ഹൃദയതാളമായ്: ഭാഗം 158

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അടുക്കളയിൽ ഗംഭീര പാചക പരീക്ഷണത്തിലാണ് എമി. സാറായുടെ പുറകെ നടന്ന് കെഞ്ചി പാചകം പഠിക്കാൻ കയറിയതാണ് അവൾ. സാറാ സ്പെഷ്യൽ ബീഫ് സ്റ്റൂ ഉണ്ടാക്കാൻ പഠിക്കണം എന്നാണ് അവൾ പറഞ്ഞത്. പാചകത്തിന്റെ എബിസിഡി അറിയാത്തവർ ആദ്യം തന്നെ ബീഫിൽ കൈ വെക്കണ്ട എന്ന് സാറാ തീർപ്പ് കല്പ്പിച്ചു. ഒടുവിൽ കയ്യും കാലും പിടിച്ച് എങ്ങനെയൊക്കെയോ സാറായെ സമ്മതിപ്പിച്ച് എടുത്തു. ഇപ്പൊ സ്റ്റവിൽ ഇരിക്കുന്ന കറി ഇളക്കലോട് ഇളക്കൽ ആണവൾ. അമ്മച്ചീ ദേ ഇത് തിളച്ചു........ എമി അടുത്ത് നിന്ന സാറായെ നോക്കി. ആഹ്.... ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലോണം ഇളക്ക്. സാറാ നിർദേശം കൊടുത്തു. ആവശ്യത്തിന് ഉപ്പ് എന്ന് പറയുമ്പൊ ഏകദേശം എത്രയായിട്ട് വരും????? സംശയഭാവത്തിൽ അവൾ താടിയിൽ വിരൽ കുത്തി. ആദ്യം കുറച്ച് ഉപ്പ് ചേർത്ത് നല്ലോണം ഇളക്കി രുചിച്ചു നോക്കണം. ഉപ്പ് പാകത്തിന് ആണെങ്കിൽ വാങ്ങി വെക്കണം അല്ലെങ്കിൽ വീണ്ടും ചേർത്ത് കൊടുക്കണം.

ഉപ്പ് പാകത്തിന് ഉണ്ടെങ്കിൽ പിന്നെ എന്നാത്തിനാ വേറെ വാങ്ങുന്നത്????? എമിക്ക് വീണ്ടും സംശയമായി. ഇത്തവണ അവളുടെ സംശയം കേട്ട് റിയയും അനുവും ചിരിച്ചു പോയി. വാങ്ങി വെക്കണം എന്ന് ഉദ്ദേശിച്ചത് സ്റ്റവിൽ നിന്ന് ഇറക്കി വെക്കണം എന്നാണ് അല്ലാതെ ഉപ്പ് വാങ്ങാൻ അല്ല. ഇങ്ങനെ ഒരു പൊട്ടി...... സാറാ അവളുടെ തലയിൽ കിഴുക്കി. അമ്മച്ചീ....... കയ്യിൽ തവിയും പിടിച്ചവൾ നിലത്ത് ചവിട്ടി ചിണുങ്ങി. നിന്ന് തുള്ളാതെ ഉപ്പ് ചേർക്ക് കൊച്ചേ..... സാറാ പറഞ്ഞതും മുഖവും വീർപ്പിച്ച് അവൾ ഉപ്പ് വെച്ചിരുന്ന കുഞ്ഞു ഭരണിയിൽ നിന്ന് ഒരു സ്പൂൺ ഉപ്പ് കോരിയെടുത്തു. ദേ ഇത്രയും മതിയോ?????? സ്പൂൺ അവർക്ക് നേരെ കാണിച്ചവൾ ചോദിച്ചു. ഇതിനും വേണ്ടി ഉപ്പ് എന്തിനാടീ കയ്പ്പ് കൊണ്ട് വായിൽ വെച്ച് കൂട്ടാൻ പറ്റില്ല.... അതിന്റെ പകുതി മതി. അവർ പറഞ്ഞതും അവൾ പകുതി ഭരണിയിലേക്ക് തന്നെ തിരികെ ഇട്ടു. ദേ ഇത്രേം.....

