ഹൃദയതാളമായ്: ഭാഗം 146

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കാതങ്ങൾക്ക് അകലെ നിന്ന് തന്നെ തേടിയെത്തിയ പ്രാണന്റെ സ്വരം. വരണ്ട ഭൂമിയിൽ നേർത്തൊരു ചാറ്റൽ മഴ പെയ്തിറങ്ങിയ പോലെ ഒരു സുഖം. അത്രനേരം അനുഭവിച്ച സംഘർഷങ്ങൾക്കെല്ലാം അവന്റെ ഒറ്റ വിളിയിൽ തെല്ല് അയവ് വന്നത് പോലെ...... അവൻ അടുത്തില്ലെന്ന നോവ് നെഞ്ചിൽ ആളി പടരുമ്പോഴും മറുവശത്ത് അവന്റെ സ്വരമൊന്ന് കേട്ടതിന്റെ നിർവൃതിയിൽ ആയിരുന്നു മനസ്സ്. ഹൃദയം ഒരേ സമയം നോവുകയും സന്തോഷിക്കുകയും ചെയ്യുന്ന അവസ്ഥ. എമീ......... അവളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അവൻ വീണ്ടും വിളിച്ചു. അതുവരെ അടുക്കി വെച്ച ശ്വാസം ഒരു എങ്ങലായി പുറത്തേക്ക് തെറിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. എന്തൊക്കെയോ പറയണം എന്നുണ്ട്.... പലതും ചോദിച്ചറിയണം എന്നുണ്ട്.... ഇതുവരെ വിളിക്കാത്തതിന്റെ പരിഭവങ്ങൾ എണ്ണി നിരത്തണം എന്നുണ്ട്...... പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല... വാക്കുകൾ തൊണ്ടക്കുഴിയിൽ തന്നെ കുരുങ്ങി കിടക്കുന്നു..... നോവിനാൽ ഉയരുന്ന തേങ്ങലുകൾ മാത്രം അവശേഷിക്കുന്നു. വാ പൊത്തി പിടിച്ച് അവൾ തികട്ടി വന്ന കരച്ചിലിനെ അടക്കാൻ ശ്രമിച്ചു. നിന്റെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ പൊടികുപ്പീ????? ശാസനയോടെ ചോദിച്ച വാക്കുകളിൽ അവന്റെ വേദന പ്രകടമായിരുന്നു. ഇ.... ഇച്ചായാ......... ഇടറിയ സ്വരം കൂട്ടിച്ചേർത്ത് പരിഭവത്തോടെ അതിലേറെ വേദനയോടെ അവളൊന്ന് വിളിച്ചു. ഇവിടെ കാല് കുത്തിയത് മുതൽ ഒരേ തിരക്കായിരുന്നു.

നിന്നെ ഒന്നു വിളിക്കാൻ എത്ര തവണ ഉള്ള് തുടിച്ചു എന്നറിയില്ല. പക്ഷെ ഒന്നു നേരാവണ്ണം ശ്വാസം വിടാൻ പോലും സമയമില്ലായിരുന്നു. ഒടുവിൽ ഇല്ലാത്ത സമയം കണ്ടെത്തി വിളിക്കുമ്പോൾ ഇങ്ങനെ ഇരുന്ന് കരയാനാണെങ്കിൽ ഞാൻ ഇനി വിളിക്കില്ല പറഞ്ഞേക്കാം. ഗൗരവം അണിഞ്ഞ് അവൻ പറഞ്ഞതും അനുസരണയില്ലാതെ ഉയരുന്ന ഏങ്ങലടികളെ പിടിച്ചു കെട്ടാൻ അവൾ പാഴ്ശ്രമങ്ങൾ നടത്തി നോക്കി. ഫലം പരാജയം ആണെന്ന് അറിഞ്ഞിട്ടും ഇടതടവില്ലാതെ ഒഴുകുന്ന കണ്ണുനീരിന് തടയിടാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. എമീ.......... ഇല്ല.... ഇല്ലിച്ചയാ ഞാൻ കരയില്ല...... പറയുന്നതിനൊപ്പം തന്നെ അവൾ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു നീക്കി. പൊടിക്കുപ്പീ.......... അത്രമേൽ ആർദ്രമായി അവൻ വിളിച്ചു. മ്മ്മ്മ്......... ശ്വാസം അടക്കി പിടിച്ച് അവളൊന്ന് മൂളി. എന്താ ഉറങ്ങാത്തത്?????? ഉറക്കം വന്നില്ല........... അതെന്നതാ അല്ലാത്തപ്പൊ ഈ നേരം രണ്ട് ഉറക്കം കഴിയേണ്ട ആളാണല്ലോ??? കളിയായി അവൻ ചോദിച്ചു നിർത്തി. ഇച്ചായൻ..... ഇച്ചായനില്ലാതെ എനിക്ക്..... എനിക്ക് പറ്റണില്ല....... അത് പറയവെ അവൾ വിങ്ങി പൊട്ടിപ്പോയി. അവളുടെ കരച്ചിൽ കേട്ട് ഒരു നിമിഷം അവന്റെ കണ്ണുകളും നിറഞ്ഞു പോയി. നെഞ്ച് ഒന്നു പിടഞ്ഞു. വേഗം... വരുവോ?????? ചിതറി പോയ വാക്കുകൾ എങ്ങനെയോ കൂട്ടിപെറുക്കി അവൾ വിതുമ്പി. വന്ന കാര്യം എത്ര വേഗം കഴിയുന്നോ അത്രയും വേഗം ഞാൻ അങ്ങോട്ട്‌ വരില്ലേ????? എന്റെ കൊച്ച് ഇങ്ങനെ കരഞ്ഞ് കൂവി എന്നെ കൂടി വിഷമിപ്പിക്കാതെ നല്ല കുട്ടിയായി ഇരുന്നേ..... അച്ചു പറഞ്ഞതും അവൾ എങ്ങനെയൊക്കെയോ കരച്ചിൽ അടക്കി ബെഡിലേക്ക് കിടന്നു.

അവളുടെ മൂഡ് മാറ്റാനായി വീട്ടിലെ എല്ലാവരെയും കുറിച്ച് അവൻ വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. ആദ്യമൊക്കെ കരച്ചിൽ ആയിരുന്നെങ്കിലും പിന്നെ പിന്നെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും അവനോട് പങ്കുവെച്ചവൾ തന്നിലെ വിഷമങ്ങൾ അടക്കി. വീണ്ടും ഒത്തിരി നേരം സംഭാഷണം നീണ്ടു പോയി. ഒടുവിൽ എമി ഉറങ്ങി എന്ന് ഉറപ്പായപ്പോഴാണ് അവൻ കോൾ കട്ട്‌ ചെയ്യുന്നത്. കോൾ അവസാനിപ്പിച്ച് അവൻ ഹെഡ് ബോഡിലേക്ക് ചാരി ഇരുന്നു. വിരഹം..... പ്രണയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടി നോവായി പെയ്തിറങ്ങുന്ന ഒരു നീറ്റൽ...... ഹൃദയതാളിൽ മിഴിനീരിനാൽ എഴുതി ചേർത്ത പാഠം. പ്രണയത്തിന്റെ തീവ്രത എത്രയെന്ന് അറിയണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും വിരഹവേദന അനുഭവിച്ച് അറിയണം. ഏറെ അകലെയെന്നാലും ഹൃദയമിന്നും അടുത്താണ്. അവന്റെ കണ്ണുകൾ ഫോണിലേക്ക് നീണ്ടു. വിരലുകൾ ഗാലറിയിലേക്ക് നീങ്ങി. ഏറെയും എമിയുടെ ചിത്രങ്ങളാണ്. പലപ്പോഴായി അവൾ അറിഞ്ഞും അറിയാതെയും ഒക്കെ എടുത്തു കൂട്ടിയവ. ഓരോ ഫോട്ടോസിലും അവളുടെ വ്യത്യസ്ത ഭാവങ്ങൾ ആയിരുന്നു. പരിഭവവും കുശുമ്പും കുസൃതിയും സന്തോഷവും അങ്ങനെ ഒത്തിരി ഒത്തിരി ഫോട്ടോസ്. നിവിയുടെ വീട്ടിൽ വെച്ച് അവൾ പോലും അറിയാതെ എടുത്ത അവളുടെ കുറുമ്പ് നിറഞ്ഞ പിക്കുകളിലൂടെ അവന്റെ മിഴികൾ അലഞ്ഞു. ആ ചിത്രങ്ങൾ കാൺകെ അറിയാതെ പോലും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

