ഹൃദയതാളമായ്: ഭാഗം 115

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആൽവിച്ചായാ.... വിശക്കുന്നു...... വയറ്റിൽ കൈവെച്ചു നിന്ന് എമി പറയുന്നത് കേട്ടവൻ ഒന്ന് നിന്നു. രാവിലെ തുടങ്ങിയ അലച്ചിലാണ് ഉച്ചയോടെ അവസാനിച്ചത്. കട മുഴുവൻ കയറി ഇറങ്ങി രണ്ടുപേരും ഒരു പേരും ഒരു പരുവമായി. എമിയുടെ കാര്യം ആണ് കഷ്ടം അട്ട പിടിച്ച കണക്ക് ജോക്കുട്ടൻ കഴുത്തിൽ തൂങ്ങിയിരിക്കുവാണ്. അവളുടെ അവസ്ഥ കണ്ട് ഇടയ്ക്ക് ചെക്കനെ ഒന്നു എടുക്കാൻ നോക്കിയതാ. അപ്പൊ തന്നെ കയ്യും തട്ടി മാറ്റി എമിയുടെ തോളിലേക്ക് ഒരു കിടപ്പായിരുന്നു. ഇപ്പൊ എന്തിനും അവന് എമിയെ മതി. എടോ.... ഞാൻ പറഞ്ഞത് കേട്ടോ???? എനിക്ക് വിശക്കുന്നൂ........ ആലോചനയിൽ മുഴുകി നിൽക്കുന്ന അവന്റെ കയ്യിൽ തട്ടി കൊണ്ട് എമി ചിണുങ്ങി. എനിച്ചും വിചക്കണൂ........ ജോക്കുട്ടനും ചുണ്ട് പിളർത്തി കാണിച്ചു. തിന്നുന്ന കാര്യത്തിൽ എന്താ ചേർച്ച???? ആൽവി അവരെ കളിയാക്കി. ഞങ്ങൾ മാന്യമായിട്ടാണ് തിന്നുന്നത് അല്ലാതെ തന്നെ പോലെ കട്ട് തിന്നാൻ പോവില്ല. എമിയും വിട്ടുകൊടുത്തില്ല. വയറു നിറയെ കഴിക്കാൻ വാങ്ങി തരാം ഇനി കട്ട് തിന്നുന്ന കാര്യം ഇതുപോലെ പബ്ലിക്‌ ആയിട്ട് പറയരുത് പ്ലീസ്......

അടുത്തുകൂടി പോവുന്നവർ എല്ലാം കളിയാക്കി ചിരിച്ചോണ്ട് പോവുന്നത് കണ്ട് അവൻ തൊഴു കയ്യോടെ നിന്നുപറഞ്ഞു. അങ്ങനെ വഴിക്ക് വാ മോനെ..... വാ നമുക്ക് ഫുഡ് അടിക്കാം. ആൽവിച്ചന്റെ വയറ്റിൽ ഒരു കുത്തും കൊടുത്ത് അവൾ മുന്നോട്ട് നടന്നു. ഇങ്ങനെയാണ് പോക്കെങ്കിൽ ഫുൾ ടൈം എയറിൽ നിൽക്കുന്ന എന്നെ പിടിച്ചു വല്ല പക്ഷിഗണത്തിലും പെടുത്തുമല്ലോ എന്റെ മാതാവേ..... ആൽവിച്ചൻ മുകളിലേക്ക് നോക്കി കൈമലർത്തി നിന്നു. അതല്ലെങ്കിലും താൻ പക്ഷി ഗണത്തിൽ ആണല്ലോ???? നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി......... പക്ഷെ പറക്കാനുള്ള കഴിവ് ദൈവം തരാത്തത് കൊണ്ട് വിശാല മനസ്കരായ ഞങ്ങൾ പിടിച്ച് എയറിൽ കയറ്റുന്നു. അതിന്റെ നന്ദി എങ്കിലും ഞങ്ങളോട് കാണിക്ക് എന്റെ കോഴിച്ചാ.... നടത്തം നിർത്തി തിരിഞ്ഞു നിന്ന് എമി പറയുന്നത് കേട്ടതും ഇനിയും നോക്കി നിന്നാൽ ഉള്ള മാനം കപ്പൽ കയറും എന്ന് മനസ്സിലാക്കിയ ആൽവിച്ചൻ ഓടി ചെന്ന് അവളെയും വലിച്ച് അടുത്ത് കണ്ട റെസ്റ്റോറന്റിലേക്ക് കയറി. അവിടുന്ന് വയറു നിറയെ ഫുഡും കഴിച്ച് ഐസ്ക്രീമും വാങ്ങി കഴിച്ചിട്ടാണ് അവർ ഇറങ്ങിയത്.

