ഹൃദയതാളമായ്: ഭാഗം 113

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഉപ്പു വെള്ളത്തിൽ നനഞ്ഞ് സ്റ്റോൺ ബെഞ്ചിൽ ഇരുന്ന നേരം അച്ചു എമിയേയും ജോക്കുട്ടനെയും ഒന്ന് തറപ്പിച്ചു നോക്കി. അതിന് മറുപടിയായി രണ്ടുപേരും ഒരേ പോലെ ഇളിച്ചു കാണിച്ചു. ഇളിക്ക് ഇളിക്ക് നല്ലോണം ഇളിക്ക്. ഈ ഇളി വീട്ടിൽ ചെല്ലുമ്പോഴും കാണണം. എമിക്ക് നേരെ കടുപ്പിച്ച് അവൻ പറഞ്ഞു. വീട്ടിൽ എത്തിയാൽ എന്താ???? ഞങ്ങൾക്ക് പ്രൊട്ടക്ഷൻ തരാനല്ലേ ഈ പോലീസുകാരൻ. എമി കണ്ണിറുക്കി കാട്ടി. അല്ലേലും എനിക്കറിയാം ഇതെല്ലാം എന്റെ തലയിൽ തന്നെ വരുമെന്ന്. എല്ലാം എന്റെ തലയിൽ ഇട്ട് മുങ്ങുന്നത് ആണല്ലോ നിന്റെ ഹോബി. മറുപടിയായി അവൾ വീണ്ടും ഒരു ഇളി പാസാക്കി അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ. അവളുടെ ഇളി കണ്ടതും അച്ചു ഗൗരവത്തോടെ മുഖം തിരിച്ചു. സമയം കടന്നു പോയിക്കൊണ്ടിരുന്നു. സൂര്യൻ പൂർണ്ണമായും കടലിൽ മുങ്ങി താഴ്ന്നു പോവാൻ ഇനി നിമിഷ നേരമേ അവശേഷിക്കുന്നുള്ളൂ. എമിക്കരികിൽ ഇരുന്ന ജോക്കുട്ടൻ പതിയെ മണ്ണിലേക്ക് ഇറങ്ങി ഇരുന്ന് കളിക്കാൻ തുടങ്ങി.

കുറച്ചു നേരമായി അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ എമി പതിയെ അവനരികിലേക്ക് ചേർന്നിരുന്നു. ഇച്ചായാ........ പതിയെ അവന്റെ കയ്യിൽ ഒന്ന് തോണ്ടി. നോ റെസ്പോൺസ്. ഇച്ചായോ........ ഷർട്ടിൽ പിടിച്ചു വലിച്ച് വീണ്ടും അവനെ വിളിച്ചു. എന്നതാടി????? എന്റെ ഡ്രാക്കു ചൂടിലാണോ????? കടലിലേക്ക് തന്നെ നോക്കിയിരുന്നവന്റെ മീശ കയ്യെത്തിച്ച് ഒന്ന് പിരിച്ചു വെച്ചുകൊണ്ടവൾ ചോദിച്ചു. ആണെങ്കിൽ?????? ഒട്ടും ഗൗരവം കുറയ്ക്കാതെ അവളെ നേരെ തല ചരിച്ചവൻ ഒന്നുനോക്കി. ആണെങ്കിൽ......... കുറുമ്പോടെ അവൾ പറഞ്ഞു പൂർത്തിയാക്കാതെ ചുറ്റിനും ഒന്ന് കണ്ണുകൾ പായിച്ചു. എമിയുടെ നോട്ടം കണ്ട് അവനും നെറ്റി ചുളിച്ച് ചുറ്റിനും നോക്കി. അതേ സമയം തന്നെ അവൾ തന്റെ ചുണ്ടുകൾ അച്ചുവിന്റെ കവിളിൽ അമർത്തിയിരുന്നു. പെട്ടെന്ന് ആയത് കൊണ്ട് അവനിൽ ഒരേ സമയം ഞെട്ടലും ഒരു പുഞ്ചിരിയും തെളിഞ്ഞു. കുസൃതി ചിരിയോടെ ഇരിക്കുന്ന അവൾക്ക് നേരെ ഒന്നുനോക്കി.

