ഹൃദയതാളമായ്: ഭാഗം 121

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എടീ പതിയെ കുത്തികേറ്റടീ തൊണ്ടേൽ കുരുങ്ങി ശ്വാസം കിട്ടാതെ ചത്തു പോവും. ഒരു വലിയ പീസ് കേക്ക് എടുത്തു കഴിക്കുന്ന എമിയെ നോക്കി ആൽവിച്ചൻ പറഞ്ഞതും അവൾ കണ്ണ് കൂർപ്പിച്ചു ഒരു നോട്ടം. എംഎംഎംഹ്ഹ്.......... ഓഹ്.... ഇന്നാ ഇത് കുടിച്ച് വായിൽ ഉള്ളത് അങ്ങോട്ട് വിഴുങ്ങ്...... അപ്പു ഒരു ഗ്ലാസ്സ് വൈൻ അവൾക്ക് എടുത്തു നീട്ടി. എമി പിന്നൊന്നും നോക്കാതെ അത് കുടിച്ച് വായിലുള്ളത് മെല്ലെ ചവച്ചിറക്കി. ഇതൊക്കെ എങ്ങനെ തിന്നുന്നോ എന്തോ??????? താടിക്ക് കയ്യും കൊടുത്തിരുന്ന് അവർ പറഞ്ഞതും എമി ഒരുവിധം തൊണ്ടയിൽ കെട്ടിയ കേക്ക് ഇറക്കി രണ്ടിനെയും ഒന്നു നോക്കി. നോക്കി ഇരുന്ന് കൊതി വിട്ടിട്ട് കാര്യമില്ല നിങ്ങൾക്ക് വേണേൽ നിങ്ങൾ എടുത്തു കഴിക്കണം. ഹും....... ചുണ്ട് കോട്ടി പുച്ഛം വാരി വിതറി അവൾ അടുത്ത കേക്കിന്റെ പീസ് കയ്യിൽ എടുത്തു പിടിച്ചു. ആൽവിച്ചനും അപ്പുവും അച്ചുവിനെ ഒരു നോട്ടം. അല്ല അവൻ ആണല്ലോ കടി കൊടുത്ത് ഇങ്ങനെ ഒരെണ്ണത്തിനെ കൊണ്ടുവന്നത്. എമിയുടെ അരികിൽ തന്നെ മൊബൈലിൽ തോണ്ടി ഇരുന്ന് വൈൻ നുണയുന്ന അവനെ കണ്ടതും ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നവർക്ക് മനസ്സിലായി. നല്ലൊരു ചെക്കനായിരുന്നു ഇപ്പൊ എന്തൊക്കെയോ പറ്റി. ഹാ...

എല്ലാം വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യം. നെടുവീർപ്പിട്ടു കൊണ്ടവർ എമിയെ നോക്കി. വൈൻ കുടിക്കുന്നതും കേക്ക് തിന്നുന്നതും പിന്നെ രാജ്യദ്രോഹകുറ്റം ആണല്ലോ എന്റെ കോൺസെൻട്രേഷൻ കളയാതെ എഴുന്നേറ്റു പോടോ....... തിന്നുന്നതിനിടയിൽ തന്നെ അവൾ പറഞ്ഞു. അയ്യോ...ഞങ്ങൾ ഒന്നും പറയുന്നില്ലേ.... രണ്ടും ഒരേ പോലെ കയ്യടിച്ചു തൊഴുതു. കുറച്ചു കഴിഞ്ഞതും അപ്പു ഒരു കാൾ വന്നു എഴുന്നേറ്റു പോയി. അപ്പോഴേക്കും കേക്ക് ഒരുവിധം ഒതുങ്ങിയിരുന്നു എമി അതോടെ പോളിംഗ് അവസാനിപ്പിച്ചു. ഈ കേക്ക് അത്ര പോരാ. എലൈറ്റ് ആയിരുന്നു നല്ലത്. എന്നിട്ട് ഇതൊന്നും തീറ്റയിൽ കണ്ടില്ലല്ലോ??????? ആൽവിച്ചൻ അവളെ കളിയാക്കി ചോദിച്ചു. അന്നം അത് എന്ത് തന്നെ ആയാലും നിരസിക്കാൻ പാടില്ല. അന്നം ദൈവത്തിന് തുല്യമാണ് എന്നു കേട്ടിട്ടില്ലേ മിസ്റ്റർ?????? വെട്ടി വിഴുങ്ങുന്നതിനും ഇതുപോലെ ന്യായം കണ്ടെത്താൻ നിന്നെ കൊണ്ടേ പറ്റൂ. കോഴിത്തരത്തിന് ന്യായീകരണം കണ്ടെത്താൻ തനിക്ക് കഴിയുമെങ്കിൽ ഇതൊക്കെ ഞങ്ങൾക്കും പറ്റും. എമി തിരിച്ച് അടിച്ചതും ആൽവിച്ചൻ വാ പൂട്ടി. വെറുതെ എന്തിനാ ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്നത്. കുറെ കഴിഞ്ഞതും എന്തൊക്കെയോ പിറുപിറുത്ത് മുഖവും വീർപ്പിച്ച് അപ്പു തിരികെ എത്തി.

