ഹൃദയതാളമായ്: ഭാഗം 160

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അനുവിനെ പെണ്ണുകാണാൻ രാവിലെ തന്നെ ചെക്കനും വീട്ടുകാരും എത്തും എന്നറിഞ്ഞതിനാൽ അനുവിനെ ഒരുക്കുന്ന തിരക്കിലാണ് റിയയും എമിയും. ആകെക്കൂടെ ഉള്ളൊരു നാത്തൂന്റെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങായതിനാൽ സംഭവം കളർ ആക്കണം എന്നാണ് എമിയുടെയും റിയയുടെയും പക്ഷം. അനുവാണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്. കടിച്ച് കടിച്ച് കൈയ്യിലെ നഖമെല്ലാം അകത്താക്കി. എടീ...... എനിക്ക് പേടിയാവുന്നു.... പരിഭ്രമം നിറഞ്ഞ മുഖത്തോടെ വിരലുകൾ ഞെരിച്ച് പറയുന്ന അനുവിനെ കണ്ട് എമിക്കും റിയക്കും ചിരി വന്നുപോയി. എന്റെ അനൂ... അവർ നിന്നെ കൊല്ലാനല്ല വരുന്നത് പെണ്ണ് കാണാനാ. അവർ വരുന്നു കാണുന്നു പോവുന്നു ദാറ്റ്സ് ഓൾ.... അതിലിത്ര പേടിക്കാൻ മാത്രം എന്തിരിക്കുന്നു????? ചുരുണ്ട് കിടക്കുന്ന അവളുടെ മുടിയിഴകൾ ഒന്നുകൂടി ഒതുക്കി വെച്ച് എമി മിററിലൂടെ അവളെ നോക്കി പറഞ്ഞു. എന്നാലും എനിക്കെന്തോ വെപ്രാളം പോലെ..... പറയുന്നതിനൊപ്പം തന്നെ അവളുടെ കൈ ടേബിളിൽ ഇരിക്കുന്ന ജഗിലേക്ക് നീണ്ടു. മതി വെള്ളം കുടിച്ചത് ഇപ്പൊ തന്നെ രണ്ട് ജഗ്‌ വെള്ളമാ വയറ്റിലാക്കിയത് ഇനി മതി.... അവളുടെ കൈ തട്ടി മാറ്റി റിയ പറഞ്ഞതും അവൾ ദയനീയമായി അവരെ ഒന്നു നോക്കി. ഇതുവരെ കഴിഞ്ഞില്ലേ ഒരുക്കം????? ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയതും അച്ചുവും ആൽവിച്ചനും മുറിയിലേക്ക് എത്തിയിരുന്നു. അനു അവരെ കണ്ടതും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

ഒരു ലോങ്ങ്‌ ടോപ്പും പാലാസോയും ആയിരുന്നു അവൾ ധരിച്ചിരുന്നത്. പരിഭ്രമത്താൽ ഇടയ്ക്കിടെ നെറ്റിയിൽ പൊടിയുന്ന വിയപ്പ് അവൾ കൈകൊണ്ട് തുടച്ചു നീക്കികൊണ്ടിരുന്നു. ഒരുക്കം ഒക്കെ കഴിഞ്ഞു പക്ഷെ ഇവിടെ ചില വീരശൂരപരാക്രമികളുടെ പേടിയാണ് പ്രശ്നം.... ടേബിളിൽ കൈതാങ്ങി നിന്ന് അനുവിനെ ഇടംകണ്ണിട്ട് നോക്കി എമി അച്ചുവിനോടായ് പറഞ്ഞു. അയ്യയ്യേ.... ഇതിനൊക്കെയാണോ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്???? ഇതൊക്കെ നിസാരം അല്ലെ????? ചേട്ടൻ പറയുന്നത് പോലെ മോള് അങ്ങ് ചെയ്താൽ മതി. ആൽവിച്ചൻ പറയുന്നതിനൊപ്പം അനുവിന്റെ അരികിലേക്ക് നിന്നു. അതായത് ചായ കൊടുക്കാൻ വിളിക്കുമ്പൊ ട്രേ കയ്യിൽ പിടിച്ച് ആരുടേയും മുഖത്ത് നോക്കാതെ മന്ദം മന്ദം നടന്ന് വരണം. വേണേൽ മുഖത്ത് കുറച്ച് നാണം ഒക്കെ ഫിറ്റ്‌ ചെയ്തോ... ഇനി ചെക്കന്റെ മുന്നിൽ എത്തുമ്പൊ പതിയെ കുനിഞ്ഞ് ചായ കൊടുക്കണം. ചെക്കൻ ചായ വാങ്ങാൻ കൈ നീട്ടുമ്പോൾ നാണത്തോടെ ചായ കൊടുത്ത് മുഖത്തേക്ക് ഒന്നു പാളി നോക്കണം. നോക്കാൻ പറഞ്ഞെന്ന് കരുതി വായും പൊളിച്ച് അവനെ നോക്കി നിന്നേക്കരുത്. ഈ സമയത്ത് ആറ്റിറ്റ്യൂഡ് മുഖ്യം ബിഗിലെ... എല്ലാവർക്കും ചായ കൊടുത്ത് കഴിഞ്ഞ് പുറകോട്ട് മാറി ആരുടേയും മുഖത്ത് നോക്കാതെ അമ്മച്ചിയുടെ പുറകിൽ പോയി സാരി തുമ്പിൽ പിടിച്ച് നിൽക്കണം. അവിടെ നിൽക്കുന്നത് കൊണ്ട് രണ്ടുണ്ട് കാര്യം ഒന്ന് നിന്റെ കൂറ സ്വഭാവം ആരും അറിയില്ല...

രണ്ട് നിനക്ക് അമ്മച്ചിയുടെ മറവിൽ നിന്ന് നല്ല അന്തസ്സായി ചെക്കനെ അടിമുടി സ്കാൻ ചെയ്യാം. ആൽവിച്ചൻ പറഞ്ഞ് ഒന്നു നിർത്തിയതും എമി അവനെ അതിശയത്തോടെ നോക്കി. എന്റെ ആൽവിച്ചായോ.... നിങ്ങൾക്ക് ഇത്ര ബുദ്ധിയോ????? ഇതൊക്കെ എന്ത്???? എന്റെ കഴിവുകൾ നിങ്ങൾ ഇനി കാണാൻ ഇരിക്കുന്നതേ ഉള്ളൂ.... ആൽവി സ്വയം കോളർ പൊക്കി. പിന്നെ മോളേ... ചെക്കനെയും നിന്നെയും കൂടി തനിച്ച് സംസാരിക്കാൻ വിടും അപ്പൊ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ചാടി കയറി എന്തെങ്കിലും ചോദിക്കാനോ പറയാനോ ചെല്ലരുത്. ചെക്കൻ ചോദിക്കുന്നതിന് മൂളിയും തലയാട്ടിയും മറുപടി കൊടുത്താൽ മതി. നീയെങ്ങാനും വാ തുറന്നാൽ അപ്പൊ തന്നെ ചെക്കന് മനസ്സിലാവും നീ ഒരു ഭൂലോക പരാജയം ആണെന്ന് അതുകൊണ്ട് പൊന്നുമോൾ അവർ പോവുന്നത് വരെ ആ തിരുവാ തുറന്നേക്കരുത്.... തൊഴുതുകൊണ്ട് ആൽവിച്ചൻ പറയുന്നത് കേട്ടതും അനു കലിപ്പിച്ച് അവനെ നോക്കി. അവളുടെ നോട്ടം കണ്ടതും ആൽവിച്ചൻ അച്ചുവിന്റെ മറവിലേക്ക് നിന്നു. ബോധോം വെളിവുമില്ലാത്ത കൊച്ചാ എന്താ എപ്പോഴാ ചെയ്യാന്ന് പറയാൻ പറ്റില്ല അല്ലാതെ പേടി കൊണ്ടൊന്നുമല്ല. ഇനി അതിന്റെ പേരിൽ ഒരു അടി കൂടണ്ട. ആൽവിച്ചായൻ ഒരു സത്യം പറഞ്ഞു അത്രേ ഉള്ളൂ നമുക്ക് അടുത്ത കാര്യത്തിലേക്ക് കടക്കാം.