ഇപ്പൊ ചൂട് പോയോ മിസ്റ്റർ ഡ്രാക്കു???? കണ്ണുകളിൽ കുറുമ്പ് ഒളിപ്പിച്ച് ഒറ്റ പിരികം പോകുന്നവളെ അവൻ അരയിലൂടെ കയ്യിട്ട് ചേർത്ത് ഇരുത്തി. ഈ ചൂട് പോവണമെങ്കിൽ സ്വീറ്റ് ആയിട്ട് വല്ലതും കിട്ടണം. വലതു കയ്യിലെ പെരുവിരലിനാൽ അവളുടെ ചുണ്ടിൽ ഒന്ന് വിരലോടിച്ചു കൊണ്ടവൻ കണ്ണിറുക്കി. അതിന് ബെസ്റ്റ് ഐസ്ക്രീമാണ്. അതാവുമ്പൊ സ്വീറ്റും ആണ് ചൂടൊക്കെ ഒന്ന് തണുപ്പിക്കേം ചെയ്യാം. അവന്റെ കൈ എടുത്തു മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. ഐസ്ക്രീം എന്ന് കേട്ടതും അത്രയും നേരം കളിച്ചോണ്ടിരുന്ന ജോക്കുട്ടൻ അങ്ങോട്ട്‌ ഓടിയെത്തി. അച്ചൂ എനിച്ചും മേണം ഐക്കീം........ കയ്യിൽ പറ്റിയ മണ്ണൊക്കെ ഇട്ടിരുന്ന ഷോർട്സിൽ തൂത്തുകൊണ്ട് അവൻ അച്ചുവിന് മുന്നിൽ നിന്ന് കൊഞ്ചി. എമിയത് കണ്ടതും ചുണ്ട് കടിച്ച് ചിരി അമർത്തി. നീ ചിരിക്കണ്ട മോളെ പൊടിക്കുപ്പീ നിനക്കുള്ളത് എല്ലാം ചേർത്ത് ഇച്ചായൻ തരുന്നുണ്ട്. എമിയെ നോക്കി പറഞ്ഞവൻ എഴുന്നേറ്റു. അതോടെ അവളുടെ ചിരി നിന്നു. രണ്ടും ഇവിടെ ഇരുന്നോ ഞാൻ പോയി വാങ്ങിയിട്ട് വരാം. എമിയുടെ മുഖഭാവങ്ങൾ കണ്ട് ചിരിയടക്കി അവൻ തിരിഞ്ഞു. അച്ചൂ നാനും.....

.. ജോക്കുട്ടൻ ഓടിച്ചെന്ന് അച്ചുവിന്റെ കയ്യിൽ തൂങ്ങി. ചെക്കനെ എടുത്ത് കയ്യിൽ പിടിച്ച് അച്ചു ഐസ്ക്രീം വാങ്ങാൻ പോയി. ഉമ്മ കൊടുത്ത് പണി വാങ്ങിയ സങ്കടത്തിൽ എമി താടിക്ക് കയ്യും കൊടുത്ത് കടലിലേക്ക് നോക്കിയിരുന്നു. കുറച്ചു നേരം കഴിഞ്ഞതും ഒരു കയ്യിൽ കോൺ ഐസ്ക്രീമും മറു കയ്യിൽ മാഗോ ബാറും പിടിച്ച് അച്ചുവിന്റെ കയ്യിൽ ഞെളിഞ്ഞിരുന്നു വരുന്ന ജോക്കുട്ടനെ കണ്ട് അവൾ ചിരിച്ചു പോയി. രണ്ടിലും മാറി മാറി നക്കിക്കൊണ്ട് ഇരുപ്പാണ് ചെക്കൻ. മുഖത്ത് നൂറു വാൾട്ടിന്റെ ചിരിയും. എമീ ദേ കന്താ ഐക്കീം...... അവളെ കണ്ടപാടെ രണ്ട് കയ്യും പൊക്കിക്കാണിച്ച് ജോക്കുട്ടൻ സന്തോഷം പ്രകടിപ്പിച്ചു. എമിച്ചും മേച്ചിത്തൊന്ത്. എമിച്ച് കൊക്ക് അച്ചൂ..... മുട്ടുകൈകൊണ്ട് അവനെ ഒന്ന് തട്ടി ചെക്കൻ ഓർഡർ ഇട്ടു. അത് കേട്ടതും അച്ചു അവൾക്ക് നേരെ കയ്യിൽ ഉണ്ടായിരുന്ന ഐസ്ക്രീം നീട്ടി. അല്ലെങ്കിലേ ചെക്കന് ചായവ് അങ്ങോട്ടാണല്ലോ. ഐസ്ക്രീം കയ്യിൽ കിട്ടിയതും എമിയും ഹാപ്പി. രണ്ടും കൂടി സ്റ്റോൺ ബെഞ്ചിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി. ജോക്കുട്ടൻ മാഗോബാറിൽ കുളിച്ചു.

അവന്റെ മുഖത്തും ഡ്രസ്സിലും എല്ലാം മെൽറ്റായ ക്രീം വീണ് ഒട്ടി. ചെക്കൻ അതൊന്നും ശ്രദ്ധിക്കാതെ കോൺ ഐസ്ക്രീം നുണയുവാണ്. ഈ കോലത്തിൽ പോയാൽ അമ്മച്ചിയുടെ തല്ല് ഉറപ്പാണ് എന്ന് അച്ചു ഉറപ്പിച്ചു. ഐസ്ക്രീമിന്റെ പണി കഴിഞ്ഞതും എമി ജീനിന്റെ പോക്കറ്റിൽ ഇരുന്ന കർച്ചീഫ് എടുത്ത് മുഖം തുടച്ചു. കൂടെ ജോക്കുട്ടന്റെ മുഖവും. അവന്റെ ബനിയനിൽ പടർന്നിരിക്കുന്ന ക്രീം കണ്ടതും അവൾ അച്ചുവിനെ ഒന്നു നോക്കി. ഈ കോലത്തിൽ കൊച്ചിനെ എങ്ങനെ കൊണ്ടുപോവും എന്നായിരുന്നു അവന്റെയുടെ സംശയം. മുഖത്തും ശരീരത്തിലും എന്തിനേറെ മുടിയിൽ വരെ ഐസ്ക്രീം പറ്റിപ്പിടിച്ച് ഇരിപ്പുണ്ട്. ഇതെല്ലാം ഒപ്പിച്ചു വെച്ചിട്ട് ആശാൻ ഒന്നുമറിയാത്തത് പോലെ ഇരുപ്പാണ്. ഇനിയിപ്പൊ എന്തുചെയ്യും ഇച്ചായാ??? അവളൊന്ന് അച്ചുവിനെ നോക്കി. എനിക്കറിയില്ല. ഈ സമയത്ത് ഇവന് ഐസ്ക്രീം വാങ്ങിക്കൊടുത്തെന്നറിഞ്ഞാൽ അമ്മച്ചി വീട്ടിൽ പോലും കേറ്റില്ല. അച്ചു പറയുന്നത് കേട്ടവൾ ദയനീയമായി ജോക്കുട്ടനെ ഒന്നുനോക്കി. പിന്നെ എന്തോ ഓർത്തെന്നത് പോലെ അവൾ അച്ചുവിന് നേരെ തിരിഞ്ഞു. അതിന് വഴിയുണ്ട് ഇച്ചായാ.

