ഹൃദയതാളമായ്: ഭാഗം 138

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹൃദയം തകർന്ന് പോവുന്നത് പോലെ. ഉള്ളം പിടയുന്ന വേദനയാൽ കാലുകൾക്ക് തളർച്ച ബാധിച്ചു. ഊർന്ന് താഴേക്ക് പോവാതിരിക്കാൻ അവൾ വാതിലിൽ മുറുകെ പിടിച്ച് നിന്നു. എമിക്ക് അവളുടെ അവസ്ഥ കണ്ട് വേദന തോന്നി. എങ്കിലും അച്ചുവിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം അവൾ പ്രതീക്ഷിച്ചതാണ്. അത്ര പെട്ടെന്ന് മറന്നു കളയാൻ മാത്രം ഒന്നും അല്ലല്ലോ അവൾ നൽകിയ വേദനകൾ. എമി അവളിലേക്കും സ്റ്റെയറിലേക്കും കണ്ണുകൾ പായിച്ചു. ആരെ സമാധാനിപ്പിക്കണം എന്നവൾക്ക് നിശ്ചയമില്ലായിരുന്നു. അച്ചുവിന് അരികിലേക്ക് പോവാൻ ഹൃദയം തുടിക്കുന്നുണ്ട് എങ്കിലും സർവ്വം നഷ്ടമായത് പോലുള്ള അനുവിന്റെ നിൽപ്പ് കണ്ടില്ലെന്ന് നടിച്ച് പോവാനും മനസ്സ് അനുവദിക്കുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നുപോയി. ആ നേരം കൊണ്ട് വാതിലിൽ ചാരി കണ്ണുനീർ പൊഴിക്കുന്ന അനുവിനെ ആൽവിച്ചൻ ചേർത്ത് പിടിച്ചിരുന്നു. അത് കൊതിച്ചെന്നത് പോലെ അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു. നീ കരയാതെ അനൂ.... ഒരു മാപ്പ് പറച്ചിൽ കൊണ്ട് തിരുത്താൻ കഴിയുന്ന തെറ്റുകൾ ഒന്നും അല്ലല്ലോ നീ അവനോട് പ്രവർത്തിച്ചത്.... അവനല്പം സമയം കൊടുക്ക്.... ഒത്തിരി നാളൊന്നും അവൻ നിന്നെ അകറ്റി നിർത്തില്ല...

അനുവിനെ നെഞ്ചിലേക്ക് അണച്ചു പിടിച്ച് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. അനുവിനെ ചേർത്ത് പിടിച്ച് പുറത്ത് തട്ടുന്നതിനിടയിൽ അവൻ എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്ന എമിയിലേക്ക് നോട്ടം പായിച്ചു. അച്ചുവിന് അരികിലേക്ക് ചെല്ലാൻ അവളെ കണ്ണുകൾ കാണിച്ചു. അത് മനസ്സിലാക്കേണ്ട താമസം എമി അനുവിനെ ഒന്നു നോക്കി തിരിഞ്ഞ് വേഗത്തിൽ പടികൾ കയറി. ധൃതിയിൽ പായുന്ന അവളുടെ പോക്ക് കണ്ട് ഒരു ചിരിയോടെ ആൽവി അനുവിനെ പൊതിഞ്ഞു പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓടി മുറിയിൽ ചെല്ലുമ്പോൾ ബെഡിൽ തലയ്ക്ക് കൈ താങ്ങി ഇരിക്കുന്ന അച്ചുവിനെയാണ് കാണുന്നത്. ഒരുനിമിഷം അവൾ അണച്ചു കൊണ്ട് ഒന്നു നിന്നു. അവൾ പതിയെ അകത്തേക്ക് കയറി വാതിൽ ചാരി അവന് അരികിലേക്ക് നടന്നു. ഇരുകാൽ മുട്ടിലും കൈകുത്തി നിർത്തി കൈവെള്ളയിൽ മുഖം അമർത്തി ഇരിക്കുകയാണവൻ. അവന്റെ ഉള്ളം ഒത്തിരി വേദനിക്കുന്നുണ്ട് എന്ന് ആ ഇരിപ്പ് കണ്ടപ്പോഴേ എമിക്ക് ബോധ്യമായി. അവന്റെ വേദന തന്നിൽ നോവ് പടർത്തുന്നത് അവൾ അറിഞ്ഞു. മെല്ലെ അച്ചുവിന് മുന്നിലേക്ക് നിന്ന് അവന്റെ ചുമലിൽ കൈ വെച്ചു. തോളിൽ സ്പർശം അറിഞ്ഞതും അച്ചു തലയുയർത്തി അവളെ ഒന്നു നോക്കി.

