ഹൃദയതാളമായ്: ഭാഗം 141

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ദിവസങ്ങൾ വീണ്ടും മാറ്റമില്ലാതെ കൊഴിഞ്ഞു വീണു. കോളേജ് ദിനങ്ങളും അതിഗംഭീരമായി പോയി മറഞ്ഞു. ലാബും റെക്കോർഡും എല്ലാം കഴിഞ്ഞ് സ്റ്റഡി ലീവ് വന്നെത്തി. സ്റ്റഡി ലീവ് ആഘോഷമാക്കാൻ നിന്ന എമിക്ക് ഓർക്കപ്പുറത്തുള്ള അടി ആയി അച്ചുവിന്റെ ഭരണപരിഷ്കാരങ്ങളും പുതിയ ടൈം ടേബിളും. അച്ചു സ്റ്റേഷനിൽ നിന്ന് തിരിച്ചു എത്തുമ്പോൾ കൊടുത്ത ചാപ്റ്റർ എല്ലാം പഠിച്ചു തീർത്തില്ലെങ്കിൽ ചെവിക്ക് നുള്ളും വഴക്കും എല്ലാം കിട്ടും. അച്ചുവിന്റെ ഹിറ്റ്ലർ നയങ്ങളിൽ നട്ടം തിരിഞ്ഞ എമി പരാതിയുമായി ഹൈ കോടതിയായ പോളിനെ ചെന്ന് സമീപിച്ചു. ദാരുണമായി അത് പരാജയപ്പെട്ടു എന്ന് മാത്രമല്ല പണി അനുവിന് കൂടി കിട്ടി. ഒന്നു തിരിയാൻ പോലും സമ്മതിക്കാതെ അനുവിനെ സാറായും പോളും ചേർന്ന് പൂട്ടി. അതോടെ എമിക്ക് ഒരുവിധം സമാധാനമായി കൂട്ടിന് ഒരാൾ ആയല്ലോ. അച്ചു ഹിറ്റ്ലർ ആയും പോൾ മുസോളനി ആയും അവതരിച്ചപ്പോൾ എമിക്കും അനുവിനും പഠിപ്പ് തന്നെ ശരണം. സപ്ലിയുമായി വന്നാൽ സാറാ കാല് തല്ലി ഒടിക്കും എന്നാണ് കരക്കമ്പി. അതോടെ താൻ പാതി ദൈവം പാതി എന്ന പോളിസിയിൽ ആണ് ഇരുവരും. റോണിയെയും നിവിയെയും വിളിച്ചു വരുത്തി കമ്പയിൻഡ് സ്റ്റഡി എന്ന നാടകം നാത്തൂനും നാത്തൂനും ചേർന്ന് അവതരിപ്പിച്ചെങ്കിലും അച്ചു പൊളിച്ച് അടുക്കി കയ്യിൽ കൊടുത്തു.

അതിനിടയിൽ പറ്റാവുന്നത് പോലെ എല്ലാം അനു അച്ചുവിനോട് അടുക്കാൻ നോക്കിയെങ്കിലും അച്ചു അതിവിദഗ്തമായി അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി. ഒരു ഞായറാഴ്ച ദിവസം. മന്ത്രിക്ക് നേരെ പ്രതിപക്ഷ പാർട്ടിയുടെ ആക്രമണം ഉണ്ടായതും അച്ചുവിന് പാതിരാത്രി അങ്ങോട്ട്‌ പോവേണ്ടി വന്നു. അത്‌ കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും നേരം വെളുത്തിരുന്നു. ഉറക്കം നിന്നതിന്റെ ക്ഷീണം മാറ്റാൻ കിടന്നുറങ്ങുന്ന അവനെ ശല്യം ചെയ്യാതെ എമി എഴുന്നേറ്റ് താഴേക്ക് പോന്നു. താഴെ എത്തി സോഫയിൽ പത്രം വായിച്ചു കൊണ്ടിരുന്ന പോളിനോട് തല്ല് കൂടി അവൾ നേരെ അടുക്കളയിൽ എത്തി. ഗുഡ് മോർണിംഗ് അമ്മച്ചീ......... ദോശ ചുട്ടു കൊണ്ടിരുന്ന സാറായുടെ അരികിൽ ചെന്നവൾ കിച്ചൺ സ്ലാബിൽ ചാരി നിന്നു. ആഹ്!!!! എണീറ്റോ???? അതേല്ലോ......... ഒരു താളത്തിൽ പറഞ്ഞവൾ ചിരിച്ചു. അവൻ എഴുന്നേറ്റില്ലേ കൊച്ചേ?????? ഇല്ല അമ്മച്ചി... ഇന്നലെ വൈകി അല്ലെ എത്തിയത്. ഉറങ്ങട്ടെ എന്നു ഞാനും കരുതി അതുകൊണ്ട് വിളിച്ച് ശല്യം ചെയ്യാൻ പോയില്ല. ഇത് ആരുടെ കാര്യമാ ഈ പറയുന്നത്?????

