ഹൃദയതാളമായ്: ഭാഗം 139

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വരാന്തയിൽ നിന്ന് കാര്യമായ ആലോചനകളിൽ ആണ് എമി. അകത്ത് എല്ലാവരോടും സംസാരിച്ച് നിൽക്കുമ്പോഴാണ് കോൺഫ്രൻസ് കോൾ എത്തുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ റോണിയും നിവിയും മറിയാമ്മയും ആയിരുന്നു. കോളേജിൽ നടന്ന സംഭവികാസങ്ങളെ പറ്റി അറിയാനുള്ള വിളിയാണ്. മുന്നേ വിളിച്ചപ്പോഴൊന്നും എടുക്കാൻ കഴിയാതിരുന്നത് കൊണ്ട് എല്ലാവരും ഹാളിൽ ഇരിക്കുന്ന ധൈര്യത്തിൽ വരാന്തയിലേക്ക് ഇറങ്ങി കോൾ അറ്റൻഡ് ചെയ്തു. എടുത്ത ഉടനെ മൂന്നും പൊരിഞ്ഞ ചോദ്യം ചെയ്യൽ ആയിരുന്നു. ഒരുവിധം എല്ലാത്തിന്റെയും വായ അടപ്പിച്ച് നടന്നതെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ട് മൂന്നിന്റെയും കാറ്റ് പോയില്ലന്നേ ഉള്ളൂ അമ്മാതിരി ഞെട്ടലാ ഞെട്ടിയത്. ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ നിമിഷങ്ങൾ വേണ്ടി വന്നു. എല്ലാം അറിഞ്ഞപ്പോൾ അച്ചുവിന്റെ നിലപാടിനെ ശക്തമായി പിന്തുണച്ചത് അവർ മൂന്നുപേരും ആയിരുന്നു. എത്രയൊക്കെ കുറ്റബോധം വന്നെന്ന് പറഞ്ഞാലും അവഗണനയുടെ വേദന സ്വന്തം അനുഭവത്തിലൂടെ പഠിച്ചാലേ ഇനിയൊരിക്കൽ കൂടി ഇത് ആവർത്തിക്കാതിരിക്കൂ എന്നാണ് മൂന്നിന്റെയും സ്റ്റാൻഡ്.

എങ്കിലും അനുവിനെ കണ്ണടച്ച് വിശ്വസിക്കാൻ മൂന്നുപേർക്കും ആയിട്ടില്ല. ഒരു സേഫ് ഡിസ്റ്റൻസ് എപ്പോഴും നിലനിർത്തിയാൽ മതി എന്നാണ് പറച്ചിൽ. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത്രനാളത്തെ അനുവിന്റെ സ്വഭാവം വെച്ച് ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ....... അനു ഒത്തിരി മാറി എന്ന ബോധ്യമുണ്ട് എങ്കിൽ തന്നെ അവരെ തിരുത്താൻ മുതിർന്നില്ല. അവരായിട്ട് തന്നെ അത് മനസ്സിലാക്കട്ടെ. കേട്ടറിവിനെക്കാൾ എന്തുകൊണ്ടും നല്ലത് അനുഭവിച്ച് ബോധ്യപ്പെടുന്നത് തന്നെയാണ്...... എമി ഒന്നു നെടുവീർപ്പിട്ടു. എത്ര പെട്ടെന്നാണ് മനുഷ്യൻ മാറുന്നത്?????? ചിലർ സ്വയമേ തെറ്റുകൾ മനസ്സിലാക്കി പുതിയ വീഥിയിലേക്ക് ചുവട് വെക്കുന്നു എന്നാൽ മറ്റ് ചിലർ സാഹചര്യങ്ങൾ മൂലം മാറപ്പെടുന്നു. അനുവിന്റെ മാറ്റം തന്നെ അപ്രതീക്ഷിതമായിരുന്നല്ലോ????? ഇങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും അഹങ്കാരം തലയ്ക്ക് പിടിച്ച ആ പഴയ അനുവായി അവൾ നടന്നേനെ. ചില മോശം കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നത് തീർച്ചയായും ഒരു നല്ല കാര്യത്തിന്റെ മുന്നോടിയായിട്ടായിരിക്കണം. ഒന്നു നിശ്വസിച്ച് അവൾ പുറത്തെ ഇരുട്ടിലേക്ക് മിഴികൾ ഊന്നി. ഭൂമിയെ ഒന്നാകെ ഇരുൾ വിഴുങ്ങിയിരിക്കുന്നു. പുറത്ത് വെളിച്ചം ഉണ്ടെങ്കിൽ തന്നെ ചെറിയൊരു ഭയം ഇല്ലാതില്ല.

നേരെ നോക്കിയാൽ എല്ലാവരെയും കാണാം എന്ന ധൈര്യത്തിൽ ആണ് നിൽക്കുന്നത് അല്ലെങ്കിൽ ഈ സമയത്തൊക്കെ വല്ലാത്ത ഭയമാണ്. എന്തോ പണ്ട് മുതലേ ആത്മാവ്, പ്രേതം അങ്ങനെയുള്ള കാര്യങ്ങളിൽ ചെറിയൊരു വിശ്വാസം ഉണ്ട് അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് ഇരുട്ടിൽ ഒക്കെ നിൽക്കാൻ ഒരു പേടിയാണ്. വെറുതെ അതൊക്കെ ആലോചിച്ചതും മനസ്സിൽ ഭയത്തിന്റെ വിത്തുകൾ മുള പൊട്ടിയിരുന്നു. നേർത്തൊരു കാറ്റ് അടിച്ചതും അവളൊന്ന് വിറച്ചു. കാതിൽ പൂച്ചയുടെ കരച്ചിൽ പതിച്ചതും എമി ഒറ്റ കുതിപ്പിന് അകത്ത് എത്തിയിരുന്നു. പെട്ടെന്ന് അകത്തേക്ക് കയറിയതും ആരുടെയോ ദേഹത്ത് തട്ടി ദേ കിടക്കുന്നു രണ്ടും കൂടി താഴെ. വീണ നടുക്കത്തിൽ എമി കണ്ണുകൾ ഇറുകെ അടച്ചു. എന്റെ അമ്മച്ചീ.......... നിലത്ത് വീണ മാത്രയിൽ ആരുടെയോ നിലവിളി ഉയർന്നു. ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ????? സംശയത്തോടെ അവളൊന്ന് കണ്ണ് തുറന്നതും കാണുന്നത് ആൽവിച്ചന്റെ മുഖമാണ്. എന്തുപറ്റി ആൽവിച്ചായാ?????? കണ്ണും മൂക്കും ഇല്ലാതെ വന്നെന്നെ ഉരുട്ടി വീഴ്ത്തിയതും പോരാഞ്ഞിട്ട് അവളുടെ ഒരു ചോദ്യം..... ഏറ്റു മാറെടീ മറുതേ എന്റെ ദേഹത്തുന്ന്........

ആൽവിച്ചൻ പല്ല് കടിച്ച് അലറുമ്പോഴാണ് താൻ ഇപ്പൊ അവന്റെ നെഞ്ചിൽ കിടക്കുവാണ് എന്ന ബോധം അവൾക്ക് വരുന്നത്. ഓഹ്!!!!!! സോറി സോറി........ എമി വേഗം അവനിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. രണ്ടിന്റെയും കിടപ്പ് കണ്ട് അച്ചു വന്ന് അവളെ പൊക്കി എടുത്തിരുന്നു. ബെല്ലും ബ്രേക്കും ഇല്ലാതെ ആണോടീ ഓടുന്നത്????? അച്ചു അവളെ നോക്കി കണ്ണുരുട്ടി. ഞാൻ പെട്ടെന്ന് പേടിച്ചിട്ട് ഓടിയതാ..... വീണപ്പോൾ നിലത്ത് ഇടിച്ച കൈമുട്ട് ഉഴിഞ്ഞു കൊണ്ട് അവൾ അച്ചുവിനെ നോക്കി. വേദനിക്കുന്നുണ്ടോ?????? അച്ചുവിന്റെ ചോദ്യത്തിന് അവൾ ചുണ്ട് പിളർത്തി അതേ എന്ന് തലയാട്ടി. അവൻ വേഗം തന്നെ അവളുടെ കൈ പിടിച്ചു നോക്കി. എടാ കാലമാടാ.... ഞാനിവിടെ കിടക്കുന്നത് നിന്റെ കണ്ണിന് പിടിക്കുന്നില്ലേടാ????? ഒന്നു വന്ന് പിടിച്ച് എണീപ്പിക്കെടാ നാറീ.... നിലത്ത് കിടന്ന ആൽവിച്ചൻ ഒച്ചയെടുത്തു. താൻ ഇതുവരെ എഴുന്നേറ്റില്ലായിരുന്നോ????? ചോദ്യത്തിനൊപ്പം അച്ചു അവന്റെ നേർക്ക് തിരിഞ്ഞു. എഴുന്നേറ്റെങ്കിൽ ഞാൻ ഇങ്ങനെ കിടക്കുമോടാ???? ആൽവിച്ചൻ പല്ല് കടിച്ചതും അച്ചു കൈ കൊടുത്ത് അവനെ പിടിച്ച് പൊക്കി എഴുന്നേൽക്കാൻ സഹായിച്ചു. അയ്യോ!!!! എന്റെ നടു ഒടിഞ്ഞേ.......

