ഹൃദയതാളമായ്: ഭാഗം 114

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എല്ലാരും ഉറങ്ങി എന്ന് തോന്നുന്നു. നഖം കടിച്ചു നിന്ന് എമി പറയുന്നത് കേട്ട് അച്ചു ശബ്ദമുണ്ടാക്കാതെ വണ്ടി സ്റ്റാൻഡിൽ ഇട്ടു. വീട്ടിൽ എത്തിയാൽ സാറായുടെ വഴക്ക് ഉറപ്പായതിനാൽ കുറച്ചു നേരം പുറത്ത് ചുറ്റിയടിച്ചിട്ട് വീട്ടിൽ കയറാം എന്ന് പറഞ്ഞപ്പൊഴാ പെണ്ണ് സിനിമ കാണാം എന്ന് പറയുന്നത്. ഉച്ചക്ക് അവരുടെ കൂടെ ഇരുന്നിട്ട് മര്യാദക്ക് കാണാൻ പറ്റിയില്ല പോലും. സിനിമ എങ്കിൽ സിനിമ എന്നുകരുതി സെക്കന്റ്‌ ഷോക്ക് കയറി. സിനിമ തുടങ്ങിയത് മുതൽ അടങ്ങി ഇരുന്നിട്ടില്ല. കയ്യടിയും ബഹളവും തന്നെ ആയിരുന്നു. വിസിലടിക്കാൻ അറിയാത്തത് കൊണ്ട് ആ വിഷമം മാറ്റിയത് മുഴുവൻ തന്നെ കൊണ്ട് വിസിലടിപ്പിച്ചായിരുന്നു. ഇതിന്റെ കൂടെ കൂടി ഇപ്പൊ തനിക്കും വട്ടായോ എന്ന് സംശയമില്ലാതില്ല. അതോർക്കെ അച്ചുവിന് ചിരി വന്നുപോയിരുന്നു. ഇച്ചായാ..... ഇതെന്നാ സ്വപ്നം കണ്ട് നിക്കുവാ????? കയ്യിൽ തട്ടി കൊണ്ടവൾ ചോദിക്കുമ്പോഴാണ് അവൻ ആലോചനകൾ വെടിയുന്നത്. അമ്മച്ചി ഉറങ്ങി കാണുവോ????? അതിപ്പൊ ഞാനെങ്ങനെ അറിയാനാ??? പറയുന്നതിനൊപ്പം അവൻ എമിയുടെ തോളിൽ കിടന്ന് ഉറക്കം പിടിച്ച ജോക്കുട്ടനെ എടുത്ത് തോളിലിട്ടു. എല്ലാവരും കിടന്ന് വാതിൽ പൂട്ടിയിട്ടുണ്ടെങ്കിലോ???? എമിയുടെ സംശയം തീർന്നില്ല. നീ വാ ബെൽ അടിച്ചു നോക്കാം. തുറന്നില്ലെങ്കിലോ?????

തുറന്നില്ലെങ്കിൽ പുറത്ത് കിടക്കും. ഇപ്പൊ വാ നോക്കാം..... വീണ്ടും അവൾ എന്തോ പറയാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് കണ്ടതും അച്ചു അവളെയും വലിച്ച് വരാന്തയിലേക്ക് കയറി. വാതിലിന് അടുത്ത് എത്തിയതും ചെറിയൊരു സംശയത്തോടെ അച്ചു പതിയെ ഒന്ന് തള്ളി നോക്കി. വാതിൽ തുറന്ന് വരുന്നത് കണ്ടതും അവനൊന്ന് ആശ്വാസത്തോടെ ചിരിച്ചു. അമ്മച്ചി പൂട്ടിയിട്ടില്ല..... എമിക്ക് നേരെ തിരിഞ്ഞവൻ പറഞ്ഞതും അവളുടെ മുഖവും വിടർന്നു. എല്ലാരും കിടന്നെന്ന് തോന്നുന്നു ശബ്ദമുണ്ടാകാതെ വാ..... അകത്തേക്ക് ഒന്ന് തലയിട്ട് നോക്കിയവൻ പറഞ്ഞതും എമി അനുസരണയോടെ തലയാട്ടി. പമ്മി പമ്മി രണ്ടും അകത്തേക്ക് കയറി. അച്ചു പതിയെ ഡോർ അടച്ച് ലോക്ക് ചെയ്തു. ഹാളിൽ ആകെ ഇരുട്ടായിരുന്നു. സൂക്ഷിച്ച് എന്റെ കയ്യിൽ പിടിച്ചു നടന്നോ വല്ലയിടത്തും തട്ടി തടഞ്ഞു വീഴും. സ്വരം താഴ്ത്തി അവൻ പറഞ്ഞതും എമി അവന്റെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ച് അവനോട് ചേർന്ന് നടന്നു. അടിവെച്ച് അടിവെച്ച് സ്റ്റെയറിന് അരികിൽ എത്തിയതും ഹാളിൽ വെട്ടം വീണതും ഒരുമിച്ചായിരുന്നു. പണി പാളി........ കണ്ണടച്ച് രണ്ടുപേരും ഒരുനിമിഷം സ്റ്റക്കായി നിന്നു. പിന്നെ പരസ്പരം ഒന്ന് നോക്കി വളിച്ച ഒരു ഇളിയോടെ തിരിഞ്ഞു നോക്കി.