ചോദ്യം കേട്ട് നോക്കിയതും വാതിൽക്കൽ നിൽക്കുന്ന റിയയെ കണ്ടവൾ പുഞ്ചിരിച്ചു. ഇച്ചായന്റെ കാര്യമാ ഏട്ടത്തി. ഏതോ മന്ത്രിയെ ആരോ അപായപ്പെടുത്താൻ ശ്രമിച്ചു. അതുകൊണ്ട് ഇന്നലെ ഉറങ്ങി കിടന്ന ഇച്ചായന് അതിന്റെ പിന്നാലെ പോവേണ്ടി വന്നു. പാതിരാത്രി പോയിട്ട് ഇന്ന് വെളുപ്പിനാ എത്തിയത്. എമി പറഞ്ഞു നിർത്തിയതും റിയ അവൾക്ക് അരികിലേക്ക് എത്തിയിരുന്നു. അവൻ പാതിരാക്ക് പോയത് നീ അറിഞ്ഞായിരുന്നോ പെണ്ണേ????? ചിരി അടക്കി പിടിച്ച് ചോദിക്കുമ്പോഴും അതിൽ ഒളിഞ്ഞിരുന്ന കളിയാക്കൽ എമിക്ക് മനസ്സിലായിരുന്നു. കളിയാക്കുവൊന്നും വേണ്ട പണ്ട് എപ്പോഴോ ഇച്ചായൻ പോയപ്പോൾ അറിഞ്ഞില്ല എന്ന് പറഞ്ഞ് എപ്പോഴും അങ്ങനെ ആണെന്ന് കരുതണ്ട. ഇച്ചായൻ പോയത് അറിഞ്ഞെന്നു മാത്രമല്ല ഞാനാ ഇച്ചായനെ പറഞ്ഞയച്ച് വാതിൽ കുറ്റി ഇട്ടത്. എമി കെറുവോടെ പറഞ്ഞു. അമ്പോ!!!!!! അത് അത്ഭുതം ആണല്ലോ മോളെ????? നമ്മുടെ എമികൊച്ച് അങ്ങ് ഉത്തമ ഭാര്യ ആയി പോയല്ലോ????? സാറാ പറഞ്ഞതും റിയ ചിരിക്കാൻ തുടങ്ങി. അമ്മച്ചീ..........

ചിണുങ്ങി കൊണ്ടവൾ നിലത്ത് ചവിട്ടി. ഇതെന്താ ഇവിടെ ഒരു ബഹളം?????? അനു അടുക്കള വാതിൽക്കൽ വന്ന് അകത്തോട്ട് എത്തി നോക്കി. ആഹ്!!!!! വന്നോ????? ഞങ്ങളേ നിന്റെ നാത്തൂനെ പറ്റി പറയുവായിരുന്നു. റിയ ചിരിയോടെ അവളെ നോക്കി. അതെന്താണാവോ????? അനു നെറ്റി ചുളിച്ച് അവരെ നോക്കി. നമ്മുടെ എമിയേ ഇപ്പൊ പഴയ ആൾ ഒന്നുമല്ല. സ്വന്തം ഭർത്താവിന്റെ ജോലിതിരക്കുകൾ എല്ലാം അറിഞ്ഞ് പാതിരാത്രി പോവേണ്ടി വന്ന ഭർത്താവിനെ ഉറക്കം അളച്ച് യാത്രയാക്കിയ ഉത്തമ ഭാര്യയാണ് നിന്റെ ഈ നാത്തൂൻ. റിയ ചിരി അടക്കി വെച്ച് പറഞ്ഞതും എമിയുടെ മുഖം വീർപ്പിച്ചു വെച്ച ബലൂൺ പോലെ ആയി. എമിയുടെ നിൽപ്പും അവരുടെ സംസാരവും കേട്ട് ചിരി വന്നെങ്കിലും അനു അത് പുറമെ കാണിക്കാതെ മുഖത്ത് ഗൗരവം അണിഞ്ഞു. ദേ... ദേ.... മതി എന്റെ നാത്തൂനെ കളിയാക്കുന്നത്. അനു അവരെ രണ്ടിനെയും ഒന്നു കൂർപ്പിച്ചു നോക്കി എമിയെ പിന്നിലൂടെ ചെന്ന് കഴുത്തിലൂടെ കൈച്ചുറ്റി ചേർത്ത് പിടിച്ചു.

