ഹൃദയതാളമായ്: ഭാഗം 149

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ.... ആകാശംചൊരിയും നിറതാരങ്ങളുമായി പോരു വെണ്‍മേഘങ്ങൾ പോലെ.. നീ ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി ഇന്നീ മൗനം പാടീ... ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ...... 🎶 സ്റ്റീരിയോയിലൂടെ ഒഴുകുന്ന പാട്ടിനൊപ്പം മൂളി അവൾ അച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു. തിരക്കേറിയ റോഡിലൂടെ കാർ മുന്നോട്ട് സഞ്ചരികൊണ്ടിരുന്നു. തിരക്കും വെളിച്ചവും നിറഞ്ഞ വഴിയോര കാഴ്ചകളിലേക്ക് അവൾ നോക്കി ഇരുന്നു. സീറ്റ് ബെൽറ്റ്‌ ഇട്ട് നേരെ ഇരിക്ക് എമീ.... ശാസനയോടെ അവൻ പറഞ്ഞതും അവനിൽ നിന്ന് മാറാൻ കൂട്ടാക്കാതെ തല പൊന്തിച്ച് അച്ചുവിന് നേർക്കവൾ നോക്കി. അതേ.... ഈ പോലീസ് ഭരണമൊക്കെ അങ്ങ് സ്റ്റേഷനിൽ മതി എന്നോട് ഇറക്കണ്ട കേട്ടോ മിഷ്ടർ ACP????? ഞാൻ എന്റെ കെട്ട്യോന്റെ തോളിലാ കിടക്കുന്നത് അതിൽ നിങ്ങൾക്ക് എന്താ കുഴപ്പം. ഡയലോഗ് അടിക്കാതെ മുന്നോട്ട് നോക്കി വണ്ടി ഓടിക്കാൻ നോക്ക്.... ചുണ്ട് കൂർപ്പിച്ച് വെച്ച് പറഞ്ഞവൾ നേരത്തെ ഇരുന്നത് പോലെ അവന്റെ തോളിൽ തല ചേർത്ത് പുറത്തേക്ക് നോക്കിയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നതിനാൽ ഒരു കൈയാൽ അവളുടെ തലയിൽ പതിയെ ഒന്നു തട്ടി. അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി.

അൽപ്പനേരത്തെ യാത്രയ്ക്ക് ശേഷം അവന്റെ കാർ ചെന്നു നിന്നത് അപ്പുവിന്റെ വീടിന്റെ മുറ്റത്താണ്. ഡെക്കറേഷനും ലൈറ്റ് വർക്ക്‌സും എല്ലാം കൊണ്ടും ഭംഗിയിൽ തിളങ്ങി നിൽക്കുന്ന വീട്ടിലേക്ക് ഒന്നു നോക്കി ഇരുവരും കാറിൽ നിന്നിറങ്ങി. അകത്തേക്ക് കയറവെ അപ്പുവും ഗീതമ്മയും അച്ചുവിനെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. നാളെയെ എത്തൂ എന്ന് പറഞ്ഞയാൾ നേരത്തെ എത്തിയതിന്റെ സന്തോഷം ആയിരുന്നു അവരിൽ. അപ്പുവിന് ആയിരുന്നു ഏറെ സന്തോഷം. തന്റെ പ്രണയം സഫലമാവാൻ കാരണക്കാർ ആയവർ ആണ് അവർ ഇരുവരും. അതിലപ്പുറം കൂടപ്പിറപ്പുകളെ പോലെ നെഞ്ചിൽ സ്ഥാനം നൽകിയവർ. രണ്ടുപേരെയും കൂടെ പിടിച്ചു നിർത്തി ഒത്തിരി ഫോട്ടോസും സെൽഫിയും എല്ലാം എടുത്തു. ഒടുവിൽ പാട്ടും ബഹളവും എല്ലാം തുടങ്ങിയതും രണ്ടിനെയും വലിച്ച് കൊണ്ടുപോയി തുള്ളാൻ തുടങ്ങി. കൃത്യം ഡാൻസിന്റെ നേരം എവിടെ നിന്നോ പൊട്ടിവീണത് പോലെ ആൽവിച്ചൻ ഓടി ഒരു വരവായിരുന്നു. അച്ചുവിന്റെ കല്യാണത്തിന് തുള്ളാൻ പറ്റാത്ത ക്ഷീണം മുഴുവൻ ആൽവിച്ചൻ അവിടെ ആടി തീർത്തു. ഒടുവിൽ ആവേശം കെട്ടടങ്ങിയപ്പോൾ ഓരോരുത്തരായി അരങ്ങ് ഒഴിഞ്ഞു. എല്ലാവരും നിർത്തിയിട്ടും എമിക്ക് മതിയായില്ല. അച്ചുവിനെയും വലിച്ച് പെണ്ണ് നിന്ന് തുള്ളലോട് തുള്ളൽ..... ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ???

