ഹൃദയതാളമായ്: ഭാഗം 12

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ദേ ഡീ നിന്റെ ഡ്രാക്കുള....... എനിക്ക് കണ്ണിൽ കുരുവൊന്നുമില്ല അവനെ കാണാതിരിക്കാൻ. റോണിയെ നോക്കി അവൾ കണ്ണുരുട്ടി. മോളെ വേണ്ട ഈ ചാട്ടം എന്നോട് വേണ്ട. നേരെ ചെന്ന് ലവന്റെ നെഞ്ചത്തോട്ടു കേറ്. അവൻ തന്ന ഉമ്മേം കടിയുമൊക്കെ വാങ്ങിവെച്ചിട്ട് ഇപ്പൊ ജാടയിടുന്നോ?????? അല്ലെട മര്യാദക്ക് നടന്ന എന്നെ ഉമ്മിച്ചു വീഴ്ത്തിയിട്ട് മുങ്ങിയ അവനെ ഞാൻ രൂപക്കൂട് പണിത് അതിലിരുത്താം..... അത് പോയിന്റ്, ആദ്യം ലവന് പറയാനുള്ളത് മുഴുവൻ കേൾക്കട്ടെ എന്നിട്ട് രൂപക്കൂട്ടിൽ കേറ്റണോ സിമിത്തേരിയിൽ കേറ്റണോ എന്ന് തീരുമാനിക്കാം. അതും പറഞ്ഞവൻ അവളെ നോക്കി. അല്ലെടി നമ്മുടെ കൂടെ വന്ന പിശാശ്ശെന്തേ??????? അവനത് ചോദിക്കുമ്പോഴാണ് നിവി കൂടെയില്ലെന്ന കാര്യം അവൾ ശ്രദ്ധിക്കുന്നത്. ചുറ്റിനും ഒന്ന് നോക്കവെ ബസ്റ്റോപ്പിലെ തൂണിന്റെ മറവിൽ നിന്ന് എത്തി നോക്കുന്ന നിവിയെ കണ്ടതും അവർക്ക് ചിരി വന്നു. അടുത്തേക്ക് വരാൻ കൈകാട്ടി വിളിച്ചെങ്കിലും പേടിയാണെന്ന് പറഞ്ഞവൾ അച്ചുവിനെ ചൂണ്ടി. അവർ രണ്ടുപേരും മാറി മാറി കുറെ നിർബന്ധിച്ചു വിളിച്ചെങ്കിലും പെണ്ണ് അമ്പിനും വില്ലിനും അടുത്തില്ല. അവസാനം സഹികെട്ട് റോണി അവളുടെ അടുത്തേക്ക് പോവാൻ നിന്നതും ആദ്യം വന്ന ബസ്സിന് തന്നെ അവൾ ചാടിക്കയറി അവരെ നോക്കി ഇളിയോടെ കൈവീശി കാണിച്ചു.

ശേ ഊള പോയിക്കളഞ്ഞല്ലോ..... അവൻ നിരാശയോടെ അവളെ നോക്കി. പോട്ടെടാ അവൾക്കുള്ളത് നമുക്ക് നാളെ കൊടുക്കാം ഇപ്പൊ നമുക്ക് ആ നിൽക്കുന്ന പോലീസ് ഏമാനെ രണ്ട് പാഠം പഠിപ്പിക്കാം........ അച്ചുവിനെ കൂർപ്പിച്ചു നോക്കി പറഞ്ഞവൾ അവന്റെ കയ്യിൽ പിടിച്ചു. കർത്താവേ ഡ്രാക്കുളയും പൊടിക്കുപ്പിയും നേർക്കുനേർ...... എന്നെ മാത്രം കാത്തോളണേ എന്റെ പുണ്യാളാ.............. മനസ്സിൽ ദൈവങ്ങളെ മുഴുവൻ വിളിച്ചു കൊണ്ടവൻ അവൾക്കൊപ്പം മുന്നോട്ട് നടന്നു. എമി നേരെ ചെന്ന് അവന് മുന്നിൽ കൈകെട്ടി നിന്നു. അത് കണ്ടതും അവനൊരു ചിരിയോടെ അവളെ തന്നെ നോക്കി. എന്താ തന്റെ ഉദ്ദേശം???? ഗൗരവത്തിൽ ഒറ്റപിരികം പൊക്കി അവളവനെ നോക്കി. അത് കേട്ടവൻ വണ്ടിയിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് മുന്നിൽ വന്നു നിന്നു. ചുണ്ടിലെ ചിരി മായ്ക്കാതെ അവനവളെ മൊത്തത്തിൽ ഒന്ന് നോക്കി. ഉദ്ദേശം പലതുമുണ്ട് പക്ഷെ അതിന് നീ കൂടി ഒന്ന് മനസ്സ് വെക്കണം. ഒരു കള്ള ചിരിയോടെ മീശ പിരിച്ചു കൊണ്ടവൻ അവളെ അടിമുടിയൊന്ന് നോക്കി. നിന്നെ ഞാൻ.........

