ഹൃദയതാളമായ്: ഭാഗം 119

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആരോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് അച്ചു ഉണരുന്നത്. കണ്ണ് തുറക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ തുറയുന്നില്ല. ഇന്നലെ പാതിരാക്ക് എപ്പോഴോ പള്ളിയിൽ നിന്ന് തിരികെ വന്നു കിടന്നതാണ് ഇട്ട വേഷം പോലും മാറിയിട്ടില്ല. അടുത്ത കിടക്കുന്ന എമിയെ ഒന്നു നോക്കി. തന്റെ ദേഹത്തേക്ക് കയ്യും കാലും ഒക്കെ ഇട്ടു കിടന്ന് നല്ല ഉറക്കത്തിലാണ്. വാതിലിലെ തട്ട് കടുത്തതും എമിയുടെ ഉറക്കവും മുറിഞ്ഞു. ചിണുങ്ങി കൊണ്ടവൾ കണ്ണുകൾ തുറന്നു. അച്ചൂ........ എമീ...... വാതിൽ തുറന്നേ...... പുറത്ത് സാറായുടെ ശബ്ദം ഉയർന്നു. അത് കേട്ടതും അച്ചു എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. എന്നതാ അമ്മച്ചീ ഉറങ്ങാനും സമ്മതിക്കില്ലേ?????? കൊട്ടുവായിട്ട് കണ്ണും തിരുമി അസ്വസ്ഥതയോടെ അവൻ ചോദിച്ചു. ക്രിസ്‍മസ് ആയിട്ട് ഉച്ച വരെ കിടന്നുറങ്ങാൻ പോകുവാണോ രണ്ടും?????? അവളെ വിളിച്ച് എഴുന്നേൽപ്പിച്ച് പോയി കുളിച്ച് വന്നേ...... സാറാ അവന്റെ കൈക്ക് തട്ടി. ഇത് കൊള്ളാം പാതിരാത്രി കുർബാനക്ക് വിളിച്ചോണ്ട് പോയിട്ട് ഇപ്പൊ ക്ഷീണം കൊണ്ട് ഉറങ്ങി പോയ ഞങ്ങൾക്ക് കുറ്റം അല്ലെ????

അപ്പൊ കല്യാണത്തിന് മുൻപ് ഇവിടെ ആരെക്കാളും മുന്നേ എഴുന്നേറ്റ് കസർത്ത് കാണിക്കുന്ന നീയിപ്പൊ മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്നുറങ്ങുന്നതിന് കുഴപ്പമില്ല അല്ല്യോ??????? ഇടുപ്പിൽ കൈകുത്തി നിന്നവർ ചോദിക്കുന്നത് കേട്ടതും അവന് ഉത്തരം മുട്ടി. മറുപടിയായി ചമ്മിയ ഒരു ചിരി ചിരിച്ചു. മ്മ്മ്.... കൂടുതൽ നിന്ന് ചമ്മണ്ട... ആ ഇരുന്ന് ഉറക്കം തൂങ്ങുന്നതിനെ വിളിച്ചെഴുന്നേൽപ്പിച്ച് കുളിച്ചു വരാൻ നോക്ക്. ഉറക്കച്ചടവോടെ ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് താടിക്ക് കയ്യും താങ്ങി കണ്ണുകൾ അടച്ചിരിക്കുന്ന എമിയെ ഒന്നു നോക്കിയവർ തിരിഞ്ഞു നടന്നു. പിന്നേ, ഇനിയും കിടന്നുറങ്ങാനാണ് ഭാവമെങ്കിൽ തല വഴി വെള്ളം ഒഴിക്കും ഞാൻ...... പോവുന്ന വഴി തിരിഞ്ഞു നോക്കാതെ തന്നെ വിളിച്ചു പറയുന്ന അവരെ ഒന്നു നോക്കി വാതിൽ ചാരി അവൻ അകത്തേക്ക് കയറി. എമി അപ്പോഴും പാതി മയക്കത്തിൽ തന്നെയാണ്. ഇതൊരെണ്ണം കാരണമാണ് ഞാൻ രാവിലെ എഴുന്നേൽക്കാത്തത് എന്ന് ആരെങ്കിലും അറിയുന്നുണ്ടോ???? ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ കാണുന്നത് പൂച്ചകുഞ്ഞിനെ പോലെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന പെണ്ണിനെയല്ലേ ആ കിടപ്പ് കാണുമ്പോൾ എഴുന്നേറ്റു പോവാൻ തോന്നണ്ടേ????

