ഹൃദയതാളമായ്: ഭാഗം 110

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വേഗം വാ അകത്ത് അവർ കാത്ത് നിൽപ്പുണ്ടാവും...... മാളിന് മുന്നിൽ വന്ന് നിന്ന് ധൃതി കൂട്ടുന്ന റോണിയെ കണ്ട് ചിലവ് കൊടുക്കാൻ സമ്മതിച്ച നേരത്തെ പഴിച്ചു കൊണ്ട് മറിയാമ്മ നിന്നു. സ്വന്തം കാമുകിക്ക് വണ്ടി എടുത്തതിന്റെ ചിലവ് അവളിൽ നിന്ന് തന്നെ വാങ്ങാൻ നിൽക്കുന്ന ലോകത്തെ ആദ്യത്തെ കാമുകൻ ആയിരിക്കും ഇവൻ. പറഞ്ഞിട്ട് എന്താ കാര്യം എല്ലാം നിന്റെ വിധിയാണ് മോളെ. ഒരു നെടുവീർപ്പോടെ മറിയാമ്മയുടെ തോളിൽ തട്ടി എമിയത് പറയവെ ഫാമിലിയിൽ ഇനിയും ഉണ്ടോ ഈ സൈസ് സാധനങ്ങൾ എന്നർത്ഥത്തിൽ അവൾ എമിയെ നോക്കിപ്പോയി. കുന്തം വിഴുങ്ങിയത് പോലുള്ള മറിയാമ്മയുടെ നിൽപ്പ് കണ്ടതും റോണി അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അകത്തേക്ക് നടന്നു കൂടെ എമിയേയും. അകത്ത് ചെന്ന് നിവിയെയും അപ്പുവിനെയും തിരഞ്ഞ് കാണാതായതും റോണി ഫോണെടുത്ത് വിളിച്ചു നോക്കി. രണ്ടും ഡ്രസ്സ്‌ എടുക്കാൻ കയറി എന്നറിഞ്ഞതും മൂന്നും കൂടി അങ്ങോട്ട് വെച്ചുപിടിച്ചു.

അവിടെ ചെല്ലുമ്പോഴുണ്ട് ട്രയൽ റൂമിന് വെളിയിൽ ഒരു ലോഡ് തുണിയും പിടിച്ചു നിൽക്കുന്ന അപ്പു. രണ്ട് കയ്യിലും തോളിലും കഴുത്തിലും എല്ലാം വെറൈറ്റി ഓഫ് ഡ്രസ്സസ് തൂങ്ങി കിടപ്പുണ്ട്. അവന്റെ നിൽപ്പ് കണ്ട് അവർക്ക് ചിരിയാണ് വന്നത്. അവരെ മൂന്നുപേരെയും കണ്ടതും അപ്പു ദയനീയമായി ഒന്ന് നോക്കി. പ്രേമത്തിന് വേണ്ടി ഇതുപോലെ പലതും സഹിക്കേണ്ടി വരും എന്ന് പറഞ്ഞ് മൂന്നും അവനെ സമാധാനിപ്പിച്ചു. പകുതി അവകാശം കിട്ടിയപ്പോഴേ പെണ്ണ് തനി കൊണം പുറത്തെടുത്തു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞാൽ തന്റെ കാര്യത്തിൽ എല്ലാംകൊണ്ടും ഒരു തീരുമാനം ഉണ്ടാവും എന്നവന് ഏറെക്കുറെ ബോധ്യമായി. എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന ഭാവത്തിൽ നോക്കി നിൽക്കുന്ന അവനെ നിരുപാധികം കയ്യൊഴിഞ്ഞ് അവർ സ്ഥലം കാലിയാക്കി. അപ്പു എഗൈൻ ട്രയൽ റൂമിന് മുന്നിലുള്ള കാവൽ നിൽപ്പ് തുടർന്നു. റോണിക്കും മറിയാമ്മക്കും ഒപ്പം നടക്കുമ്പോൾ എമിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി.