നിന്നെ എന്താടാ പൊട്ടൻ കടിച്ചോ???? നട്ട് പോയ അണ്ണാനെ കൂട്ടുള്ള അവന്റെ വരവ് കണ്ട് അച്ചു ചോദിച്ചു. പൊട്ടനല്ല ഒരു മറുതയില്ലേ ദോ ഈ ഇരിക്കുന്നതിന്റെ ചങ്ക് അവൾ കടിച്ചതാ. പല്ല് കടിച്ചു പിടിച്ച് അവൻ പറയുന്നത് കേട്ട് എമിയും അച്ചുവും പരസ്പരം നോക്കി ചിരിച്ചു. അവൾ ഇപ്പൊ എന്തു ചെയ്തെന്നാ???? ചിരി അടക്കി പിടിച്ച് അച്ചു ചോദിച്ചു. എന്ത് ചെയ്‌തെന്നല്ല എന്താ ചെയ്യാത്തത് എന്നു ചോദിക്ക്... ഒരു മിനിറ്റ് സ്വസ്ഥത തരൂല. ഫോൺ വിളിച്ചാൽ അത് എന്നും തല്ലിലേ ചെന്ന് നിൽക്കൂ. താഴ്ന്നു കൊടുക്കും തോറും തലയിൽ കയറി ബ്രേക്ക്‌ ഡാൻസ് കളിക്കുവാ. പണ്ടാരം.......... അവൻ മുഷ്ടി ചുരുട്ടി. അവളുടെ എല്ലാ സ്വഭാവങ്ങളും അറിഞ്ഞ് നീ തന്നെ അല്ലെ അവളെ തിരഞ്ഞെടുത്തത്?????? അച്ചുവിന്റെ ആ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല. നിനക്ക് അവളില്ലാതെ പറ്റുവോ????? എടാ.... അതൊക്കെ ശരിയാണ്. പക്ഷെ ചില സമയങ്ങളിൽ ഭയങ്കര ഇറിറ്റേഷൻ ആടാ.... നമുക്ക് ഒന്നു അഡ്ജസ്റ്റ് ചെയ്യാൻ പറ്റണ്ടേ?????? തെറ്റ്.......... അപ്പുവിനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ എമിയുടെ ശബ്ദം ഉയർന്നു. ഒരിക്കലും അഡ്ജസ്റ്റ് ചെയ്യരുത്..... അഡ്ജസ്റ്റ്മെന്റിൽ ഒരു റിലേഷനും മുന്നോട്ട് കൊണ്ടുപോവാൻ ശ്രമിക്കയും ചെയ്യരുത്.

അവളുടെ വാക്കുകൾ കേട്ടതും അവർ മൂന്നുപേരും നെറ്റി ചുളിച്ച് അവളെ നോക്കി. മനസ്സിലായില്ല?????? അതായത് അപ്പുവേട്ടാ, ഒരു റിലേഷനിൽ അത് എന്തു തരം തന്നെ ആയാലും അതിൽ മോസ്റ്റ്‌ ഇമ്പോർട്ടന്റ് ആയി ആവശ്യം എന്താണെന്ന് അറിയോ????? അതിനവൻ ഇല്ല എന്ന് തലയാട്ടി. Love, trust, understanding. പരസ്പരം സ്നേഹവും വിശ്വാസവും ഉള്ളിടത്തേ ബന്ധങ്ങൾ ദൃഢമാവൂ. വിശ്വാസം എന്നത് ഒരു റിലേഷന്റെ അടിത്തറയാണെങ്കിൽ അണ്ടർസ്റ്റാൻഡിങ് ആണ് ഒരു റിലേഷനെ യാതൊരു കോട്ടവും കൂടാതെ മുന്നോട്ട് കൊണ്ടുപോവൂ. തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് എത്ര നാൾ മുന്നോട്ട് പോവും????? പോയി പോയി കുറെ ആവുമ്പോൾ മടുക്കും വെറുക്കും.... ഇന്ന് പല റിലേഷനുകളും തകരാൻ കാരണം ഈ അണ്ടർസ്റ്റാൻഡിങ് ഇല്ലാത്തതിനാലാണ്. ഏറെ പക്വതയേറിയ അവളുടെ വാക്കുകൾ അത്ഭുതത്തോടെ അവർ കേട്ടിരുന്നു. കുറച്ചു മുന്നേ വരെ പൊട്ടിത്തെറിച്ചു നടന്ന പെണ്ണ് തന്നെയാണോ ഇതെന്ന് അവർ വിസ്മയിച്ചു പോയി. അവരുടെ ഇരുപ്പ് കണ്ട് ഒന്നു പുഞ്ചിരിച്ച് അവൾ അപ്പുവിന് നേരെ നോക്കി. ഇച്ചിരി എടുത്തു ചാട്ടവും വാശിയും ഉണ്ടന്നേ ഉള്ളൂ അവൾ ഒരു പാവമാ. നിങ്ങൾ പരസ്പരം ഒന്നു തുറന്ന് സംസാരിച്ചാൽ മതി അപ്പുവേട്ടാ അപ്പൊ ഇതെല്ലാം ശരിയായിക്കോളും.

