ഹൃദയതാളമായ്: ഭാഗം 159

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അത്താഴം കഴിഞ്ഞ് കുറച്ചു നേരം സംസാരിച്ച് ഇരിക്കാൻ ഹാളിൽ എല്ലാവരും ചേർന്ന് ഒത്തുകൂടി. ആർക്കും ജോലി തിരക്കുകൾ ഇല്ലാത്തപ്പോൾ ഇങ്ങനെ പതിവുള്ളതാണ്. സാറായും പോളും അവർക്ക് അരികിൽ അനുവും അവർ മൂന്നും ഇരിക്കുന്നതിന്റെ എതിർ വശത്തായി ആൽവിച്ചനും അച്ചുവും എമിയും അങ്ങനെയാണ് ഇരിപ്പ്. റിയ ജിച്ചൂട്ടനെ ഉറക്കാൻ വേണ്ടി മുറിയിലേക്ക് പോയിരുന്നു. എമിയുടെ മടിയിൽ ജോക്കുട്ടൻ കിടന്ന് ഉറങ്ങുന്നുണ്ട്, ചെക്കൻ ഉറങ്ങുന്നതിന് ഇടയിൽ ഏതോ സ്വപ്നം കണ്ട് എഴുന്നേറ്റിരുന്ന് കരച്ചിൽ ആയിരുന്നു. അവസാനം എല്ലാവരും എടുത്തോണ്ട് നടന്ന് ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് പിന്നെ എപ്പോഴോ മയങ്ങി പോയതാണ്. എനിക്ക് നിങ്ങളോടെല്ലാം ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു. ഒരു മുഖവുരയോടെ പോൾ പറഞ്ഞതും അത്രനേരം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്ന എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി. എന്താ ഡാഡി?????

അച്ചു അയാളുടെ മുഖത്തെ ഗൗരവം കണ്ട് ചോദിച്ചു. ഇന്നലെ എന്നെ കാണാൻ കുര്യൻ വന്നിരുന്നു. ഏത് നമ്മുടെ അപ്പാപ്പന്റെ ചങ്കിന്റെ മകൻ കുര്യച്ചൻ അങ്കിളോ???? അച്ചു ഉറപ്പ് വരുത്താൻ എന്നത് പോലെ അയാളെ നോക്കി. ആഹ്..... അവൻ തന്നെ. അതിലിപ്പൊ എന്തിരിക്കുന്നു നിങ്ങൾ കളികൂട്ടുകാർ ആയിരുന്നില്ലേ???? കാണാൻ തോന്നിയപ്പൊ വന്നുകണ്ടു. ആൽവിച്ചൻ നിസാരമായി പറഞ്ഞു. തോക്കിൽ കയറി വെടിവെക്കാതെടാ ഞാൻ പറഞ്ഞു മുഴുവിപ്പിക്കട്ടെ. അയാൾ ആൽവിച്ചനെ ഒന്നു കലിപ്പിച്ചു നോക്കി. ഞാനിനി മിണ്ടുന്നില്ല... എന്താന്ന് വെച്ചാൽ പറഞ്ഞോ. ആൽവി വായ്ക്ക് സിബിട്ടു. ഇന്നവൻ എന്നെ കാണാൻ വന്നതിന് പിന്നിൽ ഒരു കാരണം കൂടി ഉണ്ടായിരുന്നു. അയാളൊന്ന് നിർത്തി. എല്ലാവരും അയാൾ പറയാൻ പോവുന്നത് എന്നറിയാനുള്ള ആകാംഷയിൽ അയാളെ തന്നെ നോക്കി. കുര്യൻ ഇന്ന് വന്നത് അവന്റെ മകൻ എഡ്വിന് വേണ്ടി നമ്മുടെ അനുവിനെ ചോദിക്കാൻ കൂടി ആയിരുന്നു.

