ഹൃദയതാളമായ്: ഭാഗം 143

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എന്തോ ഒന്ന് മുറിയിലേക്ക് പാഞ്ഞു വരുന്നത് അറിഞ്ഞ് ബുക്കിൽ കമന്നു കിടന്ന അനു തലയുയർത്തി നോക്കിയതും കാണുന്നത് ടേബിളിന് മുകളിൽ ഇരുന്ന വാട്ടർബോട്ടിൽ തുറന്ന് വായിലേക്ക് കമിഴ്ത്തുന്ന എമിയെയാണ്. ഇതുവരെ വെള്ളം കാണാത്തത് പോലെ ആക്രാന്തപ്പെട്ട് വെള്ളം മട മടാണ് കുടിക്കുന്നവളെ കണ്ട് അനു മിഴിച്ച് ഇരുന്നു. ബോട്ടിൽ കാലിയാക്കി അവൾ തിരികെ ടേബിളിൽ വെച്ച് നെഞ്ചിൽ കൈവെച്ച് ശ്വാസം എടുത്തു. പിന്നെ രൂക്ഷമായി അനുവിന് നേരെ ഒരു നോട്ടം. യൂ ചീറ്റ്..... യൂ ബ്ലഡി ചീറ്റ്........ എമി അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് ചീറി. നിന്നോട് പോവല്ലേ പോവല്ലേ എന്ന് ഞാൻ കണ്ണും കയ്യും കൊണ്ട് കാണിച്ചതല്ലേടീ???? എന്നിട്ട് നീ എന്നെ ആ ഡ്രാക്കുളയുടെ മുന്നിൽ ഇട്ട് കൊടുത്തിട്ട് മുങ്ങിയിരിക്കുന്നു..... അയ്യോ നീ പോവണ്ടാ പോവണ്ടാന്നാണോ പറഞ്ഞത് ഞാൻ കരുതി നീ റ്റാറ്റാ കാണിച്ചതാണെന്ന്. അനു വളിച്ച ഇളിയോടെ അവളെ നോക്കി. പ്ഫാ......... എമിയുടെ ഒറ്റ ആട്ടിന് അവളുടെ കയ്യിൽ ഇരുന്ന ബുക്ക് തെറിച്ചു പോയി. ചോറീ... നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ ഞാൻ വെറുതെ എന്തിനാ ഇടപെടുന്നത് എന്ന് കരുതി..... ആണോ????? അതുകൊണ്ടായിരിക്കും അല്ലെ കളിച്ചോണ്ടിരുന്നപ്പോൾ ഇച്ചായൻ വരുന്നത് കണ്ടതും നീ എടുത്ത് ഓടിയത്?????

എമി ഇടുപ്പിൽ കൈ കുത്തി നിന്ന് അവളെ കലിപ്പിച്ച് നോക്കി. ഓടിയിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ലല്ലോ എനിക്കും നല്ല നുള്ള് കിട്ടിയില്ലേ????? അയ്യോ വല്യ കാര്യായിപ്പോയി...... എമി അവളെ പുച്ഛിച്ച് ബെഡിലേക്ക് ഇരുന്നു. അതൊക്കെ അവിടെ നിൽക്കട്ടെ. എന്തായിരുന്നു മുറിയിൽ????? ചുണ്ടിൽ ഒരു കുസൃതി ചിരിയുമായി അവൾ എമിയുടെ അരികിൽ ഇരുന്നു. കേൾക്കേണ്ട താമസം എമി പല്ല് കടിച്ച് അവളെ ഒന്നുനോക്കി. സംഭവം പന്തിയല്ല എന്ന് കണ്ട് അവൾ എഴുന്നേറ്റു പോവാൻ ആഞ്ഞതും എമിയുടെ കൈ അവളുടെ പുറത്ത് വീണിരുന്നു. എന്റെ അമ്മച്ചീ....... മുതുകത്ത് കൈ വെച്ചവൾ എഴുന്നേറ്റു തുള്ളി പോയി. നിനക്ക് പ്രാന്താണോടീ പുല്ലേ??????എന്റെ പുറം പൊളിഞ്ഞെന്നാ തോന്നുന്നത്....... എമിക്ക് നേരെ പറഞ്ഞവൾ കൈ എത്തിച്ച് പുറത്ത് തടവി. ആ ഉമ്മച്ചന്റെ മുന്നിൽ എന്നെ ഇട്ടുകൊടുത്ത് മുങ്ങിയിട്ട് ഇപ്പൊ നിനക്ക് നടന്നത് അറിയണം അല്ലെ????? കലിയോടെ എമി ചോദിച്ചതും അവൾ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു. എമി തിരികെ കലിപ്പിൽ അവളെ നോക്കി കണ്ണുരുട്ടി. എങ്കിലും അനു വിടാൻ തയ്യാറല്ല. അവൾ ഒരു ഡിസ്റ്റൻസ് ഇട്ട് ബെഡിലേക്ക് തന്നെ വീണ്ടും ഇരുന്നു. ദേഷ്യം കണ്ടിട്ട് അഗസ്റ്റിച്ചൻ കനത്തിൽ എന്തോ തന്ന ലക്ഷണം കാണുന്നുണ്ടല്ലോ മോളെ??????