ആൽവി നടുവിന് കൈ താങ്ങി നിന്ന് നിലവിളിച്ചു. ഈർക്കിൽ പോലെ ഇരിക്കുന്ന അവളൊന്ന് വീണപ്പോൾ നീ അങ്ങോട്ട് തേഞ്ഞു പോയി..... നിന്ന് മോങ്ങാതെ കേറി പോടാ..... പോളിന്റെ സ്വരം ഉയർത്തിയതും ആൽവിച്ചൻ അയാളെ ദഹിപ്പിച്ച് നോക്കി ഊരക്ക് കൈ കൊടുത്ത് മുറിയിലേക്ക് നടന്നു. എവിടേലും ഒന്നു തട്ടിയാൽ അപ്പൊ നിന്ന് മോങ്ങിക്കോളും.ആണുങ്ങളുടെ വില കളയാൻ ഉണ്ടായവൻ....... പോൾ അത് പറഞ്ഞതും സാറാ അയാളെ ഒരു നോട്ടം. അതെങ്ങനെയാ അപ്പനെ കണ്ടല്ലേ മക്കൾ പഠിക്കുന്നത്........ ചുണ്ട് കോട്ടി അവർ പറഞ്ഞതും അയാൾ ചമ്മി പോയി. പിന്നെ അതൊന്നും പുത്തരി അല്ലാത്തത് കൊണ്ട് വളിച്ച ഒരു ഇളിയോടെ ആൾ സ്ഥലം കാലിയാക്കി. എല്ലാവരും അയാളുടെ പോക്ക് നോക്കി ചിരിക്കുമ്പോഴും എമിയുടെ മുഖത്തിന് തെളിച്ചമില്ലായിരുന്നു. ആൽവിച്ചൻ പോയ വഴിയേ നോക്കി ചുണ്ട് കൂർപ്പിച്ച് നിൽക്കുന്ന എമിയെ കണ്ട് അച്ചു നെറ്റി ചുളിച്ചു. മ്മ്മ്??????? എന്തെന്ന അർത്ഥത്തിൽ പിരികം ഉയർത്തി അവൻ എമിയുടെ കയ്യിൽ ഒന്നു തട്ടി. ഒത്തിരി നൊന്തു കാണുവോ???? വാടിയ മുഖത്തോടെ അവൾ ചോദിച്ചതും അച്ചു ചിരിച്ചു പോയി. എന്റെ പൊന്നു കൊച്ചേ നിനക്ക് ആൽവിച്ചനെ അറിഞ്ഞൂടെ?????