ആ കണ്ണുകളിൽ നിന്നവൾ അവന്റെ വേദന മനസ്സിലാക്കി. നിരാശയോ നോവോ മറ്റെന്തൊക്കെയോ ആ മിഴികളിൽ തളം കെട്ടി കിടക്കുന്നത് പോലെ. ആ മുഖത്ത് നിറയുന്ന ദുഃഖം അവളെ നോവിച്ചു. ആദ്യമായാണ് അവനെ അത്തരം ഒരു ഭാവത്തിൽ അവൾ കാണുന്നത്. ഇച്ചായാ............ അത്രമേൽ നേർമ്മയിൽ അവൾ വിളിച്ചു. മറുപടി ഒന്നും പറയാതെ അച്ചു അവളെ വലിച്ച് മടിയിലേക്ക് ഇരുത്തി. എമിയുടെ നോട്ടം അപ്പോഴും അവന്റെ കണ്ണുകളിൽ ആയിരുന്നു. തനിക്ക് നേരെ നീളുന്ന ഓരോ നോക്കിലും കുസൃതിയും പ്രണയവും നിറയുന്ന അവന്റെ കണ്ണുകളിൽ മറഞ്ഞിരിക്കുന്ന വേദന അവളെ പൊള്ളിച്ചു. അവൾ പോലും അറിയാതെ കൈവിരലുകൾ താനേ അവന്റെ കവിളിനെ പൊതിഞ്ഞു. അടുത്ത നിമിഷം തന്നെ അച്ചു അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവളെ ഇറുകെ പുണർന്നിരുന്നു. എമിയുടെ കൈകൾ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. തന്നിൽ മുറുകുന്ന അവന്റെ കൈകളിൽ നിന്ന് തന്നെ അവൻ എത്രമാത്രം അസ്വസ്ഥനാണെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു. ഒരു സാന്ത്വനം എന്ന പോൽ അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ തെന്നി നീങ്ങി. ഉള്ളിൽ നീറി പുകയുന്ന സങ്കടങ്ങൾ എല്ലാം എമിയെ തന്നിലേക്ക് വലിഞ്ഞു മുറുക്കി അവളിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു അവൻ.

ഉള്ളം വല്ലാതെ പിടയുന്നുണ്ടെന്നാലും താനും കൂടി തളർന്നു പോയാൽ അവൻ വീണ്ടും വേദനിക്കും എന്ന് മനസ്സിലാക്കി അവൾ സമചിത്തത വീണ്ടെടുത്തു. അയ്യോ... എന്നെ ഞെക്കി കൊല്ലല്ലേ.... കുറുമ്പ് നിറഞ്ഞ അവളുടെ വാക്കുകളാണ് അവളിൽ നിന്ന് അകലാൻ അച്ചുവിനെ പ്രേരിപ്പിക്കുന്നത്. എമിയുടെ കഴുത്തിൽ നിന്ന് മുഖം പിൻവലിച്ച് അവൻ അവളെ ഒന്നു നോക്കി. കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയുമായി തന്നെ നോക്കുന്നവളെ കണ്ടതും ഉള്ളിലെ സംഘർഷങ്ങൾക്ക് അയവ് വന്നതായി തോന്നി. അതേ ഇങ്ങനെ നിരാശ കാമുകനായി ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് തീരെ പിടിക്കുന്നില്ലാട്ടോ....... ചുണ്ട് കൂർപ്പിച്ച് വെച്ചവൾ അവനെ നോക്കി പേടിപ്പിച്ചു. എന്റെ ഡ്രാക്കു സ്ട്രോങ്ങ്‌ അല്ലെ???? എന്ത് വന്നാലും പാറ്റൺ ടാങ്ക് പോലെ അങ്ങ് നെഞ്ചും വിരിച്ച് നിൽക്കണം അല്ലാതെ ഒരുമാതിരി ലോലന്മാരെ പോലെ മോന്തയും വീർപ്പിച്ച് ഇരിക്കുവല്ല വേണ്ടത്..... അവൾ ചുണ്ട് ഒരുവശത്തേക്ക് കോട്ടി. അപ്പോഴും കണ്ണുകൾ കൂർത്ത് തന്നെ ഇരുന്നു. അവളുടെ ഭാവങ്ങൾ അവനിൽ ചിരി ഉണർത്താൻ തുടങ്ങിയിരുന്നു. നേർത്തൊരു മന്ദഹാസത്തോടെ അവൻ അവളെ നോക്കി. അവൾക്കും അത് തന്നെ ആയിരുന്നു വേണ്ടിയിരുന്നത്. അച്ചുവിന്റെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി അവളിൽ തണുപ്പ് പടർത്തി.