എന്തോ അവർക്കിടയിൽ കട്ടുറുമ്പ് ആവുന്നത് പോലെ. തന്നെ എങ്ങോട്ടും വിടാതെ രണ്ടുപേരും കൂടെ ചേർത്ത് നിർത്തുന്നുണ്ടെങ്കിലും ഒരുമിച്ച് കുറച്ച് നിമിഷങ്ങൾ അവരുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാവും. റോണിക്ക് ആഗ്രഹമില്ലെങ്കിലും മറിയാമ്മയ്ക്ക് നല്ല ആഗ്രഹമുണ്ട് അതുകൊണ്ടാണല്ലോ അവൾ തന്നോട് സ്കൂട്ടി ഓടിക്കാൻ ആവശ്യപ്പെട്ടതും. പക്ഷെ തന്നെ ഒറ്റപ്പെടുത്താതിരിക്കാനാണ് അവൾ അത് പുറമെ കാണിക്കാത്തത്. ഉള്ളാലെ ചിന്തിച്ചവൾ മറിയാമ്മയെ ഒന്നു നോക്കി. ഉള്ളിൽ എന്തെന്നില്ലാത്ത അസ്വസ്ഥത നിറയുന്നത് അവളറിഞ്ഞു. എടാ നിങ്ങൾ പോയി എന്താന്ന് വെച്ചാൽ നോക്ക് എനിക്ക് വേറെ ചില പർച്ചേസിങ് ഉണ്ട്. ഇത് തീരുമ്പോൾ നിങ്ങൾ എന്നെ വിളിച്ചാൽ മതി. അവരിൽ നിന്ന് ഒഴിഞ്ഞു മാറിയവൾ പറഞ്ഞു. അത് കേട്ടതും അവർ രണ്ടുപേരും അവളെ നോക്കി നെറ്റി ചുളിച്ചു. അതെന്നാ പറച്ചിലാ നമ്മൾ ഒരുമിച്ചല്ലേ വന്നത് അപ്പൊ എന്തെങ്കിലും പർച്ചേസിങ് ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു നടത്താം.

റോണി അവളെ വിടാതെ പിടിച്ചു നിർത്തി. അതുവേണ്ട രണ്ടും കൂടെ ഒരുമിച്ച് ആയാൽ ഇന്നൊന്നും തിരിച്ചു പോക്ക് നടക്കില്ല അതുമല്ല എനിക്ക് ഇവിടെ നിന്ന് ഒന്നും വാങ്ങാനില്ല അതുകൊണ്ട് മക്കൾ ചെന്ന് എന്താന്ന് വെച്ചാൽ വാങ്ങിക്ക് ചേച്ചി പോട്ടെ. അത്രയും പറഞ്ഞവൾ റോണിയുടെ മറുപടിക്കായി കാത്ത് നിൽക്കാതെ അവനിൽ നിന്ന് കൈ വലിച്ചെടുത്ത് പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു. ഇനി എന്തൊക്കെ പറഞ്ഞ് വിളിച്ചാലും അവൾ കൂടെ വരില്ല എന്നുറപ്പായതിനാൽ റോണി അവളെ തിരികെ വിളിച്ചില്ല. ഒരു പുഞ്ചിരിയോടെ അവൻ എമി പോയ വഴിയേ നോക്കി നിൽക്കുന്ന മറിയാമ്മയുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വല്യ കാര്യത്തിന് അവരെ തനിച്ചു വിട്ട് പുറത്തേക്കിറങ്ങിയെങ്കിലും അവൾക്ക് വല്ലാതെ ബോറടിക്കുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് അവിടെയും ഇവിടെയും ചുമ്മാ കറങ്ങി നടക്കുമ്പോൾ വല്ലാത്തൊരു വിരസത തോന്നി. ഒരു ഓട്ടോ പിടിച്ച് തിരികെ വീട്ടിൽ പോയാലോ എന്നുവരെ ആയി ആലോചന.

കുറച്ച് നേരം ഫോണിൽ തോണ്ടി നിന്നെങ്കിലും നോ രക്ഷ. ഒരിടത്ത് വെറുതെ ഇരുന്നിട്ട് ഇരിപ്പുറക്കാതെ ആയതും വീണ്ടും മാളിലൂടെ ഒരു ഓട്ടപ്രതിക്ഷണം നടത്തി. അങ്ങനെ അലസമായി അവിടെയും ഇവിടെയും നോക്കി വരുമ്പോഴാണ് മെന്റസ് വെയറിന് മുന്നിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിൽക്കുന്നത്. ഡിസ്പ്ലേയിൽ തന്നെ ഇട്ടിരിക്കുന്ന വൈറ്റ് ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ ഷർട്ട്‌ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. എന്തോ കണ്ടപ്പോൾ അച്ചുവിന് അത് നന്നായി ഇണങ്ങും എന്നവൾക്ക് തോന്നി. ഇതുവരെ ഒന്നും താൻ അവനായി വാങ്ങി നൽകിയിട്ടില്ല. എപ്പോഴും സർപ്രൈസ് ആയിട്ടും മനസ്സിൽ ആഗ്രഹിക്കുന്നതെന്തും അവൻ നടത്തി തരാറുണ്ട്. തിരികെ ഒരിക്കൽ പോലും ഒന്നും നൽകിയിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം ചിന്തയിൽ വരുന്നത് തന്നെ. അവളൊന്ന് ആലോചിച്ചു. എന്നാലും ആൾ തന്ന പൈസ കൊണ്ട് തന്നെ എങ്ങനെയാ ഷർട്ട്‌ വാങ്ങി കൊടുക്കുന്നത്?????? അവളുടെ ചുണ്ട് കൂർത്തു.