ഒരു രൂപയുടെ മിട്ടായിക്ക് വരെ എച്ചി കണക്ക് പറഞ്ഞ ആൽവിച്ചന്റെ കാശ് കൊണ്ട് തന്നെ പുട്ടടിച്ച് എമി തന്റെ പക വീട്ടി. ഇനി വീട്ടിലേക്ക് പോവാല്ലോ അല്ലെ???? ആഹ് പോവാം.... തലകുലുക്കി അവൾ ജോക്കുട്ടനെയും എടുത്ത് വണ്ടിയിൽ കയറി. ആഹ് പിന്നേ ആൽവിച്ചായാ അടുത്ത തവണ വരുമ്പൊ നമുക്ക് അപ്പുറത്തെ റെസ്റ്റോറന്റിൽ കയറിയാൽ മതി. ഇവിടുത്തെ ഫുഡ് അത്ര പോരാ. എമിയുടെ സംസാരം കേട്ടതും സീറ്റ് ബെൽറ്റ്‌ ഇട്ടുകൊണ്ട് ആൽവി അവളെ ഒരു നോട്ടം. മൂക്കറ്റം വെട്ടിവിഴുങ്ങിയത് പോരാഞ്ഞിട്ട് അവൾ പറയുന്നത് കേട്ടില്ലേ???? ഏത് നേരത്താണാവോ ഇതിനെ എനിക്ക് കൂടെ കൂട്ടാൻ തോന്നിയത്?????? മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളെ നോക്കവെ അവൾ ആ നേരം തന്ന ഐസ്ക്രീമിന് തണുപ്പ് കുറഞ്ഞെന്ന പേരിൽ റെസ്റ്റോറന്റ് ഓണറെ ചീത്ത വിളിക്കുന്ന തിരക്കിലായിരുന്നു. ഒന്നു നെടുവീർപ്പിട്ടു കൊണ്ട് അവൻ വണ്ടി എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കാർ കുരിശിങ്കൽ ഗേറ്റ് കടന്ന് അകത്തേക്ക് കയറവേ പോർച്ചിൽ ഇരിക്കുന്ന ബുള്ളറ്റ് കണ്ടതും ഉള്ളിൽ ഒരു തണുപ്പ് നിറയുന്നത് എമി അറിഞ്ഞു.

രാവിലെ മുതൽ അച്ചുവിന്റെ വിവരം ഒന്നും അറിയാതെ ടെൻഷൻ അടിച്ച് ഇരിക്കുവായിരുന്നു. പല തവണ വിളിക്കാൻ ശ്രമിച്ചിട്ടും ഫോൺ ഓഫ്‌ ആയിരുന്നു. ആൽവിച്ചന്റെ കൂടെ പുറത്തൊക്കെ കറങ്ങുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. ഇപ്പോഴാണ് ഒരാശ്വാസം തോന്നുന്നത്. കാർ നിർത്തിയതും അവൾ മറ്റൊന്നും നോക്കാതെ മടിയിൽ ഇരുന്ന ജോക്കുട്ടനെയും എടുത്ത് ഡോറും തുറന്ന് അകത്തേക്ക് ഒരോട്ടമായിരുന്നു. എടീ പിശാശ്ശെ ഈ ഇരിക്കുന്നതൊക്കെ എടുത്തിട്ട് പോടീ......... പുറകിൽ ഇരിക്കുന്ന ഒരു ലോഡ് സാധനങ്ങൾ നോക്കി അവൻ വിളിച്ചു കൂവിയെങ്കിലും എമി അപ്പോഴേക്കും പോയി കഴിഞ്ഞിരുന്നു. ഇനി ഇതെല്ലാം കൂടി ഞാൻ ഒറ്റയ്ക്ക് എടുത്തു കൊണ്ടുപോവണമല്ലോ എന്റെ കർത്താവെ.......... തലയ്ക്ക് കയ്യും കൊടുത്ത് അവനിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അമ്മച്ചീ..... ഇച്ചായൻ വന്നോ????? അണച്ചു കൊണ്ട് തനിക്ക് മുന്നിൽ വന്നു നിൽക്കുന്ന എമിയെ ഒന്ന് സാറാ നോക്കി. ആദ്യം എന്റെ മോളൊന്ന് ശ്വാസം കഴിക്ക്....... ചിരിയോടെ അവർ പറയുന്നത് കേട്ട് അവളുടെ മുഖം വീർത്തു.

