ഹൃദയതാളമായ്: ഭാഗം 128

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വീണതിന്റെ ഞെട്ടലും അതിനൊപ്പം വീണ് കാല് മുറിഞ്ഞതിന്റെ വേദനയും ജോക്കുട്ടന്റെ കരച്ചിലിന്റെ ആക്കം കൂട്ടി. ഇല്ലെടാ.... എന്റെ കുഞ്ഞിന് ഒന്നൂല്ല...... അവനെ സമാധാനിപ്പിക്കാനായ് എമി അവന്റെ പുറത്ത് തട്ടി കൊണ്ടിരുന്നു. പെട്ടെന്നായിരുന്നു എന്തോ ഒന്ന് പാഞ്ഞു വന്ന് ജോക്കുട്ടനെ ശക്തമായി അവളിൽ നിന്ന് പറിച്ചെടുക്കുന്നത്. പ്രതീക്ഷിക്കാത്ത ഒരു പ്രവർത്തി ആയതിനാൽ എമി ഞെട്ടുന്നതിന് ഒപ്പം തന്നെ ബാലൻസ് കിട്ടാതെ പിന്നോട്ട് ഒരടി ചാഞ്ഞു പോയി. എന്തോ ഭാഗ്യത്തിന് താഴെ വീണില്ല എന്നു മാത്രം. ഒരു പകപ്പോടെ അത് ആരാണെന്ന് അറിയാൻ മുന്നിലേക്ക് നോക്കവെ ജോകുട്ടനെ എടുത്ത് തനിക്ക് നേരെ കത്തുന്ന മിഴികളോടെ നിൽക്കുന്ന അനുവിനെ കണ്ട് ഒരു നിമിഷം അവൾ തറഞ്ഞു നിന്നുപോയി. കൊച്ചിനെ ഓടിച്ചിട്ട് വീഴ്ത്തി കാല് മുറിച്ചപ്പോൾ നിനക്ക് സമാധാനം ആയോടീ???? കുഞ്ഞിനെ അടക്കി പിടിച്ചവൾ എമിക്ക് നേരെ ചീറി. അവളുടെ ചോദ്യം കേട്ട് എമിക്ക് ദേഷ്യം വന്നു. എന്നാൽ അതിലേറെ അനുവിന്റെ തോളിൽ കിടന്ന് കുതറുന്ന ജോക്കുട്ടനിൽ ആയിരുന്നു അവളുടെ കണ്ണുകൾ. അവൾ എടുത്തത് ഇഷ്ടമാവാതെ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് തന്റെ നേർക്ക് കൈ നീട്ടുകയാണവൻ. അനാവശ്യം പറയാതെ എന്റെ കൊച്ചിനെ ഇങ്ങോട്ട് താടീ.......

എമി അവളിൽ നിന്ന് ജോക്കുട്ടനെ വാങ്ങാൻ ശ്രമിച്ചു. എന്നാൽ അനു അവളുടെ കൈ തട്ടി മാറ്റി. നിന്റെ കൊച്ചോ????? ഇത് എന്റെ ഇച്ചായന്റെ കുഞ്ഞാ. ഉരുട്ടി ഇട്ടത് പോരാഞ്ഞിട്ട് നിനക്ക് ഇനി ഞാൻ കൊച്ചിനെ കൂടി അങ്ങോട്ട് തരാം........ പുച്ഛത്തോടെ പറയുന്നതിനൊപ്പം തന്റെ കയ്യിൽ ഇരുന്ന് കുതറുന്ന ജോക്കുട്ടനെ അവൾ ബലമായി പിടിച്ചു വെച്ചു. അതോടെ ജോക്കുട്ടന്റെ കരച്ചിലിന്റെ ശബ്ദമേറി. അനുവിന്റെ കയ്യിൽ ഇരുന്ന് പുളഞ്ഞു കൊണ്ട് അവളെ തല്ലാനും മാന്താനും എല്ലാം നോക്കി. അപ്പോഴേക്കും ബഹളം കേട്ട് അച്ചുവും പോളും അങ്ങോട്ട് പാഞ്ഞ് എത്തിയിരുന്നു. അച്ചുവിന്റെ കണ്ണുകൾ ചെന്നെത്തിയത് അനുവിന്റെ കയ്യിൽ ഇരുന്ന് എമിക്ക് നേരെ കൈനീട്ടി വാശി പിടിച്ച് കരയുന്ന ജോക്കുട്ടനിലും കണ്ണ് നിറച്ച് അവനെ എടുക്കാൻ ശ്രമിക്കുന്ന എമിയിലും ആയിരുന്നു. കുഞ്ഞിനെ വിട്ടുകൊടുക്കാതെ അവനെ വീണ്ടും കരയിപ്പിക്കുന്ന അനുവിന്റെ പ്രവർത്തി കണ്ടതും അവനിൽ ദേഷ്യം ഇരച്ചു കയറി. കലിയോടെ അനുവിനെ ഒന്നു നോക്കിയവൻ ജോക്കുട്ടനെ അവളിൽ നിന്ന് പിടിച്ചു വാങ്ങി. അച്ചുവിന്റെ കയ്യിൽ എത്തിയതും വിതുമ്പി കരഞ്ഞുകൊണ്ട് ജോക്കുട്ടൻ അവന്റെ തോളിലേക്ക് ചാഞ്ഞു. കുഞ്ഞിന്റെ പുറത്ത് തട്ടി അച്ചു എമിയെ നോക്കി കണ്ണ് ചിമ്മി കാണിച്ച് അവളെ കൈ കാട്ടി അരികിലേക്ക് വിളിച്ചു.