തമ്മിൽ കണ്ടാൽ കടിച്ചു കീറാൻ നിന്നതുങ്ങളാ ഇപ്പൊ ചക്കരയും അടയും പോലെ ഒട്ടി നിൽക്കുന്നത്. ഇനി എന്തൊക്കെ കാണണം എന്റെ ദൈവമേ!!!!! സാറാ കൈമലർത്തി. ഞങ്ങൾ നാത്തൂന്മാർ തമ്മിലുള്ള സ്നേഹം കണ്ടിട്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല സാറാ കൊച്ചേ... എമി അത് പറഞ്ഞ് നാക്ക് നീട്ടി കാണിച്ചു. അയ്യടാ അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം ആയിട്ട് അങ്ങനെ സ്നേഹിക്കണ്ട ഞാനും ഉണ്ട്...... റിയ അവർ രണ്ടുപേരുടെയും ഇടയിലേക്ക് നുഴഞ്ഞു കയറി. സാറാ ആ കാഴ്ച കണ്ട് മനസ്സ് അറിഞ്ഞ് ചിരിച്ചു. ഈശോയേ... ഞങ്ങൾ ഇത് എന്നതാ ഈ കാണുന്നത്?????? ശബ്ദം കേട്ട് തിരിഞ്ഞു നോക്കവെ വാതിൽക്കൽ കൈ കെട്ടി നിൽക്കുന്ന ആൽവിച്ചനെയും പോളിനെയുമാണ് കാണുന്നത്. ഒരു ഫോട്ടോ എടുത്തു വെച്ചാലോ ഡാഡി ഇതുപോലെ ഒരു അസുലഭനിമിഷം ഇനി കിട്ടി എന്ന് വരില്ല. ആൽവിച്ചൻ ഡോറിൽ ചാരി നിന്ന് പറഞ്ഞു. എന്നതായാലും ഏറെ കാലത്തിന് ശേഷം എന്റെ മോൾ ഒന്ന് അടുക്കളയിൽ കാല് കുത്തിയത് കണ്ടു. തിരുപ്പതിയായി മോളെ ഈ ഡാഡിക്ക് തിരുപ്പതിയായി.... ചളി വാരി എറിയുന്ന ഡാഡിയുടെയും മകന്റെയും ശ്രദ്ധയ്ക്ക് ഇത് അടുക്കളയാണ് കൂടുതൽ കിടന്ന് ഡയലോഗ് അടിച്ചാൽ പിടിച്ച് ഇവിടെ നിർത്തി പെർമനെന്റ് ആക്കി കളയും. അല്ലെ അമ്മച്ചീ??????

എമിയുടെ ചോദ്യത്തിന് സാറായുടെ തലയാട്ടൽ കൂടി ആയതോടെ ഡാഡിയും മകനും നൈസായി അവിടുന്ന് തടി തപ്പി. വെറുതെ എന്തിനാ പണി ഇരന്നു വാങ്ങുന്നത്...... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു ഉണർന്നത് അറിഞ്ഞ് ചായയുമായി മുറിയിലേക്ക് നടന്നതാണ് എമി. പോവുന്ന വഴി അനുവിനെ കാണുമ്പോഴാണ് ചായയുമായി അവളെ പറഞ്ഞു വിട്ടാൽ രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ അതൊരു വഴി ആകുമല്ലോ എന്ന ബുദ്ധി തോന്നുന്നത്. കാര്യം പറഞ്ഞ് അനുവിനെ വിളിച്ചെങ്കിലും പെണ്ണ് നിന്ന് വിറയ്ക്കാൻ തുടങ്ങി. ഒരുവിധം അവളെ വലിച്ച് മുറിയുടെ വാതിൽക്കൽ കൊണ്ടു നിർത്തി ചായക്കപ്പ് അവളുടെ കയ്യിൽ വെച്ച് കൊടുത്തു. അവൾക്ക് ആകട്ടെ ആകെ ഒരു വെപ്രാളം. ചായ കപ്പ് പിടിച്ച് ആകത്തേക്ക് കയറാൻ മടിച്ച് അവൾ അടുത്ത് എമിയെ നോക്കി. എടീ ഞാൻ തന്നെ പോണോ????? പോവാതെ പിന്നെ???? ഇത് പോലൊരു അവസരം ഇനി കിട്ടില്ല അങ്ങോട്ട്‌ ചെല്ല് പെണ്ണേ...... എമി അവളെ ഒന്നു ഉന്തി. പെട്ടെന്ന് മുന്നോട്ട് ആഞ്ഞു പോയെങ്കിലും അവൾ ബാലൻസ് ചെയ്തു നിന്ന് പിന്നോട്ട് വലിഞ്ഞു. എടീ.... ഇച്ചായൻ വഴക്ക് പറയും..... നിന്ന് താളം ചവിട്ടാതെ കയറെടീ അങ്ങോട്ട്..... എമി അവളെ അകത്തേക്ക് ഒറ്റ തള്ള്. കൃത്യമായി അനു മുറിയിലേക്ക് ചെന്ന് നിന്നു.