ഹാ.... പറ അമ്മച്ചീ ഇച്ചായൻ എത്തിയോ????? ജോക്കുട്ടനെ സോഫയിലേക്ക് ഇരുത്തി അവൾ വീണ്ടും ചോദിച്ചു. വന്നിട്ടുണ്ട് എന്റെ കൊച്ചേ.... വന്നപാടെ ഊണും കഴിച്ച് മുറിയിലോട്ട് പോയി. ഇപ്പൊ കിടന്ന് ഉറങ്ങുവാ ഇന്നലെ മര്യാദക്ക് ഉറങ്ങിയിട്ടല്ലല്ലോ???? മ്മ്മ്മ്......... മുകളിലേക്ക് ഒന്ന് നോക്കിയവൾ മൂളി. പോയിട്ട് എല്ലാം വാങ്ങിയോ?????? വാങ്ങിയിട്ടുണ്ട് അമ്മച്ചീ... ഞാനൊന്ന് മുറിയിലോട്ട് ചെല്ലട്ടെ ഭയങ്കര ക്ഷീണം. അവരോടായി പറഞ്ഞവൾ തിരിഞ്ഞു. അവിടെ നില്ല് കഴിച്ചിട്ട് പോയി കിടക്കാം. വേണ്ട അമ്മച്ചീ ഞങ്ങൾ പുറത്തുനിന്ന് കഴിച്ചിട്ടാ വന്നത്. തീരെ വിശപ്പില്ല എനിക്കൊന്ന് കിടന്നാൽ മതി. അവശതയോടെ അവൾ നെറ്റിയിൽ വിരൽ അമർത്തി. അവളുടെ നിൽപ്പ് കണ്ടതും സാറാ നടന്ന് അവൾകരികിലേക്ക് ചേർന്നു നിന്നു. രണ്ട് ദിവസായിട്ട് വീട്ടിൽ ഇരിക്കാതെ കറക്കം അല്ലെ അതാ ക്ഷീണം പോയി കിടക്കാൻ നോക്ക്. ഒന്നു ഉറങ്ങി എഴുന്നേൽക്കുമ്പോൾ മാറിക്കോളും. പാറിപറന്നു കിടന്നിരുന്ന അവളുടെ മുടി ഒതുക്കി വെച്ചവർ അവളുടെ നെറുകിൽ തലോടി.

നേർത്ത ഒരു പുഞ്ചിരിയോടെ അവൾ തലയാട്ടി. ഏട്ടത്തിയും ഡാഡിയും ഒക്കെ എവിടെ അമ്മച്ചീ????? ആരെയും കാണാതെ അവൾ അന്വേഷിച്ചു. രണ്ടുപേരും ഉച്ച മയക്കത്തിലാ.... അതെന്തുപറ്റി ഏട്ടത്തിക്ക് ഉച്ച ഉറക്കം പതിവില്ലാത്തത് ആണല്ലോ???? കളിയായി അവളൊന്ന് ചോദിച്ചു. വയറ്റിൽ കിടക്കുന്ന ആളിന്ന് നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നു രാവിലെ തുടങ്ങി വല്ലാത്ത തളർച്ച ആയിരുന്നു. ഇത്രേം നേരം ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുവായിരുന്നു ക്ഷീണം തോന്നിയിട്ട് ഇപ്പൊ അങ്ങോട്ട്‌ കിടക്കാൻ പോയതേ ഉള്ളൂ. അയ്യോ.... എന്നിട്ടെന്താ വെച്ചോണ്ടിരിക്കുന്നത് ഹോസ്പിറ്റലിൽ കൊണ്ടുപോവാം അമ്മച്ചീ..... സ്റ്റെയർ കയറാൻ തിരിഞ്ഞ അവൾ പരിഭ്രമത്തോടെ തിരിഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ പൊന്നുകൊച്ചേ ഈ നിസാര കാര്യത്തിന് ആരേലും ആശുപത്രിയിൽ പോകുവോ???? അതൊക്കെ ഗർഭിണികൾക്ക് പറഞ്ഞിട്ടുള്ളതാ കുറച്ച് കഴിയുമ്പൊ മാറിക്കോളും. ഞാനൊക്കെ ഇത് എന്തോരം അനുഭവിച്ചതാണെന്നോ???? സാറാ പറയുന്നത് കേട്ടതും അവളൊന്ന് നിശ്വസിച്ചു. വന്നപാടെ നിൽക്കാതെ നീ ചെന്ന് കിടക്കാൻ നോക്ക് കൊച്ചേ.....

