ഹൃദയതാളമായ്: ഭാഗം 111

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഫ്രഷായി മുഖത്തെ വെള്ളത്തുള്ളികൾ ടവലിനാൽ ഒപ്പിയെടുത്ത് വാഷ്റൂമിൽ നിന്ന് ഇറങ്ങവെ മുറിയിൽ പിന്തിരിഞ്ഞു നിൽക്കുന്ന എമിയെ കണ്ടതും അച്ചു ഒന്ന് നിന്നു. റൂമിൽ അവൻ വന്നതൊന്നും അറിയാതെ എന്തോ ഗംഭീര ആലോചനയിലാണ് അവൾ. ശബ്ദം ഉണ്ടാക്കാതെ മെല്ലെ ചെന്ന് പിന്നിൽ നിന്ന് ചുറ്റി പൊക്കി എടുത്തതും പെണ്ണ് ഞെട്ടി ഒന്ന് കുതറി. കയ്യിൽ കിടക്കുന്ന എമിയെ ടേബിളിന് മുകളിൽ കൊണ്ടുപോയി ഇരുത്തി അവൾക്ക് ഇരുവശത്തും കൈ കുത്തി നിന്നു. ഇച്ചായാ...... എന്നാ പണിയാ ഈ കാണിച്ചത്????? പല്ല് കടിച്ചവൾ അവനെ ദേഷ്യത്തിൽ നോക്കി. ആഹാ.... അപ്പൊ നിനക്ക് നാക്ക് ഉണ്ടായിരുന്നല്ലേ ഞാൻ വിചാരിച്ച് ഇറങ്ങി പോയെന്ന്. പരിഹാസ രൂപത്തിൽ അവൻ പറഞ്ഞതും ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കി. എന്നതാടി ആ ഉണ്ടകണ്ണ് ഇട്ട് ഉരുട്ടുന്നത് ഞാൻ വന്നപ്പൊ എന്നെ ഒന്ന് നോക്കാതെ കൊച്ചിനെയും എടുത്ത് പോരണത് കണ്ടല്ലോ അവിടെ ഞാൻ നിന്നത് നിന്റെ കണ്ണിൽ പെട്ടില്ലേ?????

ദേഷ്യവും പരിഭവവും എല്ലാം ആ ചോദ്യത്തിൽ നിറഞ്ഞിരുന്നു. എന്റെ കാൾ അറ്റൻഡ് ചെയ്യാത്തവരോട് മിണ്ടാൻ എനിക്ക് മനസ്സിലായിരുന്നു. കെറുവോടെ മുഖം തിരിച്ചവൾ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു. നീ പോവുന്ന വിവരം പറയാൻ എന്നെ വിളിച്ചപ്പൊ ഞാൻ എടുത്ത് സംസാരിച്ചതല്ലേ?????? അതിന് മറുപടി ഒന്നും പറയാതെ ടേബിളിൽ ഇരുന്ന അവന്റെ ഫോൺ എടുത്ത് ലോക്ക് ഓപ്പൺ ചെയ്ത് അവന് നേരെ നീട്ടി. അത് വാങ്ങിനൊക്കുമ്പോഴാണ് സ്‌ക്രീനിൽ തെളിയുന്ന എമിയുടെ പേരിലെ 3 മിസ്സ്‌ കാളുകൾ കണ്ണിൽ പെടുന്നത്. ഉച്ചക്ക് വിളിച്ചതാണ് തിരക്ക് കാരണം താൻ ശ്രദ്ധിച്ചില്ല. അബദ്ധം സംഭവിച്ചത് പോലെ തലയുയർത്തി അവൾക്ക് നേരെ നോക്കവേ പരിഭവത്താൽ മുഖം വീർപ്പിച്ചിരിക്കുന്ന എമിയെ ആണ് കാണുന്നത്. ജോലി തിരക്ക് കാരണം എടുക്കാൻ പറ്റാഞ്ഞതിനാണോടീ നീ ഈ മോന്ത വീർപ്പിച്ചിരിക്കുന്നത്????? അത് സമ്മതിച്ചു പക്ഷെ മിസ്സ്‌ കാൾ കാണുമ്പോൾ ഒന്ന് തിരിച്ചു വിളിക്കേണ്ട മര്യാദ ഇല്ലേ?????