അത് കാണേണ്ട താമസം എമി ഓടി അച്ചുവിന് അരികിൽ എത്തി. ഞാൻ.... ഞാൻ മനഃപൂർവം അല്ല ഇച്ചായാ...... ഓടിയപ്പോൾ അവൻ വീണതാ അല്ലാതെ ഞാൻ....... നിറഞ്ഞ കണ്ണുകളോടെ അച്ചുവിനെ നോക്കി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ സ്വരം ഇടറി പോയി. എന്നെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോടീ????? ചോദ്യത്തിനൊപ്പം തന്നെ താഴേക്ക് ഒഴുകി ഇറങ്ങാൻ വെമ്പി നിന്ന നീർതുള്ളിയെ പെരു വിരലിനാൽ തുടച്ചു നീക്കി അവളെ ചേർത്ത് പിടിച്ചിരുന്നു. അടുത്ത് എമിയെ കണ്ടതും ജോക്കുട്ടൻ അവന്റെ തോളിൽ നിന്ന് തലയുയർത്തി അവളെ നോക്കി ഒന്നു വിതുമ്പി. എമീ........ ഏങ്ങലടിയോടെ വിളിച്ചവൻ അവൾക്ക് നേരെ ചാഞ്ഞു. അവന്റെ വിളി കേൾക്കേണ്ട താമസം എമി അവനെ വാരിയെടുത്ത് നെറ്റിയിൽ ചുംബിച്ച് മാറോട് അടക്കി പിടിച്ചു. എന്നതാ ഇവിടെ ബഹളം വെച്ചത്???? കൊച്ച് എങ്ങനെ വീണു???? പോളിന്റെ ചോദ്യം കേട്ടതും എമിയെ തുറിച്ചു നോക്കി നിന്ന അനു ചാടി വീണു. ഞാൻ പറയാം ഡാഡീ.... ദോ നിൽക്കുന്നില്ലേ പുന്നാര മരുമകൾ... ഇവൾ ഒറ്റൊരുത്തിയാ കൊച്ച് വീഴാൻ കാരണം.... അവൾ എമിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് ഉറഞ്ഞു തുള്ളി. വായിൽ തോന്നിയത് വിളിച്ചു പറയാതെ അനൂ.....