അത്രയ്ക്ക് നിഷ്കളങ്കമായിരിക്കും. ഇപ്പൊ തന്നെ ആ ഇരുപ്പ് കണ്ടാൽ ആരേലും പറയുവോ കുരുത്തക്കേടിന് കയ്യും കാലും വെച്ചതാണെന്ന്???? ഒന്നു അകന്നു മാറിയാൽ തന്നെ ചൂട് കിട്ടാതെ ചിണുങ്ങുന്ന ഇതിനെ കാണുമ്പൊ എങ്ങനെയാ കർത്താവേ ഞാൻ എഴുന്നേറ്റു പോവുന്നത്????? കുറെ നേരം കൂടി അങ്ങനെ കെട്ടിപിടിച്ചു കിടന്നു പോവും. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ????? ഒന്ന് നിശ്വസിച്ചവൻ എമിയെ നോക്കി ഇട്ടു മാറാനുള്ള ഡ്രസ്സുമായി വാഷ്റൂമിലേക്ക് കയറി. അച്ചു കുളിച്ചിറങ്ങിയിട്ടും എമി അതേ ഇരുപ്പ് തന്നെ ആയിരുന്നു. ഒരു വ്യത്യാസം എന്നു പറയാൻ ഇപ്പൊ ഹെഡ്ബോഡിലേക്ക് ചാരി ഇരുന്നാണ് ഉറക്കം എന്നുമാത്രം. അവളുടെ ഇരുപ്പ് കണ്ട് ഒരു ചിരിയോടെ അച്ചു തല തുവർത്തി കൊണ്ട് ബെഡിലേക്ക് ഇരുന്നു. ഉറക്കം തൂങ്ങുന്ന എമിയുടെ കവിളിൽ ചുണ്ടമർത്തി. കവിളിലെ നനുത്ത സ്പർശം ഏറ്റതും അവളൊന്ന് കണ്ണ് തുറന്നു. ഹാപ്പി ക്രിസ്മസ് വൈഫി...... കാതോരം പതിഞ്ഞ അവന്റെ പതിഞ്ഞ സ്വരം അറിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഹാപ്പി ക്രിസ്മസ് ഇച്ചായാ.......

കഴുത്തിലൂടെ കൈ ചുറ്റി അവന്റെ മടിയിലേക്ക് കയറി ഇരുന്ന് നെഞ്ചിലേക്ക് മുഖം അമർത്തി. ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ എഴുന്നേറ്റേ......... നെഞ്ചിൽ ചാരിയിരുന്ന് അടുത്ത ഉറക്കത്തിനായി തയ്യാറെടുക്കുന്ന അവളുടെ പുറത്ത് തട്ടി. കുറച്ചൂടെ........... നെഞ്ചിൽ മുഖമിട്ട് ഉരസി കൊണ്ടവൾ കൊഞ്ചി. പറ്റില്ല.... എഴുന്നേറ്റു പോയി കുളിച്ചിട്ട് വന്നേ......... കുലുക്കി വിളിച്ച് എമിയെ എഴുന്നേൽപ്പിച്ചു നിർത്തി. ഉറക്കം ശരിയാവാത്ത ദേഷ്യത്തിൽ അച്ചുവിനെ ഒന്നു കൂർപ്പിച്ചു നോക്കിയവൾ ചവിട്ടി തുള്ളി വാഷ്റൂമിലേക്ക് നടന്നു. ഡീ ഡ്രസ്സ്‌ എടുത്തിട്ട് പോടീ......... അച്ചു പുറത്ത് നിന്ന് വിളിച്ചു കൂവുന്നത് കേട്ടതും തിരികെ വന്നു കബോർഡിൽ ഇരുന്ന അവൻ വാങ്ങി നൽകിയ ഡ്രസ്സ്‌ എടുത്ത് ചുണ്ട് കോട്ടി തിരിഞ്ഞു പോയി. അവളുടെ പോക്ക് കണ്ട് ചിരിയോടെ ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് അച്ചു ബെഡിലേക്കിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുളിച്ചു കഴിഞ്ഞപ്പോൾ അതുവരെ ഉണ്ടായിരുന്ന ക്ഷീണം വിട്ടകന്നതായി എമിക്ക് തോന്നി. ഉറക്കക്ഷീണം ഒട്ടും തന്നെയില്ല. സാധാരണ ദിവസങ്ങളിൽ എത്ര ഉറങ്ങി എഴുന്നേറ്റാൽ പോലും മതിയാവാത്തതാണ് പക്ഷെ ഇന്നെന്തോ വല്ലാത്തൊരു പോസറ്റീവ് എനർജി നിറയുന്നത് പോലെ. തിളക്കമാർന്ന ഒരു പുഞ്ചിരി ചൊടികളിൽ വിരിഞ്ഞു. നനഞ്ഞ മുടി ഒരു വശത്തേക്ക് ഇട്ട് തുടച്ചു കൊണ്ട് വാഷ്റൂമിൽ നിന്നിറങ്ങി.