അവൾ അങ്കത്തിനുള്ള പുറപ്പാട് ആണെന്ന് കണ്ടതും റോണി അവളെ തടഞ്ഞു. എമി വേണ്ട ഇനിയൊരു വഴക്കിന് നിക്കണ്ട....... അവളോടായി പറഞ്ഞു കൊണ്ടവൻ അച്ചുവിന് നേരെ തിരിഞ്ഞു. അതേ തോന്നുമ്പൊ ഇഷ്ടമാണെന്ന് പറയുക തോന്നുമ്പൊ ഇട്ടിട്ട് പോവുക പിന്നെ വന്ന് ഉമ്മിക്കുക ആ പരിപാടി ഇവിടെ നോട്ട് വോക്കിങ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതരുത്........ ഗൗരവത്തിൽ റോണി അവനെ നോക്കി പറയുന്നത് കേട്ടതും എമിയുടെ മുഖം തെളിഞ്ഞു. എന്തോ???? എങ്ങനെ???? കേട്ടില്ല........ അച്ചു ഷർട്ടിന്റെ സ്ലീവ് മടക്കികൊണ്ടവൻ റോണിയെ നോക്കി. അത് പിന്നെ.... ചുമ്മാ ഒരു ഗുമ്മിന്. റോണി അവനെ നോക്കി ഇളിച്ചു. അയ്യേ...... ഇതിനാണോ ഇവനിത്ര ഡയലോഗ് അടിച്ചത്?????? തെണ്ടി ഒള്ള വില കളഞ്ഞു..... എമി പല്ല് കടിച്ചവനെ നോക്കി. പാതി വഴിയിൽ കളഞ്ഞിട്ട് പോവനല്ല അച്ചു ഇവളെ പ്രണയിച്ചത്. അങ്ങനെയാണെങ്കിൽ തേടിപ്പിടിച്ച് ഇവളെ കണ്ടെത്തി ഇങ്ങനെ മുന്നിൽ വന്നു നിൽക്കേണ്ട കാര്യം എനിക്കില്ലായിരുന്നു. ശരിയാണ് എനിക്കന്ന് വരാൻ പറ്റിയില്ല. അതിന് തക്കതായ കാരണങ്ങളും ഉണ്ടായിരുന്നു. അതെല്ലാം പറയാൻ തന്നെയാണ് നിങ്ങളെയും കാത്തിവിടെ നിന്നത്. കേൾക്കാൻ ഞങ്ങൾക്ക് സൗകര്യമില്ലെങ്കിലോ??????

ഓഹ് ഇവളെനിക്ക് തല്ല് വാങ്ങി തരും.... റോണി അറിയാതെ തലയിൽ കൈവെച്ചു പോയി. അച്ചു ഭാവവ്യത്യാസം ഒന്നുമില്ലാതെ അവളിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു. ഞാൻ പറയാൻ വന്നിട്ടുണ്ടെങ്കിൽ അത് പറഞ്ഞിട്ടേ പോവൂ. നീയത് കേൾക്കേം ചെയ്യും വെറുതെ എന്റെ കൊച്ച് വാശി കാണിക്കണ്ട. റോണി നീ വണ്ടി ബീച്ചിലേക്ക് എടുക്ക്.... അവളെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ടവൻ റോണിയോട് പറഞ്ഞു. അത് കേട്ടതും അവൾ മുഖം വീർപ്പിച്ച് വെട്ടിത്തിരിഞ്ഞു പോവാൻ നിന്നതും അവൻ വലിച്ചവളെ തന്നിലേക്ക് ചേർത്തു. നീ എവിടെ പോകുവാ????? ദേഹത്ത് നിന്ന് കയ്യെടുക്കടോ.... അവൾ ചീറിക്കൊണ്ട് അവനെ നോക്കിയതും അവൻ ഇടുപ്പിലൂടെ അവളെ ഒന്നുകൂടി അടുത്തേക്ക് അടുപ്പിച്ചു. അതോടെ അത് വരെ ചീറ്റപുലിയെ പോലെ ചാടിക്കൊണ്ടിരുന്ന പെണ്ണ് നിന്ന് പൂച്ചക്കുട്ടിയായി വിറയ്ക്കാൻ തുടങ്ങി. അവനത് കണ്ട് ചിരി വന്നെങ്കിലും അത് കടിച്ചു പിടിച്ച് റോണിക്ക് നേരെ നോക്കി. നീ വിട്ടോ ഇവളെ ഞാൻ കൊണ്ടുവന്നോളാം. കേൾക്കണ്ട താമസം റോണി ബൈക്കും എടുത്തു നേരെ വിട്ടു. അവൻ പോയതും അവൻ അവളിൽ നിന്ന് വിട്ടുമാറി. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. വേഗത്തിൽ മിടിച്ചു കൊണ്ടിരുന്ന ഹൃദയമിടിപ്പ് നേരെയാവാൻ അവൾ കണ്ണുകളടച്ച് നെഞ്ചിൽ കൈവെച്ച് കുറച്ചു നേരം നിന്നു.