ഇടുപ്പിൽ കൈകുത്തി നിന്ന് തങ്ങളെ നോക്കുന്ന സാറായെ കണ്ടതും മുപ്പത്തിരണ്ട് പല്ലും കാണിച്ച് നിന്നു. എവിടെ ആയിരുന്നു ഇത്രേം നേരം????? ചോദ്യത്തിനൊപ്പം അവർ നടന്ന് അച്ചുവിനും എമിക്കും മുന്നിൽ വന്നു നിന്നു. ഞങ്ങൾ ഒരു സിനിമക്ക് കയറിയതാ. അച്ചു പറയുന്നത് കേട്ടതും അവർ കണ്ണുരുട്ടി. വിചാരണയൊക്കെ നാളെയാവാം സാറാകൊച്ചേ... ഇപ്പൊ ഞങ്ങൾ ഉറങ്ങിക്കോട്ടെ..... പറഞ്ഞു തീർന്നതും ജോക്കുട്ടനെ അവരുടെ കയ്യിൽ വെച്ചുകൊടുത്ത് എമിയുടെ കയ്യും പിടിച്ചവൻ മുകളിലേക്ക് ഓടിയിരുന്നു. രണ്ടിന്റെയും പോക്ക് കണ്ടവർ ചിരിയോടെ ജോക്കുട്ടനെയും കൊണ്ട് മുറിയിലേക്ക് നടന്നു. റൂമിൽ എത്തിയതും എമി ബെഡിലോട്ട് വീണു. പോയി ഡ്രസ്സ്‌ മാറിയിട്ട് കിടന്നേ ചെല്ല്..... എമിയെ പിടിച്ച് എഴുന്നേൽപ്പിച്ച് ഇരുത്തിയവൻ പറഞ്ഞു. അതൊക്കെ ഇനി നാളെ മാറാം എനിക്ക് ഉറക്കം വരുന്നു..... കൊഞ്ചി പറഞ്ഞവൾ വീണ്ടും ബെഡിലേക്ക് കിടക്കാൻ ആഞ്ഞു. പറ്റില്ല. ദേഹത്ത് ഒക്കെ നിറയെ മണ്ണാ... മര്യാദക്ക് പോയി ഡ്രസ്സ്‌ മാറിക്കെ. കിടക്കാൻ ആഞ്ഞവളെ ബെഡിൽ നിന്നെടുത്ത് താഴെ നിർത്തി. ഇച്ചായാ........ അവളൊന്ന് ചിണുങ്ങി. നീ മാറുന്നോ അതോ ഞാനായിട്ട് മാറ്റണോ????? ഗൗരവത്തിൽ കയ്യും കെട്ടി നിന്ന് അവൻ ചോദിച്ചതും മുഖവും വീർപ്പിച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഡ്രസ്സും എടുത്ത് ചവിട്ടി തുള്ളി ഡ്രസ്സിങ് റൂമിലേക്ക് പോയി.

