ഹൃദയതാളമായ്: ഭാഗം 122

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഫോണിൽ ഓരോരുത്തരെയും സന്തോഷ വാർത്ത വിളിച്ച് അറിയിക്കുന്നതിനിടയിൽ അച്ചുവിന്റെ കണ്ണുകൾ സീറ്റിൽ ഇരിക്കുന്ന എമിയിലേക്ക് നീണ്ടു. പൂനിലാവ് ഉദിച്ചത് പോലെയുണ്ട് അവളുടെ മുഖം. ഇത്ര സന്തോഷത്തിൽ അവളെ മുന്നേ കണ്ടിട്ടില്ല എന്നവന് തോന്നി. കുഞ്ഞിനെ എടുക്കാൻ ആദ്യം പേടിച്ചിരുന്നവൾ എടുത്തു കഴിഞ്ഞപ്പോൾ പിന്നെ ആർക്കും കൊടുക്കുന്നില്ലായിരുന്നു. നേഴ്സ് വന്ന് തിരികെ കൊണ്ടുപോവാൻ ആവശ്യപ്പെടുമ്പോൾ നന്നേ മടിച്ചാണ് കുഞ്ഞിനെ കൈമാറിയത് പോലും. അതിന് മുന്നേ തന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കുഞ്ഞിന്റെ കുറെ ഫോട്ടോസ് എടുത്തിരുന്നു. പിങ്ക് നിറത്തിലുള്ള കുഞ്ഞി കാല്പാദങ്ങൾ മാത്രം ഫോട്ടോ എടുത്ത് it's a boy എന്ന ക്യാപ്ഷനുമായി അപ്പൊ തന്നെ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. എന്നിട്ടും സന്തോഷം മാറാതെ വിളിച്ചു പറയേണ്ടവരുടെ ലിസ്റ്റ് ഓർമ്മയിൽ നിന്ന് എണ്ണി പെറുക്കി പറയുമ്പോൾ സന്തോഷം കൊണ്ട് നിന്നടത്ത് നിന്ന് തുള്ളുവായിരുന്നു പെണ്ണ്. ഓർത്ത് ചിരിച്ച് അച്ചു അവളെ നോക്കി. കോളിന്റെ അങ്ങേ തലയ്ക്കൽ നിന്ന് എന്തോ ചോദ്യം കേൾക്കുമ്പോഴാണ് അവൻ എമിയിൽ നിന്ന് കണ്ണുകൾ പിൻവലിക്കുന്നത്. അതിനുള്ള മറുപടി കൊടുത്തവൻ കാൾ കാട്ടാക്കി എമിക്ക് അരികിൽ ചെന്നിരുന്നു.

അവന്റെ സാമീപ്യം അറിഞ്ഞതും നിറഞ്ഞ ചിരിയോടെ എമി അവന്റെ കയ്യിൽ കോർത്തു പിടിച്ച് അവനിലേക്ക് ചാരി ഇരുന്നു. നല്ല ഹാപ്പി ആണല്ലോ?????? കളിയായി അവൻ പറഞ്ഞു. പിന്നല്ലാതെ.... ഒത്തിരി ഒത്തിരി ഹാപ്പിയാണ്. വീട്ടിൽ നിന്ന് പോരുന്നത് മുതൽ നെഞ്ചിടിപ്പോടെയാണ് നിന്നത്. ഏട്ടത്തിയുടെ കരച്ചിലും വേദനയും എല്ലാം കണ്ട് എന്തോ വല്ലാത്തൊരു പേടിയും വെപ്രാളവും ഒക്കെ ആയിരുന്നു. പക്ഷെ കുഞ്ഞിനെ കണ്മുന്നിൽ കണ്ട നിമിഷം ഉണ്ടല്ലോ എന്താ പറയാ സന്തോഷം കൊണ്ട് ഹാർട്ട്‌ ഇടിച്ചു പൊട്ടി പോവുമോ എന്നു തോന്നിപ്പോയി. കണ്ണും പൂട്ടി ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ തന്നെ എല്ലാ പേടിയും ടെൻഷനും എല്ലാം ഒറ്റ സെക്കന്റ്‌ കൊണ്ട് ആവിയായി പോയി. ആ സമയം സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു. ഓരോ വാക്കുകളും പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കവും ചുണ്ടിൽ തങ്ങി നിൽക്കുന്ന പുഞ്ചിരിയിലും തന്നിൽ മുറുകുന്ന വിരലുകളിൽ നിന്നുമെല്ലാം അവൻ അറിയുകയായിരുന്നു അവളുടെ സന്തോഷത്തിന്റെ ആഴം. ഇമ ചിമ്മാൻ പോലും വിസ്മരിച്ചവൻ അവളെ നോക്കി ഇരുന്നു പോയി. ശരിക്കും എന്ത് ക്യൂട്ടാല്ലേ അവൻ???? തുടുത്ത കവിളും വട്ട മുഖവും ഒക്കെ ആയിട്ട് വാരിയെടുത്ത് ഉമ്മ വെക്കാൻ തോന്നും.