നെഞ്ചിടിപ്പ് പൂർവ്വസ്ഥിതിയിലായതും അവൾ കണ്ണ് തുറന്ന് അവനെ കലിപ്പിച്ചു നോക്കി. ഉഫ്........... ഈ നോട്ടം.....ഈ നോട്ടമുണ്ടല്ലോ അതാടി പൊടിക്കുപ്പി അന്നാ സ്കൂൾ വരാന്തയിൽ വെച്ചെന്റെ നെഞ്ചിൽ തറച്ചത്....... നെഞ്ചിൽ ചൂണ്ടുവിരൽ കുത്തി അവനവളെ നോക്കിയതും അവൾ ഒന്നുകൂടി കൂർപ്പിച്ചവനെ നോക്കി. നീയിങ്ങനെ നോക്കി എന്നെ വഴിതെറ്റിക്കാതെടി... പിന്നെയിത് പബ്ലിക് പ്ലേസാണ് കോളേജ് പരിസരമാണ് എന്നൊന്നും നോക്കില്ല ആ തെളിഞ്ഞു കാണുന്ന മറുകിൽ ഞാൻ പിടിച്ചുമ്മ വെച്ചെന്നിരിക്കും. അത് കേട്ടതും അവൾ കുറച്ചു മാറി നിന്നു. പേടിയല്ല ചെറിയൊരു ഭയം. ബുദ്ധിയില്ലാത്ത കുട്ടിയാ വേണേൽ അതും ചെയ്തെന്നിരിക്കും വെറുതെ എന്തിനാ റിസ്ക്കെടുക്കുന്നത്????? അവളുടെ നിൽപ്പ് കണ്ട് ഒരു ചിരിയോടെ അവൻ തന്റെ ബുള്ളറ്റിലേക്ക് കയറി ഹെൽമെറ്റ്‌ എടുത്തു വെച്ച് അവളെ നോക്കി. വന്നു കയറുന്നോ അതോ ഞാൻ തന്നെ എടുത്തു കേറ്റണോ????? അവൻ ചോദിച്ചതും അവൾ മുഖം വീർപ്പിച്ച് അവന്റെ പുറകിൽ കയറിയിരുന്നു. നിന്റെ ഹെൽമെറ്റ്‌ എവിടെ????? ഹെൽമെറ്റോ??????

പുറകിൽ ഇരിക്കുന്നവരും ഹെൽമെറ്റ്‌ ധരിക്കണം എന്നറിഞ്ഞൂടെഡീ പൊടികുപ്പീ?????? അവൻ ഗൗരവത്തിൽ അവളെ തിരിഞ്ഞു നോക്കി. മര്യാദക്ക് അവന്റെ കൂടെ പോവാൻ നിന്ന എന്നെ ഈ കുന്തത്തിൽ പിടിച്ചു കേറ്റിയത് താൻ തന്നെ അല്ലെ????? എന്റെ ഹെൽമെറ്റ്‌ അവന്റെ കയ്യിലാ. അവൾ അവനെ നോക്കി പുച്ഛത്തിൽ ചുണ്ട് കോട്ടി പറഞ്ഞു. മ്മ്മ്മ്........ അവനൊന്ന് കനത്തിൽ മൂളിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അവന്റെ പുറകിൽ ഇരിക്കുമ്പോൾ അവന്റെ ദേഹത്ത് മുട്ടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ശാന്തമായി അലയടിക്കുന്ന കടലിലേക്ക് കണ്ണുകൾ നട്ടവൻ നിന്നു. അവനെ തന്നെ നോക്കി ആകാംഷയോടെ അവളും. അതേ ഈ തിരയെണ്ണാനാണോ ഞങ്ങളെ വിളിച്ചോണ്ട് വന്നത്. എന്തേലും മൊഴിയാനുണ്ടെങ്കിൽ അത് വേഗമാകട്ടെ ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുള്ളതാ............. ക്ഷമകെട്ട് അവൾ അവനോട് ചോദിക്കുന്നത് കേട്ട് വീട്ടിൽ ചെന്നിട്ട് എന്ത് പണി എന്നർത്ഥത്തിൽ റോണി അവളെ നോക്കി. പിടക്കാതെടി പറയാം........... അവൻ കടലിൽ നിന്ന് നോട്ടം മാറ്റി അവളെ നോക്കി. ആദ്യം എന്നെയും അപ്പുവിനെയും പറ്റി പറയാം. എന്റെ അമ്മച്ചിയും അവന്റെ അമ്മയും തമ്മിൽ പിരിയാത്ത ഉറ്റ സുഹൃത്തുക്കളായിരുന്നു. അവരുടെ സൗഹൃദം ആയിരുന്നു പതിയെ ഞങ്ങളിലേക്കും പടർന്നത്. കുഞ്ഞുനാൾ മുതലുള്ള സൗഹൃദം ആയിരുന്നു ഞങ്ങളുടേത്. അവനെന്റെ ബെസ്റ്റ് ഫ്രണ്ട് ക്രൈം പാർട്ണർ അതിലെല്ലാം ഉപരി എനിക്കൊരു സഹോദരനെ പോലെ ആയിരുന്നു.