കണ്ണ് കൂർപ്പിച്ചവൾ അവനെ നോക്കി. സത്യായിട്ടും ഞാൻ കണ്ടില്ലെടീ ഫോൺ സൈലന്റ് ആയിരുന്നു. ശ്വാസം വലിച്ചു വിട്ട് ശാന്തമായി അവൻ പറഞ്ഞതും അവൾ ഒന്ന് അയഞ്ഞു. മ്മ്മ്മ്..... ശരി. ഇനി ഇങ്ങനെ ആവർത്തിക്കരുത്. ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ പറഞ്ഞവൾ ടേബിളിൽ നിന്ന് താഴെക്കിറങ്ങാൻ ശ്രമിച്ചു. ഹാ..... പോവല്ലേ. ഞാൻ ചോദിക്കട്ടെ. അവളെ ഇറങ്ങാൻ സമ്മതിക്കാതെ അച്ചു ഒന്നുകൂടി ടേബിളിലേക്ക് കയറ്റി ഇരുത്തി. ഇന്ന് ഫ്രണ്ട്സുമായിട്ട് കറങ്ങാൻ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു???? മ്മ്മ്???? എമിയുടെ മുഖത്തേക്ക് കിടന്ന മുടിയിഴകൾ ഒതുക്കി വെച്ചവൻ പിരികം ഉയർത്തി. ഷോപ്പിംഗ് നടത്തി സിനിമ കണ്ടു ഫുഡ് അടിച്ചു തിരിച്ചു പൊന്നു. അവനെ ശ്രദ്ധിക്കാതെ അലസമായി അവൾ പറഞ്ഞു. അത്രേ ഉള്ളോ????? അച്ചു നെറ്റിച്ചുളിച്ചു. ആഹ് അത്രേ ഉള്ളൂ...... അങ്ങനെ വരാൻ വഴിയില്ലല്ലോ. സാധാരണ എങ്ങോട്ടെങ്കിലും പോയാൽ ആ വിശേഷം പറഞ്ഞ് എന്റെ ചെവി തിന്നുന്ന ആളാണല്ലോ ഇന്ന് ഇതെന്നാ പറ്റി??????

മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി അവൻ ചോദിക്കവെ മറുപടി ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് മുറുകെ പുണർന്നിരുന്നു. പെട്ടെന്നുള്ള അവളുടെ പ്രവർത്തി അവനിൽ അത്ഭുതം നിറച്ചു. എങ്കിലും അവളുടെ ഉള്ളിൽ എന്തോ ഒരു ദുഃഖം ഉണ്ടെന്ന് അച്ചുവിന് തോന്നി. അവന്റെ കൈകൾ അവളെ പൊതിയുന്നതിനൊപ്പം ടേബിളിൽ നിന്ന് ഇറക്കി താഴെ നിർത്തി. നെഞ്ചിൽ അമർത്തി വെച്ചിരുന്ന അവളുടെ കുഞ്ഞു മുഖം കൈകളാൽ പൊന്തിച്ച് അവന് നേരെ ആക്കി. എന്നതാ എന്റെ കൊച്ചിന് ഇത്ര വിഷമം ഹേ????? കവിളിലൂടെ വിരലോടിച്ചു കൊണ്ടവൻ അവളോടായി ചോദിച്ചു. ഇന്ന് ഞാൻ ഇച്ചായനെ എത്ര മിസ്സ്‌ ചെയ്തു എന്നറിയോ????? അവരൊക്കെ അവരുടേതായ ലോകത്ത് ഞാൻ മാത്രം........ അത് പറയവെ എന്തിനെന്നറിയാതെ അവളുടെ തൊണ്ട ഇടറി. കണ്ണുകൾ കലങ്ങി. അവളുടെ ഭാവങ്ങൾ അവനിൽ ഒരേ സമയം അലിവും ചിരിയും നിറച്ചു. അയ്യേ..... നാണം ഉണ്ടോടീ പൊടിക്കുപ്പീ ഈ നിസാര കാര്യത്തിന് ഇങ്ങനെ കണ്ണീരൊലിപ്പിക്കാൻ?????

