ഹൃദയതാളമായ്: ഭാഗം 14

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അപ്പുവേട്ടാ........ അലറി കൂവിക്കൊണ്ടവൾ അപ്പുവിന് നേരെ ഓടിയടുത്തു. എമി കുട്ടാ........ അപ്പു അവളെ പൊക്കിയെടുത്തു വട്ടം കറക്കി. അവൾ സന്തോഷത്തോടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അച്ചു ഒരു ചിരിയോടെ അതെല്ലാം നോക്കി നിന്നു. അയ്യോ അപ്പുവേട്ടാ മതി...... താഴെ നിർത്ത് എനിക്ക് തലകറങ്ങുന്നു......... എമി വിളിച്ചു കൂവുന്നുണ്ടങ്കിലും അപ്പു അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ വീണ്ടും അവളെ കറക്കുന്ന തിരക്കിലാണ്. താഴെ നിർത്തെടോ ദുഷ്ടാ അവളെ ഞാൻ കോഴിക്കും പൂച്ചക്കും കൊടുക്കാതെ വളർത്തുന്നതാ....... റോണി ഓടിച്ചെന്നവളെ അവന്റെ കയ്യിൽ നിന്ന് നിലത്തിറക്കി. തലകറങ്ങിയിട്ട് കാല് നിലത്തുറക്കാതെ തലകുടയുന്ന അവളെ അച്ചു ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. കൊല്ലുവാടോ താനെന്റെ കൊച്ചിനെ???? റോണി ചോദിക്കുന്നത് കേട്ടതും അവനൊന്ന് ഇളിച്ചു കാണിച്ചു. അത് പിന്നെ കുറെ നാൾ കൂടി കണ്ടപ്പോൾ..... എന്നിട്ടെന്നെ കണ്ടപ്പോൾ ഇതൊന്നും ഇല്ലായിരുന്നല്ലോ????? ഓഹ് എടുത്തു പൊക്കി കറക്കാൻ പറ്റിയ ചളുക്ക്. അങ്ങ് മാറി നിക്കെടാ അലവലാതി.........

അവൻ റോണിയെ തള്ളിമാറ്റി എമിക്കരികിലേക്ക് നടന്നു. സുഖാണോ മോളെ????? ആടോ തലകറങ്ങി കിളിപോയി നിക്കുമ്പോൾ പിന്നെ നല്ല സുഖല്ലേ????? ചുറ്റിനും എത്രയെത്ര നക്ഷത്രങ്ങളും കിളികുഞ്ഞുങ്ങളുമാ അല്ലെ എമി????? ഇവനെ ഞാൻ..... അപ്പു പല്ല് കടിച്ച് അവനെ നോക്കി. അവൻ പറ്റാവുന്നത് പോലെ പുച്ഛം വാരിവിതറി. എനിക്ക് സുഖാണേട്ടാ. ഏട്ടനോ????? ഇപ്പോഴും സിംഗിൾ ആയി നിൽക്കുന്നതൊഴിച്ചാൽ വേറെയൊരു സുഖക്കേടും എനിക്കില്ല. അത് കേട്ടതും അച്ചു അമർത്തി ചിരിക്കാൻ തുടങ്ങി. നീ ചിരിക്കരുത് കള്ള പന്നി. എന്റെ പ്രേമം സെറ്റക്കാൻ കൂടെ വന്ന നീ ഇവളെ കേറി പ്രേമിച്ചു. സിംഗിളായി നിന്ന നീ കമ്മിറ്റെഡ് ആയി കമ്മിറ്റെഡ് ആവാൻ പോയ ഞാൻ ഇപ്പോഴും സിംഗിൾ. അതെങ്ങനാ ഒരു ഗ്യാപ് കിട്ടിയാൽ നീയും ഇവളും കൂടി അടിയായിരുന്നില്ലേ????? നിന്റെയൊക്കെ തല്ല് കൂടലിന് പരിഹാരം കാണുന്ന നേരമുണ്ടായിരുന്നെങ്കിൽ എനിക്കാ അശ്വതിയെ എങ്കിലും വളക്കാമായിരുന്നു. അപ്പുവിന്റെ രോദനം കേട്ടതും എമിക്കും റോണിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.