ഊരക്ക് കയ്യും കൊടുത്ത് നിന്ന് ശ്വാസം എടുക്കാൻ പണിപ്പെട്ട് ആൽവിച്ചനും അപ്പുവും രണ്ടിനെയും നോക്കി. അച്ചു എമിയെ നോക്കി പല്ല് കടിക്കുകയാണ്.... നേരാവണ്ണം ഒന്ന് ഉമ്മിച്ചാൽ നിന്ന് കിതയ്ക്കുന്ന പെണ്ണാണ് അരമണിക്കൂർ ആയിട്ട് നോൺ സ്റ്റോപ്പ്‌ ആയിട്ട് നിന്ന് ഒരു കുഴപ്പവുമില്ലാതെ തുള്ളുന്നത്... ഇവൾക്ക് ഇത്ര സ്റ്റാമിന ഉണ്ടായിരുന്നോ????? അച്ചു ഡീപ്പായി തിങ്കി. അപ്പുവും ആൽവിച്ചനും ആണെങ്കിൽ ഇവൾ ദിവസവും റബ്ബറിന്റെ പാലാണോ കുടിക്കുന്നത് എന്ന ചിന്തയിലാണ്. ഇനിയും നോക്കി നിന്നാൽ രാത്രി മുഴുവൻ അവൾ അവിടെ നിന്ന് തുള്ളും എന്ന് മനസ്സിലാക്കിയ അച്ചു ഒരുവിധം പിടിച്ചു നിർത്തി അവളെയും വലിച്ച് അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി കിടന്നിട്ട് ഉറക്കം വരാതെ എമി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ നോട്ടം ബെഡിന് എതിർ വശത്തേക്ക് പാഞ്ഞു. സുഖമായി ഉറങ്ങുന്ന റിയയെയും ജിച്ചൂട്ടനെയും നോക്കി അവൾ എഴുന്നേറ്റിരുന്നു. കല്യാണവീട് ആയത് കൊണ്ട് എല്ലാ മുറിയും നിറഞ്ഞിരിക്കുവാണ്. പെണ്ണുങ്ങളും ആണുങ്ങളും വെവ്വേറെ ആയാണ് കിടക്കുന്നത്. കുഞ്ഞുള്ളത് കൊണ്ട് മാത്രം റിയക്ക് പ്രത്യേകം ഒരു റൂം കൊടുത്തതാണ് സ്ഥലം ഉള്ളത് കൊണ്ട് റിയക്കും കുഞ്ഞിനും ഒപ്പം അവളും കൂടി കയറി. പക്ഷെ ഇപ്പൊ കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല. അവളുടെ ചിന്തകളിൽ മുഴുവൻ അച്ചു ആയിരുന്നു. ഉറങ്ങി കാണുവോ?????? ഒന്നു ചെന്ന് നോക്കിയാലോ????

അയ്യേ ആരെങ്കിലും കണ്ടാൽ എന്തു കരുതും???? എന്ത് കരുതാൻ സ്വന്തം കെട്ട്യോനെ നോക്കിയല്ലേ പോയത് അതിൽ ഇത്ര നാണക്കേട് എന്തിരിക്കുന്നു?????? എന്നാലും........... അവളുടെ മനസ്സ് തന്നെ പലതും പ്രതിവാദിച്ചു കൊണ്ടിരുന്നു. ഒടുവിൽ ചെന്ന് നോക്കാം എന്ന മനസ്സിന്റെ തീരുമാനത്തോട് ശരീരവും യോജിച്ചു. വിചാരിച്ചു തീരും മുന്നേ കാലുകൾ ബെഡിന് പുറത്തേക്ക് ചലിച്ചു. മുന്നോട്ട് ചുവട് വെക്കാൻ ആഞ്ഞ അവൾ എന്തോ ഓർത്തെന്നത് പോലെ തിരിഞ്ഞു. ബെഡിൽ ഇരുന്ന പില്ലോ എടുത്ത് ജിച്ചൂട്ടന് അരികിൽ വെച്ച് അവൾ മെല്ലെ ശബ്ദം ഉണ്ടാക്കാത്ത വിധം ഡോർ തുറന്ന് പുറത്തേക്കിറങ്ങി. എല്ലാവരും നല്ല ഉറക്കത്തിലാണ്. അവളുടെ കാലുകൾ അപ്പുവിന്റെ മുറിയെ ലക്ഷ്യമാക്കി നീങ്ങി. അച്ചു അവിടെ കാണും എന്നവൾക്ക് ഉറപ്പായിരുന്നു. ഡോർ കുറ്റിയിട്ടു കാണല്ലേ എന്ന് പ്രാർത്ഥിച്ച് അവൾ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു. ഡോർ അനായാസം തുറന്നതും അവളുടെ മുഖം വിടർന്നു. പതിയെ ശബ്ദം കേൾപ്പിക്കാതെ പമ്മി പമ്മി അകത്തേക്ക് കയറി. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം റൂമിൽ എങ്ങും തങ്ങി നിൽക്കുന്നുണ്ട്. ബെഡിൽ ഒരമ്മ പെറ്റ മക്കളെ കണക്ക് കിടക്കുന്ന അച്ചുവിനെയും അപ്പുവിനെയും കണ്ടവൾ ചിരിച്ചു പോയി. അച്ചുവിന്റെ പുറത്ത് കയ്യും കാലും ഒക്കെ ഇട്ടാണ് അപ്പുവിന്റെ കിടപ്പ്. അച്ചുവും ഒരു കൈ കൊണ്ട് അവനെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ഉറങ്ങി കിടക്കുന്ന അച്ചുവിനെ കണ്ടതും അവളുടെ ചുണ്ട് പുറത്തേക്കുന്തി.