ഒരു ബോട്ടിൽ വെള്ളം വാങ്ങിയാൽ മതി നമുക്ക് ഇവന്റെ മുഖം വൃത്തിയാക്കി ബനിയനിൽ വീണ ക്രീം ആ വെള്ളത്തിൽ കഴുകി കളയാം. കാറ്റ് ഉള്ളതുകൊണ്ട് ബനിയൻ പെട്ടെന്ന് ഉണങ്ങും ആ സമയംകൊണ്ട് നമുക്ക് തിരിച്ചു പോവുകയും ചെയ്യാം. എപ്പടി???? പിരികം പൊക്കിയും താഴ്ത്തിയും അവൾ ചോദിക്കുന്നത് കേട്ട് അത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി. ശരി ഇവിടെ നിന്നോ ഞാനാ കടയിൽ നിന്ന് വെള്ളം വാങ്ങിയിട്ട് വരാം. അൽപ്പം മാറിയുള്ള കുഞ്ഞു കടയിലേക്ക് ചൂണ്ടി അവൻ പറഞ്ഞതും എമി തലയാട്ടി ജോക്കുട്ടന് അരികിൽ ഇരുന്നു. അച്ചു പോയി വെള്ളം വാങ്ങി വന്നതും ചെക്കന്റെ ഐസ്ക്രീം തീറ്റി കഴിഞ്ഞിരുന്നു. ബോട്ടിൽ തുറന്ന് ആ വെള്ളം കൊണ്ട് എമി അവന്റെ മുഖം നന്നായി കഴുകിച്ച് അവന്റെ ബനിയൻ ഊരി നെഞ്ചിന്റെ ഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന ക്രീം മാത്രം വെള്ളം കൊണ്ട് തുടച്ചു കളഞ്ഞു. നെഞ്ച് നനഞ്ഞ് ഇരിക്കുന്നതിനാൽ ആ ബനിയൻ അവനെക്കൊണ്ട് ഇടുവിച്ചില്ല. ബനിയൻ ഉണങ്ങുന്നത് വരെ അവർ അവിടെ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ചുറ്റിനും ഇരുട്ട് പരന്ന് കഴിഞ്ഞിരിക്കുന്നു. ബീച്ചിൽ വന്നവർ ഒരുത്തരായി തിരികെ പോയി തുടങ്ങി. ജോക്കുട്ടന്റെ ബനിയനും പിടിച്ച് ഫോണിൽ തോണ്ടി ഇരുപ്പ് തുടങ്ങിയിട്ട് നേരം കുറെയായി. അച്ചു ഫോണിൽ നിന്ന് തലയുയർത്തി നോക്കുമ്പോൾ എമിയും ജോക്കുട്ടനും മണ്ണുകൊണ്ട് വീട് കെട്ടി ഒരുക്കുവാണ്. കുറെ നേരമായി തുടങ്ങിയ അങ്കമാണ്. വീടും ഒരു കിണറും പണിതു വെച്ച് രണ്ടുപേരും കയ്യിലെ മണ്ണും തട്ടി കളഞ്ഞു. ഇച്ചായാ വാ നമുക്ക് സെൽഫി എടുക്കാം. മണ്ണിൽ മുട്ടുകുത്തി നിന്നുകൊണ്ട് എമി കൈകാട്ടി വിളിച്ചു. ചെല്ലുന്നതാണ് ബുദ്ധി അല്ലെങ്കിൽ രണ്ടിനും അത് മതി മുഖം വീർപ്പിക്കാൻ. ജോക്കുട്ടനെ പിന്നെയും മെരുക്കി എടുക്കാം പക്ഷെ എമിയെ ഒന്ന് മെരുക്കാനാണ് പാട്. മുഖവും വീർപ്പിച്ച് മിണ്ടരുത് നോക്കരുത് എന്നൊക്കെ പറഞ്ഞ് ഒരൊറ്റ പോക്കാ. അത് കേട്ട് മിണ്ടാതെ എങ്ങാനും ഇരുന്നാൽ പിന്നെ എന്നോട് മിണ്ടിയില്ല എന്നെ നോക്കിയില്ല എന്നൊക്കെ ആയിരിക്കും പരാതി. ഇങ്ങനെ ഒരു പെണ്ണ്........ അത് ഓർക്കവെ അവന്റെ ചൊടികളിൽ ഒരു ചിരി തെളിഞ്ഞു. ഇച്ചായാ........... എമിയുടെ വിളിയുടെ കടുപ്പവും ശബ്ദവും ഏറിയതും അവൻ അങ്ങോട്ട്‌ നടന്നു.

തങ്ങൾക്ക് അടുത്തെത്തിയ അച്ചുവിനെ വലിച്ച് ആ മണലിലേക്ക് ഇരുത്തി സെൽഫിക്ക് പോസ് ചെയ്തു. മണലിൽ ഇരിക്കുന്ന അച്ചുവിന്റെയും എമിയുടെയും കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് ജോക്കുട്ടനും നിന്നു. ഓരോ പോസിൽ നിന്നുള്ള ഓരോ സെൽഫിയും എടുത്ത് അവസാനം അച്ചു സ്വരമുയർത്തിയതും മുഖവും വീർപ്പിച്ച് രണ്ടും കൂടി എഴുന്നേറ്റു. ഉണങ്ങിയ ബനിയൻ ജോക്കുട്ടനെ ധരിപ്പിച്ച് അച്ചു അവനെയും എടുത്ത് ബുള്ളറ്റ് പാർക്ക്‌ ചെയ്തിരിക്കുന്ന ഇടത്തേക്ക് നടന്നു. ആദ്യം കുറച്ച് എയർ പിടിച്ചെങ്കിലും അവന്റെ കയ്യിൽ തൂങ്ങി എമിയും നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചീറി പാഞ്ഞു പോവുന്ന വാഹനങ്ങൾക്കിടയിലൂടെ അച്ചുവിന്റെ ബുള്ളറ്റ് നീങ്ങി. ചുറ്റിനും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചവും റോഡ് സൈഡിൽ നിരന്നു നിൽക്കുന്ന കടകളിലെ പ്രകാശവും അങ്ങനെ കാഴ്ചകൾ ഏറെ ആയിരുന്നു. ജോക്കുട്ടനും എമിയും അതെല്ലാം കണ്ണുകൾ വിടർത്തി ആസ്വദിച്ചു.

