ഹൃദയതാളമായ്: ഭാഗം 152

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ലേഡീസ് വെയറിന് മുന്നിലെ വാളിൽ ചാരി നിന്ന് ഫോണിൽ സ്ക്രോൾ ചെയ്തു നിൽക്കുകയാണ് എമി. അകത്ത് അനു എന്തൊക്കെയോ ഡ്രസ്സുകൾ നോക്കുന്ന തിരക്കിലാണ്. അനുവിന്റെ നിർബന്ധത്തിന് വഴങ്ങി അവൾക്കൊപ്പം ഷോപ്പിംഗിന് കൂട്ട് വന്നതാണ് എമി. മണിക്കൂർ ഒന്നായി തിരച്ചിൽ തുടങ്ങിയിട്ട് ഇതുവരെ ആയിട്ടും ഒന്നും അവൾ സെലക്ട്‌ ചെയ്തിട്ടില്ല. എമിക്ക് ക്ഷമ നശിച്ചു തുടങ്ങി. ചീത്ത വിളിക്കാനായി തലയുയർത്തി അനുവിനെ നോക്കിയതും ഒരു ടോപ്പുമായി അവൾ എമിക്ക് മുന്നിൽ എത്തിയിരുന്നു. എടീ ഇത് എങ്ങനെ ഉണ്ട്?????? ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിൽ ഉള്ളൊരു എ ലൈൻ ടോപ് എടുത്ത് ദേഹത്തേക്ക് ചേർത്ത് വെച്ച് അനു എമിയെ നോക്കി. മ്മ്മ്.... സൂപ്പർ. എമി വിരലുകൾ ഉയർത്തി പുഞ്ചിരിച്ചു. അപ്പൊ ഇത് ഉറപ്പിക്കാല്ലേ???? പിന്നല്ലാതെ. ഇത് എടുത്തോ.... അപ്പൊ സെറ്റ്. ഇനി നിനക്ക്..... എനിക്കൊ????? ആഹ്!!!! നിനക്ക് തന്നെ. എനിക്കൊന്നും വേണ്ട. ഇപ്പൊ തന്നെ ഒത്തിരി ഉണ്ട്. എമി അവളെ തടഞ്ഞു. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതുവരെ ഞാൻ നിനക്കൊന്നും വാങ്ങി തന്നിട്ടില്ല അപ്പൊ ആ കടം ഇങ്ങനെ അങ്ങ് വീട്ടുവാ. മര്യാദക്ക് എന്റെ കൂടെ വന്നേ..... അനു നിർബന്ധപൂർവ്വം അവളെ കൂട്ടിക്കൊണ്ട് പോയി. ഒത്തിരി നേരത്തെ തിരച്ചിലിന് ഒടുവിൽ എമിക്കായ് അവൾ ബ്ലാക്ക് കളർ സ്കിന്നി ജീനും ഫുൾ സ്ലീവ് ഡെനിം ബ്ലൂ ജാക്കറ്റും അവൾക്കായ് സെലക്ട്‌ ചെയ്തു.

