ഹൃദയതാളമായ്: ഭാഗം 144

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇതെന്താ ഈ ചെയ്യുന്നത്????? അൽപ്പനേരം പകച്ചു നിന്ന എമി പെട്ടെന്ന് ബോധം വന്നത് പോലെ ചോദിച്ചു. അവളുടെ ആ ചോദ്യം കേട്ടാണ് അച്ചു തലയുയർത്തി നോക്കുന്നത്. വാതിൽക്കൽ തന്നെ പകപ്പോടെ കണ്ണ് മിഴിച്ചു നിൽക്കുന്ന എമിയെ കണ്ടതും അവൻ ചെയ്തു കൊണ്ടിരുന്ന പ്രവർത്തി നിർത്തി. എന്തിനാ ബാഗ് ഒക്കെ പാക്ക് ചെയ്യുന്നത്????? അകത്തേക്ക് കയറി ആശ്ചര്യം വിട്ടു മാറാത്ത കണ്ണുകളോടെ എമി അവനെ നോക്കി. അച്ചുവിന് അവളോട് എന്തു പറയണം എന്നറിയില്ലായിരുന്നു. അവൻ ഒന്നും മിണ്ടാതെ അവളെ ഒരുനിമിഷം നോക്കി നിന്നു. ഇച്ചായാ.... എന്താ ഇവിടെ നടക്കുന്നത്????? എല്ലാം പറയാം. ആദ്യം നീ പോയി ഫ്രഷ് ആയിട്ട് വാ ആകെ ക്ഷീണിച്ച് അല്ലെ വന്നത്. പറയുന്നതിനൊപ്പം തന്നെ അവൻ അവളുടെ ചുമലിൽ കിടന്ന ബാഗ് ഊരിയെടുത്ത് ടേബിളിൽ വെച്ചു. ഇച്ചായാ..... അവനിൽ നിന്ന് തന്റെ ചോദ്യത്തിനുള്ള മറുപടി കിട്ടാത്ത നീരസം ആ വിളിയിൽ പ്രകടമായിരുന്നു. ഞാൻ പറഞ്ഞില്ലേ എല്ലാം പറയാമെന്ന് പോയി ഇതൊക്കെ ചേഞ്ച്‌ ചെയ്തിട്ട് വാ...... അച്ചു ഗൗരവത്തിൽ പറഞ്ഞതും അവൾക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി. ഇങ്ങനെ ഒന്നും സംസാരിക്കാത്തതാണ്..... എന്തോ പ്രശ്നം വല്ലാതെ അലട്ടുന്നുണ്ട്. അച്ചുവിനെ ഒന്നു നോക്കി ഇട്ട് മാറാനുള്ള ഡ്രസ്സും എടുത്ത് വാഷ്റൂമിലേക്ക് കയറി.

അതുവരെ ഇല്ലാത്ത ഒരു അസ്വസ്ഥത അവളെ പൊതിഞ്ഞു. ഹൃദയം എന്തിനെന്നില്ലാതെ നീറുന്നു. ഉള്ളം വേദനിക്കുന്നു. കണ്ണുകൾ നിറഞ്ഞുവോ????? അറിയില്ല........... മിഴികൾ ഇറുകെ അടച്ചവൾ ഷവറിന് അടിയിൽ നിന്നു. കൺകോണിൽ നിന്ന് ഒലിച്ചിറങ്ങിയ മിഴിനീർ വെള്ളത്തുള്ളികൾക്കൊപ്പം അലിഞ്ഞു ചേർന്നു. എങ്ങനെയോ ദേഹം കഴുകി എന്ന് വരുത്തി ഡ്രസ്സ്‌ എടുത്തിട്ട് പുറത്തേക്കിറങ്ങുമ്പോൾ അവൻ പറയാൻ പോവുന്നത് എന്താണെന്ന് അറിയാനുള്ള തിടുക്കം ആയിരുന്നു. കയ്യിലെ ടവൽ അലസമായി ചെയറിൽ ഇട്ട് അവൾ അച്ചുവിന് മുന്നിൽ എത്തി. എനിക്ക് ടെൻഷൻ ആവുന്നു ഇച്ചായാ... ഇനിയെങ്കിലും പറ എന്താ കാര്യമെന്ന്??? പരിഭ്രമത്തോടെ അവൾ ചോദിച്ചതും അവൻ ബെഡിലേക്ക് ഇരുന്നു. അതിനൊപ്പം തന്നെ എമിയെ വലിച്ച് അവൻ മടിയിലേക്ക് ഇരുത്തി. എമീ......... മ്മ്മ്മ്......... ഇനി ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ കൊച്ച് ശ്രദ്ധിച്ചു കേൾക്കണം.... അച്ചു ഒരു ആമുഖത്തോടെ പറഞ്ഞതും അവൾ വർധിച്ച ഹൃദയമിടിപ്പോടെ തലയാട്ടി. ഒരു കേസിന്റെ ആവശ്യത്തിന് എനിക്ക് ഹൈദരാബാദ് വരെ പോവേണ്ടതുണ്ട്. നാളെ രാവിലെ ആണ് ഫ്ലൈറ്റ്, പോയാൽ പിന്നെ 2 ആഴ്ച കഴിഞ്ഞേ തിരികെ വരാൻ കഴിയൂ... ശാന്തമായി പറഞ്ഞവൻ അവളെ ഒന്നു നോക്കി.

ഒരു നിമിഷം ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നിപ്പോയി അവൾക്ക്. കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ അവൾ അച്ചുവിനെ മുഖത്ത് തന്നെ കണ്ണുകൾ ഉറപ്പിച്ച് ഇരുന്നുപോയി. എ... എന്താ പറഞ്ഞേ?????? കേട്ടത് ഒന്നും സത്യമായിരിക്കല്ലേ എന്ന പ്രാർത്ഥനയിൽ അവൾ അച്ചുവിന്റെ കൈതണ്ടയിൽ പിടി മുറുക്കി. നാളെ ഞാൻ ഹൈദരാബാദ് വരെ പോകുവാണെന്ന്...... പതിഞ്ഞ സ്വരത്തിൽ അവളുടെ കവിളിൽ കൈ ചേർത്തവൻ പറഞ്ഞു. അലിവോടെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകളും അവന്റെ സ്പർശവും എല്ലാം താൻ കേട്ടത് ഒന്നും മിഥ്യയല്ല എന്നവളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ചങ്കിൽ മൂർച്ചയുള്ള എന്തോ കൊണ്ട് കൊളുത്തി വലിക്കുന്നത് പോലെ... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നോവ് ഉള്ളിൽ പടർന്നു. ഒറ്റ നിമിഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ വിതുമ്പി. ഞൊടിയിടയിൽ മാറിയ അവളുടെ മുഖഭാവങ്ങൾ കണ്ട് അച്ചുവിന് ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. എമീ..... അയ്യേ എന്റെ കൊച്ച് കരയുന്നോ???? Just 2 weeks അതിന്റെ കാര്യമല്ലേ ഉള്ളൂ അതിനാണോ ഇങ്ങനെ ഇരുന്നു കരയുന്നത്??????? അവളുടെ പുറത്ത് തട്ടി പറഞ്ഞവൻ ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ തുടച്ചു. രണ്ട് ആഴ്ചയൊക്കെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പോവില്ലേടീ.....

അച്ചു എന്തൊക്കെ പറഞ്ഞിട്ടും അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കണ്ണുനീർ ഇടതടവില്ലാതെ പുറത്തേക്ക് പ്രവഹിച്ചു. നേർത്ത ഏങ്ങലുകൾ അവളിൽ നിന്ന് ഉയർന്നു. ഇങ്ങനെ കരയാതെടീ.... എല്ലാം തീർത്തിട്ട് ഞാൻ പെട്ടെന്ന് ഇങ്ങോട്ട് വരത്തില്ല്യോ????? താടിയിൽ വിരൽ ചേർത്ത് എമിയുടെ മുഖം തനിക്ക് ഉയർത്തി അവൻ പറഞ്ഞു. പോവാതിരുന്നൂടെ?????? ഏങ്ങലടിച്ചു കൊണ്ടവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി. എന്തെങ്കിലും ഒരു നിവർത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ വിട്ടിട്ട് പോകുവോടീ????? ചെറുതായി ഇടറിയ അവന്റെ വാക്കുകൾ കേട്ടതും ഉള്ളിലെ വേദനകൾ ഇരട്ടി ആയത് പോലെ തോന്നി. കണ്ണുനീർ തുള്ളികൾ അവന്റെ കയ്യിൽ വീണ് ചിതറി. അത്രയ്ക്ക് അത്യാവശ്യം ആയത് കൊണ്ടാ കൊച്ചേ.... പോയില്ലെങ്കിൽ ശരിയാവത്തില്ല.... നിന്റെ ഈ കരച്ചിൽ കണ്ടിട്ട് ഞാൻ എങ്ങനെ ആടീ മനസമാധാനമായിട്ട് പോയി വരുന്നത്???? എമിയെ തന്നിലേക്ക് അടക്കി പിടിച്ചവൻ ചോദിച്ചതും കലങ്ങിയ കണ്ണുകളോടെ അവൾ അച്ചുവിനെ നോക്കി. അവന്റെ കണ്ണുകളിൽ നിറഞ്ഞ വേദന അത്രയും മങ്ങിയ കാഴ്ചയിലും അവൾ കണ്ടു. അപ്പോൾ മാത്രമാണ് പലതും അവളുടെ ഓർമ്മകളിൽ എത്തുന്നത്.