ആദ്യായിട്ടാ ഞാൻ ഇത്രയും ചെറിയ കുഞ്ഞിനെ ഒക്കെ എടുക്കുന്നത്. ദേ ഇപ്പോഴും അവന്റെ ചൂട് ദേഹത്ത് നിന്ന് പോയിട്ടില്ല. ഉത്സാഹത്തോടെ കയ്യൊക്കെ എടുത്ത് അവൾ പറഞ്ഞതും അവൻ ചിരിച്ചു പോയി. എനിക്ക് ഇപ്പൊ തോന്നുന്ന ഫീലിംഗ്സ് എന്താണെന്ന് പറഞ്ഞറിയിക്കാൻ പോലും പറ്റുന്നില്ല. നെഞ്ചാകെ അത്രയ്ക്ക് സന്തോഷം കൊണ്ട് വിങ്ങി നിൽക്കുവാ. പറയുന്നതിനൊപ്പം തന്നെ അവന്റെ തോളിലേക്ക് തല ചേർത്തവൾ ഇരുന്നു. ഉറക്കം വരുന്നില്ലേ????? എമിയെ ചേർത്ത് പിടിച്ചവൻ ചോദിച്ചു. മ്മ്മ്ഹ്ഹ്...... എനിക്ക് കുഞ്ഞിനെ ഒന്നു കണ്ടാൽ മതി. ഇരുവശത്തേക്കും തല ചലിപ്പിച്ചവൾ അവനെ മുഖമുയർത്തി നോക്കി. ഏട്ടത്തിയെ മുറിയിലേക്ക് മാറ്റുമ്പോഴേ ഇനി കുഞ്ഞിനെ കാണാൻ കഴിയൂ. അത് കേട്ടതും അവളുടെ മുഖം വാടി. പ്രതീക്ഷയോടെ ക്ലോക്കിലേക്ക് ഒന്നു നോക്കവെ നേരം വെളുക്കാൻ ഇനിയും മണിക്കൂറുകൾ വേണം എന്ന് കണ്ടതും വല്ലാത്തൊരു നിരാശ വന്നു മൂടി. മങ്ങിയ മുഖത്തോടെ എമി അവന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു. എങ്കിലും ഇടയ്ക്കിടെ കണ്ണുകൾ ക്ഷമയില്ലാതെ ക്ലോക്കിലേക്ക് നീണ്ടു കൊണ്ടേയിരുന്നു. മിനിറ്റ് സൂചി നീങ്ങാത്തത് പോലെ തോന്നി. ക്ലോക്കിലേക്ക് തന്നെ കണ്ണ് നട്ടിരുന്ന്‌ ഇടയ്ക്ക് എപ്പോഴോ അവൾ മയക്കത്തിലേക്ക് വീണുപോയി.

