ഹൃദയതാളമായ്: ഭാഗം 137

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

സംഭവിച്ചതെല്ലാം അച്ചുവിന് മുന്നിൽ തുറന്നു പറയവെ എമിയുടെ സ്വരം നേർത്ത് പോയിരുന്നു. തന്റെ ഓരോ വാക്കുകളും അവനിൽ രോഷം നിറയ്ക്കുന്നത് അവൾ കണ്ടു. ദേഷ്യത്താൽ ചുവന്നിരിക്കുന്ന അച്ചുവിന്റെ മുഖം തെല്ലൊരു ഭയം എമിയിൽ നിറച്ചു. എല്ലാം കേട്ട് കഴിഞ്ഞതും ഉള്ളിൽ ആളി കത്തുന്ന കോപത്താൽ അവൻ ടേബിളിൽ ഇരുന്ന പേപ്പർ വെയിറ്റ് ശക്തമായി നിലത്തേക്ക് വലിച്ചെറിഞ്ഞു. ഒരു നിമിഷം എമി തരിച്ചുപോയി. ഹൃദയമിടിപ്പ് വല്ലാതെ ഏറി. പേപ്പർ വെയിറ്റ് നിലത്ത് വീഴുന്ന ശബ്ദം കാതിൽ പതിച്ചതും ഞെട്ടി തലയുയർത്തി നോക്കവെ ക്രോധത്താൽ വലിഞ്ഞു മുറുകുന്ന അച്ചുവിനെ കാൺകെ ഭയത്താൽ അനു എമിയുടെ കയ്യിൽ പിടി മുറുക്കി. എന്തിനെന്നില്ലാതെ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.... വല്ലാത്തൊരു ഭാവത്തോടെ അവൾ ഉമിനീരിറക്കി. ഇച്ചായാ.......... ഒരു വിറയലോടെ അവൾ വിളിച്ചതും ദേഷ്യത്താൽ ചുവന്ന കണ്ണുകളോടെ അവൻ ടേബിളിൽ കൈകുത്തി നിന്ന് എമിക്ക് നേരെ തലയുയർത്തി നോക്കി. പേടിച്ചരണ്ട അവളുടെ മുഖം കണ്ടതും അവനൊന്ന് അയഞ്ഞു. കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടവൻ അനിയന്ത്രിതകമായി കുതിച്ചുയരുന്ന ദേഷ്യത്തെ അടക്കാൻ ശ്രമിച്ചു.

കുറച്ചേറെ നേരം വേണ്ടിവന്നു ഉള്ളിലെ അമർഷത്തെ പിടിച്ചു കെട്ടാൻ. അശാന്തമാണ് മനസ്സ് എന്നാലും അത് പുറത്ത് പ്രകടിപ്പിക്കാതെ അവൻ അവർ ഇരുവരെയും ഒന്നു നോക്കി. പേടിച്ച് വിയർത്തിരിക്കുന്ന അവരെ രണ്ടുപേരെയും അവൻ മാറി മാറി നോക്കി. ഒരു നിമിഷം അവന്റെ കണ്ണുകൾ അനുവിൽ ചെന്ന് നിന്നു. നിറഞ്ഞ കണ്ണുകളോടെ എമിയുടെ കയ്യിൽ പിടി മുറുക്കി തല കുനിച്ച് ഇരിക്കുന്ന അവളുടെ രൂപം അവനിൽ നോവുണർത്തി. എന്തൊക്കെ ആയാലും മുന്നിൽ ഇരിക്കുന്നത് തന്റെ പെങ്ങളാണ്. തന്റെ കയ്യിൽ തൂങ്ങി പിച്ച വെച്ച കുറുമ്പ് കാട്ടി പിന്നാലെ നടന്ന കുഞ്ഞ് അനുജത്തി. ആ കണ്ണോന്ന് കലങ്ങിയാൽ പിടയുന്നത് തന്റെ നെഞ്ചാണ്. ഓരോ തവണ ശിക്ഷിക്കുമ്പോൾ പോലും നൊന്തത് തന്റെ ഹൃദയമാണ്. അവന്റെ ഉള്ളൊന്ന് ആളി. എമി നോക്കി കാണുകയായിരുന്നു അവന്റെ കണ്ണിലെ വേദന. അനുവിനോടുള്ള അടങ്ങാത്ത സ്നേഹമാണ് ആ നെഞ്ച് മുഴുവൻ എന്നവൾക്ക് തോന്നിപ്പോയി. പതിയെ അവൾ കൈനീട്ടി ടേബിളിൽ ഇരുന്ന അവന്റെ കയ്യിൽ വലതുകരം അമർത്തി.