തമ്മിൽ പിണങ്ങി ഒരു നിമിഷം നിക്കാറില്ല. വഴക്കിടും തമ്മിൽ തല്ല് കൂടും പക്ഷെ അതൊന്നും ഒരു ദിവസത്തിലപ്പുറം പോവാറില്ല. അവനോളം എന്നെ മനസ്സിലാക്കിയതായി ആരുമില്ല. ഇവിടെ ആയിരുന്നു ഞങ്ങളുടെ പത്താം ക്ലാസ്സ്‌ വരെയുള്ള പഠനം. ഒരു പ്രത്യേക സാഹചര്യത്തിൽ ഹയർ സെക്കന്ററി പഠനത്തിന് വേണ്ടി എന്നെ ഇവിടുന്ന് നാട് കടത്തുകയായിരുന്നു. എന്നും ഒരുമിച്ചായിരുന്നതിനാൽ അവനും എനിക്കൊപ്പം പൊന്നു. ഇതൊക്കെ പലപ്പോഴായി അപ്പു പറഞ്ഞ് നിങ്ങൾക്ക് അറിവുള്ള കാര്യങ്ങളാണ്. അവനതും പറഞ്ഞ് ഒന്ന് നിശ്വസിച്ചു. ഇനി അന്ന് നടന്നത് എന്താണെന്ന് വെച്ചാൽ നിന്നോടുള്ള ഇഷ്ടം പറഞ്ഞ് ഞങ്ങൾ നേരെ ഹോസ്റ്റലിലേക്ക് പോയി. പിറ്റേന്ന് നിന്നെ കാണാൻ വരണം എന്ന് തന്നെയായിരുന്നു മനസ്സിൽ പക്ഷെ രാത്രി ആയപ്പോഴേക്കും ഞങ്ങളെ കൂട്ടാൻ എന്റെ ഡാഡി വന്നു. പെട്ടെന്ന് നാട്ടിലേക്ക് പോവണം എന്ന് മാത്രേ പറഞ്ഞിരുന്നുള്ളൂ. എന്താ ഏതാ എന്നൊക്കെ ഞങ്ങൾ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. കാര്യം അറിയാതെ വരില്ല എന്ന് തീർത്ത് പറഞ്ഞ എന്നെ ഡാഡി പിടിച്ചു മാറ്റി നിർത്തി. ഡാഡിയിൽ നിന്നാണ് അപ്പുവിന്റെ അച്ഛൻ, രാഘവങ്കിൾ മരിച്ച വിവരം ഞാനറിയുന്നത്. അവൻ പറഞ്ഞു നിർത്തവേ ഞെട്ടലോടെ റോണിയും എമിയും അവനെ നോക്കി.