അവർ രണ്ടുപേരും വയറ് പൊത്തി ചിരിക്കാൻ തുടങ്ങി. അയ്യോ അമ്മേ...... എനിക്കിനി ചിരിക്കാൻ വയ്യേ......... എമി നെഞ്ചിൽ കൈവെച്ച് ചിരിയടക്കിക്കൊണ്ട് റോണിയുടെ തോളിലേക്ക് ചാഞ്ഞു. അല്ലെടി നീയെന്തിനാ ഇങ്ങനെ സ്കാർഫ് ഇട്ടിരിക്കുന്നത് സാധാരണ കഴുത്ത് മുറുകും എന്ന് പറഞ്ഞ് നീയിങ്ങനെ ഇടാറില്ലല്ലോ?????? നെറ്റിച്ചുളിച്ചുള്ള അവന്റെ ചോദ്യം കേട്ടതും അവൾ ചിരി നിർത്തി അച്ചൂനെ നോക്കി കണ്ണുരുട്ടി . അത് കണ്ടതും അതുവരെ കടൽ കണ്ടിട്ടില്ലാത്ത മട്ടിൽ അവൻ കടലിലേക്ക് നോക്കി ഗവേഷണം നടത്താൻ തുടങ്ങി. അവളുടെ ഭാവവും അച്ചൂന്റെ നിൽപ്പും കണ്ടതും അപ്പൂന് കാര്യങ്ങൾ ഏറെക്കുറെ കത്തി. അതേ ആക്രാന്തം സ്വല്പം കുറക്കാം. പയ്യെ തിന്നാൽ പനയും തിന്നാം. പതിയെ അവന്റെ കാതിലായി പറഞ്ഞുകൊണ്ട് റോണിക്ക് അടുത്ത സംശയത്തിനുള്ള ഇട കൊടുക്കാതിരിക്കാൻ അപ്പു അവനെയും വലിച്ചു കൊണ്ട് ബജി കടയിലേക്ക് നടന്നു. പുറകെ എമിയേയും കൂട്ടി അച്ചുവും അങ്ങോട്ട്‌ നടന്നു. കയ്യിൽ ബജി കിട്ടിയതും റോണിയുടെ സംശയങ്ങൾ എല്ലാം മാറി. ആഹാരത്തിന് മുന്നിൽ സംശയങ്ങൾ പാടില്ലല്ലോ. തമ്മിൽ തല്ല് കൂടിയും കുറുമ്പ് കാട്ടിയും ഒരുപാട് നേരം അവിടെ ചിലവഴിച്ചു കഴിഞ്ഞാണ് അവർ തിരികെ പോയത്.

