ഹൃദയതാളമായ്: ഭാഗം 116

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കാര്യമായ ആലോചനയിൽ മുഴുകി അങ്ങനെ ഇരിക്കുമ്പോഴാണ് തലയിൽ ഒരു തട്ട് കിട്ടുന്നത്. ഒന്ന് ഞെട്ടി തലയും തടവി ആൾ ആരാന്ന് നോക്കവെ തനിക്ക് അരികിൽ ഇരിക്കുന്ന അച്ചുവിനെ കണ്ടവൾ ചുണ്ട് കൂർപ്പിച്ചു. ആർക്ക് പണികൊടുക്കുന്നതിനെ പറ്റിയാ ഇത്ര കാര്യമായി ആലോചിച്ചു കൂട്ടുന്നത്????? ഞാൻ ആർക്കും പണി കൊടുക്കുന്നതിനെ പറ്റി ഒന്നും ആലോചിച്ചില്ല. കൂർത്ത നോട്ടം അവന് നേരെ എറിഞ്ഞവൾ കെറുവിച്ചു. അതായിരിക്കും ഞാൻ ഇവിടെ വന്നിരുന്നിട്ട് പോലും എന്റെ പൊടിക്കുപ്പി അത് അറിയാതെ ഇരുന്നത് അല്ലെ???? മുഖം വീർപ്പിച്ചിരിക്കുന്ന അവളുടെ മൂക്കിൽ പിടിച്ചു വലിച്ചവൻ ചിരിച്ചു. മറുപടിയായി അവന്റെ കയ്യിൽ ഒന്നു ഇടിച്ചവൾ തിരിഞ്ഞിരുന്നു. ഇതെന്നതാ ഈ കാണിക്കുന്നത്????? കളർ പേപ്പർ എടുത്ത് കത്രിക കൊണ്ട് വെട്ടി എടുക്കുന്ന എമിയെ നോക്കി അവൻ ചോദിച്ചു. ഞാൻ ട്രീയിൽ തൂക്കാൻ വേണ്ടിയിട്ട് ഈ പേപ്പർ കൊണ്ട് baubles ഉണ്ടാക്കുവാ. കണ്ടില്ലേ ആയുധം വെച്ചുള്ള കളിയാ എന്റെ കോൺസെൻട്രേഷൻ കളയാതെ പോയേ...... ഗൗരവത്തിൽ പറയുന്നത് കേട്ടവൻ ചിരിച്ചു. അതിന് ഇങ്ങനെ ആണോടീ കട്ട്‌ ചെയ്യുന്നത്?????

എമിയുടെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു. ഇങ്ങനെ അല്ലാതെ പിന്നെങ്ങനെയാ???? തലയും തടവി അവൾ അവനെ കൂർപ്പിച്ചു നോക്കി. ഇങ്ങ് താ ഞാൻ കാണിച്ചു തരാം.... അവളുടെ കയ്യിൽ നിന്ന് കത്രിക വാങ്ങി രണ്ട് നിറത്തിലുള്ള പേപ്പർ എടുത്ത് വട്ടത്തിൽ മുറിച്ചെടുത്തു. പേപ്പർ പകുതി വെച്ചു മടക്കി കട്ട്‌ ചെയ്ത് മടക്കുകൾ ഭംഗിയായി ഒട്ടിച്ചു ചേർത്ത് baubles ഉണ്ടാക്കുന്നത് കണ്ട് എമി അത്ഭുതത്തോടെ നോക്കിയിരുന്നു. ത്രെഡ് എടുത്ത് തൂക്കി ഇടാൻ പാകത്തിന് ഒട്ടിച്ചു ചേർത്ത് നിമിഷങ്ങൾക്കകം ഭംഗിയായി നിർമ്മിച്ചത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. ഇച്ചായന് ഇതൊക്കെ ഉണ്ടാക്കാൻ അറിയാരുന്നോ???? അറിയില്ലെങ്കിൽ പിന്നെ എങ്ങനാടീ ഞാനിത് ചെയ്യുന്നത്????? അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ തട്ടികൊണ്ടവൻ പറഞ്ഞു. എങ്കിൽ എന്നെയും കൂടി ഒന്നു പഠിപ്പിച്ചു തരുവോ?????? അവനരികിലേക്ക് ചേർന്നിരുന്നവൾ കൊഞ്ചി. അപ്പൊ നിനക്ക് അറിയില്ലേ ഇത് ഉണ്ടാക്കാൻ?????