കണ്ണിറുക്കി അവൾ ചോദിച്ചതും എമിയുടെ കണ്ണുകൾ കൂർത്തു. എന്തായിരുന്നു രണ്ടും കൂടി കതക് അടച്ചിട്ട്????? മുഖത്ത് നാണം വാരി വിതറി അവൾ ചെറു വിരൽ കടിച്ചു. തത്കാലം അതറിയാനുള്ള പ്രായം എന്റെ നാത്തൂന് ആയിട്ടില്ല. കുറച്ചു കൂടി മൂക്കട്ടെ എന്നിട്ട് ഭാരിച്ച കാര്യങ്ങൾ ഒക്കെ അന്വേഷിക്കാം കേട്ടോ????? ചുണ്ട് കോട്ടി പറയുന്നതിനൊപ്പം എമി അവളുടെ കവിളിൽ ഒന്നു കുത്തി. ഇതൊക്കെ അറിയാനുള്ള മൂപ്പും പ്രായവും ഒക്കെ എനിക്കുണ്ട്.... അനു കെറുവിച്ച് അവളെ നോക്കി. ആണോ???? എങ്കിലേ... ചെന്ന് നിന്റെ അഗസ്റ്റിച്ചനോട്‌ ചെന്ന് തിരക്കെടീ..... അതിലും ഭേദം എന്റെ ശവം എടുക്കുന്നതാ..... അനു സ്വരം താഴ്ത്തി പിറുപിറുത്തുകൊണ്ട് താഴെ വീണ് കിടന്ന ബുക്ക് എടുത്ത് മുഖം തിരിച്ചിരുന്നു. പാവം എന്തൊക്കെയോ പ്രതീക്ഷിച്ചു കൂട്ടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അത്താഴം കഴിക്കുന്ന സമയം വരെ അച്ചുവിന്റെ മുന്നിൽ ചെന്ന് പെടാതെ അവൾ അനുവിന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അവസാനം കഴിക്കാനായി സാറായുടെ വിളി എത്തിയതും മടിച്ച് മടിച്ച് അവൾ അനുവിന് ഒപ്പം എഴുന്നേറ്റ് താഴേക്കിറങ്ങി. ഡൈനിങ് ടേബിളിൽ ഇരിക്കുന്ന പോളിനെയും ആൽവിച്ചനെയും റിയയേയും കണ്ടതും അവളുടെ കണ്ണുകൾ അവരെ വിട്ട് മാറ്റാരെയോ തേടി കൊണ്ടിരുന്നു. ഇതെവിടെ പോയി?????