ഇരു കൈകളും അവന്റെ കവിളിൽ ഉറപ്പിച്ച് അവന്റെ കണ്ണുകളിൽ അളിഞ്ഞില്ലാതാവുന്ന ദുഃഖത്തിന്റെ തീവ്രതയിലേക്ക് മിഴി ഉറപ്പിച്ച് അവൾ ഇരുന്നു. മുഖം താഴ്ത്തി ഇരു കൺപോളകളിലും അവൾ മൃദുവായി ചുണ്ട് ചേർത്തു. ഈ കണ്ണുകളിൽ വേദന നിറയുന്നത് എനിക്ക് ഇഷ്ടമല്ല ഇച്ചായാ....... കവിളിൽ പെരുവിരലിനാൽ തലോടി അവൾ പറയവെ എന്തുകൊണ്ടോ ആ വാക്കുകൾ അവസാനം ഇടറി പോയി. നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ പിടയ്ക്കുന്ന നേത്രഗോളങ്ങളിലേക്ക് നോക്കി ഇടം കഴുത്തിൽ കരം അമർത്തി. മാറ്റാരെക്കൊണ്ടും എളുപ്പം സാധിക്കാത്ത ഒരു കഴിവ് നിന്നിലുണ്ട് അത് എന്താന്നറിയോ???? അവനിൽ നിന്ന് ഉയർന്ന ആ ചോദ്യത്തിന് അവൾ നെറ്റി ചുളിച്ചു. ആ മുഖത്ത് നിറയുന്ന സംശയഭാവങ്ങൾ ഒരു പുഞ്ചിരിയോടെ അവൻ വീക്ഷിച്ചു. നിനക്ക് ചുറ്റിനും ഉള്ളവരിൽ സന്തോഷം നിറയ്ക്കാൻ നിന്നെക്കൊണ്ട് ആവുന്നുണ്ട്. ഇത്ര നേരം ഞാൻ അനുഭവിച്ച പിരിമുറുക്കങ്ങൾ നിമിഷങ്ങൾ കൊണ്ട് നീ അലിയിച്ചു കളഞ്ഞു. നീ ശരിക്കും ഒരു salvation ആണ്. നിന്റെ ഈ ചിരിയും കുറുമ്പും ആണ് നിന്റെ ഏറ്റവും വലിയ ബെസ്റ്റ് ക്വാളിറ്റി. It is the best medicine for my whole problems. മൂക്കിൽ മൂക്ക് ഉരുമി അച്ചു അത് പറയവെ അതുവരെ അസ്വസ്ഥതയുടെ പുകമറയ്ക്കുള്ളിൽ വീർപ്പുമുട്ടിയ ഹൃദയത്തിൽ ഒരു ഇളം തെന്നൽ പുൽകിയത് പോലെ അവൾക്ക് തോന്നി. അവന്റെ തോളിലേക്ക് മുഖം ചേർത്തവൾ ഇരുന്നു. അശാന്തമായി മിടിച്ചു കൊണ്ടിരുന്ന ഹൃദയതാളം പൂർവ്വസ്ഥിതിയിലാവുന്നത് ഇരുവരും അറിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫ്രഷായി വാഷ്റൂമിൽ നിന്നിറങ്ങിയതും മനസ്സിൽ വല്ലാത്തൊരു ഭാരം ഒഴിഞ്ഞു പോയത് പോലെ അവന് തോന്നി. മുഖത്തെ വെള്ളതുള്ളികൾ ഒപ്പി ടവൽ ഹാങ്ങറിൽ വിരിച്ച് ടേബിളിൽ ഇരുന്ന ബനിയൻ എടുത്തിട്ട് ബെഡിൽ ഇരിക്കുന്ന എമിയെ ഒന്നു നോക്കി. എന്തോ ആലോചനയിൽ ചുറ്റി തിരിയുന്ന അവളെ കണ്ട് അവനൊന്ന് നിശ്വസിച്ചു. അവളുടെ മനസ്സിൽ എന്താണെന്ന് അവന് ഊഹിക്കാൻ കഴിഞ്ഞിരുന്നു. ഭയങ്കര ആലോചനയിൽ ആണല്ലോ???? എന്തിനാണാവോ ഈ കുഞ്ഞി തല ഇങ്ങനെ ഇട്ട് പുകയ്ക്കുന്നത്????? ചോദ്യത്തിനൊപ്പം അച്ചു അവളുടെ തലയിൽ ഒന്നു തട്ടി. മറുപടി പറയാതെ അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് അവന് അഭിമുഖമായി നിന്നു. അനുവിന്റെ കാര്യത്തിൽ എന്നതാ ഇച്ചായാ തീരുമാനം?????? മുഖവുര ഏതുമില്ലാതെ അവൾ ചോദിച്ചു. പ്രതീക്ഷിച്ച ചോദ്യം ആയിരുന്നെങ്കിൽ കൂടി അവൻ നിശബ്ദതയെ പുൽകി. ചെയ്തു പോയതെല്ലാം തെറ്റാണെന്ന് അവൾക്ക് ഇപ്പൊ അറിയാം. കുറ്റബോധം തോന്നിയ മനുഷ്യനോട്‌ ക്ഷമിക്കുവല്ലേ ഇച്ചായാ വേണ്ടത്????? നേർത്ത സ്വരത്തിൽ അവൾ ചോദിച്ചു. മറുപടിക്ക് മുന്നോടിയായി അവൻ ഒന്നു നിശ്വസിച്ചു. എനിക്കറിയാം അവൾ മാറിയെന്ന്. ചെയ്തു പോയ തെറ്റുകൾ ഓർത്ത് അവൾ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ട് എല്ലാം ശരി തന്നെ. പക്ഷെ എനിക്കും ഒരു മനസ്സുണ്ട്..... അവൾ അവഗണിച്ചപ്പോൾ വേദനിക്കാതിരിക്കാൻ എന്റെ ഹൃദയം പാറ ഒന്നുമല്ല.

അവളുടെ മനസ്സിൽ ഞാൻ മരിച്ചു കഴിഞ്ഞതാണെന്ന് എത്രയോ തവണ എന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞിട്ടുണ്ട് എന്നറിയോ????? അപ്പോഴൊക്കെ ഞാൻ എത്ര വേദനിച്ചിട്ടുണ്ട് എന്നറിയോ?????? സ്വന്തം കൂടപ്പിറപ്പിന്റെ കണ്ണിൽ വെറുപ്പ് കാണുന്നതിനേക്കാൾ നോവിക്കുന്ന ഒരു അവസ്ഥ വേറെയില്ല. അവൾ ഏൽപ്പിച്ച മുറിവുകൾ ഇന്നും ഹൃദയത്തിൽ പൊറുക്കാതെ കിടക്കുകയാണ്. അവൾ കാരണം ഈ വീടിന്റെ പടി പോലും ചവിട്ടാൻ കഴിയാതിരുന്നവനാണ് ഞാൻ. പെട്ടെന്ന് ഒരു ദിവസം വന്ന് കരഞ്ഞു മാപ്പ് പറഞ്ഞാൽ അത്ര നാളും അനുഭവിച്ചത് എല്ലാം മറക്കാൻ മാത്രം ഹൃദയ വിശാലതയൊന്നും എനിക്കില്ല. എനിക്ക് സമയം വേണം.... പഴയത് പോലെ അവളെ എന്റെ അനുവായി കാണാൻ.... എന്റെ കയ്യിൽ തൂങ്ങി നടന്ന വാശി കാണിച്ച കുറുമ്പ് കാട്ടിന്ന എന്റെ കുഞ്ഞി പെങ്ങളായി അവളെ കാണാൻ എനിക്ക് സമയം വേണം. അതുവരെ എനിക്ക് അവളെ അംഗീകരിക്കാൻ കഴിയില്ല....... അച്ചു പറഞ്ഞു നിർത്തിയതും എമി ഒന്നു നെടുവീർപ്പിട്ടു. എനിക്ക് മനസ്സിലാവും ഇച്ചായന്റെ അവസ്ഥ. ഒത്തിരി സ്നേഹിക്കുന്നവരുടെ ചെറിയൊരു പരിഭവം പോലും നമുക്ക് താങ്ങാൻ കഴിയില്ല. അപ്പൊ ഇത്രയും കാലം അവഗണന അനുഭവിച്ച ഇച്ചായന്റെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാൻ കഴിയും.