ആഹ്... അത് മതി. ഇനി അതിലേക്ക് ഇട്ട് ഇളക്കിയേച്ച് ഇത്തിരി ഇങ്ങോട്ട് താ ഉപ്പുണ്ടോന്ന് ഞാൻ നോക്കാം... അത് വേണ്ടാ.... എന്റെ നാത്തൂൻ ആദ്യായിട്ട് ഉണ്ടാക്കിയ ഡിഷ്‌ അല്ലെ ഇത് ടേസ്റ്റ് ചെയ്തു നോക്കി ആദ്യം അഭിപ്രായം പറയേണ്ട അവകാശം എനിക്കാണ്. അത് ഞാൻ ആർക്കും വിട്ടു തരത്തില്ല.... സാറായെ മാറ്റി നിർത്തി കൊണ്ട് അനു മുന്നിലേക്ക് എത്തി. ഓഹ്!!!! ഒരു വലിയ നാത്തൂൻ വന്നിരിക്കുന്നു... എന്താന്ന് വെച്ചാൽ നോക്കിക്കോ. സാറാ അനുവിനെ നോക്കി പുച്ഛിച്ചു. അമ്മച്ചി അങ്ങനെ പലതും പറയും നീ ഇളക്കിയിട്ട് ഇങ്ങോട്ട് താടീ... ഇതിന്റെ സ്മെൽ അടിച്ചിട്ട് തന്നെ എന്റെ നാവിൽ വെള്ളമൂറുന്നു. കൊതിയോടെ അനു പറയുന്നത് കേട്ടതും എമി ചിരിച്ചുകൊണ്ട് കറിയിൽ ഉപ്പിട്ട് നല്ലവണ്ണം ഇളക്കി. ഇളക്കി കഴിഞ്ഞതും സ്റ്റവ് ഓഫ്‌ ചെയ്ത് ഒരു ചെറിയ ബൗളിൽ അൽപ്പം കറി പകർന്നെടുത്ത് അനുവിന് നേരെ നീട്ടി. ബീഫ് കണ്ട ആക്രാന്തത്തിൽ കയ്യിട്ടതും പൊള്ളി അതേപോലെ അവൾ കൈ പിൻവലിച്ചു. ഔ.....

എന്തൊരു ചൂട് കൈപൊള്ളിപ്പോയി..... അനു കൈകുടഞ്ഞുകൊണ്ട് തുള്ളി. പിന്നെ അടുപ്പിൽ നിന്ന് എടുത്തതിന് പിന്നെ ചൂടല്ലാതെ തണുപ്പ് ആയിരിക്കുവോ????? റിയ ആയിരുന്നു അത് ചോദിച്ചത്. പണ്ട് ഞാൻ വല്ലതും പറഞ്ഞാൽ കണ്ണും നിറച്ച് നിന്ന പെണ്ണുംപിള്ളയാ ഇപ്പൊ എന്നെ നിന്ന് ട്രോളുന്നത്... ഹാ എന്റെ വിധി... കയ്യും ഊതി അനു പറഞ്ഞു നിർത്തി. കള്ളിയംകാട്ടു നീലി സീസൺ 2 കളിക്കുന്ന നീ ഇത്ര മണ്ടൂസ് ആണെന്ന് ഞാൻ അന്ന് അറിഞ്ഞോ????? കൈമലർത്തി കൊണ്ട് റിയ പറയുന്നത് കേട്ടതും എമിയും സാറായും ചിരിച്ചു പോയി. അത് ശരിയാ ഏട്ടത്തി പറഞ്ഞത്... എനിക്ക് ഇവൾ മണ്ടൂസ് ആണെന്ന് പണ്ടേ മനസ്സിലായതാ പക്ഷെ ആളുടെ ഉള്ളിൽ ഒരു ഉറങ്ങി കിടക്കുന്ന നിഷ്കു ഉണ്ടെന്ന് എനിക്കന്ന് അറിയത്തില്ലായിരുന്നു ഏട്ടത്തീ..... അനുവിന്റെ തോളിൽ കൈകുത്തി നിന്ന് എമി ചിരിച്ചു. എന്നെ കളിയാക്കാൻ എല്ലാവർക്കും എന്താ താത്പര്യം?????

എമിയുടെ കൈതട്ടി മാറ്റിയവൾ മുഖം വീർപ്പിച്ചു. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് പിണങ്ങും നാണമില്ലല്ലോടീ നാത്തൂനേ നിനക്ക്?????? എമി മൂക്കത്ത് വിരൽ വെച്ച് അവളെ കളിയാക്കി. അയ്യോ ആരുവാ ഈ പറയുന്നത്???? നമുക്ക് പിന്നെ പിണങ്ങാനും മുഖം വീർപ്പിക്കാനും ഒന്നും അറിയില്ലല്ലോ????? അനു കളിയാക്കിയതും എമി അവളെ നോക്കി ഇളിച്ചു കാണിച്ചു. മതി മതി പരസ്പരം ട്രോളിയത് നിങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഊതലിൽ കറി തണുത്തിട്ടുണ്ടാവും വേഗം ടേസ്റ്റ് ചെയ്ത് അഭിപ്രായം പറ നമ്മുടെ എമികൊച്ച് ആദ്യായിട്ട് ഉണ്ടാക്കിയതല്ലേ കൊള്ളാവോ ഇല്ലയൊന്ന് അറിയണ്ടേ????? റിയ പറഞ്ഞതും അനു ബൗളിൽ ഒന്നു തൊട്ടു നോക്കി. അത്ര ചൂടില്ല എന്ന് കണ്ടതും ഒരു പീസ് കൈകൊണ്ട് എടുത്ത് ചാറിൽ മുക്കി നാവിലേക്ക് വെച്ചു.