തന്നിലേക്ക് നീളുന്ന അവന്റെ നോട്ടത്തിന് അവളൊന്ന് കണ്ണ് ചിമ്മി കാട്ടി. നേരത്തൊരു ഏങ്ങലടി അനുവിൽ നിന്ന് ഉയർന്നതും എമി അവനിൽ നിന്ന് നോട്ടം മാറ്റി അനുവിന് നേരെ തിരിഞ്ഞു. മുഖം കുനിച്ചിരുന്ന് വിങ്ങി കരയുന്നവളെ എമി തന്നിലേക്ക് ചേർത്ത് പിടിച്ചു. ഒരു ആശ്വാസത്തിനായി അവളുടെ നെഞ്ചിൽ മുഖം അമർത്തി അനു തന്റെ കണ്ണുനീർ ഒഴുക്കി വിട്ടു. അനു കരയാതെ ഒന്നൂല്ല......... എമി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത്രയും നാൾ തന്നെ പുച്ഛിച്ച് അഹങ്കാരവും കാണിച്ചു നടന്നവൾ തന്നെയാണോ ഇതെന്ന് എമി സംശയിച്ചു പോയി. കരച്ചിൽ കണ്ടാൽ അത്രയ്ക്ക് പാവം തോന്നിപ്പോവും. ഈ കരച്ചിൽ ഒന്നു നിർത്ത് അനൂ.... ഇങ്ങനെ കിടന്ന് കരഞ്ഞതുകൊണ്ട് നിന്റെ പ്രശ്നങ്ങൾ തീരുവോ??? ആദ്യം സിറ്റുവേഷനെ ബോൾഡ് ആയി നേരിടാൻ പഠിക്ക് അല്ലാതെ വെറുതെ ഇങ്ങനെ കണ്ണീരൊഴുക്കിയിട്ട് ഒരു പ്രയോജനവുമില്ല...... എമി ശാസനയോടെ പറഞ്ഞു നിർത്തി. അവളുടെ ആ വാക്കുകൾ കേട്ടതും അനു കരച്ചിൽ നിർത്തി എമിയെ തലയുയർത്തി നോക്കി. കണ്ണൊക്കെ ചുവന്ന് കലങ്ങി മുടിയൊക്കെ പാറി പറന്ന് മുഖം ആകെ വിങ്ങി ഇരിക്കുകയാണ്. അത്രയ്ക്ക് ആയിരുന്നു അവളുടെ കരച്ചിൽ. മതി കരഞ്ഞത്..... കണ്ണൊക്കെ തുടച്ചേ.......

അളിഞ്ഞു കിടന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ച് എമി പറഞ്ഞതും ഇരുകൈകളാൽ അവൾ കണ്ണും മുഖവും അമർത്തി തുടച്ചു. അനുവിനെ തന്നെ നോക്കി ഇരുന്നതും ഒരു ഗ്ലാസ്സ് വെള്ളം എമിക്ക് മുന്നിലേക്ക് നീണ്ടു. ആ ഗ്ലാസ്സിലേക്കും അത് നീട്ടിയ വ്യക്തിയിലേക്കും അവളുടെ കണ്ണുകൾ നീണ്ടു. അലസമായി മറ്റെങ്ങോ ദൃഷ്ടി ഊന്നി തനിക്ക് നേരെ വെള്ളം നീട്ടി നിൽക്കുന്ന അച്ചുവിനെ കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി. കൈനീട്ടി എമി ആ ഗ്ലാസ്സ് വാങ്ങിയതും അച്ചു ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് പുറത്തേക്കിറങ്ങി. അവൻ പോയ വഴിയേ ഒന്നു നോക്കി എമി വെള്ളം അനുവിനെ കുടിപ്പിച്ചു. വെപ്രാളത്തോടെ ആ വെള്ളം മുഴുവൻ അവൾ കുടിച്ചു തീർക്കുമ്പോൾ വെള്ളം വീണ് അവളുടെ നെഞ്ച് നനഞ്ഞു പോയിരുന്നു. വെള്ളം കുടിച്ച് കഴിഞ്ഞതും ഗ്ലാസ്‌ തിരികെ വെച്ച് അനു ടേബിളിലേക്ക് തല ചായച്ച് കിടന്നു. അവളെ നോക്കി നെടുവീർപ്പിട്ട് എമി ചെയറിലേക്ക് ചാഞ്ഞിരുന്നു. നിമിഷങ്ങൾ കടന്നുപോയി. ക്ലോക്കിലെ സൂചി ചലിക്കുന്ന ശബ്ദം മാത്രം ആ നാല് ചുവരുകൾക്കുള്ളിൽ മുഴങ്ങി. ഡോർ തുറയുന്ന ശബ്ദം കേട്ട് അവർ ഇരുവരും തല ചരിച്ച് നോക്കി. അച്ചുവിനൊപ്പം അകത്തേക്ക് കയറി വന്ന ആളെ കണ്ടതും അനു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ആൽവിച്ചായാ.............