ഒടുവിൽ എമിയെ അവൻ പിന്നിലൂടെ പുണർന്ന് കാതിൽ ചുംബിക്കുന്ന ഫോട്ടോയിൽ അവന്റെ നോട്ടം ചെന്ന് അവസാനിച്ചു. വയറിലൂടെ ചുറ്റിപ്പിടിച്ച അവന്റെ കയ്യിൽ കരം അമർത്തി ഒറ്റക്കണ്ണ് ഇറുക്കി അടച്ച് ചിരിക്കുന്ന എമിയുടെ മുഖത്ത് അവന്റെ കണ്ണുകൾ തങ്ങി നിന്നു. മതിവരാതെ അവൻ ആ ചിത്രത്തിൽ തന്നെ നോക്കിയിരുന്നു എത്രയെന്നില്ലാതെ....... ഒടുവിൽ ഉറക്കം കണ്ണുകളെ മൂടുന്ന വേളയിലും അവന്റെ കണ്ണുകളിലും ചിന്തകളിലും നിറഞ്ഞു നിന്നത് അവന്റെ മാത്രം പൊടിക്കുപ്പി ആയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ ഏറെ വൈകി ആയിരുന്നു എമി ഉണർന്നത്. എഴുന്നേറ്റ് വാഷ്റൂമിൽ കയറി മുഖം കഴുകാൻ മുതിരവെ മിററിൽ കണ്ട പ്രതിരൂപത്തിൽ അവൾ ഒരു നിമിഷം നോക്കി നിന്നു. രാത്രിയിലെ കരച്ചിലിന്റെ ബാക്കിയായി വീർത്ത കൺപോളകളും കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിനാൽ തെളിഞ്ഞു കാണുന്ന അടയാളങ്ങളും എല്ലാം കാൺകെ അത് മറ്റാരുടെയോ പ്രതിരൂപം ആണെന്ന് അവൾക്ക് തോന്നിപ്പോയി. ടാപ്പ് ഓൺ ചെയ്ത് ശക്തമായി മുഖത്തേക്ക് വെള്ളം തെറിപ്പിച്ച് അവൾ അൽപ്പനേരം കണ്ണുകൾ അടച്ചു നിന്നു. അസ്വാസ്ഥമായ മനസ്സിന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് അവൾ തന്റെ മറ്റ് പ്രവർത്തികളിലേക്ക് തിരിഞ്ഞു. കരഞ്ഞ് ഉറങ്ങിയത് ആരും അറിയാതിരിക്കാൻ കുളിച്ച് അവൾ താഴെക്കിറങ്ങി. അനുവിനോടും ആൽവിച്ചനോടും എല്ലാം തല്ല് കൂടി അച്ചു ഇല്ലാത്ത വിഷമം മറക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ബഹളം ഏറിയതും സാറാ എല്ലാത്തിനെയും വഴക്ക് പറഞ്ഞ് ഓടിച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കാനിരിക്കുമ്പോൾ മുഖത്ത് ഒരു പുഞ്ചിരി ആവരണമാക്കി അവൾ ഇരുന്നു. പോളും ആൽവിച്ചനും ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് ഓഫീസിലേക്ക് പോവാൻ ഇറങ്ങുമ്പോഴാണ് പുറത്ത് ഒരു കാറിന്റെ സൗണ്ട് കേൾക്കുന്നത്. ഇതിപ്പൊ ആരാണാവോ?????? ഇറങ്ങാൻ തയ്യാറെടുത്ത പോൾ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു. അതേ സംശയത്തോടെ ആൽവിച്ചനും എമിയും അനുവും അയാൾക്ക് പിന്നാലെ പുറത്തേക്കിറങ്ങി. വരാന്തയിലേക്ക് ഇറങ്ങിയ മാത്രയിൽ കാറിൽ നിന്ന് ഇറങ്ങിയ വ്യക്തിയെ കണ്ടതും എമിയുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു. പപ്പേ........... ഉച്ചത്തിൽ വിളിച്ചു കൊണ്ടവൾ അയാൾക്ക് അരികിലേക്ക് ഓടി ചെന്നു. ഇരുകയ്യും വിരിച്ച് മകളെ തന്നിലേക്ക് സ്വാഗതം ചെയ്തു നിൽക്കുന്ന അയാളുടെ നെഞ്ചോട് ചേരുമ്പോൾ അവളുടെ കണ്ണുകൾ എന്തിനോ ഈറൻ അണിഞ്ഞു. പപ്പയുടെ സാമിപ്യം ഒത്തിരി കൊതിച്ചിരുന്നു. തന്റെ മനസ്സ് അറിഞ്ഞത് പോലെ മുന്നിൽ വന്നു നിന്നപ്പോൾ പേരറിയാത്ത ഒരു സന്തോഷം ഉള്ളിൽ ഉടലെടുക്കുന്നു.... അയാളെ ഇറുകെ കെട്ടിപ്പിച്ച് അവൾ നിന്നു. എന്റെ മോളേ നീ പപ്പയെ അവിടെ തന്നെ അങ്ങ് തടഞ്ഞു നിർത്താതെ ഞങ്ങൾക്ക് കൂടി ഒന്നു കാണാനുള്ള സാവകാശം താ........ ഒരു ചിരിയുടെ അകമ്പടിയോടെ പോളിന്റെ ആ വാക്കുകൾ കേട്ടതും അവൾ അയാളിൽ നിന്ന് അകന്നു മാറി. അകത്തേക്ക് വാ പപ്പാ........

കയ്യിൽ പിടിച്ചു കൊണ്ട് എമി പറഞ്ഞതും അവളെയും ചേർത്ത് പിടിച്ചയാൾ പടി കയറി. വാടോ.... എത്ര നാളായി ഒന്നു കണ്ടിട്ട്???? പോൾ അയാളെ അകത്തേക്ക് ക്ഷണിച്ചു. ഒരു പുഞ്ചിരിയോടെ ജോൺ എമിയെ ചേർത്ത് പിടിച്ച് പോളിനൊപ്പം അകത്തേക്ക് കയറി. സാറാമ്മോ... ഒരു ചായ ഇങ്ങ് എടുത്തോ..... ഹാളിലേക്ക് ഇരിക്കവെ അയാൾ പറഞ്ഞതും ജോണിന് നേരെ നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് അവർ അടുക്കളയിലേക്ക് നടന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു വരവ് ആയിപ്പോയല്ലോ?????? പോളിന്റെ ആ ചോദ്യത്തിന് സാറാ പോയ വഴിയേ നോക്കി ഇരുന്ന ജോൺ ഒന്നു പുഞ്ചിരിച്ചു. എങ്ങോട്ടോ പോവാനുള്ള പുറപ്പാടിൽ ആണെന്ന് തോന്നുന്നു.... ആൽവിച്ചനെയും പോളിനെയും മാറി മാറി നോക്കി അയാൾ ചോദിച്ചു. ആഹ്.... ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുവായിരുന്നു. താനിന്ന് ലീവ് ആണോ??????? മ്മ്മ്.... ഇന്ന് പെട്ടെന്ന് ഒരു ലീവ് എടുക്കേണ്ടി വന്നു. അതെന്താ?????? എമി മനസ്സിലാവാതെ അയാളെ നോക്കി. രാവിലെ എന്നെ അച്ചു വിളിച്ചിരുന്നു. അപ്പോഴാ അറിയുന്നത് ഇവിടെ ഒരാൾ ഫുൾ ടൈം കരച്ചിൽ ആണെന്ന്. ഇവിടെ വന്ന് ആളെ കൂട്ടിക്കൊണ്ട് പോകാവോ എന്നോട് ചോദിച്ചു. അതാ രാവിലെ തന്നെ ലീവ് എടുത്ത് ഇങ്ങോട്ട് പോന്നത്. എമിയെ ഇടംകണ്ണിട്ട് നോക്കി അയാൾ പറഞ്ഞു നിർത്തവെ അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞിരുന്നു. അപ്പൊ എങ്ങനാടോ ഞാൻ ഇവളെ കൊണ്ടുപൊക്കോട്ടെ???? അയാൾ പറഞ്ഞു നിർത്തിയതും പോളിന്റെ നോട്ടം എമിയിൽ എത്തി.