കറി രുചിക്കവെ അവളുടെ മുഖത്ത് മാറിമാറി വരുന്ന ഭാവങ്ങൾ കണ്ട് എമി നഖം കടിച്ചു. കുഴപ്പായോ?????? പരിഭ്രമത്തോടെ അവൾ റിയയെ നോക്കി. കുഴപ്പായിന്നാ തോന്നുന്നേ...... റിയ തിരികെ പറഞ്ഞതും എമി ചുണ്ട് പിളർത്തി. പെട്ടെന്ന് തന്നെ അനു അവളെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തിയിരുന്നു. എമിയാണെങ്കിൽ താനുണ്ടാക്കിയ കറി കഴിച്ച് ഇവൾക്ക് പ്രാന്തായോ എന്ന കണക്ക് നിന്നു. എന്റെ പൊന്നു മോളേ ഒരു രക്ഷയും ഇല്ല. നീ അമ്മച്ചിയെ കടത്തി വെട്ടി, എന്നാ ഒരു ടേസ്റ്റ് ആടീ കറിക്ക് കഴിക്കുന്നവർ വിരൽ വരെ കടിച്ചു തിന്നു പോവും അത്രയ്ക്ക് രുചി. അനു ആവേശത്തോടെ പറയുന്നത് കേട്ട് എമി ഇവിടെ ഇപ്പൊ ആരാ പടക്കം പൊട്ടിച്ചത് എന്ന കണക്ക് നിന്നുപോയി. അമ്മച്ചീ ഇത് അത് തന്നെ... എന്റെ കറി കഴിച്ച് ഇവളുടെ ഏതോ പിരി ഇളകി പോയതാ വാ നമുക്ക് വല്ല ഹോസ്പിറ്റലിലും കൊണ്ടുപോവാം അല്ലെങ്കിൽ മുഴു പ്രാന്ത് ആയിപ്പോവും.

എന്തോ ബോധം വന്നത് പോലെ എമി പറയുന്നത് കേട്ട് റിയയും സാറായും ചിരിക്കണോ കരയണോ എന്നറിയാതെ അവളെ നോക്കിപ്പോയി. പിരി പോയത് നിന്റെ തലയ്ക്ക് ആടീ അലവലാ‌തീ..... എന്റെ അമ്മച്ചി റിയേട്ടത്തീ നിങ്ങൾ ഇതൊന്ന് ഇത്തിരി കഴിച്ചു നോക്കിയേ എന്നിട്ട് പറ എനിക്കാണോ ഇവൾക്കാണോ പ്രാന്തെന്ന്... അതും പറഞ്ഞവൾ ഓരോ കറിയിൽ നിന്ന് പീസ് വീതം എടുത്ത് അവരുടെ വായിലേക്ക് വെച്ചു കൊടുത്തു. നിമിഷനേരം കൊണ്ട് അവരുടെ മുഖഭാവം മാറുന്നതും കണ്ണുകളിലും മുഖത്തും അതിശയം വിടരുന്നത് എമി കണ്ടു. എടീ.... ഇവൾ പറഞ്ഞത് സത്യാ നല്ല ടേസ്റ്റ് ഉണ്ടെടീ... ദേ എന്റെ നാവിൽ വെള്ളം നിറയുന്നു. നിനക്ക് ഇത്ര കൈപ്പുണ്യം ഉണ്ടായിരുന്നോ കൊച്ചേ???? റിയ ചിരിയോടെ പറയുന്നത് കേട്ട് എമിയുടെ കാറ്റ് പോവും എന്ന അവസ്ഥയിൽ എത്തി.

ഇതിപ്പൊ തനിക്ക് വട്ടായതാണോ അതോ വീട്ടുകാർക്ക് മുഴുവൻ വട്ടായതാണോ എന്ന സംശയത്തിൽ ആയിരുന്നു അവൾ. അവളുടെ നിൽപ്പും ആലോചനയും കണ്ട് അനു അവളുടെ വായിലേക്കും കറിയിൽ നിന്നൊരു പീസ് കുത്തികേറ്റി. ആദ്യം ഒന്നു പകച്ചെങ്കിലും നാവിൽ അറിഞ്ഞ രുചിയാൽ അവളുടെ കണ്ണുകൾ വികസിച്ചു. നേർത്തൊരു കുരുമുളകിന്റെ മെമ്പൊടിയോടെയുള്ള ബീഫ് സ്റ്റൂവിന്റെ രുചി അവളിൽ അത്ഭുതം ഉണർത്തി. ആദ്യമായി താനൊരു വിഭവം ഉണ്ടാക്കിയിട്ട് ഇത്ര നന്നായത് എങ്ങനെ എന്ന അതിശയത്തിൽ ആയിരുന്നു അവൾ. സാറായുടെയും അനുവിന്റെയും റിയയുടെയും എല്ലാം പ്രശംസ കൂടി ആയതോടെ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു അവളിൽ. ആദ്യ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച സന്തോഷത്തിൽ അവൾ ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് എമി. നേരത്തെ എത്താം എന്ന് പറഞ്ഞ് പോയിട്ട് ആൽവിച്ചനും പോളും വീട്ടിൽ എത്തിയിട്ടും അവൻ തിരികെ എത്തിയില്ല അതിന്റെ നിരാശയിൽ ആണവൾ. ഈ കാത്തിരിപ്പിന് പുറകിൽ വേറൊരു കാരണം കൂടിയുണ്ട്, താൻ ആദ്യമായി ഉണ്ടാക്കിയ വിഭവം അച്ചു കഴിച്ച് അവന്റെ നാവിൽ നിന്ന് തന്നെ അഭിപ്രായം അറിയണം എന്നുള്ള മോഹം. അതിന് വേണ്ടിയാണ് വഴിക്കണ്ണുമായി അവൾ കാത്ത് ഇരിക്കുന്നത്. എമിയുടെ ഇരിപ്പ് കണ്ടതും അനു സാറായെ കണ്ണ് കാട്ടി അവളെ കാണിച്ചു കൊടുത്തു. എന്റെ കൊച്ചേ അവൻ മീറ്റിംഗ് കഴിയുമ്പൊ ഇങ്ങോട്ട് എത്തിക്കോളും അതിന് നീയിങ്ങനെ നോക്കി നോക്കി ഇരിക്കേണ്ട കാര്യമില്ല. സാറാ അവളോടായി പറഞ്ഞു. അങ്ങനെ പറയാതെ എന്റെ അമ്മച്ചീ.... ഇവിടെ ഒരാൾ ആദ്യമായി ഒരു വിഭവം ഉണ്ടാക്കിയിട്ട് അതിന്റെ അഭിപ്രായം സ്വന്തം കെട്ട്യോനിൽ നിന്ന് അറിയാനുള്ള ആകാംഷയിൽ ഇരിക്കുവല്ലേ അപ്പൊ അമ്മച്ചി ഇങ്ങനെ നിരുത്സാഹപ്പെടുത്തുവാണോ വേണ്ടത്?????

അനു ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കള്ളചിരിയോടെ പറഞ്ഞതും സാറായുടെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു. ഇതിനിടയിൽ അങ്ങനെ ഒന്നുണ്ടായിരുന്നല്ലോ ഞാനത് അങ്ങോട്ട്‌ ഓർത്തില്ല... അവരുടെ സംസാരം കേട്ട് എമിക്ക് ഒരു ചളിപ്പ് തോന്നി. എങ്കിലും മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്ത് അവൾ ഇരുന്നു. നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നത്???? എനിക്കൊന്നും മനസ്സിലാവുന്നില്ല.... ആൽവി പൊട്ടൻ ആട്ടം കാണുന്ന കണക്ക് അവരെ മൂന്നിനെയും മാറി മാറി നോക്കി. അതൊക്കെയുണ്ട് മോനെ ആൽവിച്ചായാ കുറച്ചു കഴിയുമ്പൊ എല്ലാം മനസ്സിലായിക്കോളും കൊഞ്ചം വെയിറ്റ് പണ്ണുങ്കോ നമ്മുടെ ഹീറോ ഒന്നിങ്ങോട്ട് വന്നോട്ടെ. അനു അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു തീർന്നതും പുറത്ത് ബുള്ളറ്റിന്റെ ശബ്ദം മുഴങ്ങിയിരുന്നു. അത് കേട്ടതും സോഫയിൽ ഇരുന്ന എമി ചാടി എഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു.