മുഖത്ത് എന്തിനെന്നില്ലാതെ പരിഭവം നിറഞ്ഞു. എന്റെ ഉറക്കം കെടുത്തിയിട്ട് സുഖമായി കിടക്കുന്ന കിടപ്പ് കണ്ടില്ലേ അങ്ങനെ ഇപ്പൊ സ്വസ്ഥമായി ഉറങ്ങണ്ട..... പല്ല് കടിച്ച് പറഞ്ഞവൾ ബെഡിന് അരികിൽ ചെന്ന് നിന്നു. അപ്പു അറിയാതെ അവനെ ഉണർത്താനുള്ള വഴിക്കായ് അവൾ ചുറ്റിനും കണ്ണുകളാൽ പരതി. ടേബിളിൽ ഇരിക്കുന്ന ജഗും വെള്ളവും കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. മെല്ലെ കൈനീട്ടി ജഗ് കയ്യിൽ എടുത്ത് കൈവെള്ളയിൽ അൽപ്പം വെള്ളം പകർത്തി അവന്റെ മുഖത്തേക്ക് ഇറ്റിച്ചു. മുഖത്ത് വെള്ളതുള്ളികൾ പതിച്ചതും അച്ചു മുഖം ചുളിച്ച് കണ്ണുകൾ ചിമ്മി തുറന്നു. മുന്നിൽ നിൽക്കുന്ന രൂപം കണ്ടതും അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു. കള്ളൻ ആണെന്ന് കരുതി അച്ചു ഞൊടിയിടയിൽ അവളുടെ കൈ പിടിച്ച് തിരിച്ചു. അയ്യോ.... എന്റെ കൈ ഒടിഞ്ഞേ...... എമി വലിയ വായിൽ നിലവിളിക്കുമ്പോഴാണ് അവന് ആളെ മനസ്സിലാവുന്നത്. അവളിലെ പിടി വിട്ട് അച്ചു വേഗം തന്നെ അവളുടെ വാ പൊത്തി പിടിച്ചു. ഒച്ചയെടുത്ത് ആളെ കൂട്ടാതെടീ കുരുത്തംകെട്ടതേ..... ശബ്ദം താഴ്ത്തി അവളുടെ കാതിൽ പറഞ്ഞവൻ പിടി അയച്ചു. ബെഡിൽ അപ്പുവിന്റെ അനക്കം അറിഞ്ഞതും അവൻ എമിയെ വിട്ട് തിരിഞ്ഞു നോക്കി.