ഇപ്പൊ ഞങ്ങളുടെ കാര്യം തന്നെ ഒന്നു നോക്കിയേ എന്റെ ഈ സ്വഭാവത്തിന് മറ്റാരെങ്കിലും ആയിരുന്നേൽ കൊണ്ടുപോയി കിണറ്റിൽ ഇട്ടേനെ എന്നിട്ട് എന്റെ ഡ്രാക്കു അങ്ങനെ വല്ലതും ചെയ്തോ??? കാരണം എന്താ??? ഇച്ചായൻ എന്നെ നല്ലോണം മനസ്സിലാക്കിയിട്ടുണ്ട് അത് തന്നെ കാര്യം. അച്ചുവിന്റെ കൈക്ക് ഇടയിലൂടെ കയ്യിട്ട് ഇരുന്നവൾ പറഞ്ഞതും അച്ചു ഒരു ചിരിയോടെ അവളുടെ തലയിൽ തട്ടി. എല്ലാം ശരിയാവും അപ്പുവേട്ടാ..... ഞാൻ അവളോട് കൂടി ഒന്നു സംസാരിക്കട്ടെ ഒരാൾ മാത്രം മനസ്സിലാക്കിയത് കൊണ്ട് കാര്യമില്ലല്ലോ?????? കണ്ണ് ചിമ്മി കാണിച്ച് പുഞ്ചിരിയോടെ അവൾ പറഞ്ഞതും അപ്പുവും അതുവരെയുള്ള ആസ്വസ്ഥത മറന്ന് ചിരിച്ചു. എമീ ഇത് നീയാ??????? ആൽവിച്ചൻ അതിശയത്തോടെ അവളെ ഒന്നുനോക്കി. എമി ഇതൊക്കെ എന്ത് എന്ന രീതിയിൽ ഞെളിഞ്ഞിരുന്നു. നീ എപ്പോഴാ ഇത്രയും വളർന്നത്????? കഞ്ഞി, പയർ, ചമ്മന്തി...... ഏഹ്!!!!! അത് പാല് ഗോതമ്പ് വിറ്റമിൻസ് എന്നല്ലേ??????? അപ്പു അവളെ ഒന്നു നോക്കി. അതൊക്കെ ആ പരസ്യത്തിൽ കാണുന്ന കൊച്ചിന്റെ വീട്ടിൽ ഞാൻ ഇവിടുത്തെ കാര്യമാണ് പറഞ്ഞത്. ഉയ്യോ ദാരിദ്ര്യം!!!!! അറ്റ്ലീസ്റ്റ് ആ കഞ്ഞി മാറ്റി ചോറെന്നെങ്കിലും പറയാമായിരുന്നു. അപ്പു അവളോട് പറഞ്ഞു.

ഇച്ചിരി സ്റ്റാൻഡേർഡ് ആവാൻ പഴങ്കഞ്ഞി ഷോർട്ടാക്കി കഞ്ഞി ആക്കിയ എന്നോടോ ബാലാ?????? എമി വിത്ത്‌ സെന്റി എക്സ്പ്രഷൻ. മുത്തുമണിയേ........ അപ്പു സെഡായി. രണ്ടും പരസ്പരം നോക്കി കണ്ണുനീർ തുടക്കുമ്പോഴാണ് സാറായുടെ വരവ്. ആർക്കടാ ഞാനിവിടെ പഴങ്കഞ്ഞി തന്നത്????? ഇവിടെ പഴങ്കഞ്ഞി കുടിക്കേണ്ട ഗതി ആർക്കാ ഉണ്ടായിട്ടുള്ളത് എന്ന് എനിക്കിപ്പൊ അറിയണം....... സാറാ ഇടുപ്പിൽ കൈകുത്തി നിന്ന് എല്ലാത്തിനെയും കലിപ്പിച്ചു നോക്കി. അത് പിന്നെ അമ്മച്ചി ഒരു ഓളത്തിന്...... എമി വിത്ത്‌ ക്ലോസപ്പ് ഇളി. പ്ഫാ.......... സാറായുടെ ആ ആട്ടിന് എമി സ്ഥലം കാലിയാക്കി. പുറകെ ബാക്കിയുള്ളവരും അല്ലെങ്കിൽ ശരിക്കും പഴങ്കഞ്ഞി കുടിപ്പിക്കും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഞങ്ങൾ എങ്കിൽ ഇറങ്ങട്ടെ നേരം ഇരുട്ടി. പുറത്തേക്ക് നോക്കി പോവാൻ എഴുന്നേൽക്കുന്ന ഗീതയെ കണ്ടതും എല്ലാവരുടെയും മുഖം വാടി. നാളെ പോവാം ഗീതമ്മേ ഇന്നിവിടെ നിൽക്ക്. എമി അവരുടെ കയ്യിൽ പിടിച്ചു കൊഞ്ചി. പോണം മോളെ ഇവിടെ തങ്ങുന്നതൊക്കെ പിന്നൊരിക്കൽ ആവാം...... എമിയുടെ കവിളിൽ തലോടിയവർ പുഞ്ചിരിച്ചു. പക്ഷെ എമിയുടെ മുഖത്തിന് അപ്പോഴും തെളിച്ചം പോരായിരുന്നു. മുഖം വീർപ്പിക്കാതെടീ കുറുമ്പീ. നിനക്ക് ഏത് സമയവും അങ്ങോട്ട്‌ വരാനുള്ള അവകാശമില്ലേ പിന്നെന്താ??????