പിന്നെ എന്തോ ഓർത്തെന്നത് പോലെ ബാഗിന്റെ കുഞ്ഞ് അറ ഒന്നു പരിശോധിച്ചു നോക്കി. അതിനുള്ളിൽ ഇരിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് കണ്ടതും അവളുടെ മുഖം തെളിഞ്ഞു. പപ്പ പലപ്പോഴായി പോക്കറ്റ് മണിയായി തരുന്നതാണ്. ബാലൻസ് വരുന്നതെല്ലാം ഇങ്ങനെ കൂട്ടി വെക്കും അതുകൊണ്ട് എന്തായാലും ഒരു ഉപകാരം ഉണ്ടായി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. പിന്നെ മറുതൊന്നും ആലോചിക്കാതെ അവൾ മെൻസ് വെയറിലേക്ക് കയറി. അകത്ത് ചെന്നപ്പോഴുണ്ട് അടുത്ത പൊല്ലാപ്പ് അവന്റെ സൈസ് എത്രയാന്ന് അറിയില്ല. സൈസ് ചോദിച്ച് മുന്നിൽ നിൽക്കുന്ന സെയിൽസ്മാനോട്‌ ഉത്തരം പറയാൻ ആവാതെ അവൾ കുഴഞ്ഞു. വിളിച്ചു ചോദിക്കാം എന്ന് വിചാരിച്ചാൽ അത് മനസ്സിലാവും. പിന്നെങ്ങനെ????? സ്വന്തം കെട്ട്യോന്റെ ഷർട്ടിന്റെ സൈസ് അറിയാത്ത ആദ്യത്തെ ഭാര്യ ആയിരിക്കും താൻ. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വീട്ടിൽ നിന്നേ നോക്കിക്കൊണ്ട് വരാമായിരുന്നു ഇതിപ്പൊ പെട്ടെന്ന് ആയിരുന്നില്ലേ കാര്യങ്ങൾ. അവളൊന്ന് നെടുവീർപ്പിട്ടു. വീണ്ടും സെയിൽസ്മാൻ ചോദ്യം ആവർത്തിച്ചതും ഒരുവിധത്തിൽ ആൾക്ക് ഇത്ര ഹൈറ്റ് ഉണ്ട് വണ്ണമുണ്ട് എന്നൊക്കെ വിവരിച്ചു കാണിച്ചു കൊടുത്തു.

അവസാനം ഒരു ഉദ്ദേശം വെച്ച് അവൾ കണ്ട ഷർട്ടിന്റെ തന്നെ ഒരു സൈസ് എടുത്തു. ഇനിയിപ്പൊ പാകം ആയില്ലെങ്കിൽ ഇച്ചായനെയും കൂട്ടിവന്ന് മാറി വാങ്ങിക്കാം. ഒന്ന് നിശ്വസിച്ചവൾ ബില്ല് പേ ചെയ്തിറങ്ങി. കൂടെ വന്നതുങ്ങൾ ഈ നേരത്ത് ഒന്നും ഇറങ്ങില്ല എന്നറിയാവുന്നത് കൊണ്ട് അവൾ വീണ്ടും വെറുതെ അവിടവിടെ ചുറ്റിയടിച്ച് കറങ്ങി നടന്നു. കുറെ നേരം കഴിഞ്ഞതും വിശക്കുന്നതായി തോന്നിയതും അവൾ മറ്റൊന്നും ചിന്തിക്കാതെ ഫുഡ് കോർട്ടിലേക്ക് നടന്നു. അവിടെ ചെന്നിരുന്ന് ഓർഡർ കൊടുക്കാൻ തുനിയുമ്പോഴുണ്ട് റോണിയുടെ കാൾ. ഓർഡർ എടുക്കാൻ വന്നയാളെ തൽക്കാലത്തേക്ക് പറഞ്ഞയച്ച് അവൾ കാൾ അറ്റൻഡ് ചെയ്ത് അവരോട് ഫുഡ് കോർട്ടിലേക്ക് വരാൻ പറഞ്ഞു. ഫുഡ് എന്ന് കേട്ടാൽ അങ്ങ് ഉഗാണ്ടയിൽ നിന്നായാലും ഫ്ലൈറ്റ് പിടിച്ച് എത്തുന്ന ആൾക്കാർ ആയത് കൊണ്ട് 5 മിനിറ്റിൽ നാലെണ്ണവും പറന്നെത്തി. അവർ വന്നതും ഓർഡർ കൊടുത്തിട്ട് വെയിറ്റ് ചെയ്തു. ഇതാണോ ഇത്രയും നേരം കൊണ്ട് നീ പർചേസ് ചെയ്തത്??????