ഒറ്റ ദിവസം കൊണ്ട് അവളിൽ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പഴയ എമിയുടെ ഒരു നിഴൽ മാത്രമാണ് മുന്നിൽ എന്ന് തോന്നിക്കും വിധം അവൾ മാറിപ്പോയി. പക്ഷെ വിടാൻ മനസ്സ് വരുന്നില്ല. കേവലം മരുമകളല്ല ആദ്യമായി കണ്ട നാൾ തുടങ്ങി തനിക്കവൾ മകൾക്ക് തുല്യമാണ് ഒരുപക്ഷെ മകളെക്കാൾ..... അയാൾ ചായയുമായി അങ്ങോട്ട്‌ എത്തിയ സാറായെ നോക്കി. എമിയെ പറഞ്ഞയക്കാനുള്ള മടി അവരുടെ മുഖത്തും പ്രകടമാണ്. സാറായുടെ മാത്രമല്ല ഇത്രകാലം വെറുപ്പോടെ നോക്കിയിരുന്ന അനുവിന്റെ കണ്ണുകളിൽ പോലും അവളെ പിരിയുന്ന ദുഃഖം വ്യക്തമാണ്. അയാളൊന്ന് നിശ്വസിച്ചു. എമി പോയാൽ ഈ വീട് തന്നെ ഉറങ്ങി പോവും. ദിവസവും ഇവരുടെ ബഹളവും ചിരിയും എല്ലാമാണ് ഈ വീടിന്റെ ജീവൻ. അതൊന്നും ഇല്ലെങ്കിൽ ഞങ്ങളുടെ ഒക്കെ ഒരു ദിവസം തന്നെ അപൂർണ്ണമാണ്.... അച്ചു കൂടി ഇല്ലാത്ത അവസ്ഥയിൽ ഇവൾ കൂടി പോയാൽ...... പറഞ്ഞു പൂർത്തിയാക്കാതെ അയാളൊന്ന് നിർത്തി. പിന്നെ ഇവൾക്ക് ഒരു ചേഞ്ചിന് അതാണ് നല്ലതെങ്കിൽ ഞങ്ങൾക്ക് പ്രശ്നമില്ല. ഇങ്ങനെ ഒടിഞ്ഞു തൂങ്ങിയുള്ള ഇവളുടെ ഇരുപ്പ് കണ്ടിട്ട് തന്നെ ഞങ്ങൾക്ക് ഭയങ്കര വിഷമമാണ്. എന്റെ മോള് കുറച്ചു ദിവസം വീട്ടിൽ പോയി നിന്നിട്ട് ആ പഴയ കാന്താരി ആയിട്ട് ഇങ്ങോട്ട് തിരിച്ചു വാ....... എമിയുടെ തലയിൽ തഴുകി സ്നേഹത്തോടെ അയാൾ പറഞ്ഞതും അവളൊരു പുഞ്ചിരിയോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. എമിയെ ചേർത്ത് പിടിച്ച് അയാൾ അവളുടെ തോളിൽ ഒന്നു തട്ടി.

പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. ബാഗ് ഒന്നും പാക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നു എങ്കിൽ കൂടി അവൾ റൂമിലേക്ക് പോയി അച്ചുവിന്റെ ബനിയനും ഒരു എക്സ്ട്രാ ഡ്രസ്സ്‌ കൂടി എടുത്ത് താഴെക്കിറങ്ങി. ജിച്ചൂട്ടനും ജോക്കുട്ടനും നല്ല ഉറക്കം ആയതിനാൽ കൂടുതൽ പ്രശ്നം ഒന്നും ഉണ്ടായില്ല. എങ്കിലും അവൾ മുറിയിലേക്ക് കയറി രണ്ടുപേരുടെയും നെറ്റിയിൽ ചുണ്ട് അമർത്തി അവരെ ഉണർത്താതെ അവൾ പുറത്തേക്കിറങ്ങി. അനുവിനെയും റിയയെയും മുറുകെ പുണർന്ന് അവൾ യാത്ര പറയുമ്പോൾ അവർ ഇരുവരുടെയും മുഖം വാടിയിരുന്നു. കുറച്ചു നാൾ അവിടെ തന്നെ നിന്നോ അത്രയും കാലമെങ്കിലും ഞാൻ ഇവിടെ ഒന്നു സ്വസ്ഥമായി ഇരിക്കട്ടെ..... യാത്ര പറയാൻ അരികിൽ ചെല്ലുമ്പോൾ ആൽവിച്ചൻ പറയുന്നത് കേട്ടവൾ ചുണ്ട് കൂർപ്പിച്ചു. അങ്ങനെ ഇപ്പൊ സ്വസ്ഥമായി ഇരിക്കാം എന്ന് കരുതണ്ട ഞാൻ വേഗം തന്നെ ഇങ്ങോട്ട് വരുന്നുണ്ട് കേട്ടൊടോ കോഴിച്ചാ..... നോവാത്ത വിധത്തിൽ അവന്റെ വയറ്റിൽ കൈ ചുരുട്ടി ഇടിച്ചവൾ സാറായുടെ അരികിലേക്ക് ചെന്നു. ഒത്തിരി നാളൊന്നും അവിടെ നിന്നേക്കല്ലേ...... കുരുത്തക്കേട് കാണിച്ച് എന്റെ കയ്യിൽ നിന്ന് അടി വാങ്ങാൻ വേഗം ഇങ്ങോട്ട് തന്നെ വന്നേക്കണം..... സാറാ അവളുടെ കവിളിൽ തലോടി പറഞ്ഞതും ആ കവിളിൽ ഒന്നു മുത്തി അവൾ ജോണിന് ഒപ്പം ഇറങ്ങി. തിരിഞ്ഞു കൈവീശി കാണിച്ച് കണ്ണുകളാൽ യാത്ര പറഞ്ഞവൾ കാറിലേക്ക് കയറി. ഗേറ്റ് കടന്നു പോവുന്നത് വരെ അവൾ എല്ലാവർക്കും നേരെ കൈവീശി കാണിച്ചു കൊണ്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിൽ എത്തിയതും അവൾ ഓടി ചെന്ന് സ്റ്റെല്ലയെ കെട്ടിപ്പിടിച്ചു. എമി വരുന്നത് അറിഞ്ഞ് റോണിയും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. അവളെ വിഷമിപ്പിക്കാതെ ഇരിക്കാൻ അൽപ്പനേരം പോലും അവളുടെ അരികിൽ നിന്ന് മാറാതെ അവൻ ഉണ്ടായിരുന്നു. റോണിയുടെ കൂടെ തല്ല് കൂടിയും സ്റ്റെല്ലയോട് കുറുമ്പ് കാട്ടിയും നടക്കുമ്പോൾ എന്നും രാത്രി എത്തുന്ന അച്ചുവിന്റെ ഫോൺ കോളുകളും ഇടയ്ക്കിടെ തേടിയെത്തുന്ന വീഡിയോ കോളുകളും ആയിരുന്നു അവൾക്ക് ഏക ആശ്വാസം. ഈ ദിവസങ്ങളിൽ എല്ലാം കുരിശിങ്കൽ നിന്നും എല്ലാവരും അവളെ മുടങ്ങാതെ വിളിച്ചു സംസാരിച്ചു പോന്നു. വീട്ടിൽ ഇരുന്ന് ബോറടിച്ച അനുവും കൂടി പെട്ടിയും കിടക്കയും എടുത്ത് എമിക്ക് ഒപ്പം നിൽക്കാൻ എത്തിയതോടെ മൊത്തത്തിൽ ഒരു ഓളമായി. അതിനിടയിൽ അപ്പുവിന്റെയും നിവിയുടെയും കല്യാണത്തിനുള്ള മുഹൂർത്തം കുറിച്ചു. അപ്പുവിന്റെ ജാതകത്തിൽ ഇക്കൊല്ലം തന്നെ വിവാഹം നടത്തിയില്ലെങ്കിൽ പിന്നെ നാല്പത് കഴിഞ്ഞാണ് മംഗല്യയോഗം. എല്ലാം കൊണ്ടും ഒത്തിണങ്ങിയ മുഹൂർത്തം ഈ മാസം തന്നെ കിട്ടിയതും എത്രയും വേഗം നടത്താൻ മുതിർന്നവർ സംസാരിച്ച് തീരുമാനത്തിൽ എത്തി. അതോടെ കല്യാണതിരക്കുകൾ ആരംഭിച്ചു. എല്ലാത്തിനും മുന്നിൽ നിൽക്കാൻ അച്ചു ഇല്ലാത്തത് അപ്പുവിന് ഭയങ്കര നിരാശ ആയിരുന്നു. നേരത്തെ എത്തേണ്ട അച്ചു ജോലി തിരക്കുകൾ നീണ്ടതും കല്യാണത്തിന്റെ അന്ന് വെളുപ്പിനേ എത്തൂ എന്നറിഞ്ഞതും എല്ലാവരും സങ്കടത്തിലായി. എമിക്ക് ആയിരുന്നു ഏറെ വിഷമം. എങ്കിലും അത് പുറമെ കാണിക്കാതെ അവൾ കല്യാണതിരക്കുകളിലേക്ക് ഊളിയിട്ട് ഇറങ്ങി.