അയാൾ പറഞ്ഞതും എല്ലാവരുടെയും നോട്ടം അനുവിൽ ചെന്ന് എത്തി നിന്നു. അവൾ ആണെങ്കിൽ പറന്നു പോയ കിളികളെ ഏത് പഞ്ചായത്തിൽ നിന്ന് കെണി വെച്ച് പിടിക്കണം എന്ന കണക്ക് ഇരിപ്പാണ്. ചെക്കൻ ഡോക്ടറാണ് ഇവളെ പുറത്ത് എങ്ങാണ്ടോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടതാണെന്നാ പറഞ്ഞത്. സത്യത്തിൽ കുര്യൻ ഇത് വന്നു ചോദിക്കുമ്പോഴാണ് അനുവിനെ പറ്റി ഞാൻ ചിന്തിക്കുന്നത് പോലും... ഇതുവരെ ഇവളുടെ കല്യാണകാര്യത്തെ പറ്റി ഞാൻ ആലോചിച്ചിട്ട് കൂടിയില്ല. പെട്ടെന്ന് അവൻ വന്നു ചോദിച്ചപ്പൊ തീരെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് ഞാനൊന്ന് പകച്ചുപോയി. എന്നിട്ട് ഡാഡി എന്ത് പറഞ്ഞു???? അച്ചു അയാളെ ഒന്നു നോക്കി. ഞാനെന്ത് പറയാൻ????? ഇവളുടെ കാര്യത്തിൽ എന്നെപോലെ തന്നെ അഭിപ്രായം പറയാനും തീരുമാനം എടുക്കാനുമുള്ള അവകാശം നിങ്ങൾക്കില്ലേ????

അത് മാത്രമല്ല ഇത് അനുവിനെ സംബന്ധിക്കുന്ന വിഷയമാണ്... അപ്പൊ അവളുടെ അനുവാദവും അഭിപ്രായവും ഒന്നും അറിയാതെ ഞാൻ മാത്രം ആയിട്ട് ഒരു തീരുമാനം പറയുന്നത് ഉചിതമല്ല... അതുകൊണ്ട് ഞാനൊന്ന് എല്ലാവരോടുമായി ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. ഞാൻ മനസ്സിലാക്കിയിടത്തോളം ഇത് നല്ലൊരു ബന്ധമാണ്... ഇനി നിങ്ങളുടെ എല്ലാം അഭിപ്രായം ആണ് അറിയേണ്ടത്. അയാൾ പറഞ്ഞു നിർത്തി. ഇതിൽ ഇപ്പൊ ഞങ്ങളോടല്ല ആദ്യം അവളോടാ ചോദിക്കേണ്ടത്. കാരണം ജീവിതം അവളുടെയാണ് അപ്പൊ അവളുടെ ഇഷ്ടത്തിനാണ് ഇവിടെ പ്രാധാന്യം. ഞാനും ചേട്ടനും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ജീവിതപങ്കാളികളെ സ്വയമേ കണ്ടെത്തിയതാണ് അപ്പൊ അവൾക്കും അതേ സ്വാതന്ത്ര്യമുണ്ട്. പറയുന്നതിനൊപ്പം തന്നെ അച്ചു അനുവിനെ പിടിച്ച് തനിക്കരികിൽ ഇരുത്തി. നീ പറ അനൂ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?????

ഉണ്ടെങ്കിൽ ഇപ്പൊ പറയാം ഞങ്ങൾ ആരും നിന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല. ധൈര്യമായിട്ട് പറ..... അവളുടെ മുഖത്തേക്ക് നോക്കി അച്ചു ചോദിച്ചു. ഇല്ല അഗസ്റ്റിച്ചാ എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല.... ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ ഞാൻ ആദ്യം അത് തുറന്നു പറയുന്നത് എമിയോട് ആയിരിക്കും. കാരണം ഇന്ന് അവൾ അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല... ഇതുവരെ എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല. ഒട്ടും ആലോചിക്കാതെ തന്നെ അവൾ അവനുള്ള മറുപടി കൊടുത്തു. എങ്കിൽ പിന്നെ നമുക്ക് ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോയാലോ????? ആൽവിച്ചൻ തന്റെ അഭിപ്രായം മുന്നോട്ട് വെച്ചു. അത്.... ഡാഡീ എനിക്കിപ്പൊ കല്യാണം വേണ്ട. അനു പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും എല്ലാവരുടെയും നോട്ടം അവളിൽ എത്തി നിന്നു. എനിക്ക് നിങ്ങളെ ഒന്നും വിട്ടുപോവാൻ തോന്നുന്നില്ല ഡാഡീ....