ടവലിൽ മുഖം തുടച്ച് നേരെ നോക്കിയ അച്ചു കാണുന്നത് മുന്നിൽ ചായ കപ്പും പിടിച്ച് നിൽക്കണോ പുറത്തോട്ട് ഓടണോ എന്നറിയാതെ തപ്പി കളിക്കുന്ന അനുവിനെ ആണ്. അവളുടെ നിൽപ്പ് കണ്ടതും അച്ചു നെറ്റി ചുളിച്ചു. മ്മ്മ്മ്?????? പിരികം ഉയർത്തി അച്ചു അവളെ നോക്കി. അത്..... പിന്നെ...... ചാ... ചായ...... കയ്യിൽ ഇരുന്ന ചായക്കപ്പ് അനു അവന് നേരെ നീട്ടി. അത് ശരി, നീയാണോ എനിക്ക് എല്ലാ ദിവസവും ചായ കൊണ്ടുവരുന്നത്????? അച്ചു ടവൽ ഹാങ്ങറിൽ വിരിച്ച് അവളെ നോക്കി. മ്മ്ഹ്ഹ്......... നിഷേധാർത്ഥത്തിൽ തല ഇരുവശത്തേക്കും ചലിപ്പിച്ച് അവൾ മുഖം താഴ്ത്തി. എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്നവളെ കണ്ടതും അവനൊന്ന് നിശ്വസിച്ചു. മ്മ്മ്.... അവിടെ വെച്ചേക്ക്...... സൈഡിലെ ടേബിൾ ചൂണ്ടി അവൻ പറഞ്ഞതും അവൾ ചായക്കപ്പ് അവിടെ വെച്ചു. ചായ വെച്ച് തിരിഞ്ഞു പോവാൻ നോക്കിയതും വാതിൽക്കൽ ഒളിഞ്ഞു നോക്കി കണ്ണുരുട്ടുന്ന എമിയെ കണ്ടതും അവൾ അതേ സ്പീഡിൽ അച്ചുവിന് നേരെ തിരിഞ്ഞു. മ്മ്മ്.... ഇനി എന്താ?????? അവളുടെ വരവ് കണ്ട് ഗൗരവം ഒട്ടും കുറയ്ക്കാതെ അവൻ ചോദിച്ചു. ഇച്ചായാ.... അത്... ഞാൻ.... എന്താ????? ഇച്ചായാന്നോ???? നീ അങ്ങനെ അല്ലല്ലോ എന്നെ വിളിച്ചിരുന്നത്??????

ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൻ അവൾക്ക് മുന്നിൽ കൈകെട്ടി നിന്നു. പല തവണ അവനെ പേരെടുത്ത് വിളിച്ചത് ഓർക്കെ അനുവിന്റെ തല കുനിഞ്ഞു പോയി. കണ്ണുകൾ കലങ്ങി. അഗസ്റ്റിച്ചൻ എന്നല്ലേ എന്റെ അനൂട്ടി എന്നെ വിളിച്ചിരുന്നത്???? കുറുമ്പും വാത്സല്യവും നിറഞ്ഞ ആ ചോദ്യം കേട്ടതും ഒരു പകപ്പോടെ അവൾ തലയുയർത്തി നോക്കി. മുന്നിൽ ചിരിയോടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും വിശ്വാസം വരാതെ അവൾ മിഴിഞ്ഞു നിന്നു. അവളുടെ മുഖഭാവം കണ്ടവൻ അവൾക്ക് നേരെ കൈ വിരിച്ച് നിന്നു. തന്നിലേക്കുള്ള സ്വാഗതം എന്ന പോലെ. ഒരുനിമിഷം പോലും കാത്ത് നിൽക്കാതെ അവന്റെ നെഞ്ചിലേക്ക് ചേരുമ്പോൾ അച്ചുവിന്റെ കയ്യിൽ തൂങ്ങി നടന്ന കുഞ്ഞ് അനുവിന്റെ മനസ്സ് ആയിരുന്നു അവൾക്ക്. നെഞ്ചിനെ നനച്ചിറങ്ങുന്ന അവളുടെ കണ്ണുനീര് അറിഞ്ഞതും അച്ചു അവളെ ഇരുകയ്യാൽ പൊതിഞ്ഞു പിടിച്ചു. സോറി.... അഗസ്റ്റിച്ചാ... ഞാൻ... ഞാൻ ഒത്തിരി വേദനിപ്പിച്ചു..... സോറി..... വിതുമ്പി കൊണ്ടവൾ പുലമ്പുമ്പോൾ അച്ചു അവളുടെ നെറുകയിൽ തലോടി.

ഇനി അതൊന്നും ആലോചിക്കണ്ട.... എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല.... ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കാനാ ഇത്രയും നാൾ ഞാൻ മിണ്ടാതെ നടന്നത് അല്ലാതെ മനഃപൂർവം അല്ല...... നീ അന്നും ഇന്നും എന്റെ ആ അനു തന്നെയാ... എന്റെ തോളിൽ തൂങ്ങി നടന്ന എന്റെ കുഞ്ഞ് അനൂട്ടി.... അവളുടെ മൂർദ്ധാവിൽ ചുണ്ട് അമർത്തി അച്ചു പറഞ്ഞതും മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി അവൾക്ക്. വാതിലിന്റെ മറവ് പറ്റി നിന്ന് അതെല്ലാം കണ്ട എമിയുടെ മനസ്സും നിറഞ്ഞിരുന്നു. പരിഭവവും സങ്കടങ്ങളും എല്ലാം അവർ പറഞ്ഞു തീർക്കുന്നത് പുഞ്ചിരിയോടെ അവൾ സാക്ഷ്യം വഹിച്ചു. പെട്ടെന്ന് അച്ചുവിന്റെ ശ്രദ്ധ വാതിൽക്കലേക്ക് നീളുന്നത് കണ്ടതും എമി വേഗം ഒളിച്ചു നിന്നു. ഇവളെ ഇങ്ങോട്ട് ഉന്തി തള്ളി വിട്ടിട്ട് അവിടെ ഒളിച്ചു നിൽക്കാതെ ഇങ്ങോട്ട് കയറി വാടീ........ അച്ചു വിളിച്ചു പറഞ്ഞതും എമി വെളിയിൽ നിന്ന് നാക്ക് കടിച്ചു. പിന്നെ മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്ത് അവർക്ക് മുന്നിലേക്ക് ചെന്നു. കണ്ടായിരുന്നല്ലേ?????? മുപ്പത്തിരണ്ട് പല്ലും കാണിച്ച് അവൾ അച്ചുവിനെ നോക്കി. മ്മ്മ്... കണ്ട് കണ്ടു......

അവളുടെ നിൽപ്പും അച്ചുവിന്റെ ഭവങ്ങളും കണ്ട് അച്ചുവിന്റെ ഒരു കൈക്കുള്ളിൽ തന്നെ നിന്നിരുന്ന അനു വാ പൊത്തി ചിരിച്ചു. അത് കണ്ടതും എമി അവളെ ഒന്നു കൂർപ്പിച്ചു നോക്കി. മുഖം ഒരു കൊട്ടയ്ക്ക് ആക്കി നിൽക്കുന്നവളെ കണ്ട് അച്ചു ചുണ്ട് കൂട്ടിപ്പിടിച്ച് അവളെ അരികിലേക്ക് വരാൻ തലയാട്ടി. അത് കാണേണ്ട താമസം എമി ഓടി അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്ന് അനുവിനെ നോക്കി കൊഞ്ഞനം കുത്തി. എവിടുന്ന് കിട്ടി അഗസ്റ്റിച്ചാ ഇതിനെ???? അനു തലയുയർത്തി അവനെ നോക്കിയതും അച്ചു ചിരിച്ചു. എവിടുന്ന് ആയാലും ഇത് പോലൊരെണ്ണത്തിനെ വേറെ എവിടെയെങ്കിലും കാണാൻ പറ്റുവോ??? ചുണ്ട് കൂർപ്പിച്ചു നിൽക്കുന്ന എമിയെ ഒരു കയ്യാൽ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു. അതില്ല.... റെയർ പീസ് അല്ലെ ഈ നിൽക്കുന്നത് ഇതുപോലെ ഒരെണ്ണത്തിനെ ഇനി മഷിയിട്ട് നോക്കിയാൽ കാണൂല...... അനു കണ്ണിറുക്കി അവളെ നോക്കി പറഞ്ഞതും എമിയും അറിയാതെ ചിരിച്ചു പോയി. പതിയെ അതൊരു പൊട്ടിച്ചിരിക്ക് വഴി മാറവെ അതുവരെ മൂടി നിന്ന ചെറിയ കാർമേഘവും വിട്ടൊഴിഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ കയ്യിൽ തൂങ്ങി ചിരിച്ച് കളിച്ച് താഴേക്ക് ഇറങ്ങി വരുന്ന എമിയേയും അനുവിനെയും കണ്ട് എല്ലാവരും കണ്ണും തള്ളി നിന്നു. കുറച്ചായി തുടരെ തുടരെ ഞെട്ടാൻ തുടങ്ങിയിട്ട്. എന്താ ഇപ്പൊ ഇവിടെ നടന്നേ????? ആൽവിച്ചന്റെ കിളി പോയ ചോദ്യം കേട്ട് താഴേക്ക് ഇറങ്ങിയ അവർ മൂവരും അവനെ ഒന്നു നോക്കി. ആൽവിച്ചന്റെ മാത്രമല്ല എല്ലാവരുടെയും മുഖത്ത് അതേ ഭാവം ആയിരുന്നു. എല്ലാവരുടെയും നിൽപ്പ് കണ്ട് അവർക്ക് ചിരി വന്നു. ഇവർ ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്നം തീർന്നതിന് നിങ്ങൾ എന്തിനാ ഇങ്ങനെ വായും തുറന്ന് നിൽക്കുന്നത്?????? എമി തികട്ടി വന്ന ചിരി കടിച്ചു പിടിച്ച് അവരെയെല്ലാം നോക്കി. സത്യം..... പരമാർത്ഥം........ ആൽവിച്ചൻ വിശ്വാസം വരാതെ അച്ചുവിനെയും അനുവിനെയും മാറി മാറി നോക്കി. അവരുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരിയിൽ തന്നെ ഉണ്ടായിരുന്നു അതിനുള്ള മറുപടി. അങ്ങനെ ആ യുദ്ധവും അവസാനിച്ചിരിക്കുന്നു. എല്ലാവരും ആഹ്ലാദിപ്പിൻ.... അർമാദിപ്പിൻ....... ആൽവിച്ചൻ സലിംകുമാർ സ്റ്റൈലിൽ കൈ ഉയർത്തി പറഞ്ഞു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച് അടി കൊണ്ട് കിടപ്പിലായി പോയ ഡേവിഡിനെ ഈ വൈകിയ വേളയിലും ഞാൻ സ്മരിക്കുന്നു.