ടേബിളിൽ ഇരുന്ന ഷോപ്പിംഗ് കവറിലേക്ക് ചൂണ്ടി റോണി അവളെ ഒന്ന് നോക്കി. മറുപടിയായി അവളൊന്ന് കണ്ണിറുക്കി. അച്ചൂനായിരിക്കും. കവറിലേക്ക് നോട്ടം ഉറപ്പിച്ച് അപ്പു ചോദിച്ചതും അവളൊന്ന് ചിരിച്ചു. അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി??????? റോണി അപ്പുവിനെ നോക്കി നെറ്റി ചുളിച്ചു. പിന്നെ മെന്റസ് വെയറിൽ നിന്ന് വാങ്ങി ഇവൾ ഇടാൻ പോവുന്നുണ്ടോ??? തിരികെ പുച്ഛിച്ചു കൊണ്ട് അപ്പു ചോദിക്കുന്നത് കേട്ട് റോണിക്ക് പിടിച്ചില്ല. പിന്നേ മെന്റസ് വെയറിൽ നിന്ന് എടുക്കുന്നത് മുഴുവൻ കെട്ട്യോന് കൊടുക്കാനല്ലേ???? ഇതേ അവൾ എനിക്ക് വേണ്ടി മേടിച്ചതാ അല്ലെ എമീ?????? അതും പറഞ്ഞവൻ കവർ എടുക്കാൻ നോക്കിയതും എമി അവന്റെ കയ്യിൽ തല്ലി. ഒഞ്ഞു പോയെടാ.... ഇത് ഞാൻ എന്റെ ഇച്ചായന് വാങ്ങിയതാ അല്ലാതെ പുതിയ നെയിൽ പോളിഷ് വാങ്ങിയാൽ അതിനും ചിലവ് ചോദിച്ചു വരുന്ന നിനക്ക് വാങ്ങിയത് അല്ലെടാ ഓസീ..... അവനെ കൂർപ്പിച്ചു നോക്കി എമി പറയുന്നത് കേട്ട് അവന്റെ കൂടെ ഇരുന്ന മറിയാമ്മ അടക്കം എല്ലാവരും ചിരിച്ചു പോയി.

വോ അല്ലേലും ആർക്ക് വേണം നിന്റെ ഓഞ്ഞ ഗിഫ്റ്റ്. കൊണ്ടുപോയി നിന്റെ കുച്ചായന് തന്നെ കൊടുത്തോ...... നാല് ലോഡ് പുച്ഛം പുതിയതായി ഇറക്കുമതി ചെയ്തു റോണി മുഖം വെട്ടിച്ചു. എമിയാരാ മോൾ അതിന് മുന്നേ മുഖം തിരിച്ചു കളഞ്ഞു. ഓർഡർ ചെയ്തതെല്ലാം ടേബിളിൽ എത്തിയതും ആക്രമണം തുടങ്ങി. എമി ഒറ്റയ്ക്ക് ഇരുന്ന് കഴിച്ചപ്പോൾ മറുവശത്ത് പരസ്പരം ഊട്ടുന്നു ഉണ്ണുന്നു. ഇതെല്ലാം കണ്ട് പുച്ഛത്തോടെ ചുണ്ട് കോട്ടി എമിയും. വെറും അസ്സൂയ.... അങ്ങനെ മാമുണ്ണൽ എല്ലാം കഴിഞ്ഞ് മറിയാമ്മയെ കൊണ്ട് ബില്ലും പേ ചെയ്യിപ്പിച്ച് ഇറങ്ങി. അപ്പു സിനിമയ്ക്ക് കയറാം എന്ന് പറഞ്ഞതും എമി പിന്നോട്ട് വലിഞ്ഞു. അവൾ വരുന്നില്ല എന്ന് പറഞ്ഞതും നാലെണ്ണത്തിന്റെയും മുഖം വാടുന്നത് കണ്ട് മനസ്സില്ലാ മനസ്സോടെ അവൾ സമ്മതം മൂളി. നാലും സന്തോഷത്തോടെ ചാടി തുള്ളി പോവുന്നത് കണ്ട് പുറകെ ഒരു ചിരിയോടെ അവളും വെച്ചുപിടിച്ചു. ടിക്കറ്റ് എടുത്ത് അകത്ത് കയറിയതും ഒരു സൈഡിൽ നിവിയും അപ്പുവും മറുസൈഡിൽ റോണിയും മറിയാമ്മയും ഒത്ത നടുവിൽ എമിയും. രണ്ട് ജോടിയും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കുറുകുന്നത് നോക്കി ഇരുന്ന് എമി പല്ല് കടിച്ചു.