മ്മ്ച്ചും..... അവൾ ചുമൽ കൂച്ചി കാണിച്ചു. പിന്നെന്തോന്നിനാ നീയിതും പിടിച്ച് ഇവിടെ ഇരുന്നത്???? യൂട്യൂബിൽ കണ്ടത് വെച്ച് ഉണ്ടാക്കാൻ നോക്കിയതാ പക്ഷെ പറ്റിയില്ല.... ചുണ്ട് പിളർത്തി അവൾ അച്ചുവിനെ നോക്കി. അവളുടെ ഇരുപ്പും ഭാവവും എല്ലാം അവനിൽ ചിരി വിടർത്തുന്നുണ്ടായിരുന്നു. ശരി... പഠിപ്പിച്ചു തരാം. ചെന്നൊരു കത്രിക എടുത്തിട്ട് വാ. ദേ ഇപ്പൊ വരാം......... പറഞ്ഞു തീർന്നതും അവൾ എഴുന്നേറ്റ് അകത്തേക്ക് ഓടിയിരുന്നു. പോയ അടുത്ത നിമിഷം തന്നെ അകത്തു നിന്ന് കത്രികയും എടുത്ത് അച്ചുവിന് അരികിൽ വന്നിരുന്നു. ഈ ആവേശം എന്റെ കൊച്ച് പഠിപ്പിൽ കാണിക്കുന്നില്ലല്ലോ????? കേവലം ടെക്സ്റ്റ്‌ ബുക്കിൽ ഒതുങ്ങി നിൽക്കുന്നതല്ല ഇച്ചായാ വിദ്യാഭാസം. നമുക്ക് അറിയാത്തത് എന്തും പുതിയ പുതിയ അറിവുകളാണ് ജീവിതപാഠങ്ങളാണ്. ഇപ്പൊ ദേ ഈ baubles ഉണ്ടാക്കാൻ പഠിക്കുന്നത് പോലും പുതിയൊരു അറിവാണ്. ഇത്രയും വിശാലമായ അറിവുകളുടെ ലോകം നമുക്ക് ചുറ്റിനും ഉണ്ടായിട്ടും വെറും പാഠപുസ്തകങ്ങളിൽ മാത്രം ചിന്തയും ശ്രദ്ധയും ഒതുക്കാൻ ശ്രമിക്കുന്നത് എന്ത് മണ്ടത്തരമാണ്????

ഇത്രേം വലിയ പോലീസുകാരൻ ആയിട്ടും ഇനിയും ഇങ്ങനെ ഇടുങ്ങിയ രീതിയിൽ ചിന്തിക്കാതിരിക്കൂ മിഷ്ടർ.... വലിയ തത്വജ്ഞാനിയെ പോലെ അവൾ പറഞ്ഞു നിർത്തുന്നത് കേട്ട് അച്ചു അവളെ ഒന്ന് ഇരുത്തി നോക്കി. ഇതെവിടുന്ന് കിട്ടി ഇതൊക്കെ???? പിരികം പൊക്കിയും താഴ്ത്തിയും അവൻ ചോദിച്ചത് കേട്ട് അവളൊന്ന് ഇളിച്ചു. ഇന്നത്തെ പത്രത്തിന്റെ കൂടെ വന്ന നോട്ടീസിൽ ഉണ്ടായിരുന്നതാ ആ പുട്ടിഭൂതത്തിനിട്ട് രണ്ട് ഡയലോഗ് അടിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഇരുന്നു പഠിച്ചതാ. കുറച്ചൊക്കെ ഞാൻ കയ്യീന്നും ഇട്ടു. മുപ്പത്തിരണ്ട് പല്ലും വെളുക്കെ കാട്ടി അവൾ പറഞ്ഞു നിർത്തി. ഇങ്ങനെ എന്തെങ്കിലും കുനഷ്ട് ആയിരിക്കും എന്നെനിക്കറിയാരുന്നു അല്ലാതെ നിനക്ക് ഇത്ര വിവരം എവിടുന്ന് ഉണ്ടാവാനാ????? അമർത്തി ചിരിയോടെ അവൻ പറയുന്നത് കേട്ട് അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചു. അവളുടെ കളി കണ്ട് ഒരു ചിരിയോടെ അവൻ കയ്യിലിരുന്ന പേപ്പർ മുറിക്കാൻ തുടങ്ങി. അച്ചു കാണിക്കുന്നത് നോക്കി അവളും കത്രിക കൊണ്ട് വെട്ടാൻ നോക്കും. ഇടയ്ക്ക് ഒക്കെ പാളി പോവും. എങ്കിലും ഒരുവിധത്തിൽ കുറേ നേരം ഇരുന്ന് അവൾ ഒരെണ്ണം സ്വന്തമായി ഉണ്ടാക്കി എടുത്തു.