ഡ്രസ്സും മാറി ചുണ്ട് കൂർപ്പിച്ചു വെച്ച് ബെഡിന്റെ അങ്ങേയറ്റത്ത് വന്നു കിടക്കുന്നവളെ കണ്ടതും അവന് ചിരി വന്നുപോയിരുന്നു. പിന്നിലൂടെ ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് ചേർക്കുമ്പോൾ കണ്ണുകൾ തുറക്കാതെ തന്നെ ആ ചൂടിനുള്ളിൽ പറ്റിച്ചേർന്നവളുടെ നെറുകിൽ ചുണ്ടമർത്തി അവനും മയക്കത്തിലേക്ക് ഇഴുകി ചേർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഉറക്കത്തിനിടയിൽ എപ്പോഴോ ഫോൺ ശബ്‌ദിക്കുന്നതായി തോന്നിയതും മുഖം ചുളുക്കി കണ്ണുകൾ തുറക്കാതെ തന്നെ അച്ചു കൈനീട്ടി ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് കാതിലേക്ക് ചേർത്തു. മറുതലയ്ക്കൽ നിന്ന് പറയുന്ന കാര്യങ്ങൾ കേട്ടതും ഉറക്കം വിട്ടവൻ എഴുന്നേറ്റിരുന്നു. ഓരോ വാക്കുകളും സൂക്ഷ്മതയോടെ കേട്ടവൻ ഗൗരവത്തിൽ മൂളി. മ്മ്മ്... ഞാൻ ഇപ്പൊ തന്നെ വരാം. ഞാൻ വരുന്നത് വരെ താൻ അവിടെ ഉണ്ടാവണം. ഫോണിലൂടെ കർശന നിർദേശം കൊടുത്ത് അച്ചു ബെഡിൽ നിന്ന് എഴുന്നേറ്റു. ഇട്ടിരുന്ന വേഷം മാറി. ടേബിളിൽ ഇരുന്ന വണ്ടിയുടെ കീയും ഹെൽമെറ്റും എടുത്തു തിരിയവെ ഇതൊന്നും അറിയാതെ കിടന്നുറങ്ങുന്ന എമിയെ കണ്ടവൻ ഒന്ന് നിശ്വസിച്ചു. മാറി കിടന്ന പുതപ്പ് എടുത്ത് അവളെ നന്നായി പുതപ്പിച്ച് വേഗം മുറിവിട്ട് പുറത്തേക്കിറങ്ങി. എല്ലാവരും ഉറക്കം ആയിരുന്നതിനാൽ ആരെയും വിളിച്ചുണർത്താൻ മുതിരാതെ പുറത്തേക്ക് പോവാൻ ഭാവിക്കുമ്പോഴാണ് കണ്ണും തിരുമി ആൽവിച്ചൻ അങ്ങോട്ട്‌ വരുന്നത്. ഹെന്റമ്മച്ചീ പ്രേതം.............

ഇരുട്ടത്ത് അച്ചുവിന്റെ നിഴൽ കണ്ട പാടെ ആൽവി കാറി. അടുത്ത കാറിന് മുന്നേ അച്ചു പാഞ്ഞു ചെന്ന് അവന്റെ വാ മൂടിയിരുന്നു. ഒച്ചയെടുക്കാതെടോ അലവലാതി... ഇത് ഞാനാ....... പതിഞ്ഞ സ്വരത്തിൽ അച്ചു അത് പറയുമ്പോഴാണ് ആൽവിച്ചൻ അടങ്ങുന്നത്. മ്മ്മ്മ് മ്മ്മ്മ് മ്മ്മ്......... എന്തോന്നാ??????? വാ പൊത്തി പിടിച്ചാൽ പിന്നെ എങ്ങനെ പറയാനാടാ കോപ്പേ?????? അച്ചുവിന്റെ കൈ തട്ടി മാറ്റിക്കൊണ്ടവൻ ചീറി. ഓഹ്.... സോറി. ഇനി പറ എന്താ????? നീയീ നട്ടപാതിരാക്ക് എങ്ങോട്ടാ???? ശ്വാസം ഒന്ന് വലിച്ചു വിട്ടുകൊണ്ടവൻ ചോദിച്ചു. സ്റ്റേഷനിൽ നിന്നൊരു കാൾ ഉണ്ടായിരുന്നു. എനിക്ക് അത്യാവശ്യമായിട്ട് അവിടെ വരെ പോവണം. തനിക്ക് ഉറക്കൊന്നൂല്ലേ????? ഞാൻ വെള്ളം കുടിക്കാൻ ഇറങ്ങിയതാടാ. പറയുന്നതിനൊപ്പം കയ്യിലിരുന്ന ഒഴിഞ്ഞ ബോട്ടിൽ ഉയർത്തി കാണിച്ചു. ആഹ്.... അതെന്തായാലും നന്നായി ഇനിയിപ്പൊ വാതിൽ അടക്കാൻ ഒരാൾ ആയല്ലോ???? വാതിൽക്കലേക്ക് തിരിഞ്ഞു നന്നുകൊണ്ട് പറഞ്ഞു. നിന്റെ ഉത്തമ ഭാര്യ എന്തേ???? പാവം ചാച്ചുവായിരിക്കുമല്ലേ????? വാതിൽക്കൽ എത്തിയതും ആൽവിച്ചന്റെ ചോദ്യത്തിന് അവനൊന്ന് ഇരുത്തി നോക്കി. അതെന്തും ആയിക്കോട്ടെ പാതിരാക്കോഴി വെള്ളം കുടിച്ച് പോയി കിടന്നുറങ്ങാൻ നോക്ക്. അല്ലെങ്കിൽ ആരെങ്കിലും പിടിച്ച് കറിയാക്കും.