എമി രണ്ടിനെയും മാറ്റി നിർത്തി പറഞ്ഞതും അനു അവളെ ശരി വെക്കും വിധം തലയാട്ടി. പിന്നെയാണ് അവൾ പറഞ്ഞത് ഒന്നു റിവൈൻഡ് അടിച്ച് തിങ്കുന്നത്. അവൾ പറഞ്ഞതിലെ കളിയാക്കൽ മനസ്സിലായതും ആൽവിച്ചനെ നോക്കിയത് പോലെ അനു അവളെ ദഹിപ്പിച്ച് ഒരു നോട്ടം. അതിന് മറുപടിയായി ഇളിച്ചു കാണിച്ച് ആൽവിച്ചനെ പോലെ അച്ചുവിന്റെ മറവിലേക്ക് നിന്നു. എന്റെ അനൂ നീ ഇപ്പൊ അത് വിട്... എന്നിട്ട് പെണ്ണുകാണൽ ചടങ്ങ് ഒന്നു പ്രാക്ടീസ് ചെയ്തേ ആ ടെൻഷൻ ഒക്കെ അങ്ങോട്ട്‌ പോട്ടെ... റിയ പറഞ്ഞതും ആൽവിച്ചനും എമിയും അച്ചുവിന്റെ മറവിൽ നിന്ന് രംഗത്ത് എത്തി റിയയെ ശരി വെക്കും വിധത്തിൽ തലയാട്ടി. ഏട്ടത്തി പറഞ്ഞതാ ശരി. ചെക്കന് ചായ കൊടുക്കുന്നതായിട്ട് നീ ഒരു റിഹേഴ്സൽ എടുത്തേ അപ്പൊ ഒരു ധൈര്യം ഒക്കെ വന്നോളും. അച്ചു പറഞ്ഞു. അതിപ്പൊ എങ്ങനെയാ എനിക്ക് അറിഞ്ഞൂടാ.... അനു തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി. എടീ ഞാൻ പറഞ്ഞത് പോലെ അങ്ങോട്ട് ചെയ്താൽ മതി. അങ്ങനെ പറയാതെ അങ്ങോട്ട് ചെയ്തു കാണിച്ചു കൊടുക്ക് എന്റെ കുമാരേട്ടാ... എമി ആൽവിച്ചനെ പ്രോത്സാഹിപ്പിച്ചു. നിങ്ങളുടെ ഒക്കെ ആഗ്രഹം അങ്ങനെ ആണെങ്കിൽ എന്താ പറയാ??? ഞാൻ തന്നെ കാണിച്ചു തരാം. പിന്നെ ഒരു കാര്യം... ഒറ്റ തവണയേ ഞാൻ കാണിക്കൂ ശ്രദ്ധിച്ചു നോക്കിക്കോളണം. അനുവിനെ നോക്കി പറഞ്ഞവൻ ടേബിളിൽ ഇരുന്ന മാഗസിൻ എടുത്ത് കയ്യിൽ പിടിച്ചു. ദേ ഇവളാണ് ചെക്കൻ. ആൽവിച്ചൻ എമിയെ ചൂണ്ടി. ഏഹ്!!!!! ഞാനോ?????

ആഹ്... നീ തന്നെ. പിന്നെ അച്ചൂ നീ ചെക്കന്റെ അച്ഛൻ ഇവൾ ചെക്കന്റെ അമ്മ. അച്ചുവിനെയും റിയയെയും മാറി മാറി നോക്കി ആൽവിച്ചൻ പറഞ്ഞു. ക്യാറക്ടർ പിടികിട്ടിയ സ്ഥിതിക്ക് ഇനി എന്താ അവിടെ ചെയ്യേണ്ടത് എന്ന് ഞാൻ കാണിച്ചു തരാം. അതും പറഞ്ഞു കൊണ്ട് ആൽവിച്ചൻ തിരിഞ്ഞ് ഡോറിന്റെ അടുത്ത് ചെന്ന് നിന്നു. പിന്നെ തല കുനിച്ച് കയ്യിൽ ഇരുന്ന മാഗസിൻ ട്രേ ആണെന്ന് സ്വയം സങ്കൽപ്പിച്ച് പതിയെ മുന്നോട്ട് ചുവട് വെച്ചു. ഒരു പെണ്ണിനെ പോലെ തല താഴ്ത്തി ആ മാഗസിനും പിടിച്ച് കുണുങ്ങി കുണുങ്ങി നടന്ന് വരുന്ന ആൽവിച്ചനെ കണ്ട് അവരെല്ലാം ചിരി കടിച്ചു പിടിച്ചു നിന്നു. ഓം ശാന്തി ഓശാനയിലെ നിവിൻ പൊളിയെ പോലെ മെല്ലെ നടന്നവൻ എമിക്ക് മുന്നിൽ എത്തി മാഗസിൻ അവൾക്ക് നേരെ നീട്ടി. ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ എമി ചായ എടുക്കുന്നത് പോലെയുള്ള ആക്ഷൻ കാണിച്ചതും ആൽവിച്ചൻ ഒളി കണ്ണിട്ട് അവളെ നോക്കി നാണത്തോടെ ചിരിച്ച് തലതാഴ്ത്തി. പിന്നെ അച്ചുവിനും റിയക്കും നേരെ ചായ നീട്ടുന്നത് പോലെ കാണിച്ച് നാണത്തോടെ പിന്തിരിഞ്ഞ് നടന്ന് ഡോറിന്റെ മറവിൽ ചെന്ന് നിന്ന് എമിയെ ഒളിഞ്ഞു നോക്കി നാണത്തോടെ നഖം കടിച്ച് ചിരിക്കുന്ന ആൽവിച്ചന്റെ ആക്റ്റിങ് കണ്ട് അതുവരെ അടക്കി വെച്ച ചിരി എല്ലാവരിലും പൊട്ടിയിരുന്നു.

അവന്റെ കാട്ടായങ്ങൾ കണ്ട് എമിയും അച്ചുവും റിയയും എന്തിനേറെ നഖവും കടിച്ച് നിന്ന് അതുവരെ ആധി കയറി നിന്ന അനു വരെ തലതല്ലി നിർത്താതെ ചിരിച്ചു പോയി. എന്റെ പൊന്ന് ആൽവിച്ചായോ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു?????? വയറ് പൊത്തി പിടിച്ച് കഷ്ടപ്പെട്ട് ചിരിയടക്കി എമി ചോദിച്ചു. ഇതൊക്കെ ഒരു കഴിവാണ് മോളേ... അതിന് സെൻസ് വേണം സെൻസിബിലിറ്റി വേണം സെൻസിറ്റിവിറ്റി വേണം.... പറയുന്നതിനൊപ്പം മമ്മൂക്ക സ്റ്റൈലിൽ രണ്ട് കുത്തും. രാവിലത്തെ പുട്ടിന്റെ ഗുണം ഇങ്ങനെയെങ്കിലും കാണിക്കണ്ടേ????? റിയ പറഞ്ഞതും അവരെല്ലാം വാ പൊത്തി ചിരിച്ചു. ദേ പിള്ളേരെ.... ആരേലും ഇങ്ങോട്ട് വന്നേ കൊച്ച് എഴുന്നേറ്റു. താഴെ നിന്ന് സാറായുടെ ശബ്ദം കേട്ടതും റിയ ഇരുന്നിടത്ത് നിന്ന് വെപ്രാളത്തോടെ എഴുന്നേൽക്കാൻ ആഞ്ഞതും എമി കയ്യിൽ പിടിച്ച് അവളെ അവിടെ തന്നെ ഇരുത്തി. ഏട്ടത്തി ഇവിടെ ഇരിക്ക് കുഞ്ഞിനെ ഞാൻ ചെന്ന് എടുക്കാം ഇനി ഞാൻ ഇവിടെ നിന്നാൽ ഇവിടെ ഒരുത്തിയുടെ പരാക്രമങ്ങൾ കണ്ട് ഫ്ലവർ വേസ് എടുത്ത് തല്ലി പോവും അവസാനം2 കല്യാണരാമൻ സിനിമയിലേത് പോലെ ആവും ബോധമില്ലാ പെണ്ണിന് ഡോക്ടർ പയ്യൻ. ചിരിയോടെ പറഞ്ഞ് എമി എഴുന്നേറ്റു. അതിപ്പൊ നീ തല്ലിയില്ലെങ്കിലും അങ്ങനെ തന്നെയാ. അനുവിനെ ഇടംകണ്ണിട്ട് നോക്കി അച്ചു കൂടി പറഞ്ഞതോടെ ടേബിൾ ഇരുന്ന പെൻസ്റ്റാന്റ് എടുത്തവൾ അവർക്ക് നേരെ എറിയാൻ തുനിഞ്ഞതും രണ്ടും കൂടി ചിരിയോടെ അവിടുന്ന് ഇറങ്ങി ഓടിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ജോക്കുട്ടനെയും മടിയിൽ വെച്ച് ഹാളിലെ സോഫയിൽ ഇരുന്നിരുന്ന പോളിന്റെ കണ്ണുകൾ ഇടയ്ക്കിടെ ക്ലോക്കിലേക്ക് നീണ്ടു കൊണ്ടിരുന്നു. എത്താമെന്ന് പറഞ്ഞവർ ആരും ഇതുവരെ എത്താത്തതിന്റെ അസ്വസ്ഥതയിലായിരുന്നു അയാൾ. ഇവരിത് എന്താ വരാത്തത്????? കണ്ണുകൾ ഗേറ്റിലേക്ക് പായിച്ച് അയാൾ അസഹിഷ്ണുതയോടെ സ്വയം പറഞ്ഞു. ആതാ അപ്പപ്പാ വയാത്തത്?????? ജോക്കുട്ടൻ സംശയത്തോടെ അയാളെ തലയുയർത്തി നോക്കി. അതോ.... അതേ നമ്മുടെ അനു ആന്റിയെ കെട്ടാൻ പോവുന്ന അങ്കിൾ. അപ്പൊ അനൂന്തെ കല്ലാനം ആനോ???? കണ്ണുകൾ വിടർത്തി ആകാംഷയോടെ അവൻ അയാളെ നോക്കി. അതിന് മറുപടി പറയാൻ തുനിയുന്നതിന് മുന്നേ പുറത്ത് ഒരു കാർ വന്നു നിന്നു. അതോടെ ജോക്കുട്ടന് ഉത്തരം കൊടുക്കാതെ പോൾ അവനെയും എടുത്ത് വരാന്തയിലേക്ക് ഇറങ്ങി. കാറിൽ നിന്ന് ഇറങ്ങുന്ന കുര്യനെയും മകനെയും ഭാര്യയെയും ഒരു പുഞ്ചിരിയോടെ അയാൾ വരവേറ്റു. കയറി വാടോ.... ഞാൻ നിങ്ങളെയും പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നു. ഞങ്ങൾ ലേറ്റ് ആയല്ലേടോ???? വരുന്ന വഴി ഒന്നു പള്ളിയിൽ കയറേണ്ടിയത് ആയിട്ട് വന്നു അതാ താമസിച്ചത്... പോളിനോടായി ഒരു പുഞ്ചിരിയോടെ പറഞ്ഞ് കുര്യൻ വരാന്തയിലേക്ക് കയറി. ഏയ്‌..... അതൊന്നും സാരമില്ലെടോ. അകത്തേക്ക് വാ.... പോൾ സ്നേഹപൂർവ്വം അവരെ ക്ഷണിച്ചു. കുര്യനും ഭാര്യയും എഡ്വിനും ഹൃദ്യമായി അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്ക് കയറി.

കാറിന്റെ സൗണ്ട് കേട്ട് മുറിയിൽ നിന്ന് ഇറങ്ങിയ ആൽവിച്ചനും അച്ചുവിനും പുറകെ ജിച്ചൂട്ടനെയും എടുത്ത് എമിയും ഹാളിലേക്ക് എത്തി. മുന്നിലെ സെറ്റിയിൽ ഇരിക്കുന്നവരെ കണ്ടതും മൂവരും അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു. പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നറിയാം എങ്കിലും പറയുവാ ഇവരാണ് എന്റെ മൂത്ത രണ്ട് മക്കൾ ആൽവിൻ, അഗസ്റ്റി. ആൽവിയാണ് എന്റെ കൂടെ കമ്പനി നോക്കി നടത്തുന്നതെല്ലാം അച്ചു പിന്നെ ഇവിടുത്തെ ഏസിപിയാണ്.... അറിയാം അങ്കിൾ... ഒരു ദിവസം ലൈസെൻസ് ഇല്ലാതെ ഞാൻ അഗസ്റ്റിയുടെ മുന്നിൽ ഒന്നു ചാടിയതാ. പോൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ എഡ്വിൻ ഒരു ചിരിയോടെ പറഞ്ഞു. ആഹാ... ഇതിനിടയിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നോ????? അതേ.... സത്യത്തിൽ അന്ന് അർജന്റ് ആയി അറ്റൻഡ് ചെയ്യേണ്ട ഒരു കേസ് വന്നു അതിന്റെ ധൃതിയിൽ വീട്ടിൽ നിന്ന് ഇറങ്ങിയപ്പൊ മറന്നു പോയതാ. ചെക്കിങ് ഉണ്ടാവും എന്ന് ഓർത്തതുമില്ല. നേരെ ചെന്ന് മുന്നിൽ ചാടി കൊടുത്തു. പിന്നെ ഐഡി കാണിച്ച് കാര്യം അറിയിച്ചപ്പൊ ഫൈൻ അടയ്ക്കാതെ ഒരു വാണിംങ്ങും തന്ന് വിട്ടു. അഗസ്റ്റി ഓർക്കുന്നുണ്ടോ????? അച്ചുവിനെ നോക്കി ആയിരുന്നു ചോദ്യം. ആഹ്.... ഇപ്പൊ ഓർമ്മ വന്നു. ഞാനും വന്നു കയറിയപ്പൊ തുടങ്ങി ആലോചിക്കുന്നതാ നമ്മൾ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ എന്ന്... ഇപ്പോഴല്ലേ റൂട്ട് ക്ലിയർ ആവുന്നത്. അച്ചു ചിരിയോടെ പറഞ്ഞ് അവർക്ക് എതിർ വശത്തായി ഇരുന്നു കൂടെ ആൽവിച്ചനും. ഇങ്ങോട്ട് വരുന്ന വഴി കാറിൽ വെച്ചാ ഞങ്ങളോട് ഇവനിത് പറഞ്ഞത് സത്യം പറഞ്ഞാൽ കേട്ടപ്പൊ ചിരിയാണ് വന്നത്.

ചെക്കിങ്ങിന് പിടിച്ച പോലീസുകാരന്റെ പെങ്ങളെ തന്നെ കാണാൻ വരുന്നു. ജെസ്സി അത് പറഞ്ഞു ചിരിച്ചു. അതെയതെ... പെണ്ണുകാണൽ ചരിത്രത്തിൽ തന്നെ ഇത് ആദ്യത്തെ സംഭവം ആയിരിക്കും. ആൽവിച്ചന്റെ നാവ് വെറുതെ ഇരുന്നില്ല. ആഹ്.... പിന്നെ ഈ നിൽക്കുന്നത് അച്ചുവിന്റെ ഭാര്യയാണ് എമി. പോൾ എമിയെ പരിചയപ്പെടുത്തിയതും അവൾ അവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചു. മോന് വിശക്കുന്നുണ്ട് എന്ന് തോന്നുന്നല്ലോ????? ജെസ്സി അത് പറയവെ എമിയുടെ മാറിലേക്ക് പറ്റിചേർന്ന് കിടന്ന് വിരൽ നുണയുന്ന ജിച്ചൂട്ടനിൽ ആയിരുന്നു നോട്ടം. ഏയ്‌ ആൾ രാവിലെ പാല് കുടിച്ചതാ ഈ വിരൽ നുണയുന്നത് ഇപ്പൊ ഈയിടെ ആയിട്ട് ഒരു ശീലമാ ഫുൾ ടൈം വിരൽ വായിലാണ്. പറയുന്നതിനൊപ്പം എമി ജിച്ചൂട്ടന്റെ വായിൽ നിന്ന് വിരൽ പിടിച്ചു മാറ്റി. എന്നാൽ മാറ്റിയതിനേക്കാൾ വേഗത്തിൽ ചെക്കൻ വീണ്ടും തള്ള വിരൽ വായിലേക്ക് വെച്ച് നുണഞ്ഞു. അവന്റെ ആ പ്രവർത്തി അവരിൽ എല്ലാം ചിരി ഉണർത്തിയിരുന്നു. എന്താ കുഞ്ഞിന്റെ പേര്?????? കുര്യൻ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി ചോദിച്ചു. ജോഷ്വാ... ജിച്ചൂട്ടൻ എന്ന് വിളിക്കും. ദേ ഇവനാണ് മൂത്തത്, രണ്ടും എന്റെ മക്കളാ...... എമിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ആൽവിച്ചൻ ഇടയിൽ കയറി. ആണോ???? ഞാൻ കരുതി ഇത് നിങ്ങളുടെ രണ്ടുപേരുടെയും കുഞ്ഞാണെന്ന്. ജെസ്സി അച്ചുവിനെയും എമിയേയും മാറി മാറി നോക്കി പറഞ്ഞതും അവർ രണ്ടുപേരും ഒരു നിമിഷം പകച്ചുപോയി. നീയിത് എന്നതാ ജെസ്സീ ഈ പറയുന്നത്???? ഇവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയിട്ടില്ല അപ്പോഴല്ലേ കുഞ്ഞ്....