ഈ സമയം കൊണ്ട് അനുവും ആൽവിച്ചനും അങ്ങോട്ട്‌ എത്തിയിരുന്നു. അനു വന്നതും അവരെ ഒന്നു നോക്കിയിട്ട് ആൽവിച്ചന്റെ കൂടെ ചേർന്ന് ഓരോന്നായി ചെയ്യാൻ തുടങ്ങി. വരാന്തയിലെ സംസാരം കേട്ട് റിയ ജോക്കുട്ടനെയും കൊണ്ട് അങ്ങോട്ട് എത്തി. എമി ചെയ്യുന്നത് കണ്ട ജോക്കുട്ടൻ അകത്ത് നിന്ന് മൂർച്ചയില്ലാത്ത ഒരു കുഞ്ഞു കത്രികയും എടുത്ത് വന്ന് അവൾക്കരികിൽ ഇരുന്നു. എമിയുടെയും അച്ചുവിന്റെയും നോക്കി പേപ്പർ എടുത്ത് പല തുണ്ടുകളായി വെട്ടി ഇട്ടു. എത്ര നാളായല്ലേ എല്ലാവരും കൂടി ഇങ്ങനെ ഇരുന്ന് ഓരോന്ന് ഒരുക്കിയിട്ട്. ക്രിസ്മസ് ട്രീ ഒരുക്കാൻ തിരഞ്ഞെടുത്ത മുറ്റത്തെ അലങ്കാര ചെടി വെട്ടി ഒതുക്കുന്ന ആൽവിച്ചനോട്‌ റിയ പറഞ്ഞു. ശരിയാ..... നമ്മളൊക്കെ എല്ലാ കൊല്ലവും ഇങ്ങനെ കാണും. ഇവനെ ഇതുപോലെ ഒന്നു കിട്ടാനല്ലേ പാട്. ആൽവിച്ചൻ അച്ചുവിനെ നോക്കി. അതേ എന്റെ കെട്ട്യോൻ തന്നെ പോലെ ഓഫീസിൽ വെറുതെ ഈച്ച ആട്ടി ഇരിക്കുന്ന ആളല്ല ഐപിഎസാ ഐപിഎസ്. എമി അവനെ നോക്കി പുച്ഛിച്ചു. അത് കേട്ട് അച്ചുവും റിയയും അവനെ നോക്കി കളിയാക്കി ചിരിച്ചു. എടാ നീയിതിനെ എനിക്കിട്ട് പണിയാൻ വേണ്ടി കെട്ടിക്കൊണ്ട് വന്നതാണോ????

ഇതിനെ പെണ്ണുകാണാൻ ചെന്ന അന്നു തൊട്ട് എനിക്ക് കിട്ടുന്ന പണിയാ. ഇതിനൊരു അന്ത്യം ഇല്ലേടേ????? ചിരി കടിച്ചു പിടിച്ചിരിക്കുന്ന അച്ചുവിന് നേർക്ക് ആൽവിച്ചൻ ദയനീയമായി നോക്കി ചോദിച്ചു. വസന്തരോഗം പിടിപെട്ട കോഴിയെ കൂട്ടുള്ള ആ സ്വഭാവം മാറ്റാൻ നോക്ക് അപ്പൊ ഞാനും പണി തരുന്നത് നിർത്താം. ചുണ്ട് ചുളുക്കി അവൾ പറഞ്ഞു തീർന്നതും ഒരു പൊട്ടിച്ചിരി അവിടെ ഉയർന്നു. ഹഹഹഹ.......... ആ ശബ്ദത്തിന് ഉറവിടം തിരിഞ്ഞ എല്ലാവരുടെയും കണ്ണ് ഒരു നിമിഷം മിഴിഞ്ഞു പോയി. തൂണിൽ ചാരി നിന്ന് വയറ്റിൽ കൈവെച്ച് ചിരിച്ചു മറിയുന്ന അനുവിനെ കണ്ട് വിശ്വാസം വരാതെ ഇരിക്കുകയാണ് ഓരോരുത്തരും. പകപ്പോടെ അവർ പരസ്പരം നോക്കി. ഞാൻ കാണുന്ന കാഴ്ച തന്നെ അല്ലെ നിങ്ങളും കാണുന്നത്...... ഇതൊന്നും അറിയാതെ അനു അപ്പോഴും പൊരിഞ്ഞ ചിരിയാണ്. തല തല്ലി ചിരിക്കുന്നതിനിടയിൽ ഒന്നു തല പൊക്കി നോക്കിയ അനു കാണുന്നത് വിചിത്ര ജീവിയെ പോലെ തന്നെ തന്നെ നോക്കി ഇരിക്കുന്ന നാല് ജോഡി കണ്ണുകളാണ്. കിളി പാറിയ കണക്ക് പകച്ചിരിക്കുന്ന അവരെ കാണുമ്പോഴാണ് അവൾക്ക് പറ്റിയ അമളി മനസ്സിലാവുന്നത്.

ഒന്നു ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ വെപ്രാളപ്പെട്ട് നോട്ടം മാറ്റി എമിക്ക് നേരെ പുച്ഛിച്ച് അവൾ അകത്തേക്ക് പോയി. സത്യത്തിൽ എമിക്ക് അത് കണ്ട് ചിരി വന്നുപോയിരുന്നു. രണ്ട് ദിവസമായിട്ട് ആളിപ്പൊ ഇങ്ങനെയാണ്. മറ്റുള്ളവരോട് പഴയത് പോലെ മിണ്ടാൻ ശ്രമിക്കുന്നു. ഡാഡിയോട് കുറുമ്പ് കാട്ടാൻ നോക്കുന്നു. ഇടയ്ക്ക് ജോക്കുട്ടന്റെ കളി നോക്കി ഇരിക്കുന്നത് ഒക്കെ കാണാം. ആദ്യം കരുതിയത് കൊച്ചിനെ ഇനി ഉപദ്രവിക്കാനുള്ള വഴി നോക്കുവാണെന്നാണ്. പക്ഷെ അങ്ങനെയല്ല എന്ന് പിന്നെ മനസ്സിലായി. ഇടയ്ക്ക് അവന്റെ കുസൃതികൾ കണ്ട് ചിരിക്കാറുണ്ട്. ആരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് കണ്ടാൽ അപ്പൊ എഴുന്നേറ്റു പോവും. ആദ്യമൊക്കെ ശോകമൂകം ആയിരുന്നു അവസ്ഥ. വല്ല തേപ്പും കിട്ടിയോ എന്ന സംശയത്തിൽ ആയിരുന്നു. പിന്നെയാണ് സത്യാവസ്ഥ അറിയുന്നത്. ധൂർത്തടിക്കാനും അടിച്ചു പൊളിക്കാനും ഉള്ള പൈസ കയ്യിൽ ഇല്ലാത്തത് കൊണ്ട് ഫ്രണ്ട്സ് എന്ന പേരിൽ കൂടെ കൊണ്ടുനടന്നവരെല്ലാം പോയി.