ഇനി ഇവിടെ ഇല്ലേ????? സംശയത്തോടെ അവളുടെ നെറ്റി ചുളിഞ്ഞു. നീയിത് എന്തോ നോക്കി നിൽക്കുവാ ഇരിക്കുന്നില്ലേടീ????? ആൽവിച്ചന്റെ ആ ചോദ്യം കേൾക്കുമ്പോഴാണ് അവൾ തിരച്ചിൽ അവസാനിപ്പിക്കുന്നത്. ഹാ... ഞാൻ കൈ കഴുകിയിട്ട് വരാം. അത് പറഞ്ഞവൾ കൈ കഴുകാനായി നീങ്ങി. അങ്ങോട്ട് നടക്കുന്നതിന് ഇടയിൽ തന്നെ അവളുടെ കണ്ണുകൾ സ്റ്റെയറിലേക്ക് നീണ്ടു. തിരിഞ്ഞു സ്റ്റെയറിലേക്ക് തന്നെ നോക്കി നടന്നതും അവൾ എന്തിലോ ചെന്ന് ഇടിച്ചു. ഞെട്ടി തിരിഞ്ഞു നോക്കവെ മുന്നിൽ കുസൃതി ചിരിയോടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവളൊന്ന് പതറി. പിന്നെ വെപ്രാളപ്പെട്ട് അവൾ അവനെ കടന്ന് കൈകഴുകാൻ നീങ്ങി. അവളെ ഒന്നു തിരിഞ്ഞു നോക്കി ചുണ്ട് കടിച്ചു പിടിച്ച് ചിരിയോടെ അവൻ ടേബിളിൽ പോയിരുന്നു. കൈ കഴുകി ടേബിളിൽ അച്ചുവിന് അരികിൽ വന്നിരിക്കുമ്പോഴും അവനിലേക്ക് നോട്ടം വീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പതിവിന് വിപരീതമായി ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കുന്നതിൽ മാത്രം ശ്രദ്ധ ചെലുത്തി ഇരിക്കുന്ന എമിയെ കണ്ട് ആൽവി നെറ്റി ചുളിച്ചു. അല്ലാത്തപ്പൊ എന്തെങ്കിലും ഒക്കെ പറഞ്ഞ് നിർത്താതെ ചിലക്കുന്ന പെണ്ണാണ്... നീ എന്താടീ അണ്ണാക്കിൽ പിരി വെട്ടിയത് പോലെ ഇരിക്കുന്നത്???????

ആൽവിച്ചന്റെ ചോദ്യം കേട്ടതും അവൾ പ്ലേറ്റിൽ നിന്ന് തലയുയർത്തി. എല്ലാവരുടെയും ശ്രദ്ധ അവളിൽ തന്നെയാണ്. ഞാനും ചോദിക്കാൻ ഇരിക്കുവായിരുന്നു എന്തുപറ്റി എമീ???? നീയെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്???? റിയയും തന്റെ സംശയം മറച്ചു വെച്ചില്ല. അത്... അതുപിന്നെ എനിക്ക് ചെറിയൊരു തലവേദന പോലെ..... ഒരു പതർച്ചയോടെ പറഞ്ഞവൾ അടുത്തിരിക്കുന്ന അച്ചുവിനെ ഒന്നു ഒളിക്കണ്ണിട്ട് നോക്കി. ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ ഇരുന്ന് കഴിക്കുന്നവനെ കണ്ടതും അവളുടെ ചുണ്ട് കൂർത്തു. അയ്യോ..... നല്ല വേദന ഉണ്ടോടാ???? റിയ പരിഭ്രമത്തോടെ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി. അത്രയ്ക്ക് ഒന്നൂല്ല ഏട്ടത്തീ ചെറിയൊരു അസ്വസ്ഥത പോലെ അത്രേ ഉള്ളൂ..... റിയയുടെ കൈയിൽ പിടിച്ച് താഴ്ത്തി അവളൊന്ന് പുഞ്ചിരിച്ചു. ഇത്രയും നേരം ബുക്കിൽ നോക്കി ഇരിക്കുവല്ലായിരുന്നോ അതായിരിക്കും. മോൾ വേഗം കഴിച്ചിട്ട് പോയി കിടന്നോ.... സാറായ്ക്ക് മറുപടിയായി അവൾ തലയാട്ടി കഴിപ്പ് തുടർന്നു. ഈ നേരം മുഴുവൻ ആൽവിച്ചന്റെ കണ്ണുകൾ എമിയിലും അച്ചുവിലും മാറി മാറി പതിഞ്ഞു കൊണ്ടിരിന്നു. ഓരോന്ന് പറയുമ്പോഴുള്ള എമിയുടെ പതർച്ചയും അച്ചുവിന്റെ നോട്ടവും ചിരിയും കണ്ട് അവന് കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ ബോധ്യമായി. രണ്ടിനെയും നോക്കി തലയാട്ടി ആൽവിച്ചൻ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു. എല്ലാവരേക്കാൾ മുന്നേ എമി ഒരുവിധം ഫുഡും കഴിച്ച് റൂമിലേക്കും ഓടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു മുറിയിലേക്ക് എത്തുമ്പോൾ ഒരാൾ ബെഡിൽ കഴുത്ത് വരെ മൂടി കണ്ണടച്ച് കിടപ്പുണ്ട്. ആ കിടപ്പ് കണ്ടാലേ അറിയാം കള്ള ഉറക്കം ആണെന്ന്. ശബ്ദം പുറത്ത് വരാത്ത രീതിയിൽ ചിരിച്ചു കൊണ്ടവൻ ഡോർ അടച്ച് കുറ്റിയിട്ട് അകത്തേക്ക് കയറി. അവൻ വന്നത് അറിഞ്ഞിട്ടും കണ്ണുകൾ തുറക്കാതെ ഇറുകെ അടച്ചവൾ കിടന്നു. മുറിയിലെ ലൈറ്റ് അണയുന്നതും ബെഡിൽ അച്ചു കിടന്നതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാതെ ആയതും അവളൊന്ന് നിശ്വസിച്ചു. പൂർണ്ണമായി ഒന്നു ആശ്വസിക്കും മുന്നേ തന്നെ അച്ചു അവളെ ചുറ്റിപ്പിടിച്ച് കാതിലേക്ക് മുഖം അടുപ്പിച്ചിരുന്നു. കള്ള ഉറക്കം ആണെന്ന് എനിക്കറിയാം അതുകൊണ്ട് വെറുതെ അഭിനയിച്ച് ചളമാക്കാതെ കണ്ണ് തുറക്കെടീ പൊടിക്കുപ്പീ...... കാതിൽ പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു നിർത്തിയതും അവൾ നാക്ക് കടിച്ചു. പിന്നെ കണ്ണുകൾ തുറക്കാതെ തന്നെ അവന്റെ കൈക്കുള്ളിൽ കിടന്ന് അവന്റെ നേർക്ക് തിരിഞ്ഞ് നെഞ്ചിൽ മുഖം അമർത്തി കിടന്നു. നിറഞ്ഞ ചിരിയോടെ അവളുടെ നെറുകിൽ ചുംബിച്ച് അവളെ ചേർത്ത് പിടിച്ച് അവനും കണ്ണുകൾ അടച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ദിവസങ്ങൾ ശരവേഗത്തിൽ ഓടി പോയി. എക്സാമും അടുത്തു വന്നു.

ആദ്യം മടി കാണിച്ചു നിന്നെങ്കിലും പരീക്ഷ അടുത്തതോടെ എല്ലാത്തിനും ചൂട് പിടിച്ചു. കുത്തിയിരുന്ന് പഠിച്ചും വളരെ ഇമ്പോർടന്റ് ആയ ഭാഗങ്ങൾ മനഃപാഠം ആക്കിയും എക്സാമിനായി അവർ ഒരുങ്ങി ഇറങ്ങി. ആദ്യത്തെ എക്സാം ആയപ്പോൾ തന്നെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങിയിരുന്നു. എന്തോ അതുവരെ ഇല്ലാത്ത ഒരു ഭയം പോലെ. അനുവും ഏതാണ്ട് അതേ അവസ്ഥ യിൽ ആയിരുന്നു. അച്ചു രണ്ടിനെയും പിടിച്ചിരുത്തി ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും പാതി ഭയത്തോടെ ആയിരുന്നു ഇരുവരും എക്സാമിന് പോയത്. അവിടെ ചെല്ലുമ്പോൾ റോണിയുടെയും നിവിയുടെയും ഒക്കെ അവസ്ഥയും മറിച്ച് അല്ലായിരുന്നു. ഒടുവിൽ അങ്ങോട്ടും ഇങ്ങോട്ടും മോട്ടിവേറ്റ് ചെയ്ത് നാലും അതാത് ഹാളിലേക്ക് കയറി. Question പേപ്പർ കയ്യിൽ കിട്ടുമ്പോഴാണ് ഒരുവിധം ആശ്വാസം ആവുന്നത്. പഠിച്ചു വെച്ച പോർഷൻസിൽ നിന്നായിരുന്നു ചോദ്യങ്ങൾ ഏറെയും അതുകൊണ്ട് തന്നെ നല്ല രീതിയിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു. ആദ്യ കടമ്പ കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നാലു പേരുടെയും ചുണ്ടിൽ ആത്മ വിശ്വാസത്തിന്റെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എക്സാം കഴിഞ്ഞ് വട്ടം കൂടി നിന്ന് ആൻസർ ചെക്ക് ചെയ്യുന്ന ശീലം പണ്ടേ ഇല്ലാത്തതിനാൽ ആ പരിപാടിക്ക് അവർ നിന്നില്ല.