കുര്യൻ പറഞ്ഞതും അവർ അബദ്ധം പിണഞ്ഞത് പോലെ സ്വയം നെറ്റിയിൽ അടിച്ചു. ഞാനത് അങ്ങോട്ട് ഓർത്തില്ല. ഒന്നും തോന്നല്ലേ.... ഏയ്‌... അതൊന്നും കുഴപ്പമില്ല ആന്റീ. അച്ചു ഒരു ചിരിയോടെ അവരെ നോക്കി കണ്ണ് ചിമ്മി. അപ്പൊ മോളെ വിളിക്കാം അല്ലെ???? വിഷയം മാറ്റാൻ എന്നോണം പോൾ പറഞ്ഞതും അവർ തലയാട്ടി. മോളെ...... പോളിന്റെ ആ വിളിയുടെ അർത്ഥം മനസ്സിലായതും എമി ജിച്ചൂട്ടനെ അച്ചുവിന്റെ കയ്യിൽ ഏൽപ്പിച്ച് അടുക്കളയിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനു ദേ ഇത് പിടിച്ചേ..... ജ്യൂസ് നിരത്തിയ ട്രേ അവൾക്ക് നേരെ നീട്ടി സാറാ പറഞ്ഞതും അവളുടെ മുഖത്ത് വെപ്രാളം നിറഞ്ഞു. എന്റെ കൈ വിറക്കും അമ്മച്ചീ..... ഭയത്തോടെ അവൾ പറഞ്ഞു. ദേ... വലുതായി എന്നൊന്നും ഞാൻ നോക്കില്ല ഒരൊറ്റ വീക്ക് വെച്ചുതരും എടുത്തോണ്ട് അങ്ങോട്ട്‌ പോ പെണ്ണേ... അവരെല്ലാം അവിടെ കാത്തിരിക്കുവാ. പറയുന്നതിനൊപ്പം സാറാ അവളുടെ കയ്യിലേക്ക് ട്രേ വെച്ചുകൊടുത്ത് സ്വീറ്റ്സ് അടങ്ങിയ ട്രേ കയ്യിൽ എടുത്തു പിടിച്ചു. അവളുടെ കളിയും സാറായുടെ വഴക്കും കണ്ട് എമിയും റിയയും ചിരിയടക്കി പിടിച്ച് നിന്നു. അമ്മച്ചീ........ ദയനീയമായ ഒരു വിളിയോടെ അവൾ അവരെ ഒന്നുകൂടി നോക്കി. നിന്ന് കൊഞ്ചാതെ അങ്ങോട്ട് നടക്ക് അനൂ...... ശാസന സ്വരത്തിൽ അവർ പറഞ്ഞതും വേറെ നിവർത്തിയില്ലാതെ ട്രേയിൽ മുറുക്കെ പിടിച്ച് ഒന്നു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു. കുറച്ച് മോട്ടിവേഷൻ എടുക്കട്ടെ നാത്തൂനേ?????