എല്ലാവരെയും മനസ്സ് തുറന്ന് സ്നേഹിച്ചു വരുന്നതേ ഉള്ളൂ... നിങ്ങളുടെ ഒക്കെ സ്നേഹം അനുഭവിച്ച് കൊതി തീർന്നില്ല. എന്നെ പെട്ടെന്ന് എങ്ങോട്ടും പറഞ്ഞു വിടല്ലേ എന്ന് പറ അഗസ്റ്റിച്ചാ...... ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞ് അവസാനിപ്പിക്കവെ കരഞ്ഞു പോയിരുന്നു അവൾ. അപ്പോഴേക്കും അച്ചുവിന്റെ കൈകൾ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു. അയ്യേ...... ഞങ്ങളുടെ അനൂട്ടി കരയുന്നോ????? എടീ നിന്റെ സമ്മതമില്ലാതെ നിന്നെ ഞങ്ങൾ ഇപ്പൊ തന്നെ കെട്ടിച്ചു വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ???? അവർ ജസ്റ്റ്‌ ഒന്നു വന്ന് കണ്ടിട്ട് പൊക്കോട്ടെ അത് കഴിഞ്ഞ് രണ്ടു വീട്ടുകാരുടെയും നിന്റെയും ചെക്കന്റെയും തീരുമാനം അറിഞ്ഞിട്ടേ കല്യാണത്തെ പറ്റി ഒക്കെ തീരുമാനം എടുക്കൂ. അതിനാണോ നീ ഇങ്ങനെ കിടന്ന് കരയുന്നത്?????

അച്ചു അവളെ ചേർത്ത് പിടിച്ച് കണ്ണ് തുടച്ചു കൊടുത്തു. ഒരു കല്യാണ ആലോചന വരുമ്പൊ തന്നെ ഇങ്ങനെ ഇരുന്ന് മോങ്ങാൻ നാണമില്ലേടീ???? അതൊക്കെ എന്നെ കണ്ട് പഠിക്ക്... എന്റെ സ്വന്തം പെണ്ണുകാണൽ തന്നെ ഞാൻ അറിയുന്നത് ഇവരൊക്കെ പറഞ്ഞാ അത്രയ്ക്ക് ഒന്നും ഇല്ലല്ലോ ഇത്... എമി അവളുടെ കയ്യിൽ പിടിച്ചു. അത് തന്നെ.... കോളേജിൽ നിന്ന് വന്ന അവിഞ്ഞ കോലത്തിൽ കിളി പാറി നിൽക്കുന്ന ഇവളുടെ രൂപം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. എന്റെ മോളേ... നീ എങ്ങാനും അന്ന് അവിടെ ഉണ്ടായിരുന്നെങ്കിൽ തലകുത്തി കിടന്ന് ചിരിച്ചേനെ. ആൽവിച്ചൻ പറയുന്നതിനൊപ്പം തന്നെ എമിയുടെ അന്നത്തെ രൂപം മനസ്സിൽ ഓർത്ത് സോഫയിൽ കിടന്ന് തല തല്ലി ചിരിച്ചു. എമിയാണെങ്കിൽ ഇപ്പൊ പൊട്ടും എന്ന കണക്ക് ഇരിപ്പാണ്. ഇങ്ങനെ ചിരിക്കാൻ മാത്രം താൻ അത്രയ്ക്ക് കൂറയായിട്ട് ആണോ എന്ന് അവൾ സംശയിച്ചു പോയി.