ലൈസെൻസ് ഉള്ള അപ്പുവിനെയും നിവിയെയും ഒന്നും പറയാൻ സാധിക്കാത്തത് കൊണ്ട് എമി ആ ദേഷ്യം റോണിയിൽ തീർത്തു. രണ്ടെണ്ണത്തിനെയും മാറ്റിയിരുത്തി നടുവിൽ കയറി അവൾ ഇരുന്നു. അതോടെ ഇച്ചിരി ആശ്വാസം കിട്ടി. റോണി കുറെ പ്രാകി നോക്കിയെങ്കിലും എമി നെവർ മൈൻഡ്. അവസാനം ചെക്കൻ എന്തൊക്കെയോ പിറുപിറുത്ത് തിരിഞ്ഞിരുന്നു. രണ്ടിന്റെയും മുഖത്തെ ദയനീയഭാവം കണ്ടപ്പോൾ എമിക്ക് പാവം തോന്നി. സ്ക്രീനിൽ ടൈറ്റിൽ എഴുതി കാണിക്കുന്നത് കണ്ടതും അവൾ മാറിക്കൊടുത്തു. അവളെ നന്ദിയോടെ ഒന്ന് നോക്കി റോണിയും മറിയാമ്മയും ചക്കരയും അടയും കണക്ക് ഒട്ടിയിരുന്നു. രണ്ടിന്റെയും കാട്ടിക്കൂട്ടൽ കണ്ടവൾ ചിരിയോടെ സ്ക്രീനിലേക്ക് കണ്ണ് നട്ടു. തിയറ്ററിൽ കയറിയാൽ മറ്റൊന്നും ശ്രദ്ധിക്കാതെ സിനിമയിൽ മാത്രം മുഴുകി ഇരിക്കുന്ന അവൾക്ക് ഇന്ന് എന്തോ അതിന് കഴിഞ്ഞില്ല. വല്ലാത്തൊരു ഒറ്റപ്പെടൽ പോലെ. ഇതിന് മുൻപ് എത്രയോ തവണ ഇതുപോലെ കറങ്ങാൻ പോയിരിക്കുന്നു ഒരിക്കൽ പോലും ഇങ്ങനെ ഒരു അസ്വസ്ഥത തോന്നിയിട്ടില്ല. പക്ഷെ ഇന്നാദ്യമായി.....