അവർക്ക് മറുപടിയായി ഒന്ന് ചിരിച്ച് അവൾ റിയയുടെ മുറിയുടെ വാതിൽക്കൽ ചെന്നൊന്ന് നോക്കി. ബെഡിൽ കണ്ണടച്ച് ഉറങ്ങുന്ന റിയയെ കണ്ട് അവൾ മുകളിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റൂമിൽ ചെന്ന് വാതിൽ തുറന്നതും കണ്ടു ബെഡിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന അച്ചുവിനെ. മറുവശത്തേക്ക് ചരിഞ്ഞു കിടക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. എമി പതിയെ മുറിയിലേക്ക് കയറി വാതിൽ അടച്ചു. മിററിന് മുന്നിൽ ചെന്ന് നിന്ന് കെട്ടിവെച്ചിരുന്ന മുടി അഴിച്ചിട്ട് ബെഡിലേക്ക് നോക്കി. കണ്ണടച്ച് ഉറങ്ങുന്ന അച്ചുവിനെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ ഉള്ളിൽ ഉടലെടുത്ത കുഞ്ഞു കുസൃതിയാൽ അവൾ മെല്ലെ ബെഡിലേക്ക് കയറി കമന്നു കിടക്കുന്ന അച്ചുവിന്റെ പുറത്ത് ഏന്തി വലിഞ്ഞു കയറി കിടന്നു. ഇരു കയ്യാൽ അവനെ ചുറ്റിപ്പിടിച്ച് അവന്റെ പുറത്ത് കവിൾ ചേർത്ത് കിടന്ന് കണ്ണടച്ചു. തൊട്ടടുത്ത നിമിഷം തന്നെ അവളെ ബെഡിലേക്ക് മറിച്ചിട്ട് ഇടുപ്പിലൂടെ കൈ ചേർത്തവൻ അവളെ നെഞ്ചിലേക്ക് അടുപ്പിച്ചിരുന്നു. ഞെട്ടി കണ്ണുകൾ തുറക്കവെ മുന്നിൽ ചിരിയോടെ തന്നെ നോക്കി കിടക്കുന്ന അച്ചുവിനെ കണ്ട് അവളുടെ മുഖം വിടർന്നു.

ഉറങ്ങിയില്ലായിരുന്നോ??????? നെറ്റി ചുളിച്ച് അവനെയൊന്ന് നോക്കി. ഉറക്കം വന്നില്ല........ പറയുന്നതിനൊപ്പം ഒരു കയ്യാൽ അവളെ ചുറ്റിപ്പിടിച്ചിരുന്നു. ഇന്നലെ എവിടെ പോയതാ?????? അച്ചുവിന്റെ നിവർത്തി വെച്ച കയ്യിൽ മുഖം ചേർത്ത് വെച്ചവൾ ചോദിച്ചു. ചേട്ടായി പറഞ്ഞില്ലേ???? ഒരു കേസിന്റെ ആവശ്യത്തിന് പോയതാ. എന്നോട് ഒന്നു പറഞ്ഞിട്ട് പോവായിരുന്നില്ലേ????? പരിഭവത്താൽ അവളുടെ ചുണ്ട് കൂർത്തു. അതിന് ഉറക്കത്തിൽ കൊണ്ടുപോയി കിണറ്റിൽ ഇട്ടാൽ പോലും അറിയാത്ത നിന്നോട് ഞാൻ എങ്ങനെ പറയാനാ???? ചുണ്ട് കടിച്ചു പിടിച്ച് ചിരി അമർത്തി അവൻ പറയവെ കൂർത്തിരുന്ന ചുണ്ടുകൾ വീണ്ടും പുറത്തേക്ക് ഉന്തി. പിണക്കം നടിച്ച് അവൾ വെട്ടിതിരിഞ്ഞു കിടക്കാൻ ആഞ്ഞതും അതിന് അനുവദിക്കാതെ അച്ചു അവളെ തന്നിലേക്ക് വരിഞ്ഞു മുറുക്കി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. ഉള്ളിൽ ഉടലെടുത്ത കുഞ്ഞു പരിഭവത്താൽ അവന്റെ പിടി അയച്ച് അവനിൽ നിന്ന് മാറാൻ അവൾ ശ്രമം നടത്തി. അടങ്ങി കിടക്കെടീ ഞാനൊന്ന് ഉറങ്ങിക്കോട്ടെ..... തന്റെ പിടിയിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നവളുടെ കാതിലായി പറഞ്ഞവൻ കണ്ണുകൾ അടച്ചു. പിന്നെ അകന്നു മാറാൻ അവൾക്കും തോന്നിയില്ല.