അവളുടെ ഓട്ടം കണ്ട് സാറായും അനുവും എന്തിനേറെ ജിച്ചൂട്ടനെയും തോളിലിട്ട് അങ്ങോട്ട്‌ എത്തിയ റിയ വരെ ചിരിച്ചു പോയി. പോർച്ചിൽ ബുള്ളറ്റ് കൊണ്ടുവന്ന് പാർക്ക്‌ ചെയ്ത് ഹെൽമെറ്റ്‌ ഊരി വണ്ടിയിൽ നിന്ന് ഇറങ്ങിയതും വരാന്തയിൽ കയ്യും കെട്ടി മുഖവും വീർപ്പിച്ചു നിൽക്കുന്ന എമിയെ കണ്ടവൻ നെറ്റിയിൽ തടവി പോയി. നേരത്തെ വരാമെന്ന് വാക്ക് കൊടുത്തിട്ട് എത്താത്തതിന്റെ പരിഭവത്തിൽ ആണവൾ എന്നവന് മനസ്സിലായി ഒന്നു നെടുവീർപ്പിട്ടവൻ ഷൂ അഴിച്ച് വരാന്തയിലേക്ക് കയറി. സോറീടീ പൊടികുപ്പീ... മീറ്റിംഗും കേസ് ഡിസ്കഷനും മറ്റുമായി ഇരുന്നപ്പൊ വൈകി പോയി... അതിനിങ്ങനെ മുഖം വീർപ്പിക്കാതെ എന്റെ പെമ്പറന്നോത്തീ... അവളുടെ ഇരുകവിളിലുമായി വലിച്ചവൻ പറഞ്ഞതും അവൾ വാശിയോട് അവന്റെ കൈകൾ തട്ടി എറിഞ്ഞു.

തന്നിൽ നിന്ന് മുഖം വെട്ടിച്ച് പിണക്കത്തോടെ നിൽക്കുന്നവളെ കണ്ടതും അവനൊന്ന് നിശ്വസിച്ചു. പതിയെ തല ചരിച്ച് അകത്തേക്ക് നോക്കിയതും ഹാളിൽ എല്ലാവരും തന്നെ ഉണ്ടെന്ന് കണ്ട് അവൻ പതിയെ അവളുടെ ഇരുചുമലിലും പിടിച്ച് ആർക്കും മനസ്സിലാവാത്ത വിധം അവളെ ദേഹത്തേക്ക് ചേർത്തു. പിണങ്ങി നിന്ന് എന്നെ കൊണ്ട് അവിവേകം ഒന്നും ചെയ്യിക്കരുത് അവസാനം വീട്ടുകാർക്കും നാട്ടുകാർക്കും മുൻപിൽ നാണംകെട്ട് നിൽക്കേണ്ടി വരും. അതുകൊണ്ട് എന്റെ കൊച്ച് ഇങ്ങനെ മുഖം ചുവപ്പിക്കാതെ നല്ല കുട്ടിയായി ഒന്നു ചിരിച്ചേ..... അച്ചു അവളുടെ കവിളിൽ ഒന്നു തട്ടി. എന്നിട്ടും അവളിൽ ഭാവവ്യത്യാസം ഒന്നുമില്ല എന്ന് കണ്ടതും മെല്ലെ തല കുനിച്ച് അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു. ഒന്നു ചിരിക്കെന്റെ പൊടിക്കുപ്പീ..... കടിച്ചിടത്ത് ഒന്നു ചുംബിച്ച് അവൻ പറഞ്ഞതും അവൾ പോലും അറിയാതെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു. എങ്കിലും അത് മറച്ച് പിടിച്ചവൾ അവന് നേരെ കൂർത്ത നോട്ടം തൊടുത്തു വിട്ടു. ഇനി ഇതുപോലെ വാക്ക് തെറ്റിക്കുവോ????