മുറിയിൽ അച്ചുവിനെ കാണാഞ്ഞതും അവളുടെ ചുണ്ട് കൂർത്തു. അവൻ വാങ്ങി നൽകിയ ഡ്രസ്സ്‌ ഇടുമ്പോൾ ആദ്യം അവൻ തന്നെ അഭിപ്രായം പറയണം എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ഉള്ളിൽ കുഞ്ഞൊരു പരിഭവം ഉടലെടുത്തു. തലയിൽ ചുറ്റിയ ടവൽ എടുത്ത് ഹാങ്ങറിൽ വിരിച്ചിട്ടു. വാടിയ മുഖത്തോടെ പുറത്തേക്കിറങ്ങാൻ ആയുമ്പോഴാണ് ബാൽക്കണിയിൽ നിന്ന് അവന്റെ ശബ്ദം കേൾക്കുന്നത്. വാടിയതിലും വേഗത്തിൽ അവളുടെ മുഖം വിടർന്നു. നിറഞ്ഞ പുഞ്ചിരിയോടെ അവൾ അങ്ങോട്ട്‌ നടന്നു. പിന്തിരിഞ്ഞു നിന്ന് സംസാരിക്കുന്ന അവന്റെ പുറകിൽ ചെന്നു നിന്നു. അപ്പുവിനോടാണ് സംസാരിക്കുന്നത് എന്നവന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി. പെട്ടെന്ന് തോന്നിയ കുസൃതിയിൽ പിന്നിൽ നിന്ന് അവനെ പേടിപ്പിക്കാം എന്ന ചിന്തയിൽ അവന്റെ പുറത്ത് അടിക്കാൻ കൈ ഉയർത്തിയതും ഞൊടിയിടയിൽ അച്ചു പിന്നിലേക്ക് കൈ ചലിപ്പിച്ച് അവളുടെ ഉയർത്തിയ കയ്യിൽ പിടിച്ച് മുന്നിലേക്ക് ഇട്ടിരുന്നു. പെട്ടെന്ന് ആയതിനാൽ ബാലൻസ് കിട്ടാതെ പുറകിലേക്ക് ആഞ്ഞെങ്കിലും അതിലും വേഗം അവനവളെ നെഞ്ചിലേക്ക് ചേർത്തിരുന്നു. ഒറ്റ നിമിഷം കൊണ്ട് ഞെട്ടി പോയിരുന്നു അവൾ.