മൂക്കിൽ വിരൽ വെച്ചവൻ പറഞ്ഞതും അവളുടെ ചുണ്ടുകൾ കൂർത്തു. ദേഷ്യത്തിൽ നെഞ്ചിൽ കൈ വെച്ച് അവനെ തള്ളി മാറ്റി പോവാൻ ആഞ്ഞു. പിണങ്ങി അങ്ങ് പോവാതെടീ........ പറയുന്നതിനൊപ്പം ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ ദേഹത്തേക്ക് ചേർത്ത് നിർത്തി. വിട് എന്നെ....... വാശിയോടെ അവന്റെ കൈകൾക്കുള്ളിൽ കിടന്ന് കുതറവെ ദേഷ്യം നിറഞ്ഞ ആ വാക്കുകൾ അവളിൽ നിന്ന് പുറത്ത് വന്നു. അടങ്ങി നിക്കെടീ പെമ്പറന്നോത്തി...... അവളിലെ പിടി ഒന്നുകൂടി മുറുക്കിക്കൊണ്ടവൻ പറഞ്ഞതും കൈ കെട്ടി നിന്നവൾ മുഖം വെട്ടിച്ചു. വാശി കാണിക്കുന്ന കൊച്ചുകുട്ടിയുടെ ഭാവം ആയിരുന്നു അവളിലപ്പോൾ. അത് നോക്കി അച്ചു ഒരു ചിരിയോടെ അവളുടെ കവിളിൽ കൈചേർത്തു. ഇങ്ങോട്ട് നോക്കിയേ....... മറ്റെങ്ങോ ദൃഷ്ടി ഉറപ്പിച്ചു നിർത്തിയ അവളുടെ മുഖം തനിക്ക് നേരെ തിരിച്ചു. അവർക്ക് വല്ലപ്പോഴും വീണ് കിട്ടുന്ന അവസരങ്ങൾ അല്ലേടാ ഇതൊക്കെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഉള്ളിന്റെ ഉള്ളിൽ അവർക്കും കാണില്ലേ അപ്പൊ നമ്മൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൊടുക്കണ്ടേ????? അതിന് എന്റെ കൊച്ച് ഇങ്ങനെ മൂഡോഫ് ആയി ഇരിക്കേണ്ട കാര്യമുണ്ടോ?????

പെരുവിരലിനാൽ അവളുടെ ഇരുകവിളിലും തലോടി അവൻ ചോദിച്ചു. അതൊക്കെ എനിക്കും അറിയാവുന്നതല്ലേ ഇച്ചായാ. മറിയാമ്മയെ റോണിക്കൊപ്പം എത്തിക്കാൻ വേണ്ടി ആയിരുന്നില്ലേ ഞാൻ അവർക്കൊപ്പം പോയത് തന്നെ. പിന്നെന്നാത്തിനാ നീ ഇങ്ങനെ മുഖം വീർപ്പിച്ചു കെട്ടി ഇരിക്കുന്നത്??? എന്തോ അവരിൽ നിന്ന് ഒറ്റയ്ക്ക് മാറി നടന്നപ്പോൾ എനിക്കെന്തോ വല്ലാത്ത സങ്കടം പോലെ. ശരിക്കും ഒറ്റപ്പെട്ടത് പോലെ.... ഞാൻ തനിച്ചായത് പോലെ തോന്നിപ്പോയി. ഉള്ളിൽ ഉറ കൂടിയ നോവ് വിതുമ്പലായി പുറത്തേക്ക് വന്നു. എമിയുടെ വാക്കുകൾ അവനിൽ വല്ലാത്ത ദേഷ്യം നിറച്ചു. കണ്ണ് നിറച്ച് വീണ്ടും തന്നിലേക്ക് ചേരാൻ നിന്ന അവളുടെ തോളിൽ കരം ചേർത്തവൻ അവനിൽ നിന്ന് അകത്തി മാറ്റി. ഇനി മിണ്ടിയാൽ പൊക്കിയെടുത്ത് ഞാൻ കൊണ്ടുപോയി വല്ല കിണറ്റിലും താഴ്ത്തും..... ഒറ്റയ്ക്കായ് പോയി പോലും പിന്നെ ഞാൻ നിന്റെ ആരാടീ??????? എമിയുടെ കൈകളിൽ അമർത്തി പിടിച്ചവൻ അവൾക്ക് നേരെ ശബ്ദം ഉയർത്തി. അപ്പോഴേക്കും അവൾ അച്ചുവിനെ പുണർന്നു അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. ഇതല്ലാതെ അവന്റെ ദേഷ്യം ശമിപ്പിക്കാൻ മറ്റൊരു വഴിയും ഇല്ലെന്ന് അവൾക്കറിയാമായിരുന്നു.