അസ്വസ്ഥതയോടെ മുഖം പില്ലോയിൽ ഉരസി അവൻ കമന്നു കിടന്നു. അത് കണ്ടതും അച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് തിരിഞ്ഞു നോക്കിയതും വേദനയോടെ കയ്യും ഉഴിഞ്ഞ് കണ്ണും നിറച്ച് നിൽക്കുന്ന എമിയെയാണ് കാണുന്നത്. കൈ പിടിച്ചു തിരച്ചത് അവളെ ഒത്തിരി നോവിച്ചു എന്നവന് മനസ്സിലായി. ബെഡിലേക്ക് ഇരുന്നവൻ അവളെ വലിച്ച് മടിയിലേക്ക് ഇരുത്തി. ഒത്തിരി നൊന്തോ?????? കൈ പിടിച്ചു നോക്കിയവൻ ചോദിച്ചതും അവൾ അതേയെന്ന് തലയാട്ടി. ഇരുട്ടത്ത് പതുങ്ങി നിൽക്കുന്നത് കണ്ടപ്പൊ ഞാൻ കരുതി കള്ളൻ ആണെന്ന് അതല്ലേ ഞാൻ പെട്ടെന്ന് കൈ പിടിച്ച് തിരിച്ചത്.... അതും പറഞ്ഞവൻ അവളുടെ കൈ അമർത്തി ഉഴിഞ്ഞു കൊടുത്തു. വേദനയാൽ അവൾ അച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ച് കണ്ണുകൾ ഇറുകെ അടച്ച് അവന്റെ ചുമലിൽ മുഖം അമർത്തി. ആദ്യം ഒത്തിരി വേദന തോന്നിയെങ്കിലും പിന്നെ അത് കുറയുന്നത് അവൾ അറിഞ്ഞു. കയ്യിലെ വേദന പൂർണ്ണമായി മാറിയതും അവൾ അതിശയത്തോടെ മുഖം ഉയർത്തി അവനെ നോക്കി. ഇപ്പൊ മാറിയോ?????? അവന്റെ ചോദ്യത്തിന് മാറിയെന്നവൾ തലയാട്ടി. ഈ പാതിരാത്രി ആരെ പേടിപ്പിക്കാൻ ഇറങ്ങിയതാടീ യക്ഷീ????? പേടിപ്പിക്കാൻ ഇറങ്ങിയതൊന്നുമല്ല.... എമി അവന്റെ നേർക്ക് ചുണ്ട് കൂർപ്പിച്ചു. പിന്നെ?????? എനിക്ക് ഉറക്കം വന്നില്ല...... അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ച് ഷർട്ടിന്റെ ബട്ടണിൽ പിടിച്ച് വലിച്ച് മുഖത്തേക്ക് നോക്കാതെ പറയുന്നത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി മിന്നി. അതെന്താ?????? രഹസ്യം പോലെ അവളുടെ കാതിൽ ചുണ്ട് ചേർത്തവൻ ചോദിക്കവെ കൂർത്ത ഒരു നോട്ടമായിരുന്നു അവൾ മറുപടിയായി നൽകിയത്.

ദേഷ്യത്തോടെ താൻ നോക്കിയിട്ടും അവൻ ചിരിക്കുന്നത് കണ്ട് അവൾക്ക് വല്ലാത്ത സങ്കടം തോന്നി. പിണക്കത്തോടെ മുഖം വീർപ്പിച്ചവൾ അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റു പോവാൻ തിരിഞ്ഞു. ഹാ.... പിണങ്ങി പോവാതെടീ പൊടിക്കുപ്പീ......... അവളുടെ കയ്യിൽ പിടിച്ചു വലിച്ചവൻ അവളെ ബെഡിലേക്ക് ഇരുത്തി. എമി അവനെ നോക്കാതെ എങ്ങോട്ടോ നോട്ടം ഉറപ്പിച്ച് ഇരുന്നു. ദേ ഇവിടെ കിടന്നാലും ഉറക്കം വരില്ലേ????? അപ്പുവിന്റെ അരികിലേക്ക് ചേർന്ന് കിടന്നവൻ ബെഡിന്റെ അറ്റത്ത് കൈ അടിച്ചു കൊണ്ട് പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി. അവളുടെ മുഖത്തെ തിളക്കം കണ്ടതും അച്ചു അവളെ പിടിച്ച് അവനരികിൽ കിടത്തിയിരുന്നു. അവൾക്ക് അഭിമുഖമായി ചരിഞ്ഞു കിടന്നവൻ ഇരുകയ്യാൽ അവളെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. ഏറെ കൊതിച്ചത് പോലെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചവൾ അവനെ മുറുകെ പുണർന്നു പിടിച്ച് കിടന്നു. നെറുകിൽ അവന്റെ അധരങ്ങളുടെ ചൂട് അറിഞ്ഞതും അവൾ മിഴികൾ അടച്ചു. ഏറെ നാളുകൾക്ക് ശേഷം അവന്റെ നെഞ്ചിലെ ചൂടേറ്റ് അവന്റെ കരവലയത്തിനുള്ളിൽ അവന്റെ ഹൃദയതാളം കേട്ട് നിദ്രയെ വരവേറ്റു. നിഷ്കളങ്കമായി തന്നോട് ഒട്ടി കിടക്കുന്നവളെ നോക്കി അവളുടെ കവിളിൽ ചുണ്ട് ചേർത്ത് നിറഞ്ഞ മനസ്സോടെ അവനും കണ്ണുകൾ അടച്ചു. ഉറക്കത്തിലും ഇരുവരുടെയും കൈകൾ പരസ്പരം മുറുകി തന്നെ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വെളുപ്പിന് എപ്പോഴോ അവൾ കണ്ണുകൾ തുറക്കുമ്പോൾ തിരികെ മുറിയിൽ ആണെന്ന് കണ്ടതും അവൾ എഴുന്നേറ്റ് ഇരുന്നു. ആദ്യം സംശയത്തോടെ മുഖം ഒന്നു ചുളിഞ്ഞെങ്കിലും ഉറക്കത്തിൽ എപ്പോഴോ വായുവിൽ ഉയർന്നു പൊങ്ങുന്നത് പോലെ തോന്നിയ കാര്യം ഓർമ്മയിൽ ഓടി എത്തിയത്. അതോടെ ആരും ഉണരുന്നതിന് മുന്നേ അച്ചു എടുത്തുകൊണ്ടു വന്ന് കിടത്തിയതാണെന്ന് അവൾക്ക് ബോധ്യമായി. ഒരു പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു. ജിച്ചൂട്ടൻ അരികിൽ കിടന്ന് ഉറങ്ങുന്നുണ്ട്. റിയയെ കിടന്നിടം ശൂന്യമായിരുന്നു. ആരോ വാതിൽ തുറക്കുന്ന സ്വരം കേട്ടതും അവൾ വാതിൽക്കലേക്ക് നോക്കി. ഗുഡ് മോർണിംഗ്........ ഒരു സാരിയും ഉടുത്ത് അകത്തേക്ക് കയറിയ റിയ അവളെ വിഷ് ചെയ്തു. ഗുഡ് മോർണിംഗ് ഏട്ടത്തീ... ഇതെന്താ ഇത്ര രാവിലെ തന്നെ ഒരുങ്ങി????? ജിച്ചൂട്ടൻ ഉണരുന്നതിന് മുന്നേ ഒരുങ്ങിയില്ലെങ്കിൽ പിന്നെ ഇതൊന്നും നടക്കൂല അതാ ഇപ്പൊ തന്നെ സാരി ഉടുത്തത്. അല്ല നീയും സാരി അല്ലെ???? ഉടുപ്പിച്ച് തരണമെങ്കിൽ വേഗം പോയി കുളിച്ച് വാ പെണ്ണേ ഇനിയങ്ങോട്ട് ഇവിടെ ഭയങ്കര തിരക്കായിരിക്കും... റിയ അവളെ ഓർമ്മപ്പെടുത്തി. ഞാൻ ദേ ഇപ്പൊ കുളിച്ചു വരാം ഏട്ടത്തീ...... ദേഹത്ത് നിന്ന് പുതപ്പ് മാറ്റി ബെഡിൽ നിന്ന് എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ഷോപ്പിംഗ് കവറിൽ നിന്ന് ഇട്ടു മാറാനുള്ളതും ടവലും എടുത്ത് വാഷ്റൂമിലേക്ക് കയറി.

കുളിച്ച് ബ്ലൗസും സ്കേർട്ടും ഇട്ടവൾ വാഷ്റൂമിൽ നിന്ന് ഇറങ്ങിയതും റിയ സാരിയും പിടിച്ച് അവളെയും കാത്ത് നിൽപുണ്ടായിരുന്നു. നനഞ്ഞ മുടി ടവൽ കൊണ്ട് ചുറ്റി കെട്ടി വെച്ചവൾ റിയക്ക് മുന്നിൽ ചെന്ന് നിന്നു. കുറച്ചു നേരം കൊണ്ട് തന്നെ റിയ അവളെ ഭംഗിയായി സാരി ഉടുപ്പിച്ചു കൊടുത്തു. സാരി ഉടുത്ത് കഴിയുമ്പോഴാണ് ഡോറിൽ തട്ട് കേൾക്കുന്നത് ചെന്ന് തുറന്നു നോക്കിയതും കുളിക്കാനും മുറ്റുമുള്ള ബന്ധുക്കൾ ആണ്. റിയ മാറി കൊടുത്തതും അവർ എല്ലാം അകത്തേക്ക് കയറി. അവരുടെ സംസാരവും ബഹളവും കേട്ട് ജിച്ചൂട്ടൻ ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നു. അത് കണ്ടതും റിയ അവനെ എടുത്ത് സാറായെ ഏൽപ്പിക്കാനായി മുറിവിട്ട് ഇറങ്ങി. എമി അവിടെ നിൽക്കുന്നവരെ എല്ലാം നോക്കി ഒന്നു പുഞ്ചിരിച്ച് തലയിലെ ടവൽ അഴിച്ച് മുടിയിലെ വെള്ളം തുവർത്തി കളയാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നിവിക്ക് രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് തുടങ്ങിയ പരിഭ്രമം ആണ്. ടെൻഷൻ കാരണം പത്ത് ഇഡലി അകത്താക്കിയിട്ടാണ് പെണ്ണിന്റെ ഇരുപ്പ്. പിന്നെയും തിന്നണം എന്നുണ്ടായിരുന്നെങ്കിലും ബ്യൂട്ടീഷൻ എത്തിയതും തത്കാലത്തേക്ക് ഫുഡിങ്ങിന് ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടു. ടെൻഷൻ കൊണ്ടാണേ..... ബ്യൂട്ടീഷൻ ഒരുക്കാൻ തുടങ്ങിയതും അവൾ ടെൻഷൻ മുഴുവൻ വിരൽ ഞെരിച്ചു തീർത്തു. അനു അടുത്ത് നിന്ന് അവളെ മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി.