ഹൃദയമിടിപ്പ് ഉയർന്ന് കേൾക്കാൻ പാകത്തിന് ആയി കഴിഞ്ഞിരുന്നു. പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുന്ന എമിയെ കണ്ടതും അവന് ചിരിക്കാനാണ് തോന്നിയത്. പൊട്ടിവന്ന ചിരി അടക്കി ചുണ്ട് കൂട്ടിപ്പിടിച്ചു നിന്നു. താഴെ വീണിട്ടില്ല എന്നറിഞ്ഞ് ആശ്വാസത്തോടെ കണ്ണ് തുറന്ന എമി കാണുന്നത് ചിരി അടക്കി പിടിച്ചു നിൽക്കുന്ന അച്ചുവിന്റെ മുഖമാണ്. അത് കണ്ടതും എവിടെന്നില്ലാതെ അവൾക്ക് ദേഷ്യം ഇരച്ചു കയറി. മുഖം ചുവപ്പിച്ച് അവന്റെ പിടിയിൽ നിന്ന് കൈ വലിച്ചെടുത്ത് അവന്റെ നെഞ്ചിൽ ഇടിച്ചു. ഔ............. വേദനയാൽ അവനൊന്ന് ഒച്ചയിട്ടു. എന്താടാ????? എന്തുപറ്റി????? അവന്റെ നിലവിളി കേട്ട് ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്ന് അപ്പുവിന്റെ പരിഭ്രമത്തോടെയുള്ള ചോദ്യമെത്തി. ഒന്നൂല്ലടാ... നീ ഗീതമ്മയേം കൂട്ടി വരാൻ നോക്ക്. ഞാൻ വെക്കുവാ...... അത്രയും പറഞ്ഞവൻ കാൾ കട്ടാക്കി. ഇടിച്ചു കൊല്ലുവോടീ??????? അവളിലെ പിടി വിടാതെ തന്നെ നെഞ്ചും തടവി അവളെ കൂർപ്പിച്ചു നോക്കി. മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ നോക്കിയിട്ട് നിന്ന് ഇളിച്ചാൽ പിന്നെ എന്തോ ചെയ്യണം?????? ദേഷ്യം ഒട്ടും കുറയ്ക്കാതെ അവൾ തിരിച്ചടിച്ചു. മാറങ്ങോട്ട് മനുഷ്യന്റെ നല്ല ജീവൻ അങ്ങുപോയി.........

ഉണ്ടകണ്ണുരുട്ടി അച്ചുവിനെ തള്ളി മാറ്റി ഒന്നു കുതറി. അടങ്ങി നിൽക്കെടി പൊടിക്കുപ്പീ ഞാൻ വിടാതെ എപ്പോഴെങ്കിലും നീ എന്റെ പിടി വിട്ടു പോയിട്ടുണ്ടോ?????? അവളെ ഒന്നുകൂടി മുറുകെ പിടിച്ചു തന്നിലേക്ക് ചേർത്തവൻ പറഞ്ഞതും സംഭവം ശരിയായത് കൊണ്ട് തന്നെ അവളൊന്ന് അടങ്ങി നിന്നു. എങ്കിലും മുഖം അവനിൽ നിന്ന് തിരിച്ചിരുന്നു. ഇന്നെന്റെ കൊച്ച് സുന്ദരി ആയിട്ടുണ്ടല്ലോ????? കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൻ പറഞ്ഞതും എമിയുടെ ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി തെളിഞ്ഞു. പക്ഷെ അത് പുറമെ കാണിക്കാതെ അവന് നേരെ തിരിഞ്ഞു. അതേ ഞാൻ നല്ലോണം സോപ്പിട്ട് തന്നെയാ കുളിച്ചത് കൂടുതൽ അങ്ങോട്ട്‌ പതപ്പിക്കണ്ട. ചുണ്ട് കൊട്ടിയവൾ പറഞ്ഞു. അഭിപ്രായം അറിയാൻ ചാടി തുള്ളി വന്ന പെണ്ണാ ഇമ്മാതിരി ഡയലോഗ് അടിക്കുന്നത്. ചുമ്മാ ജാഡ ഇറക്കുവാ. ഒന്നു വിടുന്നുണ്ടോ എനിക്ക് പോണം....... അതെങ്ങനാ വിടുന്നത് തരാനുള്ളതൊക്കെ തരണ്ടേ?????? കള്ളചിരിയോടെ മീശ പിരിച്ചവൻ പറഞ്ഞതും എമി അവന്റെ നേർക്ക് ഒന്നുനോക്കി. അവന്റെ കണ്ണുകളിലെ കുസൃതി കണ്ടതും അവൾ അപകടം മണുത്തു. എന്ത് തരാൻ????? വിട്ടേ.... എന്നെ അമ്മച്ചി വിളിക്കുന്നുണ്ട്......