തന്നെ ചാരിയിരുന്ന് നിഷ്കളങ്കമായി ഉറങ്ങുന്ന എമിയെ ചേർത്തു പിടിച്ച് അച്ചു ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആരോ തട്ടി വിളിക്കുമ്പോഴാണ് ഉറക്കം വിട്ട് എഴുന്നേൽക്കുന്നത്. കണ്ണ് തുറന്നതും കാണുന്നത് ചായയുമായി മുന്നിൽ നിൽക്കുന്ന അച്ചുവിനെയാണ്. അവനെ കണ്ടതും എമി കണ്ണുകൾ അമർത്തി തുടച്ചു. തല ചരിച്ച് ഒന്നു നോക്കവെ സാറായുടെ തോളിൽ തല ചേർത്ത് കിടക്കുകയാണ് എന്ന് മനസ്സിലായതും അവൾ വേഗം തന്നെ നിവർന്നിരുന്നു. നേരം വെളുത്തോ??????? ചുറ്റിനും നോക്കി സംശയത്തോടെ അവൾ ചോദിച്ചു. മ്മ്മ്.... 6 മണി കഴിഞ്ഞു, ഇന്നാ ചായ കുടിക്ക്..... അച്ചു അവൾക്ക് നേരെ പേപ്പർ ഗ്ലാസ്സിൽ വാങ്ങി കൊണ്ടുവന്ന ചായ നീട്ടിയതും അവൾ അത് വാങ്ങി. അച്ചു മെല്ലെ അവൾക്കരികിലേക്ക് ഇരുന്നു. ആൽവിച്ചായൻ എന്തേ?????? ചായ ഊതി ചുണ്ടോട് ചേർക്കവേ അവളൊന്ന് ചോദിച്ചു. കൊണ്ടുവന്ന ബാഗും മറ്റും റൂമിൽ വെക്കാൻ പോയിരിക്കുവാ. അപ്പൊ ഏട്ടത്തിയേം കുഞ്ഞിനേം ഇപ്പൊ തന്നെ മുറിയിലേക്ക് മാറ്റുവോ???? പ്രതീക്ഷിയോടെ അവൾ അച്ചുവിനെ നോക്കി. ഇപ്പോഴല്ല കൊച്ചേ ഒരു 10 മണി ഒക്കെ ആവും റൂമിൽ കൊണ്ടുവരാൻ. സാറാ ആയിരുന്നു മറുപടി കൊടുത്തത്. അത് കേട്ടതും ഫ്യൂസ് പോയത് പോലെ അവളുടെ മുഖം മങ്ങി.

ചായ കുടിച്ചു കഴിഞ്ഞതും കാലിയായ ഗ്ലാസ്സ് അവിടെ വെച്ചിരുന്നു വേസ്റ്റ് ബാസ്‌ക്കറ്റിൽ നിക്ഷേപിച്ച് അവൾ തിരികെ വന്നിരുന്നു. ആൽവിച്ചൻ അപ്പോഴേക്കും വന്ന് സാറായെ എന്തോ കാര്യത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു. സീറ്റിൽ അവർ മാത്രം ബാക്കിയായി. ലേബർ റൂമിന് അരികിലായ് ഇരിക്കുന്നത് കൊണ്ട് തന്നെ ഗർഭിണികൾ ആയ ഒത്തിരി സ്ത്രീകളെ കാണാമായിരുന്നു. വയറും താങ്ങി നടക്കുന്ന ഗർഭിണികളിലും അവരെ കൈപിടിച്ച് നടത്തുന്ന അവരുടെ ഭർത്താക്കന്മാരിലും എല്ലാം അവളുടെ കണ്ണുകൾ ഓടി നടന്നു. തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന പാതിയോടുള്ള സ്നേഹവും കരുതലും ബഹുമാനവും എല്ലാം ഓരോ പുരുഷന്റെയും കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു. ഏറെ കൗതുകത്തോടെ അവളാ കാഴ്ചകൾ നോക്കിയിരുന്നു. ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ഒരിടത്ത് തന്നെ നോട്ടം ഉറപ്പിച്ച് ഇരിക്കുന്ന എമിയെ കണ്ടതും അച്ചു അവൾ കണ്ണ് നട്ടിരിക്കുന്ന ഇടത്തേക്ക് മിഴികൾ പായിച്ചു. പൂർണ്ണഗർഭിണി ആയ ഒരു പെൺകുട്ടിയും അവളെ ചേർത്തു പിടിച്ച് വയറിൽ കൈ വെച്ച് ഇരിക്കുന്ന ഭർത്താവ് എന്ന് തോന്നിക്കുന്ന ഒരാളും. കാഴ്ചയിൽ വലിയ പ്രായം ഒന്നും തോന്നുന്നില്ല. അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മുഖത്ത് പരിഭ്രമവും എന്നാൽ അതിലപ്പുറം സന്തോഷവും നിറഞ്ഞു നിൽക്കുന്നു.