കുറെ ദൂരം മുന്നോട്ട് പോയതും ആളും തിരക്കും ഒഴിഞ്ഞ ഒരു റോഡിലൂടെ ആയി പിന്നീടുള്ള സഞ്ചാരം. പരിചയമില്ലാത്ത വഴി കണ്ടതും എമി അച്ചുവിനോട് ഒന്ന് ചേർന്നിരുന്ന് അവന്റെ കാതിലേക്ക് മുഖം അടുപ്പിച്ചു. ഇതേതാ വഴി?????? ഇതൊരു ഷോർട്കട്ടാണ്. ഇതുവഴി പോയാൽ പെട്ടെന്ന് വീട്ടിൽ എത്തും. എമിക്കുള്ള മറുപടി കൊടുക്കുന്നതിനൊപ്പം അവൻ വണ്ടി റോഡിന് ഓരം ചേർത്ത് നിർത്തി. വിശക്കുന്നുണ്ടോ??????? സംശയത്തോടെ തന്നെ നോക്കുന്ന എമിയോടായിരുന്നു അവന്റെ ചോദ്യം. പിന്നല്ലാതെ നല്ലോണം വിശക്കുന്നുണ്ട്. ഉച്ചയ്ക്ക് എന്തോ കഴിച്ചതാണ് അതുകഴിഞ്ഞ് ഇന്നേരം വരെ ഒന്നും കഴിച്ചിട്ടില്ല. വയറും തടവി അവൾ പറഞ്ഞു. എങ്കിൽ ഇറങ്ങ് കഴിച്ചിട്ട് പോവാം. അവൻ പറയുന്നത് കേട്ടവൾ ചുറ്റിനും നോക്കി. അടുത്ത് വീടുകൾ അല്ലാതെ മറ്റൊന്നുമില്ല. ഇവിടെയോ?????? അവൾ സംശയത്തോടെ അവനെ നോക്കി. നീ ആദ്യം ഇറങ്ങ്.

അവൻ പറഞ്ഞതും നെറ്റി ചുളിച്ച് അവൾ ഇറങ്ങി. പിറകെ വണ്ടി സ്റ്റാൻഡിൽ ഇട്ട് അച്ചു ജോക്കുട്ടനെയും എടുത്ത് ഇറങ്ങി. ചുണ്ട് കൂർപ്പിച്ച് പരിസരം മുഴുവൻ കണ്ണോടിക്കുന്ന എമിയുടെ കയ്യിൽ പിടിച്ച് റോഡിന് അരികിലായുള്ള ഒരു കുഞ്ഞു ഓടിട്ട വീടിന് സമാനമായ കെട്ടിടത്തിലേക്ക് കയറി. ഒന്നും മനസ്സിലാവാതെ ചുറ്റിനും നോക്കി വന്ന അവൾ അതിന് അകത്തെ കാഴ്ച കണ്ട് ഞെട്ടി പോയി. വലിയ ഒരു ഹാൾ അവിടെ പലയിടങ്ങളിലായി മുളകൊണ്ട് ഉണ്ടാക്കിയ ടേബിളുകൾ അതിന് ചുറ്റും തടി കസേരകൾ നിരത്തിയിരിക്കുന്നു. ഓരോ ടേബിളിലും തടി കൊണ്ടും ചിരട്ട കൊണ്ടും എല്ലാം ഉണ്ടാക്കിയ ഓരോ വസ്തുക്കൾ ഓരോ മൂലയ്ക്കും നല്ല ഭംഗിയിൽ നട്ടു പിടിപ്പിച്ചിരിക്കുന്ന അലങ്കാര ചെടികൾ. ഓരോ ടേബിളിലും വെച്ചിരിക്കുന്ന റാന്തൽ വെളിച്ചം അല്ലാതെ മറ്റൊന്നും തന്നെയില്ല. പുറമെ നിന്ന് കാണുന്നത് പോലെയല്ല അകം. അത്രയ്ക്ക് മനോഹരമാണ്. ഉണ്ടകണ്ണുകൾ വിടർത്തി ഓരോന്നും അതിശയത്തോടെ നോക്കുന്ന അവളെയും ജോക്കുട്ടനെയും അവൻ ചിരിയോടെ നോക്കി കണ്ടു. സർ.............