അതിന് പുറമെ ജോക്കുട്ടനും ജിച്ചൂട്ടനും കൂടി ഡ്രസ്സ്‌ എടുത്ത് അവർ ഇറങ്ങി. ഒത്തിരി ഇരുട്ടിയല്ലോ എമീ...... ഇരുൾ പടർന്ന അന്തരീക്ഷത്തിലേക്ക് നോക്കി അനു പറഞ്ഞു. എങ്ങനെ ഇരുട്ടാതെ ഇരിക്കും ഒരു ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ നിനക്ക് മൂന്നു മണിക്കൂർ വേണ്ടേ????? എമി കലിപ്പിൽ അനുവിനെ നോക്കിയതും അവൾ ഇളിച്ചു. എന്തായാലും ഡാഡിയുടെ സ്കൂട്ടി എടുത്തത് നന്നായി അല്ലെങ്കിൽ ഇപ്പൊ പെട്ട് പോയേനെ... അനു അതും പറഞ്ഞു കൊണ്ട് പാർക്കിങ് ലോട്ടിലേക്ക് നടന്നു. ഇത്രയും താമസിച്ചിട്ടും വീട്ടിൽ നിന്ന് ആരും വിളിച്ചില്ലല്ലോ എന്ന് സംശയിച്ച് എമി ബാഗ് തുറന്ന് ഫോൺ കയ്യിൽ എടുത്തു നോക്കി. അച്ചുവിന്റെയും ആൽവിച്ചന്റെയും അടക്കം മുപ്പതോളം മിസ്സ്‌ കാൾ കണ്ടതും അവളുടെ ബോധം പോയില്ല എന്നേ ഉള്ളൂ. സൈലന്റ് ആയതിനാൽ കോൾ വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല. മിസ്സ്‌ കോളുകളുടെ എണ്ണം കണ്ടതും ഇത്രയും നേരം തങ്ങളെ കാണാത്തതിന്റെ ആധിയിൽ ആയിരിക്കണം അവർ എന്നവൾ ഊഹിച്ചു. ചെറിയൊരു ഭയത്തോടെ അവൾ തിരികെ വിളിക്കാൻ ആഞ്ഞതും മുന്നിൽ ഒരു കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് ആയതിനാൽ അവളൊന്ന് ഞെട്ടി പിന്നിലേക്ക് ഒരടി വെച്ചു പോയി. നല്ല ചീത്ത പറയാൻ തലയുയർത്തി നോക്കിയതും കാറിന്റെ കോ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ അച്ചുവിനെ കണ്ടതും എമി പകച്ചുപോയി. ഗൗരവത്തിൽ ഇരിക്കുന്ന അവന്റെ മുഖം കണ്ടതും അവൾക്ക് നന്നേ ഭയം തോന്നി.

പിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആൽവിച്ചന്റെ മുഖത്തും അതേ ഗൗരവം തന്നെയാണ്. പാർക്കിങ്ങിൽ നിന്ന് സ്കൂട്ടി എടുത്തുകൊണ്ടു വന്ന അനുവും അവരെ കണ്ട് വിറങ്ങലിച്ചു നിന്നു. താമസിക്കും എങ്കിൽ വീട്ടിലേക്ക് വിളിച്ചു പറയണം എന്നറിയില്ലേ???? അതും അല്ലെങ്കിൽ വിളിക്കുമ്പോൾ ഒരുതവണ എങ്കിലും എടുത്ത് കാര്യം പറയണം... അല്ലാതെ വീട്ടിൽ ഇരിക്കുന്നവരെ ആധി കയറ്റുകയല്ല വേണ്ടത്...... ആൽവിച്ചൻ ഉച്ചത്തിൽ പറഞ്ഞതും എമി ഞെട്ടിപോയി ആദ്യമായാണ് അവൻ അവൾക്ക് നേരെ പരുഷമായി സംസാരിക്കുന്നത് അതിന്റെ പകപ്പിൽ ആയിരുന്നു അവൾ. അത്.... ഫോൺ സൈലന്റ് ആയിരുന്നു അറിഞ്ഞില്ല....... എമി അച്ചുവിനെ നോക്കിയാണ് പറഞ്ഞതെങ്കിലും അവന്റെ കണ്ണുകളിലെ ദേഷ്യം കണ്ട് അവളുടെ തല താഴ്ന്നു പോയി. ഒരാൾ ഫോൺ എടുത്തിട്ടില്ല ഒരാളെ വിളിച്ചിട്ട് എടുക്കുന്നില്ല... രാത്രി ആയിട്ടും രണ്ടുപേരും തിരികെ എത്തിയിട്ടില്ല. ഇതൊക്കെ ആവുമ്പോൾ വീട്ടുകാർ എത്ര വിഷമിക്കും എന്ന് നിങ്ങൾ ആലോചിച്ചോ??????? ആൽവിച്ചൻ ചോദിച്ചതും അവർ ഇരുവരും തല കുനിച്ചു നിന്നതേ ഉള്ളൂ. ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നു രണ്ടും വന്ന് വണ്ടിയിൽ കയറ്...... ആൽവിച്ചൻ ചുറ്റിനും കണ്ണുകൾ ഓടിച്ച് പറഞ്ഞതും എമി അച്ചുവിനെ നോക്കി.