തന്നെ പുണർന്നിരിക്കുന്ന അവന്റെ കയ്യിൽ കൈ ചേർത്ത് വെച്ച് എമിയും പതിയെ കണ്ണുകൾ അടച്ചു കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഏറെ നേരത്തെ ഉറക്കത്തിന് ശേഷം അവൾ കണ്ണുകൾ തുറക്കുമ്പോൾ അതുവരെയുള്ള ക്ഷീണം വിട്ടുമാറിയിരുന്നു. മുഖം ചരിച്ച് ഒന്ന് നോക്കുമ്പോൾ അച്ചു നല്ല ഉറക്കത്തിലാണ്. കുറച്ചു നേരം എമി നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ തന്നെ നോക്കി കിടന്നു. ആ മുഖമാകെ അവളുടെ കണ്ണുകൾ ഓടി നടന്നു. എന്തോ അങ്ങനെ ഒത്തിരി നേരം അവനെ തന്നെ നോക്കിക്കിടക്കാൻ തോന്നുന്നു. മെല്ലെ കൈ ഉയർത്തി അവന്റെ മീശ പിരിച്ചു വെച്ചു. അച്ചു ഒന്ന് ഞരങ്ങികൊണ്ട് അവളിലേക്ക് വീണ്ടും ചേർന്ന് കിടന്നു. തനിക്ക് അഭിമുഖമായി ഒരിഞ്ച് വ്യത്യാസത്തിൽ ഇരിക്കുന്ന അവന്റെ മുഖം അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി. അവന്റെ ചുടു നിശ്വാസം മുഖത്ത് തട്ടിയതും ഉള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വികാരങ്ങൾ ഇരച്ചു കയറി. എന്തോ ഉൾപ്രേരണയാൽ അവന്റെ അധരങ്ങളിൽ അവൾ മെല്ലെ ചുണ്ട് ചേർത്തു. ആ നിമിഷം തന്നെ അവൾ ബോധം വന്നത് പോലെ പിടഞ്ഞു മാറി. അവനെ ഒന്ന് നോക്കവെ അച്ചു നല്ല ഉറക്കത്തിലാണ്. അത് കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് നിശ്വസിച്ചു. അയ്യേ.... എന്താ എമീ നീ ഈ കാണിക്കുന്നത്????