താൻ ഇപ്പോൾ ഒരു പോലീസുകാരന്റെ ഭാര്യയാണ് ഇതുപോലെ പല സന്ദർഭങ്ങളും നേരിടേണ്ടതായുണ്ട്... കരഞ്ഞു പിഴിച്ച് ഇരുന്ന് മറ്റുള്ളവരെ കൂടി വേദനിപ്പിക്കാൻ പാടില്ല.... തളർന്നു പോവാതെ സ്ട്രോങ്ങ്‌ ആയി നിൽക്കണം.... ബുദ്ധി അവൾക്ക് നിർദേശം കൊടുത്തു. അവൾ വേഗം തന്നെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചു. ഇച്ച.... ഇച്ചായൻ... പൊക്കോ. എനിക്ക് പ്രശ്നം ഒന്നൂല്ല.... ഞാ... ഞാൻ... പെട്ടെന്ന് കേട്ടപ്പോൾ കരഞ്ഞു പോയതാ.... കരച്ചിൽ അടക്കി ശ്വാസം എടുത്ത് എടുത്തവൾ അവനെ നോക്കി പുഞ്ചിരിക്കാൻ ഒരു പാഴ് ശ്രമം നടത്തി. അച്ചു അവളെ തന്നെ നോക്കി ഇരുന്നുപോയി. അവന് നോട്ടം കൊടുക്കാതെ അവൾ മുഖം തിരിച്ച് അവൻ കൊണ്ടുപോവാൻ ഒരുക്കി വെച്ചിരുന്ന ബാഗിലേക്ക് നോട്ടം പായിച്ചു. എല്ലാം എടുത്തു വെച്ചിരുന്നോ????? ഒന്നും മറന്നു പോയിട്ടില്ലല്ലോ????? അവിടെ ചെന്നിട്ട് പിന്നെ അത് എടുത്തില്ല... ഇത് എടുത്തില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..... പാസ്പോർട്ട് ഒക്കെ എടുത്തു വെച്ചിട്ടില്ലേ???? നിർത്താതെ അവൾ അവനെ നോക്കാതെ ഓരോന്നായി പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോവാൻ ആഞ്ഞതും അവൻ അവളെ ഇരു കയ്യാൽ പിടിച്ച് ഇരുത്തി. പൊടിക്കുപ്പീ....... അത്രമേൽ ആർദ്രമായി വിളിച്ച് അവൻ അവളുടെ കവിളിൽ തലോടി. മ്മ്മ്........