മറ്റെങ്ങോ നോക്കി നിൽക്കുന്നവനെ കണ്ടതും അവളിൽ ഒരു ഭയം നിറഞ്ഞു. അപ്പൊ സ്കൂട്ടിയോ????? അനു ചോദ്യ ഭാവത്തിൽ ആൽവിച്ചന് നേരെ നോക്കി. നിങ്ങൾ പൊക്കോ ഞാൻ സ്കൂട്ടിയും എടുത്ത് പുറകെ വന്നോളാം. അതുവരെയുള്ള മൗനം വെടിഞ്ഞു കൊണ്ട് അച്ചു പറഞ്ഞു. അത് കേട്ടതും അനു അച്ചുവിനെ ഒന്നുനോക്കി സ്കൂട്ടി സ്റ്റാൻഡിൽ ഇട്ട് കാറിലേക്ക് കയറി. അനു കയറിയതും ആൽവിച്ചൻ കാറിലേക്ക് കയറാൻ കൂട്ടാക്കാതെ നിൽക്കുന്ന എമിയെ നോക്കി. അവളുടെ നോട്ടം അച്ചുവിൽ ആണെന്ന് കണ്ടതും അവനൊന്ന് ചിരിച്ചു. ആൽവിച്ചൻ പതിയെ അവൾക്ക് അരികിലേക്ക് ചുവട് വെച്ചു. അരികിൽ നിൽക്കുന്ന ആൽവിച്ചനെ കണ്ടതും അവൾ ദയനീയമായി അവനെ നോക്കി. നേരം വൈകിയിട്ടും നിങ്ങളെ കാണാത്തതിന്റെ ടെൻഷനും നീ കോൾ എടുക്കാത്തതിന്റെ ദേഷ്യവും ഇത് രണ്ടും കാരണമാ അവൻ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്. നീ ചെന്നൊന്ന് സംസാരിച്ച് സോറി പറഞ്ഞാൽ തീരും ഈ കലിപ്പൊക്കെ. അതുകൊണ്ട് വെറുതെ സെന്റി അടിച്ചു നിക്കാതെ ചെന്ന് നിന്റെ ഡ്രാക്കുളയെ കുപ്പിയിലാക്കാൻ നോക്ക് ഞങ്ങൾ പോകുവാ... എമിയുടെ കവിളിൽ തട്ടി പറഞ്ഞവൻ കാറിലേക്ക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്ന് പോയി. ആൽവിച്ചൻ പോയതും എമി അച്ചുവിന് നേർക്ക് തിരിഞ്ഞു. താനെന്നൊരാൾ അവിടെ ഇല്ലാത്തത് പോലെയുള്ള അവന്റെ നിൽപ്പും ഭാവവും അവളിൽ നോവ് ഉണർത്തി. അതിനപ്പുറം അവന്റെ മൗനം അവളിൽ വേദന നിറച്ചു.

ആഹാ.... എന്നോട് മിണ്ടില്ലേ എങ്കിൽ ഞാനും മിണ്ടില്ല.... പരിഭവത്തോടെ അതിലേറെ സങ്കടത്തോടെ അവൾ കൈകെട്ടി നിന്ന് അവനെ പോലെ മറ്റെങ്ങോ ദൃഷ്ടി ഉറപ്പിച്ചു നിന്നു. അച്ചു സ്കൂട്ടിയിൽ കയറി വണ്ടി ഓൺ ചെയ്തു. എന്നിട്ടും എമിയിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ ആയതും അവൻ ഹോൺ അടിച്ചു. അത് കേട്ടിട്ടും അവൾ നിന്നിടുത്ത് നിന്ന് അനങ്ങിയില്ല. അതോടെ അവന്റെ ദേഷ്യം ഇരട്ടിയായി. മര്യാദക്ക് വന്നു കയറുന്നുണ്ടോ നീ?????? അതൊരു അലർച്ച ആയിരുന്നു. ദേഷ്യത്തിലുള്ള ആ അക്രോശത്തിൽ അവൾ വിറച്ചു പോയി. വർധിച്ച ഹൃദയമിടിപ്പിനൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭയത്തേക്കാൾ ഉപരി അച്ചുവിന്റെ വാക്കുകളും ക്രോധവും അവളിൽ നൊമ്പരമാണ് നിറച്ചത്. ഉയരുന്ന തേങ്ങലുകൾ വെളിയിൽ വരാതിരിക്കാൻ അവൾ വായിൽ കൈ അമർത്തി വെച്ച് നിറഞ്ഞു വന്ന കണ്ണുകൾ തുടക്കാതെ അച്ചുവിന് പിന്നിലായി കയറി. ഒരുനിമിഷം അച്ചുവും വല്ലാതെ ആയി. അവളുടെ കണ്ണുനീരിന് അത്ര നേരത്തെ അവന്റെ ദേഷ്യത്തിനെ കെടുത്താനുള്ള പ്രാപ്തി ഉണ്ടായിരുന്നു. അസ്വസ്ഥമായ മനസ്സോടെ അവൻ വണ്ടി മുന്നോട്ട് എടുത്തു. മുന്നോട്ടുള്ള വഴികളിൽ പിന്നിൽ നിന്ന് ഉയരുന്ന കരച്ചിൽ ചീളുകളും ഏങ്ങലടികളും അവൻ അറിഞ്ഞിരുന്നു.