ബഹുമാനത്തോടെയുള്ള ആ വിളി കേട്ടതും അച്ചുവും എമിയും ഒരുപോലെ തിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും എമിയുടെ കണ്ണ് തള്ളി. അന്ന് പാലത്തിൽ വെച്ച് കണ്ട കൊമ്പൻ മീശക്കാരൻ പോലീസുകാരൻ. അവളുടെ ആ നിൽപ്പ് കണ്ട് അച്ചുവിന് ചിരി വന്നുപോയി. ഞങ്ങൾ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ മനോജേട്ടാ ഇവിടെ എത്തിയപ്പൊ ഒന്ന് കയറിയിട്ട് പോവാന്ന് കരുതി. അച്ചു ഒരു ചിരിയോടെ അയാളെ നോക്കി. ഇവിടുത്തെ സ്പെഷ്യൽ ഉണ്ടല്ലോ അല്ലെ????? ഉണ്ട്. സാർ ഇരിക്കണം. അടുത്തുള്ള സീറ്റിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു. ഏയ്‌ ഇവിടെ വേണ്ട. ഞങ്ങൾ എന്റെ സ്ഥിരം ടേബിളിലേക്ക് ഇരുന്നോളാം. അത് പറയുമ്പോൾ ഒരു കോണിലായി ഒഴിഞ്ഞു കിടക്കുന്ന ടേബിളിൽ ആയിരുന്നു അവന്റെ കണ്ണുകൾ. എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ. എടിയേ ആ ഇല ഇങ്ങോട്ട് എടുത്തോ.... അച്ചുവിനോട് പറയുന്നതിനൊപ്പം തന്നെ പുറകിൽ നിൽക്കുന്ന സ്ത്രീയോട് അയാൾ ആജ്ഞാപിച്ചു.

എമി അവരെ ഒന്നുനോക്കി. കണ്ടിട്ട് അയാളുടെ ഭാര്യ ആണെന്ന് തോന്നുന്നു. എമി ശ്രദ്ധിക്കുന്നത് കണ്ട് അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. മറുപടിയായി എമിയും ഒന്ന് ചിരിച്ചു കാണിച്ചെങ്കിലും അവളിൽ വല്ലാത്തൊരു അത്ഭുതം ആയിരുന്നു. തെല്ലൊരു പകപ്പോടെ നിൽക്കുന്ന എമിയെ ചുമലിലൂടെ കയ്യിട്ട് പിടിച്ച് അവൻ ഒഴിഞ്ഞു കിടന്ന ടേബിളിൽ പോയിരുന്നു. ടേബിളിൽ ഇരുന്നിട്ടും അവളുടെ കണ്ണുകൾ ചുറ്റിനും അതിശയത്തോടെ ഓടി നടന്നു. ഇവിടം ഇഷ്ടായോ??? ജോക്കുട്ടനെ മടിയിൽ വെച്ചുകൊണ്ട് അച്ചു അവളെ നോക്കി. ഇങ്ങനെ ഒരു സ്ഥലം ആർക്കാ ഇഷ്ടാവാത്തത്????? ഞാൻ ശരിക്കും ആദ്യായിട്ടാ ഇങ്ങനെ. അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഇതെല്ലാം സീതചേച്ചിയുടെ ഐഡിയ ആണ്. കണ്ടില്ലേ മനോജേട്ടന്റെ ഭാര്യ??? പുള്ളിക്കാരി ആണ് ഇതെല്ലാം ഡിസൈൻ ചെയ്തത്. ഈ ടേബിളിൽ ഇരിക്കുന്ന സാധനങ്ങൾ കണ്ടോ അതെല്ലാം ചേച്ചി സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയതാ. ഇതെല്ലാം അറിഞ്ഞ് എവിടെ നിന്നൊക്കെയാ ആളുകൾ വരുന്നത് എന്നറിയോ?????? അച്ചുവിന്റെ വാക്കുകൾ കേട്ട് അവൾക്ക് വല്ലാത്ത അതിശയം ആയിരുന്നു.