കുറച്ചു നേരം അവിടെയും ഇവിടെയും ചുറ്റിതിരിഞ്ഞ് നടന്ന് നേരെ വീട്ടിലേക്ക് പോയി. പിന്നീടുള്ള പരീക്ഷകൾ ഓരോന്നും പേടിയില്ലാതെ അവർ നേരിട്ടു. ഓരോ എക്സാം കഴിയും തോറും കോൺഫിഡൻസും കൂടി കൊണ്ടിരുന്നു. അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങുമ്പോൾ പേരറിയാത്ത ഒരു നൊമ്പരം എല്ലാവരെയും പിടി മുറുക്കിയിരുന്നു. പരസ്പരം നാലു പേരും ഒന്നുനോക്കി. പിരിഞ്ഞു പോവുകയല്ല എന്നും കൂടെ ഉള്ളവർ തന്നെയാണ് എന്നിരുന്നാലും ഇനി ഇത്ര സുന്ദരമായ കാലഘട്ടം ഉണ്ടാവില്ല എന്നത് മനസ്സിൽ ഒരു മുറിവ് തന്നെയാണ്. കോളേജ് അങ്കണവും ക്യാന്റീനും നെല്ലിമരചോടും എല്ലാം ഇനി പകരം വെക്കാനില്ലാത്ത ഓർമ്മകൾ മാത്രം. ഹൃദയം വല്ലാതെ വിങ്ങി. എന്തിനെല്ലാതെ ഒത്തിരി നേരം കൊതിയോടെ വരാന്തയിലൂടെയും മറ്റും നടന്നു. ഒരിക്കലും പിരിക്കാൻ കഴിയില്ല എന്നവണ്ണം പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ മനസ്സിലെ വിഷമങ്ങൾക്ക് ഒരുവിധം ശമനം ഉണ്ടായി. എന്നിരുന്നാലും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങവെ തിരികെ പോവാൻ കാലുകൾ മടിച്ചു നിന്നു. അവസാന വിദ്യാർത്ഥിയും കോളേജ് ഗേറ്റ് കടന്ന് പോയതിന് ശേഷമാണ് അവർ പോവാൻ ഇറങ്ങിയത്. റോണിയുടെ വണ്ടിക്ക് പിന്നിൽ കയറി ഒരു വട്ടം കൂടി അവൾ കോളേജിലേക്ക് തിരിഞ്ഞു നോക്കി.

നിറഞ്ഞ മിഴികൾ കൊണ്ടാവാം കാഴ്ചയ്ക്ക് മങ്ങൽ ഏറ്റിരുന്നു. കണ്ണുകൾ അടച്ചവൾ മൂകയായി അവന്റെ പുറത്ത് തല ചേർത്ത് കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒടിഞ്ഞു തൂങ്ങിയത് പോലെയാണ് അവൾ തിരികെ വീട്ടിൽ എത്തുന്നത്. അതുകൊണ്ട് തന്നെ അകത്തേക്ക് കയറുന്നതിനിടയിൽ പോർച്ചിൽ ഇരുന്ന ബുള്ളറ്റ് അവൾ ശ്രദ്ധിച്ചില്ല. ജോക്കുട്ടൻ ഓടി ദേഹത്ത് കയറിയതും അവനെ നോക്കി ഒന്ന് ചിരിച്ച് ബാഗിൽ ഇരുന്ന ചോക്ലേറ്റ് എടുത്തു കൊടുത്തു. മനസ്സിന്റെ തളർച്ച ശരീരത്തെയും ബാധിച്ചത് പോലെ.... കഴുത്തിൽ തൂങ്ങി ഇരിക്കുന്ന ജോക്കുട്ടനെ സാറായെ ഏൽപ്പിച്ച് ഫ്രഷായി വരാമെന്ന് പറഞ്ഞവൾ മുകളിലേക്ക് പടികൾ കയറി. ചാരിയിട്ടിരുന്ന ഡോർ തുറന്ന് റൂമിലേക്ക് കയറവെ ബാഗിൽ ഡ്രസ്സ്‌ എടുത്ത് വെക്കുന്ന അച്ചുവിനെ കണ്ടവളുടെ നെറ്റി ചുളിഞ്ഞു. സംശയത്തോടെ അച്ചുവിനെയും ബാഗിനെയും മാറി മാറി നോക്കി അവൾ വാതിൽക്കൽ തന്നെ നിന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story