ഇവിടെ കാറിയത് പകുതിയും അങ്ങേരുടെ അടവാണ്. എന്തെങ്കിലും വന്നാൽ ഈ മോങ്ങൽ അങ്ങേർക്ക് സ്ഥിരമാണ്. നീ വെറുതെ അതോർത്ത് മുഖം വീർപ്പിക്കണ്ട..... അവൻ അത് പറഞ്ഞിട്ടും എമിയുടെ മുഖം തെളിഞ്ഞില്ല. ഇനി വല്ല സംശയം ഉണ്ടെങ്കിൽ ആ മുറിയിലോട്ട് ചെന്നു നോക്ക്..... അച്ചു പറഞ്ഞു നിർത്തിയതും എമി അവന്റെ മുഖത്തേക്ക് ഒന്നു നോക്കി. പിന്നെ നേരെ ആൽവിച്ചന്റെ മുറിയിലേക്ക് ഓടി. മുറിയുടെ വാതിൽക്കൽ ചെന്ന് നോക്കിയതും കണ്ടു ജോക്കുട്ടനുമായി മുറിയുടെ സൈഡിൽ തന്നെ ഇട്ടിരുന്ന സിംഗിൾ കോട്ട് ബെഡിൽ കിടന്ന് കുത്തി മറിയുന്ന ആൽവിച്ചനെ. ജോക്കുട്ടൻ അടുത്ത് കിടക്കുന്നവരുടെ ദേഹത്ത് കയ്യും കാലും ഇടുന്നത് കൊണ്ട് ഇപ്പൊ പപ്പയും മകനും പുതുതായി സെറ്റ് ചെയ്ത ബെഡിൽ ആണ് കിടപ്പ്. ആൽവിച്ചന്റെ കളി കണ്ടതും എമിക്ക് പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കയറി. മനുഷ്യനെ വിഷമിപ്പിച്ചിട്ട് വന്ന് കിടക്കുന്നത് കണ്ടില്ലേ???? അവൾ പല്ല് ഞെരിച്ചു കൊണ്ട് അകത്തേക്ക് കയറി ബെഡിൽ കിടന്ന പില്ലോ എടുത്ത് ആൽവിയെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. എടീ.... കാര്യം പറഞ്ഞിട്ട് തല്ലെടീ...... തനിക്ക് നേരെയുള്ള പ്രഹരങ്ങൾ തടുക്കാൻ ആവാതെ പറഞ്ഞു. അടവിറക്കി മനുഷ്യനെ പേടിപ്പിക്കുന്നോടോ കാട്ടുകോഴീ...... പില്ലോ കട്ടിലിൽ തിരികെ ഇട്ട് ആൽവിച്ചന്റെ മുടിയിൽ പിടിച്ച് വലിച്ച് അവൾ ചവിട്ടി കുലുക്കി പുറത്തേക്ക് പോയി.

കാര്യം മനസ്സിലാവാതെ ആൽവിച്ചൻ തലയും തടവി അവൾ പോയ വഴിയേ നോക്കി. എമി എന്നിനാ പപ്പേ അച്ചത്????? എല്ലാം കണ്ട് വായും തുറന്ന് നിന്ന ജോക്കുട്ടൻ അവനെ തോണ്ടി. അവൾക്ക് നട്ടപ്രാന്ത് ഇളകിയതാ മോനെ....... നത്തപാന്തോ???? അടെന്ത്‌ ചാദനം???? അത്‌ അറിയാനുള്ള പ്രായം എന്റെ കുഞ്ഞിന് ആയിട്ടില്ല. വലുതാവുമ്പൊ എന്റെ കുഞ്ഞ് തനിയെ അത് പഠിച്ചോളും നമുക്ക് ഇപ്പൊ ഉറങ്ങാം???? ആൽവിച്ചൻ ജോക്കുട്ടനെ പിടിച്ചു കിടത്തി അല്ലെങ്കിൽ ചെക്കൻ അടുത്ത സംശയങ്ങൾ ചോദിക്കും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എന്തൊക്കെയോ വാ നിറയെ പിറുപിറുത്തുകൊണ്ട് വരുന്ന എമിയെ കണ്ട് അച്ചു ശബ്ദമില്ലാതെ ചിരിച്ചു. എന്താ എമീ പോയി കണ്ട് ബോധിച്ചോ??? റിയയുടെ ചോദ്യം കേട്ടതും അവൾ പിറുപിറുക്കൽ നിർത്തി അവളെ നോക്കി. കാണുകയും ചെയ്തു കൊടുക്കേണ്ടത് എല്ലാം കൊടുക്കുകയും ചെയ്തിട്ടുണ്ട്. കെറുവിച്ച് പറഞ്ഞവൾ റിയയുടെ കയ്യിൽ കണ്ണും പൂട്ടി ചുരുണ്ട് കിടന്നുറങ്ങുന്ന ജിച്ചൂട്ടനെ നോക്കി. ഒറ്റ നിമിഷം കൊണ്ട് മുഖത്തെ പരിഭവം മാറി കണ്ണുകളിൽ വാത്സല്യം അലതല്ലി മെല്ലെ മുഖം കുനിച്ച് അവന്റെ ഉറക്കം തടസ്സപ്പെടുത്താത വിധം നെറ്റിൽ കുഞ്ഞു ഒരുമ്മ കൊടുത്തു. ഗുഡ് നൈറ്റ്‌ ഏട്ടത്തീ......