ഇത്രയും നല്ലൊരു സന്തോഷവാർത്ത അറിഞ്ഞ സ്ഥിതിക്ക് ഇന്ന് അമ്മച്ചിയുടെ വക എല്ലാവർക്കും പായസ വിതരണം ഉണ്ടാവുന്നതായിരിക്കും...... ആൽവിച്ചൻ കിട്ടിയ ഗ്യാപ്പിൽ പറഞ്ഞു നിർത്തി. പായസത്തിന് വേണ്ട എല്ലാവിധ സഹായങ്ങളും അടുക്കളയിൽ കയറി എന്റെ മൂത്ത സന്തതി ചെയ്യുന്നതായിരിക്കും എന്ന് ഞാനും അറിയിച്ചു കൊള്ളുന്നു. സാറായും വിട്ടുകൊടുത്തില്ല. അയ്യോ... അങ്ങനെ പറഞ്ഞൂടാ.... അങ്ങനെയേ പറയൂ.... വലിയ പ്രഖ്യാപനം ഒക്കെ നടത്തിയതല്ലേ മര്യാദക്ക് എന്റെ കൂടെ അടുക്കളയിൽ കയറിയില്ലെങ്കിൽ കെട്ടും ചൂലിന് അടിക്കും ഞാൻ.... അമ്മച്ചി ടെറർ മൂഡിൽ ആയതും ആൽവിച്ചൻ ട്രാപ്പ്ഡ്. അവന്റെ നിൽപ്പ് കണ്ട് അടക്കി ചിരിച്ച് എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനായി നീങ്ങി. പതിവിന് വിപരീതമായി അനു അച്ചുവിന്റെ അരികിൽ ആയിരുന്നു ഇരുന്നത്. അച്ചു കഴിക്കാൻ തുടങ്ങുമ്പോൾ അവന് മുന്നിൽ വാ തുറന്ന് ഇരിക്കുന്ന അനുവിനെ കണ്ടതും അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. പ്ലേറ്റിൽ ഇരുന്ന ചപ്പാത്തി മുറിച്ച് കറിയിൽ മുക്കി അച്ചു അവൾക്ക് വായിൽ വെച്ച് കൊടുക്കുന്ന കാഴ്ച കണ്ടിരുന്ന എല്ലാവരുടെയും കണ്ണും മനസ്സും നിറച്ചിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്ന് വിളിച്ചിട്ട് പോയതാണ് അച്ചു. എമിയേയും അനുവിനെയും മുറിയിൽ പഠിക്കാൻ ഇരുത്തിയിട്ടാണ് അവൻ പോയത്. രണ്ടും ഒരുമിച്ച് അച്ചുവിന്റെയും എമിയുടെയും മുറിയിൽ ഇരുന്നാണ് പഠിപ്പ്. കുറെ നേരം ഇരുന്ന് മടുത്തതും എമി ബുക്കിന് മുകളിൽ തല ചേർത്ത് വെച്ച് കിടന്നു. ബോർ അടിക്കുന്നല്ലേടീ?????? അനു ബുക്ക് അടച്ച് വെച്ച് അവളെ നോക്കി. മ്മ്മ്...... എത്ര നേരമായി ഇരിക്കുന്നു.... എമി ചുണ്ട് പിളർത്തി അവളെ നോക്കി. അഗസ്റ്റിച്ചൻ ഇനി വരുമ്പോൾ വൈകുന്നേരം ആവും. ഡാഡി ഇവിടെ ഇല്ല താനും. നമുക്ക് താഴെ പോയി ജോക്കുട്ടന്റെ കൂടെ കളിച്ചാലോ????? അനു എമിയെ നോക്കിയതും അവളുടെ മുഖം വിടർന്നു. എങ്കിൽ വാ നമുക്ക് അമ്മച്ചിയെ സോപ്പിടാം...... എമി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. പുറകെ അനുവും. രണ്ടും കൂടി ചെന്ന് സാറായെ മണിയടിച്ചു. ആദ്യം