ഹൃദയതാളമായ്: ഭാഗം 145

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

 മുറിയിലേക്ക് ഓടി കയറി ബെഡിലേക്ക് വീഴുമ്പോൾ എമിയുടെ കണ്ണുകൾ നിർത്താതെ പെയ്യുകയായിരുന്നു. നെഞ്ച് വല്ലാതെ വിങ്ങുന്നു.... കണ്ണുനീരിനാൽ തലയണ കുതിർന്നു. അച്ചു ഇല്ലാതെ അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... കണ്ണുകൾ തോരാതെ പെയ്തിറങ്ങി. ഏങ്ങലടികൾ അവളിൽ നിന്ന് ഉയർന്നു കേട്ടു. ചങ്ക് പൊട്ടുന്ന വേദന........ പില്ലോയിൽ മുഖം അമർത്തി അവൾ പിടിച്ചു വെച്ച സങ്കടങ്ങൾ എല്ലാം ഒഴുക്കി വിട്ടു. കണ്ണുനീർ തലയണയെ കുതിർത്തു കൊണ്ട് ഒഴുകി. പില്ലോയിൽ മുഖം അമർത്തി വെച്ചവൾ ഏങ്ങി കരഞ്ഞു. ഈ അവസ്ഥയിൽ അൽപനേരം അവളെ ഒറ്റയ്ക്ക് വിടുന്നതാണ് എന്റെ എന്ന് മനസ്സിലാക്കി ആരുമാരും അവളെ ശല്യം ചെയ്യാൻ മുതിർന്നില്ല. നിർത്താതെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് എമി അടഞ്ഞു കിടന്ന മിഴികൾ വലിച്ചു തുറക്കുന്നത്. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങി പോയതാണ്........ കണ്ണുകൾ പൂർണ്ണമായി തുറക്കാൻ കഴിയുന്നില്ല....... കൺപോളകൾക്ക് വല്ലാത്ത ഭാരം.... തല വെട്ടിപ്പുളയുന്ന വേദന.... കിടന്ന കിടപ്പിൽ തന്നെ അവൾ തലയ്ക്ക് ഇരുവശവും വിരൽ അമർത്തി വെച്ചു. എഴുന്നേൽക്കാനോ കോൾ എടുക്കാനോ ഒന്നും അവൾക്ക് മനസ്സ് വരുന്നില്ല....

വിളിക്കുന്നത് ആരാണെന്ന് പോലും അറിയാൻ അവൾക്ക് താല്പര്യമില്ലായിരുന്നു. ടേബിളിൽ ഇരിക്കുന്ന ഫോണിൽ നിന്ന് അവൾ തിരിഞ്ഞു കിടന്നു. അധികം താമസിക്കാതെ റിങ് നിലയ്ക്കുന്നത് അവൾ അറിഞ്ഞു. അടുത്ത നിമിഷം തന്നെ വീണ്ടും ഫോൺ റിങ് ചെയ്യുന്നത് അറിഞ്ഞതും അവൾ നീരസത്തോടെ കൈ എത്തിച്ച് ഫോൺ കൈക്കലാക്കി. ഡിസ്പ്ലേയിൽ തെളിയുന്ന പേര് പോലും ശ്രദ്ധിക്കാതെ അവൾ കാൾ അറ്റൻഡ് ചെയ്ത് കാതിലേക്ക് ചേർത്തു. കുഞ്ഞാ........... ഏറെ വാത്സല്യത്തോടെയുള്ള ആ വിളി കേട്ടതും അടക്കി വെച്ച സങ്കടങ്ങൾ അത്രയും വെളിയിൽ ചാടി. പപ്പാ.............. വിതുമ്പലോടെ അവൾ വിളിച്ചു. എന്റെ കുഞ്ഞ് എന്നാത്തിനാ കരയുന്നത്???? ഇച്ച..... ഇച്ചായൻ... പോയി....... ഏറെ വിലപ്പെട്ടത് എന്തോ നഷ്ടമായ കൊച്ചു കുഞ്ഞിനെ പോലെ അവൾ ഏങ്ങി കരഞ്ഞു. അയ്യേ..... അച്ചു പോയതിനാണോ എന്റെ കുഞ്ഞൻ ഇങ്ങനെ കരയുന്നത്???? ഇതൊക്കെ അവന്റെ പ്രൊഫഷനിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ????? രണ്ടാഴ്ച കഴിഞ്ഞാൽ അവൻ ഇങ്ങോട്ട് തന്നെ വരില്ലേ?????? ആ വാക്കുകൾ ഒന്നും തന്നെ അവളിൽ ആശ്വാസം നിറച്ചില്ല. ഇടതടവില്ലാതെ ആ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒരു രണ്ടാഴ്ച അവൻ മാറി നിന്നതിനാണോ എന്റെ കുഞ്ഞൻ ഇത്ര വിഷമിക്കുന്നത്?????