കരഞ്ഞുകൊണ്ട് വിളിച്ചവൾ ഓടി അവനെ പുണർന്നു. അവന്റെ ഷർട്ടിൽ അമർത്തി പിടിച്ച് നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു. നെഞ്ചിനെ നനച്ചിറങ്ങുന്ന അവന്റെ ചുടു കണ്ണുനീരിൽ അവന്റെ നെഞ്ച് ഒന്നു പിടഞ്ഞു. ഇരു കൈകളാൽ അവളെ പൊതിഞ്ഞു പിടിക്കുമ്പോൾ അവന്റെ കണ്ണുകളും കലങ്ങിയിരുന്നു. കരയാതെ മോളെ......... നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഇല്ലേടീ?????? എന്റെ മോള് കരയാതെ...... ആൽവിച്ചൻ അവളുടെ തലയിൽ തഴുകി. ഒരുവിധം അവളുടെ കരച്ചിൽ ഒന്നു അടങ്ങിയതും അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി അവൻ നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. അച്ചു നിർവികരതയോടെ അതെല്ലാം കണ്ട് നിന്നു. എന്നാൽ ആ സമയം അവന്റെ കൈവിരലുകൾക്കിടയിലൂടെ മറ്റൊരാളുടെ വിരലുകൾ നുഴഞ്ഞു കയറിയിരുന്നു. തല ചരിച്ച് ഒന്നു നോക്കവെ അവനരികിൽ നിൽക്കുന്ന എമിയെ കണ്ടവൻ ഒന്നു നിശ്വസിച്ചു. താൻ ഇവരെ വീട്ടിലേക്ക് കൊണ്ടുപ്പോക്കോ... ഇനി എന്താണെന്ന് വെച്ചാൽ ഞാൻ നോക്കിക്കോളാം.

എമിയിൽ നിന്ന് കൈ വിടുവിച്ച് ഗൗരവത്തിൽ അവൻ പറഞ്ഞതും ആൽവി ഒരു ചിരിയോടെ തലയാട്ടി തന്റെ തോളിൽ ചാരി നിൽക്കുന്ന അനുവിനെ ചേർത്ത് പിടിച്ചവൻ എമിയെ നോക്കി കണ്ണുകളാൽ കൂടെ വരാൻ ആംഗ്യം കാണിച്ച് പുറത്തേക്കിറങ്ങി. ആൽവിച്ചൻ പോയിട്ടും ഇറങ്ങാതെ നിൽക്കുന്ന എമിയെ അച്ചു ഒന്നു നോക്കി. മ്മ്മ്?????? അവൻ എമിക്ക് നേരെ നെറ്റി ചുളിച്ചു. ഇച്ചായാ.... ആ അലവലാതിയെ വെറുതെ വിടരുത്. അവന്റെ കയ്യും കാലും തല്ലി ഒടിച്ച് ചവിട്ടി കൂട്ടി മൂലക്ക് ഇടണം. ഇനി ഒരു പെണ്ണിനോടും അവൻ ഇങ്ങനെ കാണിക്കാൻ പാടില്ല...... എമി രോഷത്തോടെ പല്ല് ഞെരിച്ചു. ആഹ്.... പിന്നെ കൊടുക്കുമ്പൊ എന്റെ കൂടി ചേർത്ത് കൊടുക്കണേ... അവന്റെ മൂക്കിന്റെ പാലം ഇടിച്ച് പരത്തണം. എമിയുടെ സംസാരം കേട്ട് അവന് ചിരി വന്നുപോയിരുന്നു. അതൊക്കെ ഞാൻ നോക്കിക്കോളാം നീ പോവാൻ നോക്ക്..... അത് കേട്ടതും എമി ഡോറിന് അരികിലേക്ക് നടന്നു. പുറത്തേക്കിറങ്ങാൻ ഡോർ പാതി തുറന്നതും അവളൊന്ന് തിരിഞ്ഞു നോക്കി. അതേ മൂക്കിന്റെ കാര്യം മറന്നേക്കല്ലേ.... കുറുമ്പോടെ പറഞ്ഞവൾ പുറത്തേക്കിറങ്ങി. അവൾ പോയ വഴിയേ നോക്കി അച്ചു അറിയാതെ ചിരിച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സാറായുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് അനു. എമിയിൽ നിന്നറിഞ്ഞ കാര്യങ്ങൾ എല്ലാവരിലും വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു. ആദ്യമായി ജീവിതത്തിൽ ഇത്തരമൊരു സന്ദർഭം അഭിമുഖീകരിക്കേണ്ട അവസ്ഥ. വേദനയും പരിഭ്രമവും ചേർന്നൊരു സമ്മിശ്രവികാരം എല്ലാവരെയും പൊതിഞ്ഞിരിഞ്ഞു. സാറായും വല്ലാതെ തളർന്നു പോയിരുന്നു. അവർക്ക് താങ്ങ് എന്ന പോലെ എമിയും റിയയും അവർക്കൊപ്പം തന്നെ ഇരുന്നു. മുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങിയതും റിയ എമിയേയും സാറായെയും ഒന്നു നോക്കി മുറിയിലേക്ക് നടന്നു. ആൽവിച്ചൻ അവരെ ആക്കിയിട്ട് എങ്ങോട്ടോ പോയതാണ്. ഇതുവരെ ആയിട്ടും വന്നിട്ടില്ല. സാറാ എമിയുടെ ചുമലിൽ ചാരി കിടന്നുപോയി. മനസ്സ് അത്രമേൽ ദുഃർബലമായി പോയിരുന്നു. സർവ്വം തളർന്നത് പോലെ അവരുടെ ഇരുപ്പ് കണ്ട് പോൾ അവർക്കരികിലേക്ക് നടന്നു. നീ ഇങ്ങനെ വിഷമിക്കാതെ എന്റെ സാറാമ്മേ. അച്ചൂനെ നിനക്കറിയില്ലേ??? അവൻ നോക്കിക്കോളും എല്ലാം. നമ്മുടെ കുഞ്ഞിനോട് ഇങ്ങനെ ഒരു നെറികേട് കാട്ടിയവനുള്ളത് അവൻ കൊടുത്തോളും. സാറായ്ക്ക് അരികിൽ ഇരുന്ന് അയാൾ പറയവെ ആ വാക്കുകളിൽ അച്ചുവിനോടുള്ള വിശ്വാസം അത്രയും പ്രകടമായിരുന്നു. അങ്ങനെ പറഞ്ഞു കൊടുക്ക് ഡാഡി...