സമയം എടുത്ത് അവളോട്‌ ക്ഷമിച്ചാൽ മതി അവൾ കാത്തിരുന്നോളും. ഒരുപാട് നാളൊന്നും അവളെ കണ്ടില്ലാന്ന് നടിക്കാൻ ഇച്ചായന് ആവില്ലെന്ന് എനിക്കറിയാം. തുടക്കം ഗൗരവത്തിൽ ആയിരുന്നെങ്കിലും അവൾ പറഞ്ഞ് അവസാനിപ്പിച്ചത് തെല്ലൊരു കുറുമ്പോടെ ആയിരുന്നു. ആ സ്വരത്തിൽ തെളിഞ്ഞ കുസൃതി അവനിലും പുഞ്ചിരി തെളിയിച്ചു. ചുണ്ടിൽ കള്ളചിരി ഒളിപ്പിച്ചു നിൽക്കുന്ന അവളുടെ മൂക്കിൻ തുമ്പിൽ ഒന്നു വലിച്ച് അവൻ പുറത്തേക്കിറങ്ങി. പുറകെ ഒരു ചിരിയോടെ അവളും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചായ കുടിക്കാൻ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന അച്ചുവിനെ തന്നെ നോക്കി ഇരിക്കുകയാണ് അനു. ജോക്കുട്ടനെ മടിയിൽ വെച്ച് അവനോട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്. ജോക്കുട്ടൻ ആവട്ടെ അവന്റെ മീശയിൽ പിടിച്ചു വലിച്ചും കാതിൽ രഹസ്യം പറഞ്ഞും എല്ലാം കുസൃതി കാട്ടുന്നുണ്ട്. എല്ലാവരോടും സംസാരിക്കുന്നതിനിടയിൽ തനിക്ക് നേരെ അബദ്ധത്തിൽ പോലും അവന്റെ നോട്ടം വീഴുന്നില്ല എന്ന സത്യം അവളുടെ ഉള്ള് പൊള്ളിച്ചു. കണ്ണിൽ നീർതുള്ളികൾ ഉരുണ്ട് കൂടുന്ന വേളയിൽ കയ്യിൽ നനുത്ത ഒരു സ്പർശം അറിഞ്ഞതും അവളൊന്ന് തല ചരിച്ച് നോക്കി. അടുത്തിരിക്കുന്ന എമിയെ കണ്ടതും അവൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു.

ഞാൻ പറഞ്ഞില്ലേ അനൂ നീ ഇച്ചായന് അൽപ്പം സമയം കൊടുക്ക്.... ആ നെഞ്ചിൽ നിന്നോട് ഒരു കുന്നോളം സ്നേഹമുണ്ട് അത് മറ്റാരേക്കാൾ മനസ്സിലാക്കിയ ആളാണ് ഞാൻ. പക്ഷെ നീ തന്നെ ആ ഹൃദയത്തിൽ കോറിയിട്ട മുറിവുകളാണ് ഇടയിലുള്ള തടസ്സം. ആ മുറിവ് ഉണങ്ങുന്നത് വരെ നീ കാത്തിരുന്നേ മതിയാവൂ... ഒത്തിരിയൊന്നും നിന്നെ അവഗണിക്കാൻ നിന്റെ അഗസ്റ്റിച്ചനെ കൊണ്ടാവില്ല. പതിഞ്ഞ ശബ്ദത്തിൽ എമി അത് പറഞ്ഞതും നിറഞ്ഞ കണ്ണുകൾ തുടച്ച് അവളൊന്ന് പുഞ്ചിരിച്ചു. എനിക്ക് മനസ്സിലാവും എമീ.... ചില്ലറ ദ്രോഹം ഒന്നും അല്ലല്ലോ ഞാൻ എന്റെ ഇച്ചായനോട് ചെയ്തു കൂട്ടിയത്. ഈ നാവ് കൊണ്ട് എത്രയോ തവണ ഞാൻ തള്ളി പറഞ്ഞിട്ടുണ്ട്.... അതിനെല്ലാമുള്ള ശിക്ഷ ആയിരിക്കാം ഈ മൗനം. അവഗണിക്കുപ്പെടുമ്പോഴുള്ള വേദന ഞാനും അറിയട്ടെ എന്ന് കർത്താവ് കരുതി കാണണം. ഈ മൗനം പോലും