റോണിയുടെ കൂടെ ബൈക്കിൽ കയറി പോവാൻ നിന്ന അവളുടെ കവിളിൽ ആരും കാണാതെ ഒന്ന് ചുംബിക്കാനും അവൻ മറന്നില്ല. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവന്റെ കയ്യിൽ അമർത്തി നുള്ളിയവൾ ഓടി വണ്ടിയിൽ കയറി. തിരിഞ്ഞു നോക്കുമ്പോൾ നിന്നെ ഞാൻ എടുത്തോളാം എന്ന ഭാവത്തിൽ നിൽക്കുന്ന അവനെ നോക്കി അവൾ കൊഞ്ഞനം കുത്തി കാണിച്ചു. അത് കാണവേ അറിയാതെ പോലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ബൈക്ക് മുന്നോട്ട് എടുക്കുമ്പോൾ തിരിഞ്ഞ് അവരെ നോക്കി കൈവീശി കാണിക്കുന്ന അവളെ അവൻ കണ്ണിൽ നിന്ന് മറയും വരെ നോക്കിനിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിതേങ്ങാ ചിരകണ് ചിരകണ് അത് ഞെക്കി പിഴിയണ് പിഴിയണ് തേങ്ങാ പാൽ ആഹാ തേങ്ങാ പാൽ തേങ്ങാ പാൽ.........🎶 (കരിക്ക് 😜) അടുക്കളയിൽ തേങ്ങ ചിരവുന്നതിനൊപ്പം പാട്ട് പാടുന്ന ആൽവിയെ കണ്ട് സാറാ അറിയാതെ തലയിൽ കൈവെച്ചു പോയി. നിന്നോട് തേങ്ങാ ചിരവാനാ ഞാൻ പറഞ്ഞത് അല്ലാതെ പാട്ട് കച്ചേരി നടത്താനല്ല. ചിരവിയത് മുഴുവൻ വയറ്റിലാക്കേം ചെയ്യും അതിന്റെ കൂടെ പാറ പുറത്ത് ചിരട്ടയിട്ട് ഉരക്കുന്നത് പോലെ അവന്റെ കഴുത രാഗവും. വളർന്നു വരുന്ന ഒരു കലാപ്രതിഭയെയാണ് അമ്മച്ചി മുളയിലേ നുള്ളാൻ ശ്രമിക്കുന്നത്.

പ്രതിഭയോ അവളെപ്പോ വന്നു?????? അതുവരെ അവിടെയെങ്ങും ഇല്ലാതിരുന്ന പോൾ അടുക്കളയിലേക്ക് എത്തി നോക്കിക്കൊണ്ട് ചോദിച്ചു. അത് കേട്ടതും സാറാ കയ്യിലിരുന്ന ചട്ടുകം പൊക്കി അയാളെ തിരിഞ്ഞു നോക്കി. കാലാപ്രതിഭ എന്നാണ് പറഞ്ഞത് അതിൽ പ്രതിഭ മാത്രെ ഡാഡിയുടെ ചെവിയിൽ കയറിയുള്ളോ?????? ആൽവി അയാളെ നോക്കി ചോദിച്ചു. അത് കേട്ടതും സാറാ കണ്ണുരുട്ടി അയാളെ നോക്കി. ആഹാ അമ്മച്ചി ഭൂലൻദേവി ആയി തുടങ്ങി. ഒന്നാഞ്ഞു ശ്രമിച്ചാൽ പപ്പയെ കൂടി അടുക്കളയിൽ കയറ്റാം. മനസ്സിൽ ഗൂഢമായി ചിന്തിച്ചു കൊണ്ടവൻ പോളിന് നേരെ തിരിഞ്ഞു. ബൈ ദുബായ് ഈ പ്രതിഭ എന്ന് പറയുന്നത് പണ്ട് പപ്പ പത്താം ക്ലാസ്സിൽ വെച്ച് ലവ് ലെറ്റർ കൊടുത്ത പപ്പ എപ്പോഴും പറയുന്ന ആ ഉണ്ടക്കണ്ണിയല്ലേ?????? ആൽവി അയാൾക്കുള്ള പെട്ടിയിലെ അവസാന ആണിയും അടിച്ചു. ഓഹോ അപ്പൊ നിങ്ങൾ അവളെയും മനസ്സിൽ വെച്ച് നടക്കുവാണല്ലേ????? അങ്ങേരുടെ ഒരു ഉണ്ടക്കണ്ണി. ഉണ്ടക്കണ്ണി അല്ല മത്തക്കണ്ണി....... പെണ്ണുങ്ങളെ കാണുമ്പോഴുള്ള നിങ്ങളുടെ ഇളക്കം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. വയസ്സാം കാലത്ത് വായിനോട്ടവുമായി ഇറങ്ങിയിരിക്കുവാ കള്ള കിളവൻ........... എന്റെ സാറാമ്മേ ഞാൻ തെറ്റായ ഉദ്ദേശം വെച്ച് ചോദിച്ചതല്ല.