അപ്പുവിന്റെയും റോണിയുടെയും തോളിൽ തല ചായച്ച് ഇരുന്ന് സിനിമ ആസ്വദിക്കുന്ന നിവിയെയും മറിയാമ്മയെയും കാൺകെ അച്ചുവിനെ അവൾക്ക് വല്ലാതെ മിസ്സ്‌ ചെയ്യാൻ തുടങ്ങി. ദേഷ്യമോ സങ്കടമോ എന്തൊക്കെയോ ഉള്ളിൽ നിന്ന് തികട്ടി വന്നുകൊണ്ടിരുന്നു. എങ്ങനെയും വീട്ടിൽ എത്തിയാൽ മതി എന്ന ചിന്തയിൽ ഓരോ മിനിറ്റും അവൾ ഏറെ പണിപ്പെട്ട് തള്ളിനീക്കി. ഇന്റർവെൽ ആയപ്പോഴേക്കും ഇറങ്ങി ഓടാൻ തോന്നിയെങ്കിലും താൻ കാരണം അവരുടെ സന്തോഷം കൂടി കളയണ്ട എന്നുകരുതി ഒരുവിധം പിടിച്ചിരുന്നു. സിനിമ എങ്ങനെയും തീർത്ത് പുറത്തിറങ്ങി ഫുഡ് അടിച്ചിട്ട് വീണ്ടും കറങ്ങി നടക്കാൻ തുനിഞ്ഞ റോണിയെയും മറിയാമ്മയെയും വലിച്ച് എമി പുറത്തേക്കിറങ്ങി. കൊട്ട പോലെ മുഖവും വീർപ്പിച്ച് തന്നെ പ്രാകി വരുന്ന രണ്ടിനെയും അവൾ കണ്ടില്ല എന്ന് നടിച്ചു. അല്ല പിന്നെ ക്ഷമിക്കുന്നതിനും ഒരു പരിധി ഇല്ലേ????? കുരിശിങ്കൽ എത്തിയിട്ടും ചെക്കന്റെ മുഖം തെളിഞ്ഞിരുന്നില്ല. അവളത് കാര്യമാക്കാതെ അകത്തേക്ക് കയറി. പുറത്ത് നിന്ന് തിന്നതൊന്നും മതിയാകാഞ്ഞിട്ട് റോണി സാറായോട് ചോറും കറിയും ചോദിച്ച് വീണ്ടും കഴിക്കാനിരുന്നു.

എമിക്ക് പിന്നെ വയറു നിറഞ്ഞത് കൊണ്ട് വേണ്ടാന്നും പറഞ്ഞ് കൊണ്ടുവന്ന കവറും എടുത്ത് മുകളിലേക്ക് കയറി. റൂമിൽ ചെന്നതും ക്ഷീണം കാരണം ഡ്രസ്സ്‌ പോലും മാറാതെ അവൾ ബെഡിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോക്കുട്ടന്റെയും ഡിങ്കന്റെയും ബഹളം കേട്ടാണ് അവൾ പണിപ്പെട്ട് കണ്ണുകൾ വലിച്ചു തുറക്കുന്നത്. അടയാൻ വെമ്പുന്ന കൺപോളകളെ ഒരുവിധത്തിൽ തുറന്നു വെച്ച് അവൾ നോക്കവെ കാണുന്നത് ബെഡിൽ തനിക്ക് ഇരുവശത്തുമായി ഇരുന്ന് തന്നെ ഉണർത്താൻ ശ്രമിക്കുന്ന രണ്ടിനെയുമാണ്. രണ്ടിന്റെയും കളി കണ്ട് ചിരി വന്നതും അവൾ എഴുന്നേറ്റിരുന്നു. ഹെഡ്ബോർഡിലേക്ക് ചാരി അവൾ ഇരിക്കുന്നത് കണ്ടതും ജോക്കുട്ടൻ അവളുടെ മടിയിലേക്ക് പിടഞ്ഞു കയറി. പിന്നാലെ ഡിങ്കനും. എമീ ബാ.... നമക്ക് കച്ചാം....... അവൾ ഇട്ടിരുന്ന ഷർട്ടിൽ പിടിച്ചു വലിച്ചവൻ കൊഞ്ചിയതും അവളൊന്ന് ചിരിച്ചു. എമി ആകെ മുഷിഞ്ഞിരിക്കുവാടാ ചക്കരെ. എമി ഈ ഉടുപ്പൊക്കെ മാറിയിട്ട് വരട്ടെ അതുവരെ ഡിങ്കന്റെ കൂടെ അടങ്ങി ഇരുന്നു കളിച്ചോളണം കേട്ടോ. താടിയിൽ പിടിച്ചു കൊഞ്ചിച്ചവൾ പറയവെ ആൾ തലയാട്ടി സമ്മതിച്ചു.

