ഹൃദയതാളമായ്: ഭാഗം 124

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അമ്മ, ലോകത്ത് മറ്റൊന്നിനാലും പകരം വെക്കാനില്ലാത്ത വ്യക്തി. ആ രണ്ടക്ഷരങ്ങൾ കേവലം ഒരു വാക്കോ വ്യക്തിയോ അല്ല ഒരു ലോകം തന്നെയാണ്. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ക്ഷമയുടെ സാന്ത്വനത്തിന്റെ എല്ലാം ലോകം. ഒരേ സമയം തന്നെ അസ്ഥികൾ ഒന്നടങ്കം നുറുങ്ങുന്ന തീവ്ര വേദന അനുഭവിച്ച് ഒരു കുഞ്ഞിന് ജന്മം നൽകവെ ആ കുഞ്ഞു കരച്ചിൽ കേൾക്കുന്ന വേളയിൽ തന്നെ അത്ര നേരം സഹിച്ച വേദന മറന്ന് പുഞ്ചിരി തൂകാൻ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ. തന്നെ നോക്കി പുഞ്ചിരിക്കുന്ന റിയക്ക് അരികിലേക്ക് എമി ഇരുന്നു. കാഴ്ചയിൽ വാടിതളർന്ന് കിടക്കുകയാണെങ്കിലും മുഖത്ത് വല്ലാത്തൊരു ശോഭ പ്രകടമാണ്. എന്താടാ ഇങ്ങനെ നോക്കുന്നത്?????? കണ്ണിമ വെട്ടാതെ തന്നെ നോക്കി ഇരിക്കുന്ന അവളോടായി പതിഞ്ഞ സ്വരത്തിൽ റിയ ചോദിച്ചു. മറുപടി നൽകുന്നതിന് പകരം അവൾ റിയയുടെ വലതു കരം തന്റെ കൈക്കുള്ളിൽ ആക്കി പൊതിഞ്ഞു പിടിച്ചു. ഒത്തിരി വേദനിച്ചോ ഏട്ടത്തീ?????? അലിവോടെ ആയിരുന്നു ആ ചോദ്യം. കുഞ്ഞിനെ പ്രസവിക്കുമ്പോൾ പിന്നെ വേദനിക്കില്ലേ പെണ്ണേ?????

പോരാത്തതിന് ഈ വികൃതി പുറത്തേക്ക് വരാൻ കൂട്ടാക്കാതെ എന്നെ കുറച്ചു ബുദ്ധിമുട്ടിച്ചു. പക്ഷെ ഇവന്റെ ആദ്യത്തെ കരച്ചിൽ കാതിൽ വീണ നിമിഷം തന്നെ എന്റെ വേദന ഒക്കെ എങ്ങോട്ട് പോയെന്ന് അറിയില്ല. പിന്നെ ഉള്ള വേദന ഒന്നും ഞാൻ അറിഞ്ഞില്ല എന്ന് തന്നെ പറയാം. ഇത്ര നാൾ നമ്മൾ എല്ലാവരും കാത്തിരുന്ന ആളെ പൂർണ്ണ ആരോഗ്യത്തോടെ കിട്ടിയില്ലേ അതിൽപ്പരം എന്താടാ വേണ്ടത്?????? തീരെ നേർത്ത ശബ്ദത്തിൽ അത് പറയുമ്പോഴും ആ വാക്കുകളിലെ സന്തോഷം വ്യക്തമായിരുന്നു. തിരികെ ഒന്നും പറയാതെ റിയക്ക് നേരെ മുഖം കുനിച്ച് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. റിയേ ഇവളെ നമ്പല്ലേടീ ഇവൾ നമ്മുടെ ഈ പറക്കമുറ്റാത്ത പാവം കുഞ്ഞിന് സ്വന്തം കൈകൊണ്ടു ഭക്ഷണം ഉണ്ടാക്കി കൊടുത്ത് കൊല്ലാൻ നോക്കിയ ദ്രോഹി ആണിവൾ. ദൈവഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടും നമ്മുടെ കൊച്ചിന് ഒന്നും പറ്റാഞ്ഞത്. അത് ചോദിക്കാൻ ചെന്ന എന്റെ കിഡ്നി വരെ ഇവൾ ഇടിച്ചു കലക്കിയെടീ...... ആൽവിച്ചൻ രോഷം കൊണ്ടു. ഇയാൾക്ക് കിട്ടിയതൊന്നും പോരാന്ന് തോന്നുന്നു. അച്ചു അവനെ അടിമുടി ഒന്നു നോക്കി. അല്ല ഇനി ഇങ്ങനെ കാണാൻ പറ്റിയില്ലെങ്കിലോ?????