അത് കേട്ടതും അവളൊന്ന് പുഞ്ചിരിച്ചു. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ. അങ്കിളേ, സാറാന്റീ, റിയേച്ചീ, ആൽവിച്ചോ പോവാണേ.... ഡാ ഞങ്ങൾ പോയിട്ട് വരട്ടെ????? അച്ചുവിന്റെ തോളിൽ തട്ടിയവൻ പറഞ്ഞതും അച്ചു അവന്റെ തോളിലൂടെ കയ്യിട്ട് പുറത്തേക്കിറങ്ങി പിന്നാലെ മറ്റുള്ളവരും. പുറത്തൊക്കെ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു അതിനൊപ്പം അന്ധകാരത്തെ അകറ്റാൻ ഓരോ വീട്ടിലും വിവിധ വർണ്ണങ്ങളിലായി പ്രകാശവും പരന്നു. അപ്പൊ ശരി ബൈ........ അപ്പു വണ്ടിയിൽ കയറി എല്ലാവർക്കും നേരെ കൈവീശി കാണിച്ചു. തിരികെ എല്ലാവരും കൈ ആട്ടിയതും അവരെയെല്ലാം ഒന്നു നോക്കി അവൻ ബൈക്ക് ഗേറ്റിന് വെളിയിലേക്ക് എടുത്തു. അവർ അകന്നു പോവുന്നത് നോക്കി നിന്ന് പതിയെ എല്ലാവരും അകത്തേക്ക് പിൻവാങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി അകത്ത് ആൽവിച്ചനൊപ്പം റിമോട്ടിന് വേണ്ടി തല്ല് കൂടുമ്പോഴാണ് പുറത്ത് ഒരു ബഹളം കേൾക്കുന്നത്. അത് പതിയെ വരാന്തയിലേക്ക് ഇറങ്ങുമ്പോൾ കാണുന്നത് കരോൾ കളിക്കാൻ വന്ന കുട്ടികൂട്ടത്തെയാണ്. അവളെ കണ്ടതും കൊട്ടിന്റെയും പാട്ടിന്റെയും ശബ്ദമേറി. പാട്ടും ബഹളവും കേട്ട് പിന്നാലെ ഓരോരുത്തരായി അങ്ങോട്ട്‌ വന്നു. തന്നെക്കാൾ വലിയ ഉടുപ്പും ഇട്ട് തുള്ളുന്ന സാന്റയെ കണ്ട് എമിക്ക് ചിരിയാണ് വന്നത്. എല്ലാം ഇത്തിരി പോന്ന പീക്കിരികൾ ആണ്. അതിനിടയിൽ പൈസ പിരിക്കാൻ കൊണ്ടുവന്ന കുഞ്ഞു ടിന്നും പിടിച്ച് തുള്ളുന്ന ഒരു കുഞ്ഞി പെണ്ണിൽ അവളുടെ നോട്ടം എത്തി നിന്നു.

ഒരു കുട്ടി ഫ്രോക്ക് ആണ് വേഷം. കണ്ടാൽ ഒരു നാല് അഞ്ചു വയസ്സ് പ്രായം പറയും. എമി മെല്ലെ അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. വിളി കേൾക്കേണ്ട താമസം ആ കുട്ടി എമിയുടെ മുന്നിൽ എത്തിയിരുന്നു. എന്താ വാവേടെ പേര്?????? കുനിഞ്ഞു നിന്ന് ആ കുഞ്ഞിപെണ്ണിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു ചോദിച്ചു. ഏയ്ഞ്ചൽ........... നുണക്കുഴി കാട്ടി ചിരിച്ചവൾ പറയുന്നത് കാണാൻ തന്നെ ചേലാണ്. എന്റെ അനിയത്തിയാ....... സാന്റാ ആയി വേഷം ഇട്ട പീക്കിരി മുഖംമൂടി നീക്കി അവരെ നോക്കി പറഞ്ഞു. ആണോ????? അച്ചു അതും ചോദിച്ച് അവളുടെ നുണക്കുഴിയിൽ ചൂണ്ടു വിരൽ കുത്തിയതും പുഞ്ചിരിയോടെ അവൾ തലയാട്ടി. ചുണ്ടിൽ പുഞ്ചിരിയോടെ നിൽക്കുന്ന കുഞ്ഞിനെ കാൺകെ എമിക്ക് വല്ലാത്ത ഒരു വാത്സല്യം തോന്നി. പൈസ വേണ്ടേ?????? എമിയുടെ ആ ചോദ്യത്തിന് അവൾ തലയാട്ടി. പകരം എനിക്ക് എന്തു തരും?????? മുഖം താഴ്ത്തി എമി ചോദിച്ചതും അവൾ സംശയത്തോടെ കൂടെ വന്ന കുട്ടിപട്ടാളത്തെ ഒന്നു തിരിഞ്ഞു നോക്കി പിന്നെ എമിക്ക് നേരെ തിരിഞ്ഞു. ദേ എനിക്ക് ഇവിടെ ഒരുമ്മ തന്നാൽ ഞാൻ ഇത് തരാം. അച്ചുവിന്റെ കയ്യിൽ ഇരുന്ന നോട്ട് വാങ്ങി മുട്ടു കുത്തി ഇരുന്ന് ആ കുഞ്ഞിന് നേരെ കാട്ടി ഇടത്തെ കവിളിൽ തൊട്ടു കാണിച്ചു.

