയിൽ നിന്ന് കയ്യും വലിച്ചെടുത്ത് അടുക്കളയിലേക്ക് പോയി. അവളുടെ പോക്ക് കണ്ട് ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ച് നേരെ ഇരുന്നു. കിട്ടിയോ?????? ആൽവി ചിരി അമർത്തി ചോദിച്ചു. ഇല്ല. ആമസോണിലൂടെ ഓർഡർ ചെയ്തു വാങ്ങി. പറയുന്നതിനൊപ്പം അവൻ ചിരി അടക്കിപിടിച്ച് ഇരിക്കുന്നവരെ എല്ലാം നോക്കി ഇളിച്ചു കാണിച്ച് പ്ലേറ്റിൽ ഇരുന്നത് തട്ടി ചളിപ്പ് മാറ്റി. അവസാനം ചെക്കൻ അച്ചുവിനും അനുവിനും വേണ്ടി കരുതി വെച്ചിരുന്നത് വരെ തട്ടി പ്ലേറ്റും വടിച്ച് എഴുന്നേറ്റ് പോയി. ബാക്കിയുള്ളവർ ആകട്ടെ ഫുഡിങ്ങിൽ ആൽവിച്ചനെ കടത്തി വെട്ടുന്ന ഒരെണ്ണത്തിനെ കണ്ടതിലുള്ള അതിശയത്തിൽ ആയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എടീ നീയൊന്ന് ഒരുങ്ങി വന്നേ... നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം. ജോക്കുട്ടനും ഡിങ്കനുമായി കളിച്ചോണ്ടിരുന്ന എമി റോണിയുടെ ആ ഡയലോഗ് കേട്ടതും തലയുയർത്തി നോക്കി. പുറത്തോ???? എന്തിന്????? ചുമ്മാ ഒന്ന് കറങ്ങാൻ. നിവിയും അപ്പുവേട്ടനും ഒക്കെയുണ്ട് വാടീ..... അവളുടെ കയ്യിൽ പിടിച്ച് വലിച്ചവൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

ഏയ്‌ ഞാനൊന്നും വരുന്നില്ല നിങ്ങൾ പോയിട്ട് വാ. റോണിയിൽ നിന്ന് കൈ വലിച്ചെടുത്തവൾ ചുണ്ട് ചുളുക്കി. എന്റെ പൊന്നല്ലേടീ ഒന്ന് വാടീ. നീയുണ്ടെങ്കിലേ മറിയമ്മയെ വീട്ടിൽ നിന്ന് വിടൂ പ്ലീസ് ഡീ...... അവൻ നിന്ന് കൊഞ്ചി. നീ നിവിയേം കൂട്ടി അവളുടെ വീട്ടിൽ ചെല്ല്. നിവിയെ കണ്ടാൽ അവളുടെ വീട്ടുകാർ എതിര് പറയില്ലല്ലോ?????? അതിന് നിവി വരുന്നത് അപ്പുവേട്ടന്റെ കൂടെയാ അതുകൊണ്ടല്ലേ മുത്തേ ഞാൻ വിളിക്കുന്നത് ഒന്നു വാടീ..... തന്റെ കയ്യിൽ പിടിച്ചു നിന്ന് ചെക്കൻ ചിണുങ്ങത് കണ്ട് അവൾക്ക് ചിരി പൊട്ടിപ്പോയി. ശരി ശരി ഞാൻ ദാ വരുന്നു. അതും പറഞ്ഞവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ഞാൻ വരുന്നത് വരെ എന്റെ കൊച്ചിനെ നോക്കിക്കോളണം. ജോക്കുട്ടനെ ചൂണ്ടി കാണിച്ച് ഗൗരവത്തോടെ അവനോടായി പറഞ്ഞു. ആ കാര്യത്തിൽ നീ പേടിക്കണ്ട ഇവനെ ഞാൻ പൊന്നുപോലെ നോക്കും നീ പോയി വേഗം റെഡിയായിട്ട് വാടീ..... അവന്റെ ധൃതി കണ്ടതും അവളൊരു ചിരിയോടെ അകത്തേക്ക് പോയി. അവളെ ഉന്തി തള്ളി വിട്ട സമാധാനത്തിൽ തിരിഞ്ഞ റോണി നേരെ ജോക്കുട്ടന്റെ അരികിൽ പോയിരുന്നു. മോനൂ............ മൂക്കിൽ പിടിച്ച് ആട്ടിക്കൊണ്ട് അവൻ പറഞ്ഞത് ചെക്കന് തീരെ പിടിച്ചില്ല.