ഇപ്പൊ അക്ഷയും സ്വാതിയും മാത്രമുണ്ട് കൂടെ. ഇതെല്ലാം അക്ഷയ് വഴി ചൂണ്ടിയ വിവരങ്ങളാണ്. ഇടം വലം നിന്നവർ നഷ്ടമായതിന്റെ സങ്കടം ആയിരുന്നു ആൾക്ക് അല്ലാതെ ഇതിനെ ഒക്കെ ആര് പ്രേമിക്കാൻ???? അറിഞ്ഞോണ്ട് ആരും വാരിക്കുഴിയിൽ ചെന്ന് ചാടിയില്ലല്ലോ???? എന്തായാലും ആൾക്ക് കാര്യമായി എന്തൊക്കെയോ പറ്റിയിട്ടുണ്ട്. അനു പോയ വഴിയേ നോക്കി എമി മനസ്സിൽ ചിന്തിച്ചു. ഇപ്പൊ അകത്തോട്ട് പോയത് നമ്മുടെ പെങ്ങൾ തന്നെ ആണോടാ?????? അതിശയത്തോടെ ആൽവി അച്ചുവിനെ നോക്കി. ആ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവൻ മറ്റെങ്ങോട്ടോ നോക്കിയിരുന്നു. അനുവിന് ഇപ്പൊ ഈയിടെ ആയിട്ട് എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്നലെ എന്നോട് വന്നു മിണ്ടാനൊക്കെ നോക്കി. റിയ തന്റെ മനസ്സിൽ തോന്നിയത് മറച്ചു വെച്ചില്ല. പുതിയ അടവായിരിക്കും...... അതുവരെ മിണ്ടാതിരുന്ന അച്ചു പുച്ഛത്തോടെ പറഞ്ഞു. ഇത് അടവായിട്ടൊന്നും എനിക്ക് തോന്നിയില്ല അവൾ ഇതെല്ലാം കേട്ട് ചിരിച്ചത് തന്നെയാ.

അതല്ലേ നമ്മൾ നോക്കുന്നത് കണ്ടപ്പോൾ ചമ്മിയിട്ട് അത് മറക്കാൻ എന്നെ നോക്കി പുച്ഛിച്ചിട്ട് പോയത്???? അതേ അവൾ ചമ്മി നിൽക്കുന്നത് നമ്മളും കണ്ടതല്ലേ???? ആൽവിച്ചനും എമിയെ ശരി വെച്ചു. അതിനിപ്പൊ എന്താ അതിനും വേണ്ടി ഇവിടെ നടന്നത്???? ഒരാൾ ചിരിക്കുന്നത് ഒക്കെ സ്വാഭാവികമല്ലേ ഇത്ര ചർച്ച ചെയ്യാൻ മാത്രം അതിൽ എന്തിരിക്കുന്നു????? എന്തെങ്കിലും ചിരിക്കുന്നുണ്ടെങ്കിൽ അത് പോട്ടേന്ന് വെക്കാം. പക്ഷെ അനു ചിരിക്കുന്നത് അതും ദേ ഇവൾ പറയുന്നത് കേട്ട് ചിരിച്ചെങ്കിൽ അതിൽ എന്തോ ഉണ്ട്. എന്തൊക്കെയോ മാറ്റങ്ങൾ അവൾക്ക് ഉണ്ടായിട്ടുണ്ട് എന്നർത്ഥം. അച്ചുവിനെ നോക്കി ആൽവിച്ചൻ പറഞ്ഞു നിർത്തി. ഓന്തിന്റെ വർഗ്ഗത്തിൽ പെട്ട സാധനാ അത്. അത്ര പെട്ടെന്നൊന്നും നന്നാവും എന്ന് നിങ്ങളാരും വെറുതെ പ്രതീക്ഷിക്കണ്ട. അച്ചു പരിഹാസരൂപേണ അവരെ നോക്കി. അതിന് നന്നായി എന്നാര് പറഞ്ഞു????എന്തോ മാറ്റം ഉണ്ടായിട്ടുണ്ട് അതൊരു സത്യം മാത്രം. എന്തായാലും ഇത് എവിടം വരെ പോകുമെന്ന് നോക്കാം. എമി അത് പറഞ്ഞതും ആൽവിച്ചനും റിയയും അതേ എന്നർത്ഥത്തിൽ തലയാട്ടി. അച്ചു അതിൽ താല്പര്യമില്ലാത്തത് പോലെ അലസമായി എങ്ങോട്ടോ നോക്കിയിരുന്നു.

അവന്റെ ഇരുപ്പും മുഖത്തെ താല്പര്യമില്ലായ്‌മയൊക്കെ എമി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണം അറിയാവുന്നതിനാൽ അവളൊന്നും മിണ്ടിയില്ല. കുറേ നേരമായി നീ ഒരേയിരിപ്പല്ലേ വാ ഇനി കുറച്ചു നേരം നമുക്ക് ഒന്നു നടന്നിട്ട് വരാം. ആൽവിച്ചൻ പയ്യെ റിയക്ക് അരികിൽ ചെന്ന് പറഞ്ഞു. ഇന്നിനി നടക്കാൻ വയ്യ ഇച്ചായാ..... മടിയോടെ റിയ മുഖം ചുളിച്ചു. അതൊന്നും പറഞ്ഞാൽ പറ്റില്ല. 10 മിനിറ്റ് എങ്കിലും നടക്കണം ഡോക്ടർ പ്രത്യേകം പറഞ്ഞതാ. മടിയൊക്കെ മാറ്റി വെച്ച് ഇങ്ങ് വന്നേ....... പയ്യെ അവളെ എഴുന്നേൽക്കാൻ സഹായിച്ചു കൊണ്ട് ആൽവിച്ചൻ പറഞ്ഞതും മനസ്സില്ലാ മനസ്സോടെ റിയ എഴുന്നേറ്റു. പുറത്തേക്ക് നടക്കുന്നതിനിടയിൽ ജോക്കുട്ടനും ഓടി ചെന്നു. റിയയെ കയ്യിൽ പിടിച്ച് മെല്ലെ നടത്തിക്കുന്ന ആൽവിച്ചനെ എമി ചിരിയോടെ നോക്കിയിരുന്നു. എന്തൊക്കെ പറഞ്ഞാലും ആൽവിച്ചായൻ നല്ല കേറിങ് ആണല്ലേ????? അവരിൽ തന്നെ നോട്ടം ഉറപ്പിച്ച് പറഞ്ഞുകൊണ്ട് എമി അച്ചുവിനെ ഒന്നുനോക്കി. പിന്നേ കേറിങ്..... റോഡിലൂടെ പോവുന്ന പെണ്ണുങ്ങളെ കാണാനാണ് ആ കാട്ടുകോഴി ഏട്ടത്തിയേം കൊണ്ട് അങ്ങോട്ട്‌ പോയിരിക്കുന്നത്. ചുണ്ട് കോട്ടിക്കൊണ്ട് അച്ചു പറയുന്നത് കേട്ട് എമി ഞെട്ടി അങ്ങോട്ട്‌ നോക്കി.

ശരിയാണ് ഏട്ടത്തിക്ക് ഒപ്പം നടക്കുന്നു എന്ന പേര് മാത്രേ ഉള്ളൂ കണ്ണ് മുഴുവൻ റോഡിൽ ആണ്. അട പാവി....... എമി കണ്ണും തള്ളി വായും തുറന്ന് ഇരുന്നുപോയി. അച്ചു ആകട്ടെ ഇതല്ല ഇതിനപ്പുറം കണ്ടിട്ടുണ്ട് എന്ന ഭാവത്തിലായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒരു കാൾ ചെയ്ത ശേഷം കിടക്കാൻ മുറിയിലേക്ക് വന്ന അച്ചു കയ്യിൽ ഫോണും പിടിച്ച് ബെഡിൽ ചാരിയിരുന്ന് എന്തോ ആലോചിക്കുന്ന എമിയെ കണ്ട് നെറ്റി ചുളിച്ചു. എന്തോ പണി വരുന്നുണ്ടല്ലോ???? അവളുടെ ഇരുപ്പും ഗംഭീര ആലോചനയും കണ്ടോന്ന് മനസ്സിൽ ഓർത്തു. അത് ഉറപ്പിക്കും വിധം അച്ചുവിനെ കണ്ടപ്പോഴുള്ള അവളുടെ ചുണ്ടിലെ ചിരിയും കൂടി ആയതോടെ അവൻ അപകടം മണുത്തു. ഇച്ചായാ.......... തേനും പാലും ചാലിച്ച് അവൾ വിളിച്ചു. എന്തോ ഉടായിപ്പ് ആണല്ലോ കൊച്ചേ???? താടിയും തടവി അവൻ ചോദിക്കുന്നത് കേട്ടവൾ ഇളിച്ചു. എന്നതാ കാര്യം????? ടേബിളിൽ ഫോൺ വെച്ചവൻ ചോദിച്ചു. അത് പറയാം. ഇവിടെ വാ....... കൈകാട്ടി വിളിച്ചതും അച്ചു അവൾ ഇരിക്കുന്നത് പോലെ ബെഡിലേക്ക് കാലും നീട്ടി ഹെഡ്ബോർഡിൽ ചാരി ഇരുന്നു. ഇനി പറ എന്നതാ കാര്യം????? ചോദ്യത്തിന് മറുപടി പറയാതെ എമി അവന്റെ കൈക്കിടയിലൂടെ ചുറ്റി പിടിച്ച് അവനിലേക്ക് ചേർന്നിരുന്നു. അതില്ലേ?????? ഇത് നമ്മുടെ ആദ്യത്തെ ക്രിസ്മസ് അല്ലെ????? അതിന്????? അച്ചു നെറ്റിചുളിച്ചു.