വിടെടീ കോപ്പേ..... ഇത്രയും നേരം കിടന്ന് കണ്ണീരൊഴുക്കിയിട്ട് എന്റെ പെടലിക്ക് തൂങ്ങുന്നോ??????കപടദേഷ്യത്തിൽ അവൻ പറഞ്ഞതും അവൾ ഒന്നുകൂടി അവനെ വലിഞ്ഞു മുറുക്കി. വിടൂല.... ഞാനേ ഏസിപി അഗസ്റ്റി പോളിനെ അല്ല എന്റെ ഡ്രാക്കൂനെയാ കെട്ടിപ്പിടിച്ചത്. താൻ പോടോ കള്ള ഐപിഎസ്സെ...... കുറുമ്പൊളിപ്പിച്ചു വെച്ച അവളുടെ സംസാരം കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. തോളിൽ തല ചേർത്ത് കിടക്കുന്നവളെ പൊക്കിയെടുത്ത് ബെഡിലേക്ക് ഇട്ടു. എഴുന്നേൽക്കാൻ നോക്കിയിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് എമി ആ സാഹസത്തിന് മുതിർന്നില്ല. പുറകെ തന്നെ അച്ചു അവൾക്ക് മുകളിലായി ഇരുവശത്തും കൈകുത്തി നിന്ന് അവളെ നോക്കി. എടീ എടീ... ബാങ്ക് മാനേജർ ജോൺ സാമുവേലിന്റെ മകൾ എമിയേ..... എന്തോ............ അവൻ പറഞ്ഞ അതേ താളത്തിൽ അവൾ ആ വിളി കേട്ടു. നീയാരാടീ രണ്ട് ബക്കറ്റ് കണ്ണുനീരുമായി നടക്കുന്ന സീരിയലിലെ നായികയോ???? ഉളുപ്പുണ്ടോടീ നിനക്ക് ഇങ്ങനെ കിടന്ന് മോങ്ങാൻ????? അച്ചുവിന്റെ ചോദ്യത്തിന് അവളൊന്ന് ഇളിച്ചു കാണിച്ചു. ഒരു കൈയബദ്ധം നാറ്റിക്കരുത്.

ചമ്മലോടെ അവൾ കണ്ണിറുക്കി. മറുപടിയായി കിട്ടിയത് കവിളിൽ ഒരു കടിയായിരുന്നു. സ്സ്.......... അവൾ എരിവ് വലിച്ചു അവനെ കൂർപ്പിച്ചു നോക്കിയതും അച്ചു മീശയുടെ അറ്റം കടിച്ചു പിടിച്ച് ചിരിച്ചു. അയ്യേ.... അച്ചു എമീനെ കച്ചേ........ വാതിൽക്കൽ നിന്നുള്ള ആ നിലവിളി കേട്ടതും രണ്ടും ഞെട്ടി ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് നോക്കി. വാതിൽക്കൽ നിൽക്കുന്ന ജോക്കുട്ടനെ കണ്ടതും എമി അച്ചുവിനെ കലിപ്പിച്ച് ഒന്ന് നോക്കി. ഈ സമയം കൊണ്ട് ജോക്കുട്ടൻ ഓടി വന്ന് ബെഡിലേക്ക് കയറി. മായ്......... അവന്റെ കുഞ്ഞു കൈകൊണ്ട് അച്ചുവിനെ എമിയുടെ മുകളിൽ നിന്ന് തള്ളി മാറ്റി അവൻ അവളുടെ പുറത്തേക്ക് കിടന്നു. ഇവിദെ നൊന്തോ എമീ?????? അച്ചു കടിച്ചിടത്ത് തഴുകി കൊണ്ട് ചെക്കൻ ചോദിച്ചതും എമി അച്ചുവിനെ നോക്കി പിന്നെ മുഖത്ത് സങ്കടഭാവം ഫിറ്റ്‌ ചെയ്ത് ജോക്കുട്ടനെ നോക്കി തലയാട്ടി. അത് കാണേണ്ട താമസം ജോക്കുട്ടൻ എമിയുടെ ദേഹത്ത് നിന്ന് എഴുന്നേറ്റ് അച്ചുവിന് നേരെ കൂർപ്പിച്ചു നോക്കി. ചെക്കന്റെ ഭാവം കണ്ടതും അച്ചു എമിയെ നോക്കി കണ്ണുരുട്ടി കൊണ്ട് ജോക്കുട്ടന് മുന്നിൽ നിഷ്കു ആയി നിന്നു. എമി കട്ടിലിൽ നിന്ന് എഴുന്നേറ്റ് അച്ചുവിനെ നോക്കി പുച്ഛിച്ചു.