നിങ്ങൾ എന്ത് ഉദ്ദേശത്തിൽ ചോദിച്ചതാണെന്നൊക്കെ എനിക്ക് മനസ്സിലായി. ഇതിന്റെ ശിക്ഷയായി ആ സിങ്കിൽ കിടക്കുന്ന പാത്രം മുഴുവൻ ഡാഡിയെ കൊണ്ട് കഴുകിക്ക് അമ്മച്ചി. ആൽവി നൈസായി ഒന്നെറിഞ്ഞു നോക്കി. ഒന്ന് പോടാ എരണംകെട്ടവനെ. ഇവൻ ചുമ്മാ നമ്മളെ തെറ്റിക്കാൻ പറയുന്നതാടി നീ ഇതിൽ വീഴരുത്. നിങ്ങൾ മിണ്ടരുത് പണ്ട് നിങ്ങളുടെ പഞ്ചാരവാക്കിൽ വീണതിന്റെയാ ഞാനീ അനുഭവിക്കുന്നത്. അവൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല പോയി പാത്രം കഴുകാൻ നോക്ക്. സാറാമ്മേ........... നിന്ന് നകുലൻ കളിക്കാതെ പണിയെടുക്ക് മനുഷ്യാ.......... അത്രയും പറഞ്ഞവർ അവിടെ നിന്ന് ചവിട്ടി തുള്ളി പോയി. വരണം വരണം മിസ്റ്റർ പോൾ ജോസഫ്. വിശാലമായ ഈ അടുക്കള ലോകത്തേക്ക് ഡാഡിക്കെന്റെ ഹാർദ്ധവമായ സ്വാഗതം.......... ആൽവി പറയുന്നത് കേട്ടതും അയാൾ പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി. സ്വന്തം അപ്പന്റെ നെഞ്ചത്ത് തന്നെ പണിയണമെടാ....... ഒരു പെണ്ണിന്റെ പേര് കേട്ടപ്പോൾ തന്നെ ചാടി വീഴാൻ ഞാൻ പറഞ്ഞോ????? ഇനി അനുഭവിച്ചോ.......... അയാളെ നോക്കി ചുണ്ട് കോട്ടി അവൻ തേങ്ങാ ചിരവാൻ തുടങ്ങി. ഇവനെയൊക്കെ ഉണ്ടാക്കുന്ന നേരം വല്ല കപ്പയും നട്ടിരുന്നെങ്കിൽ രണ്ടു മൂഡ് കപ്പയെങ്കിലും കിട്ടിയേനെ.

ഓഹ് പിന്നേ പാതിരാക്ക് പപ്പ കപ്പ നടാൻ പോവല്ലേ. മിണ്ടാതെ നിന്ന് പണിയെടുക്കണം മിസ്റ്റർ അല്ലെങ്കിൽ അമ്മച്ചി അമ്മിക്കല്ലിന് വീക്കും. വേറെ നിവർത്തിയില്ലാതെ അയാൾ പാത്രം കഴുകാൻ തുടങ്ങി. അത് നോക്കി ചിരിയടക്കി കൊണ്ട് ആൽവിയും തന്റെ ജോലിയിലേക്ക് തിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടിൽ എത്തിയ ഉടൻ എമി അവന്റെ ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് ഓടി. ഹാളിലെ സോഫയിൽ തന്നെയും കാത്തെന്നത് പോലെ ഇരിക്കുന്ന ജോണിനെ കണ്ടതും അവൾ മുഖം വീർപ്പിച്ച് അയാൾക്കരികിൽ ചെന്നിരുന്നു. അത് കണ്ടതും അയാൾ ഒരു ചിരിയോടെ അവളുടെ കവിളിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തി. അവൾ മുഖം വെട്ടിച്ച് നീങ്ങിയിരുന്നു. എന്തുപറ്റി പപ്പയുടെ കുഞ്ഞൻ നല്ല ചൂടിലാണല്ലോ???? ഒന്നും അറിയില്ലല്ലേ എന്നെ നാണം കെടുത്തിയതും പോരാഞ്ഞിട്ട് ചോദിക്കുന്നത് കേട്ടില്ലേ??? ഹഹഹഹ....... അപ്പൊ അച്ചു എല്ലാം പറഞ്ഞല്ലേ??? പറഞ്ഞെന്നു മാത്രല്ല ഫോണിൽ കാണിച്ചും തന്നു. നാണംകെട്ടു പോയി. അതിനെന്റെ കുഞ്ഞന് നാണോം മാനൊക്കെ ഉണ്ടോ?????? പപ്പാ.......