പോളിന്റെ ശബ്ദം കനത്തു. വായിൽ തോന്നിയത് ഒന്നുമല്ല... ഇവൾ കൊച്ചിനെ ഇട്ട് ഓടിച്ചത് കൊണ്ടാ അവൻ വീണത്. അല്ലെങ്കിൽ അല്ലെന്ന് പറയട്ടെ...... പോൾ അത് കേട്ടതും എമിയെ തിരിഞ്ഞു നോക്കി. ഡാഡി, ഞാൻ ഭക്ഷണം കഴിക്കാൻ വിളിച്ച സമയത്ത് ഇവൻ പുറത്തോട്ട് ഓടി കളഞ്ഞു. ഇവനെ പിടിക്കാൻ പുറകെ ഓടി വന്നതാ അപ്പോഴേക്കും കല്ലിൽ തട്ടി ജോക്കുട്ടൻ വീണിരുന്നു. കേട്ടല്ലോ..... കൊച്ചിന്റെ പുറകെ ഓടേണ്ട ആവശ്യമുണ്ടായിരുന്നോ????? അവന് വിശപ്പ് കാണില്ല അതായിരിക്കും ഓടിയത്. വിശക്കുമ്പൊ അവൻ തനിയെ വരും എന്ന് ചിന്തിക്കുന്നതിന് പകരം കൊച്ചിന്റെ പുറകെ ഓടിയിരിക്കുന്നു. എന്നിട്ടിപ്പൊ വീണ് കാല് പൊട്ടിയപ്പൊ സമാധാനം ആയിക്കാണും. അല്ല ഇനിയിപ്പൊ മനപ്പൂർവം തള്ളി ഇട്ടതാണോ എന്ന് ആർക്കറിയാം????? അർത്ഥം വെച്ച് ചുണ്ട് കോട്ടി അവൾ പറഞ്ഞു നിർത്തിയതും അച്ചു അതുവരെ അടക്കി വെച്ച കലി പുറത്ത് ചാടിയിരുന്നു. നിർത്തെടീ പുല്ലേ നിന്റെ ഷോ........ ഉച്ചത്തിലുള്ള അലറലിനൊപ്പം അച്ചുവിന്റെ മുഖം വലിഞ്ഞു മുറുകി. അത്രയും നേരം നിന്നു ചീറിയ അനു ഞെട്ടി പിന്നിലേക്ക് ഒരടി വെച്ചുപോയി.

മുഷ്ടി ചുരുട്ടി പല്ല് ഞെരിക്കുന്ന അവന്റെ രൂപം അവളെ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അനുവിന്റെ അരികിലേക്ക് അവൻ ചുവടു വെച്ചു. എമി ജോക്കുട്ടനെ തള്ളി ഇടുന്നത് നീ കണ്ടോ????? ദേഷ്യത്തിൽ ആയിരുന്നു ചോദ്യം. മറുപടി മൗനവും. ചോദിച്ചത് കേട്ടില്ലെടീ...... നീ കണ്ടോന്ന്??????? ചോദ്യമായിരുന്നില്ല അതൊരു അലർച്ച ആയിരുന്നു. അവന്റെ ഭാവങ്ങൾ കണ്ട് എമിയും പോളും വരെ ഭയന്നു പോയി. മോനെ അച്ചൂ....... ഡാഡി ഇതിൽ ഇടപെടരുത്. അനുവിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ കൈ ഉയർത്തി അവൻ പോളിനെ ബാക്കി പറയാൻ വന്നതിൽ നിന്ന് തടഞ്ഞു. പറയെടീ കോപ്പേ നീ കണ്ടോന്ന്.......... ഇ.....ഇല്ല....... അവന്റെ ശബ്ദത്തിന്റെ കനം അറിഞ്ഞത് പോലെ വിറയലോടെ അനു പറഞ്ഞൊപ്പിച്ചു. പിന്നെന്തിനാ നീ അത് പറഞ്ഞത്???? അത്..... പി... പിന്നെ ഞാൻ...... എനിക്ക്........ ഒന്നും പറയാൻ ആവാതെ നിന്ന നിൽപ്പിൽ അവൾ വിയർത്തു പോയി. അച്ചുവിന്റെ മുഖത്ത് അനുവിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. മറ്റെന്തും അവൻ ക്ഷമിച്ചേനെ പക്ഷെ ജോക്കുട്ടന്റെ കാര്യത്തിൽ മാത്രം ക്ഷമിക്കാൻ അവനെക്കൊണ്ട് കഴിയില്ല എന്ന് എമിക്ക് അറിയാമായിരുന്നു.