മുഖം കൂർപ്പിച്ച് അവൾ പോളിനെയും സാറയെയും നോക്കിയതും അവർ രണ്ടും ചിരി കടിച്ചു പിടിച്ച് ഇരിക്കുന്നത് കണ്ട് അവളുടെ മുഖം വീർത്തു. ചുണ്ട് പിളർത്തി കൊച്ചു പിള്ളേരെ പോലെ അവൾ എല്ലാവരെയും നോക്കി. ഡാ.... ഡാ... മതി. അത്രയ്ക്ക് ചിരിക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നു. നീയൊക്കെ പണ്ട് കോളേജിൽ പോയിട്ട് വന്നിരുന്ന കോലം ആലോചിച്ചാൽ ഇപ്പോഴും ഛർദിക്കാൻ വരും എന്നിട്ടാ അവൻ അവളെ കളിയാക്കാൻ നിൽക്കുന്നത്. സാറാ അവനെ നോക്കി കളിയാക്കിയതും എമി അടുത്തിരുന്ന ആൽവിച്ചനെ നോക്കി പുച്ഛം വാരി വിതറി അവന്റെ കയ്യിൽ പിച്ചി പ്രതികാരം വീട്ടി. ഔ......... വേദനയോടെ കൂവിയവൻ കൈ ഉഴിഞ്ഞു. രണ്ടിന്റെയും കളി കണ്ട് അത്രയും നേരം കണ്ണീരും ഒഴുക്കി ഇരുന്ന അനു വരെ ചിരിച്ചു പോയിരുന്നു. ആൽവിച്ചൻ അവൾ നുള്ളിയിടത്ത് തടവി എമിയെ കലിപ്പിച്ച് നോക്കി എന്നാൽ എമി അതിന് മുന്നേ അവനിൽ നിന്ന് മുഖം വെട്ടിച്ചിരുന്നു.

ആൽവിച്ചൻ എഗൈൻ ശശി. അപ്പൊ നാളെ തന്നെ അവരോട് പെണ്ണുകാണാൻ വന്നോളാൻ പറയട്ടെ???? അനുവിന്റെ മുഖം പ്രസന്നമായത് കണ്ട് പോൾ അവളെ ഒന്നു നോക്കി ചോദിച്ചു. എല്ലാം നിങ്ങൾ തീരുമാനിക്കുന്നത് പോലെ എനിക്ക് ഇപ്പൊ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല. അനു മറുപടി കൊടുത്തു. അതെന്നാ പറച്ചിലാടീ???? നിന്റെ കല്യാണത്തിന്റെ അഭിപ്രായം നീ തന്നെയല്ലേ പറയേണ്ടത്. എമി അവളുടെ കയ്യിൽ പതിയെ ഒന്നു തട്ടി. അത് അവൾ ഇപ്പൊ പറയുന്നതല്ലേ നാളെ ചെക്കനെ കണ്ട് പരിചയപ്പെട്ട് കഴിയുമ്പൊ ഈ അഭിപ്രായം ഒക്കെ മാറിക്കോളും. ഒരു കള്ള ചിരിയോടെ അച്ചു പറഞ്ഞതും അതേ ചിരി എമിയിലേക്കും പടർന്നിരുന്നു. കെട്ട്യോനും കെട്ട്യോളും കൂടി എന്നെ കളിയാക്കാൻ ഇറങ്ങിയേക്കുവാ... ഞാൻ പോണ്... അവരെ രണ്ടിനെയും കൂർപ്പിച്ച് നോക്കി മുഖവും വീർപ്പിച്ച് അനു എഴുന്നേറ്റ് പോയി. അവളുടെ ചവിട്ടി തുള്ളിയുള്ള പോക്ക് കണ്ട് ചിരിയോടെ എല്ലാവരും തിരിഞ്ഞു.

അവൾ സമ്മതിച്ച സ്ഥിതിക്ക് ഞാൻ ഏതായാലും കുര്യനെ വിളിച്ചു പറയട്ടെ. നിങ്ങൾ എല്ലാവരും എന്നാൽ പോയി കിടന്നോ... പോൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പറഞ്ഞതും സാറായും അയാൾക്കൊപ്പം എഴുന്നേറ്റ് മുറിയുലേക്ക് നടന്നു. ഓൾഡ് കപ്പിൾസ് പോയ സ്ഥിതിക്ക് ഇനിയിപ്പൊ നമ്മൾ എന്തിനാ ഇവിടെ ഇരിക്കുന്നത്????? ഞാൻ എന്റെ കൊച്ചിനെയും കൊണ്ടു പോട്ടെ.... പറയുന്നതിനൊപ്പം ആൽവിച്ചൻ എഴുന്നേറ്റ് എമിയുടെ മടിയിൽ ഉറങ്ങി കിടന്ന ജോക്കുട്ടനെ ശ്രദ്ധാപൂർവ്വം എടുത്ത് തോളിൽ ഇട്ടു. അപ്പൊ ഗുഡ് നൈറ്റ് മക്കളെ ഞങ്ങൾ പോകുവാ.... രണ്ടിനെയും നോക്കി പറഞ്ഞവൻ റൂമിലേക്ക് നടന്നതും അവനെ ഒന്നു നോക്കി എമിയും അച്ചുവും എഴുന്നേറ്റു മുകളിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അയ്യോ ഞാൻ നുണ പറഞ്ഞതല്ല പപ്പാ സത്യായിട്ടും ഞാനിന്ന് കുക്ക് ചെയ്തു അതും ബീഫ് സ്റ്റൂ.... ഇതിപ്പൊ ഞാൻ എങ്ങനെയാ ഒന്നു പറഞ്ഞ് വിശ്വസിപ്പിക്കുക??????