കൈക്കുള്ളിൽ നിന്നുകൊണ്ട് ഞെരിപിരി കൊണ്ടവൾ പിടി വിടുവിക്കാൻ നോക്കി. നോ രക്ഷ........ അവന്റെ മുഖം തന്നിലേക്ക് അടുക്കുന്ന കണ്ടതും അവൾ പരിഭ്രമത്തോടെ ചുറ്റിനും നോക്കി. റോഡിൽ നിന്നു നോക്കുന്നവർക്കും തൊട്ട് അടുത്തയുള്ളവർക്കും എല്ലാം ബാൽക്കണി നല്ല വെടിപ്പായി കാണാൻ കഴിയും. നാട്ടുകാര് കാണും മനുഷ്യാ......... അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിക്കൊണ്ട് അവനെ തള്ളി മാറ്റാൻ ഒരു പാഴ്ശ്രമം നടത്തിക്കൊണ്ട് കുതറി. കാണുന്നവർ കാണട്ടേടീ ഒരു ഫ്രീ ഷോയല്ലേ????? അച്ചുവിന്റെ മറുപടി കേട്ടതും അവളുടെ കണ്ണ് തള്ളി. ഇങ്ങേര് എന്നേക്കാൾ തറയായിരുന്നോ എന്റെ മാതാവേ........ മനസ്സിൽ അവൾ ആലോചിച്ചു തീർന്നതും. അച്ചു അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തിരുന്നു. അവന്റെ നിശ്വാസം ഇടംകഴുത്തിൽ ഏറ്റതും അവളൊന്ന് പിടഞ്ഞു കൊണ്ട് അവനിൽ പിടി മുറുക്കി. അടുത്ത നിമിഷം അവന്റെ ദന്തങ്ങൾ കഴുത്തിൽ ക്ഷതമേൽപ്പിക്കുന്നത് അവൾ അറിഞ്ഞു. ഒരു പിടച്ചിലോടെ അവൾ ഏങ്ങി പോയി. പിന്നാലെ അവിടെ തന്നെ ചുംബനത്തിന്റെ നനവും അവൾ അറിഞ്ഞു. കഴുത്തിലൂടെ കാതിലേക്ക് ചുണ്ടുകൾ അരിച്ചു കയറി. Always i am crazy about you..... കാതിൽ പതിഞ്ഞ ചുണ്ടുകൾക്കൊപ്പം കുസൃതി നിറഞ്ഞ അവന്റെ വാക്കുകളിൽ അതുവരെയുള്ള പരിഭവങ്ങൾ അലിഞ്ഞില്ലാതായി. ഒരു കുഞ്ഞു പുഞ്ചിരി ചുണ്ടിൽ സ്ഥാനം നേടി.

കവിളിലൂടെ അധരങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുന്നത് അറിഞ്ഞതും അച്ചുവിന്റെ കയ്യിൽ അവൾ അമർത്തി നുള്ളിയിരുന്നു. സ്സ്............ എരിവു വലിച്ചവൻ കൈ കുടഞ്ഞതും അവന്റെ പിടിയിൽ നിന്നവൾ പുറത്ത് കടന്നിരുന്നു. തന്നെ വീണ്ടും കൈപ്പിടിയിൽ നിന്ന് ഒഴിഞ്ഞു മാറി കുറുമ്പോടെ അവന്റെ കവിളിൽ മുത്തി അവൾ ഓടി അകന്നിരുന്നു. ലവ് യൂ ഡ്രാക്കൂ........... ഓടുന്നതിനിടയിൽ തന്നെ വിളിച്ചു കൂവുന്ന അവളെ നോക്കി കവിളിൽ തലോടി നിന്നവൻ ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ എത്തിയതും ഹാളിൽ ആരെയും കാണാതെ അവളൊന്ന് നിന്നു. അടുക്കളയിൽ നിന്ന് എന്തൊക്കെയോ തട്ടും മുട്ടും എല്ലാം കേട്ടതും അവൾ അങ്ങോട്ട് നടന്നു. അവിടെ ഗംഭീര പണിയിൽ മുഴുകി നിൽക്കുന്ന സാറായെയും പോളിനെയും ആൽവിച്ചനെയും കണ്ടവൾ ചിരിച്ചു. മെല്ലെ ശബ്ദമുണ്ടാക്കാതെ ചെന്ന് സാറായെ പിന്നിൽ നിന്ന് പുണർന്നു. ഹാപ്പി ക്രിസ്മസ് അമ്മച്ചീ........... അവരുടെ തോളിൽ താടി കുത്തി നിന്നവൾ അവരുടെ കാതിൽ പറഞ്ഞു. പിന്നിലൂടെ വന്നു പേടിപ്പിക്കുന്നോടീ????? കളിയായി അവളുടെ കയ്യിൽ പതിയെ തല്ലിയവർ പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവരിൽ നിന്നുമാറി. ഹാപ്പി ക്രിസ്മസ് ഡാഡി........