അടുത്ത നിമിഷം അവൻ തന്റെ കുഞ്ഞികൈ ചുരുട്ടി റോണിയുടെ മൂക്ക് നോക്കി ഒരു പഞ്ച് കൊടുത്തു. പത്തീ........... ചുണ്ട് കോട്ടി പറഞ്ഞവൻ ഡിങ്കനെ എടുത്ത് കളിപ്പിക്കാൻ തുടങ്ങി. റോണി ഇവിടെ വേദന കൊണ്ട് അക്ഷരമാല ചൊല്ലി കളിക്കുവാണ്. മൂക്കും തിരുമി അവൻ ജോക്കുട്ടനെ ഒന്നുനോക്കി. മ്മ്മ്..... തന്തേടെ മോൻ തന്നെ..... ആരോടെന്നില്ലാതെ പറഞ്ഞവൻ ഇത്തിരി ഡിസ്റ്റൻസ് ഇട്ടിരുന്നു. ചെറിയൊരു ഭയം അല്ലാതൊന്നുമില്ല. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി അകത്ത് ചെന്ന് പോവുന്ന കാര്യം സാറായോടും പോളിനോടും പറയവെ അവരെല്ലാം പൂർണ്ണസമ്മതം മൂളി. എന്നാലും അനുവാദം ചോദിക്കേണ്ടത് മറ്റൊരാളോട് ആണല്ലോ അതുകൊണ്ട് റൂമിൽ ഓടിച്ചെന്ന് ഫോൺ എടുത്ത് അച്ചുവിനെ വിളിച്ചു. പറഞ്ഞാലും ഇല്ലെങ്കിലും ആൾ സമ്മതിക്കും എന്നറിയാം എങ്കിലും വിളിച്ചു പറഞ്ഞില്ലെങ്കിൽ ഒരു മനസമാധാനം ഉണ്ടാവില്ല. കുറെയേറെ തവണ റിങ് ചെയ്ത് കട്ട്‌ ആവാൻ ആയ സമയം ആണ് മറുവശത്ത് കാൾ അറ്റൻഡ് ചെയ്യുന്നത്. എന്താടാ?????? ഫോൺ എടുത്തതും ചോദ്യം എത്തി. അത് കേട്ടതും അവളൊരു പുഞ്ചിരിയോടെ കാര്യം എല്ലാം പറഞ്ഞു. എല്ലാം കേട്ടതും ആളൊന്ന് മൂളി. ഞാൻ എന്ത് ചെയ്യണം പോണോ വേണ്ടയോ????? ചെറിയൊരു കുറുമ്പോടെ ആയിരുന്നു അവളുടെ ചോദ്യം.