അപ്പൊ നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയിട്ട് ചെയ്യണ്ടേ????? ബനിയനിൽ പിടിച്ചു വലിച്ചവൾ ചോദിക്കുന്നത് കെട്ടവന്റെ നെറ്റി ചുളിഞ്ഞു. എന്ത് ചെയ്യാൻ????? ഞാൻ കാണിച്ചു തരാം..... അതും പറഞ്ഞവൾ ആവേശത്തോടെ ഫോൺ കയ്യിലെടുത്തു. എന്താണെന്നർത്ഥത്തിൽ അച്ചു അവളുടെ നീക്കങ്ങൾ നോക്കി ഇരുന്നു. ദേ ഇതുപോലെ ഡ്രസ്സ്‌ ഒക്കെ ഇട്ട് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്ത് ഇൻസ്റ്റയിൽ ഒക്കെ ഇടണം. ഇപ്പൊ ഇതാ ട്രെൻഡ്. ഫോണിലെ ഒരു ഫോട്ടോ എടുത്ത് അവന് നേരെ നീട്ടി. അച്ചു അത് വാങ്ങിച്ചു നോക്കി. ഏതോ കപ്പിൾസിന്റെ ഫോട്ടോ ആണ്. റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷൻ വരുന്ന മാച്ചിങ് ഡ്രസ്സ്‌ ഒക്കെ ഇട്ട് ക്രിസ്മസ് ട്രീക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോ, our first christmas together എന്നൊരു കാർഡും കയ്യിൽ പിടിച്ചിട്ടുണ്ട്. ആരോ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്ത പിക്കാണ്. അത് കണ്ടിട്ടാണ് പെണ്ണ് ഇത്രയും ആലോചിച്ചു കൂട്ടിയത്. നമുക്കും ഇതുപോലെ ചെയ്താലോ???? അവന്റെ കയ്യിൽ പിടിച്ചു കുലുക്കി അവൾ ചോദിച്ചു.

പിന്നേ വേറെ പണിയില്ലേ ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കാൻ..... അച്ചു അവളെ പുച്ഛിച്ചു. കോപ്രായം ഒന്നുമല്ല ഇതൊക്കെ എല്ലാവരും ചെയ്യുന്നതാ...... എല്ലാവരും ചെയ്യുന്നെന്ന് കരുതി നമ്മളും ചെയ്യണോ????? എനിക്ക് അതിൽ താല്പര്യമില്ല. ഓരോരോ പ്രഹസനങ്ങൾ..... അത് കണ്ട് തുള്ളാൻ നിന്നെ പോലെ കുറേപേരും.... വെറുതെ നോക്കിയിരുന്ന് സമയം കളയാതെ കൊച്ച് കിടന്നുറങ്ങാൻ നോക്ക്. അതും പറഞ്ഞവൻ ബെഡിലേക്ക് കിടക്കാൻ ഭാവിച്ചു. എന്റെ ഒരു ആഗ്രഹം അല്ലെ ഇച്ചായാ... പ്ലീസ്..... കൊഞ്ചി പറഞ്ഞവൾ അവനെ പിടിച്ചു കുലുക്കി. നടപ്പില്ല മോളെ... ഇതുപോലുള്ള വേഷംകെട്ട് കാണിക്കാൻ എനിക്ക് നേരമില്ല. അറുത്തു മുറിച്ച് അവൻ പറഞ്ഞതും അവൾ ചുണ്ട് പിളർത്തി. ഇച്ചായാ.......... കൊഞ്ചാതെ കിടന്നുറങ്ങാൻ നോക്ക് എമീ.......... കൈ എത്തിച്ച് ലൈറ്റ് അണച്ചു കൊണ്ട് അച്ചു ബെഡിലേക്ക് കിടന്നതും മുഖം വീർപ്പിച്ച് എമി അവനിൽ നിന്ന് തിരിഞ്ഞു കിടന്നു. ദുഷ്ടൻ..... ഭാര്യ ഒരാഗ്രഹം പറഞ്ഞാൽ പോലും അത് സാധിച്ചു തരാത്ത കണ്ണീചോര ഇല്ലാത്ത പരട്ട പോലീസ്. ഫോട്ടോഷൂട്ട്, ഹണിമൂൺ, കപ്പിൾ ഗോൾ അങ്ങനെ ഓരോരുത്തർ ലൈഫ് എൻജോയ് ചെയ്യുന്നത് കണ്ടില്ലേ????