നിറഞ്ഞ കണ്ണുകൾ അവനിൽ നിന്ന് മറച്ച് അവളൊന്ന് മൂളി. എനിക്ക് നിന്റെ വിഷമം ഒക്കെ മനസ്സിലാവും. ഇവിടുന്ന് പോയാൽ മറ്റാരേക്കാൾ എന്തിനേക്കാൾ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്യാൻ പോവുന്നത് നിന്നെ തന്നെ ആയിരിക്കും എന്ന് നിനക്കറിയില്ലേ??????? അവന്റെ സ്വരം ഒന്നു പതറി. നിന്റെ ചിരി.... കുറുമ്പ്... കൊച്ചു കൊച്ചു പരിഭവങ്ങൾ.... പിണക്കങ്ങൾ... നിർത്താതെയുള്ള നിന്റെ ചിലയ്ക്കൽ. ഇതൊന്നും ഇല്ലാതെ രണ്ടാഴ്ച എങ്ങനെ കഴിച്ചുകൂട്ടും എന്ന് എനിക്കറിയില്ല..... അവൻ പറഞ്ഞു തീർന്നതും അവളുടെ കണ്ണിൽ താഴേക്ക് ഒഴുകാൻ പാകത്തിന് നീർതുള്ളികൾ ഉരുണ്ടുകൂടി. അത് അറിഞ്ഞത് എന്ന പോലെ അച്ചു അവളെ തന്നിലേക്ക് അണച്ചു പിടിച്ച് ചുണ്ടുകളാൽ ആ നീർമണികളെ ഒപ്പിയെടുത്തു. തിരികെ ഒന്നും പറയാതെ അവന്റെ ബനിയനിൽ തെരുത്തു പിടിച്ചവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് ഇരുന്നു. എന്നും വിളിക്കുവോ?????? ഉറപ്പില്ല കൊച്ചേ.... അവിടുത്തെ തിരക്കുകൾ ഒക്കെ പോലെ ഇരിക്കും. ഡെയിലി വിളിക്കാൻ ഞാൻ മാക്സിമം ശ്രമിക്കാം. പറയുന്നതിനൊപ്പം നെഞ്ചിൽ ചാഞ്ഞിരിക്കുന്നവളുടെ മുടിയിൽ വിരലുകൾ ചലിപ്പിച്ച് വിതുമ്പാൻ തയ്യാറെടുക്കുന്ന അവളുടെ ചൊടികളിൽ അമർത്തി മുത്തി. എന്തൊക്കെയോ വീണ്ടും ചോദിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.....

വാക്കുകൾ തോണ്ടക്കുഴിയിൽ തന്നെ കുരുങ്ങി കിടക്കുന്നത് പോലെ. മൗനത്തെ കൂട്ടുപ്പിടിച്ച് അവനെ ചുറ്റിപ്പിടിച്ച് അവൾ ഇരുന്നു. അടർത്തി മാറ്റാൻ മനസ്സ് വരാതെ കൂടുതൽ ശക്തമായി അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കികൊണ്ടിരുന്നു. ഇടതടവില്ലാതെ മുഖമാകെ നിറയുന്ന അവന്റെ ചുംബനങ്ങളിൽ നിന്ന് തന്നെ അവന്റെ ഉള്ളിലെ വേദനകളുടെ ആഴം അവൾ അറിഞ്ഞിരുന്നു. എത്ര ചേർന്നിരുന്നിട്ടും മതിയാവാത്തത് പോലെ അവൾ അവനോട് പറ്റിച്ചേർന്ന് ഇരുന്നു. എത്ര നേരമെന്നില്ലാതെ..... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി എല്ലാവർക്കും ഒപ്പം സംസാരിച്ച് ഇരിക്കുമ്പോൾ എമിയിൽ ഉത്സാഹക്കുറവ് പ്രകടമായിരുന്നു. അച്ചുവിന്റെ തോളിൽ ചാരി അവൾ ഇരുന്നു. അതിന്റെ കാരണം എല്ലാവർക്കും അറിയാവുന്നതിനാൽ തന്നെ അവളെ ചോദ്യം ചെയ്ത് കൂടുതൽ വിഷമിപ്പിക്കാൻ അവർ മുതിർന്നില്ല. അവന്റെ യാത്രയെ പറ്റിയും മറ്റുമുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരുന്നു. അതെല്ലാം കേൾക്കവെ എമിയിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു. മറ്റുള്ളവർക്ക് ആർക്കും തന്നെ അത്ര വലിയ സങ്കടം ഒന്നും തന്നെ പ്രത്യക്ഷത്തിൽ ഇല്ല. ജോലിയുടെ ഭാഗമായും അല്ലാതെയും വീട് വിട്ട് അവൻ നിന്നിരുന്നതിനാൽ അവർക്കാർക്കും അത് അത്ര വലിയ കാര്യം അല്ലായിരുന്നു.