അത് കണ്ടതും ഒരു കള്ളചിരിയോടെ ആ കുഞ്ഞിപെണ്ണ് അവളുടെ കവിളിൽ മുത്തി. ഗുഡ് ഗേൾ........ ചിരിയോടെ ആ ടിന്നിലേക്ക് പൈസ ഇട്ട് ആ കുഞ്ഞിന്റെ കവിളിൽ അവൾ സ്നേഹചുംബനമേകി. അത് കണ്ടതും അത്രയും നേരം ആൽവിച്ചന്റെ കയ്യിൽ തൂങ്ങി നിന്ന് അതിശയത്തോടെ എല്ലാം നോക്കി നിന്ന ജോക്കുട്ടൻ ഓടി എമിയുടെ അടുത്ത് ചെന്ന് അവളെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവളുടെ മറു കവിളിൽ ചുംബിച്ചു. അവന്റെ ആ പ്രവർത്തി എല്ലാവരിലും ചിരി വിടർത്തി എമി ആ കൊച്ചിന് ഉമ്മ കൊടുത്തതിന്റെ കുശുമ്പാണ് ചെക്കന്. എടാ കുശുമ്പാ......... ജോക്കുട്ടന്റെ വയറ്റിൽ ഇക്കിളി ആക്കിക്കൊണ്ട് അവൾ പറഞ്ഞതും കൂർപ്പിച്ചു വെച്ച അവന്റെ ചുണ്ടിൽ ചിരി തെളിഞ്ഞിരുന്നു. ഏയ്ഞ്ചൽ അപ്പൊ തന്നെ അവളുടെ ചേട്ടന്റെ അരികിലേക്ക് ഓടിയിരുന്നു. എമി ജോക്കുട്ടന്റെ രണ്ട് കവിളിലും മുത്തി അവനെയും എടുത്ത് എഴുന്നേറ്റു നിന്നു. അപ്പോഴേക്കും കുട്ടിപ്പട്ടാളം പാട്ടും പാടി വിട വാങ്ങി പുറത്തേക്ക് നടന്ന് അകന്നിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ക്രിസ്മസ് ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് അത്താഴം കഴിച്ചു കഴിഞ്ഞ് അടുക്കളയിൽ ഒക്കെ വൃത്തിയാക്കാൻ സാറായെ സഹായിച്ചതിന് ശേഷം ഒരു ബോട്ടിൽ വെള്ളവും എടുത്ത് എമി മുറിയിലേക്ക് പോയി.

മുറിയിൽ കയറി ഡോർ അടച്ചു കുറ്റിയിട്ട് തിരിയുമ്പോൾ അവളെ കാത്തെന്നത് പോലെ ബെഡിൽ ചാരി ഇരിക്കുന്ന അച്ചുവിനെ കണ്ടതും അവൾ വാട്ടർ ബോട്ടിൽ ടേബിളിൽ വെച്ച് തിരിഞ്ഞ് അവനെ നോക്കി പിരികം ഉയർത്തി. കുറച്ചു മുന്നേ അപ്പു വിളിച്ചിരുന്നു. നീ നിവിയെ വിളിച്ച് സംസാരിച്ചിരുന്നോ????? അച്ചു അവളെ നോക്കി ചോദിച്ചു. അപ്പുവേട്ടനെ വിളിച്ച് ആവശ്യമില്ലാതെ ചൊറിയരുത് എന്ന് പറയാൻ വിളിച്ചിരുന്നു. എന്തേ?????? എമി നെറ്റിചുളിച്ചു. അവൾ അപ്പൂനെ വിളിച്ചു സോറി പറഞ്ഞ് സംസാരിച്ചെന്ന്. പറയുന്നതിനൊപ്പം അച്ചു എമിയെ വലിച്ച് അവനരികിലേക്ക് ഇരുത്തിയിരുന്നു. ആണോ?????? മ്മ്മ്.......... ഇതൊക്കെ എന്റെ പൊടിക്കുപ്പി എവിടെ നിന്ന് പഠിച്ചു???? ഏതൊക്കെ?????? അവൾ കാര്യം മനസ്സിലാവാതെ അവനെ നോക്കി. ഇന്ന് അപ്പൂനെ ഉപദേശിച്ച ഡയലോഗ് ഒക്കെ?????? അതെല്ലാം ഒരു ഫ്ലോയിൽ താനാ വരുത് ബേബി. കണ്ണിറുക്കി എമി അവനെ നോക്കി കള്ളചിരി ചിരിച്ചു. ഓഹോ?????? ആഹാ........... നമ്മൾ തമ്മിൽ അണ്ടർസ്റ്റാൻഡിങ് ഉണ്ടെന്നൊക്കെ പറയുന്നത് കേട്ടല്ലോ???? ആഹ്... പറഞ്ഞു. എന്നിട്ട് ആണോടീ നീ നിസ്സാര കാര്യത്തിന് എന്നോട് പിണങ്ങി ഇരിക്കുന്നത്??????? അച്ചു അവളെ കൂർപ്പിച്ചു നോക്കി. മറുപടി പറയുന്നതിന് പകരം അവൾ അവന്റെ മടിയിലേക്ക് കയറി ഇരുന്നു. അതുണ്ടല്ലോ??????