എത്ര നേരമായി ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്???? വൈകുന്നേരം ആയി എന്നിട്ടും ഇതുവരെ ഒരു തുള്ളി വെള്ളം പോലും ആരും കുടിച്ചിട്ടില്ല. ഇങ്ങനെ തിന്നാതെയും കുടിക്കാതെയും ഇരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഇല്ലാതാകുവോ????? എമി ആശ്വാസവാക്കുകളോടെ സാറായെ തന്നിൽ നിന്ന് എഴുന്നേൽപ്പിച്ച് ഇരുത്തി. എനിക്ക് ഒന്നും വേണ്ട മോളെ... ഇങ്ങനെ ഒരു അവസ്ഥ എന്റെ തൊണ്ടയിൽ നിന്നൊന്നും ഇറങ്ങില്ല..... വേദനയോടെ അവർ പറഞ്ഞതും എമി ദയനീയമായി പോളിനെ ഒന്നു നോക്കി. എന്തോ ഓർത്തെന്നത് പോലെ അവൾ അച്ചുവിനെ ഫോണിൽ വിളിക്കാൻ എഴുന്നേറ്റതും ആൽവിച്ചൻ അങ്ങോട്ട്‌ എത്തിയതും ഒരുമിച്ചായിരുന്നു. എന്താടാ എന്തായി?????? പോൾ നിറഞ്ഞ ആധിയോടെ അവനെ നോക്കി. അവർ നോക്കി നിൽക്കെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു. എന്റെ പൊന്നു ഡാഡി പോയത് നമ്മുടെ അച്ചു അല്ലെ??? അവൻ പോയ ഏതെങ്കിലും ഒരു കാര്യം നടത്താതെ ഇരുന്നിട്ടുണ്ടോ???? ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ നിന്നാ വരുന്നത്, ആ ഡെവി ഇനി അടുത്ത കാലത്തൊന്നും ബെഡിൽ നിന്ന് എഴുന്നേൽക്കില്ല. ഇഞ്ച ചതക്കുന്നത് പോലെ ചതച്ചു കളഞ്ഞു ഡാഡി. ആ കിടപ്പ് കണ്ടാൽ ഒരു മനുഷ്യൻ സഹിക്കത്തില്ല.... എല്ലെല്ലാം ഒടിഞ്ഞ് നുറുങ്ങി എന്നാ കേട്ടത്.