തനിക്കല്ലേ പിരിഞ്ഞിരിക്കാൻ കഴിയാത്തത്.... ആ നെഞ്ചിലെ ചൂട് പറ്റാതെ താൻ എങ്ങനെ ഉറങ്ങും????? ആ മുഖം ഒരു നോക്ക് കാണാതെ എങ്ങനെ കഴിച്ചു കൂട്ടും???? എന്നും നൽക്കുന്ന ചുംബനങ്ങൾ ഇല്ലാതെ തന്റെ ദിവസം എങ്ങനെ പൂർണ്ണമാകും??????? വരാനിരിക്കുന്ന രണ്ടാഴ്ച ഓർക്കവെ ഇടനെഞ്ച് വല്ലാതെ നോവുന്നു. ഒലിച്ചിറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചു നീക്കി അവൾ അവന്റെ ചുമലിൽ മുഖം അമർത്തി. ജോക്കുട്ടൻ ഓടി വന്ന് മടിയിലേക്ക് കയറുമ്പോഴാണ് അവൾ അച്ചുവിൽ നിന്ന് മുഖം ഉയർത്തുന്നത്. എമിക്ക് ഉവ്വാവു ആണോന്ന് ചോദിച്ച് നെറ്റിയിലും കഴുത്തിലും എല്ലാം കുഞ്ഞു കൈ കൊണ്ട് തൊട്ടു നോക്കുന്നവനെ കണ്ടതും ആ അവസ്ഥയിലും അവളുടെ ചുണ്ടിൽ വരണ്ട ഒരു പുഞ്ചിരി തെളിഞ്ഞു. അല്ലെങ്കിലും തന്റെ മുഖമൊന്ന് വാടിയാൽ ചെക്കന് സഹിക്കില്ല. ഒന്നുമില്ലെന്ന് പറഞ്ഞ് അവനെ മാറിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അവളുടെ മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടിയിരുന്നു അവനും. അത്താഴം കഴിക്കാനിരിക്കുമ്പോൾ തൊണ്ടയിൽ നിന്ന് ആഹാരം ഇറങ്ങുന്നുണ്ടായിരുന്നില്ല. എങ്കിലും ഒരിക്കലും അന്നം പാഴക്കാൻ പാടില്ല എന്ന് കുഞ്ഞിലേ മുതൽക്കെ പപ്പ പറഞ്ഞു പഠിപ്പിച്ച പാഠം ഓർത്ത് എടുത്ത ഒരു ചപ്പാത്തി പണിപ്പെട്ട് കഴിച്ച് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

ഇതെന്താ എഴുന്നേൽക്കുന്നത് നീ ഒന്നും കഴിച്ചില്ലല്ലോ കൊച്ചേ?????? കഴിച്ചുകൊണ്ടിരുന്ന സാറാ അവളെ നോക്കി ചോദിച്ചു. എനിക്ക് മതി അമ്മച്ചീ....... വിശപ്പില്ല... വിശപ്പില്ലെന്നോ????? ആകെ ഒരു കുഞ്ഞു ചപ്പാത്തി ആണ് കഴിച്ചത്..... സാറാ പറഞ്ഞതും അവൾ തല താഴ്ത്തി. എല്ലാവരുടെയും കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. ഇവിടെ ഇരിക്ക് എമീ......... അച്ചു അവളെ കയ്യിൽ പിടിച്ച് തിരികെ ചെയറിലേക്ക് ഇരുത്തി. കഴിച്ചു കഴിഞ്ഞ അവന്റെ പ്ലേറ്റിലേക്ക് തന്നെ ചപ്പാത്തിയും കറിയും എടുത്ത് വെച്ചവൻ അവൾക്ക് നേരെ ചരിഞ്ഞിരുന്നു. എനിക്ക് വേണ്ട ഇച്ചായാ വിശപ്പില്ല...... അതവൻ തനിക്ക് തരാനുള്ള ശ്രമം ആണെന്ന് കണ്ടവൾ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ ഒന്നും കഴിച്ചിട്ടില്ല എന്ന് ഞാൻ കണ്ടതാ.... കഴിക്കാതെ വെറുതെ വേണ്ടാത്തത് ഒന്നും വരുത്തി വെക്കാൻ ഞാൻ സമ്മതിക്കത്തില്ല..... മ്മ്മ്... ഇത് അങ്ങ് കഴിച്ചേ.... ചപ്പാത്തി കീറി കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞതും പിന്നെ എതിര് പറയാൻ അവൾക്ക് നാവ് ഉയർന്നില്ല. അവൻ നീട്ടിയത് മുഴുവൻ വാങ്ങി കഴിച്ചവൾ എഴുന്നേറ്റു. പിന്നാലെ എല്ലാവരെയും നോക്കി ഒന്നു