ആൽവിയെ നോക്കി പുച്ഛിച്ച് അച്ചു പുറത്തേക്കിറങ്ങി. വോ.... കെട്ട്യോളെ പറഞ്ഞപ്പോൾ അവന് പിടിച്ചില്ല..... അച്ചു പോവുന്നത് നോക്കി ചുണ്ട് കോട്ടി പറഞ്ഞവൻ വാതിൽ അടച്ച് അടുക്കളയിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുഖത്തേക്ക് അടിക്കുന്ന വെളിച്ചത്തിന്റെ തീവ്രതയിൽ അവളൊന്ന് ചിണുങ്ങി തിരിഞ്ഞു കിടന്നു. നീങ്ങി കിടക്കാൻ ആയുമ്പോൾ എന്നുമുള്ള ചൂട് തനിക്കരികിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞതും പില്ലോയിൽ മുഖമിട്ട് ഉരസി അവൾ കണ്ണുതുറന്നു. കൂമ്പി അടയാൻ മത്സരിക്കുന്ന മിഴികളെ പണിപ്പെട്ട് തുറന്നു വെച്ച് ബെഡിലേക്ക് നോക്കുന്ന വേളയിൽ അടുത്ത് കിടന്ന ആളെ കാണാതെ വന്നതും അവൾ ബെഡിലേക്ക് എഴുന്നേറ്റിരുന്നു. കണ്ണ് തിരുമി മൂരി നിവർന്ന് ചുറ്റിനും നോക്കി. മുറിയിലെങ്ങും അവനെ കാണാതെ ആയതും അവൾ ബെഡിൽ നിന്നിറങ്ങി ബാൽക്കണി വാതിൽ തുറന്നു നോക്കി. അവിടമാകെ പരതിയിട്ടും കാണാതെ ആയതും എമി മുറിയിലേക്ക് തന്നെ കയറി വാഷ്റൂമിലും ഡ്രസ്സിങ് റൂമിലും എല്ലാം നോക്കി. ശെടാ ഇതെവിടെ പോയി????? നഖം കടിച്ചവൾ ആലോചിച്ചു.

എന്തോ ഓർത്തെന്നത് പോലെ അവൾ താഴേക്ക് ഇറങ്ങി. സാധാരണ ദിവസങ്ങളിൽ മുറിയിൽ ഇല്ലെങ്കിൽ ഹാളിൽ ഇരുന്ന് പത്രം വായിക്കുന്നത് കാണാം പക്ഷെ ഇന്ന് അവിടെയുമില്ല. ഹാളിൽ ആകെ കണ്ണുകളാൽ പരതുമ്പോഴാണ് സാറാ അങ്ങോട്ട്‌ എത്തുന്നത്. എന്റെ മാതാവേ ഞാനിത് എന്നതാ ഈ കാണുന്നത്????? എന്റെ മരുമോൾ തന്നെയാണോ ഈ വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് വന്നിരിക്കുന്നത്???? താടിക്ക് കയ്യും കൊടുത്ത് നിന്നവർ പറയുന്നത് കേട്ടവൾ തിരിഞ്ഞു നോക്കി. ദേ അമ്മച്ചി ചുമ്മാ എന്നെ കളിയാക്കാതെ. അവൾ ചുണ്ട് കൂർപ്പിച്ചു. കളിയാക്കിയതല്ല കാര്യം പറഞ്ഞതാ. നീ ഇത്ര നേരത്തെ എഴുന്നേറ്റ് വരുന്നത് ഇതാദ്യായിട്ടല്ലേ അതുകൊണ്ട് പറഞ്ഞു പോയതാണേ..... അമർത്തി ചിരിച്ചു കൊണ്ടവർ പറഞ്ഞു. അല്ല ഈ വരവിന്റെ പിന്നിലെ ഉദ്ദേശം എന്താണാവോ???? സരിതുമ്പ് ഇടുപ്പിൽ കുത്തിക്കൊണ്ട് അവർ എമിയെ നോക്കി. അമ്മച്ചി ഇച്ചായനെ കണ്ടായിരുന്നോ???? ഇന്നലെ പാതിരാക്ക് കയറി വന്ന് എന്റെ കയ്യിൽ കൊച്ചിനേം ഏൽപ്പിച്ച് രണ്ടും കൂടി മുറിയിലോട്ട് ഓടിയതല്ലേ എന്നിട്ടിപ്പൊ എന്നോടാണോ ചോദിക്കുന്നത്??????? ഇച്ചായനെ ഇന്ന് എഴുന്നേറ്റപ്പൊ തൊട്ട് കാണാനില്ല. കാണാനില്ലെന്നോ???? അവൻ ആ ബാൽക്കണിയിലോ മറ്റോ കാണും. ഇല്ല അമ്മച്ചീ.