ഇതിലിപ്പോ എന്റെ അനുവാദം ചോദിക്കേണ്ട കാര്യം എന്തിരിക്കുന്നു???? നിന്നെ കൂട്ടിക്കൊണ്ട് പോവാൻ വന്നിരിക്കുന്നത് നിന്റെ ആങ്ങളയാണ്. അവൻ നിന്നെ ഒരിടം വരെ കൂട്ടിക്കൊണ്ട് പോവുന്നു. ഒളിച്ചും പാത്തും ഒന്നും അല്ലല്ലോ പോവുന്നത് വീട്ടിൽ എല്ലാവരും ഉള്ളപ്പോഴല്ലേ അവൻ കൂട്ടാൻ വന്നത് പിന്നെന്താ?????? ആണ്. എന്നാലും ഇച്ചായനോട് ചോദിക്കാതെ പോവുന്നത് എങ്ങനെയാ???? അവളൊന്ന് ചിണുങ്ങി. ശരി ശരി പോയിട്ട് വാ. ആ ഡ്രോയറിൽ പൈസ ഇരുപ്പുണ്ട് ആവശ്യം വേണ്ടത് എടുത്തുകൊണ്ട് പൊക്കോ. പിന്നെ, വെയിലും കൊണ്ട് കറങ്ങി നടന്ന് ഒന്നും വരുത്തി വെക്കരുത് ഒരു പനി മാറിയതേ ഉള്ളൂ ഓർമ്മയുണ്ടല്ലോ????? ഉണ്ടേ.... ഞാൻ ശ്രദ്ധിച്ചോളാം. അച്ചു ബാക്കി പറയും മുന്നേ അവൾ ചാടി കയറി പറഞ്ഞു കഴിഞ്ഞിരുന്നു. അത് കേട്ട് അവനൊരു കുസൃതി ചിരി ചിരിക്കുന്നത് ഫോണിലൂടെ തന്നെ അവൾ അറിഞ്ഞിരുന്നു. അപ്പൊ ശരി കെട്ട്യോനെ എന്റെ പാവം ആങ്ങള പുറത്ത് വെയ്റ്റിംഗ് ആണ്. ഞാൻ റെഡി ആവട്ടെ. അവൾ ഫോൺ ചെവിയിൽ വെച്ചുകൊണ്ട് തന്നെ കബോർഡിൽ ഡ്രസ്സ്‌ തിരിഞ്ഞു. സൂക്ഷിച്ചു പോയി വാ. അതും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്യാൻ ആഞ്ഞു. അയ്യോ... വെക്കല്ലേ വെക്കല്ലേ........ അവളുടെ ശബ്ദം ഉയർന്നു. ഓഹ്... കാറാതെ പെണ്ണേ........ എന്നതാ കാര്യം???????

അതേ, ഫുഡ് കഴിച്ചായിരുന്നോ????? ഗൗരവപൂർവ്വം അവൾ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു. കഴിച്ചെടീ...... മ്മ്മ്മ്.......... അവളൊന്ന് മൂളി. നീ പോയിട്ട് വാ... Take care. ചിരിയോടെ പറഞ്ഞവൻ കട്ട്‌ ചെയ്തതും ഫോൺ എടുത്തവൾ ബെഡിലേക്ക് ഇട്ട് കബോർഡിൽ ഇരുന്ന ഒരു ബ്ലാക് ankle ലെങ്ത് പാന്റും ഒലിവ് ഗ്രീൻ കളർ ഷർട്ടും എടുത്തിട്ടു. മുടി പോണി ടൈൽ സ്റ്റൈലിൽ കെട്ടി വെച്ചു. സ്ലിംഗ് ബാഗ് എടുത്ത് ക്രോസ്സ് ചെയ്തിട്ട് മിററിന് മുന്നിൽ ഒന്ന് നോക്കി. എന്തോ പോവാൻ മനസ്സ് വരുന്നില്ല. അവർക്ക് ജോഡിയായി പോയി എൻജോയ് ചെയ്യാൻ ഇതുപോലെ കുറച്ച് നിമിഷങ്ങളേ കിട്ടൂ. അവർക്കിടയിൽ ഒറ്റപ്പെട്ടു പോവും എന്നുകരുതിയല്ല മറിച്ച് തന്നെ പോസ്റ്റ്‌ ആക്കാതിരിക്കാൻ അവർ ശ്രമിക്കുമ്പോൾ അവർക്ക് തനിച്ച് സ്പെൻഡ്‌ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടമാവും എന്നോർക്കുമ്പോഴാണ് പിന്നിലേക്ക് വലിയുന്നത്. പോവാതിരിക്കാനും വയ്യാ. റോണിക്കും മറിയാമ്മക്കും ഇതൊക്കെ വല്ലപ്പോഴും വീണു കിട്ടുന്ന അവസരങ്ങൾ ആണ്. ഇച്ചായൻ കൂടി ഉണ്ടായിരുന്നെങ്കിൽ...... അവളൊന്ന് നെടുവീർപ്പിട്ടു. ഇനിയും വൈകിയാൽ താഴെ നിന്ന് റോണിയുടെ വിളി എത്തും എന്ന് ഉറപ്പായതും അച്ചു പറഞ്ഞത് അനുസരിച്ച് ഡ്രോയറിൽ നിന്ന് ആവശ്യം വേണ്ട ഒന്ന് രണ്ട് നോട്ടുകൾ എടുത്ത് ബെഡിൽ കിടന്ന ഫോണും ബാഗിലേക്ക് വെച്ച് അവൾ താഴെക്കിറങ്ങി.