ഡോ അലവലാതി.... ആ ചൊറിയൻ നാക്കും അടക്കി മാര്യാദക്ക് ഇരുന്നോ അല്ലെങ്കിൽ ഇതിന്റെ അടുത്ത് മോർച്ചറി ആണ് അവിടെ കൊണ്ടുപോയി കിടത്തും ഞാൻ...... എമി അവന് നേരെ ചീറി പറഞ്ഞു തീർന്നതും ആൽവിച്ചൻ ഒറ്റ ചാട്ടത്തിന് സാറായുടെ പിന്നിൽ എത്തി. പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്തു കളയും പേടിയല്ല ലേശം ഒരു ഭയം. അവനെ ഒന്നു കലിപ്പിച്ചു നോക്കി തിരിഞ്ഞതും കാണുന്നത് തന്നെ നോക്കി ചിരിയോടെ കിടക്കുന്ന റിയയെയാണ്. സത്യം പറ കൊച്ചേ നീ എന്താ എന്റെ കുഞ്ഞിന് ഉണ്ടാക്കി കൊടുത്തത്???? കുഞ്ഞിന് വിശക്കില്ലേ എന്നുകരുതി കുറച്ച് അമൃതം പൊടി എടുത്ത് പാലിൽ കുറുക്കി കൊടുത്തു അതിനാണ് ഏട്ടത്തീ ഈ കാട്ടുകോഴി എന്നെ കളിയാക്കുന്നത്. ചുണ്ട് കൂർപ്പിച്ച് അവളെ നോക്കി. സംശയം ഉണ്ടെങ്കിൽ ഏട്ടത്തി കൊച്ചിനോട് ചോദിച്ചു നോക്ക്. പറ ജോക്കുട്ടാ എമി രാവിലെ തന്ന കുറുക്ക് എങ്ങനെ ഉണ്ടായിരുന്നു???? തനിക്ക് അരികിൽ ബെഡിൽ തന്നെ ഇരിക്കുന്ന ജോക്കുട്ടനോടായി അവൾ ചോദിച്ചു. ചൂപ്പത് ആയിന്നു..... അപ്പൊ തന്നെ ചെക്കന്റെ മറുപടി എത്തി. കേട്ടോ???? കൊച്ച് പറഞ്ഞത്‌ എല്ലാവരും കേട്ടോ????? എമി ഗമയോടെ എല്ലാവരെയും നോക്കി. ഓഹ്.... ഒരു വല്യ കാര്യായിപ്പോയി. ഇച്ചിരി പാല് അടുപ്പിൽ വെച്ച് അതിൽ പൊടി കലക്കി എടുക്കുന്നതല്ലേ വലിയ കുക്കിങ്..... ആൽവിച്ചൻ അവളെ പുച്ഛിച്ചു. ഇത് കണ്ടോ അമ്മച്ചീ എന്നെ കളിയാക്കുന്നത്???? അവൾ ചിണുങ്ങി കൊണ്ട് സാറായെ നോക്കി.