റിയയുടെ കവിളിൽ ഒന്നു മുത്തി അവൾ ചിരിച്ചു. മറുപടിയായി അവളുടെ കവിളിൽ ഒന്നു തട്ടി പുഞ്ചിരിച്ച് റിയ മുറിയിലേക്ക് നടന്നു. കിടക്കാൻ ഉദ്ദേശം ഒന്നുമില്ലേ????? അച്ചു അരികിൽ വന്ന് ചോദിച്ചതും അവളൊന്ന് അവനെ നോക്കി അതേ സമയം തന്നെ അനു അവർക്ക് അരികിലേക്ക് എത്തിയിരുന്നു. അനുവിനെ കണ്ടതേ അച്ചു ഒന്നും മിണ്ടാതെ മുഖം തിരിച്ച് പോയി. ഹൃദയം ഒന്നു പിടച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞില്ല. താൻ അത് അർഹിക്കുന്നു എന്ന തിരിച്ചറിവ് അവളിൽ ബലപ്പെട്ടിരുന്നു. എമിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചവൾ തെളിച്ചമില്ലാതെ ഒന്നു പുഞ്ചിരിച്ചു. അതിൽ നിന്ന് തന്നെ അവളുടെ ദുഃഖം എമിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു നിമിഷങ്ങൾ അവൾക്കൊപ്പം ചിലവഴിച്ച് സങ്കടപ്പെട്ട് ഇരുന്നവളെ തന്നാൽ ആവുന്ന വിധം ഹാപ്പി ആക്കാൻ അവൾ ശ്രമിച്ചു. അതിൽ ഏറെക്കുറെ അവൾ വിജയം കാണുകയും ചെയ്തു. വീണ്ടും ഓരോന്ന് സംസാരിച്ച് ഇരിക്കാൻ തുടങ്ങിയതും സാറാ രണ്ടിനെയും വഴക്ക് പറഞ്ഞ് ഓടിച്ചു. കപട ദേഷ്യം മുഖത്ത് അണിഞ്ഞു നിൽക്കുന്ന അവരുടെ ഇരുകവിളിലും ചുണ്ട് ചേർത്ത് അവർ ഇരുവരും ഒരുമിച്ച് സ്റ്റെയർ ഓടി കയറി. ഒരു നിമിഷം കൊണ്ട് സാറായുടെ മനസ്സ് നിറഞ്ഞു.

അനുവിൽ നിന്ന് ഏറെ കാലത്തിന് ശേഷം ലഭിക്കുന്ന സ്നേഹചുംബനം.... അവളുടെ മാറ്റത്തിൽ ഏറെ സന്തോഷിക്കുന്നുണ്ടായിരുന്നു ആ അമ്മ മനം. ഉള്ളിൽ തിങ്ങി നിറഞ്ഞ സന്തോഷം മിഴിനീരായി കണ്ണുകളിൽ തളം കെട്ടി. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവർ നിറഞ്ഞ കണ്ണുകൾ തുടച്ച് മുറിയിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനുവിന്റെ മുറിയുടെ വാതിൽക്കൽ എത്തിയതും രണ്ടുപേരുടെയും കാലുകൾ നിന്നു. അപ്പൊ ശരി. ഗുഡ് നൈറ്റ് നാത്തൂനേ... അനുവിന്റെ കവിളിൽ ഒന്നു നുള്ളി വലിച്ച് എമി പുഞ്ചിരിച്ചു. മറുപടി പറയുന്നതിന് മുന്നോടിയായി അനു അവളെ ഇറുകെ പുണർന്നു. ഗുഡ് നൈറ്റ് എമീ........ അവളിൽ നിന്ന് അകന്നു മാറി ഒന്ന് കണ്ണ് ചിമ്മി അനു മുറിയിലേക്ക് കയറി. അവളുടെ പ്രവർത്തിയിൽ ചുണ്ടിൽ ഉതിർന്ന പുഞ്ചിരിയുമായി എമി മുറിയിലേക്ക് നടന്നു. മുറിയുടെ ചാരിയിട്ട വാതിൽ തുറന്ന് അകത്ത് കയറവെ അകം ശൂന്യമായിരുന്നു. അച്ചുവിനെ കാണാതെ നെറ്റി ഒന്ന് ചുളിഞ്ഞെങ്കിലും വാഷ്റൂമിൽ നിന്ന് ശബ്ദം കേട്ടതും അവൻ അതിനകത്ത് ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. പിന്തിരിഞ്ഞ് ഡോർ അടച്ച് കുറ്റിയിട്ട് അവൾ ബെഡിന് അരികിലേക്ക് നടന്നു. ബെഡിൽ അലസമായി കിടന്നിരുന്ന പില്ലോ എടുത്ത് യഥാസ്ഥാനത്ത് വെച്ച് തിരിഞ്ഞതും തുറന്ന് കിടക്കുന്ന ബാൽക്കണി സ്ലൈഡ് ഡോർ കണ്ട് അവളുടെ ശ്രദ്ധ അങ്ങോട്ടായി. എന്തോ ഉൾപ്രേരണയാൽ അവളുടെ കാലുകൾ അങ്ങോട്ട്‌ ചലിച്ചു.