റിയയുടെ തോളിൽ താടി കുത്തി നിർത്തി എമി ചോദിച്ചതും അനു അവളെ ഒന്നു തറപ്പിച്ച് നോക്കി ട്രേയുമായി പുറത്തേക്ക് നടന്നു. ഹാളിലേക്ക് എത്തിയതും എല്ലാവരുടെയും നോട്ടം തന്നിൽ വന്നു വീഴുന്നത് അവൾ അറിഞ്ഞിരുന്നു. ഇടിച്ച് ഇടിച്ച് ഹൃദയം പൊട്ടി പോവുമോ എന്നവൾക്ക് ഭയം തോന്നി. തലയുയർത്തി ആരെയും നോക്കാതെ അവർക്ക് മുന്നിലെ ടീപൊയിൽ ട്രേ വെച്ച് അവൾ മാറി നിന്നു. പുറകെ സ്വീറ്റ്സുമായി എത്തിയ സാറാ അവരെ നോക്കി ഒന്നു ചിരിച്ച് ട്രേ അവർക്ക് മുന്നിൽ വെച്ചു. എല്ലാവരും എടുക്ക്...... പോൾ പറഞ്ഞതും അവരെല്ലാം ജ്യൂസ് കയ്യിൽ എടുത്തു. അനുവിന് ആകെക്കൂടെ ഒരു വെപ്രാളം ആയിരുന്നു. കൈ വിരലുകൾ ഞെരിച്ച് അവൾ റിയക്കും എമിക്കും അരികിലേക്ക് ചേർന്ന് നിന്നു. നീയിങ്ങനെ തല താഴ്ത്തി നിക്കാതെ ചെക്കനെ ഒന്നു നോക്കെടീ.... ആൽവിച്ചന്റെ പറച്ചിൽ കേട്ടതും എല്ലാവരുടെയും ശ്രദ്ധ വീണ്ടും അനുവിൽ ചെന്നെത്തി. ഭയങ്കര നാണക്കാരിയാ..... ആൽവിച്ചൻ വീണ് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്. അത് കേൾക്കാൻ കാത്തെന്നത് പോലെ എല്ലാവരും അവളെ നോക്കി ചിരിച്ചു. അനു ആൽവിച്ചനെ ദഹിപ്പിച്ച് ഒന്നു നോക്കി.

അവനെ നോക്കി കണ്ണുരുട്ടി നോട്ടം മാറ്റാൻ ഒരുങ്ങവെ അനുവിന്റെ കണ്ണുകൾ സോഫയിൽ ഇരുന്ന് ജ്യൂസ് നുണയുന്ന എഡ്വിനിൽ ചെന്ന് വീണു. സൗമ്യത നിറഞ്ഞ അവന്റെ മുഖത്ത് ഒരു നിമിഷം കണ്ണുകൾ ഉടക്കി. ക്ലീൻ ഷേവ് ചെയ്ത മുഖത്ത് തിങ്ങി നിൽക്കുന്ന കുറ്റി രോമങ്ങൾ അവനിലെ ഭംഗി കൂട്ടി. നേർത്തൊരു പുഞ്ചിരി തങ്ങി നിൽക്കുന്ന അവന്റെ ചുണ്ടുകളിൽ നോട്ടം എത്തിയതും അടുത്ത നിമിഷം കണ്ണുകൾ ഉയർത്തി അവൾ അവന്റെ മിഴികളിലേക്ക് നോക്കി. ഒരു നിമിഷം കണ്മുനകൾ കൂട്ടിമുട്ടി. തന്നിലെ ഹൃദയമിടിപ്പ് ഏറിയത് അറിഞ്ഞതും അവൾ വെപ്രാളത്തോടെ മുഖം താഴ്ത്തി എമിയുടെ മറവിലേക്ക് നിന്നു. ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആവട്ടെ അല്ലേടോ??? ഒരു നിശബ്ദതയ്ക്ക് ശേഷം കുര്യൻ പറഞ്ഞു. അതിനെന്താ???? മോളെ..... എഡ്വിനെയും കൂട്ടി മുറിയിലേക്ക് പൊക്കോളൂ... അത് വേണ്ട അങ്കിൾ... ഞങ്ങൾ വരാന്തയിലേക്ക് നിന്നോളാം അവിടെ ആവുമ്പൊ നല്ല കാറ്റും വെളിച്ചവും ഒക്കെ ഉണ്ടല്ലോ.... എഡ്വിന്റെ ശാന്തമായി പറഞ്ഞു. എങ്കിൽ അങ്ങനെ ആവട്ടെ.... പോൾ പറഞ്ഞതും അനു തലയുയർത്തി അവനെ ഒന്നു നോക്കി. ഒരു പുഞ്ചിരിയോടെ അവളെ നോക്കി പുറത്തേക്ക് നടക്കുന്നവനെ കണ്ട് അരികിൽ നിൽക്കുന്ന എമിയേയും റിയയെയും ഒന്നു നോക്കി മെല്ലെ അവന് പുറകെ ചുവട് വെച്ചു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story