അപ്പൊ പിന്നെ പ്രാരാബ്ദങ്ങൾ കാരണം സ്വന്തം നാട് വിട്ട് വിദേശത്ത് പോയി ജോലി ചെയ്യുന്നവരെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കിക്കെ. നമുക്ക് വേണ്ടി ജീവൻ പോലും പണയം വെച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെയും അവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെയും ഒക്കെ ഒന്നു ചിന്തിച്ചു നോക്കിയേ.... തിരിച്ചു എന്നു വരും ഏത് സ്ഥിതിയിൽ എത്തും എന്നു പോലും ഉറപ്പില്ലാതെയാണ് ഓരോ പട്ടാളക്കാരും യാത്ര പറഞ്ഞ് പോവുന്നത് അവരെയും ഓർത്ത് ദിവസങ്ങൾ തള്ളി നീക്കുന്ന പ്രിയപ്പെട്ടവരുടെ അവസ്ഥ വെച്ചു നോക്കിയാൽ ഇപ്പൊ എന്റെ മോൾ അനുഭവിക്കുന്ന സങ്കടങ്ങൾ ഒന്നും ഒന്നുമല്ല..... അല്ലെ?????? പപ്പയുടെ വാക്കുകൾ ഓരോന്നും ശ്രദ്ധാപൂർവ്വം കേട്ട അവൾ മറുപടി ഒന്നുമില്ലാതെ അതെല്ലാം മൂളികേട്ടു. ശരിയാണ്...... തിരികെ വരുമെന്ന് പോലും ഉറപ്പില്ലാത്തവർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അതൊരു നോവ് തന്നെയാണ്. അതിന് മുൻപിൽ തന്റെ വിഷമങ്ങൾക്ക് മണൽതരിയുടെ വലുപ്പം പോലുമില്ല. പക്ഷെ എന്നിട്ടും ഈ കുഞ്ഞു വേദന പോലും താങ്ങാൻ ആവുന്നില്ലല്ലോ.......

കരച്ചിൽ ചീളുകൾ പുറത്തേക്ക് ചിതറാതിരിക്കാൻ അവൾ വാ പൊത്തി പിടിച്ച് ബെഡിലേക്ക് തന്നെ കിടന്നു. എന്റെ കുഞ്ഞൻ സ്ട്രോങ്ങ്‌ അല്ലെ????? അതുകൊണ്ട് ഇങ്ങനെ ഇരുന്ന് കരയാതെ പഴയത് പോലെ ആക്റ്റീവ് ആയി ഇരിക്കണം മനസ്സിലാവുന്നുണ്ടോ?????? മ്മ്മ്........... എങ്കിൽ പോയി ആ മുഖം ഒക്കെ നല്ലവണ്ണം കഴുകി താഴേക്ക് ചെന്നേ...... ചെല്ല്..... മറുപടിയായി ഒരിക്കൽ കൂടി മൂളി അവൾ കോൾ കട്ട്‌ ചെയ്തു. നോട്ടം ചെന്നെത്തിയത് ഡിസ്പ്ലേയിൽ തെളിഞ്ഞ ഫോട്ടോയിലേക്ക് ആയിരുന്നു. ജോക്കുട്ടനെയും എമിയെയും നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ച് പുഞ്ചിരി തൂകുന്ന അച്ചു. ബീച്ചിൽ പോയപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു സൂര്യാസ്തമയം ബാക്ക്ഗ്രൗണ്ടിൽ കിട്ടുന്ന രീതിയിൽ എടുത്ത ആ ഫോട്ടോയ്ക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു. അത് തന്നെ ആയിരുന്നു പിറ്റേന്ന് ഫോണിൽ വാൾപേപ്പർ ആയി സെറ്റ് ചെയ്യാനുള്ള കാരണവും. അച്ചുവിന്റെ മുഖത്തേക്ക് തന്നെ കണ്ണുകൾ നട്ട് ഇരിക്കവെ മിഴികൾ ഈറൻ അണിയാൻ തയ്യാറെടുക്കുന്നത് അവൾ അറിഞ്ഞു. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൾ ഫോൺ ബെഡിലേക്ക് ഇട്ട് വാഷ്റൂമിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ ചെല്ലുമ്പോൾ സോഫയിൽ ഇരിക്കുന്ന ആൽവിച്ചനെ കണ്ടതും അച്ചു പോയി കഴിഞ്ഞു എന്ന് അവൾക്ക് ബോധ്യമായി.