എടാ... വെറുതെ എന്റെ കൊച്ചിനെ കളിക്കാതെടാ. അടുക്കളയിൽ കയറി ഒരു ചായ പോലും ഉണ്ടാക്കാത്ത അവൾ ആദ്യായിട്ട് ഒരു സാധനം ഉണ്ടക്കുമ്പോ ഇങ്ങനെ കളിയാക്കാവോ?????? അല്ല മോളെ നേരത്തെ ചോദിക്കാൻ വിട്ടുപോയി നമ്മുടെ അടുക്കള അതുപോലെ തന്നെ ഉണ്ടല്ലോ അല്ലെ???? ആദ്യം ആൽവിച്ചനോട് എന്ന കണക്ക് ആയിരുന്നെങ്കിലും അവസാനം അത് എമിയിൽ വന്നു നിന്നു. ഡാഡീ......... ഇത്തവണ അവൾ പോളിനെ ആണ് നോക്കിയത്. നീ എന്താ സാറേ ഈ പറയുന്നത്. നമ്മുടെ മരുമകൾ ആദ്യമായി ഒരു നല്ല കാര്യം ചെയ്യുമ്പോൾ അവളെ ഇങ്ങനെ നിരുത്സാഹാപ്പെടുത്താൻ പാടുണ്ടോ???? മോളെ നിന്റെ കൂടെ ഈ ഡാഡി ഉണ്ടെടീ. നീ ഈ ലെവലിൽ ഒന്നും അറിയപ്പെടേണ്ടവളല്ല കുറച്ചു കൂടി ലോ ലെവലിൽ അറിയപ്പെടേണ്ടവളാ..... അത് കൂടി ആയപ്പോൾ എല്ലാം തികഞ്ഞു. എല്ലാവരും തന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് കണ്ടവൾ ചുണ്ട് പിളർത്തി. ഇച്ചായാ... ഇവരെല്ലാം കൂടി എന്നെ കളിയാക്കുന്നു...... പരാതിയുമായി അവൾ അച്ചുവിനടുത്ത് എത്തി. അങ്ങനെ എല്ലാവരും കൂടി എന്റെ കൊച്ചിനെ കളിയാക്കേണ്ട കാര്യോന്നൂല്ല. സാഹചര്യത്തിന് അനുസരിച്ച് അവൾ ഇത്രയൊക്കെ ചെയ്തില്ലേ????? അവൾക്ക് ആവുന്നത് പോലെ ഒരു ആഹാരം ഉണ്ടാക്കി കൊച്ചിന്റെ വിശപ്പ് മാറ്റിയില്ലേ????

അതിന് ഇവളെ അഭിനന്ദിക്കുവാ വേണ്ടത്. എമിയെ ചേർത്ത് നിർത്തി അവൻ പറഞ്ഞതും എമി ആൽവിച്ചനെ നോക്കി പുച്ഛിച്ച് അച്ചുവിന് അരികിലേക്ക് ഒന്നുകൂടി ഞെളിഞ്ഞു നിന്നു. ഓഹ്... വന്നല്ലോ കെട്ട്യോൻ വക്കാലത്തുമായിട്ട്. എടാ നീ വലിയ പോലീസുകാരൻ അല്ലെ??? എന്നിട്ടാണ് സ്വന്തം ഭാര്യയെ നിന്ന് ന്യായീകരിക്കുന്നത്. നാണമില്ലല്ലോടെ????? ആൽവിച്ചൻ വിടാൻ ഭാവമില്ല. ഞാൻ എന്റെ സ്വന്തം ഭാര്യയെയാണ് ന്യായീകരിച്ചത് അല്ലാതെ തന്നെ പോലെ കണ്ട പെണ്ണുങ്ങളെ വായിനോക്കി നടക്കുന്നില്ല. അച്ചു തിരിച്ചടിച്ചു. അതോടെ ആൽവിച്ചൻ വാ പൂട്ടി. കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ സമാധാനം ആയല്ലോ????? പോളിന്റെ ചോദ്യത്തിന് ഒരു വളിച്ച ഇളിയോടെ അവൻ തലയാട്ടി. ആൾക്ക് ആരെയെങ്കിലും ചൊറിഞ്ഞ് അവരുടെ വായിൽ ഉള്ളതൊക്കെ കേട്ടില്ലെങ്കിൽ ഒരു സമാധാനം