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാറായപ്പോഴുണ്ട് ജോക്കുട്ടൻ കൂടെവരണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നു. അവസാനം വൈകിട്ട് അച്ചു വരുമ്പോൾ ഒരുമിച്ച് പുറത്ത് പോകാമെന്നും ഇപ്പൊ ഹോസ്പിറ്റലിൽ പോയി പനി വന്നതിനുള്ള ഇൻജെക്ഷൻ എടുക്കാൻ പോകുവാന്നും പറഞ്ഞ് തടിയൂരി. ഇൻജെക്ഷൻ ചെക്കന് പേടിയായത് കൊണ്ട് പിന്നെ നിർബന്ധം പിടിച്ചില്ല. നേരെ റോണിയുടെ ശകടത്തിൽ കയറി മറിയാമ്മയുടെ വീട്ടിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ മറിയാമ്മ ഒരുങ്ങിക്കെട്ടി നിൽപ്പുണ്ടായിരുന്നു. മറിയാമ്മയുടെ മമ്മി എവിടെയോ പോവാൻ തയ്യാറായി നിൽക്കുവായിരുന്നു. അവരെ കണ്ടതും കുറച്ച് നേരം സംസാരിച്ച് നിന്നിട്ട് അവർ ഇറങ്ങി. ഭാവി അമ്മായിയമ്മയെ പൊക്കിയടിച്ചും വിനയം അഭിനയിച്ചും റോണി അവരുടെ ഗുഡ് ലിസ്റ്റിൽ ഇടം നേടി. അവർ പോയി കഴിഞ്ഞതും മറിയാമ്മ പോർച്ചിൽ ഇരുന്ന തന്റെ സ്കൂട്ടി എടുത്ത് പുറത്തേക്കിറക്കി. എടീ നീ പുതിയ വണ്ടി എടുത്തോ????? എമി അതിശയത്തോടെ പുതിയ അവളുടെ വെസ്പയിലേക്കും അവളിലേക്കും നോക്കി ചോദിച്ചു. മ്മ്മ്.... പപ്പയുടെ കാല് പിടിച്ചപ്പൊ വാങ്ങി തന്നതാ. അപ്പൊ ചിലവുണ്ട് മോളെ. അതിനല്ലേ നമ്മൾ പോവുന്നത്. എമിയുടെ ചോദ്യത്തിന് കണ്ണിറുക്കി കൊണ്ടവൾ ഉത്തരം കൊടുത്തു. എങ്കിൽ നമുക്ക് പോവാം??????