അവരെ നോക്കി ഒന്ന് നോക്കി കണ്ണടച്ച് അവൻ വീണ്ടും പറയാൻ ആരംഭിച്ചു. സത്യത്തിൽ അത് കേട്ടപ്പോൾ ഞെട്ടലിനപ്പുറം പേടിയായിരുന്നു, അപ്പു എങ്ങനെ അച്ഛന്റെ വിയോഗം താങ്ങുമെന്ന പേടി. കാരണം അവന് അവന്റെ അച്ഛനായിരുന്നു എല്ലാം. സാധാരണ ഞങ്ങൾ ആൺകുട്ടികൾക്ക് അമ്മയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ എന്നാൽ അവന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. അച്ഛൻ കഴിഞ്ഞേ മറ്റാർക്കും അവന്റെ ജീവിതത്തിൽ സ്ഥാനമുള്ളൂ. അവന്റെ റോൾ മോഡൽ ബെസ്റ്റ് ഫ്രണ്ട് ടീച്ചർ എല്ലാം തന്നെ അവന്റെ അച്ഛനായിരുന്നു. അച്ഛൻ കഴിഞ്ഞാൽ പിന്നെ ഞാനും ഗീതു എന്ന അവന്റെ അമ്മയും. ഞങ്ങൾ മൂന്നുപേരും ആയിരുന്നു അവന്റെ ലോകം. പഠിക്കാനായി ഇങ്ങോട്ട് പോരുമ്പോൾ പോലും അച്ഛനെ വിട്ടുപിരിയുന്ന വിഷമം ആയിരുന്നു അവന്. എങ്കിലും ഞാൻ ഒറ്റയ്ക്കാകാതിരിക്കാനാണ് അവനെന്നോടൊപ്പം പോന്നത്. എന്റെ ഓർമ്മയിൽ അവൻ അച്ഛനെ പിരിഞ്ഞിങ്ങനെ നിൽക്കുന്നത് ആദ്യമായാണ്. അത്രത്തോളം അച്ഛനെ സ്നേഹിക്കുന്ന അവന് അച്ഛന്റെ മരണത്തെ അംഗീകരിക്കാൻ കഴിയുമോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്ത് പറഞ്ഞവനെ ആശ്വസിപ്പിക്കണം എന്നുപോലും എനിക്കറിയില്ലായിരുന്നു.

അവന്റെ മുന്നിൽ നിറഞ്ഞു വരുന്ന എന്റെ കണ്ണുകൾ കാണിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. കാറിൽ കയറിയപ്പോൾ തന്നെ ഞാൻ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി കിടന്നു. ചിലപ്പോൾ അവന് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. പലതവണ അവൻ ഡാഡിയോട് കാരണം തിരക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. എന്നിട്ടും ഒന്നും തുറന്നു പറയാനാവാതെ മനസ്സിന്റെ വേദന കടിച്ചമർത്തി. കാർ അവന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോഴേക്കും ചുറ്റിനും കൂടിയ ആളുകളെ ഒരു തരം പകപ്പോടെയാണ് അവൻ നോക്കി കണ്ടത്. ഞെട്ടലോടെ എന്നെയൊന്ന് നോക്കവെ അവന് മുഖം കൊടുക്കാൻ കഴിയാതെ അവനെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. വെള്ളപുതച്ചു കിടത്തിയിരിക്കുന്ന അവന്റെ അച്ഛന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് അലമുറയിട്ടു കരയുന്ന അവന്റെ അമ്മയെ കണ്ടവൻ ഞെട്ടിത്തരിച്ചു നിന്നുപോയി. പിന്നെ ഒരുതരം ഭ്രാന്ത്‌ പിടിച്ചത് പോലെ ആയിരുന്നു അവന്റെ അവസ്ഥ എല്ലാവരെയും തട്ടി അകറ്റി അവൻ മുറിയിൽ കതകടച്ചിരുന്നു. ഞങ്ങളെല്ലാം കതകിൽ തട്ടി ഒരുപാട് തവണ വിളിച്ചെങ്കിലും അവൻ വാതിൽ തുറന്നില്ല. ഒരുവിധം ഡോർ ചവിട്ടി തുറന്ന് അകത്ത് കയറവേ മുറിയുടെ ഒരു മൂലയിൽ കൂനിയിരിക്കുന്ന അവനെ കണ്ട് ചങ്ക് തകർന്നു പോയി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നെങ്കിലും അച്ഛനെന്നവൻ നിർത്താതെ ഉരുവിട്ടു കൊണ്ടിരുന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അച്ഛൻ മരിച്ചു എന്ന സത്യം അംഗീകരിക്കാൻ അവൻ ശ്രമിച്ചില്ല. ഒരുത്തരത്തിലാണ് അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത്. അച്ഛന്റെ മരണത്തിൽ തകർന്ന് നിലത്ത് മുട്ടുകുത്തി തലമുടിയിൽ ഭ്രാന്തമായി പിടിച്ചു വലിച്ച് അലറിക്കരയുന്ന അവന്റെ മുഖം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. പറഞ്ഞു തീർന്നതും അവരുടെ മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞു. അവന്റെ മനസ്സിൽ അപ്പോഴും അപ്പുവിന്റെ കരയുന്ന രൂപമായിരുന്നു. ഒന്നും മിണ്ടാതെ കുറച്ചു നേരം അവൻ കണ്ണുകടച്ച് നിന്നു. അൽപനേരം മൗനമായി കടന്നു പോയി. പഴയ ഓർമ്മകളിൽ നിന്ന് മനസ്സിന് കടിഞ്ഞാണിട്ടവൻ കണ്ണുകൾ തുറന്ന് വീണ്ടും പറയാനാരംഭിച്ചു. അച്ഛന്റെ ബലികർമ്മങ്ങൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാരുന്നു അവനപ്പോൾ. ഒരുവിധത്തിൽ കർമ്മങ്ങൾ അവനെക്കൊണ്ട് ചെയ്യിച്ച് ചിതയ്ക്ക് തീ കൊളുത്തുമ്പോൾ അവൻ ആർത്തു കരഞ്ഞിരുന്നു. ഒരു ആൺകുട്ടിക്ക് ഇത്രയേറെ കരയാൻ കഴിയുമോ എന്ന് സംശയിച്ചു പോയിട്ടുണ്ട് അത്രയേറെ അവനന്ന് കരഞ്ഞിരുന്നു. കൊച്ചു കുട്ടികളെ പോലെ എന്നെ കെട്ടിപ്പിടിച്ചു പദം പറഞ്ഞവൻ കരഞ്ഞു.