കാണില്ലേ. ചിരിയും ബഹളവും ഒക്കെ ഉയർന്നതും അത്ര നേരം ഉറങ്ങി കിടന്ന ആൾ എഴുന്നേറ്റ് കാറ് തുടങ്ങി. വേറൊന്നും കൊണ്ടല്ല വിശപ്പ് കൊണ്ടാണ് ആശാൻ കരഞ്ഞത്. അതോടെ കുഞ്ഞും അമ്മയും ഒഴിച്ച് ബാക്കിയെല്ലാവരും പുറത്തേക്കിറങ്ങി. ആൽവിച്ചനും അമ്മച്ചിയും റിയക്ക് കൂട്ടായി മുറിയിൽ തന്നെ ഇരുന്നു. വാവയുടെ അടുത്ത് നിന്ന് പോവാൻ മടിച്ചു നിന്ന ജോക്കുട്ടനെ എമി എടുത്ത് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വിശപ്പ് മാറിയതും ബെഡിൽ കണ്ണ് തുറന്ന് കിടക്കുകയാണ് കുറുമ്പൻ. ഒന്നും മനസ്സിലാവാതെ ചുറ്റിനും കണ്ണുകൾ ഓടിക്കുന്നുണ്ട്. ഇത്രയും നാളും അമ്മയുടെ ഉദരത്തിൽ ഉറക്കം ആയിരുന്നല്ലോ ആദ്യമായ് പുറം ലോകം കാണുന്നതിന്റെ പകപ്പ് ആയിരിക്കാം. അല്ല അങ്ങനെ ഒക്കെ ചിന്തിക്കാൻ മാത്രം തിരിച്ചറിവ് ഇപ്പൊ ഉണ്ടോ????? എമി ചിരിയോടെ കുഞ്ഞിനെ തന്നെ നോക്കിയിരുന്നു. ജോക്കുട്ടൻ പിന്നെ കുഞ്ഞിന്റെ അടുത്ത് നിന്ന് മാറിയിട്ടേയില്ല. കുറുമ്പന്റെ കയ്യിലും കാലിലും എല്ലാം തൊട്ടു നോക്കി ഇരുപ്പാണ്. വെളുത്തു തുടുത്ത് ഉണ്ട കവിളും കുഞ്ഞു മൂക്കും ചുണ്ടും നിറയെ പീലികൾ ഉള്ള കണ്ണുകളും ഒക്കെയായി നല്ല ഭംഗിയാണ് കാണാൻ തന്നെ. ഞാനൊന്ന് ഇവനെ എടുത്തോട്ടെ ഏട്ടത്തീ???? പ്രതീക്ഷയോടെ അവൾ ചരിഞ്ഞു കിടക്കുന്ന റിയയെ നോക്കി. അതിന് എന്നോട് സമ്മതം ചോദിക്കണോ പെണ്ണേ???? ഇവന്റെ മേൽ ഞങ്ങളെ പോലെ നിനക്കും അവകാശമില്ലേ????? ഇനി മേലിൽ ഇങ്ങനെ ചോദിച്ചു പോവരുത്. കപട ദേഷ്യത്തിൽ കണ്ണുരുട്ടി അവൾ പറയുന്നത് കേട്ട് എമി ചിരിച്ചു. വർധിച്ച സന്തോഷത്തോടെ അവൾ കുഞ്ഞിനെ എടുത്ത് മടിയിൽ വെച്ചു. അതുവരെ ഇല്ലാത്ത ഒരു സന്തോഷം അവളെ വന്നു മൂടുന്നത് പോലെ. ചിരിയോടെ കുഞ്ഞിൽ മാത്രം കണ്ണ് നട്ടിരിക്കുന്ന അവളുടെ അരികിലേക്ക് അച്ചുവും ഇരുന്നു. കുഞ്ഞി കാൽ പാദങ്ങളിലും കവിളിലും എല്ലാം വിരൽ ഓടിച്ചവനും ഇരുന്നു. വാവയെ ഒന്നുകൂടി അടുത്ത് കാണാനായി ജോക്കുട്ടൻ അച്ചുവിന്റെ മടിയിൽ കയറി സ്ഥാനമുറപ്പിച്ചു. മൂന്നുപേരും കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു. അച്ചുവേ.... ഇതുപോലെ ഒരാൾ എന്നാ ഇനി നിങ്ങൾക്കിടയിൽ വരാൻ പോവുന്നത്?????