സ്വയം പഴിച്ച് നാക്ക് കടിച്ചു കൊണ്ടവൾ ചമ്മലോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. ഇനിയും കിടന്നാൽ ശരിയാവില്ല എന്ന് തോന്നിയതും അവൾ ഇടുപ്പിൽ ഇരിക്കുന്ന അവന്റെ കൈ എടുത്തു മാറ്റി ബെഡിൽ നിന്ന് എഴുന്നേറ്റു. വാഷ്റൂമിലേക്ക് കയറി മുഖം കഴുകി ഇട്ടിരുന്ന വേഷം മാറി മറ്റൊന്നിട്ട് പുറത്തേക്കിറങ്ങി. അപ്പോഴും അച്ചു ഉറക്കത്തിലാണ്. അവനെ ശല്യം ചെയ്യാതെ നെറ്റിയിൽ കുഞ്ഞു ഒരുമ്മ കൊടുത്ത് അവൾ മുറിവിട്ട് ഇറങ്ങി. താഴേക്ക് ഇറങ്ങിയതും സോഫയിൽ ഇരുന്ന് ജോക്കുട്ടനെ ഭക്ഷണം കഴിപ്പിക്കുന്ന റിയയെ കണ്ടവൾ അങ്ങോട്ട്‌ നടന്നു. ആഹാ എഴുന്നേറ്റോ????? ഇച്ചായൻ ഇപ്പൊ കൂടി നിന്നെ തിരക്കിയതേ ഉള്ളൂ. എമിയെ കണ്ട പാടെ റിയ പറഞ്ഞു. വെയിൽ ഒക്കെ കൊണ്ട് നടന്നത് കൊണ്ടാണെന്ന് തോന്നുന്നു തലയ്ക്ക് വല്ലാത്തൊരു പെരുപ്പായിരുന്നു. ഒന്ന് ഉറങ്ങി ഉണർന്നപ്പോഴാണ് എല്ലാം മാറിയത്. പറയുന്നതിനൊപ്പം തന്നെ അവൾ റിയക്ക് അരികിലേക്ക് ഇരുന്നു. ഏട്ടത്തിക്ക് വയ്യെന്ന് അമ്മച്ചി പറഞ്ഞു. അങ്ങനെ വയ്യായ്ക ആയിട്ടൊന്നും ഇല്ലെടാ ചെറിയൊരു ക്ഷീണം പോലെ.

ഇപ്പൊ മാറി. അവൾ തെളിഞ്ഞൊരു പുഞ്ചിരി എമിക്ക് നൽകി. അത് കേട്ട് എമി മെല്ലെ അവളുടെ മടിയിലേക്ക് കിടന്നു. ഇവിടെ കിടന്ന് നീ എന്റെ ഏട്ടത്തിയെ കഷ്ടപ്പെടുത്തവാല്ലേ????? പാവം അല്ലേടാ മമ്മി??? ഒത്തിരി വേദനിപ്പിക്കാതെടാ...... വയറിൽ മുഖം അമർത്തി എമിയത് പറഞ്ഞു തീർന്നതും നല്ലൊരു ചവിട്ട് തന്നെ റിയക്ക് കിട്ടി. ആഹ്....... എന്റെ കൊച്ചേ.... ഇവനെന്നെ ചവിട്ടുവാ...... വയറിന് ഇടതു ഭാഗത്ത്‌ കൈ വെച്ച് റിയ അത് പറയുമ്പോൾ കണ്ണുകൾ ചെറുതായ് നനഞ്ഞിരുന്നു. ഇത് അപ്പന്റെ തന്നെ.... കണ്ടില്ലേ പറഞ്ഞപ്പൊ തന്നെ പണി തന്നില്ലേ????? റിയയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് ഇരുന്ന് അവൾ പറഞ്ഞു. ആഹ്.... ഇനി അതുകൂടി എന്റെ നെഞ്ചത്തോട്ട് വെക്കടീ..... ആൽവിച്ചന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന അവനെ കണ്ടതും അവൾ ഇളിച്ചു കാട്ടി. അല്ല എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ എല്ലാം എന്റെ പെടലിക്ക് വെക്കുമ്പോൾ നിനക്കിതിൽ നിന്ന് എന്ത് സുഖാടി കിട്ടുന്നത്????? ആനന്ദം പരമാനന്ദം...... കൈ രണ്ടും മലർത്തി അവൾ പറയുന്നത് കേട്ട് റിയ അമർത്തി ചിരിച്ചു. എന്റെ മോൾ ആനന്ദിച്ചു കഴിഞ്ഞെങ്കിൽ വാ നമുക്ക് ഇല്ലുമിനേഷൻ ലൈറ്റ്സ് പുറത്ത് തൂക്കാം. അകത്തേക്ക് കയറി എമിയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചവൻ പറഞ്ഞു. ഇതൊക്കെ നേരത്തെ പറയണ്ടേ???? വാ നമുക്ക് പണി തുടങ്ങാം......