കണ്ണ് ചിമ്മി അച്ചുവും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കണ്ണ് തുറന്ന് ഉറങ്ങാതെ നെഞ്ചിൽ പതുങ്ങി ചേർന്ന് കിടക്കുന്നവളിൽ ആയിരുന്നു അച്ചുവിന്റെ കണ്ണുകൾ. ഏറെ നേരമായി അവൾ ആ കിടപ്പ് കിടക്കുന്നു. സാധാരണ ഈ നേരം രണ്ട് ഉറക്കം കഴിയേണ്ട പെണ്ണാണ്. നിനക്ക് ഉറക്കമൊന്നും ഇല്ലേടീ പൊടിക്കുപ്പീ?????? ഉറക്കം വരുന്നില്ല....... നെഞ്ചിലേക്ക് ഒന്നുകൂടി മുഖം അമർത്തി കിടന്നവൾ പറഞ്ഞു. ദേ കൊച്ചേ ഇങ്ങനെ ശോകം അടിക്കാനാണ്‌ ഭാവം എങ്കിൽ ഞാൻ ഈ പോലീസ് പണിയും കളഞ്ഞ് വീട്ടിൽ കുത്തി ഇരിക്കുമേ പറഞ്ഞില്ല എന്നുവേണ്ട...... അച്ചു സ്വരം കൂർപ്പിച്ച് പറഞ്ഞതും അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. ഇങ്ങനെ ആദ്യമായിട്ടല്ലേ അതാ... അടുത്ത തവണ നോക്കിക്കോ ഞാനായിരിക്കും ഇച്ചായനെ കെട്ടു കെട്ടിക്കാൻ മുന്നിൽ നിൽക്കാൻ പോവുന്നത്..... കുറുമ്പോടെ ആണ് പറഞ്ഞതെങ്കിലും അതിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്ന നോവ് അവൻ തിരിച്ചറിഞ്ഞിരുന്നു. തിരികെ ഒന്നും പറയാതെ നെറുകിൽ ചുണ്ട് ചേർത്ത് അവളെ മുറുകെ പുണർന്ന് കണ്ണുകൾ അടക്കവെ നിദ്ര വിദൂരത്ത് ആയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ അച്ചു വിളിച്ച് എഴുന്നേൽപ്പിക്കും മുന്നേ അവൾ ഉണർന്നിരുന്നു. ഉള്ളിൽ കുന്നോളം സങ്കടം ഉണ്ടെന്നാലും അത് പുറമെ കാണിക്കാതെ അവൾ ഓരോന്നും ചെയ്ത് നടന്നു. പോവാൻ സമയം ആയതും ബാഗും എടുത്ത് അവൻ റൂമിന് വെളിയിലേക്ക് ഇറങ്ങാൻ തുനിയവെ കരച്ചിൽ പുറത്ത് വരാതെ അടക്കാൻ അവൾ നന്നേ പാട് പെട്ടു. ഡോറിന് അരികിൽ എത്തും മുന്നേ അവളെ പിടിച്ച് ദേഹത്തേക്ക് അമർത്തി ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവന്റെ ഹൃദയവും വിങ്ങിയിരുന്നു. അധരങ്ങളിൽ അമർത്തി ചുംബിച്ച് നിറഞ്ഞ് ഒഴുകിയ അവളുടെ കണ്ണുനീരിനെ അവൻ തുടച്ചു മാറ്റി. അവന്റെ കൈയിൽ കോർത്ത് പിടിച്ച് താഴേക്ക് ഇറങ്ങുമ്പോൾ ഇരു ഹൃദയവും വേദനയാൽ പിടയുകയായിരുന്നു. അച്ചു എല്ലാവരോടും യാത്ര പറയുന്ന നേരം കൊണ്ട് ആൽവിച്ചൻ ബാഗ് എടുത്ത് കാറിൽ കൊണ്ടുവെച്ചു. അവനെ എയർപോർട്ടിൽ ആക്കാൻ പോവുന്നത് ആൽവിച്ചൻ ആണ്. മറ്റാരും ചെല്ലേണ്ട എന്ന് അച്ചു തന്നെയാണ് പറഞ്ഞത്. പോളിനെയും സാറായെയും കെട്ടിപ്പിടിച്ച് അവൻ യാത്ര പറഞ്ഞു. ഒപ്പം റിയയെയും അനുവിനെയും ചേർത്ത് പിടിച്ച് യാത്ര പറഞ്ഞു. ജിച്ചൂട്ടന്റെ നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്തു. ജോക്കുട്ടനെ എടുത്ത് പോവുന്ന കാര്യം പറഞ്ഞതും ചെക്കൻ അവന്റെ കഴുത്തിൽ അള്ളി പിടിച്ച് പോവണ്ടാന്ന് പറഞ്ഞ് ഒരേ കരച്ചിൽ. ഒടുവിൽ പോൾ അൽപ്പം ബലം പ്രയോഗിച്ച് ആണ് അവനെ പറിച്ചു മാറ്റിയത്.