ഇന്നേവരെ സ്വന്തം കുഞ്ഞിനെ പോലെ അല്ലാതെ ജോക്കുട്ടനെ അവൻ കണ്ടിട്ടില്ല. അത് താനും അങ്ങനെ തന്നെ ആണല്ലോ????? അങ്ങനെ ഉള്ളപ്പോൾ തനിക്ക് നേരെ ഒരു കരുവായി ജോക്കുട്ടനെ അനു ഉപയോഗിച്ചത് കാണുമ്പോൾ, അവന്റെ ദേഷ്യം എമിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് മുന്നിൽ വലിഞ്ഞു മുറുകി നിൽക്കുന്ന അവന്റെ രൂപം തന്നെ, മുൻപും ഒട്ടേറെ തവണ തവണ അനുവിന് നേരെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര കലിയോടെ നിൽക്കുന്ന അവനെ കാണുന്നത് ഇതാദ്യമായാണ്. അവന്റെ നേർക്ക് നോക്കാൻ തന്നെ ഭയം തോന്നിപ്പോയി. പക്ഷെ ഇനിയും നോക്കി നിന്നാൽ അനുവിന്റെ മുഖത്ത് അവന്റെ കൈ പതിയും എന്നുറപ്പാണ്. എന്നാൽ ആ അടി താങ്ങാനുള്ള ത്രാണി അവൾക്ക് കാണില്ല. ജോകുട്ടനെ മുറുകെ പിടിച്ചു കൊണ്ടവൾ ദേഷ്യത്താൽ കത്തി നിൽക്കുന്ന അവന് അരികിലേക്ക് ചെന്നു നിന്നു. ഇച്ചായാ വേണ്ട......... അച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചവൾ വേണ്ടെന്നർത്ഥത്തിൽ തല അനക്കി. ആ കൈകുടഞ്ഞു മാറ്റാൻ അവൻ തുനിഞ്ഞെങ്കിലും എമി വിടാതെ മുറുകെ പിടിച്ചു. അന്ധമായ കോപത്താൽ അവൾക്ക് നേരെ പൊട്ടിത്തെറിക്കാൻ ഒരുനിമിഷം തോന്നിയെങ്കിലും അവളുടെ മുഖത്തെ ദയനീയതയും ഭയവും അവനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.

ഒരു കയ്യാൽ അവളെയും ജോക്കുട്ടനെയും തന്നിലേക്ക് ചേർത്ത് പിടിച്ചവൻ ഉള്ളിൽ തിളച്ചു മറിയുന്ന അമർഷം അടക്കാൻ ശ്രമിച്ചു. ഒരുവിധം കലി അടങ്ങിയതും അവൻ അനുവിന് നേർക്ക് തിരിഞ്ഞു. നീ ഇത് കണ്ടോ????? നിലത്ത് വീണ വേദനയിൽ കരഞ്ഞപ്പോൾ പോലും ജോക്കുട്ടൻ ആശ്വാസം കണ്ടെത്തിയത് ഇവളുടെ നെഞ്ചിൽ ആയിരുന്നു. നീ തള്ളിയിട്ടു എന്ന് ആരോപിച്ച അതേ ഇവളുടെ കയ്യിൽ തന്നെ. ഇതാടീ സ്നേഹം...... അതൊന്നും സ്നേഹത്തിന്റെയും ബന്ധത്തിന്റെയും വില അറിയാത്ത നിനക്ക് മനസ്സിലാവില്ല. കാരണം അതൊക്കെ അറിയണമെങ്കിൽ നല്ലൊരു മനസ്സ് വേണം. അല്ലാതെ ദുഷിച്ച ചിന്തയുമായി നടക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..... ഇവിടെ കിടന്ന് പ്രസംഗിച്ചിരുന്നല്ലോ ഇത് നിന്റെ ഇച്ചായന്റെ കൊച്ചാണെന്നൊക്കെ. ജനിച്ചിട്ട് ഒരു തവണയെങ്കിലും നീ ഇവനെ എടുത്തിട്ടുണ്ടോടീ????? എന്നിവൾ വാചകമടിക്കാൻ വന്നിരിക്കുന്നു........ പുച്ഛവും ദേഷ്യവും എല്ലാം കലർത്തി അവൻ പറഞ്ഞു നിർത്തവെ അനു തലയുയർത്താൻ ആവാതെ നിന്നുപോയി. ഇനിയും നിന്നാൽ അവളെ തല്ലി പോവും എന്ന് തോന്നിയതും അച്ചു തിരിഞ്ഞു നടന്നു. കാറ്റ് പോലെ അകത്തേക്ക് പോവുന്ന അവന്റെ പോക്ക് കണ്ട് തല താഴ്ത്തി നിൽക്കുന്ന അനുവിനെ ഒന്നു നോക്കി