ആവേശത്തോടെ അവന്റെ കയ്യിൽ തൂങ്ങി എമിയത് പറഞ്ഞതും ചിരിയോടെ അവളുടെ തലയിൽ ഒന്ന് തട്ടി ആൽവിച്ചൻ പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ലാഡറിൽ കയറി നിന്ന് ലൈറ്റ് തൂക്കി എമി മെല്ലെ താഴെക്കിറങ്ങി. മ്മ്മ്.... കൊള്ളാം. പക്ഷെ ഇത് കത്തുവോ????? മുകളിലേക്ക് നോക്കി ഇടുപ്പിൽ കൈകുത്തി നിന്നുകൊണ്ട് അടുത്ത് നിന്ന ആൽവിച്ചനോടായി ചോദിച്ചു. ഇന്ന് വാങ്ങിക്കൊണ്ടു വന്ന ലൈറ്റ് എങ്ങനെ കത്താതെ ഇരിക്കും????? താനല്ലേ കണക്ഷൻ കൊടുത്തത് വീട് നിന്ന് കത്തുവോ എന്നാ എന്റെ പേടി. എമി പറയുന്നത് കേട്ടതും ആൽവി അവളെ കൂർപ്പിച്ചു നോക്കി. പുച്ഛിക്കുന്നോ??????? അതും പറഞ്ഞ് ആൽവി സ്വിച്ച് ഓണാക്കി. ഭംഗിയിൽ തെളിയുന്ന ലൈറ്റ്സ് നോക്കി എങ്ങനെയുണ്ട് എന്ന ഭാവത്തിൽ എമിയെ നോക്കി അവൻ തിരികെ പുച്ഛിച്ചു. Don't underestimate the power of a common man. ഷാരുഖ് സ്റ്റൈലിൽ പറഞ്ഞ് സ്ലോ മോഷനിൽ നടന്നു. അഞ്ചാം ക്ലാസ്സിലെ പിള്ളേർ വരെ പുഷ്പം പോലെ ചെയ്യുന്ന പണിക്കാണ് ഇത്ര പഞ്ച്. ചുണ്ട് കോട്ടി എമി അടുത്ത പണിക്കായി തിരിഞ്ഞു. ഓരോ ഡെക്കറേഷൻസ് ചെയ്ത് അങ്ങനെ നിൽക്കുന്ന നേരം എന്തോ ആലോചനയിൽ തിരിഞ്ഞവൾ ആൽവിയെ നോക്കി. ആൽവിച്ചായാ....... എന്നാടീ????????

കയ്യിലിരുന്ന സ്റ്റാറിൽ നിന്ന് തലയുയർത്തി അവൻ എമിയെ നോക്കി. നമ്മൾ മാത്രായിട്ട് ചെയ്താൽ ഇന്നൊന്നും തീരൂല. താൻ ചെന്ന് അനൂനെ കൂടി ഒന്ന് വിളിച്ചോണ്ട് വാ...... അത് കേട്ടതും അവൻ സ്റ്റാർ നിലത്ത് വെച്ചു. ശരിയാ.... നമ്മൾ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുമ്പോൾ അവൾ അങ്ങനെ സുഹിച്ച് ഇരിക്കണ്ട..... അതും പറഞ്ഞ് ഉടുത്ത മുണ്ട് മടക്കി കുത്തി അനുവിനെ വിളിക്കാൻ പോവുന്ന ആൽവിച്ചനെ നോക്കി അവൾ ഇരുന്നു. കഴിഞ്ഞ ദിവസം അവളോട്‌ കലിപ്പും ഇട്ട് പേടിപ്പിച്ച മനുഷ്യനാ ഈ പോവുന്നത്. ആ മനസ്സിൽ ഒരു ദേഷ്യത്തിന്റെ ഒരു കണിക പോലുമില്ല. അല്ല അത് ഇച്ചായനും അങ്ങനെ ആണല്ലോ പുറമെ മിണ്ടാതെ നടക്കുന്നുണ്ടെങ്കിലും ആ ഉള്ളിൽ ഇപ്പോഴും അനുവിനോട് ഉള്ള സ്നേഹമല്ലേ?????? ഇത്രയും നന്മയുള്ള ഇവർക്ക് ഇതെങ്ങനെ വൈരാഗ്യം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പെങ്ങൾ ഉണ്ടായി????? അവളെ ഞാൻ ഇതെങ്ങനെ നന്നാക്കും എന്റെ മാതാവേ............... നെടുവീർപ്പോടെ ചിന്തിച്ചവൾ വിദൂരതയിലേക്ക് നോക്കിയിരുന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story