ഇങ്ങേരിത് ഏത് നൂറ്റാണ്ടിൽ ആണാവോ ജീവിക്കുന്നത്????? കള്ള ഡ്രാക്കുള...... ഉള്ളിലെ പരിഭവങ്ങൾ എല്ലാം അവൾ ചുണ്ടിനടിയിൽ പറഞ്ഞു തീർത്തു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഒച്ചത്തിൽ പറയെടീ........ അച്ചുവിന്റെ ശബ്ദം ഉയർന്നതും അവൾ വെട്ടിതിരിഞ്ഞു കിടന്നു. ഹും.......... ദേഷ്യത്തിൽ മുഖം തിരിച്ചവൾ കണ്ണുകൾ അടച്ചു. ദേഷ്യത്താലും സങ്കടത്താലും കിടന്നിട്ട് അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു. തിരിഞ്ഞും മറിഞ്ഞും കുറെ നേരം കിടന്നു. ഒടുവിൽ എപ്പോഴോ പതിയെ മയക്കത്തിലേക്ക് വഴുതി വീണു. എമി ഉറങ്ങി എന്നുറപ്പായതും അവൻ മെല്ലെ കണ്ണുകൾ തുറന്ന് ബെഡിൽ തല താങ്ങി കിടന്നുകൊണ്ട് അവളെ നോക്കി. പരിഭവത്താൽ ചുണ്ട് കൂർപ്പിച്ചു കിടക്കുന്നവളെ കണ്ടതും അവനിൽ പുഞ്ചിരി വിടർന്നു. മെല്ലെ അവളിലേക്ക് മുഖം അടുപ്പിച്ച് പുറത്തേക്ക് ഉന്തിയ അവളുടെ ചുണ്ടിൽ ഒന്നു ചുംബിച്ചതും ചിണുങ്ങി കൊണ്ടവൾ അവനിലേക്ക് ചേർന്നു. പൂച്ചകുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ഒതുങ്ങികൂടി കിടക്കുന്ന അവളെ വലം കയ്യാൽ ചുറ്റിപ്പിടിച്ച് ഇടം കയ്യാൽ മുഖത്തെ മറച്ചു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു. വീർപ്പിച്ചു വെച്ച അവളുടെ കവിളിൽ ചുണ്ട് അമർത്തി അവളെ ചുറ്റിപ്പിടിച്ചു. കണ്ണുകൾ അടച്ചു കിടന്ന അവനും പതിയെ ഉറക്കത്തിലേക്ക് ഊളിയിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ എഴുന്നേറ്റ ഉടനെ മുഖവും വീർപ്പിച്ച് തന്നെ നോക്കാതെ മുഖം തിരിച്ചു പോകുന്നവളെ കണ്ട് തികട്ടി വന്ന ചിരി അമർത്തി അച്ചു കിടന്നു. ഒളിക്കണ്ണിട്ട് അവന്റെ മുഖഭാവങ്ങൾ കണ്ടതും അവൾക്ക് കളിയാക്കുന്നതായി തോന്നി. അതിന്റെ ദേഷ്യത്തിൽ ചവിട്ടി കുലുക്കി താഴേക്ക് പോവുന്നത് കണ്ട് അച്ചു താടിക്ക് കയ്യും കൊടുത്ത് എഴുന്നേറ്റിരുന്നു. ഗുഡ് മോർണിംഗ് മോളെ........ സ്റ്റെയർ ഇറങ്ങി വരുന്ന എമിയെ കണ്ടതും പോൾ വിഷ് ചെയ്തു. ഗുഡ് മോർണിംഗ്....... ഡാഡി ഇന്ന് നേരത്തെ എഴുന്നേറ്റോ???? ചിരിയോടെ അവൾ തിരക്കി. ഞാൻ മാത്രം അല്ലല്ലോ 8 മണി കഴിയാതെ സൂര്യനെ കണി കാണാത്ത എന്റെ മരുമകളും നേരത്തെ എഴുന്നേറ്റില്ലേ???? അവളെ കളിയാക്കി അയാൾ കയ്യിലിരുന്ന ചായക്കപ്പ് ചുണ്ടോട് അടുപ്പിച്ചു. വല്ലാതെ അങ്ങ് ഊതല്ലേ കയ്യിലിരിക്കുന്ന ചായ തണുത്തു പോവും. ചായ ചൂടോടെ അകത്ത് ചെന്നില്ലെങ്കിൽ പിന്നെ എങ്ങനെയാ ഇന്ന് ജോഗിങ്ങിന് പോവുന്ന പെണ്ണുങ്ങളുടെ സെൻസസ് എടുക്കാനുള്ള എനർജി കിട്ടുന്നത്????? ആക്കി ചിരിയോടെ എമി തിരിച്ചടിച്ചതും അയാൾ ചുറ്റിനും ഒന്നുനോക്കി. ഒന്നു പതിയെ പറയെടി മോളെ സാറാമ്മ എങ്ങാനും കേട്ടോണ്ട് വന്നാൽ അവൾ ഇന്ന് തന്നെ എന്നെ സിമിതേരിയിൽ കയറ്റും. സ്വരം താഴ്ത്തി പരിഭ്രമത്തോടെ അയാൾ പറയുന്നത് കേട്ടവൾ ചിരിച്ചു. അന്ത ഭയം ഇരിക്കട്ടും.... അതും പറഞ്ഞവൾ സ്ലോ മോഷനിൽ അടുക്കളയിലേക്ക് നടന്നു. അമ്മച്ചീ............ വലിയ വായിൽ വിളിച്ചവൾ സാറായ്ക്ക് അടുത്തേക്ക് നടന്നു.