സമ്മതിച്ചില്ലെങ്കിലും രണ്ടിന്റെയും കെഞ്ചൽ കണ്ടപ്പോൾ അവർ ഒന്നു അയഞ്ഞു. അച്ചു വരുന്നതിന് മുന്നേ കളി നിർത്തിക്കോളണം എന്ന് നിർദേശം കൊടുത്ത് അവർ സമ്മതം മൂളി. അത് കേട്ടതും ഓക്കേ പറഞ്ഞ് തുള്ളി ചാടി ജോക്കുട്ടനെയും എടുത്ത് പുറത്തിറങ്ങി. ജോക്കുട്ടനും അനുവും തമ്മിലുള്ള പ്രശ്നം എമി ഇടപെട്ടും ചോക്ലേറ്റ് വാങ്ങി കൊടുത്തും ഒരുവിധം ഒതുക്കി. ഇപ്പൊ ചെക്കൻ അനുവുമായി അത്യാവശ്യം കൂട്ടാണ്. പുറത്ത് നിന്ന് കളിക്കാൻ പ്ലാൻ ചെയ്യുന്ന അവരുടെ കൂടെ ആൽവിച്ചനും കൂടി.

അവസാനം നാല് പേര് ഉള്ളത് കൊണ്ട് ഹൈഡ് ആൻഡ് സീക്ക് തന്നെ കളിക്കാമെന്ന് വെച്ചു. എണ്ണി തിരിച്ചപ്പോൾ ആദ്യ ചാൻസ് തന്നെ ആൽവിച്ചന് തടിയൂരാൻ നോക്കിയെങ്കിലും എമിയും അനുവും കൂടി പൂട്ടി. അതോടെ മുഖവും വീർപ്പിച്ച് അവൻ എണ്ണാൻ പോയി. ജോക്കുട്ടനെ കൂടെ കൂട്ടിയത് കൊണ്ട് ആൽവിച്ചന് അവരെ കണ്ടുപിടിക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. അങ്ങനെ എണ്ണിയും സാറ്റ് അടിച്ചും കളി പുരോഗമിച്ചു. അനുവിന്റെ അവസരം എത്തി എണ്ണിയതും ഒളിക്കാൻ പുതിയൊരു ഇടം കാണാതെ എമി പേര മരത്തിൽ വലിഞ്ഞു കയറി ഇരുന്നു. 47, 48, 49, 50. ഒളിച്ചാലും ഇല്ലെങ്കിലും വരുന്നുണ്ടേ..... എണ്ണി നിർത്തി അവൾ തിരിഞ്ഞു നോക്കിയതും അച്ചുവിന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഒരുമിച്ച്. ഈശോയേ ഇച്ചായൻ......... എമി പേരയുടെ മുകളിൽ ഇരുന്ന് എന്തു ചെയ്യണം എന്നറിയാതെ വിയർത്തു. അച്ചു ഗേറ്റ് കടന്ന് വരുന്നത് കണ്ടതും അനു അകത്തേക്ക് ഒരൊറ്റ ഓട്ടം. തെണ്ടി.... കാലുവാരി.... അലവലാതി എന്നെ ഇട്ടിട്ട് മുങ്ങി..... എമി അവൾ പോയ വഴിയേ നോക്കി പല്ല് കടിച്ചു. അച്ചു പോർച്ചിലേക്ക് വണ്ടി കയറ്റിയതും പറമ്പിലെ വാഴയുടെ ഇടയിൽ ഒളിച്ചു നിന്ന ആൽവിച്ചൻ ഓടി പാഞ്ഞു വന്ന് തൂണിൽ അടിച്ചു. ഞാൻ സാറ്റ് അടിച്ചേ.... ഹൈ ഹൈ ഞാൻ സാറ്റ് അടിച്ചേ...... നിന്നിടത്ത് തുള്ളി തിരുന്നതും മുന്നിൽ അതാ അച്ചു. നിന്ന പൊസിഷനിൽ തന്നെ സ്റ്റക്ക് ആയി നിൽക്കുന്ന ആൽവിച്ചനെ നോക്കി അച്ചു വണ്ടി സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി. കുട്ടാ നീ എപ്പൊ വന്നെടാ......