അച്ചു ഇല്ലാത്തതിനാൽ ആൽവിച്ചനും തന്റെ ഉറ്റ സുഹൃത്തിന്റെ വിടവ് നികത്താൻ സ്വന്തം മകന്റെ കല്യാണം എന്ന പോലെ പോളും എല്ലാത്തിനും മുൻപന്തിയിൽ തന്നെ നിന്ന് എല്ലാം ഓടി നടന്ന് ചെയ്തു. ഡ്രസ്സ്‌ എടുപ്പും അഭരണങ്ങൾ എടുക്കലും എല്ലാം മുറ പോലെ വേഗത്തിൽ തന്നെ നടന്നു. ഒടുവിൽ കല്യാണതലേന്ന് എത്തി. രാവിലെ മുതൽ വൈകിട്ട് വരെ അപ്പുവിന്റെ വീട്ടിൽ ചിലവിട്ട് എമിയും അനുവും റോണിയും കൂടെ മറിയാമ്മയും ചേർന്ന് നേരെ നിവിയുടെ അടുത്തേക്ക് വെച്ച് പിടിച്ചു. അവിടെ ഹൽദി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് തന്നെ അവിടെ എത്തിയില്ലെങ്കിൽ എല്ലാത്തിന്റെയും കാല് തല്ലി ഒടിക്കും എന്ന് നിവിയുടെ ഭീഷണിയിൽ ഭയന്ന് അവർ നല്ല കുട്ടികളായി പറഞ്ഞതിലും നേരത്തെ തന്നെ അവിടെ എത്തി. എല്ലാവരും മഞ്ഞയിൽ മുങ്ങി കുളിച്ചാണ് എത്തിയത്. അങ്ങനെ ആണല്ലോ പതിവ്. എമിക്ക് ഒരു റാണി പിങ്ക് കളർ ക്രോപ്പ് ടോപ്പും സൺഫ്ലവർ യെല്ലോ കളർ ലോങ്ങ്‌ സ്കേർട്ടും ആയിരുന്നു വേഷം. അനുവിന് ഓഷ്യൻ ബ്ലൂ ആൻഡ് യെല്ലോയും മറിയാമ്മക്ക് വൈറ്റ് ആൻഡ് യെല്ലോ കോമ്പിനേഷൻ ഗൗണും റോണി യെല്ലോ ഷർട്ട്‌ ആൻഡ് ബ്ലാക്ക് ജീനും. എല്ലാം നിവിയുടെ വീട്ടുകാരുടെ വകയാണ്. അവർ ചെല്ലുമ്പോൾ നിവി ഒരു ഫുൾ യെല്ലോ ലഹങ്കയിൽ തിളങ്ങി ഇരിപ്പാണ്. ഓർണമെന്റ്സും ഡെക്കറേഷനും എല്ലാം ചേർന്ന് മൊത്തത്തിൽ ഒരു മഞ്ഞ മയം. മാതാവേ ഇവൾക്ക് ഇത് എന്നാടീ മഞ്ഞപിത്തം ബാധിച്ചോ??????