എമി ജോക്കുട്ടനെയും കൊണ്ട് അകത്തേക്ക് പോയി. പിന്നാലെ കത്തുന്ന കണ്ണുകളോടെ അനുവിന്റെ നേർക്ക് നോക്കി അസ്വസ്ഥമായ മനസ്സോടെ വെട്ടിതിരിഞ്ഞ് അവർക്ക് പിന്നാലെ പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അകത്ത് ചെന്ന എമി അച്ചുവിനെ തിരഞ്ഞെങ്കിലും അവിടെ എങ്ങും കണ്ടില്ല. ഒന്നു നെടുവീർപ്പിട്ടവൾ ജോക്കുട്ടന്റെ മുറിവ് വൃത്തിയാക്കി മരുന്നു പുരട്ടി കൊടുത്തു. നീറ്റൽ എടുത്തവൻ ഒന്നു കരഞ്ഞെങ്കിലും മുറിവിൽ ഊതി കൊടുത്തും ഫ്രിഡ്ജിൽ ഇരുന്ന ചോക്ലേറ്റ് എടുത്ത് കൊടുത്തും അവളാ കരച്ചിൽ മാറ്റി. അച്ചു മുറിയിൽ ആയിരിക്കും അല്ലെ???? പോളിന്റെ ചോദ്യം കേട്ടതും എമി അയാളെ ഒന്നുനോക്കി. മ്മ്മ്....... നേർത്ത ഒരു മൂളലിൽ മറുപടി കൊടുത്തു. ഡാഡിക്ക് ബ്രേക്ക്‌ഫാസ്റ്റ് എടുക്കട്ടെ????? കൈകഴുകി തിരികെ വന്നവൾ ചോദിച്ചു. വേണ്ട മോളെ....... അതെന്താ ഇവിടെ നിരാഹാരം കിടക്കാൻ പോകുവാണോ????? എന്തെങ്കിലും പ്രശ്നം വരുമ്പോൾ കഴിക്കാതിരിക്കുന്നതൊക്കെ പണ്ടത്തെ നമ്പർ ആണെന്റെ ഡാഡി ഇപ്പൊ എന്ത് വന്നാലും മൂക്കറ്റം വെട്ടി വിഴുങ്ങണം അതാണ് ട്രെൻഡ്. ഡാഡി ഒട്ടും അപ്ഡേറ്റഡ് അല്ല...... ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ പറഞ്ഞവൾ അയാളെ ഡൈനിങ് ടേബിളിൽ പിടിച്ചിരുത്തി. മര്യാദക്ക് ഞാൻ വിളമ്പി തരുന്നത് കഴിച്ചോ

അല്ലെങ്കിൽ എന്നെ അറിയാല്ലോ ഒരൊറ്റ ഫോൺ കോളിൽ ഡാഡിയുടെ കോഴിചരിതം മുഴുവൻ അമ്മച്ചിയെ അറിയിക്കും ഞാൻ. ഭീഷണി സ്വരത്തിൽ പറഞ്ഞവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് അയാളെ നോക്കി. എന്റെ പോന്നു മോളെ ചതിക്കല്ലേ..... നീ കാടി വെള്ളം കലക്കി തന്നിട്ട് കുടിക്കാൻ പറഞ്ഞാലും ഞാൻ കുടിക്കാം കർത്താവിനെ ഓർത്ത് നീ ഇതൊന്നും സാറാമ്മയെ അറിയിക്കരുത്. കഴിഞ്ഞ തവണ കുക്കർ ആയിരുന്നു ഇനിയവൾ വെട്ടുകത്തി എടുത്തായിരിക്കും പെരുമാറുന്നത്. കൈകൂപ്പി കൊണ്ടയാൾ പറയുന്നത് കണ്ട് എമി ചിരിച്ചു പോയി. അങ്ങനെ വഴിക്ക് വാ മോനെ ഡാഡി..... ഇപ്പൊ കാടിവെള്ളം ഒന്നുമില്ല തത്ക്കാലം ഈ ചപ്പാത്തിയും കറിയും കൊണ്ട് ഡാഡി അഡ്ജസ്റ്റ് ചെയ്യണം. കാടി വെള്ളം കലക്കണോ വേണ്ടയോ എന്നൊക്കെ നമുക്ക് വഴിയേ തീരുമാനിക്കാം. കണ്ണിറുക്കി പറഞ്ഞവൾ അയാൾക്ക് വിളമ്പി കൊടുത്തു. ഒറ്റ നിമിഷം കൊണ്ട് തന്നിലെ വേദനകൾക്ക് മരുന്നായവളെ നോക്കി ഒരു ചിരിയോടെ അയാൾ കഴിക്കാൻ തുടങ്ങി. അത് തന്നെ ആയിരുന്നു അവളും ആഗ്രഹിച്ചത്.