ചുമ്മാ ഓരോന്ന് പറഞ്ഞ് ഇച്ചായനോട് പിണങ്ങി ഇരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടാ എന്നാലല്ലേ ഇച്ചായൻ പിണക്കം തീർക്കാൻ വരൂ ഒട്ടൊരു കുസൃതി ചിരിയോടെ അവൾ പറഞ്ഞതും അച്ചു ചിരിച്ചു പോയി. അവളെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അമർത്തിയതും പുറത്ത് ഒരു നിലവിളി ഉയർന്നിരുന്നു. ഏട്ടത്തി!!!!!!!!!! ഞെട്ടലോടെ അവർ ഇരുവരും ഉരുവിട്ടു. ചാടി എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്ക് പായുമ്പോൾ ഇരുവരിലും ഭയം നിറഞ്ഞിരുന്നു. ഓടി താഴെ എത്തുമ്പോഴേക്കും മുറിയിൽ വയറിൽ കൈ വെച്ച് വേദനയാൽ കരയുന്ന റിയയെ കണ്ടവർ അണച്ചു നിന്നു. എന്താ പറ്റിയേ?????? പരിഭ്രമത്തോടെ അച്ചു സ്വരമുയർത്തി. പെയിൻ തുടങ്ങിയതാ. വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോവണം. സാറാ പറഞ്ഞത് കേട്ടതും അച്ചു വേഗം കാർ എടുക്കാൻ പുറത്തേക്ക് ഓടിയിരുന്നു. ആൽവിച്ചൻ അപ്പോഴേക്കും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവേണ്ടത് എല്ലാം നേരത്തെ തന്നെ ഒരുക്കി വെച്ചിരുന്ന ബാഗ് എടുത്തു. അനു വേഗം തന്നെ അവനിൽ നിന്ന് ആ ബാഗ് വാങ്ങി പുറത്തേക്ക് പാഞ്ഞു. വേദനയാൽ പുളയുന്ന റിയയെ കാൺകെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോവുന്നത് എമി അറിഞ്ഞു. എങ്കിലും വിറയ്ക്കുന്ന കൈകളോടെ എമി റിയയെ എഴുന്നേൽക്കാൻ സഹായിച്ചു. അപ്പോഴേക്കും ആൽവിച്ചൻ വന്ന് അവളെ കോരി എടുത്തിരുന്നു.

റിയയെ എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ അച്ചു കാർ എടുത്തു വന്നിരുന്നു. കാറിന്റെ ബാക്ക് ഡോർ തുറന്ന് റിയയെ ഇരുത്തി കൂടെ ആൽവിച്ചനും സാറായും കയറി. ഞാൻ കൂടി വരട്ടെ???? ഇവിടെ നിന്നാൽ എനിക്ക് ഒരു സമാധാനം കിട്ടില്ല...... അവരെയെല്ലാം ദയനീയമായി നോക്കി എമി ചോദിച്ചു. അപ്പൊ ജോക്കുട്ടൻ?????? റിയയെ ചേർത്ത് പിടിക്കുന്നതിനിടയിൽ സാറാ സംശയത്തോടെ നിർത്തി. അവൻ നല്ല ഉറക്കമല്ലേ ഞാൻ നോക്കിക്കോളാം മോൾ പോയിട്ട് വാ. എമിയുടെ മുഖത്തെ പരിഭ്രമവും വേദനയും കണ്ട് പോൾ അവളുടെ തോളിൽ തട്ടി പറഞ്ഞു. അത് കേൾക്കേണ്ട താമസം എമി ഫ്രണ്ട് ഡോർ തുറന്ന് കയറിയിരുന്നു. അവൾ കയറിയ ഉടനെ അച്ചു കാർ വേഗത്തിൽ മുന്നോട്ട് എടുത്തിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ലേബർ റൂമിന് മുന്നിൽ അക്ഷമരായി ചാരി നിൽക്കുകയാണ് എമിയും അച്ചുവും. പേടിയും ടെൻഷനും കാരണം ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കുന്നില്ല. റിയയെ അകത്തേക്ക് കയറ്റിയിട്ട് ഇപ്പൊ സമയം ഏറെയായി. എമി തന്റെ കഴുത്തിലെ കൊന്തയിലെ ക്രൂശിത രൂപത്തിൽ പിടി മുറുക്കുന്നതിനൊപ്പം മറുകയ്യാൽ അച്ചുവിന്റെ കയ്യിൽ അമർത്തി പിടിച്ചിരുന്നു. വല്ലാത്തൊരു വെപ്രാളം പോലെ. ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന ക്ലോക്കിലേക്ക് അവർ കണ്ണുകൾ പായിച്ചു.