വാഷ്റൂമിൽ നിന്ന് ഇറങ്ങവെ എമിയുടെ നെറ്റിയിൽ കൈ അടിച്ചുള്ള സംസാരം അച്ചുവിന് ചിരി വന്നുപോയി. ആദ്യമായി ഒരു വിഭവം ഉണ്ടാക്കിയ സന്തോഷം പപ്പയെ വിളിച്ചു പറയണം എന്ന് പറഞ്ഞ് ചാടിതുള്ളി ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചതാണ്. എത്ര പറഞ്ഞിട്ടും വീട്ടിൽ ആരും വിശ്വസിച്ചിട്ടില്ല കുറ്റം പറഞ്ഞിട്ടും കാര്യമില്ല കയ്യിലിരുപ്പ് അറിയാവുന്നവർ ആരേലും ഇതൊക്കെ വിശ്വസിക്കുവോ???? ഇത്രയ്ക്ക് സംശയം ആണേൽ ഞാൻ ദേ ഇച്ചായന്റെ കയ്യിൽ കൊടുക്കാം മരുമകൻ പറഞ്ഞാൽ വിശ്വസിക്കുമല്ലോ???? അച്ചുവിനെ നോക്കി ചുണ്ട് കൂർപ്പിച്ച് പറഞ്ഞവൾ അവന് നേരെ ഫോൺ നീട്ടി. ഞാനാണ് ഇന്ന് ഇവിടുത്തെ കറി ഉണ്ടാക്കിയത് എന്ന് പറഞ്ഞിട്ട് പപ്പ വിശ്വസിക്കുന്നില്ല ഇച്ചായൻ തന്നെ ഒന്നു പറഞ്ഞേ.... നീരസം നിറഞ്ഞ മുഖത്തോടെ അവൾ പറയുന്നത് കേട്ടവൻ ഒരു ചിരിയോടെ അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവൻ സ്പീക്കർ ഫോണിൽ ഇട്ട് ബെഡിൽ എമിക്ക് അരികിലായി ഇരുന്നു.

ഹലോ... പപ്പാ.... ആഹ്..... അച്ചൂ... എന്റെ മോൾ ഇന്നവിടെ കറി വെച്ചെന്നോ കറിയുടെ ടേസ്റ്റ് കാരണം എല്ലാവരും പ്ലേറ്റ് വരെ നക്കി തുടച്ച് കഴിച്ചെന്നോ എന്നൊക്കെ വീരവാദം മുഴക്കിയത് കേട്ടല്ലോ ഇത് വല്ലതും സത്യമാണോ????? ഒരു ചിരിയുടെ അകമ്പടിയോടെ അയാൾ ചോദിച്ചു. കേട്ടത് എന്നതായാലും ശരിയാ പപ്പേ... ഇവിടെ എന്റെ പെമ്പറന്നോത്തി നല്ല അസ്സൽ ബീഫ് സ്റ്റൂ ഉണ്ടാക്കി. ഞങ്ങൾ എല്ലാവരും അത് കഴിക്കുവേം ചെയ്തു. എമിയുടെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ചവൻ പറഞ്ഞു. കേട്ടല്ലോ????? ഇപ്പൊ മനസ്സിലായില്ലേ ഞാൻ പറഞ്ഞത് ഒന്നും തള്ളല്ലാന്ന്???? എമി ചാടി വീണ് ചോദിച്ചു. മനസ്സിലായേ..... എനിക്ക് ഇനി അങ്ങോട്ട് ചത്താലും വേണ്ടിയില്ല... എന്റെ മോള് സ്വമേധയാ അടുക്കളയിൽ കയറി വായിൽ വെച്ച് കൂട്ടാൻ കൊള്ളാവുന്ന എന്തെങ്കിലും ഒന്നു ഉണ്ടാക്കിയതായിട്ട് അറിഞ്ഞല്ലോ... ചിരിയടക്കി പിടിച്ചുള്ള അയാളുടെ സംസാരം കേട്ട് എമിയിൽ ദേഷ്യവും പരിഭവവും ഉണർന്നു.