ചിണുങ്ങി കൊണ്ടവൾ അയാളുടെ ചുമലിൽ പതിയെ ഇടിച്ചു. ചുമ്മാ പറഞ്ഞതാടാ....... എന്തായാലും എനിക്കെന്റെ മരുമകനെ അങ്ങ് ബോധിച്ചു. പപ്പക്ക് ഇപ്പോഴാ ആശ്വാസമായത് അച്ചുവിന്റെ കൂടെ എന്റെ കുഞ്ഞൻ ഹാപ്പി ആയിരിക്കും. അത് കേൾക്കെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. അതേ മരുമകനെ കിട്ടുമ്പോൾ നമ്മളെ ഒക്കെ വേണ്ടാതാകുവോ????? അവൾ കുറുമ്പൊടെ ചോദിച്ചു. എന്റെ കുഞ്ഞനെ ഞാൻ വേണ്ടെന്ന് പറയുവോ. നീയല്ലേടീ എന്റെ എല്ലാം. നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു പറയുമ്പോൾ അയാളുടെ ഉള്ളിൽ മകളോടുള്ള വാത്സല്യമായിരുന്നു. അവളൊരു ചിരിയോടെ അയാളുടെ കവിളിൽ അമർത്തി ചുംബിച്ച് മുകളിലേക്കോടി. അവളുടെ പോക്കും നോക്കി ചിരിയോടെ അയാൾ സോഫയിലേക്ക് ചാരി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പാപ്പൻ അടുക്കള ഭരണത്തിലായതിനാൽ കൂട്ടൊന്നുമില്ലാതെ മുറ്റത്ത് ഒറ്റയ്ക്ക് പന്ത് തട്ടി കളിക്കുകയായിരുന്നു ജോക്കുട്ടൻ. കുഞ്ഞു കാൽ കൊണ്ട് പന്തിൽ തട്ടും അതുരുണ്ട് പോവുന്നതിനനുസരിച്ച് അവനും പന്തിന് പുറകെ ഓടും. കുഞ്ഞിന്റെ കളി നോക്കിക്കൊണ്ട് റിയ വരാന്തയിൽ തന്നെ ഇരുന്നു. ജോക്കുട്ടൻ പന്തിൽ ഒന്ന് ശക്തമായി തൊഴിച്ചു. പന്ത് ചെന്ന് കൊണ്ടത് ഗാർഡനിൽ ആരെയോ ഫോൺ ചെയ്തു കൊണ്ടിരുന്ന അനുവിന്റെ ദേഹത്തും. ഇട്ടിരുന്ന വിലകൂടിയ വൈറ്റ് ടീഷർട്ടിൽ ചെളിയിൽ കുതിർന്ന പന്തിന്റെ അടയാളം പതിഞ്ഞതും അവൾ കലിയോടെ മുന്നിലേക്ക് നോക്കി.