ഔട്ട്‌ഡോർ ബാൽക്കണി ലൈറ്റിന്റെ നേർത്ത വെളിച്ചം തളം കെട്ടി കിടക്കുന്നതിനാൽ അവൾക്ക് അവിടെ നിൽക്കാൻ അത്ര ഭയമൊന്നും തോന്നിയില്ല. മനസ്സ് ഇപ്പോൾ തികച്ചും ശാന്തമാണ്. തെളിഞ്ഞ ഒരു പുഴ പോലെ. അവളുടെ മിഴികൾ ഇരുണ്ട ആകാശത്തേക്ക് പാഞ്ഞു. നിലാവിന്റെ കൂട്ട് ഇല്ലാതെ താരകങ്ങൾ മാത്രം നിറഞ്ഞ് നിൽക്കുന്ന വാനം. മുത്ത് വാരി വിതറിയത് പോലെ നിറയെ നക്ഷത്രങ്ങൾ. എന്നാൽ അതിൽ ഒരു നക്ഷത്രത്തിന് മാത്രം വല്ലാത്തൊരു തിളക്കമായിരുന്നു. ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്ന ആ ഒറ്റപ്പെട്ട താരകത്തിലേക്ക് അവൾ ദൃഷ്ടി ഊന്നി. ഇതെന്താ അതിന് മാത്രം ഇത്ര പ്രത്യേകത??????? മനസ്സിൽ ചിന്തിച്ച് അവൾ ഒത്തിരി നേരം അതിൽ തന്നെ നോട്ടം പതിപ്പിച്ച് നിന്നു ഏറെനേരം..... അരക്കെട്ടിൽ മുറുകിയ കൈകളും കാതിൽ അടിച്ച ചുടു നിശ്വാസവും ആയിരുന്നു അവളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. കാര്യമായ എന്തോ ആലോചനയിൽ ആണല്ലോ????? മ്മ്ഹ്ഹ്...... വാക്കുകൾക്ക് അകമ്പടി എന്നോണം കാതിൽ ചുണ്ടുകൾ ഉരസി കടന്നു പോയി. തോളിലായി അവന്റെ താടി അമർന്നു. ഒന്നൂല്ല.... ഞാൻ ചുമ്മാ ദേ ആ നക്ഷത്രത്തെ നോക്കി നിന്നതാ... അതിന് മാത്രം എന്തോ ഒരു അട്ട്രാക്ഷൻ ഉള്ളത് പോലെ.