എനിക്കും ചോദിക്കാനും പറയാനും ആളുണ്ട് എന്ന ഭാവത്തിൽ അവനെ നോക്കി. അച്ചു എന്നിനാ എമിയെ കച്ചത്????? കന്താ എമിച്ച് വേന എത്തില്ലേ????? ഗൗരവത്തിൽ ജോക്കുട്ടൻ അവനെ നോക്കി. എമിച്ച് വേന മായാൻ ഉമ്മ കൊത്തേ.... ചെക്കന്റെ ഡിമാൻഡ് കേട്ടതും എമിയുടെ കണ്ണ് തള്ളി. അച്ചുവിനെ പിടിച്ച് അടിക്കും വഴക്കിടും എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന പെണ്ണ് അവന്റെ ആ ഡയലോഗ് കേട്ടതും പകച്ചുപോയി. എന്നാൽ അച്ചുവിന്റെയും ജോക്കുട്ടന്റെയും ചുണ്ടിൽ അന്നേരം ഒരു കള്ളചിരി ആയിരുന്നു. അതെന്തിനാ ജോക്കുട്ടാ ഉമ്മ കൊടുക്കണേ????? ചുണ്ടിൽ ഒളിപ്പിച്ച കുസൃതിചിരിയോടെ അച്ചു അവനെ നോക്കി. അന്ന് എന്തെ കൈ പൊത്തിയപ്പൊ വേന മായാൻ എമി എനിച്ച് ഉമ്മ തന്നല്ലോ. അച്ചു ഉമ്മ കൊത്താൽ എമീത വേനയും മായും. വല്യ കാര്യത്തിൽ അവൻ പറയുന്നത് കേട്ട് എമി തലയിൽ കൈ വെച്ചുപോയി. ഏത് നേരത്താണാവോ ദൈവമേ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്?????

ആരോടെന്നില്ലാതെ അവൾ ചോദിച്ചു. അപ്പൊ ഞാൻ ഉമ്മ കൊടുത്താൽ എമിയുടെ വേദന മാറും അല്ലെ?????? ഇടം കണ്ണിട്ട് എമിക്ക് നേരെ നോട്ടം എറിഞ്ഞവൻ കുഞ്ഞിനോട് ചോദിച്ചു. ആഹ്......... ചെക്കൻ ആവേശത്തോടെ തല കുലുക്കി. എങ്കിൽ കൊടുത്തു കളയാം. കണ്ണിറുക്കി അവൻ പറഞ്ഞതും എമി ചാടി എഴുന്നേറ്റു. ദേ ജോക്കുട്ടാ എന്റെ വേദന എല്ലാം പോയി. ഇനി ഉമ്മ ഒന്നും വേണ്ട. കവിളിൽ തൊട്ട് പറഞ്ഞവൾ അവിടുന്ന് രക്ഷപ്പെടാൻ നോക്കി. ഏയ്‌... അങ്ങനെ പറഞ്ഞാൽ പറ്റില്ല ഉമ്മ കൊടുത്താലേ വേദന മാറൂ അല്ലെ ജോക്കുട്ടാ?????? അവിടുന്ന് മുങ്ങാൻ നോക്കിയ എമിയെ വലിച്ച് മടിയിലേക്ക് ഇട്ടു കൊണ്ടവൻ ജോക്കുട്ടനോട് ചോദിച്ചു. ഉമ്മ കൊത്താലേ വേന പോവൂ.... ഉമ്മ കൊക്ക് അച്ചൂ...... ജോക്കുട്ടൻ നിർബന്ധിക്കുകയാണ്. ചുണ്ട് കടിച്ചു പിടിച്ച് തന്നെ നോക്കുന്ന അച്ചുവിനെ കണ്ടതും എമി വേണ്ട എന്നർത്ഥത്തിൽ തലയാട്ടി. അച്ചു ഉണ്ടോ വിടുന്നു. തന്റെ മടിയിൽ ഇരിക്കുന്നവളെ ഇടുപ്പിലൂടെ ചുറ്റി തനിക്ക് നേരെ അടുപ്പിച്ചു. അടുത്ത നിമിഷം തന്നെ അവന്റെ അധരങ്ങൾ അവളുടെ കവിളിൽ ആഴത്തിൽ പതിഞ്ഞു. കവിളിൽ ചുംബിക്കുന്നതിനൊപ്പം അവൻ മീശ അവിടെ കൊണ്ട് ഉരസി.