കളിയായി റിയ അത് ചോദിച്ചതും ഇരുവരും ഒരു നിമിഷം പരസ്പരം നോക്കി. എന്റെ ഏട്ടത്തീ ഇവൾ പഠിക്കുവല്ലേ???? ആദ്യം പഠിപ്പൊക്കെ ഒന്നു കഴിയട്ടെ. പിന്നെ ഈ പൊട്ടിത്തെറിച്ചു നടക്കുന്ന ഇവൾ ഗർഭിണി ആയാൽ ഞാൻ എന്റെ ജോലി കളഞ്ഞ് ഇതിനെ നോക്കേണ്ടി വരും. അപ്പൊ ആദ്യം ഇവൾക്ക് കുറച്ചു പക്വത വരട്ടെ എന്നിട്ടാവാം കുഞ്ഞിനെ പറ്റി ആലോചിക്കലും തൊട്ടിൽ കെട്ടലും ഒക്കെ. അച്ചു അന്തിമ തീരുമാനം അറിയിച്ചതും എല്ലാവരും അത് ശരി വെച്ചു. എമി ഇതെല്ലാം നേരത്തെ കേട്ടു ബോധിച്ചതിനാൽ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു കളിപ്പിച്ച് അവൾ ഇരുന്നു. എങ്കിലും ഉള്ളിൽ ചെറിയൊരു പരിഭവം തോന്നാതിരുന്നില്ല. അതേ, എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. അതുവരെ മിണ്ടാതെ ഇരുന്ന എമി കുഞ്ഞിൽ നിന്ന് തലയുയർത്തി എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിച്ചു. ഇവന് ഇടാനുള്ള പേര് ഞാൻ കണ്ടുപിടിക്കും അതിൽ നോ ഒബ്ജെക്ഷൻ. ചുണ്ട് കൂർപ്പിച്ചു വെച്ചവൾ സംശയഭാവത്തിൽ തന്നെ നോക്കിയിരിക്കുന്ന എല്ലാവരോടുമായി പറഞ്ഞു. കുഞ്ഞിന് പേര് കണ്ടുപിടിക്കാനുള്ള അവകാശം നിനക്ക് ഞാൻ തന്നിരിക്കുന്നു. നീ തന്നെ ഇവന് പേരിട്ടോ. കുഞ്ഞിന്റെ അമ്മ തന്നെ അനുവാദം കൊടുത്തതും എമി ഹാപ്പി. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ഇടാൻ ഒന്നു രണ്ട് പേരുകൾ ഞാൻ കണ്ടെത്തി വെച്ചിട്ടുണ്ട്. ഒരെണ്ണം ഫിക്സ് ചെയ്തിട്ട് നാളെ ഞാൻ പറയാം. എമി റിയയെ നോക്കി.

ആയിക്കോട്ടെ എന്റെ കാന്താരീ........ മറുപടിയായി അവൾ ചിരിച്ചു കാട്ടി. റിയയുടെ മറുപടി കേട്ട് സന്തോഷത്തോടെ തിരിയുമ്പോഴാണ് എമി കുഞ്ഞിനെ തന്നെ നോക്കി നിൽക്കുന്ന അനുവിനെ ശ്രദ്ധിക്കുന്നത്. അവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു ഭാവം. സന്തോഷമോ വാത്സല്യമോ അങ്ങനെ എന്തൊക്കെയോ???? കുഞ്ഞിനെ ഒന്നു എടുക്കാൻ അവൾക്ക് നല്ല ആഗ്രഹം ഉണ്ടെന്ന് അവളുടെ നിൽപ്പ് കണ്ടാൽ തന്നെ അറിയാം. പക്ഷെ ഇതുവരെ ജാടയിട്ടു നടന്നതിന്റെ ആവാം എന്തോ ഒരു ചടപ്പ് അതാ മുഖത്ത് പ്രകടമാണ്. എമി അവളിൽ നിന്ന് നോട്ടം മാറ്റി ആൽവിച്ചനെ ഒന്നു നോക്കി. എങ്ങനെയൊക്കെയോ ആരും