വിളിച്ചു കൂവാതെ പെണ്ണെ എനിക്ക് ചെവി കേൾക്കാം. ശാസനയോടെ അവർ അവൾക്ക് നേരെ നോക്കി. ഇങ്ങനെ വിളിച്ച് ശീലം ആയിപ്പോയി എന്റെ സാറാകൊച്ചേ........ കവിളിൽ പിച്ചിക്കൊണ്ട് കൊഞ്ചുന്നവളെ കണ്ടതും അവരുടെ ഗൗരവഭാവം അഴിഞ്ഞു വീണു. എങ്കിലും വിട്ടുകൊടുക്കാതെ അവളുടെ തലയിൽ ഒരു കിഴുക്ക് വെച്ചു കൊടുത്ത് അവർ ചായ എടുത്ത് അവൾക്ക് നൽകി. ഇന്നെന്നതാ അമ്മച്ചി ബ്രേക്ക്‌ഫാസ്റ്റ്???? ചായ കുടിച്ചു കൊണ്ട് സ്ലാബിലേക്ക് ചാരി നിന്നു. ഇന്ന് കൊഴുക്കട്ട. അച്ചൂന് ഒത്തിരി ഇഷ്ടാ. ചിരവി വെച്ച തേങ്ങയിലേക്ക് ശർക്കരപാനി ഒഴിക്കുന്നതിൽ ശ്രദ്ധിച്ചു കൊണ്ട് അവർ പറഞ്ഞു. എനിക്കും ഇഷ്ടാ....... ശർക്കരപാനി തൊട്ട് നാവിൽ വെച്ച് നുണഞ്ഞവൾ കണ്ണിറുക്കി. അതിനവർ അവളുടെ കയ്യിൽ ചെറുതായ് ഒരു തട്ട് കൊടുത്തു. ഞാൻ എന്തെങ്കിലും സഹായിക്കണോ അമ്മച്ചീ?????? ഒഴിഞ്ഞ ചായക്കപ്പ് കഴുകി വെച്ചുകൊണ്ടവൾ ചോദിച്ചു. എന്തോ???? എങ്ങനെ????? ചുമ്മാ ഒരു ഫോർമാലിറ്റിക്ക്... തിരികെ ഇളിച്ചു കാണിച്ചു. പൊന്നുമോൾ ഒരു സഹായവും അമ്മച്ചിക്ക് ചെയ്യണ്ട. ഒരു കപ്പ് ചായ കൊണ്ടുപോയി എന്റെ ചെറുക്കന് കൊടുക്കാൻ നോക്ക്.

അത് കേട്ടതും എമി മുഖം വീർപ്പിച്ചു. അമ്മച്ചീടെ മകനേ കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഒരു പഴഞ്ചനാ.... പുതു തലമുറയുടെ ആഗ്രഹങ്ങൾ അടിച്ചമർത്തുന്ന ഒരു ഭൂർഷ്വാ...... ഫ്ലാസ്കിൽ നിന്ന് ചായ ഒരു കപ്പിലേക്ക് പകർത്തി പറഞ്ഞു കൊണ്ടവൾ ചായയും എടുത്ത് പുറത്തേക്ക് പോയി. അവൾ പറഞ്ഞത് ഒന്നും മനസ്സിലാവാതെ സാറാ അവൾ പോയ വഴിയേ വായും തുറന്ന് നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചായ............. തനിക്ക് മുന്നിൽ കപ്പും നീട്ടി എങ്ങോട്ടോ നോക്കി നിൽക്കുന്നവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞു. കൈ നീട്ടി ചായ വാങ്ങിയതും പിന്തിരിഞ്ഞു പോവാൻ ആഞ്ഞവളെ വലിച്ച് മടിയിലേക്ക് ഇരുത്തി. പിടഞ്ഞു മാറാൻ ശ്രമിക്കും മുന്നേ അരയിലൂടെ കൈ ചുറ്റി ബലമായി പിടിച്ച് ഇരുത്തി കഴിഞ്ഞിരുന്നു. വിട് എന്നെ.......... കയ്യിൽ കിടന്നു കുതറി പിടി അയക്കാൻ ശ്രമിക്കുന്ന അവളെ വീണ്ടും അവൻ ചേർത്ത് പിടിച്ചു. അടങ്ങി ഇരിക്കെടീ പൊടിക്കുപ്പീ........ കയ്യിൽ ഇരുന്ന ചായ തുളുമ്പി പോവാതിരിക്കാൻ അടുത്തുള്ള ടേബിലേക്ക് വെച്ചു. അപ്പോഴും എമിയിലുള്ള പിടി അവൻ അയച്ചിരു….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story