എന്നെ കളിയാക്കുന്നോ???? പോ മിണ്ടൂല ഞാൻ...... പിണക്കത്തോടെ പറഞ്ഞവൾ മുഖം വെട്ടിച്ചു. അയ്യോ.... അപ്പോഴേക്കും എന്റെ കുഞ്ഞൻ പിണങ്ങിയോ????? പപ്പ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ???? ദേ ഇനി ഞാൻ തമാശ പറയുന്നില്ല പോരെ????? ജോൺ അടിയറവ് പറഞ്ഞു. അത് കേട്ടതും വീർപ്പിച്ചു വെച്ചിരുന്ന എമിയുടെ മുഖം ഒന്നു അയഞ്ഞു. ഇനി കളിയാക്കില്ലാന്ന് ഉറപ്പല്ലേ????? സ്വരം കൂർപ്പിച്ച് അവൾ വീണ്ടും ചോദിച്ചു. ഇല്ലെടാ.... ഇനി എന്റെ കുഞ്ഞനെ ഞാൻ കളിയാക്കുന്നില്ല പ്രോമിസ്.... അതോടെ അവളുടെ മുഖത്ത് കുഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു. പിന്നെ ആവേശത്തോടെ അവിടുത്തെ വിശേഷങ്ങൾ തിരക്കുകയും രാവിലെ മുതലുള്ള ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും പപ്പയോട് എണ്ണി പെറുക്കി നിരത്തുന്ന എമിയെ നോക്കിയവൻ ബെഡിലേക്ക് തലയ്ക്ക് കൈ താങ്ങി നിന്നു. ചമ്രം പടിഞ്ഞിരുന്ന് മടിയിൽ വെച്ചിരുന്ന പില്ലോയിൽ കൈകുത്തി നിർത്തി വായുവിൽ കൈ ചലിപ്പിച്ച് വാ തോരാതെ സംസാരിക്കുകയാണവൾ.

പപ്പയോടും അമ്മയോടും സംസാരിക്കുന്നതിനിടയിൽ കുറുമ്പോടെ സ്റ്റെല്ലയെ ദേഷ്യം പിടിപ്പിക്കാനും അവൾ മറന്നില്ല. അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും പ്രണയത്തോടെ അവൻ നോക്കി കിടന്നു. എങ്കിൽ ശരി പപ്പാ... ഉറങ്ങിക്കോ ഞാൻ വെക്കുവാ... ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്‌ ഉമ്മാ ഉമ്മാ ഉമ്മാ..... and love you both a lot പപ്പാ അമ്മാ...... ഫോണിൽ അമർത്തി ചുംബിച്ചവൾ പറഞ്ഞ് ചിരിയോടെ കോൾ കട്ട്‌ ചെയ്തു തിരിഞ്ഞതും തന്നെ നോക്കി കിടക്കുന്ന അച്ചുവിനെ കണ്ടതും അവൾ കൈനീട്ടി ടേബിലേക്ക് ഫോൺ വെച്ച് മടിയിൽ നിന്ന് പില്ലോ മാറ്റി അച്ചുവിന് നേരെ കിടന്ന് അവനെ നോക്കി പിരികം ഉയർത്തി. ചുണ്ടിൽ ഒളിപ്പിച്ച കള്ളചിരിയോടെ കണ്ണിറുക്കി നോട്ടം മാറ്റാതെ കിടക്കുന്നവനെ കണ്ട് ചിരിയോടെ അവനോട് ചേർന്ന് കിടന്നു. ഡ്രാക്കൂ.......... ബനിയനിൽ പിടിച്ചു വലിച്ചവൾ അവനെ നോക്കി. മ്മ്മ്മ്....... ചോദ്യ രൂപേണ മൂളിക്കൊണ്ടവൻ അവളുടെ മുടി ഒതുക്കി വെച്ചു.