കാണാതെ അവന്റെ ശ്രദ്ധ പിടിച്ചു പറ്റി. കണ്ണുകളാൽ അനുവിനെ കാണിച്ചു കൊടുത്തു. ആദ്യം കാര്യം കത്തിയില്ലെങ്കിലും എമി ഒരുവിധത്തിൽ പതിയെ ചുണ്ടനക്കി അവനെ കാര്യങ്ങൾ അറിയിച്ചു. എല്ലാം മനസ്സിലായതും അവൻ തലയാട്ടി. പിന്നെ എമിക്ക് നേരെ നടന്ന് അടുത്തു. കുറേ നേരം ആയല്ലോ നീ എന്റെ കൊച്ചിനെയും കെട്ടിപ്പിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ഇനി ബാക്കിയുള്ളവർ എടുക്കട്ടെ. അതും പറഞ്ഞ് ആൽവിച്ചൻ അവളുടെ മടിയിൽ നിന്ന് കുഞ്ഞിനെ എടുത്തു. ഇന്നാ മോളെ നീ ഇതുവരെ കുഞ്ഞിനെ എടുത്തില്ലല്ലോ????? പറയലും അനുവിന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ച് കൊടുത്തതും ഒരുമിച്ചായിരുന്നു. ആദ്യം ഒന്നു പകച്ചുപോയെങ്കിലും അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു. പിന്നെ ഓട്ട കണ്ണിട്ട് എല്ലാവരെയും ഒന്നു നോക്കി.

അവളുടെ നോട്ടം കണ്ടതേ എമി മുഖം തിരിച്ചിരുന്നു. അച്ചു പിന്നെ ആ ഭാഗത്തേക്കേ നോക്കുന്നില്ല. ആരും ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞതും അവൾക്ക് ആശ്വാസമായി. കൊതി തീരുന്നത് വരെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി നിന്നു.പിന്നെ അവനെ ആൽവിച്ചന്റെ കയ്യിൽ തന്നെ തിരികെ ഏൽപ്പിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റിയ പ്രസവിച്ച വിവരം അറിഞ്ഞ് പതിയെ ഓരോരുത്തരായി എത്തി തുടങ്ങി. ആദ്യം എത്തിയത് റിയയുടെ വീട്ടുകാർ ആയിരുന്നു. അമ്മച്ചിയും ചാച്ചനും നിയ മോളും കുഞ്ഞിന് വേണ്ടി എന്തൊക്കെയോ വാങ്ങി കൂട്ടി എത്തി. കുഞ്ഞിനെ എടുക്കലും കൊഞ്ചിക്കലും ആകെ ബഹളം. പിന്നാലെ അപ്പുവും ഗീതമ്മയും എത്തി. എമിയുടെ വീട്ടിൽ എല്ലാവരും പാലായ്ക്ക് പോയതിനാൽ ആണ് അല്ലെങ്കിൽ അവരും ഓടി പാഞ്ഞ് എത്തിയേനെ. ആ ഒരു സങ്കടം എമിക്ക് ഉണ്ടായിരുന്നെങ്കിലും ഒരു വീഡിയോ കോളിലൂടെ ആ പ്രശ്നം പരിഹരിച്ചു. വന്നവർ ഓരോരുത്തരായി കുഞ്ഞിനെ ഓരോരുത്തരായി മാറി മാറി എടുത്തു. അവസാനം അതിന്റെ പേരിൽ ബഹളം ആയതും നേഴ്സ് വന്നു എല്ലാവരെയും വഴക്ക് പറഞ്ഞ് ഓടിച്ചു. സാറായ്ക്കും ആൽവിച്ചനും പുറമെ ഹോസ്പിറ്റലിൽ നിൽക്കാൻ റിയയുടെ അമ്മച്ചി കൂടി തീരുമാനിച്ചു.