മുന്നിൽ നിൽക്കുന്ന ജോകുട്ടനെ കണ്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു. എന്തിനാടാ എന്റെ ദേഹത്ത് പന്ത് തെറിപ്പിച്ചത്????? നാൻ പന്ത് കച്ചുമ്പൊ ഇവിതെ നിന്നിത്തല്ലേ???? കെറുവോടെ അവൻ പറഞ്ഞു. തർക്കുത്തരം പറയുന്നോടാ......... നീയിത് മനഃപൂർവം ചെയ്തതല്ലേടാ????? നീ പോതി പത്തി.... ടാ........ അവൾ ദേഷ്യത്തിൽ അവന് നേരെ കയ്യുയർത്തിയതും ജോക്കുട്ടൻ കയ്യിലിരുന്ന പന്ത് കൊണ്ട് അവളുടെ തലയിൽ എറിഞ്ഞു. ആഹ്........... അവൾ വേദനയോടെ തലയിൽ കൈവെച്ചു. അപ്പോഴേക്കും റിയ ഓടി അവിടെ എത്തിയിരുന്നു. അയ്യോ അനൂ എന്താ പറ്റിയേ?????? പറ്റിയത് നിങ്ങൾ കണ്ടില്ലായിരുന്നോ. ദേ ഈ നിൽക്കുന്ന സാധനം എന്റെ തലയിൽ പന്ത് വെച്ച് എറിഞ്ഞതാ. അവൾ ജോക്കുട്ടനെ നോക്കി പല്ല് കടിച്ചു. എന്തായിത് ജോകുട്ടാ ???? നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ മറ്റുള്ളവരെ ഉപദ്രവിക്കരുതെന്ന്. ആന്റിയോട് സോറി പറഞ്ഞേ..... റിയ കുഞ്ഞിന് നേരെ ദേഷ്യപ്പെട്ടു. എനിക്ക് ആരുടേയും സോറിയും കോറിയും ഒന്നും വേണ്ട. ഓരോന്ന് പറഞ്ഞു പഠിപ്പിച്ച് ചെയ്യിപ്പിച്ചിട്ട് നിന്ന് സോളോ ഡ്രാമ കളിക്കണ്ട എനിക്കെല്ലാം മനസ്സിലാവും.

ഞാനെന്ത് ചെയ്തിട്ടാ അനു നീയിങ്ങനെ ഒക്കെ പറയുന്നത്. വന്ന കയറിയ നാൾ മുതൽ നിന്നെ ഞാൻ അനിയത്തികുട്ടി ആയല്ലേ കണ്ടിട്ടുള്ളൂ.... എന്നിട്ടും നീയെന്തിനാ എന്നോടിങ്ങനെ വെറുപ്പ് കാണിക്കുന്നത്?????? അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈ മുതല കണ്ണുനീർ കണ്ടൊന്നും ഞാൻ വീഴില്ല. എന്റെ ഇച്ചായനെ വശീകരിച്ച് സ്വന്തമാക്കിയതും പോരാഞ്ഞിട്ട് എന്റെ രണ്ടാമത്തെ ഇച്ചായൻ എന്ന് പറയുന്ന ആളിന്റെ കൂടെ കൂടി എനിക്കെതിരെ നാവുയർത്തിയ നിങ്ങളെ എനിക്ക് വെറുപ്പാണ്. കാൽ കാശിന് വകയില്ലാത്ത ദരിദ്രവാസിയായ നിങ്ങളെന്റെ ഇച്ചായന്റെ ഭാര്യയാണെന്ന് പറയുന്നത് തന്നെ എനിക്ക് നാണക്കേടാണ്. അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇവിടെ കടിച്ചു തൂങ്ങി കിടക്കാതെ ഇറങ്ങി പൊക്കൂടെ???????? കലിയോടെ റിയയോട് പറഞ്ഞവൾ തിരിയവെ തീപാറുന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ പതറി. ദേഷ്യത്താൽ ചുവന്നു വിറയ്ക്കുന്ന അവന്റെ മുഖം കണ്ടതും അവൾ ഭയത്തോടെ ഉമിനീരിറക്കി........... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story