ജോക്കുട്ടന്റെ കവിളിൽ ഒന്ന് മുത്തി മടിയിൽ ഇരുന്ന രണ്ടെണ്ണത്തിനെയും എടുത്ത് ബെഡിൽ ഇരുത്തി അവൾ കബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് ഫ്രഷാവാൻ കയറി. തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ അതുവരെയുള്ള അലസതയെല്ലാം വിട്ടൊഴിഞ്ഞിരുന്നു. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങിയതും ജോക്കുട്ടൻ വന്ന് വട്ടം പിടിച്ചു. പിന്നെ ചെക്കനെയും എടുത്ത് താഴേക്ക് നടന്നു. പിന്നാലെ ഡിങ്കനും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഹാളിൽ എത്തിയതും ആരെയും കാണാതെ ആയതും ജോക്കുട്ടനെ സെറ്റിയിൽ ഇരുത്തിയിട്ട് അവൾ അടുക്കളയിലേക്ക് നടന്നു. റോണി പോയോ അമ്മച്ചീ?????? അടുക്കളയിൽ പിന്തിരിഞ്ഞു നിന്ന് എന്തോ ചെയ്തു കൊണ്ടിരുന്ന സാറായിലേക്ക് നടന്നടുത്തവൾ ചോദിച്ചു. അവൻ പോയി മോളെ. പോവാൻ നേരം നിന്നെ നോക്കി റൂമിൽ വന്നിരുന്നു ഉറങ്ങുവാണെന്ന് കണ്ടപ്പോൾ ശല്യം ചെയ്യാതെ തിരികെ പോന്നു. എണീറ്റാൽ നിന്നോട് പറയണം എന്നു പറഞ്ഞിട്ടാണ് ഇറങ്ങിയത്. എമിക്ക് നേരെ തിരിഞ്ഞു പറഞ്ഞവർ സ്റ്റവിലേക്ക് പാൻ എടുത്തു വെച്ചു. ബാക്കിയുള്ളവർ ഒക്കെ എവിടെയാ അമ്മച്ചീ അനക്കം ഒന്നും കേൾക്കുന്നില്ലല്ലോ????????

ഇച്ചായൻ ഓഫീസിൽ നിന്നൊരു കാൾ വന്നിട്ട് പോയതാ. രാവിലത്തെ ബഹളം കാരണം ഡാഡിയും മോനും ഇന്ന് ഓഫീസിലോട്ട് പോയിട്ടില്ലല്ലോ അവിടെ എന്തോ കണക്ക് നോക്കാനോ മറ്റോ മാനേജർ വിളിച്ചതാ. പിന്നെ ആൽവിച്ചൻ മോളെയും കൊണ്ട് ഉച്ചക്ക് ഹോസ്പിറ്റലിലേക്ക് പോയതാ ഇതുവരെ ആയിട്ടും എത്തിയിട്ടില്ല. വിളിച്ചു ചോദിച്ചപ്പോൾ ഇറങ്ങിയതേ ഉള്ളൂ എന്നാ പറഞ്ഞത്. അമ്മച്ചീടെ മോൾ വന്നപ്പോഴേ മുറിയിലേക്ക് പോയത് കൊണ്ടാ ഇതൊന്നും അറിയാഞ്ഞത്. പറയുന്നതിനൊപ്പം തന്നെ അവർ പാനിൽ നെയ് ഒഴിച്ച് നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രപ്പഴം എടുത്ത് പാനിലേക്ക് നിരത്തി. മറുപടിയായി അവളൊന്ന് ചിരിച്ചു കൊണ്ട് കിച്ചൺ സ്ലാബിലേക്ക് ചാരി നിന്നു. ഇതെന്നതാ അമ്മച്ചീ ഉണ്ടാക്കുന്നത്???? പാനിലേയ്ക്ക് ഒന്ന് നോക്കിയവൾ ചോദിച്ചു. ഒരു പഴം വെറുതെ ഇരിക്കുന്നത് കണ്ടപ്പൊ മൊരിയിച്ച് എടുക്കാം എന്നുകരുതി. ജോക്കുട്ടന് ഇങ്ങനെ ഉണ്ടാക്കുന്നത് വല്യ ഇഷ്ടാ. നിനക്ക് വേണോ കൊച്ചേ??????