സമയം 2 മണി കഴിഞ്ഞിരിക്കുന്നു. മെല്ലെ തല ചരിച്ച് ഒന്നു നോക്കവെ കൂളായി ഇരിക്കുന്ന ആൽവിച്ചനെ കണ്ട് അവർ പല്ല് കടിച്ചു. എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ?????? മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ചാവാറായി.... ചവിട്ടി താഴെ ഇടാനാണ് അച്ചുവിന് തോന്നിയത്. തനിക്ക് ഒരു ടെൻഷനും ഇല്ലേടോ????? എമി അവന്റെ നേർക്ക് ചോദിച്ചു. ഞാൻ ഒരു തവണ കുറെ ടെൻഷൻ അടിച്ച് ഇരുന്നതാ എപ്പോഴും എപ്പോഴും ടെൻഷൻ അടിക്കാൻ എനിക്ക് വട്ടൊന്നുമില്ല. അവൻ പറയുന്നത് കേട്ടതും അച്ചു അവനെ ഒന്നു തറപ്പിച്ചു. അമ്മച്ചി ഇങ്ങനെ പേടിക്കാതെ അവൾ കുഞ്ഞിനെയും കൊണ്ട് തിരികെ വരും. തന്റെ അടുത്തിരുന്ന് കൊന്ത ചൊല്ലുന്ന സാറായുടെ ചുമലിൽ കൈവെച്ചവൻ പറഞ്ഞു. പിന്നേ..... പ്രസവിച്ചു കുഞ്ഞിനേയും കൊണ്ട് ഇപ്പൊ തന്നെ വരാൻ അകത്തേക്ക് പോയത് ദേവസേന അല്ലെ???? പല്ല് കടിച്ചു പിടിച്ച് എമി പറയുന്നത് കേട്ട് ആൽവി പുച്ഛിച്ചു തള്ളി. എങ്കിലും ആ കണ്ണുകളിൽ നിറഞ്ഞിരുന്ന വേദനയും പിടച്ചിലും അവൾ വ്യക്തമായി കണ്ടിരുന്നു. അവൾ എന്തോ പറയാൻ തുനിഞ്ഞതും ലേബർ റൂമിന്റെ വാതിൽ തുറയുന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. റിയയുടെ റിലേറ്റീവ്സ് ആരാ ഉള്ളത്????

പുറത്തേക്കിറങ്ങിയ നേഴ്സിന്റെ ചോദ്യം കേട്ടതും ഒറ്റ കുതിപ്പിന് അച്ചുവും എമിയും ആൽവിച്ചനും അവർക്ക് അരികിൽ എത്തിയിരുന്നു. പെട്ടെന്ന് ആയതുകൊണ്ട് അവർ പകച്ചുപോയി. സോറി സോറി.... സിസ്റ്റർ ഞാനാ റിയയുടെ ഹസ്ബൻഡ്. ആൽവിച്ചൻ പെട്ടെന്ന് തന്നെ പറഞ്ഞു. റിയ പ്രസവിച്ചു. ആൺകുട്ടിയാണ്. അവരുടെ മറുപടി കേട്ടതും എല്ലാവരിലും ആശ്വാസം നിറഞ്ഞു. ഏട്ടത്തി?????? എമി പെട്ടെന്ന് ഒന്നു നിർത്തി. റിയക്ക് ഇപ്പൊ?????? അവൾ പറഞ്ഞത് മനസ്സിലാവാതെ നെറ്റി ചുളിച്ചു നോക്കുന്ന അവരോട് ആൽവിച്ചൻ ചോദിച്ചു. മയക്കത്തിലാണ്. രാവിലെ ആവുമ്പോഴേക്കും മുറിയിലേക്ക് മാറ്റും. അത്രയും പറഞ്ഞവർ തിരികെ അകത്തേക്ക് പോയി. എല്ലാവരും ആശ്വാസത്തോടെ പരസ്പരം നോക്കി ചിരിച്ചു. ആൽവിച്ചൻ അച്ചുവിനെ പുണർന്ന് സന്തോഷം പങ്കു വെച്ചു. എന്നിട്ടും സന്തോഷം അടക്കാൻ കഴിയാതെ എമിയെ ഒന്നു കെട്ടിപ്പിടിച്ച് സാറായുടെ കവിളിൽ ഉമ്മ വെച്ചു. അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് അവരെല്ലാം ചിരിച്ചു പോയി. കുറച്ചു കഴിഞ്ഞതും വെള്ളതുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നിരുന്നു. സാറാ കൈനീട്ടി കുഞ്ഞിനെ വാങ്ങി. കൈ രണ്ടും ചുരുട്ടി പിടിച്ച് കണ്ണും രണ്ടും അടച്ച് നല്ല ഉറക്കത്തിലാണ് ആശാൻ.