അന്ന് നമ്മുടെ പെണ്ണുകാണലിന്റെ അന്ന് ആൽവിച്ചായൻ പറഞ്ഞത് പോലെ ഞാൻ അത്രയ്ക്ക് ബോറായിരുന്നോ?????? ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ ചോദ്യം കേട്ടതും അവന് ചിരി വന്നുപോയി. നീ അത് വിട്ടില്ലേടീ????? പറ ഇച്ചായാ.... ബോറായിരുന്നോ????? നിർബന്ധഭാവത്തിൽ അവൾ വീണ്ടും ചോദ്യം ഉയർത്തി. അങ്ങനെ ചോദിച്ചാൽ????? അത്ര ബോറൊന്നുമല്ലായിരുന്നു... നിന്നെ അതിലും കൂറ കോലത്തിൽ കണ്ടിട്ടുള്ളത് കൊണ്ട് എനിക്കൊന്നും തോന്നിയില്ലെടീ പൊടിക്കുപ്പീ..... അവളുടെ കവിളിൽ ഒന്നു നുള്ളി കുറുമ്പോടെ അവൻ പറഞ്ഞതും രോഷത്തോടെ മുഖം വീർപ്പിച്ചവൾ അവന്റെ നെഞ്ചിൽ ഇടിച്ച് തിരിഞ്ഞു കിടക്കാൻ ആഞ്ഞതും അച്ചു ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവളെ നെഞ്ചിലേക്ക് ചേർത്ത് കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മയക്കം വിട്ട് തലവഴി മൂടിയിരുന്ന പുതപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് എത്തി നോക്കിയതും ആദ്യം കണ്ണുകൾ ചെന്ന് നിന്നത് ബാൽക്കണിയിൽ പുഷപ്പ് എടുക്കുന്ന അച്ചുവിൽ ആയിരുന്നു.

ഓരോ തവണ ഉയർന്നു പൊങ്ങുമ്പോഴും അവന്റെ കഴുത്തിൽ തൂങ്ങിയാടുന്ന ചെയിനിന് അറ്റത്തെ സ്വർണ്ണ കുരിശിലേക്കും വിയർപ്പ് തുള്ളികൾ ഇറ്റ് വീഴുന്ന അവന്റെ മുഖത്തേക്കും അവളുടെ കണ്ണുകൾ ഓടി നടന്നു. പില്ലോയിൽ കവിൾ ചേർത്ത് കിടന്ന് കുറച്ചു നേരം അവൾ അവനെ തന്നെ നോക്കി. പിന്നെ എന്തോ ഓർത്തെന്നത് പോലെ ഒരു കുസൃതി ചിരിയോടെ അവൾ പുതപ്പ് മാറ്റി ബെഡിൽ നിന്ന് എഴുന്നേറ്റു. അലസമായി കിടന്നിരുന്ന ഡ്രസ്സ്‌ നല്ലവണ്ണം പിടിച്ചിട്ട് അവൾ ടേബിളിൽ ഇരുന്ന ഫോൺ കയ്യിലെടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അടുത്ത് ആരുടെയോ കാൽപ്പെരുമാറ്റം അറിഞ്ഞതും പുഷപ്പ് എടുത്തുകൊണ്ട് തന്നെ അച്ചു മുഖം ചരിച്ചു നോക്കി. എമിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഗുഡ് മോർണിംഗ് പൊടിക്കുപ്പീ...... വെരി ഗുഡ് മോർണിംഗ് ഡ്രാക്കൂ..... ചിരിച്ചു കൊണ്ടവൾ പറഞ്ഞു. രാവിലെ സോപ്പിങ് ആണല്ലോ കൊച്ചേ.... എന്നതാ കാര്യം?????