അച്ചു അവരിൽ നിന്ന് നോട്ടം മാറ്റി അവൻ എമിക്ക് നേരെ നോക്കി. എന്താണ് അങ്ങോട്ട്‌ ഒരു നോട്ടം????? അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചവൻ ചോദിച്ചു. പെട്ടെന്നായതിനാൽ അവളൊന്ന് ഞെട്ടി. ഒരു പിടച്ചിലൂടെ അവന് നേർക്ക് മുഖം തിരിച്ചു. തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അച്ചുവിനെ കണ്ടവൾ ഒന്നു ഇളിച്ചു കാട്ടി. മ്മ്മ്... എന്താ കാര്യം കുറെ നേരം ആയല്ലോ അവരെ തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്????? പിരികം ഉയർത്തി അവൻ ചോദിച്ചു. അല്ല അവർ എത്ര ഹാപ്പി ആണെന്ന് ഞാൻ ആലോചിക്കുവായിരുന്നു. അച്ചുവിന് നേരെ നോക്കാതെ അവൾ പറഞ്ഞൊപ്പിച്ചു. തന്റെ മുഖത്ത് നോക്കാതെയുള്ള അവളുടെ സംസാരം കണ്ടവനിൽ ചിരി വിടർന്നു. അവൻ ചുറ്റിനും ഒന്നു നോക്കി മെല്ലെ അവളിലേക്ക് ചേർന്നിരുന്നു. അതേ ആദ്യം മിണ്ടുമ്പൊ ചിണുങ്ങുന്ന ഈ സ്വഭാവം മാറി എന്റെ കൊച്ചിന് കുറച്ചു മെച്യൂരിറ്റി ഒക്കെ വരട്ടെ എന്നിട്ട് ആലോചിക്കാം കുഞ്ഞിനെ പറ്റിയൊക്കെ കേട്ടോ????? കാതിൽ പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു. കെട്ടി നാൾ ഇത്രയും ആയിട്ടും ഒരു ഫസ്റ്റ് നൈറ്റ് പോലും ആഘോഷിച്ചിട്ടില്ല അപ്പോഴാണ് ഇവിടെ ഒരുത്തിക്ക് പ്രസവിക്കാൻ മോഹം.... അവന്റെ പറച്ചിൽ കേട്ടതും എമി നാക്ക് കടിച്ച് മുഖം താഴ്ത്തി.

അവളുടെ ഇരുപ്പ് കണ്ട് അച്ചുവിന്റെ ചുണ്ടിൽ ഒരു കള്ളചിരി മിന്നി. ചുണ്ട് കടിച്ചു പിടിച്ച് അവൻ അവളെ നോക്കിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സമയം മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. ധൃതിപിടിച്ച് വരുന്ന ആൽവിച്ചനെ കണ്ടതും അവർ ഇരുന്നിടത്ത് നിന്ന് പിടഞ്ഞ് എഴുന്നേറ്റു. എന്താ???? എന്തുപറ്റി?????? ആധിയോടെ അച്ചു തിരക്കി. ഒന്നൂല്ലടാ. നിങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊക്കോന്ന് പറയാൻ വന്നതാ. ആൽവിച്ചൻ അവരെ ഇരുവരോടുമായി പറഞ്ഞു. ഏട്ടത്തിയെ ഒന്നു കാണാതെ ഞങ്ങൾ എങ്ങനെയാ പോവുന്നത്????? അത് ശരിയാവില്ല...... എടാ, ഞാൻ പറയുന്നത് ഒന്നു കേൾക്ക്. റിയയെ മുറിയിലേക്ക് മാറ്റാൻ ഇനിയും സമയം ഉണ്ട്. വെറുതെ നമ്മൾ എല്ലാവരും കൂടി ഇവിടെ നിന്നിട്ട് എന്താ പ്രയോജനം???? വന്ന വേഷത്തിൽ തന്നെയാ നമ്മൾ നിൽക്കുന്നത് ഈ കോലത്തിൽ എങ്ങനെയാ കുഞ്ഞിനെ കാണുന്നത്???? അതുകൊണ്ട് പറയുവാ നിങ്ങൾ പോയി ഫ്രഷായി ഞങ്ങൾക്കുള്ള ഡ്രസ്സും മറ്റും ഒക്കെ എടുത്തിട്ട് വാ. അതാവുമ്പൊ അവളെ മുറിയിലേക്ക് കൊണ്ടുവരുന്നതിന് മുന്നേ എനിക്കും അമ്മച്ചിക്കും കുളിച്ചു വേഷം മാറാല്ലോ????? ആൽവിച്ചൻ പറയുന്നത് കേട്ടതും അവർക്ക് അത് ശരിയാണെന്നു തോന്നി. എങ്കിൽ ഒരു കാര്യം ചെയ്യാം ഇച്ചായൻ പോയി എടുത്തിട്ട് വരട്ടെ ഞാൻ ഇവിടെ നിൽക്കാം.