എന്തുകൊണ്ടോ മിഴികൾ കലങ്ങി. എന്തോ ഓർത്ത് പടികൾ ഇറങ്ങി വരുന്ന എമിയെ ആൽവിച്ചൻ ഒരു നിമിഷം നോക്കി ഇരുന്നു പോയി. കണ്ണും മൂക്കും എല്ലാം ചുവന്നിരിപ്പുണ്ട്. മുഖം കാണുമ്പോൾ തന്നെ അറിയാം ചില്ലറ കരച്ചിൽ ഒന്നുമല്ല കരഞ്ഞതെന്ന്. ഏത് നേരവും ചാടി തുള്ളി നടക്കുന്ന പെണ്ണ് ഒടിഞ്ഞു തൂങ്ങിയാണ് വരവ്. ആൽവിക്ക് ഒരേ സമയം അവളോട്‌ ഒത്തിരി അലിവും വാത്സല്യവും ഒക്കെ തോന്നി. അമ്മച്ചീ.... വേഗം മോപ്പും ബക്കറ്റും എല്ലാം എടുത്തോ... ദോ സഞ്ചരിക്കുന്ന കണ്ണുനീർ ടാങ്ക് വരുന്നു. വേഗം വന്നില്ലെങ്കിൽ ഇവിടെ എല്ലാം അവൾ കണ്ണുനീർ കൊണ്ട് പ്രളയം ഉണ്ടാക്കും. ആൽവിച്ചൻ വിളിച്ചു കൂവുന്നത് കേട്ടതും ആലോചനകിളിൽ മുഴുകിയ എമി അടുത്ത നിമിഷം മുഖം വീർപ്പിച്ച് അവനെ നോക്കി. എങ്കിലും ഇങ്ങനെ ഉണ്ടോ ദൈവമേ കരച്ചിൽ????? ആദ്യമായി പ്ലേ സ്കൂളിൽ കൊണ്ട് ആക്കിയപ്പോൾ ഇത്തിരിക്കില്ലാത്ത എന്റെ കൊച്ച് പോലും ഇങ്ങനെ കരഞ്ഞിട്ടില്ല. ഛേ... നാണക്കേട്....... ആൽവിച്ചൻ വിടാൻ ഉദ്ദേശമില്ല. മതിയെടാ.... എന്റെ മോളെ വെറുതെ കളിയാക്കാതെ.... അങ്ങോട്ട് എത്തിയ സാറാ അവനെ നോക്കി കണ്ണുരുട്ടി എമിക്ക് നേരെ തിരിഞ്ഞു. ഇവൻ ഇങ്ങനെ പലതും പറയും മോള് അതൊന്നും കാര്യമാക്കണ്ട.