മൂക്കിന്റെ കാര്യം പറയേ വേണ്ട പാലാരിവട്ടം പാലത്തേക്കാൾ കഷ്ടത്തിലാ...... പറയുന്നതൊക്കെ ഹീബ്രു ഭാഷ പോലെയാണ് കേൾക്കുന്നത്. ഇനി ഒരു മൂന്നു മാസത്തേക്ക് പരസഹായം ഇല്ലാതെ ഒന്നു മുള്ളാൻ പോലും അവന് പറ്റില്ല. ആൽവിച്ചൻ അതും പറഞ്ഞ് സോഫയിലേക്ക് ഇരുന്നു. കഷ്ടം തോന്നിയത് അവന്റെ അച്ഛന്റെയും അമ്മയുടെയും നിൽപ്പ് കണ്ടിട്ടാ. മകൻ ചെയ്തു കൂട്ടിയ തെറ്റുകൾ അറിഞ്ഞിട്ട് അവന്റെ അമ്മ ഭയങ്കര കരച്ചിൽ ആയിരുന്നു. പാവം തോന്നിപ്പോയി. അവർക്ക് ഇനി അങ്ങനൊരു മകനില്ല എന്നാ പറഞ്ഞത്. അവൻ ചെയ്ത തെറ്റിനാണ് ആ കിടപ്പ് കിടക്കുന്നതെന്നും കേസ് ഒന്നും വേണ്ടെന്നും അവർ തന്നെ പറഞ്ഞു. അവന്റെ അമ്മ റൂമിൽ ഇരുന്ന അവന്റെ ഫോണും ലാപ്പും പെൻഡ്രൈവുകളും അങ്ങനെ സകല സാധനങ്ങളും അച്ചുവിന് എടുത്ത് കൊടുത്തത്. അതെല്ലാം അവൻ അപ്പൊ തന്നെ നശിപ്പിച്ചു. ഇനി ഈ കാര്യം ഓർത്ത് ആരും പേടിക്കണ്ട. ആൽവിച്ചൻ പറഞ്ഞു നിർത്തിയതും എല്ലാവരും ആശ്വാസത്തോടെ ശ്വാസമെടുത്തു. അതുവരെ ഉള്ളിൽ നീറി കൊണ്ടിരുന്ന കനൽ അണഞ്ഞതായി തോന്നി. ജീവൻ തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു അനുവിന് തോന്നിയത്. എന്ത് ചെയ്യണം എന്നറിയാതെ എരിയുന്ന അഗ്നികുണ്ഡത്തിൽ എന്ന പോൽ ചുട്ടു പൊള്ളുകയായിരുന്നു.....

കരയിൽ പിടിച്ചിട്ട മീനിനെ പോലെ പിടയ്ക്കുകയായിരുന്നു...... ഇപ്പൊ എന്തെന്നില്ലാത്ത ആശ്വാസം പൊതിയുന്നത് അവൾ അറിഞ്ഞു. ചുട്ടു പൊള്ളിക്കുന്ന വേനലിൽ വീശിയ കാറ്റെന്നത് പോലെ ഉള്ളിൽ തണുപ്പ് പടർന്നു. ഇനിയെങ്കിലും നോക്കിയും കണ്ടുമൊക്കെ കൂട്ട് കൂടാൻ നോക്ക്. വല്ല കെണിയിലും ചെന്ന് ചാടിയിട്ട് പിന്നെ കയ്യും കാലും ഇട്ട് അടിച്ചിട്ട് കാര്യമില്ല. ഒരു നിശബ്ദതയ്ക്ക് ശേഷം ആൽവിച്ചൻ അനുവിനെ നോക്കി അത് പറഞ്ഞു. ചിലപ്പോൾ ഇതൊരു പാഠം ആയിരിക്കും. ഒരു ആപത്ത് വന്നപ്പൊ ഇത്രയും കാലം നീ വെറുത്ത ഇവളും നിന്റെ മനസ്സിൽ കൊന്നു കുഴിച്ചു മൂടിയ അച്ചുവും വേണ്ടി വന്നു നിന്റെ രക്ഷയ്ക്ക്. ഇപ്പൊ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്നവനും നീയും ചേർന്നാ ഒരിക്കൽ ഈ ഇരിക്കുന്നവളെ എല്ലാവർക്കും മുന്നിൽ മാനംകെടുത്താൻ നോക്കിയത്. എന്നിട്ടിപ്പൊ എന്തായി???? ഇവൾ ഇല്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ????? ഇതിനെയാണ് karma is a boomerang എന്ന് പറയുന്നത്. ആൽവിച്ചന്റെ സ്വരത്തിൽ അമർഷവും പുച്ഛവും എല്ലാം കലർന്നു. അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിച്ചു. കണ്ണുകൾ നീറി പുകഞ്ഞു. കുറ്റബോധത്താൽ ഉള്ള് പിടഞ്ഞു. ചെയ്തു കൂട്ടിയ തെറ്റുകൾ തന്നെ നോക്കി പരിഹസിക്കുന്നത് പോലെ......