ചുണ്ട് പുറത്തേക്ക് ഉന്തി അവൾ അച്ചുവിനെ നോക്കി. ഇല്ല... തെറ്റിക്കൂല പ്രോമിസ്... അവളുടെ കൂർത്ത ചുണ്ടിൽ ഒന്നു മുത്തികൊണ്ടവൻ പറഞ്ഞതും വെപ്രാളത്തോടെ തിരിഞ്ഞ് ഹാളിലേക്ക് നോക്കി. സാറായും അനുവും അടുക്കളയിലേക്ക് പോയത് കൊണ്ട് ആൽവിച്ചനും റിയയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിൽ ആൽവിച്ചൻ ഒരു ഫോൺ കോളിലും റിയക്ക് ജിച്ചൂട്ടനെ തട്ടി ഉറക്കുന്നതിലും ആയിരുന്നു ശ്രദ്ധ അതുകൊണ്ട് രണ്ടുപേരും ഒന്നും കണ്ടില്ല എന്ന ആശ്വാസത്തിൽ അവളൊന്ന് നെഞ്ചിൽ കൈവെച്ച് നിശ്വസിച്ചു. പിന്നെ കള്ളചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ നോക്കി ഒന്നു കണ്ണുരുട്ടി അവൾ അകത്തേക്ക് കയറി. പിന്നാലെ അച്ചുവും. എമി ആരെയും നോക്കാതെ നേരെ സ്റ്റെയർ കയറി മുകളിലേക്ക് പോയി. അവളുടെ പോക്ക് കണ്ട് ഒരു ചിരിയോടെ റിയയെ നോക്കി ചിരിച്ച് അവളുടെ തോളിൽ കിടക്കുന്ന ജിച്ചൂട്ടന്റെ നെറ്റിയിൽ ഒന്നു ചുംബിച്ച് മുകളിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അത്താഴത്തിനുള്ള നേരം ആയതും എല്ലാവരും ഡിനിംങ് ടേബിളിൽ സ്ഥാനം നേടി. സാറായും എമിയും റിയയും ചേർന്ന് എല്ലാവർക്കും വിളമ്പി പോളിനൊപ്പം ഇരുന്നു. വെയിറ്റ് വെയിറ്റ്.... എല്ലാവരും കഴിക്കാൻ വരട്ടെ എനിക്കൊരു കാര്യം പറയാനുണ്ട്. കഴിക്കാൻ ഒരുങ്ങിയ എല്ലാവരെയും അനു തടഞ്ഞു. ഓഹ്!!!! തിന്നാൻ നേരത്ത് ആണോടീ നിനക്ക് ഓരോന്ന് എഴുന്നള്ളിക്കാൻ തോന്നുന്നത്... അമ്മച്ചിയുടെ സ്പെഷ്യൽ ബീഫ് സ്റ്റൂവിന്റെ മണം അടിച്ചിട്ട് ഇവിടെ മനുഷ്യന്റെ കണ്ട്രോൾ പോയിരിക്കുവാ... ആൽവിച്ചൻ കൊതിയോടെ പറഞ്ഞു. അത് തന്നെയാ പറഞ്ഞു വരുന്നത്, ഇന്നത്തെ കറിക്ക് ഇതുവരെ ഇല്ലാത്തൊരു സ്പെഷാലിറ്റി ഉണ്ട്... അതെന്താ ഇന്നത്തെ കറിക്ക് കൊമ്പുണ്ടോ????? എഗൈൻ ആൽവിച്ചൻ. ഇങ്ങനെ നിലവാരമില്ലാത്ത ചളി വാരി എറിയാതെ മിണ്ടാതിരിക്ക് ഞാനൊന്ന് പറയട്ടെ. അനു അവനെ നോക്കി പല്ല് കടിച്ചു. എന്നാ പറഞ്ഞു തൊലയ്ക്ക്...

അല്ല, നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്???? ആഹ്... സ്‌പെഷാലിറ്റി. അതേ അത് മറ്റൊന്നുമല്ല ഇന്നത്തെ കറി ഉണ്ടാക്കിയത് മാറ്റാരുമല്ല എന്റെ ച്വീറ്റ് നാത്തൂൻ സാക്ഷാൽ എമിയാണ്. നാടകീയമായി അനു പറഞ്ഞു നിർത്തിയതും അച്ചുവും പോളും ആൽവിച്ചനും കണ്ണും തള്ളി എമിയെ നോക്കി. എമി ഒരു ക്ലോസപ്പ് ചിരിയുമായി ഇരുന്നു. അയ്യോ എന്നാ എനിക്കിന്ന് ഫുഡ് വേണ്ട പട്ടിണി കിടന്നാലും സാരമില്ല ബാത്‌റൂമിൽ ഇരുന്ന് അന്തിയുറങ്ങി നേരം വെളുപ്പിക്കാൻ എനിക്ക് വയ്യാ..... ആൽവിച്ചന്റെ പറച്ചിൽ കേട്ടതും എമി പല്ല് കടിച്ച് അവനെ നോക്കി. നീ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട... ചുക്ക് ഏതാ ചുണ്ണാമ്പ് ഏതാ എന്നറിയാത്ത നീ ഉണ്ടാക്കിയ കറി എന്ത് വിശ്വാസത്തിൽ ഞങ്ങൾ കഴിക്കും???? ആൽവിച്ചൻ വിട്ടുകൊടുത്തില്ല. അവന്റെ പറച്ചിൽ കേട്ടതും അച്ചുവും പോളും പരസ്പരം നോക്കി. മസാലപൊടിക്ക് പകരം സാമ്പാർപൊടി എടുത്തു കൊടുത്ത മൊതലാണ് കറി ഉണ്ടാക്കിയിരിക്കുന്നത് കഴിക്കണോ വേണ്ടയോ എന്ന സംശയം ആയിരുന്നു അവരിൽ.