വാ അമ്മച്ചി കഴിക്കാൻ എടുത്തു വെക്കാം രാവിലെയും ഒന്നും കഴിച്ചില്ലല്ലോ..... അവളുടെ തലയിൽ തഴുകി അവർ പറഞ്ഞു. തിരികെ പുഞ്ചിരിക്കാൻ ഒരു പാഴ് ശ്രമം എന്തിനോ വേണ്ടി അവളും നടത്തി. എല്ലാവരും എന്തിയേ അമ്മച്ചീ?????? സാറായ്ക്ക് ഒപ്പം നടക്കവെ അവൾ ചോദിച്ചു. എല്ലാവരും കഴിച്ചിട്ട് ഓരോ വഴിക്ക് പോയി. ഡാഡി കമ്പനിയിലേക്ക് പോയി. റിയ മോള് പിള്ളേരെ ഉറക്കാനായിട്ട് മുറിയിലേക്ക് പോയി, അനു പള്ളി വരെ പോയി. പറയുന്നതിനൊപ്പം അവർ അവൾക്ക് കഴിക്കാനുള്ളത് എല്ലാം വിളമ്പി. എല്ലാവരും ഇന്ന് നേരത്തെ കഴിച്ചൊ?????? നേരത്തെയോ????? എന്റെ കൊച്ചേ ഇതിപ്പൊ മണി മൂന്നര കഴിഞ്ഞു. എത്ര തവണ ഞാൻ വിളിക്കാൻ മുറിയിൽ വന്നെന്നോ???? നല്ല ഉറക്കം ആയത് കൊണ്ട് ശല്യം ചെയ്യാതിരുന്നതാ. സാറാ പറഞ്ഞതും അവൾ ഒന്നു മൂളി. അവളുടെ ഭാവങ്ങൾ എല്ലാം അവർ ശ്രദ്ധിച്ചിരുന്നു. അച്ചുവിന്റെ അസാന്നിധ്യം അവളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നവർ അറിയുകയായിരുന്നു. എമിയെ തന്നെ നോക്കി നിൽക്കവെ പെട്ടെന്നാണ് അവൾ അവർക്ക് നേരെ തിരിയുന്നത്. എനിക്കിത് ഒന്നു വാരി തരുവോ????? പ്ലേറ്റ് അവർക്ക് മുന്നിലേക്ക് നീട്ടി വെച്ച് അവൾ അവരുടെ മുഖത്തേക്ക് ഒന്നു നോക്കി. മറുപടിയായി നിറഞ്ഞ ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ച് അവർ കൈകഴുകി വന്നു.

ഉരുളകൾ ആക്കി ഓരോ വറ്റും അവർ അവൾക്ക് നേരെ നീട്ടുമ്പോൾ പിറകിൽ നിന്ന് ആൽവിച്ചന്റെ കളിയാക്കലുകൾ ഉയരുന്നുണ്ടായിരുന്നു. കഴിവതും മുറിയിലേക്ക് പോവാതെ താഴെ തന്നെ അവൾ ഇരുന്നു. എല്ലാവർക്കും ഒപ്പം ഇരുന്ന് സംസാരിച്ചും ജിച്ചൂട്ടന്റെ കൂടെ സമയം ചിലവഴിച്ചും ഉള്ളിലെ അസ്വസ്ഥതകൾക്ക് വിരാമം കണ്ടെത്താൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. അവർക്കൊപ്പം ഇരിക്കുമ്പോഴും അവൾ കയ്യിൽ പിടിച്ച ഫോണിലേക്ക് ഇടതടവില്ലാതെ കണ്ണുകൾ പതിഞ്ഞു കൊണ്ടിരുന്നു. അച്ചുവിന്റെ ഒരു ഫോൺ കോളിനായി അവളുടെ ഹൃദയം വല്ലാതെ തുടിച്ചിരുന്നു. അച്ചുവിന്റെ യാത്ര എമിയെ കൂടാതെ ഏറ്റവും ബാധിച്ചത് ജോക്കുട്ടനെ തന്നെ ആയിരുന്നു. ചെക്കന്റെ കരച്ചിൽ മാറാൻ തന്നെ ഒത്തിരി നേരമെടുത്തു. പുറമെ എമിയുടെ അത്ര വിഷമം ഒന്നും തന്നെ ഇല്ലെന്നാലും പതിവ് ഉത്സാഹം ഒന്നും അവനിലും ഇല്ലായിരുന്നു. അതിനിടയിൽ എമിയെ ദേഷ്യം പിടിപ്പിക്കാനായി ആൽവിച്ചൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പതിവ് കളിയും ചിരിയും തല്ല് കൂടലും ഒന്നും ഇല്ലാത്ത എമിയുടെ ഭാവം അവനെയും വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മാക്സിമം അവളെ ചൊറിഞ്ഞ് തല്ല് കൂടാൻ അവൻ ശ്രദ്ധിച്ചു. അതിനൊപ്പം അനുവും കൂടി ചേർന്നതോടെ എമിയെ പൂർണ്ണമായും ഓക്കെ ആക്കാൻ കഴിഞ്ഞില്ലെങ്കിലും പാതി അവർ വിജയം കണ്ടു. പോൾ കൂടി വന്നതോടെ അപ്പന്റെയും മകന്റെയും പാര വെപ്പും കൗണ്ടർ അടിയും എല്ലാം കൂടി ചേർന്നതോടെ തന്നെ സന്തോഷിപ്പിക്കാൻ അവർ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് വേദന മറച്ചു വെച്ച് ചിരിക്കാൻ എമിയും ശ്രമിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അത്താഴം കഴിക്കാൻ നേരവും എമിയുടെ ശ്രദ്ധ ഫോണിൽ തന്നെ ആയിരുന്നു. അച്ചുവിന്റെ കോളോ മെസ്സേജോ ഒന്നും തന്നെ ഇല്ലെന്ന് കണ്ടതും പരിഭവത്താൽ അവളുടെ ചുണ്ടോന്ന് കൂർത്തു. നല്ല തിരക്ക് ആയിരിക്കും എന്നറിയാം അല്ലെങ്കിൽ അവൻ വിളിക്കാതിരിക്കില്ല എന്നിരുന്നാലും പേരറിയാത്ത നോവ് ഉള്ളിൽ പടരുന്നു. ഒരുവിധം കഴിച്ച് എഴുന്നേറ്റ് അവൾ മുകളിലേക്ക് നടന്നു. നേരെ അനുവിന്റെ മുറിയിലേക്ക് അവൾ പോയത്. അച്ചു ഇല്ലാത്തതിനാൽ ഒരുമിച്ച് കിടക്കാം എന്ന് അവൾ തന്നെയാണ് പറഞ്ഞതും. ഒത്തിരി നേരം സംസാരിച്ചിരുന്നും കോൺഫ്രൻസ് കോളിലൂടെ മറ്റ് മൂന്നെണ്ണത്തിനോടും കൂടി സംസാരിച്ചെങ്കിലും എമിയുടെ മനസ്സ് അവിടെയെങ്ങും ഇല്ലായിരുന്നു. ഒടുവിൽ അത് മനസ്സിലാക്കി അനു ലൈറ്റ് അണച്ച് അവളെയും കെട്ടിപ്പിടിച്ചു കിടന്നു. ഉറങ്ങാൻ കിടന്നിട്ടും ഫോണിലേക്ക് തന്നെ അക്ഷമയോടെ നോക്കുന്ന എമിയെ കണ്ടവൾ ചിരിയോടെ കണ്ണുകൾ അടച്ചു. നേരം ഒത്തിരി കടന്നു പോയിട്ടും എമിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറങ്ങാനായില്ല. അച്ചു അടുത്തില്ലാതെ തനിക്ക് ഉറക്കം വരില്ല എന്നവൾ വീണ്ടും വീണ്ടും തിരിച്ചറിയുകയായിരുന്നു. ഒടുവിൽ കുറച്ചെങ്കിലും അവന്റെ സാന്നിധ്യമുള്ള തങ്ങളുടെ മുറിയിലേക്ക് തന്നെ പോവാൻ തീരുമാനിച്ച് അവൾ എഴുന്നേറ്റു. അനൂ.......