മിഴികൾ തോരാതെ പെയ്തിറങ്ങി. ഇനി നീ അഹങ്കരിക്ക്.... പുച്ഛിക്ക്.... ഇവളെയും അച്ചുവിനെയും ദ്രോഹിക്ക് എന്നാലല്ലേ നിനക്ക് സ്വസ്ഥത കിട്ടൂ... സന്തോഷം കിട്ടൂ..... ഉച്ചത്തിൽ ആൽവി പറഞ്ഞു നിർത്തിയതും അനു എമിയുടെ മടിയിലേക്ക് വീണിരുന്നു. സോറി..... ഞാൻ നിന്നെ ഒരുപാട്.... എനിക്ക്... അന്ന്..... അവൾ വാക്കുകൾ കിട്ടാതെ ഏങ്ങലടിച്ചു. ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.... പൊറുക്കാൻ കഴിയാത്ത അത്ര.... തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട് എന്നിട്ടും നീ.... നീ എന്നെ രക്ഷിച്ചു. നിന്നോട് എങ്ങനെയാ നന്ദി.... പറയേണ്ടത്..... എനിക്കറിയില്ല...... ചെയ്തതും പ്രവർത്തിച്ചതും എല്ലാം.... എല്ലാം തെറ്റായിരുന്നു. എന്നോട്... എന്നോട്... പൊറുക്കുവോ???? ഞാൻ... ഞാനിനി ഒരു വാക്ക് കൊണ്ട് പോലും... നിന്നെ വേദനിപ്പിക്കില്ല..... സത്യായിട്ടും ഇനി.... ഇനി ആരെയും ഞാൻ വേദനിപ്പിക്കില്ല.... എന്നോട് ക്ഷമിച്ചൂടെ?????? പദം പറഞ്ഞവൾ വിതുമ്പി പോയി. എമിയുടെ മടിയെ നനച്ചു കൊണ്ട് അവളുടെ കണ്ണുനീർ ഒഴുകി. ഇത്തവണ അവളുടെ കണ്ണുനീരിൽ കപടതയില്ലായിരുന്നു. ഉറ്റ സുഹൃത്തിന്റെ വഞ്ചനയിൽ നിന്നവൾ പലതും തിരിച്ചറിഞ്ഞിരുന്നു. എമി തന്റെ മടിയിൽ കിടക്കുന്നവൾ ഒന്നുനോക്കി. ശേഷം തലയുയർത്തി എല്ലാവരെയും നോക്കി. നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നവരെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു. അവൾ മിഴികൾ വീണ്ടും അനുവിലേക്ക് തിരിച്ചു. അനൂ..... എഴുന്നേറ്റേ..... എമി അവളുടെ മുഖം പിടിച്ച് ഉയർത്തി. എന്നോട് ക്ഷമിച്ചോ??????

കൊച്ചു കുട്ടികളെ പോലെ അവൾ ചോദിക്കുന്നത് കണ്ട് എമിയുടെ കണ്ണുകൾ അതിശയത്താൽ വിടർന്നു. അഹങ്കാരി ആയ അനുവിൽ അത്തരമൊരു ഭാവം അവൾ ആദ്യമായാണ് കാണുന്നത്. തന്റെ മടിയിൽ തന്നെ താടി കുത്തി നിർത്തി കണ്ണുകളാൽ കേഴുന്നവളെ കണ്ടതും അവൾ ചിരിച്ചു പോയി. എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല. നിനക്ക് അല്ലായിരുന്നോ എന്നെ കണ്ണിന് പിടിക്കാതിരുന്നത്????? എനിക്ക് ആരോടും വൈരാഗ്യം വെച്ച് പെരുമാറാൻ ഒന്നും അറിയില്ല. നീ ചെയ്തത് ഒന്നും ഞാൻ മനസ്സിൽ സൂക്ഷിച്ചിട്ടുമില്ല. അതുകൊണ്ട് നിന്നോട് ഒരു തരി പോലും ദേഷ്യം എനിക്കില്ല. എമി കണ്ണുകൾ ഒന്നു ചിമ്മി. സത്യായിട്ടും........ ആഹ്!!!! സത്യം....... തലയാട്ടി അവൾ പറഞ്ഞു തീർന്നതും അനു അവളെ ഇറുകെ പുണർന്നതും ഒരുമിച്ചായിരുന്നു. ആദ്യം ഒന്നു പകച്ചെങ്കിലും എമിയും അവളെ ചേർത്ത് പിടിച്ചു. Thank you എമീ..... നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല..... നീ എനിക്ക് തിരികെ തന്നത് എന്റെ ജീവിതമാണ്. ചത്തു കളഞ്ഞാലോ എന്നു വരെ ഞാൻ ചിന്തിച്ചതാ. ഇതിനൊക്കെ ഞാൻ.... അറിയില്ലെടാ.... എന്ത് പറയണം എന്ന്.... എമിയുടെ തോളിൽ മുഖം അമർത്തി അവൾ ഒന്നു ഏങ്ങി. ഓവറാക്കി ചളമാക്കാതെടീ കോപ്പേ.... എമി ചിരിയോടെ പറഞ്ഞതും കരച്ചിലിനിടയിൽ അവളും ചിരിച്ചു പോയി.