ഒരു പുഞ്ചിരിയോടെ അവൾ ഒരു പ്ലേറ്റിൽ ചപ്പാത്തി എടുത്ത് ജോക്കുട്ടന് നേരെ തിരിഞ്ഞു. നീ കഴിക്കുന്നില്ലേ മോളെ????? ചപ്പാത്തി മുറിച്ച് വായിലേക്ക് വെക്കുന്നതിനിടയിൽ അയാൾ ചോദിച്ചു. ഞാൻ കഴിക്കാതെ ഇരിക്കാനോ????നെവർ..... അകത്തോട്ട് കലി തുള്ളി പോയ ഡാഡിയുടെ നടുവിലത്തെ സന്തതി ഇല്ലേ???? എന്റെ കെട്ട്യോൻ.... അങ്ങേരെ കൂടി വിളിച്ചോണ്ട് വന്ന് ഞങ്ങൾ ഒന്നിച്ചു കഴിച്ചോളാം. ഒരു ചിരിയോടെ അയാളോട് പറയുന്നതിനൊപ്പം ടീവി വെച്ച് കാർട്ടൂൺ വെച്ച് ചപ്പാത്തി ചെറുതായി പിച്ചി എടുത്ത് ജോക്കുട്ടനെ കഴിപ്പിച്ചു. അത് കേട്ട് സമാധാനത്തോടെ ഒന്നു നിശ്വസിച്ചയാൾ കഴിപ്പ് തുടർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോക്കുട്ടനെ ആഹാരം കഴിപ്പിച്ച് വാ കഴുകിച്ച് പോളിനൊപ്പം ഹാളിൽ ടീവി കാണാൻ ഇരുത്തി. റിമോട്ടും കയ്യിൽ പിടിച്ച് കാർട്ടൂൺ കണ്ട് ഇരിപ്പാണ് ചെക്കൻ. അവനെ കൊണ്ട് ചാനൽ മാറ്റിക്കാൻ പോൾ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് പക്ഷെ ചെക്കൻ അമ്പിനും വില്ലിനും അടുക്കുന്നില്ല.

അവസാനം തോൽവി സമ്മതിച്ച് പോൾ കാർട്ടൂൺ കാണാൻ തീരുമാനിച്ചു. Oggy and the cockroaches ആണ് ജോക്കുട്ടൻ വെച്ചിരിക്കുന്നത്. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും കുറച്ച് നേരം ഇരുന്നപ്പോഴേക്കും അയാളും രസം പിടിച്ചു. കാർട്ടൂൺ കണ്ട് ഇടയ്ക്ക് ജോക്കുട്ടനോട് സംശയങ്ങൾ ചോദിക്കുന്ന പോളിനെ കണ്ട് ചിരിയോടെ അവൾ അച്ചുവിനെ വിളിക്കാൻ സ്റ്റെയർ കയറി. റൂമിലേക്ക് പോവുമ്പോൾ കണ്ടു അടഞ്ഞു കിടക്കുന്ന അനുവിന്റെ മുറി. ജോകുട്ടനെ ചപ്പാത്തി കഴിപ്പിക്കുമ്പോൾ കണ്ടിരുന്നു ആരെയും നോക്കാതെ അകത്തേക്ക് കയറി പോവുന്ന അവളെ. ഇനി ഇപ്പോഴൊന്നും നട തുറക്കും എന്ന് തോന്നുന്നില്ല. മനസ്സിൽ ആലോചിച്ച് നിശ്വസിച്ചവൾ മുറിയിലേക്ക് നടന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story