എനിക്ക് കിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. ഇച്ചായൻ അനുഭവിച്ച അത്രയൊന്നും ഇതില്ലല്ലോ. ഞാൻ കാത്തിരുന്നോളാം...... വിഷമങ്ങൾക്ക് ഇടയിലും അവളൊന്ന് പുഞ്ചിരിച്ചു. എങ്കിൽ ഇനി മേലാൽ ഇങ്ങനെ ഇരുന്ന് മോങ്ങി പോവരുത്...... മുൻപ് എപ്പോഴും പുച്ഛമായിരുന്നു അതൊന്ന് അതൊന്ന് മാറിയപ്പോൾ ദേ ഇപ്പൊ ഫുൾ ടൈം കരച്ചിൽ. അല്ല എനിക്ക് അറിയാമ്മേലാത്തത് കൊണ്ട് ചോദിക്കുവാ നിന്റെ ദേഹത്ത് വല്ല കണ്ണീർ സീരിയലിലെ നായികയുടെ ബാധ കൂടിയോ ഇങ്ങനെ കിടന്ന് മോങ്ങാൻ?????? അവളുടെ ഒരു കണ്ണീരൊഴുക്കൽ....

ഇനി നീ ഇരുന്ന് മോങ്ങുന്നത് കണ്ടാൽ തല തല്ലി പൊളിക്കും ഞാൻ കേട്ടോടീ നാത്തൂനേ?????? അനുവിന്റെ തലയിൽ ഒരു കിഴുക്ക് കൊടുത്ത് എമി പറഞ്ഞതും അവൾ ചിരിച്ചു പോയി. എന്താണ് രണ്ടും കൂടി ഒരു രഹസ്യം പറച്ചിൽ????? റിയയുടെ ചോദ്യം കേട്ടതും രണ്ടുപേരും അവളെ തിരിഞ്ഞു നോക്കി. ഏട്ടത്തിയെ എങ്ങനെ ഒതുക്കണം എന്ന് ഞങ്ങൾ ആലോചിക്കുവായിരുന്നു അല്ലേ അനൂ????? എമി അവളെ നോക്കി ചോദിച്ചതും അനു ഒന്നു ചിരിച്ചു. അത് കണ്ടതും റിയയുടെ മുഖം വീർത്തു. ഓഹ്!!!!! ഇപ്പൊ നാത്തൂനും നാത്തൂനും ഒന്നിച്ചപ്പോൾ ഞാൻ പുറത്ത് അല്ലെ???? റിയ കണ്ണ് കൂർപ്പിച്ചു. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ച്വീറ്റ് ഏട്ടത്തിയെ പുറത്താക്കുവോ????? ഒരു തമാശ പറഞ്ഞതല്ലേ എന്റെ പൊന്നു ഏട്ടത്തീ........ എമി റിയയെ അരികിൽ പിടിച്ചിരുത്തി കവിളിൽ നുള്ളി. മ്മ്മ്.... പതപ്പിക്ക് പതപ്പിക്ക് നല്ലോണം പതപ്പിക്ക്........ ആൽവിച്ചൻ ജിച്ചൂട്ടനെ മടിയിൽ വെച്ച് എമിയെ നോക്കി പുച്ഛിച്ചു. എന്തായാലും നിങ്ങളുടെ അത്ര പതപ്പിക്കാൻ വേറെ ആർക്കും കഴിയില്ല. റിയയുടെ അസ്ഥാനത്തുള്ള ആ കുത്ത് കൊണ്ടതും ആൽവിച്ചൻ ഒന്ന് ഇളിച്ചു. അവന്റെ മുഖം കണ്ട് എല്ലാവരും ചിരിച്ചു പോയി. അവർക്ക് ഒപ്പം ഇരിക്കവെ സാറായും പോളും ഏറെ നാളുകൾക്ക് ശേഷം മനസ്സറിഞ്ഞ് ഒന്നു ചിരിച്ചു. ഒരിക്കൽ താളം പിഴച്ചു പോയ കുടുംബത്തിന്റെ ഒത്തൊരുമ തിരികെ കിട്ടിയ സന്തോഷം ആയിരുന്നു അവരിൽ. ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ അവർ കൺ നിറയെ ആ കാഴ്ച നോക്കി ഇരുന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story