അതേ ഇച്ചായൻ അവളെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട... ഞങ്ങൾ എല്ലാവരും അവളുടെ കറി കഴിച്ചിട്ടാ ഈ ഇരിക്കുന്നത് ഇതുവരെ ഒരു കുഴപ്പമില്ല എന്ന് മാത്രമല്ല നല്ല അടിപൊളി കറിയുമാണ്. കഴിക്കാൻ ഉദ്ദേശമില്ലെങ്കിൽ ഇത് നിങ്ങൾക്ക് ഒരു നഷ്ടം തന്നെയാണ്. റിയ എമിയെ പിന്താങ്ങി രംഗത്ത് എത്തി. പിന്നല്ലാതെ... അമ്മച്ചിയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കിയ കറിയാണ് അത് വിശ്വാസമില്ലാത്തവർ കഴിക്കണ്ട. ഞങ്ങൾ എന്തായാലും കഴിക്കും. അനു ആൽവിച്ചനെ നോക്കി പറഞ്ഞ് പ്ലേറ്റിൽ ഉള്ളത് കഴിക്കാൻ തുടങ്ങി. പിന്നാലെ റിയയും സാറായും. അവർ മൂന്നുപേരുടെയും കഴിപ്പ് കണ്ടതും അച്ചുവിനും പോളിനും ഏറെക്കുറെ വിശ്വാസം വന്നു. എങ്കിലും അവർ എമിയെ ഒന്നു നോക്കി. അവൾ ചുണ്ട് പിളർത്തി ഇരുവരെയും മാറി മാറി നോക്കിയതും ഒരു ചിരിയോടെ അവരും കഴിക്കാൻ തുടങ്ങി. അവരെല്ലാം കഴിക്കുന്നത് കണ്ടതും എമിയും തന്നെ പ്ലേറ്റിൽ നിന്ന് കഴിച്ചു തുടങ്ങി.

നിങ്ങൾ എല്ലാവരും കഴിക്ക് എന്നിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പായതിന് ശേഷം ഞാൻ കഴിക്കാം. അതും പറഞ്ഞ് ആൽവിച്ചൻ കൈകെട്ടി ഇരുന്നു. വോ... നീ ഇനി കഴിക്കണം എന്നില്ല. ഞങ്ങൾ കഴിച്ചോളാം... എന്റെ മോളേ കറി നീ പൊളിച്ച് അടുക്കി. സാറാ പോലും നിന്റെ കൈപ്പുണ്യത്തിന് മുന്നിൽ മാറി നിൽക്കും. പോൾ കഴിക്കുന്നതിനിടയിൽ തന്നെ പറഞ്ഞതും എമി സന്തോഷത്തോടെ പുഞ്ചിരിച്ചു. അവൾ പ്രതീക്ഷയോടെ അച്ചുവിനെ നോക്കി. അവന്റെ ചുണ്ടിലെ പുഞ്ചിരി മാത്രം മതിയായിരുന്നു അവൾക്ക് തന്റെ ഉത്തരം കണ്ടെത്താൻ. കൈവിരലുകൾ ഉയർത്തി അവൻ സൂപ്പർ എന്ന് കാണിച്ചതും അവളുടെ മുഖം പൂനിലാവ് ഉദിച്ചത് പോലെ വിടർന്നു. ഇവൾ ചാടി തുള്ളി അടുക്കളയിൽ വന്ന് പാചകം പഠിക്കണം എന്നുപറഞ്ഞ് വാശി പിടിച്ചപ്പൊ ഞാൻ ഇത്രയും കരുതിയില്ല. കറി രുചിച്ചു നോക്കിയപ്പോഴല്ലേ എന്റെ കൊച്ചിന് ഇത്ര കൈപ്പുണ്യം ഉണ്ടെന്ന് അറിയുന്നത്... സാറാ പുഞ്ചിരിയോടെ പറഞ്ഞതും മറ്റുള്ളവർ അവരുടെ അഭിപ്രായത്തിന് അനുകൂലം എന്നോണം തലയാട്ടി.

എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതും ആൾവിച്ചനും കഴിച്ചാൽ കൊള്ളാമെന്ന് തോന്നി. അതേ... ഇനി കഴിക്കുന്നതിൽ എനിക്ക് പ്രശ്നമില്ലാട്ടോ... അവൻ എല്ലാവരുടെയും മുഖത്തേക്ക് ഒന്നു നോക്കി. ഓഹ്!!!! വേണ്ടെടാ നീ അത്ര ബുദ്ധിമുട്ടി ഒന്നും കഴിക്കേണ്ട കാര്യമില്ല. പിന്നെ ഒരുനേരം പട്ടിണി കിടന്നെന്ന് കരുതി ചത്തൊന്നും പോവില്ലല്ലോ അല്ലേടീ സാറാമ്മേ?????? ആഹ്... അതെയതെ. നീ അത്ര കഷ്ടപ്പെട്ട് കഴിക്കണ്ട. എന്റെ മോൻ വെള്ളം കുടിച്ച് പോയി കിടന്നുറങ്ങിക്കോ... അവർ ചിരി കടിച്ചു പിടിച്ച് പറഞ്ഞു. അത് കേട്ടതും അവൻ ദയനീയമായി എല്ലാവരെയും നോക്കി. എല്ലാത്തിന്റെയും ഫുൾ കോൺസെൻട്രേഷൻ ഫുഡിലാണ്. അവസാനം നോട്ടം എമിയിൽ ചെന്ന് എത്തിയതും അവന്റെ കണ്ണുകളിൽ അപേക്ഷാഭാവം തെളിഞ്ഞു നിന്നു. കുറച്ച് ദോ അവിടെയും കൊടുത്തേക്ക് അമ്മച്ചീ അല്ലേൽ പലരും നോക്കി കൊതിവിട്ട് നമുക്ക് എല്ലാവർക്കും വയറിനു പിടിക്കാതെ വരും. എമി ആൽവിച്ചനെ നോക്കി പറഞ്ഞു. അതും ശരിയാ... മ്മ്മ്... നീ എടുത്ത് കഴിച്ചോ വെറുതെ ഞങ്ങൾക്ക് ഞങ്ങളുടെ വയറ് കേടാക്കാൻ വയ്യ...

സാറാ പറഞ്ഞു നിർത്തിയതും പിന്നെ എല്ലാം സ്പീഡിൽ ആയിരുന്നു. പ്ലേറ്റ് എടുക്കുന്നു കറി വിളമ്പുന്നു കഴിക്കുന്നു.. ആകെ ഒരു ബഹളം. അവന്റെ ആക്രാന്തം കണ്ട് എല്ലാവരും ചിരി അമർത്തി പിടിച്ചു. അല്ല മോളേ നീ ഇത് എങ്ങനെ ഒപ്പിച്ച് എടുത്തു?????? പോൾ എമിയെ നോക്കി. പോളിന്റെ ചോദ്യം കേട്ടതും അവൾ കഴിപ്പ് നിർത്തി എല്ലാവരെയും നോക്കി. പാചകം പഠിക്കണമെന്ന മോഹവുമായി ചെന്നു കയറിയത് ഒരു സിംഹിയുടെ മടയിൽ… സാറാ പോൾ ജോസഫ്..ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു... നേരാവണ്ണം പപ്പടം പോലും കാച്ചാൻ അറിയാത്ത ഞാൻ എന്തു ചെയ്യാൻ???? ഒടുവിൽ പാചകത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച റോണിയെ മനസ്സിൽ ധ്യാനിച്ച് നൂഡിൽസിൽ മുട്ട മിക്സ്‌ ചെയ്ത് ഒരു ഐറ്റം അങ്ങോട്ട്‌ കാച്ചി, അമ്മച്ചി ഫ്ലാറ്റ്..... പിന്നെ അമ്മച്ചിയുടെ മേൽനോട്ടത്തിൽ ബീഫ് സ്റ്റൂയിലൂടെ ഒരു ഓട്ട പ്രദക്ഷിക്കണം. ഇപ്പൊ ദേ ഇവിടെ ഈ ടേബിളിലെ കറിയായി എത്തി നിൽക്കുന്നു. ആറാംതമ്പുരാൻ സ്റ്റൈലിൽ ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തിയതും എല്ലാവരും ഒരു നിമിഷം അന്തിച്ച് ഇരുന്നുപോയി. പിന്നെ പതിയെ അതൊരു പൊട്ടിച്ചിരിക്ക് വഴി തെളിയിച്ചിരുന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story