ആ കാഴ്ച നോക്കി നിന്നവർ എല്ലാം നിറ കണ്ണോടെ പുഞ്ചിരിച്ചു. എടാ ആൽവീ ഒരു ഫോട്ടോ എടുത്തേടാ ദോ കീരിയും പാമ്പും കെട്ടിപ്പിടിച്ചു നിൽക്കുന്നു. ഇതൊക്കെ അപൂർവ കാഴ്ചയാണ്. പോൾ പറഞ്ഞതും അതുവരെ കെട്ടിപ്പിച്ച് ഒട്ടി നിന്നവർ അയാൾക്ക് നേരെ തിരിഞ്ഞു നോക്കി. ഇത്രയും കാലം എന്തായിരുന്നു അല്ലെ തമ്മിൽ തമ്മിൽ പുച്ഛിക്കുന്നു, മുഖം വെട്ടിക്കുന്നു, പാര പണിയുന്നു. ഇപ്പൊ ദേ രണ്ടും അടയും ചക്കരയും. ആൽവിച്ചനും അവസരം പാഴാക്കിയില്ല. മതി എന്റെ പിള്ളേരെ കളിയാക്കിയത്. ഇത്രയും നാൾ കാണാൻ ആഗ്രഹിച്ച ഒരു കാര്യം കാണുമ്പോൾ സന്തോഷിക്കുകയാ വേണ്ടത് അല്ലാതെ ഇങ്ങനെ നിന്ന് കളിയാക്കുന്നോ????? സാറാ അവരെ നോക്കി പേടിപ്പിച്ചു. സന്തോഷം കൊണ്ടാടോ ഭാര്യേ... ഇങ്ങനെ ഇവർ ചേർന്ന് നിൽക്കുന്നത് കാണുമ്പോൾ തന്നെ നെഞ്ചില് വല്ലാത്തൊരു ആശ്വാസമാ...... പുഞ്ചിരിയോടെ പോൾ പറഞ്ഞ് അവരെ ഇരുവരെയും ഒരുപോലെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ദേ ഇപ്പൊ ഈ നിൽപ്പിൽ കർത്താവ് തമ്പുരാൻ അങ്ങോട്ട്‌ വിളിച്ചാലും എനിക്ക് പ്രശ്നമില്ല അത്രയ്ക്ക് ഹാപ്പി ആണ് ഞാൻ. അത്ര പെട്ടെന്ന് അങ്ങോട്ട്‌ പോയിട്ട് എന്തിനാ ഡാഡി????

നമുക്ക് ജോളിയായിട്ട് കുറച്ച് തരുണീമണികളെ ഒക്കെ വായിനോക്കി ജോക്കുട്ടന്റെ കല്യാണവും അവന്റെ പിള്ളരെയും ഒക്കെ കണ്ട് പതിയെ അങ്ങോട്ട്‌ പോയാൽ പോരായോ????? എമി അയാൾക്ക് നേരെ കണ്ണിറുക്കി. ഓഹ്!!! മതിയേ........ അയ്യാ.... കിളവന്റെ ആഗ്രഹം കേട്ടില്ലേ???? ആൽവിച്ചൻ അയാളെ പുച്ഛിച്ചു. കിളവൻ നിന്റെ..... എന്റപ്പൻ.......... ആൽവിച്ചന്റെ ആ മറുപടിയിൽ എല്ലാവരും ചിരിച്ചു പോയി. പുറത്ത് അച്ചുവിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോഴാണ് എല്ലാവരും ചിരി നിർത്തുന്നത്. ഒരുനിമിഷം എല്ലാവരുടെയും ശ്രദ്ധ അനുവിലേക്ക് പോയി. അച്ചുവിന്റെ വരവും നോക്കി നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന അവളിൽ ഏവരുടെയും നോട്ടം തങ്ങി നിന്നു. പോർച്ചിൽ വണ്ടി പാർക്ക് ചെയ്ത് വാതിൽക്കൽ എത്തിയ അച്ചു കാണുന്നത് പോളിന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന എമിയേയും അനുവിനെയും ആണ്. ആ കാഴ്ച അവനിൽ ഒട്ടൊരു അതിശയം വിടർത്തി. തൊട്ടടുത്ത നിമിഷം തന്നെ അനു അവന് അരികിലേക്ക് ഓടിയിരുന്നു. ഇച്ചായാ................. ഹൃദയത്തിൽ നിന്നും ആ നാമം ശബ്ദമായി അവളിൽ നിന്ന് പുറത്തേക്ക് തെറിച്ചു. നിറ കണ്ണുകളോടെ അവൾ അച്ചുവിന്റെ നെഞ്ചിലേക്ക് വീണ് അവനെ ഇറുകെ പുണർന്നു. ഒരു നിമിഷം അവൻ തരിച്ചു നിന്നുപോയി. അവളുടെ നാവിൽ നിന്ന് ഉയർന്ന ആ വിളിയും കലങ്ങിയ കണ്ണുകളും അവനിൽ അത്ഭുതം നിറച്ചു. സംവത്സരങ്ങൾക്കപ്പുറം അവളിൽ നിന്ന് ഉയരുന്ന നാമം.......