എമി മടിയോടെ പറഞ്ഞു. അതുവേണ്ട മോളെ നീ കൂടി ചെല്ല്. ഇപ്പൊ ഡാഡി വിളിച്ചു വെച്ചതേ ഉള്ളൂ ജോക്കുട്ടൻ ഇതുവരെ ഉറക്കം എഴുന്നേറ്റിട്ടില്ല അവൻ ഉണർന്നാൽ ചിലപ്പൊ അവനെ മാനേജ് ചെയ്യാൻ ഡാഡിക്ക് ഒറ്റയ്ക്ക് സാധിച്ചു എന്നു വരില്ല. നീ ആവുമ്പൊ അവൻ വാശി പിടിക്കില്ല. അത് കേട്ടതും പിന്നീട് എതിര് പറയാൻ എമിക്ക് തോന്നിയില്ല. തിരികെ പോവാൻ തോന്നിയില്ലെങ്കിലും ജോക്കുട്ടനെ ഓർത്ത് അവൾ അച്ചുവിനോപ്പം ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടു മുറ്റത്ത് കാർ ചെന്ന് നിന്നതും അവർ ഇരുവരും ഡോർ തുറന്നിറങ്ങി. കാർ ലോക്ക് ചെയ്ത് അകത്തേക്ക് കയറുന്നതിനിടയിൽ തന്നെ ജോക്കുട്ടന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിരുന്നു. വേഗം നടന്ന് വാതിൽക്കൽ എത്തിയതും കാണുന്ന കാഴ്ച പോളിന്റെ കയ്യിൽ ഇരുന്ന് കുതറി നിലവിളിക്കുന്ന ജോക്കുട്ടനെയാണ്. ചെക്കൻ നല്ല വാശിയിലാണ്. പോൾ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അതൊന്നും അവൻ ശ്രദ്ധിക്കുന്നേയില്ല. ഇടയ്ക്ക് അവനെ അടക്കി ഇരുത്താൻ ശ്രമിച്ചു ചെല്ലുന്ന അനുവിനെ കുഞ്ഞി കൈ കൊണ്ട് തല്ലിയും കാല് കൊണ്ട് തൊഴിച്ചും അകറ്റുന്നുണ്ട്. ജോക്കുട്ടാ.......... എമി വാതിൽക്കൽ നിന്ന് വിളിച്ചുകൊണ്ട് അകത്തേക്ക് കയറി. വിളി കേട്ടതും ചെക്കൻ ആക്രമണം നിർത്തി തിരിഞ്ഞു നോക്കി.

എമിയെ കണ്ടതും അവന്റെ ഏങ്ങലടി ഉയർന്നു. മിഴികൾ നിറഞ്ഞു. ചുണ്ട് വിതുമ്പി. എമി വേഗം അവന്റെ അടുത്തേക്ക് ഓടി ചെന്നു. എമീ....... ഏങ്ങലടിയോടെ വിളിച്ചവൻ അവളുടെ കയ്യിലേക്ക് ചാഞ്ഞിരുന്നു. അവൾ അവനെ എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. കരഞ്ഞ് ഒരു പരുവമായിട്ടുണ്ട് ചെക്കൻ. മുഖവും കണ്ണും മൂക്കും എല്ലാം ചുവന്നു കിടപ്പുണ്ട്. എന്നാത്തിനാ എന്റെ കുഞ്ഞ് ഇങ്ങനെ കരഞ്ഞത്???? ഏങ്ങലടിയാൽ വിറയ്ക്കുന്ന അവന്റെ പുറത്തും തലയിലും തഴുകി അവൾ ചോദിച്ചു. അത് കേട്ടതും അവൻ അവളുടെ മാറിൽ നിന്ന് തലയുയർത്തി മുഖത്തേക്ക് നോക്കി. മമ്മി............ വിതുമ്പി കൊണ്ടവൻ പറഞ്ഞതും എമി പുഞ്ചിരിച്ചു. മമ്മിയെ കാണാഞ്ഞതിനാണോ കരഞ്ഞത്?????? കവിളിൽ തഴുകി അവൾ ചോദിച്ചതും അവൻ തലയാട്ടി. അതിന് മമ്മി ജോക്കുട്ടന്റെ അനിയൻ വാവയെ കൊണ്ടുവരാൻ പോയതല്ലേ???? താടിയിൽ പിടിച്ചു കൊഞ്ചിച്ചവൾ ചോദിച്ചതും ഒറ്റ നിമിഷം കൊണ്ട് അവന്റെ കരച്ചിൽ നിന്നു. ആനോ????? വിശ്വാസം വരാതെ അവൻ എമിയെ ഉറ്റുനോക്കി. പിന്നല്ലാതെ. ജോക്കുട്ടനെയും നോക്കി മമ്മിയും ഒരു ചുന്ദരൻ കുഞ്ഞനിയനും ഇരുപ്പുണ്ട്. നമുക്ക് അവരെ കാണാൻ പോവണ്ടേ????? അവന്റെ മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തുടച്ചു നീക്കി. പോനം........ കണ്ണുകൾ വിടർത്തി ആവേശത്തോടെ കുഞ്ഞി തലയാട്ടി. എങ്കിലേ അവിടെ പോണെങ്കിൽ നമുക്ക് കുളിച്ച് ഈ ഉടുപ്പൊക്കെ മാറി നല്ല കുട്ടിയായി ആഹാരം ഒക്കെ കഴിക്കണം. എന്നാലേ അങ്ങോട്ട്‌ പോവാൻ പറ്റൂ..... ജോക്കുട്ടൻ നല്ല കുട്ടിയായി ഇതൊക്കെ ചെയ്യോ?????? ആഹ്........