അവളുടെ മോട്ടിവേഷൻ കണ്ടാൽ മുന്നേ രണ്ട് തവണ കെട്ടിയതാണ് എന്ന് തോന്നിപ്പോവും അമ്മാതിരി മോട്ടിവേഷൻ ആണ്. ടെൻഷൻ കുറയാൻ എമിയെ ഒന്നു വിളിച്ചു നോക്കി. അവളുടെ വായിലെ ചീത്ത മുഴുവൻ കേട്ടതും ഏറെക്കുറെ മനസമാധാനം ആയി. സ്വയമേ കുറച്ച് ധൈര്യം സംഭരിച്ചവൾ കണ്ണുകൾ അടച്ചു. ആ നേരം കൊണ്ട് ബ്യൂട്ടീഷൻ അവളെ ഭംഗിയായി ഒരുക്കിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒരുങ്ങി മുറിയിൽ നിന്ന് ഇറങ്ങിയത് മുതൽ അച്ചുവിനെ തേടാൻ തുടങ്ങിയതാണ് എമി. എഴുന്നേറ്റത് മുതൽ അവനെ കണ്ടതേ ഇല്ല ആ വിഷമത്തിൽ ആണവൾ. അവനെ തിരഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ പലതവണ തുണിഞ്ഞതാണ് പക്ഷെ അപ്പൊ ആരെങ്കിലും എന്തിനെങ്കിലും വിളിക്കും പിന്നെ അങ്ങോട്ട്‌ പോവേണ്ടി വരും. അങ്ങനെ മൊത്തം നട്ടം തിരിയുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ആരോ ദക്ഷിണ കൊടുക്കാൻ നേരമായി എന്ന് വിളിച്ചു പറയുന്നത്. അതോടെ അപ്പുവും ഒട്ടുമിക്ക ബന്ധുക്കളും ഹാളിൽ എത്തി. അപ്പു ഓരോരുത്തർക്കായ് ദക്ഷിണ കൊടുക്കാൻ തുടങ്ങി. എമി അന്നേരം മുഴുവൻ ആ കൂട്ടത്തിനിടയിൽ അച്ചുവിനെ പരതി. അവിടെയെങ്ങും കാണാതെ ആയതും അവളുടെ ചുണ്ട് പുറത്തേക്ക് ഉന്തി. മുഖം വീർപ്പിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് ഇടുപ്പിലൂടെ എന്തോ ഇഴയുന്നതായി തോന്നിയത്. ഞെട്ടി പിടഞ്ഞവൾ മാറാൻ ശ്രമിക്കും മുന്നേ ആ കരങ്ങൾ അവളെ അടക്കി പിടിച്ചിരുന്നു.

ആരെയാ ഇത്ര കാര്യമായി സ്കാൻ ചെയ്യുന്നത്????? കാതിൽ ഏറ്റ ചുടുനിശ്വാസത്തിനൊപ്പം അച്ചുവിന്റെ കുസൃതിയിൽ കലർന്ന ചോദ്യം അവൾ അറിഞ്ഞു. അതോ????? എനിക്ക് പറ്റിയ നല്ല ചുള്ളൻ ചെക്കന്മാർ ആരെങ്കിലും ഉണ്ടോന്ന് നോക്കുവായിരുന്നു. അവന്റെ അതേ കുസൃതിയോടെ അവൾ തിരികെ മറുപടി കൊടുത്തു. അടുത്ത നിമിഷം ഇടുപ്പിൽ ഒരു നുള്ള് കിട്ടി. സ്സ്...... എരിവ് വലിച്ചു കൊണ്ടവൾ നിന്നിടത്ത് തുള്ളി പോയി. ഞാൻ ഉള്ളപ്പോൾ നിനക്ക് ഇനി ആരെയാടീ വേണ്ടത്????? നുള്ളിയിടത്ത് പെരുവിരലിനാൽ തടവി കൊണ്ടവൻ അവളുടെ കാതിൽ മെല്ലെ കടിച്ചു. ആരെങ്കിലും കണ്ടോ എന്ന ഭയത്താൽ എമി വെപ്രാളപ്പെട്ട് ചുറ്റിനും കണ്ണുകൾ ഓടിച്ചു. എല്ലാവരുടെയും ശ്രദ്ധ ദക്ഷിണ കൊടുപ്പിൽ ആയതിനാൽ ആരും കണ്ടില്ല അതവളിൽ ആശ്വാസം നിറച്ചു. തിരിഞ്ഞ് കണ്ണുകൾ ഉയർത്തി അവനെ കൂർപ്പിച്ചു നോക്കി. അപ്പോഴാണ് ശരിക്കും അവൾ അവനെ കാണുന്നത് ഒരു കറുത്ത കുർത്തയും അതേ കരയോട് കൂടിയ മുണ്ടുമാണ് അവന്റെ വേഷം. ഗീതയുടെ സെലക്ഷൻ ആണ്. തനിക്ക് ബ്ലാക്ക് സാരി എടുത്തപ്പോൾ അതിന് മാച്ചിങ് ആയിട്ട് എടുത്തതാണ്. ആ വേഷത്തിൽ അവന്റെ സൗന്ദര്യം ഒന്നുകൂടി വർധിച്ചത് പോലെ. അവൾ കണ്ണുകൾ വിടർത്തി ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നുപോയി. ഇങ്ങനെ ചോര ഊറ്റി കുടിക്കാതെടീ.... മീശ പിരിച്ചവൻ കള്ളചിരിയോടെ പറഞ്ഞ് അവളെ നോക്കി.