അവന്റെ മീശ കുത്തിക്കൊണ്ടതും എമി ഒന്ന് പുളഞ്ഞു. അത് കണ്ടതും ജോക്കുട്ടന് സഹിച്ചില്ല. വേന പോയില്ല അച്ചൂ ഇനീം കൊക്ക്...... എമിയെ സങ്കടത്തോടെ നോക്കി ജോക്കുട്ടൻ പറയുന്നത് കേട്ട് അച്ചു കണ്ണിറുക്കി ചിരിച്ചു. അല്ല അതിന് വേണ്ടി തന്നെ ആണല്ലോ ആ പണി കാണിച്ചതും. അച്ചുവിന്റെ മുഖത്തെ ചിരി കണ്ടതും എമി അവനെ നോക്കി ദഹിപ്പിച്ചു. അച്ചു നെവർ മൈൻഡ്. വീണ്ടും അവളുടെ കവിളിൽ ഇടതടവില്ലാതെ അധരങ്ങൾ പതിപ്പിച്ചു കൊണ്ടിരുന്നു. ആദ്യം ഒക്കെ ചമ്മൽ തോന്നിയെങ്കിലും പതിയെ അവളിലും പുഞ്ചിരി തെളിഞ്ഞു. ജോക്കുട്ടന്റെ കണ്ണ് വെട്ടിച്ച് എമിയുടെ കഴുത്തിൽ കൂടി മുദ്ര പതിപ്പിച്ചിട്ടാണ് അച്ചു ഉമ്മ കൊടുക്കൽ മഹാമഹം നിർത്തിയത്. ഈ സമയം കൊണ്ട് ജോക്കുട്ടൻ എമിയുടെ മടിയിലേക്ക് വലിഞ്ഞു കയറി ഇരുന്നു. എമി അവനെ പൊതിഞ്ഞു പിടിച്ചതും ഒരു കയ്യാൽ അച്ചു അവനെയും എമിയേയും ചേർത്ത് പിടിച്ചു. അച്ചൂ........... കൊഞ്ചിക്കൊണ്ട് അവൻ വിളിച്ചു. എന്നാടാ?????? അച്ചു അവന്റെ തലയിൽ ഒന്ന് തഴുകി കൊണ്ട് തിരക്കി. കതല് കാണാൻ പോവന്തേ?????? ചെക്കന്റെ ചോദ്യം കേട്ടതും അച്ചു അവനെ നോക്കി നെറ്റി ചുളിച്ചു. കടല് കാണാൻ പോവാനോ?????

ആര് പറഞ്ഞു????? ഡാഡി പഞ്ഞല്ലോ അച്ചു കതല് കാച്ചാൻ കൊന്തു പോവൂന്ന്....... ചെക്കൻ വലിയ കാര്യത്തിന് പറയുന്നത് കേട്ട് അച്ചുവിന് പണി വന്ന വഴിയും വന്നപ്പൊ മുതലുള്ള ചെക്കന്റെ സോപ്പിങ്ങിന്റെ അർത്ഥവും മനസ്സിലാവുന്നത്. കാട്ടുകോഴി എനിക്കുള്ള പണി ഒരുക്കി വെച്ചിട്ടാണല്ലേ പോയത്????? അച്ചു പറയുന്നത് കേട്ട് എമി വാ പൊത്തി ചിരിച്ചു. ജോക്കുട്ടൻ പറഞ്ഞ സ്ഥിതിക്ക് നമുക്ക് പോവാം. കുനിഞ്ഞ് അവന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അച്ചു പറഞ്ഞു. എമീനേം കൊന്തു പോണം. അടുത്ത ഡിമാൻഡ് എത്തി. ആടാ എമീനേം കൊണ്ടുപോവാം. അത് കേട്ടതും ചെക്കൻ ഹാപ്പി. അച്ചുവിനെ കെട്ടിപിടിച്ച് ഉമ്മയും കൊടുത്ത് ഒരുമ്മ എമിയുടെ കവിളിലും കൊടുത്ത് അവൻ എമിയുടെ കയ്യിൽ നിന്ന് ഊർന്നിറങ്ങി. ഞാൻ ഉപ്പിത്തിത്ത് വയാം...... അതും പറഞ്ഞ് ആൾ മുറിവിട്ട് ഒരൊറ്റ ഓട്ടമായിരുന്നു. സാറായെ കൊണ്ട് ഡ്രസ്സ്‌ ഇടീപ്പിച്ച് ഒരുങ്ങാനുള്ള പോക്കാണ് അതെന്ന് അറിയാവുന്നത് കൊണ്ട് അച്ചുവും എമിയും അവന്റെ പോക്ക് നോക്കി ചിരിച്ചു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story