റോസ് നിറത്തിൽ തുടുത്ത കവിളും ഇച്ചിരി പോന്ന മുടിയും ഒക്കെയായി കിടക്കുന്ന കുറുമ്പനെ എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ നോക്കി. എമി മെല്ലെ കൈ ഉയർത്തി ചൂണ്ടു വിരൽ കൊണ്ട് കവിളിൽ ഒന്നു തഴുകിയതും ആളൊന്ന് അനങ്ങി വീണ്ടും ഉറക്കത്തിലേക്ക് പോയി. സാറായുടെ കയ്യിൽ നിന്ന് തന്റെ കയ്യിലേക്ക് കുഞ്ഞിനെ വാങ്ങുമ്പോൾ ആൽവിച്ചന്റെ കണ്ണുകൾ ചെറുതായി കലങ്ങിയിരുന്നു. ചുണ്ടിൽ എന്നത്തേക്കാൾ തിളക്കമാർന്ന ഒരു ചിരി വിരിഞ്ഞു. ഹൃദയം നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ അവൻ കുഞ്ഞിന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു. വല്ലാത്തൊരു ആത്മനിർവൃതി ഉള്ളിൽ നിറയുന്നത് അറിഞ്ഞു. ഒരു അച്ഛൻ എന്ന അനുഭൂതി വീണ്ടും വന്നു ചേരവേ ഉള്ളം വല്ലാതെ തുടികൊട്ടി. ഈ സമയം അത്രയും എമിയും അച്ചുവും കുഞ്ഞിനെ തന്നെ നോക്കി നിൽക്കുവായിരുന്നു. ഇന്നാ ഡാ എടുത്തോ...... കുഞ്ഞിനെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന അച്ചുവിന് നേരെ കുഞ്ഞിനെ നീട്ടി അവൻ പറഞ്ഞതും അതിന് കാത്തു നിന്നെന്നത് പോലെ അച്ചു കൈനീട്ടി സൂക്ഷ്മതയോടെ കുഞ്ഞിനെ വാങ്ങി.

തീരെ കുഞ്ഞാണ് ആൾ. ചുറ്റിനും നടക്കുന്നത് ഒന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. എമി കുഞ്ഞിനെ തന്നെ നോക്കി നിന്നു. അച്ചുവിന്റെ കയ്യിൽ ഇരിക്കുന്നത് കൊണ്ട് ഇപ്പൊ കുറച്ചു കൂടി അടുത്ത് കാണാം. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല...... അവൾ മെല്ലെ കുഞ്ഞിന്റെ കാൽ പാദത്തിൽ ചുണ്ട് ചേർത്തു. ഇവനെ എടുക്കണോ??????? അച്ചു മുഖം ചരിച്ച് അവളെ നോക്കി ചോദിച്ചു. വേണ്ട തീരെ കുഞ്ഞല്ലേ എനിക്ക് പേടിയാ...... എമി ഭയത്തോടെ പറഞ്ഞു. ഇത് കൊള്ളാം കുറച്ചു നാൾ കഴിയുമ്പോൾ ഇങ്ങനെ ഒന്നിനെ സ്വന്തമായി നോക്കേണ്ട പെണ്ണാ ഈ പറയുന്നത് നാണമുണ്ടോടീ????? ആൽവിച്ചൻ അവളെ കളിയാക്കി. സാറായും അത് കണ്ട് ചിരിച്ചു. അത് കേട്ടതും അവൾ അച്ചുവിനെ ഒന്നു നോക്കി. അവനും തന്നെ നോക്കി നിൽക്കുവാണ് എന്ന് കണ്ടതും ചുണ്ട് പിളർത്തി. പേടിക്കണ്ട പതിയെ എടുത്താൽ മതി. അച്ചു പറയുന്നതിനൊപ്പം അവൾക്ക് നേരെ കുഞ്ഞിനെ നീട്ടി. വിറയ്ക്കുന്ന കൈകളോടെ അവൾ സൂക്ഷിച്ചു കുഞ്ഞിനെ വാങ്ങുമ്പോൾ അച്ചു തന്റെ കൈ കൊണ്ട് കൂടി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിരുന്നു. തന്റെ കയ്യിൽ കിടക്കുന്ന കുറുമ്പനെ അവൾ അത്രമേൽ വാത്സല്യത്തോടെ നോക്കി. ചുണ്ടിൽ അന്നേരം ഹൃദ്യമായ ഒരു പുഞ്ചിരി സ്ഥാനം നേടിയിരുന്നു.….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story