ജോക്കുട്ടൻ തലയാട്ടി സമ്മതിച്ചു. എമി ചിരിയോടെ അവന്റെ കവിളിൽ ഉമ്മ കൊടുത്തു. അച്ചുവും പോളും അതെല്ലാം ഒരു ചിരിയോടെ നോക്കി നിന്നു. ഇത്രയും നേരം എന്നെ ഇട്ട് പെടാപ്പാട് പെടുത്തി കാറി പൊളിച്ചവനാ ഇപ്പൊ ഇവളുടെ അടങ്ങി ഇരിക്കുന്നത് നോക്കിയേ???? പോൾ പറഞ്ഞത് കേട്ടതും ജോക്കുട്ടൻ അത് ഇഷ്ടമാവാത്തത് പോലെ ചുണ്ട് പിളർത്തി. അപ്പാപ്പൻ ചീത്തയാ.... കൂത്തു വെത്തി. കൈകൊണ്ടു കൂട്ടു വെട്ടി കവിൾ വീർപ്പിച്ച് രണ്ട് കൈ കൊണ്ടും പൊട്ടിച്ചു കാണിച്ചു. അത് തന്നെ നമുക്കേ അപ്പാപ്പനെ കൂട്ടണ്ട. വാ നമുക്ക് പോയി കുളിച്ച് റെഡി ആവാം. പറയുന്നതിനൊപ്പം അവരെ നോക്കി കണ്ണ് ചിമ്മി കാണിച്ചവൾ കുഞ്ഞിനെയും കൊണ്ട് മുകളിലേക്ക് കയറി. പോവുന്ന പോക്കിൽ കുഞ്ഞിന്റെ കാര്യമൊക്കെ ജോക്കുട്ടനോട് വിവരിക്കുന്നുണ്ട് അവൻ അതെല്ലാം ആകാംഷയോടെ കേട്ട് ഇരിപ്പുണ്ട്. നിങ്ങൾ ഇപ്പൊ വന്നത് നന്നായി അല്ലെങ്കിൽ ആ ചെറുക്കൻ ഇന്ന് ഈ വീട് തിരിച്ചു വെച്ചേനെ. എമി പോയ വഴിയേ നോക്കി നിൽക്കുന്ന അച്ചുവിനോട് അയാൾ പറഞ്ഞതും അവൻ ചിരിച്ചു. റിയ മോളെ റൂമിലേക്ക് മാറ്റിയോടാ????? ഇല്ല ഡാഡി. 10മണി ആവുമ്പോഴേക്കും മാറ്റും എന്നാ പറഞ്ഞത്. ഞങ്ങൾ ഫ്രഷായി അമ്മച്ചിയുടെയും ചേട്ടന്റെയും ഡ്രസ്സ്‌ എടുക്കാൻ വന്നതാ. നന്നായി. ഞങ്ങൾ അങ്ങോട്ട്‌ വരാൻ നിൽക്കുവായിരുന്നു ഇനിയിപ്പൊ ഒരുമിച്ച് പോവാല്ലോ????? അയാൾ പറഞ്ഞതും അവൻ തലയാട്ടി. ഞാൻ പോയി ഒന്നു കുളിക്കട്ടെ ഡാഡി. ഇന്നലെ ഉറങ്ങാത്തത് കൊണ്ടായിരിക്കും ഭയങ്കര ക്ഷീണം. അതും പറഞ്ഞവൻ ആയാളുടെ മറുപടിക്ക് കാക്കാതെ മുകളിലേക്ക് പോയി.….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story