ഇനിയും ഇറങ്ങാൻ ലേറ്റ് ആയാൽ പോവുന്ന പോക്കിൽ ട്രാഫിക്ക് എങ്ങാനും ഉണ്ടെങ്കിൽ ഫ്ലൈറ്റ് മിസ്സ്‌ ആവും എന്ന് ആൽവിച്ചൻ ഓർമ്മപ്പെടുത്തിയതും അച്ചു എല്ലാവരെയും നോക്കി കണ്ണുകളാൽ യാത്ര പറഞ്ഞു. എമി അവന്റെ കയ്യിൽ മുറുകെ പിടിച്ച് അവനൊപ്പം പുറത്തേക്ക് ഇറങ്ങി. ഹൃദയം വല്ലാതെ മിടിക്കുന്നത് അവൾ അറിഞ്ഞു. എല്ലാവരും വരാന്തയിൽ വന്നു നിന്നതും എമി അച്ചുവിനൊപ്പം കാറിന് അരികിൽ വരെ എത്തി. എമിയുടെ ഹൃദയം അകലരുതേ എന്ന് അലറി വിളിച്ചു കൊണ്ടിരുന്നു അത് അറിഞ്ഞത് പോലെ അച്ചുവിന്റെ മനസ്സ് പോവാൻ മടിച്ചു നിന്നു. കാറിലേക്ക് കയറും മുന്നേ ചുറ്റിനും നിൽക്കുന്നവരെ ഒന്നും നോക്കാതെ അവൻ എമിയെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. നിറഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ച് അവളുടെ പുരിക കൊടികൾക്കിടയിൽ ചുണ്ട് ചേർത്തു. നെറ്റിയിൽ അറിഞ്ഞ ചുംബനചൂടിൽ അവളുടെ ചുണ്ടുകൾ വിതുമ്പി. പോയിട്ട് വേഗം തന്നെ വരാം..... അത്രമാത്രം പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. തിരിഞ്ഞു നോക്കിയാൽ ചിലപ്പോൾ പോവാൻ കഴിയില്ല എന്നവന് അറിയാമായിരുന്നു. കാർ മുന്നോട്ട് ചലിച്ചതും അവൾ അതുവരെ അടക്കി വെച്ച കണ്ണുനീർ അതിർവരമ്പുകൾ ഭേദിച്ച് കവിളിലേക്ക് ചാലുകൾ തീർത്ത് ഒഴുകി. ഇതേസമയം കാറിന്റെ റിയർ വ്യൂ മിററിലൂടെ കണ്ണുനീരിൽ കുതിർന്ന എമിയുടെ മുഖം കണ്ട അച്ചുവിന്റെ ചങ്ക് പിടഞ്ഞു. ഏറെ വേദനയോടെ കണ്ണുകൾ അടച്ചവൻ സീറ്റിലേക്ക് ചാരി. കാർ ഗേറ്റ് കടന്നു പോയതും എമിക്ക് തന്റെ കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല. വാ പൊത്തി പിടിച്ച് ഏങ്ങലോടെ അവൾ ആരെയും നോക്കാതെ അകത്തേക്ക് ഓടി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story