ചലിക്കാൻ പോലും ആവാതെ അവൻ നിന്നുപോയി. യാഥാർഥ്യത്തിലേക്ക് എത്താൻ അവന് നിമിഷങ്ങൾ വേണ്ടി വന്നു. അപ്പോഴേക്കും അവന്റെ യൂണിഫോമിനെ ഈറനണിയിച്ചു കൊണ്ട് അവളുടെ കണ്ണുനീർ ഒഴുകിയിരുന്നു. ഏറെ നേരമായിട്ടും അവനിൽ നിന്ന് ഒരു ചേർത്ത് പിടിക്കൽ ഇല്ലാതിരുന്നത് അവളിൽ നൊമ്പരമുണർത്തി. അനുവിൽ നിന്ന് ഏങ്ങലടികൾ ഉയർന്നു. അടുത്ത നിമിഷം തന്നെ അച്ചു അവളുടെ ചുമലിൽ പിടിച്ച് അവളെ തന്നിൽ നിന്ന് പറിച്ചു മാറ്റിയിരുന്നു. ഇച്ചായാ....... ഇടറിയ സ്വരത്താൽ അവൾ വിളിച്ചു. ഇച്ചായനോ????? ആരുടെ ഇച്ചായൻ???? പരിഹാസം നിറഞ്ഞ ചോദ്യം അവൻ അവൾക്ക് നേരെ തൊടുത്തു വിട്ടു. എന്റെ അറിവിൽ നിനക്ക് ഇച്ചായൻ ആയുള്ളത് ഈ നിൽക്കുന്ന ചേട്ടൻ മാത്രമാണ്.... പിന്നെ വർഷങ്ങൾക്ക് മുന്നേ നീ കൊന്ന ആഗസ്റ്റിയെ ആണ് തിരയുന്നത് എങ്കിൽ വേണ്ട..... അറുത്തു മുറിച്ചു കളഞ്ഞ ബന്ധങ്ങൾ ഒന്നും ഇനിയും വേണ്ട.......... ഇച്ചായാ.......... അത്രമേൽ നോവോടെ അവൾ അച്ചുവിനെ നോക്കി. അങ്ങനെ വിളിക്കരുത് എന്നെ........ അവന്റെ ശബ്ദം ഹാളിൽ മുഴങ്ങി. അച്ചൂ..... വേണ്ട....... ആരും ഇതിൽ ഇടപെടണ്ട..... എന്തോ പറയാൻ ആഞ്ഞ പോളിനെ അവൻ വാക്കുകളാൽ തടഞ്ഞു. ഇത്രയും കാലം ഇല്ലാത്ത തിരിച്ചറിവ് നിനക്ക് ഉണ്ടായത് ഇപ്പോഴാണല്ലേ????

ഇങ്ങനെ ഒരു കാര്യം സംഭവിച്ചില്ലായിരുന്നെങ്കിൽ നീ ഇച്ചായാന്ന് വിളിച്ച് ഇങ്ങനെ ഓടി വരുമായിരുന്നോ??????? പറ........ അനു മറുപടി ഇല്ലാതെ തല കുനിച്ചു. പെട്ടെന്ന് ഒരു ദിവസം ഓടി വന്ന് കെട്ടിപ്പിടിച്ചു കരയുമ്പോൾ എല്ലാം മറന്ന് ക്ഷമിക്കാൻ ഞാൻ യേശു ക്രിസ്തു ഒന്നുമല്ല...... വർഷങ്ങൾ ഇത്രയും നീ എന്നെ നോവിച്ചതിന് അവഗണിച്ചതിന് എന്ത് ന്യായം നിനക്ക് പറയാനാവും?????? നിന്നെ ഒന്നു ശിക്ഷിച്ചതിന് അല്ലെ നീ ഇത്രയും കാലം എന്നെ അകറ്റി നിർത്തിയത്??? അപ്പൊ ഇത്രയും വർഷം എന്നെ വേദനിപ്പിച്ച നിന്നോട് ഒറ്റ ദിവസം കൊണ്ട് എനിക്ക് പൊറുക്കാൻ കഴിയുവോ?????? അച്ചുവിന്റെ ചോദ്യത്തിന് നിറ കണ്ണുകളോടെ അവൾ അവനെ ദയനീയമായി നോക്കി. അവളുടെ ആ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സ്റ്റെയർ കയറി പോവുന്ന അച്ചുവിനെ നോക്കി തകർന്ന മനസ്സോടെ അവൾ നിന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story