തിളങ്ങുന്ന ആ കുഞ്ഞു താരകത്തിലേക്ക് ചൂണ്ടി അവൾ പറഞ്ഞതും അച്ചുവും ഒരുവേള കണ്ണുകൾ അങ്ങോട്ട്‌ പായിച്ചു. മറ്റുള്ളവയിൽ നിന്ന് അകന്ന് നിൽക്കുന്ന ആ ഒറ്റ തരകത്തിൽ കണ്ണ് ഉടക്കിയതും ഒരുനിമിഷം അതിലേക്ക് തന്നെ നോക്കി നിന്നുപോയി. പിന്നെ എന്തോ ഓർത്തെന്നത് പോലെ അവൻ മുഖം തിരിച്ചു. തന്റെ കൈക്കുള്ളിൽ ഒതുങ്ങി കൂടി നിൽക്കുന്ന എമിയെ ഒന്നു നോക്കി. അവളുടെ മിഴികൾ ഇപ്പോഴും ആ നക്ഷത്രത്തിൽ നിന്ന് വ്യതി ചലിച്ചിട്ടില്ല. കൗതുകത്തോടെ ആകാശത്ത് തന്നെ നോക്കി നിൽക്കുന്ന അവളെ കാൺകെ കണ്ണുകളിൽ പ്രണയം മിന്നി മാഞ്ഞു. ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖത്തിന്‌ മുൻപൊന്നും ഇല്ലാതിരുന്ന ഒരു ശോഭ പോലെ..... ഉള്ളിൽ ഓളം തല്ലി ഉയരുന്ന പ്രണയത്തിരയുടെ പ്രതിഭലനം എന്നോണം അവന്റെ കൈകൾ വീണ്ടും അവളെ ചുറ്റി വരിഞ്ഞു. കഴുത്തിനെ മറച്ചു കിടന്ന മുടിയിഴകൾ തെന്നി മാറുന്നതും കഴുത്തിൽ ഇഴഞ്ഞു നീങ്ങുന്ന അധരങ്ങളുടെ ചൂടും അവൾ അറിഞ്ഞു. ഒന്നു പിടഞ്ഞു കൊണ്ടവൾ അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെ അവന് അഭിമുഖമായി തിരിഞ്ഞു. അവനിലേക്ക് തിരിയവെ ആദ്യം തന്നെ കണ്ണിൽ ഉടക്കിയത് അവന്റെ ഉറച്ച നഗ്നമായ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന പൊൻ കുരിശ് ആയിരുന്നു. അതുവരെ ഇല്ലാത്ത ഒരു തിളക്കം ആ കുരിശിന് ഉള്ളത് പോലെ..... ഒരു നിമിഷം മതിമറന്ന് അവളാ കുരിശിലേക്ക് നോക്കി നിന്നു.

പിന്നെ എന്തോ ഓർത്തെന്നത് പോലെ തല കുടഞ്ഞ് മെല്ലെ മിഴികൾ ഉയർത്തി അച്ചുവിനെ നോക്കി. കണ്ണുകളിൽ കുസൃതി നിറച്ച് തന്നെ നോക്കി നിൽക്കുന്നവനെ കണ്ട് അവളുടെ നേത്ര ഗോളങ്ങൾ ഒന്നു പിടഞ്ഞു. ആ നോട്ടത്തിന് മുന്നിൽ സ്വയം അലിഞ്ഞില്ലാതാവുന്നത് പോലെ. ബോഡിയും കാണിച്ച് എന്റെ മുന്നിൽ വന്നു നിൽക്കാൻ നാണമുണ്ടോ നിങ്ങൾക്ക്????? പോയീ തുണി ഉടുക്ക് മനുഷ്യാ......... തന്നിൽ ഉടലെടുത്ത മാറ്റങ്ങൾ അവൻ മനസ്സിലാക്കാതിരിക്കാൻ മുഖത്ത് ഇല്ലാത്ത ഗൗരവം അണിഞ്ഞ് പെട്ടെന്ന് അവൾ പറഞ്ഞു. ഞാനെന്നാത്തിനാ നാണിക്കുന്നത്???? ഞാൻ മിന്നുകെട്ടിയ എന്റെ പെമ്പറന്നോത്തിയുടെ മുന്നിലല്ലേ നിൽക്കുന്നത്????? അവനൊന്ന് കണ്ണിറുക്കി. ഹാ... എന്നു പറഞ്ഞ്.... ഇന്നലെ വരെ ഇച്ചായൻ ബനിയൻ ഇട്ടല്ലേ മുറിയിൽ നിന്നിരുന്നത്?????? പിന്നേ ഈ ചൂടത്ത് മുറിയിൽ ബനിയൻ ഇട്ടോണ്ട് നടക്കുവല്ലേ????? അപ്പൊ ഞങ്ങൾ പെണ്ണുങ്ങൾ ഇടുന്നതോ?????? എമി അവനെ നോക്കി പിരികം വളച്ചു. നിനക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീയും ഊരിയിട്ട് നടന്നോടീ ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളൂ... മീശ പിരിച്ച് അവൻ പറഞ്ഞതും കണ്ണ് കൂർപ്പിച്ചവൾ അവന്റെ നെഞ്ചിൽ ഒന്നു ഇടിച്ച് അവനെ തള്ളി മാറ്റി പോവാൻ ആഞ്ഞു. അങ്ങനെ പോവാതെടീ.......