അവന്റെ ദയനീയവസ്ഥ കണ്ട് എല്ലാത്തിനും അവനൊപ്പം ഞാനുണ്ടായിരുന്നു. കളിചിരിയുമായി നടക്കുന്ന പഴയ അപ്പുവായി അവനെ തിരികെ കൊണ്ടുവരാനായിരുന്നു എന്റെ ശ്രമം. അതിനിടയിൽ നിന്റെ കാര്യം ഞാൻ മനപ്പൂർവം മറന്നു. അവനും എല്ലാ കാര്യത്തിനും ഞാൻ കൂടെ വേണമായിരുന്നു. ഭക്ഷണം കഴിക്കാൻ ഉറങ്ങാൻ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ഞാനൊപ്പം വേണമായിരുന്നു. അതുപോലെ ഗീതാന്റിയുടെ മടിയിൽ കിടന്നേ ഉറങ്ങൂ ഗീതാന്റി വാരികൊടുത്താലേ കഴിക്കൂ എന്തിനും ഏതിനും അവന്റെ ഇടം വലം നിൽക്കാനായി ഞങ്ങൾ വേണം. ചില സമയം കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിരുന്നു അവന്റെ അവസ്ഥ. അച്ഛനെ നഷ്ടപ്പെട്ട പോലെ ഞങ്ങളെയും നഷ്ടപ്പെടുവോ എന്ന പേടി ആയിരുന്നു അവന്. അതിനിടെ ഞങളുടെ +2 എക്സാം ഡേറ്റ് അടുത്തു തുടങ്ങി. അമ്മയെ വിട്ട് എക്സാം എഴുതാൻ പോവാൻ അവന് മടിയായിരുന്നു. എല്ലാവരും കൂടി പറഞ്ഞ് നിർബന്ധിച്ച് ഒരുകണക്കിനാണ് എക്സാം എഴുതാൻ അവനെയും കൂട്ടി ഞാൻ പോന്നത്. നിന്നെ കാണണം എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും നിങ്ങൾക്ക് ക്ലാസ്സ്‌ ഇല്ലായിരുന്നതുകൊണ്ടും പിന്നെ അവന്റെ അവസ്ഥ കൊണ്ടും എനിക്കതിനു കഴിഞ്ഞില്ല. പക്ഷെ ഞങ്ങളുടെ എക്സാം തീരുന്ന ദിവസം നിങ്ങൾ എന്നെ കാണാൻ വന്നിരുന്നു എന്ന വിവരം പിന്നീടാണ് ഞാനറിഞ്ഞത്. അന്ന് അപ്പു നിങ്ങളെ കണ്ടിരുന്നു.

പക്ഷെ അവനത് എന്നോട് പറഞ്ഞില്ല പകരം നിർബന്ധിച്ചു പിടിച്ചു വലിച്ചവൻ എന്നെയും കൊണ്ട് അവിടെ നിന്നുപോയി. അത് കേട്ടതും ഞെട്ടലോടെ എമി അവനെ നോക്കി. എന്തിനാ അപ്പുവേട്ടൻ അങ്ങനെ ചെയ്‍തത്?????? അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ചെറുതായൊന്നിടറിയിരുന്നു. ഭയം...... നീയും ഞാനും തമ്മിലടുത്താൽ അവനിൽ നിന്ന് ഞാൻ അകന്നു പോവുമോ എന്ന ഭയമായിരുന്നവന്. അതാണ് അവനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. പക്ഷെ ഒന്നിന്റെ പേരിലും അവനെ ഞാൻ അകറ്റി നിർത്തില്ല എന്ന സത്യം അവൻ ഓർത്ത് കാണില്ല. പക്ഷെ അന്ന് ചെയ്തത് തെറ്റായി പോയി എന്നവന് മനസ്സിലായത് നിന്നെയും തേടി ഞാൻ അലയുന്നത് കണ്ടപ്പോഴാണ്. അപ്പോഴാണ് അന്നവൻ നിങ്ങളെ കണ്ടിരുന്നു എന്ന കാര്യം അവനെന്നോട് പറയുന്നത്. അത് കേട്ട് സങ്കടം തോന്നിയിരുന്നെങ്കിലും അവനോട് ദേഷ്യം ഒന്നും തോന്നിയില്ല. പോട്ടെടാ എന്ന് പറഞ്ഞവനെ ഞാൻ സമാധാനിപ്പിക്കുമ്പോഴും അവനൊരുതരം കുറ്റബോധം ആയിരുന്നു. പിന്നീട് നിന്നെ എങ്ങനെയെങ്കിലും കണ്ടെത്താൻ എന്നേക്കാൾ ഉത്സാഹം കാണിച്ചത് അവനായിരുന്നു. പലതവണ നിങ്ങളെ തേടി ആ സ്കൂളിൽ വന്നിരുന്നെങ്കിലും കാണാൻ കഴിഞ്ഞില്ല.