അത്രയ്ക്ക് അങ്ങോട്ട്‌ പിരിച്ചു വെക്കണ്ട. തത്കാലം ഇതൊക്കെ മതി.... പറയുന്നതിനൊപ്പം തന്നെ എമി കൈ ഉയർത്തി പിരിച്ചു വെച്ച അവന്റെ മീശ താഴ്ത്തി വെച്ചു. കുശുമ്പി....... ചിരിയോടെ അവൻ വിളിച്ചതും അവൾ ചുണ്ട് കോട്ടി. അവളുടെ കാണിച്ചുകൂട്ടൽ കണ്ട് ചിരിയോടെ അവനും നിന്നു. ഇറങ്ങാനുള്ള സമയം ആയി എന്ന് അറിഞ്ഞതും അച്ചു എമിയുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങി. കാറിൽ അപ്പുവിനോപ്പം അച്ചുവും എമിയും ഗീതമ്മയും കയറി. അച്ചു ഡ്രൈവിങ് സീറ്റിലും അപ്പു കോഡ്രൈവിംഗ് സീറ്റിലും എമിയും ഗീതമ്മയും ബാക്ക് സീറ്റിലും ആയാണ് ഇരുന്നത്. എല്ലാവരും കയറിയതും അച്ചു കാർ ഗേറ്റിന് പുറത്തേക്ക് എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ദക്ഷിണ കൊടുക്കൽ ഒക്കെ കഴിഞ്ഞ് ക്ഷീണിച്ച് നിൽപ്പാണ് നിവി. പോരാത്തതിന് സാരിയും പൂവും ആഭരണങ്ങളും ക്യാമറയുടെ ലൈറ്റ്സും എല്ലാം കൊണ്ടും അവൾക്ക് ചൂടെടുക്കുന്നുണ്ടായിരുന്നു. ചെക്കനും കൂട്ടരും എത്തി....... ടേബിളിൽ ഇരുന്ന മാഗസിൻ എടുത്ത് വീശി കൊണ്ടിരുന്നപ്പോഴാണ് ആരോ ഉച്ചത്തിൽ വിളിച്ചു കൂവുന്നത് കേട്ടത്. അതോടെ അവൾക്ക് വെപ്രാളവും എന്തെന്നില്ലാത്ത പരവേശവും എല്ലാം തോന്നി. കയ്യും കാലും എല്ലാം തണുത്തു മരവിച്ചു. ഒരു ആശ്രയത്തിന് എന്നോണം അവൾ അനുവിന്റെയും മറിയാമ്മയുടെയും കയ്യിൽ പിടി മുറുക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മണ്ഡപത്തിൽ അക്ഷമയോടെ നിവിയെയും കാത്ത് ഇരിക്കുകയാണ് അപ്പു.