തവി കൊണ്ട് ഇരുവശവും മറിച്ചിടുന്നതിൽ ശ്രദ്ധ ചെലുത്തികൊണ്ടവർ ചോദിച്ചു. ഏയ്‌ എനിക്ക് വേണ്ട. പഴം കൊണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നത് അതുകൊണ്ട് ചോദിച്ചെന്നേ ഉള്ളൂ. എങ്കിലേ എന്റെ മോൾ ചെന്ന് ഇത് ജോക്കുട്ടനെ കഴിപ്പിച്ചേ ഉച്ച മുതൽ ചെക്കൻ ഒന്നും നേരാവണ്ണം കഴിച്ചിട്ടില്ല. ഇരുവശവും മൊരിയിച്ച നേന്ത്രപ്പഴം ഒരു പ്ലേറ്റിലേക്ക് പകർത്തി അവളുടെ കയ്യിൽ കൊടുത്തവർ പറഞ്ഞു. കൂടെ ഒരു ഗ്ലാസ്‌ പാലും എടുത്തു കൊടുത്തു. എമി ഒന്ന് തലയാട്ടി രണ്ട് കയ്യിലുമായി പിടിച്ച് അവൾ ജോക്കുട്ടന് അരികിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് അകത്തേക്ക് വരവേ കണ്ടു പുറത്ത് ജോക്കുട്ടന് പുറകെ പ്ലേറ്റും പിടിച്ച് ഓടുന്ന എമിയെ. ജോക്കുട്ടനെ എങ്ങനെയും കഴിപ്പിക്കാനുള്ള പരിശ്രമത്തിലാണ് എമി അവനാണെങ്കിൽ ഡിങ്കന്റെ ഒപ്പം പന്ത് തട്ടുന്ന തിരക്കിലും. വണ്ടിയുടെ സൗണ്ട് കേട്ടതും ചെക്കൻ അച്ചുവിന് നേരെ ഓടി. അച്ചൂ............. സന്തോഷത്തോടെ അലച്ചു കൂവിക്കൊണ്ടുള്ള ചെക്കന്റെ വരവ് കണ്ടതും പോർച്ചിൽ വണ്ടി സ്റ്റാൻഡിൽ ഇട്ട് അതിൽ നിന്ന് ഇറങ്ങാതെ തന്നെ അച്ചു അവനെ എടുത്ത് മുന്നിൽ ഇരുത്തി. മുഖത്തൊക്കെ പഴം പറ്റിപ്പിടിച്ച് ഇരുപ്പുണ്ട്.

ചുണ്ടിൽ ആളെ മയക്കുന്ന ഒരു ചിരിയും. എന്തോ കാര്യം സാധിച്ചെടുക്കാനുള്ള അടവാണ്. ദേ ഇതുകൂടി കഴിച്ചേ അപ്പോഴേക്കും എന്റെ ജോക്കുട്ടൻ ഗുഡ് ബോയ് ആവും. പഴം ഉടച്ച് അവന് നേരെ നീട്ടി എമി പറഞ്ഞതും ചെക്കൻ അത് വായിലാക്കി കഴിഞ്ഞിരുന്നു. സാധാരണ എന്തെങ്കിലും ഓഫർ ഇല്ലാതെ മുഴുവൻ കഴിച്ചു തീർക്കാത്ത ആളാണ് എന്തോ കാര്യമായി ആലോചിച്ചു വെച്ചിട്ടുണ്ട് അല്ലെങ്കിൽ ഇങ്ങനെ വരാൻ വഴിയില്ല. മനസ്സിൽ ചിന്തിക്കുന്നതിനൊപ്പം അച്ചു ജോകുട്ടനെ ഒന്നു നോക്കി. തന്റെ സംശയം ഊട്ടി ഉറപ്പിക്കും വിധം ഒരു കള്ളചിരി അവന്റെ മുഖത്ത് കണ്ടതും എന്തോ പണി വരുന്നുണ്ട് എന്ന് അച്ചു മനസ്സിൽ ഉറപ്പിച്ചു. ഇനി വാ നമുക്ക് ദേഹം കഴുകി ഈ ഉടുപ്പൊക്കെ മാറ്റാം. പറയുന്നതിനൊപ്പം തന്നെ എമി ജോക്കുട്ടനെ വണ്ടിയിൽ നിന്നെടുത്ത് അകത്തേക്ക് തിരിഞ്ഞു നടന്നു കഴിഞ്ഞു. താൻ എന്നൊരാൾ അവിടെ ഉള്ളത് പോലും ശ്രദ്ധിക്കാതെ പോവുന്ന എമിയെ കണ്ട് അച്ചു കണ്ണ് കുറുക്കി. സാധാരണ തന്നെ കാണുമ്പോൾ തന്നെ വന്ന് കയ്യിൽ തൂങ്ങി വായിട്ടലക്കുന്ന പെണ്ണാണ്. ഇവൾക്കിത് എന്തുപറ്റി?????? നെറ്റി ചുളിച്ച് സ്വയം പറഞ്ഞവൻ ഹെൽമെറ്റ്‌ അഴിച്ച് കയ്യിലെ ഫയലുമായി അകത്തേക്ക് കയറി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story