രണ്ടും കൽപ്പിച്ച് ഓഫീസിൽ ചെന്നന്വേഷിച്ചപ്പോൾ നിങ്ങൾ രണ്ടുപേരും ടിസി വാങ്ങി പോയിരുന്നു എന്നറിയാൻ കഴിഞ്ഞു. തേടി വരാൻ നിങ്ങളുടെ പേരല്ലാതെ മറ്റൊന്നും ഞങ്ങൾക്കറിയില്ലായിരുന്നല്ലോ. പിന്നെ ഒരുവിധം ആ പ്യൂണിന്റെ കയ്യും കാലും പിടിച്ച് അഡ്രസ്സും ഫോൺ നമ്പറും സംഘടിപ്പിച്ചു. അന്ന് തന്നെ അഡ്രസ്സ് തപ്പിപ്പിടിച്ച് വന്നെങ്കിലും നിങ്ങൾ ചെന്നൈക്ക് പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. ഫോൺ നമ്പറിൽ വിളിച്ചെങ്കിലും ആ നമ്പർ നിലവിലില്ലായിരുന്നു. സ്കൂൾ റെക്കോർഡിൽ നിനക്കും റോണിക്കും ഗാർഡിയൻ ആയിട്ട് നിന്റെ അപ്പൻ തന്നെയായിരുന്നതിനാൽ റോണിയുടെ അഡ്രസ്സ് കിട്ടാനുള്ള വഴിയും അടഞ്ഞിരുന്നു. നിരാശയോടെ ഞങ്ങൾ തിരികെ പോന്നു. പിന്നീട് ഞങ്ങൾ കോളേജിൽ ഡിഗ്രിക്ക് കയറിയെങ്കിലും അതിനൊപ്പം നിങ്ങളെ കണ്ടെത്താനുള്ള അന്വേഷണവും തുടർന്നു കൊണ്ടിരുന്നു. പക്ഷെ ഒരുതരത്തിലും എനിക്ക് നിങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഓടി മറഞ്ഞു. അതിനിടയിൽ എനിക്ക് ips സെലെക്ഷൻ കിട്ടി ഞാൻ ട്രൈനിങ്ങിന് പോയി. അപ്പോഴും മാറ്റമില്ലാതെ മനസ്സിൽ നിലനിന്നത് നീ മാത്രമായിരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ഒരുവേള കണ്ണുകൾ തമ്മിൽ കൊരുത്തെങ്കിലും അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു. പിന്നെങ്ങനെയാ ഞങ്ങളെ കണ്ടെത്തിയത്??????