തങ്ങളെ നോക്കി നിൽക്കുന്ന പോളിനും ആൽവിച്ചനും ഇടയിൽ കയറി നിന്നവൾ ചിരിച്ചു. മറുപടിയായി അയാൾ അവളുടെ കവിളിൽ വാത്സല്യത്തോടെ തഴുകി. ആൽവിച്ചായോ........ ഗംഭീര പണിയിൽ ഏർപ്പെട്ടു നിൽക്കുന്ന അവന്റെ തോളിൽ ഒന്നു തട്ടി. എന്നതാടീ?????? ഹാപ്പി ക്രിസ്മസ്....... രാവിലെ മുതൽ നിനക്ക് ഇത് തന്നെ ആണോടീ പണി???? ഇതിലും ഭേദം ഒരു മൈക്ക് എടുത്ത് അനൗൺസ്മെന്റ് ചെയ്യുന്നതാണ് അല്ല ഇങ്ങനെ നൂറുപേരോട് പറഞ്ഞ് വെറുതെ വായിലെ വെള്ളം കളയണ്ടല്ലോ. കളിയാക്കി അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു. തന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി. ഞാൻ പോണ്..... പിണങ്ങി പോവാൻ ആഞ്ഞ അവളെ ആൽവിച്ചൻ പിടിച്ചു നിർത്തി. പിണങ്ങി പോവാതെടീ കാന്താരീ ഞാൻ ചുമ്മാ പറഞ്ഞതല്ലേ?????? അവളുടെ മൂക്കിൽ പിടിച്ചു വലിച്ചവൻ പറഞ്ഞതും അവൾ ആ കൈ തട്ടി മാറ്റി. മുഖം വീർപ്പിക്കാതെ ദേ ഇത് പിടിച്ചോ.... പറയുന്നതിനൊപ്പം ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നൊരു കിറ്റ്കാറ്റ്‌ അവൾക്ക് നേരെ നീട്ടി. എന്റെ പുണ്യാളാ..... ഞാൻ ഈ കാണുന്നത് സത്യം തന്നെ ആണോ???? അൽ പിശുക്കൻ എനിക്ക് ചോക്ലേറ്റ് വാങ്ങി തരുന്നോ?????

സത്യം പറ ആരാ രാവിലെ തലയ്ക്ക് അടിച്ചത്?????? സംശയഭാവത്തിൽ എമി വിരൽ ചൂണ്ടി. ഒഞ്ഞു പോയെടീ.... രാവിലെ സാധനം വാങ്ങാൻ പോയപ്പോൾ എന്റെ കഷ്ടകാലത്തിന് രണ്ടായിരത്തിന്റെ നോട്ടാ കൊണ്ടുപോയത് ബാലൻസ് തരാൻ അവിടെ ചില്ലറ ഒന്നും ഇല്ലാത്തത് കൊണ്ട് ഇത് രണ്ടെണ്ണം വാങ്ങിയത് അല്ലാതെ നിനക്ക് വാങ്ങിത്തരാൻ എനിക്ക് വട്ടല്ലേ?????? ആൽവി അവളെ നോക്കി പുച്ഛിച്ചു. ഇപ്പോഴാ കറക്റ്റ് ആയത് അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുവാന്ന് വിചാരിച്ചേനെ. എമി അതും പറഞ്ഞ് പൊട്ടിച്ച് കഴിക്കാൻ തുടങ്ങി. കയ്യിൽ ഇരിക്കുന്ന ചോക്ലേറ്റ് നുണയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അവൻ തനിക്കായ് വാങ്ങിയത് തന്നെയാണ് എന്നവൾക്ക് അറിയാമായിരുന്നു എന്നിട്ടും തുറന്നു സമ്മതിക്കില്ല. ചില സ്നേഹബന്ധങ്ങൾ അങ്ങനെയാണ് തമ്മിൽ പാര പണിതും തല്ല് കൂടിയും ആയിരിക്കും ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കുന്നത്. ആ തല്ലും കളിയാക്കലും ഒന്നുമില്ലെങ്കിൽ അവരും ഇല്ലെന്ന് അർത്ഥം. ചുണ്ടിൻ കോണിൽ ഒളിപ്പിച്ച ചിരിയുമായി അവർ ഇരുവരും നിന്നു.....….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story