അച്ചു വീണ്ടും അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്തു. പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അവൾ ഇരു കൈകളും അവന്റെ നെഞ്ചിൽ വെച്ചു പോയി. അവന്റെ ഇടനെഞ്ചിന് മുകളിൽ സ്ഥാനം പിടിച്ച അവളുടെ വലതു കൈപ്പത്തിയിലൂടെ ശക്തമായി മിടിക്കുന്ന അവന്റെ ഹൃദയതുടിപ്പുകൾ തുളഞ്ഞു കയറി. ഒരു നിമിഷം അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. ഇതെന്താ ഇങ്ങനെ ഇടിക്കുന്നത്?????? കരം ഒന്നുകൂടി അവിടെ അമർത്തി വെച്ച് അവൾ അവന്റെ മുഖത്തേക്ക് നോക്കി. അതോ???????? ചോദ്യത്തിന് ഒപ്പം കുറുമ്പോടെ അവന്റെ ചുണ്ടുകൾ അവളുടെ കാതിനെ ലക്ഷ്യമാക്കി നീങ്ങി. It's murmuring of heart, a secret murmuring of love........ കാറ്റിനെക്കാൾ പതിഞ്ഞ അവന്റെ സ്വരം അവളുടെ കാതിനെ പുണർന്നു. ഒരുനിമിഷം ഹൃദയം നിലച്ചത് പോലെ അവൾക്ക് തോന്നി. അതുവരെ ഇല്ലാത്ത ഒരു വശ്യത അവന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു. ചെവിക്ക് കീഴിൽ അവന്റെ നനുത്ത ചുംബനം വീണുടഞ്ഞു. ശ്വാസം വിലങ്ങിയത് പോലെ.... അവളുടെ കൈകൾ അവന്റെ നെഞ്ചിൽ മുറുകി. മിഴികൾ കൂമ്പി അടഞ്ഞു പോയി. അവളിലെ മാറ്റങ്ങൾ ആസ്വദിച്ചവൻ ചുംബിച്ചിടത്ത് തന്നെ അത്രമേൽ മൃദുവായി പല്ലുകൾ ആഴ്ത്തി.

അടുത്ത നിമിഷം തന്നെ അവളിൽ നിന്ന് ഒരു ഏങ്ങൽ ഉയർന്നു. പെരുവിരലിനാൽ അവളൊന്ന് ഉയർന്നു. വീണ്ടും അവിടെ എണ്ണമില്ലാത്ത ചുംബനങ്ങൾ അവളുടെ കഴുത്തിൽ പതിഞ്ഞു കൊണ്ടിരുന്നു. ബലം നഷ്ടമായത് പോലെ അവൾ അവനിലേക്ക് ചാഞ്ഞു നിന്നു. ആ കുഞ്ഞു ശരീരത്തിലെ ഭാരം മുഴുവൻ തന്നിലേക്ക് വന്നിടിഞ്ഞത് അറിഞ്ഞവൻ കഴുത്തിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി. കണ്ണുകൾ അടച്ച് നെഞ്ചിൽ മുഖം ചേർത്ത് നിൽക്കുന്നവളെ കണ്ട് അവന്റെ ചുണ്ടിൽ കുസൃതി ചിരി തെളിഞ്ഞു. അടഞ്ഞ കൺപോളകൾക്ക് മുകളിൽ ചുണ്ട് ചേർത്തവൻ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. വേഗത്തിൽ ഉയരുന്ന ഇരു ഹൃദയതാളങ്ങൾ ഒന്നായി മിടിക്കുന്നത് വരെ ആ നിൽപ്പ് തുടർന്നു. കിടക്കണ്ടേ???????? ഏറെ നേരത്തിന് ഒടുവിൽ ആ ചോദ്യം കാതിൽ വന്ന് അലച്ചതും അവനെ ഒന്നു നോക്കി തലയാട്ടി. ഒരു ചിരിയോടെ അവളെ പൊക്കിയെടുത്ത് അകത്തേക്ക് കയറി ബെഡിലേക്ക് വീഴുമ്പോൾ നെറുകിൽ പതിഞ്ഞ അവന്റെ ചുംബനം അവളെ നിദ്രയിലേക്ക് തള്ളിയിട്ടു. ചുണ്ടിൽ തങ്ങി നിന്ന നേർത്തൊരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ മുഖം അമർത്തി വെച്ചവൾ സുഖകരമായ ഉറക്കത്തിലേക്ക് തെന്നി വീണു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story