ഒന്നു പകച്ചെങ്കിലും ആൽവിച്ചൻ റൂട്ട് മാറ്റി. ഞാൻ വന്നിട്ട് പത്ത് ഇരുത്തിഎട്ട് കൊല്ലമായി ഇപ്പൊ കൂടെ ഉണ്ടായിരുന്നതുങ്ങൾ ഒക്കെ എവിടെ???? അച്ചു ഗൗരവത്തിൽ അവനെ നോക്കി. അനുവാണ് ഇവിടെ എണ്ണാൻ നിന്നത് നിന്നെ കണ്ടപ്പൊ അവൾ ഓടി എന്ന് അനുമാനിക്കാം. ഞാൻ ഓടുന്നതിന് ഇടയ്ക്ക് നിന്റെ കെട്ട്യോൾ ആ പേരയിൽ വലിഞ്ഞു കയറുന്നത് കണ്ടായിരുന്നു കൂടുതൽ ഒന്നും എനിക്ക് അറിഞ്ഞൂടാ. ആൽവിച്ചൻ സത്യങ്ങൾ വെളിപ്പെടുത്തി സ്വന്തം തടി ഊരി. നശിപ്പിച്ച്.......... എമി നെറ്റിയിൽ കൈ അടിച്ചു. അച്ചു ആൽവിയെ ഒന്ന് കലിപ്പിച്ച് നോക്കി മുറ്റത്തേക്ക് ഇറങ്ങി. ഈ നേരം കൊണ്ട് ആൽവിച്ചൻ അവിടുന്ന് മുങ്ങി. മുറ്റത്ത് കിടന്ന വടി എടുത്ത് കയ്യിൽ പിടിച്ച് അച്ചു പേര മരത്തിന് ചുവട്ടിൽ എത്തി. സാറ്റ് അടിക്കാൻ ആൽവിച്ചന് പുറകെ അങ്ങോട്ട്‌ എത്തിയ ജോക്കുട്ടൻ വടി കണ്ടതും ജെറ്റ് വിട്ട സ്പീഡിൽ അകത്തേക്ക് ഓടി. മരത്തിന് താഴെ വന്നു നിന്ന് പല്ല് കടിക്കുന്ന അച്ചുവിനെ കണ്ടതും എമി ഉമിനീര് ഇറക്കി. ഇച്ചായൻ എപ്പൊ വന്നു???? സുഖല്ലേ????

ഇളിച്ചു കൊണ്ട് അവൾ ചോദിച്ചു. സുഖവും സുഖക്കേടും എല്ലാം ഞാൻ അറിയിച്ചു തരാം. ഇങ്ങോട്ട് ഇറങ്ങെടീ..... വടിയിൽ പിടി മുറുക്കി അച്ചു പറഞ്ഞതും എമി ഒന്നു വിറച്ചു. ഇച്ചായാ.... ഡോണ്ടു ഡോണ്ടു... വടി മാറ്റ് ഇച്ചായാ....... നീ താഴോട്ട് ഇറങ്ങെടീ....... ഇല്ല.... വടി കളയാതെ ഞാൻ ഇറങ്ങൂല്ല... പറയുന്നതിനൊപ്പം അവൾ ഒന്നുകൂടി പിടിച്ചിരുന്നു. നീ ഇങ്ങോട്ട് ഇറങ്ങുന്നോ അതോ ഞാൻ അങ്ങോട്ട്‌ കയറണോ????? വേണ്ട വേണ്ട.... ഞാൻ ഇറങ്ങാം..... അവൻ കയറാനുള്ള പുറപ്പാടിൽ ആണെന്ന് കണ്ടതും എമി പതിയെ ചില്ലയിൽ പിടിച്ച് താഴേക്ക് ഊർന്നിറങ്ങി. ഇങ്ങോട്ട് വാടി മരംകേറീ....... ഓടാൻ നിന്നവളെ അച്ചു കയ്യിൽ പിടിച്ച് വലിച്ച് നിർത്തി. തല്ലല്ലേ ഇച്ചായാ ഞാൻ ഇനി ആവർത്തിക്കൂലാ........ അവന്റെ കയ്യിൽ നിന്ന് തുള്ളി കൊണ്ടവൾ പറഞ്ഞതും അച്ചു അവൾക്ക് നേരെ വടി ഉയർത്തി. വായുവിൽ ഉയരുന്ന വടി കണ്ടതും അവൾ കണ്ണുകൾ ഇറുകെ അടച്ചു. അടി വീഴേണ്ട സമയം ആയിട്ടും കിട്ടാതെ കണ്ണ് തുറന്ന എമി കാണുന്നത് വടി വലിച്ച് എറിയുന്ന അച്ചുവിനെയാണ്. അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് ശ്വാസമെടുത്തും അവൻ അവളെ തൂക്കി എടുത്തിരുന്നു. ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു............ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story