അൽപ്പനേരത്തെ യാത്രയ്ക്ക് ശേഷം ആളും തിരക്കും ഒഴിഞ്ഞ ഒരു കായൽ തീരത്ത് അച്ചു വണ്ടി നിർത്തി. ഇറങ്ങ്......... ശാന്തമായി അവൻ പറഞ്ഞതും അവൾ കണ്ണുകൾ തുടച്ച് പതിയെ പിന്നിൽ നിന്നിറങ്ങി. തന്നെ നോക്കാതെ തലയും താഴ്ത്തി നിൽക്കുന്നവളെ കണ്ടതും അച്ചു അവളിലേക്ക് ചേർന്നു നിന്നു. എമീ.......... തീരെ പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചതും അവളൊന്ന് അവനെ കണ്ണുകൾ ഉയർത്തി. കലങ്ങിയ കണ്ണുകളോടെ അവൾ നോക്കിയ നോട്ടം ഉള്ളിൽ എവിടെയോ തറച്ച് നോവ് ഉണർത്തിയത് അവൻ അറിഞ്ഞു. അതിന്റെ ഫലമെന്നോണം പതിയെ അവന്റെ കൈകൾ അവളെ വലയം ചെയ്തു. മുഖം നോക്കാതെ എടുക്കുന്ന നടപടികൾ കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ സമ്പാദിച്ചിട്ടുണ്ട്. ഒത്തിരി ഒത്തിരി ഭീഷണികളും ഡെയിലി എനിക്ക് വരാറുണ്ട്. അതിനിടയിൽ ആണ് വീട്ടിൽ എത്തിയപ്പൊ നീയും അനുവും വന്നിട്ടില്ല. ലേറ്റ് ആയാലും തിരികെ എത്തും എന്നറിയാവുന്നത് കൊണ്ട് ആദ്യം കാര്യമാക്കിയില്ല. പക്ഷെ വീണ്ടും ഒത്തിരി നേരം കഴിഞ്ഞതും എനിക്ക് എന്തോ വല്ലാത്തൊരു പേടി തോന്നി. വിളിച്ചിട്ട് ആണെങ്കിൽ നീ എടുക്കുന്നുമില്ല. കാതിൽ മുഴങ്ങുന്നത് പലരുടെയും ഭീഷണി സ്വരങ്ങളാണ്..... ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.... നിനക്കും അനുവിനും എന്തെങ്കിലും സംഭവിക്കുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല.... നിങ്ങളെ കാണുമ്പോഴാണ് ശ്വാസം പോലും നേരെ വീഴുന്നത്. കണ്ടപ്പോഴോ നീ ഫോണും കയ്യിൽ പിടിച്ച് നിൽക്കുവാണ്,

അപ്പൊ പിന്നെ ദേഷ്യം വരാതിരിക്കുവോ????? അച്ചു പറഞ്ഞു നിർത്തിയതും അവൾ വിതുമ്പലോടെ ചുണ്ട് കടിച്ചു പിടിച്ചു. എന്നിട്ടും ഞാൻ മിണ്ടാതെ നിന്നത് അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ വല്ലതും പറഞ്ഞാൽ നീ നിന്ന് കരയും അതുകൊണ്ടാ ദേഷ്യം ഒന്നു കുറയുന്നത് വരെ മിണ്ടാതെ ഇരിക്കാം എന്നു കരുതിയത് പക്ഷെ നീ വണ്ടിയിൽ കയറാതെ നിൽക്കുന്നത് കണ്ടതും കലി അടക്കാൻ കഴിഞ്ഞില്ല. അല്ലാതെ മനഃപൂർവം നിന്നെ വേദനിപ്പിക്കണം എന്നു വിചാരിച്ച് ദേഷ്യപ്പെട്ടതല്ല. അച്ചു പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഫോൺ.... സൈലന്റ് ആയിരുന്നു.... ഞാൻ അറിഞ്ഞില്ല.... മാളിന് അകത്ത് ആയതുകൊണ്ട് നേരം വൈകിയതും അറിഞ്ഞില്ല. പുറത്ത് ഇറങ്ങിയപ്പോഴാണ് ഇത്രയും