ഞാൻ അവിടെ എല്ലായിടത്തും നോക്കിയതാ. മുറിയിൽ എങ്ങുമില്ല. ആഹ്... എങ്കിൽ അവൻ വല്ലയിടത്തോട്ടും പോയി കാണും. സാധാരണ എന്തെങ്കിലും ജോലി കാര്യത്തിന് പാതിരാത്രി ഈ പോക്ക് ഉള്ളതാ. പോയ കാര്യം കഴിയുമ്പൊ അവനിങ്ങോട്ട് വന്നോളും. പറയുന്നതിനൊപ്പം അവർ അടുക്കളയിലേക്ക് നടക്കാൻ ആഞ്ഞു. എന്നാലും അമ്മച്ചീ........ സംശയം വിട്ടുമാറാതെ എമി അവരെ പിടിച്ചു നിർത്തി. മറുപടിയായി അവർ എന്തോ പറയാൻ ആയുമ്പോഴാണ് ആൽവിച്ചൻ അങ്ങോട്ട് എത്തുന്നത്. അമ്മച്ചീ ചായാ...... മൂരി നിവർന്ന് അങ്ങോട്ട് എത്തിയ അവൻ എമിയെ കണ്ടതും ഒന്ന് നിന്നു. പിന്നെ വിശ്വാസം വരാതെ കണ്ണും തിരുമി അവളെ ഒന്നുകൂടി നോക്കി. ഞാനീ കാണുന്നത് സ്വപ്നം ഒന്നും അല്ലല്ലോ അല്ലെ????? കയ്യിൽ നുള്ളി നോക്കിയവൻ ചോദിക്കുന്നത് കേട്ട് എമിയുടെ കണ്ണ് കൂർത്തു. അയ്യോ ഞാൻ എന്താ ഈ കാണുന്നത്???? ഈ നിൽക്കുന്നത് എമി തന്നെ ആണല്ലോ അല്ലെ. അല്ലാതെ എനിക്ക് ആള് മാറിയത് ഒന്നും അല്ലല്ലോ അല്ലെ?????? സ്റ്റേയറിൽ കൈതാങ്ങി നിന്നുകൊണ്ട് അവൻ അത് പറയവെ അവളുടെ മുഖം ഒന്നുകൂടി വീർത്തു. അവൾ അച്ചൂനെ കാണാഞ്ഞിട്ട് നോക്കി വന്നതാ. സാറാ അവനുള്ള മറുപടി കൊടുത്തു. ആഹ് അങ്ങനെ പണ....

എടീ നിന്റെ കെട്ട്യോൻ ഇന്നലെ രാത്രി സ്റ്റേഷനിൽ നിന്ന് എന്തോ അത്യാവശ്യത്തിന് വിളിച്ചിട്ട് അങ്ങോട്ട് പോയതാ. ഞാൻ വെള്ളം കുടിക്കാൻ വന്ന നേരത്താ അവൻ പോണത് കണ്ടത്. അവൻ പോയി കഴിഞ്ഞ് ഞാനാ വാതിൽ അടച്ചത്. ആൽവി അത് പറഞ്ഞു നിർത്തമ്പോഴാണ് എമിയുടെ മുഖം ഒന്ന് തെളിയുന്നത്. ദേ കേട്ടല്ലോ. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവൻ ജോലി കാര്യത്തിന് പോയതായിരിക്കുമെന്ന്. ഇപ്പൊ സമാധാനം ആയില്ലേ????? മറുപടിയായി അവളൊന്ന് ഇളിച്ചു കാണിച്ചു. എന്നാലും അടുത്ത്കിടന്ന അച്ചു എഴുന്നേറ്റ് പോയത് പോലും ഇവൾ അറിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴാണ്....... ആൽവിച്ചൻ കളിയാക്കലിന് തുടക്കം കുറിച്ചു. സാധാരണ വീടുകളിൽ ഭർത്താവിന് വേണ്ടി ഉറക്കം കളയുന്ന ഭാര്യ. ഇവിടെ നേരെ തിരിച്ചാ. അതൊക്കെ എന്റെ റിയ ഏതുറക്കത്തിലും ഞാനൊന്ന് അനങ്ങിയാൽ പോലും അവൾ അറിയും. ആൽവിച്ചൻ സ്വയം പുളകം കൊള്ളുകയാണ്. എമിക്ക് ഇതെല്ലാം കേട്ട് ചൊറിഞ്ഞു വരുന്നുണ്ട്. എമിയുടെ മുഖഭാവങ്ങൾ മാറുന്നത് കണ്ടതും ആൽവിച്ചന് കളിയാക്കാൻ ആവേശമായി. എന്നാലും അച്ചുവിന്റെ അവസ്ഥ ഞാൻ ആലോചിക്കുവായിരുന്നേ..... കർമ്മനിരതനായ പോലീസുകാരന്റെ ഉത്തമയായ ഉറക്കപ്രാന്തി ഭാര്യ ആഹാ എന്താ ചേർച്ച?????