അവനൊരു സംശയത്തോടെ പുഷ്പപ്പ് എടുക്കുന്നതിൽ ശ്രദ്ധ ചെലുത്തി കൊണ്ട് ചോദിച്ചു. അത് കേട്ടതും അവൾ മുട്ട് കുത്തി അവനരികിൽ ഇരുന്നു. അതില്ലേ ഇച്ചായാ എനിക്ക് ചെറിയൊരു ആഗ്രഹം പറ്റില്ലാന്ന് മാത്രം പറയരുത്.... മുഖവുരയോടെ അവളൊന്ന് നിർത്തി. എന്നതാ ആഗ്രഹം എന്നു പറ എന്നാലല്ലേ നടക്കുവോ ഇല്ലയൊന്ന് പറയാൻ..... അതുണ്ടല്ലോ????? എന്നെയും പുറത്ത് വെച്ച് പുഷപ്പ് എടുക്കുവോ???? ഒറ്റ തവണ മാത്രം മതി പ്ലീസ് പ്ലീസ് പ്ലീസ്...... ഉയർന്നു താഴുന്ന അവന്റെ ചുമലിൽ കൈ വെച്ചവൾ കൊഞ്ചി. അത് കേട്ടതും അവൻ പുഷപ്പ് എടുക്കുന്നത് നിർത്തി തലചരിച്ച് അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. അവളുടെ കണ്ണുകളിലെ അപേക്ഷാഭാവവും പുറത്തേക്ക് ഉന്തി വെച്ച ചുണ്ടുകളും കണ്ടവൻ കീഴ്ചുണ്ട് കടിച്ച് പിടിച്ച് ചിരിച്ചു. മ്മ്മ്....

കൂടുതൽ എക്സ്പ്രഷൻ ഇട്ട് ബുദ്ധിമുട്ടണ്ട കയറി ഇരുന്നോ.... പുറത്തേക്ക് കണ്ണുകൾ കാണിച്ചവൻ പറഞ്ഞതും അവളുടെ മുഖം വിടർന്നു. താങ്ക്യൂ ഇച്ചായാ...... മുഖം താഴ്ത്തി അവന്റെ കവിളിൽ മുത്തി അവൾ ആവേശത്തോടെ അവന്റെ പുറത്ത് കയറി ഇരിക്കാൻ ആഞ്ഞു. ഡീ.... പതിയെ.... ധൃതിയിലുള്ള പ്രവർത്തിയിൽ വഴുതി പോയ കൈ നേരെ കുത്തി നിർത്തിയവൻ പറഞ്ഞു. ഓഹ്!!!! സോറീ സോറീ...... അവനോടായി പറഞ്ഞവൾ പതിയെ അവന്റെ പുറത്ത് കയറി ചമ്രം പടിഞ്ഞ് ഇരുന്നു. ഇരുന്നോ?????? ആഹ്.... ഇരുന്ന് ഇരുന്നു.... ഇനി പുഷപ്പ് എടുത്തോ.... ആവേശത്തോടെ അവൾ പറഞ്ഞതും ഒരു ചിരിയോടെ അവൻ അവളെയും കൊണ്ട് മെല്ലെ താഴ്ന്ന് ഉയരാൻ തുടങ്ങി. എമി സ്വർഗം കിട്ടിയ സന്തോഷത്തിൽ നിവർന്ന് ഇരുന്ന് ഒന്നു രണ്ട് സെൽഫി അങ്ങോട്ട് എടുത്തു. മതി ഇച്ചായാ...

ഇനി ഇച്ചായന്റെ പുറം വേദനിക്കും. ഞാൻ ഇറങ്ങുവാ...... അവളത് പറഞ്ഞതും അവനൊന്ന് നിർത്തി. എമി അവന്റെ പുറത്ത് നിന്ന് ചാടി ഇറങ്ങി ചാടി തുള്ളി മുറിയിലേക്ക് പോയി. എന്ത് കുനഷ്ട് ഒപ്പിക്കാനാണാവോ പോവുന്നത്?????? അവൾ പോയ വഴിയേ നോക്കി ചിന്തിച്ചവൻ പതിയെ എഴുന്നേറ്റു. എമി ബെഡിലേക്ക് പോയി ഇരുന്ന് വാട്സാപ്പ് തുറന്ന് എടുത്ത പിക് എല്ലാം നിവിക്ക് സെന്റ് ചെയ്തു. പിക് രണ്ടും സീൻ ആയെന്ന് കണ്ടതും അവൾ ഡാറ്റാ ഓഫ്‌ ചെയ്ത് ഫോൺ ടേബിലേക്ക് വെച്ചു. ആഹാ...... ഒരാളുടെ മനസമാധാനം കളഞ്ഞപ്പൊ എന്തൊരു ആശ്വാസം???? സ്വയമേ പറഞ്ഞവൾ ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണു... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story