റോണി ധൃതി കൂട്ടി. ആഹ്.... പോവാം. അതിന് മുൻപ് ഒരു കാര്യം. വണ്ടി സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി മറിയാമ്മ പറയുന്നത് കേട്ട് അവർ നെറ്റി ചുളിച്ചു. ചേച്ചി വണ്ടി എടുക്കുവോ???? ഞാൻ റോണിച്ചന്റെ കൂടെ ബൈക്കിൽ ഇരുന്ന് ഇതുവരെ എങ്ങും പോയിട്ടില്ല. പ്രതീക്ഷയോടെ അവൾ എമിയെ നോക്കിയതും പുറകിൽ നിന്നൊരു പൊട്ടിച്ചിരി ഉയർന്നതും ഒരുമിച്ചായിരുന്നു. ഹഹഹഹ...... എന്റെ പൊന്നോ..... ഇതിലും വലിയ.... കോമഡി.... ഞാൻ.. എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല......... ചിരിക്കിടയിലും കിതച്ചു കൊണ്ടവൻ പറഞ്ഞൊപ്പിച്ച് വീണ്ടും ചിരിക്കാൻ തുടങ്ങി. മറിയാമ്മ ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നെങ്കിൽ എമി മുഖം വീർപ്പിച്ചു നിൽക്കുകയാണ്. എന്റെ പൊന്നു മറിയാമ്മേ കല്ലെടുത്ത് ഒരു പട്ടിയെപോലും ഓടിക്കാത്തവളോടാ നീയീ വണ്ടി ഓടിക്കാൻ പറയുന്നത്. ഇവൾക്ക് സൈക്കിൾ ചവിട്ടാൻ പോലും അറിയില്ല കൊച്ചേ......... ഊരക്ക് കൈകൊടുത്ത് അണച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് മറിയാമ്മ ആണോ എന്ന രീതിയിൽ അവളെ ഒന്ന് നോക്കി. അതിനവൾ ഒന്നു തലയാട്ടി കാണിച്ചതും മറിയാമ്മക്കും ചിരി പൊട്ടി. റോണിയുടെ തോളിൽ തല തല്ലി ചിരിക്കുന്ന അവളെ കൂടി കണ്ടതും എമിക്ക് ദേഷ്യം ഇരച്ചു കയറി.

ഇത്ര കിണിക്കാൻ എന്തിരിക്കുന്നു വണ്ടി ഓടിക്കാൻ അറിയാത്തത് അത്ര വലിയ തമാശ ഒന്നുമല്ല. ചുണ്ട് കൂർപ്പിച്ച് വെച്ചവൾ അവരെ തുറിച്ചു നോക്കി. ഏയ്‌.... അതത്ര തമാശ ഒന്നുമല്ല പക്ഷെ കാള പോലെ വളർന്നിട്ടും സൈക്കിൾ പോലും ചവിട്ടാൻ അറിയാത്തത് മോശമായിപ്പോയി. ഒരുവിധം ചിരിയടക്കികൊണ്ട് മറിയാമ്മ പറഞ്ഞു. ഇന്ത്യാ മഹാരാജ്യത്ത് എല്ലാവരും സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം എന്ന് നിയമം ഒന്നും ഇല്ലല്ലോ????? നിന്ന് കിണിക്കാതെ വരുന്നുണ്ടോ അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോവും. രണ്ടിന്റെയും ആക്കി ചിരി കണ്ടവൾ കെറുവിച്ച് പോകാൻ ആഞ്ഞു. ഹാ.... പിണങ്ങാതെ. നമുക്ക് ഇന്ന് ഇവളുടെ കയ്യിൽ നിന്ന് വണ്ടിയെടുത്തതിന് ട്രീറ്റ് വാങ്ങേണ്ടതല്ലേ വാടീ...... പിണങ്ങി പോവാൻ നിന്ന അവളെ വലിച്ച് ചേർത്തുകൊണ്ട് റോണി പറയവെ അവളൊന്ന് അയഞ്ഞു. റോണിക്ക് പിന്നിൽ കയറി വണ്ടി പുറത്തേക്ക് എടുക്കവെ അവർക്ക് പിന്നാലെ മറിയാമ്മയും വണ്ടി എടുത്തിരുന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story