അലുവയും മത്തിക്കറിയും മാറി നിൽക്കും അത്രയ്ക്ക് ചേർച്ച. പകുതിക്ക് ഉറക്കം നഷ്ടപ്പെട്ട അമർഷത്തിൽ നിൽക്കുന്ന എമി അതുകൂടി കേട്ടതോടെ മൊത്തത്തിൽ കലിപ്പായി. പാഞ്ഞു ചെന്ന് ആൽവിച്ചന്റെ മുടിയിൽ പിടിച്ചു വലിച്ചു. അയ്യോ എന്റെ മാതാവേ.... ഈ പിശാശ് എന്നെ കൊല്ലുന്നേ............. വേദനയെടുത്ത് അവൻ നിലവിളിച്ചു. എമിയുണ്ടോ വിടുന്നു. മുടിയിൽ അള്ളിപ്പിടിച്ചു വലിച്ചു. അവന്റെ കാറ് കേട്ട് മുറിയിൽ ഉറങ്ങി കിടന്ന പോൾ എഴുന്നേറ്റു വന്നു. രാവിലെ തുടങ്ങിയല്ലോ രണ്ടും കൂടി..... എന്നെക്കൊണ്ട് വടി എടുപ്പിക്കാതെ കയറി പോടാ എല്ലാം...... പോളിന്റെ അന്ത്യശാസന എത്തിയതും ആൽവിച്ചന്റെ പുറത്ത് ഒരു തല്ലും കൊടുത്ത് എമി മുകളിലേക്ക് ഓടി. ഡീ........... താൻ പോടോ കോഴിച്ചാ........ ഓടുന്നതിനിടയിൽ തന്നെ അവൾ വിളിച്ചു കൂവുന്നത് കേട്ടവൻ അറിയാതെ ചിരിച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വരാന്തയിൽ ചെന്ന് ഗേറ്റിലേക്ക് വഴിക്കണ്ണുമായി ഇരിക്കുകയാണ് എമി. അച്ചുവിനെ വിളിച്ചിട്ട് കിട്ടാത്തതിന്റെ നിരാശയിൽ ഇരിക്കുന്ന അവളുടെ അരികിലേക്ക് ജോക്കുട്ടൻ ഓടിയെത്തി. എമീ.......... പറയുന്നതിനൊപ്പം തന്നെ ചെക്കൻ മടിയിൽ കയറി ഇരുന്നു കഴിഞ്ഞിരുന്നു. മ്മ്മ്മ്മ്.......... ഗേറ്റിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൾ മൂളി. എമി എഞ്ചിനാ ഇവിതെ ഇക്കണത്????

എമി അച്ചൂനെ നോക്കി ഇരിക്കുവാ. കഴുത്തിലൂടെ ചുട്ടിപ്പിടിച്ചിരിക്കുന്ന ജോക്കുട്ടനെ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചവൾ പറഞ്ഞു. അച്ചു എവിതെ പോയി????? കൈമലർത്തികൊണ്ടവൻ തിരക്കി. അച്ചു ജോലിക്ക് പോയി. അയിന് എമി എഞ്ചിനാ ഇവിത ഇക്കുന്നത്?????? അച്ചുവേ പോലീച്ചാ പോലീച്ച്. കല്ലമ്മാരെ എല്ലാം ഡിശൂ ഡിശൂ എന്ന് ഇച്ച് ചൂപ്പാക്കി വൈന്നേരം ചോത്ലേറ്റും വാഞ്ഞിച്ച് വതും. അവന്റെ പറച്ചിലും കൈകൊണ്ടുള്ള ആക്ഷനും കണ്ട് അവൾക്ക് ചിരി വന്നുപോയി. പിന്നേ പോലീസുകാർക്ക് ചോക്ലേറ്റ് വാങ്ങിക്കൊണ്ടു വരലല്ലേ പണി???? ഇതെല്ലാം കേട്ട് അങ്ങോട്ട്‌ വന്ന ആൽവി ജോക്കുട്ടനെ കളിയാക്കി. പപ്പേത കാച്ചിന് അല്ലല്ലോ മെച്ചത്. പനിക്കും പോവൂല എന്തെ ഓളിസും കത്ത് തിന്ന് അമ്മാമ്മേത തല്ലും കൊന്ത് നക്കുവാ. നാനം ഉന്തോ പപ്പാ?????? നെറ്റിയിൽ കൈ അടിച്ച് അവൻ പറയുന്നത് കേട്ട് എമിയും അങ്ങോട്ട് വന്ന സാറായും പൊട്ടിച്ചിരിച്ചു പോയി. സ്വന്തം കൊച്ച് തന്നെ ചോദിക്കുന്നു നാണം ഉണ്ടോന്ന് എന്തോന്നാ ആൽവിച്ചാ ഇത്??????