അതിനുള്ള തയ്യാറെടുപ്പ് എല്ലാം ഒരുക്കിയാണ് അവർ വന്നത് തന്നെ. മൂന്നു പേരിൽ കൂടുതൽ ആരും ഹോസ്പിറ്റലിൽ നിൽക്കാൻ പാടില്ലാത്തതിനാൽ ബാക്കിയുള്ളവരും തിരികെ പോവാൻ തീരുമാനിച്ചു. പോവാൻ മനസ്സ് ഇല്ലായിരുന്നെങ്കിലും എമി ജോക്കുട്ടനെയും എടുത്ത് പോവാൻ ഒരുങ്ങി. ചെക്കനും മടി ആയിരുന്നു. പിന്നെ ഇവിടെ നിന്നാൽ കുത്തുവെക്കും രാവിലെ വന്നു വാവയെ കാണാം എന്നൊക്കെ പറഞ്ഞ് ഒരുവിധം അടക്കി. ഏറെ സമാധാനം കുഞ്ഞുവാവ ആൾ വലിയ പ്രശ്നക്കാരൻ അല്ലാത്തതാണ്. ആരൊക്കെ കൈമാറി എടുത്തിട്ടും വിശന്നപ്പോഴല്ലാതെ അവൻ കരഞ്ഞില്ല. അത് തന്നെ എല്ലാവർക്കും ആശ്വാസം. തിരികെ പോവാൻ നേരം ചാച്ചനെയും നിയയെയും കുരിശിങ്കലേക്ക് ക്ഷണിച്ചെങ്കിലും അവർ ഇരുവരും അത് സ്നേഹപൂർവ്വം നിരസിച്ചു. എന്നാൽ ആ ചുരുങ്ങിയ നേരം കൊണ്ട് തന്നെ നിയ എമിക്ക് ഒരു കുഞ്ഞു അനുജത്തി ആയി മാറിയിരുന്നു. തമ്മിൽ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞ് ഏറെ വൈകാതെ അവർ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബാൽക്കണിയിൽ നിന്ന് ഒരു ഇമ്പോർട്ടന്റ് കോളിൽ ഏർപ്പെട്ടു നിൽക്കുവായിരുന്നു അച്ചു. ലീവ് എടുത്തിരുന്നെങ്കിലും എല്ലാവരെയും കുരിശിങ്കൽ ആക്കിയിട്ട് സ്റ്റേഷൻ വരെ ഒന്നു പോയിട്ട് തിരികെ വന്നതാണ്.

എങ്കിലും ഒരു കേസിന്റെ ക്ലാരിഫിക്കേഷനായി വീണ്ടും ഒരു ഫോൺ കാൾ കൂടി വേണ്ടിവന്നു. നാളെ തന്നെ എന്നെ ആ ഫയൽ ഇവിടെ കൊണ്ടുവന്ന് ഏല്പിക്കണം. ഫോണിലൂടെ അവൻ ഓർഡർ ഇട്ടു. മ്മ്മ്.... ശരിയെങ്കിൽ ബാക്കി നാളെ നേരിൽ കാണുമ്പോൾ. അത്രയും പറഞ്ഞ് അച്ചു കാൾ കട്ട്‌ ചെയ്ത് മുറിയിലേക്ക് കയറി. ബാൽക്കണി അടച്ച് തിരിയവെ കാണുന്ന കാഴ്ച ബെഡിൽ ജോക്കുട്ടനെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എമിയെയാണ്. ചെക്കൻ കയ്യും കാലും ഒക്കെ എടുത്ത് അവളുടെ ദേഹത്ത് ഇട്ടാണ് കിടപ്പ്. രണ്ടിന്റെയും കിടപ്പ് കണ്ട് ഒരു ചിരിയോടെ അച്ചു അവരെ പുതപ്പിച്ചു കൊടുത്തു. രണ്ടുപേരുടെയും കവിളിൽ ഒന്നു ചുംബിച്ച് ഡിം ലൈറ്റ് ഒഴികെ മറ്റെല്ലാം അണച്ച് അവൻ അവർക്ക് എതിർ വശത്തായി കിടന്നു. ഒരു കയ്യാൽ എമിയേയും തങ്ങളുടെ നടുവിൽ കിടക്കുന്ന ജോക്കുട്ടനെയും തന്നിലേക്ക് ചേർത്ത് പിടിച്ചു കിടന്നു. രണ്ട് ദിവസത്തെ ഉറക്കം ശരിയാവാത്ത ക്ഷീണത്താൽ കിടന്ന ഉടനെ അവനും മയക്കത്തിലേക്ക് വീണു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story