കണ്ണുകൾ വിടർത്തി അവൾ സീതയെയും ജോക്കുട്ടൻ ആ ടേബിളിൽ നിന്ന് എടുത്തു പിടിച്ചിരുന്ന ചിരട്ട കൊണ്ട് ഉണ്ടാക്കിയ ആനയിലും മാറി മാറി നോക്കി. അവൾക്ക് അതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. തങ്ങൾക്ക് അടുത്തേക്ക് പാത്രവുമായി നടന്നടുക്കുന്ന ആ സ്ത്രീയിൽ മാത്രമായിരുന്നു അവളുടെ കണ്ണുകൾ. കൊണ്ടുവന്ന പ്ലേറ്റുകൾ അവർ ടേബിളിൽ നിരത്തി അവരെ ഒന്നു നോക്കി. മോളെന്താ എന്നെ ഇങ്ങനെ നോക്കുന്നത്?????? സീതയുടെ ആ ചോദ്യം ആണ് അവളെ ഉണർത്തിയത്. അത് ഒന്നൂല്ല സീതേച്ചി ദേ ഇതൊക്കെ സീതേച്ചിയുടെ കരവിരുത് ആണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിൽ ആണ്. അച്ചു പറയുന്നത് കേട്ട് അവരൊന്ന് ചിരിച്ചു. തണുക്കുന്നതിന് മുന്നേ കഴിക്ക്..... ഞാൻ ഇപ്പൊ വെള്ളം കൊണ്ടുവരാം. ചുണ്ടിൽ മായ്ക്കാത്ത ചിരിയോടെ പറഞ്ഞവർ പിന്തിരിഞ്ഞു നടന്നു. അവർ പോയതും അവൾ അച്ചുവിന് നേരെ തിരിഞ്ഞു. ഇങ്ങനെ ഒക്കെ ഒരാൾക്ക് ഉണ്ടാക്കാൻ കഴിയോ???? അതിശയം വിട്ടുമാറാതെ എമി അവനെ നോക്കി. പിന്നല്ലാതെ ഇങ്ങനെ ഓരോ കഴിവുള്ളവർ എത്രയോ പേരുണ്ട്.

ശരിക്കും ഈ സീതേച്ചി ഒരു ആദിവാസി കുലത്തിൽ പെട്ട സ്ത്രീയാണ്. ഒരിക്കൽ മനോജേട്ടന് ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി ഇവരുടെ ഊരിന് അടുത്തായുള്ള സ്റ്റേഷനിലാണ് ചെന്നത് അവിടെ വെച്ച് തമ്മിൽ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ്. അച്ചുവിന്റെ വാക്കുകൾ അവളിൽ അത്ഭുതം നിറച്ചു. അവളുടെ നോട്ടം വീണ്ടും സീതയിൽ ചെന്നെത്തി. അവരെ കണ്ടാൽ പറയില്ല ഒരു ആദിവാസി ഊരിൽ ജനിച്ചു വളർന്നത് ആണെന്ന്. ഇരുനിറമെങ്കിലും മുഖത്ത് വല്ലാത്തൊരു ചൈതന്യമായിരുന്നു. മൂക്കിൻ തുമ്പിലെ ചുവന്ന കല്ല് വെച്ച മൂക്കുത്തിയിലാണ് അവരുടെ മുഴുവൻ സൗന്ദര്യം എന്ന് തോന്നിപ്പോവും. സീതേച്ചിയേ വായിനോക്കി ഇരിക്കാതെ കഴിക്കാൻ നോക്ക്. ഇവിടുത്തെ സ്പെഷ്യൽ ഐറ്റം ആണ്. അച്ചു പറയുന്നത് കേൾക്കുമ്പോഴാണ് അവൾ പ്ലേറ്റിലേക്ക് നോക്കുന്നത്. തടികൊണ്ട് ഉണ്ടാക്കിയ ഒരു പ്ലേറ്റിന് മുകളിലായി ഒരു വാഴയിലയിൽ വെച്ചിരിക്കുന്ന കപ്പയും മീൻകറിയും കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. വായിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം നിറഞ്ഞു. ഇലയ്ക്ക് ഒരു വശത്തായി ഉള്ളിയും കാന്താരിയും ചതച്ച് ചമ്മന്തി ആക്കി വെച്ചിട്ടുണ്ട്.