നാണം മറക്കാൻ ആടീ ഞാൻ തുണി ഉടുത്ത് നിൽക്കുന്നത്. നിന്റെ കൂടെ കൂടിയതിന് ശേഷമാ ഈ ചെക്കന് നാക്ക് കൂടിയതും എന്നെ വിലയില്ലാണ്ട് ആയതും. ആൽവിച്ചൻ എമിക്ക് നേരെ കണ്ണുരുട്ടി. അയ്യോ വിലയുടെ കാര്യം മാത്രം എന്റെ പൊന്നുമോൻ പറയരുത്. ഗർഭിണി ആയ അമ്മയുടെ ആഹാരം വരെ കട്ടു തിന്നുന്ന അപ്പനെ കണ്ട് വളർന്ന കൊച്ച് നിന്നെ എങ്ങനെ വില വെക്കാനാ?????? സാറായുടെ ചോദ്യം കേട്ടതും എമിയും ജോക്കുട്ടനും കൂടി വാ പൊത്തി ചിരിച്ചു. അല്ല എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ എന്നെ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ????? വീട്ടിൽ ഇത്രയും പരിഗണന കിട്ടുമ്പോൾ ആരായാലും ചോദിച്ചു പോവില്ലേ. തവിടൊന്നും കൊടുത്തല്ല. നിങ്ങൾ കേൾക്കണം പണ്ട് നമ്മുടെ വീട് ഒരു ആറ്റിന്റെ ഇറമ്പത്ത് ആയിരുന്നു. ഒരു മഴക്കാലത്ത് രാവിലെ ഡാഡി പല്ല് തേക്കാൻ ഇറങ്ങിയപ്പൊഴാണ് ആറ്റിൽ കൂടി ഒരു കൊട്ട ഒഴുകി വരുന്നത്. ഡാഡി ചെന്ന് നോക്കുമ്പോഴുണ്ട് അതിനകത്ത് ഒരു കുഞ്ഞു കിടക്കുന്നു. കുഞ്ഞിന്റെ മുഖം കണ്ട് വാത്സല്യം തോന്നി ഡാഡി എടുത്ത് വീട്ടിൽ കൊണ്ടുവന്നു. ആരോരും ഇല്ലാത്ത പാവം കൊച്ചല്ലേ എന്നുകരുതി ഞങ്ങൾ അങ്ങ് അതിനെ വളർത്താൻ തീരുമാനിച്ചു. സാറാ എമിയേയും ജോക്കുട്ടനെയും നോക്കി പറഞ്ഞു നിർത്തി.

ആ കുഞ്ഞുവാവ ആനല്ലേ പപ്പ????? അത്രയും നേരം കഥ കേട്ടോണ്ടിരുന്ന ജോക്കുട്ടൻ എമിയുടെ മടിയിൽ ഇരുന്നു ചോദിച്ചു. കണ്ടാ കൊച്ചിന് വരെ എല്ലാം മനസ്സിലായി. അങ്ങനെ കിട്ടിയതാടാ ഞങ്ങൾക്ക് നിന്നെ. അല്ലാതെ ആരെങ്കിലും തവിട് കൊടുത്ത് നിന്നെയൊക്കെ വാങ്ങി വളർത്തുവോ???? കളിയാക്കി ചിരിയോടെ അവർ അവനെ നോക്കി. അതുകൂടി ആയതും ആൽവിച്ചന് പെരുത്തു കയറി. ആറ്റിൽ കൂടി ഒഴുകി വരാൻ ഞാൻ ആരാ നരനോ?????? ലോജിക്കില്ലാത്ത കള്ളകഥയുമായി ഇറങ്ങിയേക്കുവാ....... ദേ ഒരു കാര്യം പറഞ്ഞേക്കാം കടയിൽ പോവാൻ ഞാൻ ഒരുങ്ങി വരുമ്പോൾ വാങ്ങേണ്ട സാധങ്ങളുടെ ലിസ്റ്റ് കണ്ടില്ലെങ്കിൽ ഞാൻ എന്റെ പാട്ടിന് പോവും പറഞ്ഞില്ലെന്ന് വേണ്ട...... അത്രയും പറഞ്ഞ് എമിയേയും ജോക്കുട്ടനെയും ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ചവിട്ടി തുള്ളി അവൻ അകത്തേക്ക് പോയി. അമ്മച്ചീ..... കളി കാര്യം ആയോ????? ആൽവിയുടെ പോക്ക് നോക്കി എമി അവരോട് ചോദിച്ചു. എവിടുന്ന്???? എന്റെ മോളെ ഇതല്ല ഇതിനപ്പുറം ഇവിടെ നടക്കാറുണ്ട്. കുറച്ച് കഴിയുമ്പൊ അമ്മച്ചീന്നും വിളിച്ച് വരുന്നത് കാണാം. അവനെ എനിക്ക് അറിഞ്ഞൂടെ?????? ചിരിയോടെ സാറാ പറയുന്നത് കേട്ട് അവളും ചിരിച്ചു. ഇവിടെ വന്നു കുത്തിയിരിക്കാതെ നീ ചെന്ന് ഒരുങ്ങി വന്നേ.