ഡീ അനൂ........... ഉറങ്ങി കിടന്ന അവളെ എമി കുലുക്കി വിളിച്ചു. എന്നതാടീ???? നിനക്ക് ഉറക്കവുമില്ലേ???? ഈർഷ്യയോടെ കണ്ണുകൾ തിരുമി അവൾ ചോദിച്ചു. എടീ... ഞാൻ മുറിയിൽ പോയി കിടന്നോളാം ഇവിടെ കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നില്ല....... ദയനീയമായി അവളുടെ പറച്ചിലും ഭാവവും കണ്ട് ചീത്ത പറയാൻ ആഞ്ഞ അനുവിന് പിന്നൊന്നും പറയാൻ തോന്നിയില്ല. ശരി നീ പൊക്കോ....... ഒന്നു കണ്ണ് ചിമ്മി കാണിച്ചവൾ പറഞ്ഞതും എമി അവൾക്ക് ഒരു പുഞ്ചിരി നൽകി ഡോർ തുറന്ന് പുറത്തേക്ക് പോയിരുന്നു. അവൾ പോയ വഴിയേ നോക്കി അനു കണ്ണുകൾ അടച്ചു. തിരികെ മുറിയിൽ എത്തുമ്പോഴാണ് ശ്വാസം വന്നത് പോലെ അവൾക്ക് തോന്നിയത്. മുറി അടച്ച് അകത്തേക്ക് കയറി ബെഡിലേക്ക് കിടക്കുമ്പോൾ എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞൊഴുകി. വെറുതെ ബെഡിൽ കുറച്ചു നേരം അങ്ങനെ കിടന്നു. പിന്നെ എന്തോ ഓർത്തെന്നത് പോലെ അവൾ ഓടി ചെന്ന് അച്ചു ഊരിയിട്ടിട്ട് പോയ ബനിയൻ കയ്യിൽ എടുത്തു. അത് നെഞ്ചോട് ചേർത്ത് വെച്ച് ഏറെ നേരം നിന്നു. അവന്റെ ഗന്ധം തന്നെ വന്നു മൂടുന്നത് പോലെ. പിണങ്ങി നിൽക്കുമ്പോൾ പിന്നിലൂടെ വന്ന് പുണരുന്നത്..... കഴുത്തിൽ ചുംബിക്കുന്നത്..... കാതിൽ അടിക്കുന്ന അവന്റെ നിശ്വാസചൂട്.......

ഇതൊന്നും ഇല്ലാതെ.... ഭ്രാന്ത്‌ പിടിക്കുന്നത് പോലെ........ നെഞ്ച് വിങ്ങുന്നു...... കണ്ണുകൾ നിറഞ്ഞൊഴുകി........ മുറിയിൽ ഒന്നിച്ചു ചിലവഴിച്ച സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ കൺമുന്നിലൂടെ ഓടി മറഞ്ഞു. കൺകോണിൽ വീണ്ടും നീർതുള്ളികൾ ഉരുണ്ടു കൂടി. അവന്റെ ബനിയനിൽ മുഖം അമർത്തി അവൾ ബെഡിലേക്ക് ഇരുന്നു. പൊടുന്നനെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും പിടഞ്ഞുകൊണ്ടവൾ ബെഡിൽ കിടന്ന ഫോൺ എടുത്തു. വിളിക്കുന്നത് ആരെന്ന് പോലും നോക്കാതെ തിടുക്കത്തിൽ കോൾ അറ്റൻഡ് ചെയ്തവൾ കാതോട് ചേർത്തു. മറുപുറത്ത് നിശബ്ദത......... ഹലോ പറയണം എന്നുണ്ട് പക്ഷെ നാവ് പൊന്തുന്നില്ല....... ഏറി വരുന്ന ഹൃദയമിടിപ്പോടെ അവൾ കണ്ണുകൾ അടച്ചു. പൊടികുപ്പീ........... ഏറെ പതിഞ്ഞ ആ സ്വരം കാതിലൂടെ തുളച്ചു കയറി. ഒറ്റ നിമിഷം കൊണ്ട് ഹൃദയതുടിപ്പ് നിലച്ചത് പോലെ. ശ്വാസം വിലങ്ങി......... ചുണ്ടുകൾ വിതുമ്പി.... അടഞ്ഞ മിഴികളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്ക് ഒഴുകി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story