ഇരുട്ടിയത് കാണുന്നത്. ഇച്ചായനെ.... വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് മിസ്സ്‌ കോളുകൾ കാണുന്നത്. തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോഴേക്കും ഇച്ചായൻ എത്തിയിരുന്നു അല്ലാതെ മനഃപൂർവം വിളിച്ച് അറിയിക്കാതിരുന്നതല്ല...... വിങ്ങി പൊട്ടിയവൾ പറയവെ കണ്ണുകൾ നിർത്താതെ പെയ്തിറങ്ങി. പോട്ടെ..... ഇനി ഇങ്ങനെ ആവർത്തിക്കരുത്. ഷോപ്പിംഗിന് പോവുന്നതും ലേറ്റ് ആവുന്നതും ഒന്നും ഒരു തെറ്റല്ല. പക്ഷെ എത്താൻ വൈകുമെന്ന് വീട്ടിലേക്ക് ഒന്നു വിളിച്ച് അറിയിക്കണം അല്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നവർ എല്ലാം ഒത്തിരി വിഷമിക്കും. ഒട്ടും സുരക്ഷിതരല്ലാത്ത ഒരു ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത് അപ്പൊ എല്ലാം കൊണ്ടും കരുതി ഇരിക്കണം.

പറഞ്ഞത് മനസ്സിലാവുന്നുണ്ടോ????? അവളുടെ കണ്ണുകൾ തുടച്ചു നീക്കി അവൻ പറഞ്ഞതും അവൾ മനസ്സിലായി എന്ന രീതിയിൽ തലയാട്ടി. സോറി..... ഇനി ഞാൻ ഇതുപോലെ അശ്രദ്ധ കാണിക്കില്ല...... ചുണ്ട് പിളർത്തി അവൾ പറഞ്ഞതും അച്ചു ഒരു ചിരിയോടെ അവളുടെ ഇരു കൺപോളകളിലും ചുണ്ട് ചേർത്തു. വിശക്കുന്നുണ്ടോ?????? അവന്റെ ചോദ്യത്തിന് അവൾ അതേയെന്ന രീതിയിൽ തലയാട്ടി. കുറച്ചു മുന്നോട്ട് പോവുമ്പൊ ഒരു കടയുണ്ട് അവിടുന്ന് കഴിക്കാൻ വാങ്ങി തരാം. അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടി ഒതുക്കി വെച്ചവൻ പറഞ്ഞു. വേണ്ട...... വീട്ടിൽ പോയിട്ട് കഴിക്കാം അമ്മച്ചി നോക്കിയിരിക്കും. എമി പറഞ്ഞതും അവനൊന്ന് ചിരിച്ചു. അത് മതിയോ????? മതി......... എങ്കിൽ വാ വേഗം പോവാം...... വണ്ടിയിൽ കയറി അച്ചു പറഞ്ഞതും എമി വേഗം അവന് പിന്നിൽ കയറി ഇരുന്നു. മുന്നോട്ടുള്ള യാത്രയിൽ ഇരുവരുടെയും മനസ്സ് ശാന്തമായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടിൽ എത്തിയതും സാറായുടെയും റിയയുടെയും വക ഒത്തിരി വഴക്ക് അവൾ കേട്ടു. എമി അതെല്ലാം ഒരു ചിരിയോടെ കേട്ട് നിന്നു. എമിയോടുള്ള കരുതലും സ്നേഹവും അവളെ കാണാതായപ്പോഴുള്ള ആധിയും എല്ലാം ആ വാക്കുകളിൽ പ്രകടമായിരുന്നു. ഇളിച്ചോണ്ട് നിൽക്കുന്ന അവളെ കണ്ട് സാറാ ചെവിക്ക് നല്ലൊരു കിഴുക്ക് വെച്ചു കൊടുത്തു. എല്ലാവരുടെയും ചീത്ത കേട്ട് പോളിന്റെ വക ഉപദേശങ്ങളും കേട്ട് ബോധിച്ച് അത്താഴം കഴിച്ച് അവൾ മുറിയിലേക്ക് പോയി.