നിവിയെ കണ്ട മാത്രയിൽ റോണി എമിയുടെ കാതിൽ പറഞ്ഞു. മിണ്ടാതെ വാടാ...... ശബ്ദം താഴ്ത്തി പറഞ്ഞവൾ എല്ലാത്തിനെയും വലിച്ച് നിവിയുടെ അരികിലേക്ക് നടന്നു. അവരെ കണ്ടതും നിവി വെളുക്കെ പുഞ്ചിരിച്ചു. ദേ ഡീ.... നീയൊക്കെ കണ്ടോ വെട്ടം അടിച്ചപ്പോൾ അവളുടെ പല്ല് തിളങ്ങുന്നു ഇവൾ ഇനി നമ്മളോട് പറയാതെ പോയി പല്ല് ക്ലീൻ ചെയ്തോ?????? എഗൈൻ റോണി. അത് അവൾ ഇന്ന് പല്ല് തേച്ചതിന്റെയാ... അനുവിന്റെ വക കൗണ്ടർ. നിങ്ങളൊക്കെ എന്താ ഇങ്ങനെ ഇതൊരു കല്യാണവീടാണ് കുറച്ചൊക്കെ ഡീസന്റ് ആയിക്കൂടെ????? മറിയാമ്മ വലിയ ആളെ പോലെ അവരെ നോക്കി. മ്യോളെ........ ബാക്കി മൂന്നെണ്ണത്തിന്റെയും കോറസ്. ഈൗ.... ഏറ്റില്ലല്ലേ????? ഇല്ല.... ഒട്ടും ഏറ്റില്ല..... എനിക്കും തോന്നി..... അവളൊന്ന് ഇളിച്ചു. അപ്പോഴേക്കും നിവി അവരെ വിളിച്ചു കൊണ്ട് പോയിരുന്നു. കുറച്ചു നേരം സംസാരിച്ചും ചിരിച്ചും ഇരുന്നതും മെഹന്ദി ഇടാനായി രണ്ടുപേർ അങ്ങോട്ട്‌ എത്തി. നിവി സ്വന്തം കൈ നീട്ടുന്നതിന് ഒപ്പം എമിയുടെ കൈ കൂടി നിർബന്ധപൂർവ്വം നീട്ടിച്ചു. വലിയ താല്പര്യംമില്ലെന്നാലും നിവി ആവശ്യപ്പെട്ടപ്പോൾ നിരസിക്കാൻ അവൾക്ക് തോന്നിയില്ല. അങ്ങനെ രണ്ടുപേരുടെയും കയ്യിൽ മെഹന്ദി ഇടൽ പുരോഗമിച്ചു.

അതിനൊപ്പം തന്നെ അങ്ങോട്ടും ഇങ്ങോട്ടും തമാശ പറഞ്ഞും കളിയാക്കിയും ഇരുന്നു. ഇതിനെല്ലാം ഇടയിലും അച്ചു ഇല്ലാത്തതിന്റെ ഒരു സങ്കടം എമിക്ക് ഉള്ളിൽ നീറുന്നുണ്ടായിരുന്നു. ചിന്തകൾ വീണ്ടും അവനിൽ എത്തിയതും നിറഞ്ഞ മിഴികൾ ഒഴുകാൻ അനുവദിക്കാതെ അവൾ കണ്ണുകൾ അടച്ചു. ഒരു ദീർഘനിശ്വാസം എടുത്ത് അവൾ കണ്ണ് തുറന്ന മാത്രയിൽ കാണുന്നത് അച്ചുവിന്റെ മുഖമായിരുന്നു. കണ്ണുകൾ അവിശ്വസനീയതയോടെ മിഴിഞ്ഞു. വിശ്വാസം വരാതെ കണ്ണുകൾ ഒന്നുകൂടി അടച്ചു തുറന്നതും അവൻ നിന്നയിടം ശൂന്യമായിരുന്നു. പ്രതീക്ഷയോടെ അതിൽപ്പരം ആകാംഷയോടെ അവളുടെ കണ്ണുകൾ ചുറ്റിനും തന്റെ പ്രാണനെ തിരഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ നിരാശയോടെ നോട്ടം പിൻവലിക്കവെ താൻ കണ്ടത് ഒരു മിഥ്യയാണെന്ന തിരിച്ചറിവ് അവളുടെ കണ്ണുകളെ ഈറനണിയിച്ചു. നീറി പുകയുന്ന ചിന്തകളോടെ കലങ്ങിയ മനസ്സോടെ ചുറ്റിനും ഉയരുന്ന പൊട്ടിച്ചിരികൾക്ക് നടുവിൽ നിർവികാരതയോടെ അവൾ ഇരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story