അച്ചുവിനെ നോക്കിയതും അവൻ ഒരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. എമിക്ക് തന്റെ കൊതി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മറ്റൊന്നും നോക്കാതെ അവൾ കപ്പ എടുത്ത് മീൻകറിയിൽ മുക്കി നാവിലേക്ക് വെച്ചു. എരിവും പുളിയും ചേർന്ന അസാധ്യരുചിക്ക് മുന്നിൽ അവളുടെ കണ്ണുകൾ അടഞ്ഞുപോയി. ഇത്രയേറെ രുചിയോടെ ഇതിന് മുൻപ് എവിടെ നിന്നും കഴിച്ചിട്ടില്ല അത്ര സ്വാദ്. സാധാരണ രീതിയിൽ ഉള്ള മീൻകറിയും അല്ല അത്. തികച്ചും വ്യത്യസ്തമായ ഒരു രുചി. കൊതിയുടെ അവൾ വീണ്ടും വീണ്ടും കഴിക്കുന്നത് പുഞ്ചിരിയോടെ അച്ചു നോക്കി ഇരുന്നു. തന്റെ പ്ലേറ്റിൽ നിന്ന് ചാറ് പുരളാത്ത കപ്പ മാത്രം എടുത്ത് അവൻ ജോക്കുട്ടന്റെ വായിലേക്ക് വെച്ചു. കൂടെ അവനും കഴിച്ചു. സീത അവർക്ക് കുടിക്കാനായി ചൂട് കരിങ്ങാലി വെള്ളം കൊണ്ടുവന്നു കൊടുത്തു. എരിവിനൊപ്പം ചൂട് കരിങ്ങാലി വെള്ളം എടുത്ത് കുടിക്കവെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും അവൾക്ക് അതൊക്കെ പുതു അനുഭവങ്ങൾ ആയിരുന്നു.

വയറും മനസ്സും നിറഞ്ഞ് അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ സീതയെ വാനോളം പ്രശംസിക്കാനും അവൾ മറന്നില്ല. കുറച്ചു നേരം കൊണ്ടുതന്നെ അവൾ സീതയുമായി ഏറെ അടുത്തിരുന്നു. പിരിച്ചു വെച്ചിരിക്കുന്ന കൊമ്പൻ മീശ കണ്ട് മനോജിനോട് സംസാരിക്കാൻ ആദ്യം കുറച്ച് ഭയം ആയിരുന്നെങ്കിലും സ്നേഹത്തോടെയുള്ള അയാളുടെ പെരുമാറ്റത്തിൽ അവളുടെ ഭയമെല്ലാം നീങ്ങി. വാ തോരാതെ അയാളോട് സംസാരിക്കുമ്പോൾ കാണുന്നത് പോലെയല്ല ആളൊരു പാവം ആണെന്ന് മനസ്സിലാവുന്നത്. ഇരുവർക്കും ഒരു മകളുണ്ട് ഇപ്പൊ മെഡിസിന് പഠിക്കുവാണ്. മകളുടെ പഠിപ്പിന് വേണ്ടിയാണ് അവർ ഇങ്ങനെ ഒരു സംരംഭം നടത്തുന്നത് തന്നെ. കുറച്ചറെ നേരത്തെ സംസാരത്തിന് ശേഷം അച്ചു പൈസ നീട്ടുമ്പോൾ അവർ വാങ്ങാൻ മടിച്ചിരുന്നു. നിർബന്ധപൂർവ്വം കഴിച്ചതിൽ അധികം പണം ആ കൈക്കുള്ളിൽ അച്ചു പിടിപ്പിക്കുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ ചെറിയൊരു നീർത്തിളക്കം ഉണ്ടായിരുന്നു.

പോവാൻ ഇറങ്ങുമ്പോൾ ടേബിളിൽ ഇരുന്ന ആനയ്ക്ക് വേണ്ടി ജോക്കുട്ടൻ വാശിപിടിച്ചിരുന്നു. അത് കണ്ട സീത തന്നെ അവന് അത് എടുത്തു കൊടുത്തതും ചെക്കന്റെ മുഖം വിടർന്നു. ഇരുവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ആ കലവറിലെ രുചി തേടി ഒരുപാട് പേര് അവിടെ എത്തിയിരുന്നു. തങ്ങൾ വരുമ്പോൾ ആരും ഇല്ലാതിരുന്ന ഇടത്ത് തിരക്കേറുന്നത് കണ്ട് അച്ചു അവളെയും കുഞ്ഞിനേയും ചേർത്ത് പിടിച്ച് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വണ്ടിയിൽ കയറി അച്ചുവിന്റെ പുറത്ത് തല ചായ്‌ച്ച് കിടക്കുമ്പോൾ കഴിഞ്ഞു പോയ നിമിഷങ്ങൾ നൽകിയ സന്തോഷത്താൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story