വാഷ്റൂമിൽ കയറി ഡ്രസ്സ്‌ മാറി ചെറുതായ് ഒന്നു ഫ്രഷായി അവൾ മുറിയിലേക്ക് ഇറങ്ങിയതും അച്ചുവിനെ കാണാതെ അവളൊന്ന് കണ്ണുകളാൽ അവനെ തിരഞ്ഞു. ബാൽക്കണി റൈലിംഗിൽ ചാരി നിന്ന് സംസാരിക്കുന്നവനെ കണ്ടതും എമി അങ്ങോട്ട്‌ ഇറങ്ങി. എമിയെ കണ്ടതും കാതിൽ അമർത്തി വെച്ചിരിക്കുന്ന ഇയർപൊടിൽ ചൂണ്ടി കാണിച്ച് 5 മിനിറ്റ് എന്ന് അവൾക്ക് നേരെ കാണിച്ചു. ശരി എന്നർത്ഥത്തിൽ തലയാട്ടി അവൾ അവനെ കോൾ ചെയ്യാൻ വിട്ടുകൊണ്ട് അൽപ്പം മാറി നിന്ന് ആകാശത്തേക്ക് കണ്ണുകൾ നട്ട് നിന്നു. നിലാവെളിച്ചം ഭൂമിയെ ഒന്നുകൂടി സുന്ദരമാക്കിയത് പോലെ. എത്രനേരം എന്നില്ലാതെ അവൾ വാനിലേക്ക് നോട്ടം ഉറപ്പിച്ച് നിന്നു. വീശിയടിച്ച കാറ്റിൽ ഒന്നു കുളിർന്നതും അവളൊന്ന് വിറച്ചു കൊണ്ട് മാറിൽ കൈ പിണച്ചു നിന്നു. ഏറെ വൈകാതെ തന്നെ ചുറ്റിപ്പിടിച്ച കരങ്ങളുടെ ചൂട് അവളിൽ ഒരു പുഞ്ചിരി വിടർത്തി. ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. പൊടിക്കുപ്പീ.......... ഏറെ ആർദ്രമായ അവന്റെ വിളിക്ക് മറുപടി എന്ന പോൽ അവളൊന്ന് മൂളി. I can't wait anymore, will you be mine for all means?????? കാറ്റ് പോലെ അവന്റെ സ്വരം അവളുടെ കാതിനെ പുണർന്നു. ഒറ്റ നിമിഷം കൊണ്ട് ഹൃദയമിടിപ്പ് ഉയർന്നു പൊങ്ങി. കഴുത്തിൽ അടിക്കുന്ന കിതപ്പിൽ മുങ്ങിയ അവന്റെ നിശ്വാസത്താൽ ശ്വാസം വിലങ്ങിയത് പോലെ...... വയറിൽ ചുറ്റിപ്പിടിച്ച അവന്റെ കയ്യിൽ മുറുകെ പിടിച്ചവൾ നിന്നു. ഒരു വാക്ക് പോലും ഉരുവിടാൻ ആവാതെ............. തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story