നാളെ കഴിഞ്ഞാൽ ക്രിസ്മസ് ഇങ്ങെത്തി. വേണ്ട സാധനങ്ങൾ എന്താന്ന് വെച്ചാൽ വാങ്ങിക്കണമെങ്കിൽ അവന്റെ കൂടെ ആരെങ്കിലും ഒക്കെ പോവണം അല്ലെങ്കിൽ കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൊണ്ട് അവനിങ് വരും വേണ്ടത് ഒട്ട് വാങ്ങുകേമില്ല വേണ്ടാത്തത് എല്ലാം കെട്ടിച്ചുമന്നോണ്ട് വരുകയും ചെയ്യും. അവസാനം കഴിഞ്ഞ ക്രിസ്മസിലെ പോലെ പുൽക്കൂട് ഒരുക്കാൻ ചെല്ലുമ്പോൾ ഉണ്ണിയേശൂനെ കാണാനില്ല എന്ന് പറഞ്ഞത് പോലെ ആവും. ഏഹ്!!! ഉണ്ണിയേശൂനെ കാണാനില്ലെന്നോ?????? എമി നെറ്റിച്ചുളിച്ച് അവരെ നോക്കി. ആഹ് അന്ന് ഈ പുൽക്കൂടിന്റെ എല്ലാം ഏറ്റത് ആൽവി ആയിരുന്നു. പുൽക്കൂട് ഒരുക്കി അതിൽ രൂപം വെക്കാനുള്ള സമയം ആയപ്പോൾ ഉണ്ണിയേശു മാത്രമില്ല ബാക്കിയെല്ലാം ഉണ്ട്. ഉണ്ണിയേശൂനെ തിരയാൻ ഈ വീട്ടിൽ ഒരിടം ബാക്കിയില്ല. അവസാനം അവനോട് ചോദിച്ചപ്പൊ അവൻ പറയുവാ ഒരു ചേഞ്ചിന് നമുക്ക് ജോക്കുട്ടനെ എടുത്ത് അതിനകത്ത് കിടത്താന്ന്. അത് കേൾക്കണ്ട താമസം ആദ്യത്തെ അടി കൊച്ചിന്റെ കയ്യിൽ നിന്ന് തന്നെ അവന് കിട്ടി. എന്നിട്ട് എന്തെടുത്തു?????

പൊട്ടിവന്ന ചിരി അടക്കിപ്പിടിച്ചുകൊണ്ട് എമി ബാക്കി അറിയാനുള്ള ആകാംഷയിൽ ചോദിച്ചു. എന്താവാൻ???? ഡാഡി പോയി വേറെ സെറ്റ് വാങ്ങിക്കൊണ്ട് വന്നിട്ടാണ് പുൽക്കൂട് പൂർത്തിയാക്കിയത്. സാറാ പറഞ്ഞു നിർത്തിയതും അവൾ ചിരിച്ചു പോയിരുന്നു. അത് അങ്ങനെ ഒരു അവതാരം. അവന്റെ കാര്യം പറഞ്ഞാൽ ഇന്നൊന്നും തീരൂല. ഇപ്പൊ കൊച്ച് ചെന്ന് ഒരുങ്ങി അവന്റെ കൂടെ പോവാൻ നോക്ക്. അത് കേട്ടതും എമി ജോക്കുട്ടനെ എടുത്തുകൊണ്ട് എഴുന്നേറ്റു. നാനും വന്നൊന്ത്‌ എമീദെ കൂതെ..... ജോക്കുട്ടൻ അവളുടെ കഴുത്തിലൂടെ ചുട്ടിപ്പിടിച്ചു. അത് വേണ്ട. എമിയും പപ്പയും കൂടി പോയിട്ട് വരട്ടെ. ജോക്കുട്ടൻ പോയാൽ ഇവിടെ അമ്മാമ്മക്കും മമ്മിക്കും ആരാ കൂട്ട്???? കുഞ്ഞിനെ എമിയുടെ കയ്യിൽ നിന്ന് എടുക്കാൻ ശ്രമിച്ചവർ പറഞ്ഞു. അപ്പാപ്പൻ ഒന്തല്ലോ ഇവിതെ.... എനിച്ച് പോനം....... അവരുടെ കൈ തട്ടി കളഞ്ഞവൻ എമിയുടെ തോളിലേക്ക് ചാഞ്ഞു. അവൻ പോന്നോട്ടെ അമ്മച്ചീ. ഞാൻ നോക്കിക്കോളാം. എമി അത് പറഞ്ഞതും പിന്നെ അവർ തടയാൻ ശ്രമിച്ചില്ല. ജോക്കുട്ടാ നമുക്ക് പോവാം?????? എമിയുടെ ചോദ്യത്തിന് അവൻ ചിരിയോടെ തലയാട്ടി സമ്മതിച്ചു. കൊച്ചിനെയും എടുത്ത് അവൾ പോവുന്നത് നോക്കി അവർ സാധനങ്ങളുടെ ലിസ്റ്റ് എഴുതാൻ തിരിഞ്ഞു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story