അവന്റെ കണ്ണുകൾ ഇടയ്ക്കിടെ പ്രതീക്ഷയോടെ പുറത്തേക്ക് നീണ്ടു. ഇയാൾ ഇത് എന്ത് കാണിക്കുവാ മനുഷ്യൻ ചൂടെടുത്ത് കരിഞ്ഞു പോവും... ഹോമകുണ്ഡത്തിലേക്ക് എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുക്കൊണ്ട് പുഷ്പങ്ങൾ ഇടുന്ന പൂജാരിയെ നോക്കി അപ്പു പല്ല് കടിച്ചു. ഇങ്ങേര് എന്താ ഇരുന്ന് ഉറങ്ങുന്നത്???? കണ്ണടച്ച് എന്തൊക്കെയോ ഉരുവിടുന്ന പൂജാരിയെ ചൂണ്ടി എമി അച്ചുവിനെ തോണ്ടി. മിണ്ടാതെ നിക്കെടീ...... അവളുടെ കൈ പിടിച്ച് താഴ്ത്തി കൊണ്ട് അച്ചു സ്വരം താഴ്ത്തി പറഞ്ഞു. ഓഹ്!!!!! അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചു. ഇനി പെൺകുട്ടിയെ വിളിച്ചോളുക..... പൂജാരി അത് പറഞ്ഞതും അപ്പുവിന്റെ മുഖം നൂറു വാൾട്ടിന്റെ ബൾബ് പോലെ പ്രകാശിച്ചു. ഏറെ വൈകാതെ താലങ്ങൾ ഏന്തിയ പെൺകുട്ടികൾകൾക്ക് പുറകിലായി നിവി അങ്ങോട്ട്‌ എത്തി. അവളെ കണ്ടതും അപ്പുവിന്റെ കണ്ണുകൾ വിടർന്നു. ചില്ലി റെഡ് കളർ സാരിയിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു. അവളിൽ നിന്ന് കണ്ണുകൾ എടുക്കാൻ ആവാതെ അവൻ ഇരുന്നുപോയി. ഒരു മയത്തിൽ ഒക്കെ നോക്കെടാ ഇങ്ങനെ നോക്കിയാൽ അവൾ ഉരുകി പോവും. അച്ചു പറഞ്ഞതും അവിടെ ഒരു ചിരി മുഴങ്ങി. അപ്പു ചമ്മലോടെ മുഖം തിരിച്ചു. നിവി അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ മണ്ഡപത്തിൽ കയറി വലം വെച്ച് സദസ്സിനെ വണങ്ങി അവന്റെ വാമഭാഗത്തായി ഇരുന്നു. അവൾക്ക് പുറകെ അനുവും മറിയാമ്മയും റോണിയും മണ്ഡപത്തിലേക്ക് കയറി നിന്നു.

നാത്തൂനേ സാരി ഒക്കെ ഉടുത്ത് സുന്ദരി ആയിട്ടുണ്ടല്ലോ???? അനു എമിക്ക് അരികിലേക്ക് നിന്ന് പറഞ്ഞതും എമി ചിരിച്ചു കൊണ്ടവളെ നോക്കി പിന്നെ അച്ചുവിന് നേരെ ഗമയോടെ പിരികം ഉയർത്തി. അച്ചു ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണിറുക്കി. മന്ത്രോച്ചാരണം മുഴങ്ങി. പൂജാരി നൽകിയ മഞ്ഞചരടിൽ കോർത്ത താലി ഉദയൻ കയ്യിൽ വാങ്ങി അപ്പുവിന് നേരെ നീട്ടി. താലി കയ്യിൽ വാങ്ങവെ അവന്റെ കയ്യൊന്ന് വിറച്ചു. എന്താടാ രാവിലെ അടിച്ചില്ലേ കൈ വിറക്കുന്നു?????? ആൽവിച്ചന്റെ ചോദ്യം കേട്ടതും അപ്പു അടക്കം സകലരും അവനെ ഒരു നോട്ടം. ആൽവിച്ചൻ തിരികെ എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു. താലി ചാർത്തിക്കോളൂ...... പൂജാരിയുടെ ആ ശബ്ദമാണ് എല്ലാവരെയും ഉണർത്തിയത്. അപ്പു ഒരു ദീർഘനിശ്വാസം എടുത്തു. കണ്ണുകൾ അടച്ച് കൈകൾ കൂപ്പി തന്റെ താലിക്കായ് പ്രാർത്ഥനയോടെ ഇരിക്കുന്ന നിവിയിൽ അവന്റെ കണ്ണുകൾ എത്തി.

നേർത്തൊരു പുഞ്ചിരിയോടെ അവൻ താലി അവളുടെ കഴുത്തിന് നേരെ നീട്ടി. എമി കുനിഞ്ഞ് പിന്നി പൂവ് ചൂടിയ നിവിയുടെ മുടി പൊക്കി കൊടുത്തു. ഇടം കണ്ണിട്ട് നിവിയെ നോക്കിക്കൊണ്ട് അവൻ മൂന്നാമത്തെ കെട്ട് മുറുക്കി. മണ്ഡപത്തിൽ നിന്നിരുന്നവർ എല്ലാം അവർക്ക് നേരെ പുഷ്പങ്ങൾ എറിഞ്ഞു. ഗുണ്ടുമണീ....... കണ്ണടച്ച് ഇരിക്കുന്നവളുടെ കാതോരം രഹസ്യം പോലെ അവൻ വിളിച്ചതും അവൾ കണ്ണുകൾ തുറന്നു. ഇരുമിഴികളും ഇടയവെ ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു. മറ്റാരും കണ്ടില്ലെങ്കിലും ക്യാമറ ആ മനോഹര ദൃശ്യം ഒപ്പിയെടുത്തു. അവന്റെ കൈകളാൽ അവളുടെ സീമന്തരേഖ ചുവക്കവെ മറ്റൊരു പ്രണയം കൂടി അവിടെ പൂവണിയുകയായിരുന്നു. നിറഞ്ഞ മനസ്സോടെ പുഞ്ചിരിയോടെ എല്ലാവരും അതിന് സാക്ഷികളായി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story