റോണി ആയിരുന്നു അത് ചോദിച്ചത്. ചോദ്യം കേട്ടവനൊന്ന് ചിരിച്ചു. എനിക്ക് ചെറിയൊരു സസ്‌പെൻഷൻ കിട്ടിയപ്പോൾ ഞാനും അപ്പുവും കൂടി ഒരു ട്രിപ്പിന് പോയിരുന്നു. ആ ട്രിപ്പിനിടയിൽ ആണ് ആക്സിഡന്റ്ലി എന്റെ കസിൻ നിതിന്റെ സ്റ്റാറ്റസിൽ അവന്റെയും വൈഫിന്റെയും ഇടയിൽ നിന്ന് കോക്രി കാണിച്ചു നിൽക്കുന്ന നിന്നെ ഞാൻ കാണുന്നത്. അത് നീയായിരുന്നു എന്ന് തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല. അവനെ വിളിച്ചു ചോദിക്കുമ്പോഴാണ് അവന്റെ വൈഫിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നീ അതിലപ്പുറം അവന്റെ നെയ്‌ബർ ആണ് നിന്റെ ഫാമിലി എന്നറിഞ്ഞതും സത്യം പറഞ്ഞാൽ അപ്പൊ തോന്നിയ വികാരം എന്താണെന്ന് എനിക്കിപ്പോഴുമറിയില്ല. പിന്നെ വെച്ച് താമസിപ്പിക്കാതെ ഇങ്ങോട്ടേക്ക് തിരിച്ചു. വരുന്ന വഴിയാണ് എന്റെ സസ്പെൻഷൻ പിൻവലിച്ചെന്ന വിവരം ഐജി ഓഫീസിൽ നിന്ന് വിളിച്ചറിയിക്കുന്നത്. കൂട്ടത്തിൽ എനിക്ക് ഇവിടെയാണ് പോസ്റ്റിങ്ങ്‌ എന്നും അറിഞ്ഞത്. എല്ലാം കൊണ്ടും കർത്താവ് എന്റെ കൂടെയാണ് എന്ന് മനസ്സിലായി. അങ്ങനെ നാട്ടിൽ എത്തി നീണ്ട കാത്തിരിപ്പിനു ശേഷം അന്ന് പറഞ്ഞതിന്റെ റിപ്ലൈ അറിയാൻ വന്നപ്പോഴുണ്ട് ഒരുത്തി കൂട്ടുകാരിയുടെ ലവ് ലെറ്ററും കയ്യിൽ വെച്ച് തന്നിട്ട് ഒറ്റ പോക്ക്.

എങ്കിൽ പിന്നെ ഒന്ന് ഞെട്ടിച്ചു കളയാം എന്ന് കരുതിയാ കോളേജ് ഫങ്ക്ഷന് വന്നിട്ട് നിങ്ങളെ വിളിപ്പിച്ചത്. എന്നെ കണ്ടുപിടിക്കില്ല എന്നാണ് ഞാൻ കരുതിയത് പക്ഷെ നീയെന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അവനത് പറഞ്ഞു നിർത്തവെ അവളുടെ ഉള്ളിലപ്പോൾ നിർവചിച്ചറിയാൻ കഴിയാത്ത ഭാവമായിരുന്നു. എനിവേ ഇത്രയൊക്കെ ആയ സ്ഥിതിക്ക് പൊന്നുമോൾ അന്ന് പറഞ്ഞതിന്റെ റിപ്ലൈ ഇങ്ങ് പറഞ്ഞോ........ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു. അവൾ അവനെ തന്നെ ഉറ്റുനോക്കി. ഓക്കേ അന്ന് പറയാൻ പറ്റിയില്ല അതുകൊണ്ട് ഇപ്പൊ പറയാം...... അവളെന്താ പറയാൻ പോവുന്നത് എന്നറിയാൻ റോണി അവളെ ആകാംഷയോടെ നോക്കി. എനിക്കിഷ്ടമല്ല........... തുടരും................

പനി കുറവുണ്ട് എന്നാലും അധികം സ്‌ട്രെയിൻ ചെയ്യാൻ കഴിയില്ല അതാണ് ഇവിടെ നിർത്തിയത് 😌 ഇനി മറ്റൊരു കാര്യം എന്റെ പൊന്നു പിള്ളേരെ ഇതെന്റെ ലൈഫിൽ നടന്നതല്ല 🙏 കാര്യം എമിയുടെ സ്വഭാവം ഞാൻ എന്റേത് തന്നെയാണ് എഴുതിയിരിക്കുന്നത് എന്നുകരുതി ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണെന്നൊക്കെ പറയാമോ???😕 ഒരാൾ ആണെങ്കിൽ പോട്ടേന്ന് വെക്കാം ഇതിപ്പൊ രണ്ടുമൂന്നുപേർ ഇൻബോക്സിൽ വന്നിത് ചോദിച്ചു. ഇതൊക്കെ അറിയാൻ എന്താ ത്വര????ഈ ചോദിച്ചവരൊന്നും ഇതുവരെ എനിക്കൊരു കമന്റ്‌ പോലും തന്നിട്ടില്ല എന്നോർക്കണം 😏 ദേ ഇപ്പോഴേ ഞാനൊരു കാര്യം പറയുവാ ഇതൊന്നും എന്റെ ജീവിതത്തിൽ നടന്നതല്ല ഇനി അഥവാ അങ്ങനെ ഒരുത്തൻ ഉണ്ടായിരുന്നെങ്കിൽ അവനെ എന്നേ ഞാൻ പെട്ടിയിൽ അടക്കിയേനെ. പുറകെ നടന്നവരെ ഒക്കെ കണ്ടം വഴി ഓടിച്ച് ആത്മനിർവൃതി അണഞ്ഞ് സിംഗിൾ പസംഗയും പാടി നടക്കുന്ന എന്നോട് ഇങ്ങനെ ചോദിക്കാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു??? 😒

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story